ഓർമ്മ ചിന്ത്

ജീവിതത്തിലെ സുഖദുഃഖങ്ങളും അബദ്ധങ്ങളും തെറ്റിദ്ധാരണകളും സ്നേഹാനുകമ്പകളോടെ എൻ്റെതായ വീക്ഷണ കോണിലൂടെ നോക്കിക്കാനാനുള്ള  ഒരു ശ്രമം. ഇവിടെ എൻ്റെ കഥാപാത്രങ്ങൾ കുറച്ചുകൂടി സ്വതന്ത്രരാണ്, കഥാപാത്രങ്ങളെയെല്ലാം ക്യാമറയുടെ പരിധിയിൽ  നിന്നും പറിച്ചു മാറ്റാനുള്ള ഒരു ശ്രമം കൂടി ഞാൻ നടത്തുന്നുണ്ട്.


1

1990 -91 കാലഘട്ടം 

ഞാനും ഉമ്മച്ചനും ഭാസുരചന്ദ്രനും പത്താം ക്ലാസ്സിൽ പഠിക്കുന്നു . ആ സമയത്താണ് അമരം സിനിമയുടെ ഷൂട്ടിംഗ് ആലപ്പുഴജില്ലയുടെ  തീരദേശ ഗ്രാമമായ ഓമനപ്പുഴ, കാട്ടൂർ പരിസരപ്രദേശങ്ങളിൽ തുടങ്ങിയത് .കടുത്ത മമ്മുട്ടി ഫാനായ ഭാസുരചന്ദ്രൻ്റെ നിർബന്ധം സഹിക്കാൻ വയ്യാതെ ഞങ്ങൾ മൂന്ന് സൈക്കിളിൽ കണിച്ചുകുളങ്ങര നിന്നും ഓമനപുഴയിലേയ്ക്ക് യാത്ര തിരിച്ചു.  

ഷൂട്ടിംഗ് ലൊക്കേഷനിൽ നല്ല ജനക്കൂട്ടം . ഉത്സവപ്പറമ്പുകളിലും ചാകര സ്ഥലത്തും മാത്രം കാണപ്പെടുന്ന ചില താൽക്കാലിക കച്ചവടക്കാർ ഷൂട്ടിംഗ് ലൊക്കേഷനിൽ കടകൾ കെട്ടി. ദൂരെ നിന്ന് ഒരു വൈഡ് ആംഗിൾ ക്യാമറ ലെൻസിലൂടെ ഉത്സവപ്രതീതി ജനിപ്പിക്കുന്ന ഷോട്ടുകൾ എടുക്കാം,അത്രയ്ക്ക് സജീവമായിട്ടുണ്ട് ഷൂട്ടിംഗ് ലൊക്കേഷൻ .

മേക്കപ്പിട്ടു കൊണ്ട് ഷൂട്ടിംഗ് ലൊക്കേഷനിലേയ്ക്ക് വന്ന മമ്മൂട്ടിയെ കണ്ടു ഭാസുരചന്ദ്രൻ ഞെട്ടി തരിച്ചുനിക്കേ പുറകിൽ നിന്ന ഒരു കള്ളുകുടിയൻ്റെ കമൻറ് - " ഈ കരിമാക്കാനേ പോലിരിക്കുന്ന മമ്മൂട്ടിയെ കാണാനാണാ ഇത്രേം ജനം കൂടിരിക്കണത് " . ഭാസുരചന്ദ്രന് അപ്പോൾ തന്നെ തിരിച്ചുപോരാൻ തോന്നി . ലൊക്കേഷനിലേക്കു സിനിമാനടി മാതു കൂടി വന്നപ്പോൾ ഷൂട്ടിംഗ് കഴിഞ്ഞിട്ടേ പോകുന്നുള്ളൂ എന്ന് ഉമ്മച്ചൻ തനിയെ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.

എൻ്റെ ശ്രദ്ധ മുഴുവൻ ക്യാമറയിലും ക്യാമറയുടെ പുറകിൽ നിക്കുന്ന മധു അമ്പാട്ട്(പേരൊക്കെ പിന്നീടാണ് ഞാൻ മനസിലാക്കിയത്) എന്ന മനുഷ്യനിലുമായിരുന്നു . ഷോട്ട് എടുത്തിട്ടും എടുത്തിട്ടും മധു അമ്പാട്ടിനു തൃപ്തി വരുന്നില്ല . പല ആംഗിളിലിൽ ക്യാമറ വെച്ച് ഷോട്ട് എടുത്തു തുടങ്ങിയപ്പോൾ ഞങ്ങൾക്കും ബോറടിച്ചു തുടങ്ങി. ഇതിനകം നടി മാതുവിൻ്റെ ആരാധകനായായി മാറിയ ഉമ്മച്ചൻ തിരിച്ചുപോരാൻ കൂട്ടാക്കിയില്ല. അപ്പോഴാണ് മധു അമ്പാട്ടിൻ്റെ കൈയിലിരുന്ന ഒരു പേപ്പർ കഷണം കാറ്റിൽ പറന്നു എൻ്റെ സമീപത്തേയ്ക്കു വന്നത്. മറ്റുള്ളവർ ചാടി എടുക്കുന്നതിനു മുൻപ് ഞാനതു കൈക്കലാക്കി. - ഒരു വള്ളത്തിനു സമീപം മമ്മൂട്ടിയുടെ മുഖ സാദൃശ്യമുള്ള ഒരാൾ തുഴയുമായി നിക്കുന്നു - അതായിരുന്നു ആ പേപ്പർ കഷണത്തിലുണ്ടായിരുന്ന ചിത്രം . സിനിമ യൂണിറ്റിലുണ്ടായിരുന്ന ആരും പേപ്പർ കഷണം തിരക്കി വരാതിരുന്നതിനാൽ ഞാനാ പേപ്പർകഷണം മടക്കി പോക്കറ്റിലിട്ടു . ആദ്യത്തെ ഷൂട്ടിംഗ് കാഴ്ചയുടെ ഓർമ്മയ്ക്കായി ഞാനാ പേപ്പർ കഷണം കുറെ നാൾ സൂക്ഷിച്ചുവച്ചു .

അമരം റിലീസ് ചെയ്തപ്പോൾ തീയേറ്ററിൽ പോയി ഞങ്ങൾ സിനിമ കണ്ടു. എൻ്റെ കൈയിൽ കിട്ടിയ സംവിധായകൻ (ഭരതൻ) വരച്ചിട്ടു കൊടുത്ത ആ പേപ്പർ സ്കെച്ച് അതിമനോഹരമായി സ്‌ക്രീനിൽ  കണ്ടപ്പോൾ എനിക്ക് കുളിരു കോരിയ അനുഭവമായി മാറി. ആ പേപ്പർ സ്കെച്ചിനെ ഇതിലും മനോഹരമായി ചിത്രീകരിക്കാൻ കഴിയില്ല എന്നെനിക്കു തോന്നി . ഞാൻ മധു അമ്പാട്ട് എന്ന ക്യാമറാമാൻ്റെ ആരാധകനായി മാറുകയായിരുന്നു. എൻ്റെ ചിന്താ ഗതികളും പതുക്കെ മാറുകയായിരുന്നു. എങ്ങനെയും ഫിലിം ഇന്സ്ടിട്യൂട്ടിൽ എത്തപ്പെടണം ക്യാമറ പഠിക്കണം എന്ന ചിന്ത എന്നിൽ ശക്തമായി. ആയിടയ്ക്കാണ് ആരോ പറഞ്ഞു, ഫിലിം ഇന്സ്ടിട്യൂട്ടിൽ ക്യാമറയും സൗണ്ട് എൻജിനീയറിങ്ങും പഠിക്കണമെങ്കിൽ  മിനിമം യോഗ്യതയ്ക്കായി പ്രീഡിഗ്രിക്കെങ്കിലും സയൻസ് എടുത്തു പഠിക്കണമെന്ന്. സയൻസ് ഗ്രൂപ്പ് എടുക്കാൻ ഒട്ടും താല്പര്യം ഇല്ലാതിരുന്ന ഞാൻ ഫസ്റ്റ് ഗ്രൂപ്പ് എടുത്തു.
   
എൻ്റെ ഇഷ്ടങ്ങളും താല്പര്യങ്ങളും വീട്ടുകാരെ പറഞ്ഞു ബോധിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല.വീട്ടുകാരെ ധിക്കരിച്ചു എൻ്റെ ഇഷ്ടങ്ങളുടെ പുറകെ പോകാനും എനിക്ക് താല്പര്യമില്ലായിരുന്നു. പതുക്കെ പതുക്കെ ഞാനൊരു റിബലായി മാറാൻ തുടങ്ങി.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്വപ്നം നടക്കില്ല എന്നു കണ്ടപ്പോൾ ഞാൻ പതുക്കെ എഴുത്തിലേക്ക് തിരിഞ്ഞു. തിരക്കഥ എഴുതി കൊണ്ട് സിനിമയിൽ എത്തപെടാനുള്ള ശ്രമം ഞാൻ നടത്തിക്കൊണ്ടിരുന്നു . ശ്രമത്തിനൊടുവിൽ ഒരു സംവിധായകൻ 15 മിനിറ്റ് കഥ കേൾക്കാൻ അനുവദിച്ചു. ഒരുദിവസം രാവിലെ കഥ പറയാൻ ഞാൻ സംവിധായകൻ്റെ  വീട്ടിലെത്തി. ഞാൻ ചെല്ലുമ്പോൾ ഒരച്ഛനും മകളും സംവിധായകനെ കാത്തിരിപ്പുണ്ട്. ഞങ്ങൾ പരിചയപെട്ടു. മകളെ ഒരു നടിയായി കാണാൻ തീവ്രമായി ആഗ്രഹിക്കുന്ന ഒരച്ഛനെ ഞാനാ മനുഷ്യനിൽ കണ്ടു.

കാത്തിരിപ്പിനൊടുവിൽ സംവിധായകൻ വന്നു. പരിചയപെടലിനു ശേഷം ആദ്യ അവസരം എനിക്ക് തന്നു. ആ അച്ഛൻ്റെയും മകളുടെയും മുന്നിൽ വെച്ച് തന്നെ ഞാൻ കഥ പറഞ്ഞുതുടങ്ങി . ഒന്നു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ സംവിധായകൻ കൈ പൊക്കി വിലക്കി - താങ്കൾ പറഞ്ഞുവരുന്നത് അമരം സിനിമയുടെ കോപ്പിയടിയാണ്. - എത്രയൊക്കെ പറഞ്ഞിട്ടും സംവിധായകൻ സമ്മതിച്ചു തന്നില്ല. 
- സർ  , ദാസപ്പൻ്റെ വൃഷണ സഞ്ചിക്കു കേടു വരുത്താതെ എനിക്കീ കഥ മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല. നമുക്ക് സ്രാവിൻ്റെ അക്രമണത്തിലൂടെയല്ലാതെ വേറേ ഏതെങ്കിലും വഴിക്കു ദാസപ്പൻ്റെ വൃഷണസഞ്ചി കേടുവരുത്താം. അമരം സിനിമയുമായി സാദൃശ്യം തോന്നാത്ത രീതിയിൽ സീനികൾ എഴുതിയുണ്ടാക്കാം.

- ശരി താൻ സീനുകൾ മാറ്റി എഴുതികൊണ്ടു വാ എന്നിട്ടു ഞാൻ കഥ കേൾക്കാം.

ഞാൻ : സർ ഞാൻ കഥ പറഞ്ഞു തീർന്നില്ല , ഒരു പത്തു മിനിറ്റു കൂടി.

സംവിധായകൻ : തനിക്കനുവദിച്ച സമയം കഴിഞ്ഞു. താൻ കഥ മാറ്റിയെഴുതി കൊണ്ടുവരൂ .

ഞാൻ സംവിധായകൻ്റെ വീട്ടിൽ നിന്നും പുറത്തിറങ്ങി . ബൈക്ക് പാർക്ക് ചെയ്തിരുന്ന മരചുവട്ടിലെത്തി . വല്ലാത്തൊരു നിരാശ മനസ്സിനെ മൂടികൊണ്ടിരുന്നു. എത്ര ദിവസങ്ങൾ കൊണ്ടാണ് കഥയെ സിനിമയുടെ രൂപത്തിലേയ്ക്ക് മാറ്റിയതെന്നോർത്തപ്പോൾ എൻ്റെ സങ്കടം ഇരട്ടിച്ചു. സിനിമയും ഫോട്ടോഗ്രാഫിയും പഠിക്കാൻ ഞാൻ ജീവിതത്തിൽ ചിലവാക്കിയ  സമയത്തിൻ്റെ പകുതിപോലും വേണ്ടായിരുന്നു എനിക്ക് ഏതെങ്കിലും ഗവർമെന്റ് സ്ഥാപനത്തിൽ ജോലിക്കു കയറാൻ.  എൻ്റെ ബുദ്ധിയും കഴിവും ഇതിനായി ചെലവാക്കിയത് ബുദ്ധിശൂന്യതയായി തോന്നി.
സിനിമയേയും ഫോട്ടോഗ്രഫിയെയും ഭ്രാന്തമായി സ്നേഹിക്കാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു . കണ്ണിൽ നിന്നും ഒഴുകിയ കണ്ണീർ മറ്റാരും കാണാതിരിക്കാൻ ഞാൻ ഹെൽമെറ്റ് തലയിൽ വെച്ചു ബൈക്കിൽ കയറി. പനമ്പള്ളി നഗറിൽ നിന്നും സഹോദരൻ അയ്യപ്പൻ റോഡിലെത്തി . ആ അവസ്ഥയിൽ വീട്ടിലേയ്ക്കു പോകാൻ തോന്നിയില്ല . ഞാൻ ബൈക്ക് ലെഫ്റ്റ് എടുത്തു ടൗണിലേക്ക് വിട്ടു.

തിരക്കഥ സൂക്ഷിച്ചിരുന്ന ബാഗ് തലയിണയാക്കി ഞാൻ മറൈൻ ഡ്രൈവിലെ മരച്ചുവട്ടിൽ കിടക്കുകയായിരുന്നു. അപ്പോഴാണ് , ഏട്ടാ ..എന്നൊരു വിളി കേട്ടത്. നോക്കിയപ്പോൾ സംവിധായകൻ്റെ വീട്ടിൽ വെച്ച് പരിചയപ്പെട്ട അച്ഛനും മകളും. ആ മനുഷ്യൻ എനിക്കായി വാങ്ങി കൊണ്ടുവന്ന ചായ നിരസിക്കാൻ എനിക്ക് തോന്നിയില്ല.

- ഏട്ടാ,   ആ തിരക്കഥ ഒന്ന് വായിക്കാൻ തരുവോ ? ബുദ്ധിമുട്ടാണെങ്കിൽ വേണ്ട 

തിരക്കഥയുടെ രണ്ടു കോപ്പികൾ ബാഗിലുണ്ടായിരുന്നു . ഞാനതു അച്ഛനും മകൾക്കുമായി നൽകി. എപ്പോൾ ബോറടിക്കുന്നുവോ അപ്പോൾ തിരിച്ചുതരണം എന്ന വ്യവസ്ഥയിൽ. ഞാൻ ബാഗ് തലയിണയാക്കി മരച്ചുവട്ടിൽ പിന്നെയും കിടന്നു. എൻ്റെ കാൽക്കലും തലയ്ക്കലും ഇരുന്നു അച്ഛനും മകളും വായനയിൽ മുഴുകി.

ആദ്യം വായിച്ചു തീർത്തത് മകളാണ്. കണ്ണിൽ നിറഞ്ഞുവന്നിരുന്ന കണ്ണീർ തുടയ്ക്കാതെ സ്വാതന്ത്ര്യത്തോടെ ആ കുട്ടി എൻ്റെ തോളിൽ പിടിച്ചു. 

- ഈ കഥ എന്നെങ്കിലും സിനിമ ആക്കുമെങ്കിൽ ഇതിലെ കാവേരി ആയി അഭിനയിക്കാനുള്ള അവസരം ഏട്ടൻ എനിക്കു തരണം. ഇതിലെ കാവേരി ഞാൻ തന്നെയാണ് . ഇത്..ഇത് ശരിക്കും എനിക്ക് പരിചയമുള്ള കഥയാണ്.

- കഥ വായിച്ചു കഴിഞ്ഞ അച്ഛൻ എന്നെ കെട്ടിപിടിച്ചു . ഒന്നും പറഞ്ഞില്ല , കഥ നല്ലതായി എന്ന് ആ കെട്ടിപിടിത്തത്തിൽ നിന്നും ഞാൻ മനസ്സിലാക്കി . ഞാൻ എത്ര നിരസിച്ചിട്ടും അച്ഛനും മകളും കൂടി എന്നെ ബോട്ടിൽ പിടിച്ചുകയറ്റി. അച്ഛനും മകളും കൂടി എനിക്കായി ഓഫർ ചെയ്‌ത ബോട്ട് യാത്ര കൂടി കഴിഞ്ഞപ്പോൾ മനസ്സിൽ കെട്ടി നിന്ന ദുഃഖങ്ങളെല്ലാം പോയി മറഞ്ഞു. ഞാൻ പഴയ മൂഡിലേയ്ക്ക് വന്നു. ഞാൻ അച്ഛനോടും മകളോടും യാത്രപറഞ്ഞു ബൈക്കിൽ കയറി. നഗരത്തിലെ തിരക്കിലേക്ക് ആഴ്ന്നിറങ്ങി.

ബോട്ടിൽ കയറും മുൻപ് ആ അച്ഛൻ്റെ മകൾ വാങ്ങിത്തന്ന കപ്പലണ്ടി പൊതിഞ്ഞ പേപ്പറിലെ (ഏതോ ഒരു മാസികയുടെ പേജ്) വരികൾ വീണ്ടും മനസ്സിലേയ്ക്ക് ഓടിയെത്തി. ആ മാസികയുടെ കീറിയ പേപ്പറും അതിലെ വരികളും ഒരു നിമിത്തംപോലെ എനിക്ക് തോന്നി. 

" പ്രയാസങ്ങളേറ്റു നിൻ്റെ ആത്മാവ് തളരുമ്പോൾ 
നീ സ്നേഹിക്കുന്ന ഒരു സുഹൃത്ത് നിൻ്റെ ചാരത്തണയട്ടെ !
ഒരണു പോലും നിന്നെ സഹായിക്കാൻ അവൾക്കു കഴിഞ്ഞെന്നു വരില്ല .
കാരണം പ്രതിസന്ധി നിൻ്റെ വെല്ലുവിളിയാണ് .
ഇവിടെ നീ ഏകനായി തന്നെ സഞ്ചരിക്കണം 
സ്നേഹം ഒരിക്കലും കഠിനപാത മൃദുലമാക്കില്ല .
കനത്ത ഭാരം ചുമക്കാൻ സുഹൃത്തിനും കഴിഞ്ഞേക്കില്ല .
എങ്കിലും നിൻ്റെ അരികത്തവൾ  എപ്പോഴുമുണ്ടാകും,
നിൻ്റെ സഹനങ്ങളിൽ അവൾ അനുഭാവം പകരും.
ഒന്നും ചെയ്യാനവൾക്കു കഴിഞ്ഞേക്കില്ലെങ്കിലും ഊഷ്‌മളമായ കരങ്ങൾ കൊണ്ട് അവൾ നിന്നെ മുന്നോട്ടു നയിക്കും" .
------------
എല്ലാ പ്രശ്നങ്ങളുടെയും അവസാനം ദൈവം നമുക്കായി ഒരു തണുത്ത നീരുറവ ഒരുക്കി വെച്ചിട്ടുണ്ട്. ചില നിമിത്തങ്ങൾ , ചില അടയാളങ്ങൾ അതിലൂടെ  ദൈവം നമുക്കതു കാണിച്ചുതരും. അത് കണ്ടെത്തിയെടുക്കുക.

💗💗💗💙💚💛💜

ഒരു വേനലവധിക്കാലത്താണ്  T .P ഭാസുരചന്ദ്രൻ ഏണി പുറത്തുനിന്നും വീണത് . SSLC പരീക്ഷ കഴിഞ്ഞു ഞാനും ഭാസുരനും റിസൾട്ട് വരാൻ കാത്തിരിക്കുമ്പോഴായിരുന്നു സംഭവം . വീഴ്ചയിൽ ഭാസുരൻ്റെ രണ്ടു വൃഷണ സഞ്ചികൾക്കും ക്ഷതം സംഭവിച്ചു. ചോര പുഴ നീന്തി കയറിവന്ന പോലെ നിന്ന  ഭാസുരചന്ദ്രനെ ഞങ്ങൾ ആശുപത്രിയിൽ എത്തിച്ചു . അന്ന് താലൂക്കാശുപത്രിയിൽ ഉണ്ടായിരുന്ന സർജൻ ഭാസുരന് ശാസ്ത്രക്രിയ നടത്തി. രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ഭാസുരചന്ദ്രൻ മുറിവുണങ്ങി വീട്ടിലെത്തി. കൂട്ടുകാരായ ഞങ്ങൾ പതുക്കെ ഈ കാര്യങ്ങൾ മറന്നു .പഠിത്തത്തിനേക്കാൾ വലിയ ഉഴപ്പിൻ്റെ തിരക്കിലേയ്ക്ക് ഞങ്ങൾ മാറി.

പ്രായപൂർത്തി ആയപ്പോൾ ആദ്യം കല്യാണാലോചന വന്നത്  T .P ഭാസുരചന്ദ്രനായിരുന്നു . ഞാനും ഭാസുരചന്ദ്രനും കൂടി ആദ്യത്തെ പെണ്ണുകാണൽ ചടങ്ങ് എന്ന കർത്തവ്യം നിർവ്വഹിക്കാൻ വേണ്ടി നല്ല മുഹൂർത്തം നോക്കി വീട്ടിൽ നിന്നിറങ്ങി .

ആദ്യ ദർശനത്തിൽ തന്നെ ഭാസുരചന്ദ്രനും വനജയും കാമുകീകാമുകൻ മാരായിമാറി.  സ്കൂൾ ജീവിതകാലത്തു പെൺകുട്ടികളുടെ മുഖത്തു നോക്കാത്ത ഭാസുരചന്ദ്രൻ നിലവാരമുള്ള ഒരു കാമുകനായി മാറുന്നതിന് ഞാൻ സാക്ഷിയായി . ഭാസുരചന്ദ്രൻ്റെ ഭാഷയിൽ പറഞ്ഞാൽ -
പൊണ്ണത്തടി കൊണ്ട് വികൃതമാകാത്ത , മഞ്ഞപിത്തം പിടിച്ചപോലെ വിളറാത്ത , ദീനം പിടിച്ചപോലെ മെലിയാത്ത , ചുണ്ണാമ്പ് പോലെ വെളുക്കാത്ത ആകർഷകനിറത്തിനുടമയായ വനജ എന്ന കറുപ്പ് കൂടിയ ഇരുനിറകാരി ഭാസുരചന്ദ്രൻ്റെ സ്വന്തമായി. അതുപോലെ വെളുപ്പ് കൂടിയ ഇരുനിറക്കാരനായ ഭാസുരചന്ദ്രൻ വനജയുടെയും സ്വന്തമായി.

വിവാഹത്തിനു മുൻപുള്ള അവരുടെ പ്രണയദിനങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടുന്ന സമയത്താണ് ഒരുദിവസം രാത്രി ഭാസുരചന്ദ്രൻ എന്നെകാണാനായി ഓടി കിതച്ചു  വീട്ടിലെത്തിയത് . കിടന്നാൽ ഉറക്കം കിട്ടാത്ത പ്രശ്നങ്ങൾ ഉള്ളപ്പോൾ മാത്രമേ രാത്രി ഭാസുരചന്ദ്രൻ എന്നെ കാണാൻ വന്നിട്ടുള്ളു . പ്രശ്നത്തിനുള്ള പരിഹാരം രാത്രി തന്നെ ഞങ്ങൾ കണ്ടത്തി . - ഒരു ഡോക്ടറെ കാണുക -
അമ്മ കാണാതെ  അലമാരയുടെ അടിയിൽ ഞാൻ സൂക്ഷിച്ചിരുന്ന ബ്രാണ്ടി കുപ്പിയിൽ നിന്നും ഭാസുരചന്ദ്രൻ രണ്ടു പെഗ് കഴിച്ചു . മദ്യം തലയ്ക്കു പിടിച്ചു കഴിഞ്ഞപ്പോളാണ് ഭാസുരചന്ദ്രന് വനജയോടുള്ള പ്രേമത്തിൻ്റെ ആഴം ഞാൻ മനസിലാക്കിയത്.
വനജ എൻ്റെയാ , എൻ്റെ പടങ്ങാണടാ വനജ , ആ പടങ്ങിൻ്റെ പുറത്തു പടരാൻ കൊതിക്കുന്ന ഒരു പയർ ചെടിയാണ് ഞാൻ. വനജ എന്ന പടങ്ങിനെ കിട്ടിയില്ലെങ്കിൽ ഭാസുരചന്ദ്രൻ എന്ന പയറുചെടി മുഞ്ഞബാധയേറ്റു മുരടിച്ചുപോകും.എനിക്കു നീ പടങ്ങിട്ടു തരില്ലേ ? വനജ എന്ന പടങ്ങിനെ എനിക്ക് കിട്ടുവോടാ ?
വനജയെന്ന പടങ്ങിൽ പടരാൻ കൊതിച്ച പയറുചെടിയാണ് ഞാൻ.
മദ്യം തലയ്ക്കു പിടിച്ചുകഴിയുമ്പോൾ ഭാസുരചന്ദ്രനിൽ നിന്നും വരുന്ന നിമിഷ കവിതകൾ എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭാസുരചന്ദ്രൻ ഭാവിയിൽ നേരിടേണ്ടി വരുന്ന പ്രശ്നത്തിൻ്റെ തീവ്രത ഓർത്തപ്പോൾ ബ്രാണ്ടിക്കുപ്പിയിൽ ബാക്കിയിരുന്ന മദ്യം കുടിച്ചുതീർത്തു ഞാനും ഉറങ്ങാൻ കിടന്നു .

രാവിലെ തന്നെ ഞാനും ഭാസുരചന്ദ്രനും ഡോക്ടറെ കാണാൻ പോയി . വിശദമായി ഭാസുരചന്ദ്രനെ പരിശോധിച്ച ഡോക്ടർ തുടർ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിൽ തന്നെയുള്ള യൂറോളജി വാർഡിലേക്ക് ഭാസുരചന്ദ്രനെ റെഫർ ചെയ്തു .പിറ്റേന്ന് യൂറോളജി ഡോക്ടറെ ഞങ്ങൾ വീട്ടിൽ പോയി കണ്ടു. കല്യാണക്കാര്യം പറഞ്ഞപ്പോൾ നാസർ ഡോക്ടർ വിശദമായി തന്നെ ഭാസുരചന്ദ്രനെ പരിശോധിച്ചു. പിറ്റേ ദിവസം തന്നെ യൂറോളജി വാർഡിൽ അഡ്മിറ്റാകാൻ പറഞ്ഞു. അങ്ങനെ യൂറോളജി വാർഡിൽ പതിനാലാം നമ്പർ കട്ടിൽ ഭാസുരചന്ദ്രന് അനുവദിച്ചുകിട്ടി . സഹായിയായി ഞാനും .

യൂറോളജി വാർഡിൽ അഡ്മിറ്റ് ചെയ്‌തിരിക്കുന്ന ഏഴു ജഗജില്ലികളായ രോഗികളെ കണ്ടു ഭാസുരചന്ദ്രൻ ഞെട്ടി തരിച്ചുനിക്കവേ നിറപുഞ്ചിരിയുമായി ഏഴുപേരും ഞങ്ങളെ സ്വാഗതം ചെയ്തു . അവരെ പരിചരിക്കാൻ ഏഴു പേരുടേയും ഭാര്യമാർ കൂടെയുണ്ടായിരുന്നതുകൊണ്ട്   രണ്ടാഴ്ച്ചക്കാലം ബോറടിയില്ലാതെ  യൂറോളജി  വാർഡിൽ തന്നെ ഞാൻ കഴിച്ചുകൂട്ടി. കല്യാണം കഴിക്കാത്ത ഭാസുരചന്ദ്രൻ കുട്ടികൾ ഉണ്ടാകുമോ എന്നറിയാൻ ചികിത്സ തേടി വന്നത് അവർക്കെല്ലാം പുതുമയുള്ള കാര്യമായി മാറി. പിന്നെയുള്ള രണ്ടാഴ്ച്ച യൂറോളജി വാർഡിൽ ചിരിയുടെ പൂരകാഴ്ചകൾ ആയിരുന്നു. അതിൽ കുറെയൊക്കെ "ദാസപ്പനും കുഞ്ഞുപെങ്ങളും" എന്ന എൻ്റെ തിരക്കഥയിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് . എൻ്റെ ബ്ലോഗ് പേജിലൂടെ നിങ്ങൾക്കത് വായിക്കാൻ പറ്റും.

ഓപ്പറേഷൻ നടത്താതെ കുട്ടികൾ ഉണ്ടാകില്ല എന്ന ഡോക്ടറുടെ മറുപടി ഭാസുരചന്ദ്രനെ തളർത്തി കളഞ്ഞു . വനജയുടെ വീട്ടുകാർ അറിയാതെ എങ്ങനെ ഓപ്പറേഷൻ നടത്തും എന്ന ചിന്തയാണ് ഭാസുരചന്ദ്രനെ വിഷമിപ്പിച്ചത് . എല്ലാ ദിവസവും പരസ്‌പരം പ്രണയ വികാരങ്ങൾ പങ്കുവച്ചിരുന്ന കമിതാക്കൾ . രണ്ടാഴ്ച്ച കാമുകിയെ കാണാതിരിക്കേണ്ടി വരുന്ന അവസ്ഥ തെല്ലൊന്നുമല്ല ഭാസുരചന്ദ്രനെ വിഷമിപ്പിച്ചത് . പിറ്റേ ദിവസം ഞായറാഴ്ചയായിരുന്നു . വിരഹം സഹിക്കാൻ വയ്യാതെ ഭാസുരചന്ദ്രൻ വാർഡിൽ നിന്നും മുങ്ങി . എൻ്റെ ബൈക്കുമെടുത്തു ആരോടും പറയാതെ വനജയുടെ വീട്ടിലേയ്ക്കായിരുന്നു ആ മുങ്ങൽ എന്ന് പിന്നീടാണുഞാൻ മനസിലാക്കിയത് .

വനജയെ കണ്ടു തിരിച്ചുവന്ന ഭാസുരചന്ദ്രൻ സന്തോഷവാനായിരുന്നു. ഓപ്പറേഷൻ ഭംഗിയായി നടന്നു. വേദന സഹിക്കാൻ വയ്യാതെ ഭാസുരചന്ദ്രൻ ബെഡിൽ അനങ്ങാതെ കിടക്കുന്ന സമയം. ഉച്ചയ്ക്ക് ഭാസുരനു കഴിക്കാനുള്ള കഞ്ഞി വാങ്ങൽ ഞാൻ വാർഡിനു പുറത്തിറങ്ങി. കത്തുന്ന വെയിലിൽ നിന്നും രക്ഷ നേടാൻ ഞാൻ മെഡിക്കൽ കോളേജിനു പുറത്തെ കഞ്ഞികട ലക്ഷ്യമാക്കി ഓടുകയായിരുന്നു.അപ്പോഴാണ് ആരോ എന്നെ വിളിച്ചത്. വിളി കേട്ട ഭാഗത്തേയ്ക്ക് നോക്കിയ ഞാൻ വനജയെ കണ്ടു ഞെട്ടി. ഭാസുരചന്ദ്രന് പടർന്നു കയറേണ്ട പടങ്ങിനെ എങ്ങനെ കൈകാര്യം ചെയ്യും എന്നോർത്തു ഞാൻ വിഷമിച്ചു നിക്കവേ റോക്കറ്റുവിട്ട പോലെ വനജ എൻ്റെ മുന്നിലെത്തി.

വനജ : ഡിമ്പിളിയണ്ണൻ്റെ ഓപ്പറേഷൻ കഴിഞ്ഞില്ലേ ?

ഞാൻ : എനിക്കെന്തിനാ ഓപ്പറേഷൻ ?

വനജ : (പരുങ്ങൽ) വൃഷണ സഞ്ചിക്ക് എന്തോ ഓപ്പറേഷൻ ഉണ്ടെന്ന് ഭാസുരണ്ണൻ പറഞ്ഞിരുന്നു. ആരും അറിയാതെ നടത്തുന്ന ഓപ്പറേഷൻ ആയതുകൊണ്ട് രണ്ടാഴ്ച ഭാസുരണ്ണൻ ഏട്ടൻ്റെ കൂടെ ആശുപത്രിയിൽ ആയിരിക്കും എന്നും പറഞ്ഞു. ഞായറാഴ്ച്ച വീട്ടിൽ വന്നു എനിക്ക് കുറേ ഗിഫ്‌റ്റൊക്കെ തന്ന കൂട്ടത്തിലാ ഈ കാര്യം പറഞ്ഞേ .

പൂർണ്ണ ആരോഗ്യത്തിൽ പ്രവർത്തിക്കുന്ന എൻ്റെ വൃഷണ സഞ്ചിയെ പറ്റി അപഖ്യാതി പറഞ്ഞ ഭാസുരചന്ദ്രനോടുള്ള ദേഷ്യം വേനൽചൂടിൽ ഒന്നുകൂടി ഇരട്ടിച്ചു. എന്നിട്ടും ഭാസുരചന്ദ്രനെ ഒറ്റികൊടുക്കാൻ എനിക്ക് മനസ്സു വന്നില്ല .
വനജയോടു മറുപടി പറയാൻ നിക്കാതെ ഞാൻ കഞ്ഞിക്കട ലക്ഷ്യമാക്കി നടന്നു.

കഞ്ഞിയുമായി തിരിച്ചു യൂറോളജി വാർഡിലെത്തിയ ഞാൻ ഞെട്ടി തരിച്ചു നിന്നുപോയി. വനജ ഭാസുരചന്ദ്രൻ്റെയരികിൽ പതിനാലാം നമ്പർ കട്ടിലിൽ ഇരിക്കുന്നു. ഭാസുരചന്ദ്രൻ എന്ന പയറുചെടി മുഞ്ഞബാധയേറ്റ് മുരടിക്കും എന്നുതന്നെ ഞാൻ കരുതി. പക്ഷെ എൻ്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് ഞാൻ കൊണ്ടുവന്ന കഞ്ഞി വനജ തന്നെ സ്പൂണിൽ കോരി ഭാസുരചന്ദ്രനെ കുടിപ്പിച്ചു. അവരുടെ പ്രണയലീലകൾ കാണാൻ കെൽപില്ലാതെ യൂറോളജി വാർഡിൻ്റെ നീണ്ട ഇടനാഴിയിലൂടെ ഞാൻ നടന്നു നീങ്ങി. 



ഭാസുരചന്ദ്രൻ്റെ  അച്ഛൻ  സദൻ എന്ന സദപണിക്കൻ കള്ളുകുടി നിർത്തി എന്ന വിവരം ഞെട്ടലോടെയാണ് ഞാനും ഉമ്മച്ചനും ഭാസുരചന്ദ്രനിൽ നിന്നും അറിഞ്ഞത്. കള്ളു കുടിക്കാത്തവരെ കാണുന്നതേ സദപണിക്കന് പുച്ഛമായിരുന്നു. കുളം പറ്റിച്ചു മീൻ പിടിക്കുന്നതും പിന്നെ കള്ളുകുടിയും ആയിരുന്നു സദപണിക്കൻ്റെ വിനോദങ്ങൾ. ഉമ്മച്ചൻ്റെ അച്ഛനെ കള്ളുകുടി പഠിപ്പിച്ചത് സദപണിക്കൻ ആണെന്നുള്ളത് നാട്ടിൽ പരസ്യമായ രഹസ്യമാണ്. ഭാസുരചന്ദ്രൻ പണിക്കുപോകാൻ തുടങ്ങിയതിൽ പിന്നെ സദപണിക്കൻ അപൂർവമായി മാത്രമേ പണിക്കു പോകുന്നത് ഞങ്ങൾ കണ്ടിട്ടുള്ളു. അതുകൊണ്ടു തന്നെ സദപണിക്കൻ കള്ളുകുടി നിർത്താനുള്ള
കാരണമറിയാൻ എനിക്കും ഉമ്മച്ചനും ആകാംക്ഷയുണ്ടായി.

കുറച്ചുനാൾ കഴിഞ്ഞു എന്നെയും ഉമ്മച്ചനേയും ഞെട്ടിച്ചുകൊണ്ട് സദപണിക്കൻ ഞായറാഴ്ച രാവിലെയുള്ള യോഗക്ലാസ്സിൽ  ഹാജരായി. അച്ഛൻ്റെ യോഗ പഠനം അക്ഷരാർത്ഥത്തിൽ ഭാസുരചന്ദ്രനെ ഞെട്ടിച്ചു കളഞ്ഞു. കല്യാണം കഴിഞ്ഞ ശേഷം എൻ്റെയും ഉമ്മച്ചൻ്റെയും കൂടെയുള്ള രാവിലത്തെ നടത്തം ഉപേക്ഷിച്ചുകളഞ്ഞ ഭാസുരചന്ദ്രന് നടത്തത്തിൻ്റെ പ്രയോജനങ്ങളെ പറ്റി ഒരു ക്ലാസ് തന്നെ സദപണിക്കൻ നടത്തിക്കളഞ്ഞു.

ഞങ്ങളെ വീണ്ടും അമ്പരപ്പിച്ചുകൊണ്ട് സദപണിക്കൻ യോഗാചാര്യരുടെ അരുമ ശിഷ്യനായി. യോഗാചാര്യരുടെ വീട്ടിലെ മരപണിയെല്ലാം സദപണിക്കൻ ഏറ്റെടുത്തു നടത്തികൊടുത്തു. പണിക്കുപോകാതെ കള്ളു കുടിച്ചു ഭാസുരചന്ദ്രൻ്റെ അമ്മ വിലാസിനി പണിക്കത്തിയുമായി എന്നും വഴക്കിടുന്ന സദപണിക്കൻ ഇപ്പോൾ എന്നും പണിക്കു പോകാനും ഭാര്യയോട് സ്നേഹത്തിൽ പെരുമാറാനും തുടങ്ങി. അതു തെല്ലൊന്നുമല്ല വിലാസിനി പണിക്കത്തിയെ സന്തോഷിപ്പിച്ചത്. എല്ലാം വനജ എന്ന മരുമകളുടെ ഐശ്യര്യമാണെന്ന് വിലാസിനി പണിക്കത്തി എല്ലാവരോടും പറഞ്ഞുനടന്നു. അതിൻ്റെയൊരു ഗമ ഞങ്ങൾ വനജയിലും കണ്ടു തുടങ്ങി.

പക്ഷെ എത്രയൊക്കെ ശ്രമിച്ചിട്ടും സദപണിക്കൻ കള്ളുകുടി നിർത്താനുള്ള കാരണം കണ്ടുപിടിക്കാൻ എനിക്കും ഉമ്മച്ചനും കഴിഞ്ഞില്ല. അവസാനം യോഗാചാര്യരെ കൊണ്ട് കാര്യം അന്വേഷിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആ ശ്രമം വിജയം കണ്ടു. സദപണിക്കൻ്റെ വാക്കുകളിലേക്ക്,

യോഗാചാര്യർ :  പണിക്കൻ പണ്ട് ഭയങ്കര കള്ളുകുടി ആയിരുന്നോ ?

സദപണിക്കൻ : ഗുരുജി ദയവുചെയ്ത് എന്നെ പഴയ കാര്യങ്ങൾ ഓർമ്മിപ്പിക്കരുത്, അതെൻ്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു.

യോഗാചാര്യർ :  എങ്കിലും ആ കാര്യങ്ങളൊക്കെ അറിയാനുള്ള ആഗ്രഹം എനിക്കുണ്ടു പണിക്കാ , ആ കാര്യങ്ങൾ മറ്റുള്ളവർക്ക് കൂടി പ്രയോജനം ചെയ്യുമെങ്കിൽ നല്ലതല്ലേ ?

സദപണിക്കൻ:   ഗുരുജിക്കറിയാവോ , എനിക്ക് ഈ ഭൂമിയിൽ ഏറ്റവും അറപ്പും വെറുപ്പും ഉള്ള ജീവി ഏലിയാണ്. എലികളെ എവിടെ കണ്ടാലും ഞാൻ കൊല്ലും. പണി കഴിഞ്ഞു വരുന്ന വഴി എലികളെ കാണുമ്പോൾ വീതുളി എറിഞ്ഞു ഞാൻ എലികളെ പിടിച്ചിട്ടുണ്ട്. ഉളി പോയാലും വേണ്ടില്ല ഏലി ചാകണം , അത്രയ്ക്ക് വെറുപ്പാണ് എനിക്കീ ജീവികളെ . ഒരുപാടു പണിയായുധങ്ങൾ എലികളെ വേട്ടയാടിയപ്പോൾ എനിക്ക് നഷ്ടമായിട്ടുണ്ട്.
ആ എന്നെയാണ് ഷാപ്പിലെ പാചകക്കാരൻ തെണ്ടി ഇതുവരെ പറ്റിച്ചുകൊണ്ടിരുന്നത്. അവൻ ഷാപ്പിലെ കറികൾക്ക് രുചി കൂട്ടുന്നത് എങ്ങനെയാണെന്ന് അറിയാവോ? 

അവൻ എലികളുടെ കാല് കെട്ടി മീൻകറിയിലിടും !

ഞാൻ ഇത് കണ്ടുപിടിച്ച ദിവസം വീതുളി എൻ്റെ കൈയിൽ ഉണ്ടായിരുന്നെങ്കിൽ പാചകക്കാരൻ്റെ കഴുത്തു കണ്ടിച്ചേനേ . ഞങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടായപ്പോൾ പാചകക്കാരൻ പറഞ്ഞ ന്യായം ഗുരുജിക്ക്‌ കേൾക്കണോ ?

ഒരിനം മരപ്പട്ടി കഴിച്ചിട്ട് തൂറുന്ന കാപ്പികുരുവിൽ നിന്നാണ് ലോകത്തിൽ ഏറ്റവും രുചിയുള്ള കാപ്പിപ്പൊടി ഉണ്ടാക്കുന്നതെന്ന്. ഏറ്റവും വില കൂടിയ കാപ്പിപൊടിയും ഈ മരപ്പട്ടി തൂറുന്ന കാപ്പികുരുവിൽ നിന്നാണ് ഉണ്ടാക്കുന്നത് പോലും. അതുകൊണ്ട് രുചി കൂടാൻ വേണ്ടിയാണ് അവൻ എലികളെ പിടിച്ചു കാലുകെട്ടി തിളച്ചുവരുന്ന മീൻ കറിയിൽ ഇടുന്നതു പോലും. അന്ന് ഷാപ്പിൽ നിന്നും തുടങ്ങിയ ഛർദിൽ പിറ്റേ ദിവസം രാത്രിയാ ഞാൻ നിർത്തിയത് .

ഈ സംഭവം അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ത്രില്ലടിച്ചത് ഉമ്മച്ചാണ്.  ഉമ്മച്ചനിലെ സംവിധായകൻ ഉണർന്നു. സംഭവം പറഞ്ഞുവന്നപ്പോൾ ഭാസുരചന്ദ്രനും താല്പര്യമായി. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ഷോർട്ട്ഫിലിം നിർമ്മിക്കാൻ തീരുമാനമെടുത്തു. കഥയുടെ പേര്  "മീൻചാർ"
ഞാൻ ഒരു നിർദ്ദേശം മാത്രമേ മുന്നോട്ടു വെച്ചുള്ളൂ - ആദ്യം ഏറ്റവും പ്രയാസമുള്ള സീൻ ഷൂട്ട് ചെയ്യുക. അങ്ങനെ എലികളെ കാല് കെട്ടി തിളച്ച മീൻ കറിയിൽ ഇടുന്ന സീൻ ഷൂട്ട് ചെയ്യാൻ തീരുമാനമായി. ഷാപ്പിലെ അടുക്കള പോലെ വനജയും ഭാസുരചന്ദ്രനും കൂടി അവരുടെ വീട്ടിലെ അടുക്കള റെഡിയാക്കി തന്നു.

ഇനി ഷൂട്ടിംഗ് മാത്രം തുടങ്ങിയാൽ മതി . അതിനായി ആദ്യം എലികളെ പിടിക്കണം . പിടിക്കുന്ന എലികളെ ഇടാനുള്ള കൂട് ഭാസുരചന്ദ്രൻ തന്നെ തയ്യാറാക്കി വീട്ടിൽ വെച്ചു. നാല് എലിപ്പെട്ടികൾ വാങ്ങി. പക്ഷെ ഭാസുരചന്ദ്രൻ്റെ വീടിനു സമീപം ഒറ്റ എലികളില്ല. വർഷങ്ങൾക്കു മുൻപ് സദപണിക്കൻ ദൂരെയെവിടെയോ പണിക്കു പോയിട്ട് വന്നപ്പോൾ മുന്തിയ ഒരിനം പൂച്ചയെ കൊണ്ടുവന്നിരുന്നു. അതിപ്പോൾ പെറ്റുപെരുകി ഇരുപതോളം പൂച്ചകൾക്ക് മേലായി.എലികളെ കൂട്ടമായി ചെന്ന് ആക്രമിച്ചു കൊല്ലുന്ന ഇനത്തിൽ പെട്ട പൂച്ചകളാണ്.  അവസാനം വനജയുടെ വീടിൻ്റെ തട്ടിൻ പുറത്തു എലിപ്പെട്ടി വച്ച് നാല് എലികളെ ഞങ്ങൾ പിടികൂടി .എലികളെ ഭാസുരചന്ദ്രൻ ഉണ്ടാക്കിവെച്ചിരുന്ന കൂട്ടിൽ സുരക്ഷിതമായി വെച്ചശേഷം ഷൂട്ടിങ്ങിനു വേണ്ടി മീൻ കറി തയ്യാറാക്കാനുള്ള മീനും ഉരുളിയും വാങ്ങാൻ  ഞങ്ങൾ മാർക്കറ്റിലേയ്ക്ക് പോയി.

തിരിച്ചു ഭാസുരചന്ദ്രൻ്റെ വീട്ടിൽ വന്നപ്പോൾ കണ്ട കാഴ്ച അതിദയനീയമായിരുന്നു. ഞങ്ങൾ ഷൂട്ടിങ്ങിനു വേണ്ടി തയ്യാറാക്കിയ എലികൾ പൂച്ചകളുടെ വായിൽ ഇരിക്കുന്നു. പൂച്ച എലികളെ തിന്നുന്നത് നോക്കി രസിച്ചു നിക്കുന്ന സദപണിക്കൻ. തൻ്റെ ഷോർട്ട്ഫിലിമിൽ അഭിനയിപ്പിക്കാൻ തയ്യാറാക്കി നിർത്തിയിരുന്ന എലികളെ കൊന്നതു കണ്ടപ്പോൾ ഉമ്മച്ചൻ്റെ രക്തം തിളച്ചുമറിഞ്ഞു. കിലോയ്ക്ക് 260 രൂപ വെച്ചു വാങ്ങിയ കേരമീൻ കഷണങ്ങൾ ഉമ്മച്ചൻ കറക്കി പൂച്ചകളുടെ നേർക്കെറിഞ്ഞു. ഷൂട്ടിങ്ങിനു വേണ്ടി നല്ല ഷെയിപ്പിൽ മുറിച്ചെടുത്ത മീൻ കഷണങ്ങൾ പൂച്ചകൾ താഴെ വീഴാൻ പോലും സമ്മതിച്ചില്ല. വായുവിൽ വെച്ച് തന്നെ എല്ലാ കഷണങ്ങളും പൂച്ചകളുടെ വായിലാക്കി. രണ്ടു കിലോ കേരമീൻ പൂച്ചകൾ തിന്നു തീർക്കുന്നത് കണ്ടപ്പോൾ ഭാസുരചന്ദ്രൻ്റെ രക്തവും തിളച്ചു. കൈയിലിരുന്ന വലിയ ഉരുളി ഭാസുരചന്ദ്രൻ ദേഷ്യത്തിൽ റോഡിലേക്കെറിഞ്ഞു. എനിക്ക് ഉരുളി എടുക്കാൻ സമയം കിട്ടുന്നതിന് മുൻപ് തന്നെ ഒരു ടിപ്പർ ലോറി ഉരുളിയിലേയ്ക്ക് പാഞ്ഞു കയറി.  ഉരുളി ചളുങ്ങി ഉപയോഗശൂന്യമായി. ഞാൻ ക്യാമറയുമായി നേരെ വീട്ടിലേയ്ക്കുംപോന്നു.

രണ്ടുമൂന്നാഴ്ച കഴിഞ്ഞു. ഞാനും ഉമ്മച്ചനും ഭാസുരചന്ദ്രനെ അന്വേഷിച്ചു ചെന്നു. ടിപ്പർ കയറി ഉപയോഗശൂന്യമായ ഉരുളി തല്ലി നിവർത്തി അതിൽ മണ്ണ് നിറച്ചു വെച്ചിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. ഉരുളിയിൽ ആരോഗ്യത്തോടെ ഒരു കാന്താരി ചെടി പടർന്നു പന്തലിച്ചു നിക്കുന്നു. നിറയെ കാന്താരി മുളക് . പൂച്ച തീട്ടം മാത്രം ഇട്ടു വളർത്തുന്ന കാന്താരിചെടി ആയതുകൊണ്ടാണോ എന്നറിയില്ല മുളകുകൾക്കെല്ലാം അസാധാരണ വലിപ്പം.




കണിച്ചുകുളങ്ങര അമ്പലത്തിലെ ഉത്സവസമയം. ഒരു വൈകുന്നേരം ഞാനും ഉമ്മച്ചനും അമ്പലത്തിൽ ചിക്കരകുട്ടികളുടെ വലത്തു നോക്കി ഇരിക്കുന്നു.
അപ്പോഴാണ് ഭാസുരചന്ദ്രനും വനജയും മാച്ചിങ് ഡ്രസ്സ് ഇട്ടുകൊണ്ട് കടും നിറക്കൂട്ടിൽ ഞങ്ങളുടെ മുന്നിൽ അവതരിച്ചത്. പുതിയ മാച്ചിങ് ഡ്രസ്സ് കണ്ടപ്പോഴേ ഉമ്മച്ചൻ പറഞ്ഞു രണ്ടാം വിവാഹ വാർഷികം രണ്ടുപേരും രഹസ്യമായി ആഘോഷിച്ചു തീർക്കുവാണെന്ന് . ഭാസുരചന്ദ്രൻ പെട്ടെന്ന് ദേവിയെ തൊഴുതു ഞങ്ങളുടെ അടുത്തു വന്നിരുന്നു.

ഉമ്മച്ചന് എന്തും വെട്ടി തുറന്നു ചോദിക്കുന്ന ഒരു സ്വഭാവമുണ്ട്. ആ സമയം ഉമ്മച്ചൻ പരിസരം നോക്കില്ല. വർഷം രണ്ടായിട്ടും കുട്ടികൾ ഒന്നും ആയില്ലല്ലോ ഭാസുരാ, നിൻ്റെ വൃഷണ സഞ്ചി ഇതുവരെ ശരിയായില്ലേ ?
ഭാസുരചന്ദ്രൻ്റെ മുഖം വിളറി. ഞാനും വല്ലാതായി.

ഭാസുരചന്ദ്രൻ :  ഞാനീ കാര്യം നിങ്ങളോടു പറയാനിരിക്കുവായിരുന്നു . വനജയ്ക്കു പ്രസവിക്കാൻ പേടിയാണെന്നാ പറയുന്നത്. അവൾ ഉറ ഇല്ലാതെ ബന്ധപ്പെടാൻ ഇതുവരെ സമ്മതിച്ചിട്ടില്ല. അമ്മായിഅമ്മ ചോദിച്ചപ്പോൾ എനിക്ക് കുഴപ്പമുണ്ടന്നാ വനജ പറഞ്ഞേ.

ഉമ്മച്ചൻ :  നിനക്ക് അമ്മായമ്മയോടു പറയാൻ വയ്യാരുന്നോ ? അവർ വനജയോട് സംസാരിച്ചു പ്രശ്‍നം പരിഹരിക്കില്ലേ ?

ഗർഭിണിയായാൽ ചത്തുകളയും എന്നു വനജ പറഞ്ഞാൽ ഞാൻ എന്തുചെയ്യും. ഭാസുരചന്ദ്രൻ്റെ സംസാരത്തിൽ നിന്നും കാര്യം അത്ര നിസാരമല്ല എന്നു  മനസിലായി . ഓപ്പറേഷൻ കഴിഞ്ഞു ഭാസുരചന്ദ്രൻ യൂറോളജി വാർഡിൽ കിടന്നപ്പോൾ വനജ കാണിച്ച സ്നേഹത്തിനും പ്രണയ ലീലകൾക്കും ഇപ്പോഴുള്ള സംഭവങ്ങളെ ബന്ധപെടുത്തികൂടി ചില അർഥങ്ങൾ ഉണ്ടെന്ന സത്യം ഞാൻ മനസിലാക്കി.

വൃഷണ സഞ്ചിക്കു കേടു വന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഓപ്പറേഷൻ നടത്തിക്കാൻ വനജ സമ്മതിക്കില്ലായിരുന്നു എന്നുകൂടി അറിഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു- ഭാസുരചന്ദ്രന് കുഞ്ഞികാൽ കാണുവാനുള്ള ഭാഗ്യം ഒരിക്കലും ഉണ്ടാകില്ല ,
പക്ഷെ സംഭവിച്ചത് മറ്റൊന്നാണ് , ഉമ്മച്ചനാണ് കരുക്കൾ നീക്കിയത്.

കിടപ്പറ രഹസ്യങ്ങളെല്ലാം ഭാസുരചന്ദ്രനിൽ നിന്നും ചോദിച്ചറിഞ്ഞ ഞങ്ങൾ ഒരു തീരുമാനത്തിലെത്തി. വനജയെ അബോധാവസ്ഥയിൽ എത്തിച്ചു കാര്യം സാധിക്കുക. ഭാസുരചന്ദ്രൻ കോളയിൽ മദ്യം കലർത്തി അറിയാതെ വനജയെ കുടിപ്പിച്ചു. മദ്യലഹരിയിലായ വനജയെ ഉറയില്ലാതെ ബന്ധപ്പെടാൻ ശ്രമിച്ച ഭാസുരചന്ദ്രനെ അബോധാവസ്ഥയിലും  വനജ ചവിട്ടി ദൂരേയ്ക്ക് തെറിപ്പിച്ചു. കട്ടിലിൽ നിന്നും തെറിച്ചുവീണ ഭാസുരചന്ദ്രൻ്റെ കൈ ഉളുക്കി.  രണ്ടുദിവസം പണിക്കുപോകാൻ പറ്റിയില്ല.

ഞാനും ഉമ്മച്ചനും ഭാസുരചന്ദ്രൻ അറിയാതെ വനജയുടെ അമ്മയെ പോയി കണ്ടു കാര്യങ്ങൾ അവതരിപ്പിച്ചു. അമ്മ വനജയെ കൂട്ടി കൗൺസിലർ കൂടിയായ ഒരു ഡോക്ടറെ കണ്ടു. കൗൺസിലിങ്ങിനൊടുവിൽ വനജ അമ്മയാകാനുള്ള പക്വത നേടിയിട്ടില്ല എന്നു ഡോക്ടർ വിധി കല്പിച്ചു.

ഉമ്മച്ചൻ പുതിയ പ്ലാനുമായെത്തി. ദ്വാരം ഇട്ട ഗർഭനിരോധന ഉറ ഉപയോഗിച്ചു ബന്ധപെടുക. ഒരു മൾട്ടി നാഷണൽ കമ്പനിയുടെ ഉറ വാങ്ങി അതി വിദഗ്ദ്ധമായി ദ്വാരമിട്ട് ഉമ്മച്ചൻ ഭാസുരചന്ദ്രനെ ഏല്പിച്ചു. പദ്ധതി വിജയം കണ്ടു. വനജയുടെ മാസമുറ തെറ്റി. ഭാസുരചന്ദ്രൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കുട്ടികൾ ഉണ്ടായാൽ അടുപ്പിച്ചു മൂന്നു വർഷം ദേവിക്ക് ചിക്കര വഴിപാട് നടത്തിയേക്കാമെന്ന് ഭാസുരചന്ദ്രൻ  നേർന്നു.

ഗർഭിണിയാണോ എന്നറിയാൻ ലാബിൽ പോയി തിരിച്ചു വന്നത് പുതിയൊരു വനജയായിരുന്നു. അതുവരെ ഞങ്ങൾക്ക് ആർക്കും പരിചയമില്ലാത്ത വനജ. ഒരു ആക്ടിവിസ്റ് ആയുള്ള വനജയുടെ ഉയത്തെഴുന്നേൽപ്പാണ്‌ പിന്നെ ഞങ്ങൾ കണ്ടത്. വനജയുടെ വെക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പോൾ വനജ മണിച്ചിത്രത്താഴ് ഗംഗയായി മാറി. " വിടമാട്ടെ" ഡയലോഗിനു പകരം വനജ ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകൾ പുറത്തേയ്ക്ക് ഒഴുകി.

my personal liberty never curtail your personal liberty....but you..you..
I satisfied all of your interest in our bed room , but you ..you are a selfish
I hate u ..hate u

പൊട്ടികരഞ്ഞുകൊണ്ട് വനജ സ്കൂട്ടറിൽ പുറത്തേയ്ക്കു പോയി. സ്കൂട്ടറിൽ പുറത്തേയ്ക്കിറങ്ങിയ വനജ ജൂനിയർ വക്കിലായി പ്രാക്ടീസ് ചെയ്യുന്ന അവളുടെ കൂട്ടുകാരിയുടെ അടുത്തേയ്ക്കാണ് പോയതെന്നറിഞ്ഞു ഭാസുരചന്ദ്രൻ പൊട്ടിക്കരഞ്ഞു. വിവാഹമോചന പെറ്റീഷൻ തയാറാക്കാനാണ് വനജ പോയതെന്ന് ഞങ്ങളും കരുതി.

ജൂനിയർ വക്കീലിനെ കണ്ടിട്ടു വന്ന വനജ അല്പം ശാന്തയായിരുന്നു. വക്കീൽ തയാറാക്കികൊടുത്ത പെറ്റീഷനിൽ വനജ ഭാസുരചന്ദ്രനെ കൊണ്ട് ഒപ്പിടുവിച്ചു. രാത്രി വനജ കാണാതെ പെറ്റീഷനുമായി ഭാസുരചന്ദ്രൻ എന്നെ കാണാനെത്തി. പെറ്റീഷൻ വായിച്ച ഞാൻ ഞെട്ടി.

കുട്ടികൾ ഉണ്ടാകാൻ താല്പര്യം ഇല്ലാതിരുന്ന തന്നെ ഗർഭിണി ആക്കിയ മൾട്ടി നാഷണൽ ഗർഭനിരോധന ഉറ നിർമ്മാണ കമ്പിനിക്കെതിരെയായിരുന്നു ആ പെറ്റീഷൻ. ആ കമ്പിനിയുടെ കേസെല്ലാം മുംബൈ കോടതിയിലേ എടുക്കൂ എന്നറിഞ്ഞ ഭാസുരചന്ദ്രൻ വെട്ടിയിട്ട വാഴ പോലെ നിലത്തുവീണു.

ഈ കുറ്റം ചെയ്‌ത ഉമ്മച്ചൻ എന്ന കുറ്റവാളി കുടുങ്ങാതിരിക്കാൻ ഞങ്ങൾ പദ്ധതി തയാറാക്കി. ആ പദ്ധതി ഉമ്മച്ചൻ്റെ ജീവിതത്തിലെ ഒരു വഴിത്തിരിവിലാണ് കലാശിച്ചത്.



വനജയെ കേസിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമം ഫലം കണ്ടില്ല . ഒരു ആക്ടിവിസ്റ് ആയിമാറിയ വനജ കമ്പനിക്കെതിരെയുള്ള കേസുമായി മുന്നോട്ടു പോയി. ഭാസുരചന്ദ്രൻ്റെ ഉറക്കം നഷ്ടപ്പെട്ടു . ഉമ്മച്ചൻ എന്തും നേരിടാൻ മനസ്സിനെ തയാറാക്കി നിർത്തി. കേസ് ഉമ്മച്ചനെതിരായാൽ ഉമ്മച്ചൻ കൊടുക്കേണ്ടുന്ന നഷ്ടപരിഹാരം ഓർത്തപ്പോൾ എൻ്റെയും ഉറക്കം നഷ്ടപ്പെട്ടു. അവസാനശ്രമമെന്ന നിലയിൽ വനജയുടെ കൂട്ടുകാരിയായ ജൂനിയർ വക്കീലിനെ കാണാൻ ഞങ്ങൾ തീരുമാനിച്ചു. വനജ എന്തൊക്കെയാണ് ജൂനിയർ വക്കീലിനോട് പറഞ്ഞിരിക്കുന്നത് എന്നും ഞങ്ങൾക്ക് അറിയില്ലലോ ?

അടുത്ത ഞായറാഴ്ച
Ad : ലിറ്റി ലോനപ്പൻ , BA , LLB , Master In Financial Law തുടങ്ങി തൻ്റെ ബിരുദങ്ങളെല്ലാം നിരത്തി വക്കീലാപ്പീസിൻ്റെ മുന്നിൽ തൂക്കിയ ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന ജൂനിയർ വക്കീലിനെ കാണാൻ ഞാനും ഉമ്മച്ചനും കൂടി യാത്രയായി. ഞങ്ങൾ ലിറ്റി ലോനപ്പൻ്റെ വീട്ടിൽ എത്തി . ലോനപ്പൻ ചേട്ടൻ ഞങ്ങളെ സ്വീകരിച്ചിരുത്തി . ലോനപ്പൻ ചേട്ടൻ്റെ ഭാര്യ ലോലിത ലോനപ്പൻ ഞങ്ങൾക്കുള്ള ചായയുമായെത്തി. വിവരങ്ങൾ തിരക്കുന്ന കൂട്ടത്തിൽ ഉമ്മച്ചൻ എല്ലാവരുടേയും പേരുകളിലുള്ള സാദൃശ്യത്തെ പറ്റി ചോദിച്ചു. ലോലിത ലോനപ്പന് പെട്ടെന്നുണ്ടായ നാണം ഞാൻ ശ്രദ്ധിച്ചു. കൗമാര കാലത്ത് ലോനപ്പൻ്റെയും ലോലിതയുടെയും പ്രണയം മൊട്ടിടാൻ കാരണം അവരുടെ പേരുകൾ തമ്മിലുള്ള സാദൃശ്യം കൊണ്ടാണെന്ന കാര്യം ഒരു പരമ രഹസ്യം പറയുന്ന പോലെ ഉമ്മച്ചൻ്റെ കാതിൽ രഹസ്യത്തിൽ എന്നാൽ വീട് മുഴുവൻ മുഴങ്ങുന്ന ശബ്ദത്തിൽ ലോനപ്പൻ ചേട്ടൻ പറഞ്ഞു.
ലോനപ്പൻ ചേട്ടൻ്റെ വായിൽ നിന്നും വീഴുന്ന ശബ്ദ വീചികളുടെ തീവ്രത സഹിക്കാൻ വയ്യാതെ ഉമ്മച്ചൻ കണ്ണുകൾ ഇറുക്കിയടച്ചു കളഞ്ഞു.

ലോനപ്പൻ ചേട്ടൻ്റെ ഇടിമുഴക്കം പോലുള്ള ശബ്ദം മൂലം ഉറക്കം നഷ്ടപെട്ട ലിറ്റി ലോനപ്പൻ അച്ഛനെ ചീത്ത വിളിക്കാൻ മുറിതുറന്നു ഹാളിലേക്ക് വന്നു. ഞങ്ങളെ കണ്ടു ലിറ്റി ലോനപ്പൻ ചെറുതായൊന്നു ചമ്മി. നിന്നെ കാണാൻ വന്നതാണെന്ന് ലോലിതച്ചേച്ചി പറഞ്ഞപ്പോൾ ഫ്രഷ് ആയി വരാം എന്ന് പറഞ്ഞു ലിറ്റി ലോനപ്പൻ ഹാൾ വിട്ടിറങ്ങി. ലിറ്റി വരാനെടുത്ത 15 മിനുട്ടുകൊണ്ട് ലോനപ്പനും ലോലിത ലോനപ്പനും ഞങ്ങളുടെ കഴുത്തറുത്തു കളഞ്ഞു . " ചക്കിക്കൊത്ത ചങ്കരൻ " എന്ന് ഉമ്മച്ചൻ രഹസ്യമായി എൻ്റെ കാതിൽ പറഞ്ഞു. രണ്ടുപേരും മത്സരിച്ചു കത്തിവെച്ചു ഞങ്ങളുടെ കഴുത്തറുത്തു.

ലിറ്റി ലോനപ്പൻ വന്നിരുന്നപ്പോൾ കാര്യങ്ങൾ വിശദമായി തന്നെ ഞങ്ങൾ പറഞ്ഞു. ഉമ്മച്ചനെ ലിറ്റി ലോനപ്പൻ തുറിച്ചുനോക്കി. കുറ്റബോധമുള്ള ഉമ്മച്ചൻ ലിറ്റിയുടെ നോട്ടം നേരിടാനാവാതെ മുഖം കുനിച്ചു. ലിറ്റി ലോനപ്പൻ്റെ  അപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന് എനിക്ക് മനസിലായില്ല. വനജയെ ഗർഭിണിയാക്കിയ ഉമ്മച്ചൻ്റെ കുരുട്ടുബുദ്ധി തൻ്റെ ഭാവിയിലെ വക്കീൽ ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ തന്നെ ലിറ്റി ലോനപ്പൻ തീരുമാനമെടുത്തു എന്നായിരുന്നു ആ തുറിച്ചു നോട്ടത്തിൻ്റെ അർഥം എന്ന് ഞാൻ മനസിലാക്കിയത് ഉമ്മച്ചനും ലിറ്റി ലോനപ്പനും പ്രണയിനികളായി മാറിയപ്പോളാണ്.

വനജ ഗർഭിണിയാണ് എന്നറിഞ്ഞ ലോലിത ചേച്ചി വളരെയധികം സന്തോഷിച്ചു. നിജസ്ഥിതി അറിഞ്ഞപ്പോൾ കോപം കൊണ്ട് വിറച്ചു. ആ വിറയൽ ലോനപ്പൻ ചേട്ടനിലേയ്ക്കും ലോലിത ചേച്ചി പകർന്നുകൊടുക്കുന്ന മാജിക് കണ്ടു ഞങ്ങൾ അമ്പരുന്നു. വനജയെ ചീത്ത വിളിക്കാതെ ഉറക്കം വരില്ല എന്ന് പറഞ്ഞു ലോനപ്പൻ ചേട്ടൻ ഡ്രസ്സ് മാറാൻ അകത്തേയ്ക്കുപോയി. ലോനപ്പൻ ചേട്ടനും ലോലിത ചേച്ചിയും സ്കൂട്ടറിൽ ഭാസുരചന്ദ്രൻ്റെ വീട്ടിലേയ്ക്കു പോകുന്നത് തടയാൻ ലിറ്റി ഒരുപാടു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ലിറ്റി ലോനപ്പൻ എന്ന വായാടിയായ വക്കീൽ ലോലിത ലോനപ്പൻ്റെ നാക്കിനു മുന്നിൽ ഒന്നുമല്ല എന്നു ഞാൻ മനസിലാക്കി.

ഭാസുരചന്ദ്രൻ്റെ അനുവാദത്തോടെ ലോലിത ചേച്ചി വനജയെ ഒരാഴ്ച്ച കൂടെ നിർത്തി. ലിറ്റി ലോനപ്പൻ്റെ മൗനാനുവാദത്തോടെ ലോനപ്പനും ലോലിതയും വനജയെ ബ്രെയിൻ വാഷിംഗ് നടത്തി. അവസാനം വേദന അറിയാതെ പ്രസവം നടക്കുന്ന ഏതെങ്കിലും ഹോസ്പിറ്റലിൽ പ്രസവിക്കാൻ വനജ സമ്മതം മൂളി. മെഡിക്കൽ കോളേജിൽ ചിലവൊന്നുമില്ലാതെ വനജയെ പ്രസവിപ്പിക്കാൻ തീരുമാനിച്ചിരുന്ന ഭാസുരചന്ദ്രനെ ഞെട്ടിച്ചുകൊണ്ട് ലക്ഷങ്ങളുടെ ഒരു ബില്ല് എറണാകുളത്തെ ആശുപത്രി അധികൃതർ കൈമാറി. ബില്ല് നോക്കി ചങ്കുപൊട്ടി നിന്നെങ്കിലും ഭാസുരചന്ദ്രൻ സന്തോഷവാനായിരുന്നു. ഭാസുരചന്ദ്രൻ ഇരട്ട ആൺകുട്ടികളുടെ അച്ഛനായി. ഒരാൾ ഭാസുരചന്ദ്രനെ പോലെ വെളുപ്പ് കൂടിയ ഇരുനിറക്കാരനും ഇളയവൻ വനജയെ പോലെ കറുപ്പ് കൂടിയ ഇരുനിറകാരനും.

കുട്ടികളുടെ കളിയും ചിരിയും ഭാസുരചന്ദ്രനിലും വനജയിലും സന്തോഷം നിറച്ചു. സദപണിക്കനും വിലാസിനി പണിക്കത്തിയും കുട്ടികളെ താഴെ വയ്ക്കാതെ വളർത്തി. പ്രശ്നങ്ങൾ തുടങ്ങിയത് കുട്ടികൾ ഓടി കളിയ്ക്കാൻ പ്രായമായപ്പോളാണ്. വനജ വീണ്ടും ഗർഭിണിയായി. കാര്യങ്ങൾ ലിറ്റി ലോനപ്പൻ പറഞ്ഞാണ് ഞങ്ങളറിഞ്ഞത് . ആദ്യ പ്രസവത്തോടെ പ്രസവപേടി മാറിയ വനജ അപ്പോഴേയ്ക്കും രണ്ടാമത്തെ പ്രസവത്തിന് മാനസികമായി തയ്യാറായി കഴിഞ്ഞിരുന്നു.




ലിറ്റി ലോനപ്പൻ എന്ന ജൂനിയർ വക്കീൽ ലിറ്റി ഉമ്മച്ചനായി . ഉമ്മച്ചൻ്റെയും ലിറ്റിയുടെയും കല്യാണം കഴിഞ്ഞു നടന്ന സൽക്കാരചടങ്ങിലേയ്ക്ക് ഭാസുരചന്ദ്രൻ വന്നത് രണ്ടുകൈയിലും ഓരോ കുട്ടികളെയും എടുത്തുകൊണ്ടാണ്.ക്യാമറയുമായി ഫങ്ക്ഷൻ കവർ ചെയ്തുകൊണ്ടു നിന്ന എന്നിൽ ആ വരവ് ചിരിയുണർത്തി. വേദിയിലെത്തിയ ഭാസുരചന്ദ്രനും വനജയും ഗ്രൂപ്പ് ഫോട്ടോ എടുക്കാനായി ഉമ്മച്ചനരികിലെത്തി. നിമിഷ നേരം കൊണ്ട് ഭാസുരചന്ദ്രൻ്റെ കൈയിലിരുന്ന രണ്ടുകുട്ടികളും ഉമ്മച്ചൻ്റെ ദേഹത്ത് ചാടിക്കയറി . ഉമ്മച്ചൻ്റെ ദേഹത്ത് ഉടുമ്പു പോലെ പിടിച്ചിരുന്ന കുട്ടികളെ വേർപെടുത്തിയെടുക്കാൻ ഭാസുരചന്ദ്രൻ ഒരുപാടു ബുദ്ധിമുട്ടി.കല്യാണസൽക്കാരത്തിന് വന്നവർക്കൊക്കെ അത് രസമുള്ള കാഴ്ചയായിരുന്നു. ചിലർ സഹതാപത്തോടെ വനജയുടെ വീർത്തുവരുന്ന വയറിലേയ്ക്കും ഭാസുരചന്ദ്രൻ്റെ കൈയിലിരുന്ന കുത്തിമറിച്ചിൽ നടത്തുന്ന ഇരട്ടകുട്ടികളിലേയ്ക്കും നോട്ടമെറിഞ്ഞു. മൂന്നുപേരെ വളർത്തിയെടുക്കാൻ രണ്ടുപേരും ഇച്ചിരി പാടുപെടും എന്നുകൂടി ചിലർ രഹസ്യമായി പറഞ്ഞുകളഞ്ഞു.

കുട്ടികളുടെ കുസൃതികളുടെ ഭീകരത കൂടുതൽ അനുഭവിച്ചത്‌ സദപണിക്കൻ്റെ ഇരുപതോളം പൂച്ചകളാണ്. വെളുത്ത കണ്ടനും കറുത്ത കണ്ടനും  (സദപണിക്കൻ പേരകുട്ടികളെ അങ്ങനെയാണ് വിളിക്കുന്നത്)    പൂച്ച കുട്ടികളെ വാലിൽ കറക്കി എറിഞ്ഞു കളിച്ചു. വലിയ പൂച്ചകളെ   കുതിരകളാക്കി പുറത്തു കയറി ഇരിക്കുന്നു കളിച്ചു . പേരകുട്ടികളിൽ നിന്ന് പൂച്ചകളെ രക്ഷിക്കാൻ പണിക്കുപോകാതെ സദപണിക്കൻ പൂച്ചകൾക്ക് കാവലിരുന്നു. പൂച്ചകളും പേരകുട്ടികളും ആ വീട്ടിൽ ഒരുമിച്ചു ജീവിച്ചു പോകില്ല എന്നു മനസിലാക്കി വീടിനു പുറകുവശത്തെ പറമ്പിൽ സദപണിക്കൻ  ഒരു ഷെഡ് കെട്ടി. അത്യാവശ്യസാധനങ്ങൾ മാത്രമെടുത്തു തൻ്റെ പ്രീയപ്പെട്ട പൂച്ചകളെയും കൂട്ടി സദപണിക്കൻ ഷെഡിലേയ്ക്ക് താമസം മാറ്റി. ഭക്ഷണം കഴിക്കാനും പേരകുട്ടികളെ കളിപ്പിക്കാനും മാത്രം സദപണിക്കൻ വീട്ടിലെത്തി. ബാക്കിയുള്ള സമയം തൻ്റെ പ്രിയപ്പെട്ട പൂച്ചകളുടെ കൂടെ പുതിയ ഷെഡിൽ തന്നെ അദ്ദേഹം കഴിഞ്ഞുകൂട്ടി.

ഉമ്മച്ചൻ്റെ വീട്ടിലെത്തിയ ലിറ്റി അമ്മായിയമ്മയായ ഭാരതിയുമായി ഇണങ്ങാൻ നന്നേ ബുദ്ധിമുട്ടി . വായാടിയായ ലോലിത ലോനപ്പനുമായി ഇടതടവില്ലാതെ വാക്‌പോര് നടത്തിക്കൊണ്ടിരുന്ന ലിറ്റിക്ക് അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്ന ഭാരതി പരമേശ്വരൻ എന്ന അമ്മായിയമ്മയെ ഉൾകൊള്ളാൻ കഴിഞ്ഞില്ല . ആ വീട്ടിലെ നിശബ്ദത ലിറ്റിക്ക് അസഹ്യമായിരുന്നു . സ്വന്തം പെങ്ങൾ പോലും അമ്മയോട് വഴക്കിടുന്നത് ഉമ്മച്ചന് സഹിക്കാൻ പ്രയാസമായിരുന്നു . അങ്ങനെയുള്ള തൻ്റെ പ്രിയപ്പെട്ട അമ്മയെ ഒരുദിവസം ലിറ്റി തള്ളുന്നത് ഉമ്മച്ചൻ നേരിട്ട് കണ്ടു. ഉമ്മച്ചനതു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ലിറ്റിയും ഉമ്മച്ചനുമായി വഴക്കു നടന്നു.

രാത്രി ലിറ്റി കിടപ്പറയിൽ തലയിണമന്ത്രത്തിൻ്റെ കെട്ടഴിച്ചു. ഉമ്മച്ചൻ്റെ സ്നേഹം മറ്റാരും പങ്കിട്ടെടുക്കുന്നത് എനിക്കിഷ്ടമല്ല. എനിക്ക് ഉമ്മച്ചൻ മാത്രം മതി . നമുക്ക് ടൗണിൽ വാടകയ്‌ക്ക് വീടെടുത്തു മാറാം എന്നൊക്കെ ലിറ്റി ഉമ്മച്ചൻ്റെ കാതിൽ മന്ത്രിച്ചു.   രാത്രി പ്രകടനത്തിൽ ഉമ്മച്ചന് തന്നോടുള്ള ദേഷ്യം അലിഞ്ഞില്ലാതായി എന്ന് തന്നെ ലിറ്റി കരുതി.

ഞായറാഴ്ച പ്രിയപ്പെട്ട മകളെ കാണാൻ ലോനപ്പനും ലോലിത ലോനപ്പനും ഉമ്മച്ചൻ്റെ വീട്ടിലെത്തി. ഭാരതിപരമേശ്വരൻ അവരെ ഉപചാരപൂർവ്വം സ്വീകരിച്ചു. ലിറ്റി രണ്ടുപേർക്കും ചായ കൊടുത്തു. കുളി കഴിഞ്ഞെത്തിയ ഉമ്മച്ചൻ്റെ മുഖം സന്തോഷം നിറഞ്ഞതായിരുന്നില്ല. മരുമകൻ്റെ മുഖത്തെ നീരസം ശ്രദ്ധയിൽ പെട്ട ലോനപ്പൻ കാര്യം തിരക്കി. - നിങ്ങൾ രണ്ടാളും മകളെ കാണാനായി ഇങ്ങോട്ടു വരരുത് - മരുമകൻ്റെ സംസാരം ലോനപ്പനെയും ലോലിതയെയും നടുക്കി. - ലിറ്റി ഇപ്പോൾ എൻ്റെയാ , അവളെ മറ്റാരും സ്നേഹിക്കുന്നത് എനിക്കിഷ്ടമല്ല , നിങ്ങൾ ഇപ്പോൾ ഇവിടുന്നെറങ്ങണം -
ലോലിത ലോനപ്പൻ കലി കൊണ്ട് ഉറഞ്ഞുതുള്ളി. - എടാ ഞങ്ങളുടെ മകളായി കഴിഞ്ഞാ അവൾ നിൻ്റെ  ഭാര്യയായത്, അവൾ ഞങ്ങളുടെ മകളാണെങ്കിൽ ഞങ്ങളിവിടെ വരും ,അവളെ കാണുകയും ചെയ്യും-

പിന്നെയുള്ള ഉമ്മച്ചൻ്റെ പെരുമാറ്റം നാടകീയത നിറഞ്ഞതായിരുന്നു. നടുങ്ങി തരിച്ചു നിന്നിരുന്ന ലിറ്റിയെ ഉമ്മച്ചൻ ചേർത്തു പിടിച്ചു.- ഇവൾ എൻ്റെ മാത്രമാ, ഇവളുടെ സ്നേഹം ഞാൻ മറ്റാർക്കും കൊടുക്കില്ല- ഉമ്മച്ചൻ ലിറ്റിയെ ഉമ്മ വച്ചു . പിന്നെ മുറിയിൽ കയറി കതകടച്ചു. ലിറ്റി എത്രയൊക്കെ നിർബന്ധിച്ചിട്ടും ഉമ്മച്ചൻ മുറി തുറന്നില്ല.

അന്നത്തെ ദിവസം ഉമ്മച്ചൻ്റെ വീട്ടിൽ ആരും ഭക്ഷണം ഉണ്ടാക്കിയില്ല. വിശപ്പു സഹിക്കാൻ വയ്യാതെ ഉമ്മച്ചൻ എൻ്റെ വീട്ടിൽ വന്നു ചോറുണ്ടിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞു ലിറ്റിയുടെ കസിനും അപ്പച്ചിയും കൂടി ഉമ്മച്ചൻ്റെ വീട്ടിൽ കല്യാണം ക്ഷണിക്കാൻ വന്നു. ഉമ്മച്ചൻ അവരെയും അപമാനിച്ചയച്ചു. കല്യാണത്തിന് വരില്ല എന്ന് ഉമ്മച്ചൻ അവരുടെ മുഖത്തുനോക്കി പറഞ്ഞു കളഞ്ഞു. ലിറ്റി വഴക്കിനു വന്നപ്പോൾ ഉമ്മച്ചൻ സ്നേഹപൂർവ്വം തലയിണമന്ത്രം ഉരുവിട്ടു ,- നിൻ്റെ സ്നേഹം മറ്റാരും പങ്കിട്ടെടുക്കുന്നത് എനിക്കിഷ്ടമല്ല , നമുക്കാരും വേണ്ട , നിൻ്റെ ബന്ധുക്കളും എൻ്റെ ബന്ധുക്കളും ആരും വേണ്ട , എനിക്ക് നിന്നെ മാത്രം മതി. ലിറ്റി എന്ന ജൂനിയർ വക്കീലിൻ്റെ വായടഞ്ഞു പോയി.

അവസാനം അമ്മായിഅമ്മ തന്നെ വരേണ്ടി വന്നു മരുമകളുടെ രക്ഷയ്ക്ക്. ലിറ്റിയും ഭാരതിയും കൂടി ലിറ്റിയുടെ കസിൻ്റെ കല്യാണത്തിന് പോയി. തിരിച്ചുവന്ന ലിറ്റി അമ്മായിഅമ്മയോടു സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി. ലിറ്റി സ്വന്തം അമ്മയെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ ഉമ്മച്ചൻ ലോലിതയെയും ലോനപ്പനെയും സ്നേഹിച്ചു തുടങ്ങി.

ലിറ്റി അറിയാതെ ഒരുദിവസം ഉമ്മച്ചൻ ലോനപ്പനെ കാണാനെത്തി. അങ്ങനെയൊക്കെ പെരുമാറാനുള്ള കാരണം വിശദീകരിച്ചു ക്ഷമ പറഞ്ഞു. കാര്യങ്ങൾ അറിഞ്ഞ ലോനപ്പനും ലോലിതയും ഉമ്മച്ചനെ കെട്ടിപിടിച്ചു. സമുദായ നേതാക്കളുടെയോ അല്ലെങ്കിൽ ഒരു  LC സെക്രട്ടറിയുടെയോ സാന്നിദ്ധ്യത്തിൽ തീർപ്പാക്കേണ്ടി വരുമായിരുന്ന ഒരു പ്രശ്‍നം പുഷ്പം പോലെ പരിഹരിച്ച ഉമ്മച്ചനോടു ലോനപ്പന് ആദരവ് തോന്നി . ലോനപ്പൻ ഉമ്മച്ചനെ കെട്ടി പിടിച്ചിട്ടു കാതിൽ രഹസ്യമായി പറഞ്ഞു. " നീ എൻ്റെ മരുമകനല്ലടാ , മകനാ, ലിറ്റിയെ എൻ്റെ മരുമകളായി ഞാൻ പ്രഖ്യപിക്കുന്നു"
ലോനപ്പൻ്റെ വായിൽ നിന്നും വന്ന ശബ്ദത്തിൻ്റെ തീവ്രത സഹിക്കാൻ വയ്യാതെ ഉമ്മച്ചൻ കണ്ണുകൾ ഇറുക്കിയടച്ചു കളഞ്ഞു .
























No comments:

Post a Comment