പാഠമില്ലാത്തവൻ്റെ പാഠം


ഒരു ദീർഘസഞ്ചാരമാണിത് ...,
അമ്മയുടെ കൈയിൽ തൂങ്ങി ഞാൻ നടന്ന
കുട്ടനാടൻ ഗ്രാമവഴികളിലൂടെയുള്ള ഒരു ദീർഘസഞ്ചാരം.
ഐതീഹ്യങ്ങളും മിത്തുകളും മുത്തശ്ശിക്കഥകളും നാടോടിശീലുകളുമൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന ആ ഗ്രാമവഴികളിൽ നിന്ന് ഞാൻ പെറുക്കികൂട്ടിയ ചില കഥപൊട്ടുകൾക്ക് അക്ഷരങ്ങളിലൂടെ ജീവൻ നൽകാൻ ശ്രമിക്കുകയാണ്.
അവകാശവാദങ്ങളൊന്നുമില്ല, കാരണം ഞാനൊരു കഥപറച്ചിലുകാരൻ
മാത്രമാണ്, എഴുതിയതൊന്നും പ്രസിദ്ധീകരണത്തിനായി അയയ്ക്കാൻ ഇതുവരെ എനിക്ക് ധൈര്യം വന്നിട്ടില്ല.
കൗമാരകാലം ആയപ്പോഴേയ്ക്കും ക്യാമറയുമായി ഞാൻ ചങ്ങാത്തത്തിലായി. പൊതുവെ അന്തർമുഖനായ ഞാൻ ആ ക്യാമറയുടെ ഫ്രെയിമിൽ ഒതുങ്ങി നിൽക്കുന്ന കുറെയേറെ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ഇപ്പോൾ ആ ക്യാമറയുടെ പരിധിയിൽ നിന്നും പുറത്തു ചാടാൻ വെമ്പുന്ന കുറച്ചു കഥാപാത്രങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട്.
മനസ്സിൻ്റെ പുറകിലുള്ള ഫ്രെയിമിൽ ഓരോ
കഥാപാത്രങ്ങളേയും ഞാൻ പാകപ്പെടുത്തികഴിഞ്ഞിരിക്കുന്നു.
എങ്കിലും ഇതെഴുതാനിരിക്കുമ്പോൾ മനസ്സിലുദ്ദേശിക്കുന്ന ആശയം വ്യക്തമാക്കാൻ വാക്കുകൾ സഹായത്തിനെത്താത്ത പല സന്ദർഭങ്ങളും ഉണ്ടാകുന്നുണ്ട്. വാക്കുകളും ആശയങ്ങളും തമ്മിൽ വല്ലാത്ത അകൽച്ച വരുമ്പോൾ ഞാൻ അനുഭവിക്കുന്ന സംഘർഷം വലുതാണ്. കൂടുതൽ വാക്കുകൾ ഉപയോഗിച്ചു കഥ പറയുന്നതിനേക്കാൾ എനിക്കിഷ്ടം ക്യാമറയുടെ പരിധിയിൽ നിന്നുകൊണ്ട് കഥ പറയാൻ തന്നെയാണ്.രണ്ടിടത്തും ഞാൻ ഏകനായി തന്നെ സഞ്ചരിക്കണം.
വലിച്ചുനീട്ടി കഥപറയാൻ ഒട്ടും ഇഷ്ടപെടാത്ത ഒരാളാണ് ഞാൻ. ഒരു മെലോഡ്രാമ create ചെയ്യാനും താല്‌പര്യമില്ല. കുറച്ചു വാക്കുകളിൽ കൂടുതൽ കാര്യങ്ങൾ പറയാനുള്ള ശ്രമമാണ്.

ഈ കഥാലോകത്തിലേയ്ക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുകയാണ്.ഇതിലെ കഥാപാത്രങ്ങളായ ബേബിച്ചനും സുകുമാരനും ഭാനുമതിയും തറയിൽ രാമനും സദാനന്ദനും ഗോപിയുമൊക്കെ  നിങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുംകടന്നുപോകും.കഥകളൊക്കെ വായിച്ചുകഴിയുമ്പോൾ
നിങ്ങളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയെങ്കിലും വന്നാൽ ഞാനും ധന്യനായി.

സ്നേഹപൂർവ്വം:സനിൽ കണ്ണോത്ത്.

series story - 1
=================
മൂത്ത- അളിയൻ 
written by- sanil kannoth
=================
story line: Over optimism is sometimes dangerous. Over-optimism can cloud our minds and lead us to miscalculate risks and make unsound decisions.


1

1985 കാലഘട്ടം - ഒരു കുട്ടനാടൻ ഗ്രാമം
വൈകുന്നേരം

ജൂൺ മാസത്തിലെ കോരിച്ചൊരിയുന്ന മഴയിൽ കുതിർന്നു നിക്കുന്ന പ്രകൃതി. ആകാശത്തു മഴമേഘങ്ങൾ ഉരുണ്ടുകൂടി നിക്കുന്ന സീനുകൾ.
വീട്ടുമുറ്റത്തുനിന്ന് കൃഷി ഇറക്കി ഇട്ടിരിക്കുന്ന കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന പാടശേഖരങ്ങളിൽ നോക്കി നെടുവീർപ്പിട്ടുകൊണ്ടു നിക്കുന്ന ഭാനുമതി.60 -65 വയസ്സ് പ്രായം
ഭാനുമതി നിക്കുന്ന വീടിന്റെ ഒരുവശത്തു സാമാന്യം വലിയ ഒരു തോടാണ്. പമ്പയാറ്റിൽ നിന്നും കൃഷിക്ക് വെള്ളം കയറ്റിയിറക്കാൻ വേണ്ടി നിർമിച്ചിരിക്കുന്ന തോട്.
ക്യാമറ ഭാനുമതി നിക്കുന്ന ആംഗിളിൽ നിന്നും മൂവ് ആകുമ്പോൾ പ്രേക്ഷകർക്ക് വലിയ കൈത്തോടു കാണാൻ സാധിക്കുന്നുണ്ട്.
ആ കൈത്തോടിലൂടെ കൊതുമ്പുവള്ളങ്ങളിൽ യാത്ര ചെയ്യുന്ന ഗ്രാമവാസികൾ.
ഭാനുമതി മാനം നോക്കി നിക്കുന്നത് കാണുമ്പോൾ കൊതുമ്പുവള്ളത്തിൽ യാത്ര ചെയ്യുന്ന ഒരു ഗ്രാമവാസി.(അവറാച്ചൻ)

അവറാച്ചൻ: ചേട്ടത്തിയേ..വിളഞ്ഞ നെല്ല് നോക്കി വിഷമിക്കരുത്. കിഴക്കൻവെള്ളം രണ്ടുദിവസത്തിനുള്ളിൽ എത്തും.ഒടെകാരൻ തീരുമാനിച്ചോളും നെല്ല് മനുഷ്യന് തിന്നാൻ കൊടുക്കണോ അതോ ചീയിച്ചു താറാവിനും മീനിനും തിന്നാൻ കൊടുക്കണോ എന്ന്,

ഭാനുമതി : വിഷമം ഇല്ലാണ്ടിരിക്കുവോ അവറാച്ചാ.എത്രപേരുടെ കഷ്ടപ്പാടാ..
സർക്കാരിനോട് ശുപാർശ ചെയ്തു പുതിയ വിത്തിനങ്ങൾ കണ്ടുപിടിക്കാൻ പറയണം. ഒന്നുരണ്ടാഴ്ച വെള്ളത്തിനടിയിൽ കിടന്നാലും ചീഞ്ഞുപോകാത്ത ഇനങ്ങൾ. അങ്ങ് അയർലാൻഡിലൊക്കെ  അതുപോലത്തെ വിത്തിനങ്ങൾ ഉണ്ടെന്നാ വർഗീസു മാപ്പള പറഞ്ഞേ,

അവറാച്ചൻ: വർഗീസ് ചുമ്മാ വിടുവായിത്തരം പറയുവാന്നെ,

ചിരിച്ചു എന്തോ തമാശ പറഞ്ഞു അടുത്ത വള്ളക്കാരോട് എന്തോ പറഞ്ഞു നീങ്ങുന്ന അവറാച്ചൻ.

വീടിനകത്തുനിന്നും നിറവയറുമായി ഭാനുമതി നിക്കുന്നിടത്തേയ്ക്ക് വരുന്ന മകൾ  ശാരദ.ശാരദയ്ക്കിതു ഏഴാം മാസമാണ്.

ഭാനുമതി: സുകുമാരൻ നാളെ എത്തുമായിരിക്കും, അല്ലയോടി?

ശാരദ: ട്രെയിനിൽ  6-7 ദിവസമിരിക്കണമമ്മേ, പിന്നെ തിരുവല്ലയിലോ, ചങ്ങനാശേരിയിലോ വന്നിട്ട് വേണ്ടേ ഇവിടെ വരാൻ.

ഭാനുമതി: ജമ്മുന്നു ട്രെയിനിൽ കയറിയപ്പോൾ പോസ്റ്റോഫീസിലോട്ടു വിളിച്ചതല്ലേ, പിന്നെ ഒരുവിവരവുമില്ല, എനിക്കാണേൽ ആധിയാ.

ശാരദ (നീരസത്തിൽ ): അമ്മ ആധിയൊന്നും പിടിക്കണ്ട, സുകുമാരേട്ടൻ ഇങ്ങു വന്നോളും. എന്തു പ്രശ്നവും തരണം ചെയ്യാൻ സുകുമാരേട്ടനറിയാം. സുകുമാരേട്ടൻ ഒരു പട്ടാളക്കാനല്ലേയമ്മേ!

ഭാനുമതി:(നെടുവീർപ്പിട്ടുകൊണ്ട്): സുകുമാരൻ പട്ടാളക്കാരൻ ആയതാ എൻ്റെ ആധി. എന്തു പ്രശ്നവും അവൻ മുന്നിൽ നിന്നുംകൊണ്ടെടുത്തു തലയിൽ വയ്ക്കും.

ഭർത്താവിനെ കുറ്റം പറഞ്ഞപ്പോൾ മുഖം വീർപ്പിച്ചുനിക്കുന്ന ശാരദ.

ക്യാമറ മൂവാകുന്നു.വീടിനോടു ചേർന്നുള്ള ചെറിയ കടവിൽ ഫോക്കസ് ചെയ്യുന്ന ക്യാമറ.

കടവിൽ ചെറിയ കൊതുമ്പുവള്ളം അടിപ്പിച്ചു നിർത്തുന്ന ചെറുപ്പക്കാരൻ.
ഏകദേശം 23 വയസ്സ് പ്രായം.ചെറുപ്പക്കാരൻ്റെ (സദാനന്ദൻ) close shot.

സദാനന്ദൻ വള്ളം കടവിൽ കെട്ടിയിടുമ്പോൾ ഭാനുമതിയുടെ ശബ്ദം മാത്രം പ്രേക്ഷകർ കേൾക്കുന്നു.(അല്പം അകലെനിന്നും)

ഭാനുമതി(ശബ്ദം മാത്രം): നീയെന്താടാ താമസിച്ചേ?

സദാനന്ദൻ:(വള്ളം കെട്ടിയിടുന്ന കൂട്ടത്തിൽത്തന്നെ സംസാരിക്കുന്നു) എഴുത്തു കൂടുതലുണ്ടായിരുന്നമ്മേ, പിന്നെ മണിയോഡറും. എല്ലാം കൊടുത്തു കഴിഞ്ഞപ്പോൾ ഈ സമയമായി. അമ്മ കഴിക്കാൻ എന്തെങ്കിലും എടുത്തു വയ്ക്ക്,

ശാരദ: നീ കൈയും മുഖവും കഴുകി വാ, ഞാൻ ചായ എടുത്തുവയ്ക്കാം.(അകത്തേയ്ക്കു കയറുന്ന ശാരദ)

സദാനന്ദൻ: ആദ്യം ഊണ്, പിന്നെ മതി ചായ. (അടുക്കളയിലെ ബെഞ്ചിൽ ഇരിക്കുന്ന സദാനന്ദൻ)

ശാരദ: എടാ സമയമിപ്പോൾ ഏഴുമണി ആയി. കുറച്ചുകൂടി കഴിയുമ്പോൾ അത്താഴം കഴിക്കാം.

സദാനന്ദൻ: എൻ്റെ വല്യേച്ചി ആദ്യം എനിക്ക് ചോറ് താ, വയറ്റിലെ കത്തലൊന്നു മാറ്റട്ടെ, പിന്നെ ചായ,പിന്നെ അത്താഴം.

ഇതൊക്കെ കേട്ടുകൊണ്ട് മുറ്റത്തു എന്തോ പണികളിൽ ഏർപെട്ടുനിക്കുന്ന ഭാനുമതിയുടെ ശബ്ദം മാത്രം അടുക്കളയിലേയ്ക്കുവരുന്നു.

ഭാനുമതി:(ശബ്ദം മാത്രം) - ദേഷ്യം -: നീ അവനു ചോറെടുത്തുകൊടുക്കടീ, വിശന്നു നിക്കുന്നവനോടാ അവളുടെ ഉപദേശം.

ചോറും കറിയും വിളമ്പി സദാനന്ദൻ ഇരിക്കുന്ന ബെഞ്ചിൽ വയ്ക്കുന്ന ശാരദ.

സദാനന്ദൻ ചോറുതിന്നുന്നതു നോക്കിനിക്കുന്ന ശാരദ.

ശാരദ: നിന്നെ തീറ്റിച്ചു ചീത്തയാകുന്നത് അമ്മ ഒരുത്തിയാ, ഇങ്ങനെ തിന്നാതെ ചെറുക്കാ, നീ പൊണ്ണത്തടിയനായിപോകും. ഇപ്പോത്തന്നെ എന്നേക്കാൾ വയറായി.

ഒന്നും മിണ്ടാതെ ചിരിച്ചു വീണ്ടും ചോറുവാരി തിന്നുന്ന സദാനന്ദൻ.

സദാനന്ദൻ: മൂത്തളിയൻ എപ്പോ എത്തും വലിയേച്ചി?

ശാരദ: മിക്കവാറും നാളെ വൈകിട്ടുവരും. നീ പോസ്‌റ്റോഫീസിൽ ചെന്നുവലിയ വള്ളം എടുക്കണം. സുകുമാരേട്ടൻ ട്രെയിൻ ഇറങ്ങി നേരെ ഇങ്ങോട്ടാ പൊരുന്നേ, രണ്ടുമൂന്നു പെട്ടികാണും. എല്ലാംകൂടി നമ്മുടെ വള്ളത്തിൽ ഇരിക്കില്ല.

സദാനന്ദൻ: ഞാൻ ഏറ്റു,നാളെ തന്നെ ഞാൻ വലിയ വള്ളം അക്കരെ കൊണ്ടുപോയി ഇടാം. ഒരുപാടു യാത്ര ചെയ്‌തു വരുന്നതല്ലേ, മൂത്തളിയനെ ഒരുപാടു സമയം അക്കരെ വെയിറ്റ് ചെയ്യിക്കുന്നത് നമുക്ക് മോശാ.

ശാരദ:(ഗമയിൽ ) അതെ, നീ നാളെ കുറച്ചു ഇറച്ചി കൂടി വാങ്ങിത്തരണം. ട്രെയിനിൽ നല്ല ഭക്ഷണം കിട്ടികാണാത്തില്ല പാവത്തിന്.

സദാനന്ദൻ: ഇതൊക്കെ എന്നോടു പറയണോ വല്യേച്ചി, മൂത്തളിയൻ്റെ ഇഷ്ട്ടം എനിക്കറിയരുതോ?

അടുക്കളവാതിൽ വഴി അകത്തേയ്ക്ക് ഒരു വൃദ്ധൻ പ്രവേശിക്കുന്നു. മുടിയും താടിയും നരച്ചെങ്കിലും ജോലി ചെയ്തു ഉറച്ച ശരീരമുള്ള ഒരു വൃദ്ധൻ.

സദാനന്ദൻ ഇരുന്നു ഭക്ഷണം കഴിക്കുന്ന ബെഞ്ചിൽ വന്നിരിക്കുന്ന വൃദ്ധൻ(രാമൻ ).

രാമൻ: സുകുമാരൻ പിന്നെ വിളിച്ചോടാ?

ശാരദ ഒരുഗ്ലാസ്സ് കാപ്പിപ്പൊടി കാപ്പി അച്ഛനു കൊടുക്കുന്നു. ശാരദയുടെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങുന്ന രാമൻ.

സദാനന്ദൻ: ഇല്ലച്ഛാ, മൂത്തളിയൻ മിക്കവാറും നാളെ വൈകിട്ട് എത്തും. ഉച്ചയ്ക്ക് ഞാൻ പോസ്റ്റോഫീസിലെ വലിയവെള്ളം അക്കരെ കടവിൽ കെട്ടിയിട്ടേക്കാം.

രാമൻ:വള്ളംകളി ഇങ്ങടുത്തില്ലേ,രണ്ടു ചുണ്ടൻ്റെ  കൂടി അറ്റകുറ്റപ്പണി തീർക്കാനുണ്ട്.ഇപ്പൊ പണിയുന്ന ചുണ്ടൻ്റെ  പണി നാളെ രാത്രിയാകും തീരുമ്പോൾ.

സദാനന്ദൻ: കുഴപ്പമില്ലച്ഛാ, മൂത്തഅളിയനെ രാത്രിയായാലും ഞാൻ പോയി വിളിച്ചോളാം.

രാമൻ: എടാ കിഴക്കൻ വെള്ളത്തിൻ്റെ  വരവ് തുടങ്ങി, നല്ല ഒഴുക്കാ ശ്രദ്ധിച്ചോണം.സുകുമാരന് വെള്ളത്തിൽ വലിയ പരിചയമില്ല.

സദാനന്ദൻ: ഞാൻ ഗോപി അപ്പാപ്പിയെ കൂടി വിളിച്ചോളാം അച്ഛാ.

രാമൻ: ശരി.-അകത്തേയ്ക്കു പോകുന്ന രാമൻ.
----
രാത്രി- മഴക്കാറുകൾക്കിടയിലൂടെ തല നീട്ടുന്ന ചന്ദ്രൻ്റെ  വിദൂര ദൃശ്യം. നിലാവെളിച്ചത്തിൽ കുളിച്ചുനിക്കുന്ന ഭാനുമതിയുടെ വീട്. അകലെ പമ്പയാറ്റിൽ കൂടി പോകുന്ന കേവുവള്ളങ്ങളിൽ തൂങ്ങിക്കിടന്നു വെളിച്ചം പരത്തുന്ന റാന്തൽ വിളക്കുകൾ.ആ വെളിച്ചം കണ്ടു വരുന്ന കൊഞ്ചുകളെ പിടിക്കാൻ കോരുവലയുമായി കൊതുമ്പുവള്ളത്തിൽ തപസ്സിരിക്കുന്ന ഒരു ഗ്രാമവാസി.
------
2

പകൽ - അക്കരെ കടവ്

അത്യാവശ്യം തിരക്കുള്ള ഒരു കടവ്. ഒരു വിദൂര ദൃശ്യത്തിൽ  ഓട്ടോസ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോയും അമ്പലവും ആൽമരവും ഒരു ചെറിയ ഹോട്ടലും പെട്ടിക്കടയും ബോട്ട് ജെട്ടിയും പ്രേക്ഷകർ കാണുന്നു.

ആറ്റിലൂടെ വള്ളം തുഴഞ്ഞു കടവ് ലക്ഷ്യമാക്കി വരുന്ന സദാനന്ദൻ.

ജെട്ടിക്കു സമീപത്തുനിന്നും മാറി വള്ളം കെട്ടിയിട്ടു കരയ്ക്കുവരുന്ന  സദാന്ദൻ.

പെട്ടിക്കടയുടെ സമീപത്തുള്ള ബെഞ്ചിൽ ഇരിക്കുന്ന സദാനന്ദൻ.
കടയ്ക്കു സമീപം നിക്കുന്ന ഗ്രാമവാസികളുടെ സംഭാഷണങ്ങളിൽ പങ്കുകൊള്ളുന്ന സദാന്ദൻ.

അമ്പലത്തിനു മുന്നിലെ വളവുതിരിഞ്ഞു പോസ്റ്റൽ ഡിപ്പാർട്ട്മെൻഡിലെ  വാൻ വരുമ്പോൾ സദാനന്ദൻ ബെഞ്ചിൽ നിന്നും എഴുന്നേൽക്കുന്നു.

പോസ്റ്റൽ department വാൻ കടവിൽ നിക്കുന്നു.വാനിൽ നിന്നും അന്നുവന്ന മെയിൽ ഒപ്പിട്ടുവാങ്ങുന്ന സദാനന്ദൻ.

അകന്നുപോകുന്ന postal department വാൻ.

നന്നായി പാക്ക് ചെയ്തു സീൽ ചെയ്‌ത മെയിൽ അടങ്ങിയ ചാക്കുകെട്ടുമായി കൊതുമ്പുവള്ളത്തിൽ കയറുന്ന സദാന്ദൻ. അക്കരയ്ക്കു തുഴയുന്ന സദാന്ദൻ.

കടവിൽ ഒരു ഓട്ടോ വന്നുനിക്കുന്നു. ഓട്ടോയിൽ നിന്നും പാൻസും ഷർട്ടും ഷൂവും ധരിച്ച ഒരു പരിഷ്കാരി ചെറുപ്പക്കാരൻ ഇറങ്ങുന്നു.

ഓട്ടോയിൽ നിന്നും സാധനങ്ങൾ എടുത്തു നിലത്തുവയ്ക്കാൻ സഹായിക്കുന്ന ഓട്ടോ ഡ്രൈവർ.

ആളെ മനസിലാക്കി ഒരു ഗ്രാമവാസി ഓട്ടോയ്ക്ക് സമീപം ചെല്ലുന്നു.

ഗ്രാമവാസി: ശാരദയുടെ കെട്ടിയോനല്ലേ,പട്ടാളത്തിൽ ജോലിയുള്ള,

സുകുമാരൻ :(ചിരിച്ചുകൊണ്ട്)അതെ അച്ചായാ, പോസ്റ്റ്മാൻ അളിയൻ ഇങ്ങോട്ടെങ്ങാനും വന്നായിരുന്നോ?

ഗ്രാമവാസി: സദാനന്ദൻ ദാണ്ടെ വള്ളം തുഴഞ്ഞുപോകുന്നു.(കൈ ചൂണ്ടുന്നു)

സദാനന്ദനെ കൂവിവിളിക്കുന്ന ഗ്രാമവാസി.

തിരിഞ്ഞുനോക്കുന്ന സദാനന്ദൻ.

സുകുമാരൻ കടവിൽ നിക്കുന്നത് കാണുന്ന സദാനന്ദൻ.

സദാനന്ദൻ:  (സന്തോഷം കൊണ്ട് ഉറക്കെ): മൂത്തളിയ ഞാൻ മെയിൽ പോസ്റ്റ് ഓഫീസിൽ ഏല്പിച്ചിട്ടു പെട്ടെന്നുവരാം.

സുകുമാരൻ: അളിയാ ഇവിടെ വരെ വന്നിട്ടുപോ.

വള്ളം തിരിക്കുന്ന സദാനന്ദൻ.

തിരിച്ചുകടവിൽ അടുക്കുന്ന സദാനന്ദൻ തുഴയുന്ന വള്ളം.

ഷൂസും സോക്‌സും ഊരി വള്ളത്തിൽ കയറാൻ ശ്രമിക്കുന്ന സുകുമാരൻ.

സദാനന്ദൻ:  മൂത്തളിയാ..ബാലൻസ് ഇല്ലാത്തവർ കൊതുമ്പുവള്ളത്തിൽ കയറിയാൽ വള്ളം മറിയും. ഞാൻ പോയി വലിയ വള്ളം എടുത്തിട്ടുവരാം.

കടവിൽ ഈ കാഴ്ച്ച നോക്കിനിക്കുന്ന ഗ്രാമവാസികൾ.

സുകുമാരൻ:  അളിയൻ വള്ളം വിട്ടോ, ചരിയാതെ ബാലൻസ് ചെയ്തു ഞാനിരുന്നോളാം.

ഈ കാഴ്ച കാണാൻ ഇപ്പോൾ കുറച്ചു ഗ്രാമവാസികൾ കൂടി വള്ളത്തിനടുത്തു വന്നു നിക്കുന്നു.

സദാനന്ദൻ: ഒഴുക്ക് കൂടുതലാ മൂത്തളിയ..ഞാൻ വലിയ വള്ളം എടുത്തിട്ട് വരാം.

സുകുമാരൻ: അളിയാ എന്തുപ്രശ്‍നം ഉണ്ടായാലും ഞാനുണ്ട്. അളിയൻ വള്ളം എടുത്തോ.

വീണ്ടും സംശയിച്ചു വള്ളത്തിൽ തന്നെ ഇരിക്കുന്ന സദാനന്ദൻ.

കരയിൽ നോക്കിനിക്കുന്ന നാട്ടുകാർ.

സുകുമാരൻ: അളിയാ ശാരദയെ കാണാനുള്ള കൊതികൊണ്ടാ...വള്ളം  എടുക്കളിയ,

വേണോ വേണ്ടയോ എന്നാലോചിക്കുന്ന സദാനന്ദൻ.

അപ്പോൾ കരയിൽ നിന്ന ഒരു ഗ്രാമവാസി

ഗ്രാമവാസി:  നീ വേഗം അളിയനെ വീട്ടിലെത്തിക്കാൻ നോക്ക്, കെട്ടിയോളുടെ  വയിറ്റിൽ കിടക്കുന്ന കൊച്ചിനേം ആലോചിച്ചു അങ്ങേര് എത്രനാളായി അതിർത്തിയിൽ  തണുപ്പും കൊണ്ട് കിടക്കുവാ. വള്ളം മറിയാതെ നോക്കാൻ അങ്ങേർക്കറിയാം അങ്ങേരൊരു പട്ടാളക്കാരനാ.

സുകുമാരൻ:  (ഗമയിൽ): അങ്ങനെ പറഞ്ഞുകൊടുക്കാച്ചയാ..

നിവർത്തിയില്ലാതെ സദാനന്ദൻ വള്ളം മുന്നോട്ടെടുക്കുന്നു.

ഇപ്പോൾ മുങ്ങും എന്ന കണക്കിൽ മുന്നോട്ടുനീങ്ങുന്ന സദാനന്ദനും സുകുമാരനും കൂടി കയറിയ കൊതുമ്പുവള്ളം. മെയിൽ അടങ്ങിയ ചാക്കുകെട്ടും വള്ളത്തിലുണ്ട്.

കടവിൽ സദാനന്ദനും സുകുമാരനും വള്ളത്തിൽ പോകുന്നതുനോക്കി നിക്കുന്ന ഗ്രാമീണർ.

അകലെ നിന്നും ഒരു യാത്രാബോട്ട് വരുന്ന ദൃശ്യം.ജെട്ടിയിൽ യാത്രക്കാർ കയറാനും ഇറങ്ങാനും ഇല്ലാത്തതിനാൽ ബോട്ട് സ്പീഡ് കുറയ്ക്കാതെ മുന്നോട്ട് പോകുന്നു.

കടവിൽ നിക്കുന്ന നാട്ടുകാരിൽ ഒരാൾ.

നാട്ടുകാരൻ:  ബോട്ട് നല്ല സ്പീഡിലാണല്ലോ, സുകുമാരന് വള്ളത്തിൽ പരിചയം കുറവാ.

വേറൊരു നാട്ടുകാരൻ: വള്ളത്തിൽ പരിചയം ഇല്ലങ്കിലും പുള്ളിക്കാരന് വെള്ളത്തിൽ പരിചയം കാണും. പട്ടാളക്കാരെ നീന്താൻ പരിശീലിപ്പിക്കുന്നത് നടുക്കടലിൽ കൊണ്ടുപോയി ഇട്ടാ,

ബോട്ട് സദാനന്ദൻ തുഴയുന്ന കൊതുമ്പുവള്ളത്തെ overtake ചെയ്തുപോകുന്ന ദൃശ്യം. ബോട്ട് പോയതിനു പിന്നാലെ ഉണ്ടായ തിരയിൽ ആടി ഉലയുന്ന കൊതുമ്പുവള്ളം.വള്ളം ഉലയുമ്പോൾ ബാലൻസ് ചെയ്യാൻ പാടുപെടുന്ന സുകുമാരൻ.സുകുമാരൻ പേടിച്ചു വള്ളത്തിൽ ഇരിക്കുന്ന ക്ലോസ് ഷോട്ട്.

സദാനന്ദൻ:  മൂത്തളിയാ..അനങ്ങാതിരിക്ക്, ഓളം തീരാൻ കുറച്ചുസമയം എടുക്കും.

സുകുമാരൻ:  (പേടിയിൽ)അളിയാ എനിക്ക് നീന്താൻ അറിയില്ല.

പേടിക്കുന്ന സദാനന്ദൻ.

വള്ളം മറിയുന്ന ദൃശ്യം. മുങ്ങി പോകുന്ന സുകുമാരൻ.

വള്ളം മറിയുന്ന ദൃശ്യം കണ്ടുനിക്കുന്ന നാട്ടുകാർ.  [അക്കരെ നിക്കുന്നവർക്കും ഇക്കരെ നിക്കുന്നവർക്കും വള്ളം മറിയുന്നത് കാണാവുന്ന ആംഗിളിൽ ക്യാമറ സെറ്റ് ചെയ്യുക]

മുങ്ങി പോകുന്ന സുകുമാരനെ പൊക്കിയെടുത്തു മറിഞ്ഞു കിടക്കുന്ന കൊതുമ്പുവള്ളത്തിൽ പിടിപ്പിക്കുന്ന സുകുമാരൻ.

ഒഴുകി പോകുന്ന മെയിൽ അടങ്ങിയ ചാക്കുകെട്ടു കാണുന്ന സദാനന്ദൻ. ചാക്കുകെട്ടെടുക്കാൻ നീന്തി പോകുന്ന സദാനന്ദൻ.

ദൂരെ നിന്നും ഒരു വലിയ വള്ളം മറഞ്ഞുകിടക്കുന്ന വള്ളത്തിനടുത്തേയ്ക്കു വരുന്ന വിദൂര ദൃശ്യം.

മറിഞ്ഞു കിടക്കുന്ന വള്ളത്തിൽ പിടിച്ചുകിടക്കുന്ന സുകുമാരന്റെ ക്ലോസ് ഷോട്ട്. സുകുമാരന്റെ ഷർട്ടിന്റെ പോക്കറ്റിൽ വെള്ളം കയറുമ്പോൾ പോക്കറ്റിൽ കിടന്ന നൂറു രൂപയുടെ നാലു നോട്ടുകൾ വെള്ളത്തിൽ പൊങ്ങി വരുന്നു.

കൈ എത്തിച്ചു നോട്ട് എടുക്കാൻ ശ്രമിക്കുന്ന സുകുമാരൻ. വള്ളം ചരിയുമ്പോൾ പേടിച്ചു വള്ളത്തിൽ അള്ളിപ്പിടിച്ചു കിടക്കുന്ന സുകുമാരൻ.

(നല്ല തമാശ സൃഷ്ടിക്കുന്ന രീതിയിൽ ഈ സീനുകൾ create ചെയ്യുക)

ഓളം തള്ളുമ്പോൾ നാലു നോട്ടുകളും സുകുമാരന്റെ മുഖത്തിനു സമീപം വരുന്നു.

നാക്കു കൊണ്ട് നക്കി നോട്ടുകൾ മുഖത്തിനടുത്തയേക്ക് അടുപ്പിക്കുന്ന സുകുമാരൻ.

പെട്ടെന്നുതന്നെ സുകുമാരൻ നാക്കു നീട്ടി നോട്ട് കടിച്ചെടുക്കുന്നു.

കടിച്ചെടുത്ത നോട്ട് വായ്ക്കുള്ളിലാക്കി അടുത്ത നോട്ടും അങ്ങനെ കടിച്ചെടുത്തു വായ്ക്കുള്ളിലാക്കുന്നു.

അവസാനത്തെ നോട്ടും കടിച്ചെടുക്കാൻ ശ്രമിക്കുന്ന സുകുമാരൻ. ദൂരേയ്ക്ക് ഒഴുകി മാറുന്ന നൂറ് രൂപയുടെ നോട്ട് അടുപ്പിക്കാൻ ശ്രമിക്കുന്ന സുകുമാരൻ.

ഒഴുകി പോയ മെയിൽ അടങ്ങിയ ചാക്കുകെട്ടുമായി മറിഞ്ഞു കിടക്കുന്ന വള്ളത്തിനടുത്തെത്തുന്ന സദാനന്ദൻ.

വള്ളം കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്ന സദാനന്ദൻ.

വലിയ വള്ളം മറിഞ്ഞു കിടക്കുന്ന വള്ളത്തിനടുത്തെത്തുന്നു.
വലിയ വള്ളം തുഴയുന്നയാൾ ദേഷ്യത്തിൽ(ഗോപി)

ഗോപി: നീ എന്തിനാ അളിയനെ ഈ കൊതുമ്പു വള്ളത്തിൽ കയറ്റിയേ?

സദാനന്ദൻ:  ഞാൻ പറഞ്ഞിട്ട് കേൾക്കണ്ടേ അപ്പാപ്പി, വലിയേച്ചിയെ കാണാൻ ധൃതി പിടിച്ചു കയറിയതാ, പിന്നെ എന്ത് പറഞ്ഞിട്ടും ഇറങ്ങിയില്ല,ഞാൻ പിന്നെ എന്തുചെയ്യും?

ഗോപി: (സുകുമാരനെ നോക്കി) അളിയൻ കൊണ്ടുവന്ന സാധനങ്ങൾ എവിടെ?

വായിൽ മൂന്ന് നൂറു രൂപ നോട്ടുകൾ സുരക്ഷിതമായി വച്ചിരിക്കുന്നതുകൊണ്ട് ഒന്നും മിണ്ടാൻ പറ്റാതെ ഗോപിയെ മിഴിച്ചുനോക്കുന്ന സുകുമാരൻ.

കണ്ണുകൾ കൊണ്ട് ആഗ്യഭാഷയിൽ സംസാരിക്കുന്ന സുകുമാരൻ.

ഒന്നും മനസിലാകാതെ പരസ്പരം നോക്കുന്ന ഗോപിയും സദാനന്ദനും.

ഗോപിയും സദാനന്ദനും കൂടി സുകുമാരനെ വലിയ വള്ളത്തിൽ കയറ്റുന്നു.

വലിയ വള്ളത്തിൽ കയറിയ ഉടനെ സുകുമാരൻ വാ തുറന്നു വായിൽ സൂക്ഷിച്ചിരുന്ന നോട്ടുകൾ ശ്രദ്ധാപൂർവം പുറത്തെടുക്കുന്നു.

സുകുമാരന്റെ പ്രവർത്തി നോക്കിയിരിക്കുന്ന സദാനന്ദനും ഗോപിയും.

വായിലെ തുപ്പലിൽ കുതിർന്നു കീറി പിഞ്ചിയ മൂന്ന് നൂറിന്റെ നോട്ടുകൾ സുകുമാരന്റെ കൈയിൽ ഇരിക്കുന്നതിന്റെ ക്ലോസ് ഷോട്ട്.

സുകുമാരന്റെ ദയനീയ മുഖഭാവം.

കരയിൽ നിന്നും ഒരു ശബ്ദം മാത്രം ഫ്രെയിമിലേക്ക് വരുന്നു.

ശബ്ദം: ഗോപിയേ..ആരാടാ മറഞ്ഞ വള്ളത്തിൽ.

ഗോപിയുടെ പ്രതികരണം ഉച്ചത്തിൽ.

ഗോപി:  തറേലെ ശാരദയുടെ കെട്ടിയോനും അനിയനും.

ഇപ്പോൾ ക്യാമറ കടവിലേയ്ക്ക് ഫോക്കസ് ചെയ്യുന്നു.

കടവിൽ നിക്കുന്ന ഗ്രാമവാസികൾ വള്ളം മറിഞ്ഞു കിടക്കുന്ന സ്ഥലത്തേയ്ക്ക് നോക്കി നിക്കുന്നു.

ഗോപിയുടെ ഉച്ചത്തിലുള്ള പ്രതികരണം കേട്ടുനിന്ന ഒരു സ്ത്രീ(മറിയ) ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് നെഞ്ചിലിടിക്കുന്നു.

മറിയ: എന്റെ കർത്താവേ..ഞാനിതെങ്ങനെ സഹിക്കും. ഭാനുവേടത്തിയെ ഞാനെങ്ങനെ സമാധാനിപ്പിക്കും...ഒരാളെ പോലും നീ ബാക്കി വെച്ചില്ലല്ലോ എന്റീശോയേ..

ഭാനുമതിയുടെ വീടു ലക്ഷ്യമാക്കി ഓടുന്ന മറിയ. മറിയയുടെ പുറകെ ഓടുന്ന രണ്ടു കുട്ടികളും സ്ത്രീകളും.

മറിയയുടെ പ്രവർത്തി കണ്ടുകൊണ്ടു കടവിൽ നിക്കുന്ന ഒരു ഗ്രാമവാസി.

ഗ്രാമവാസി:  വള്ളം മറിഞ്ഞിട്ട് ആർക്കും ഒന്നും പറ്റിയില്ല, പിന്നെന്തിനാ ഇവളുകിടന്നു അലയ്ക്കുന്നത്.

ഗ്രാമവാസി 2:   മറിയേടെ സ്വഭാവം അച്ചായന് അറിയത്തില്ലയോ, കാള പെറ്റു എന്ന് കേട്ടാൽ മതി, മറിയ കയർ എടുക്കാൻ ഓടും. ആദ്യം കയർ കൊണ്ടുവന്നു മറിയ കിടാവിനെ കെട്ടുകേം ചെയ്യും. ഈ ഓട്ടം ശാരദയെയും ഭാനുവേടത്തിയെയും തീ തീറ്റിക്കാനുള്ള ഓട്ടമാ..

3  
പകൽ - ഭാനുമതിയുടെ വീട്

ഭാനുമതിയുടെ വീട് ലക്ഷ്യമാക്കി ഗോപി തുഴയുന്ന വലിയ വള്ളം വന്നു കൊണ്ടിരിക്കുന്ന  ദൃശ്യം.

വള്ളത്തിൽ മഴ നനഞ്ഞു കുതിർന്ന കോഴിയെ പോലെ ഇരിക്കുന്ന സുകുമാരൻ.

ഷർട്ടിനു പുറത്തു ഒറ്റ തോർത്തു മാത്രം ഉടുത്തു നനഞ്ഞ്കുതിർന്നു വള്ളത്തിൽ നിക്കുന്ന സദാനന്ദൻ.(സുകുമാരനെ രക്ഷിക്കാനുള്ള ശ്രമത്തിൽ സദാനന്ദൻ ഉടുത്തിരുന്ന മുണ്ട് ഉരിഞ്ഞു പോയിരുന്നു).

വള്ളത്തിൽ സുകുമാരൻ കൊണ്ടുവന്ന പെട്ടികളും പോസ്റ്റ് ഓഫീസിലേക്കുള്ള മെയിൽ അടങ്ങിയ ചാക്കുകെട്ടും കാണാം.

ക്യാമറ ഭാനുമതിയുടെ വീട്ടുമുറ്റത്തേയ്ക്കു തിരിയുന്നു.

കരഞ്ഞു തളർന്നു വീട്ടുമുറ്റത്തു കിടക്കുന്ന ഭാനുമതിയും ശാരദയും. മറിയയും നാട്ടുകാരും ചുറ്റിനും കൂടി നിക്കുന്നു.

കരച്ചിലിനിടയ്ക്കു കണ്ണുതുറക്കുന്ന ശാരദയുടെ കണ്ണ് കടവിൽ ഉടക്കി നിക്കുന്നു. കരച്ചിൽ നിർത്തി മിഴിച്ചു നോക്കുന്ന ശാരദ. ശാരദ കടവിൽ നോക്കുന്നതു കണ്ട് കൂടി നിന്ന നാട്ടുകാരും കടവിലേയ്ക്ക് നോക്കുന്നു.

കടവിലെ കാഴ്ച്ച ഭാനുമതിയുടെ വീട്ടുമുറ്റത്തു നിന്നു കാണുന്ന മറിയയുടെ മുഖഭാവം. ആരും അറിയാതെ ഭാനുമതിയുടെ വീട്ടുമുറ്റത്തുനിന്നും മുങ്ങുന്ന മറിയയുടെ ദൃശ്യം.

സന്തോഷവും സങ്കടവും ദേഷ്യവും എല്ലാംകൂടി വല്ലാത്തൊരു ഉന്മാദാവസ്ഥയിൽ എത്തുന്ന ശാരദ. പതുക്കെ എണീറ്റ് കടവിലേക്ക് നടക്കുന്ന ശാരദ.

ക്യാമറ കടവിൽ അടുത്ത വള്ളത്തിലേയ്ക്ക് സൂം ചെയ്യപ്പെട്ടിരിക്കുന്നു.

ആദ്യം സദാനന്ദൻ വള്ളത്തിൽ നിന്നും ഇറങ്ങുന്നു.

ഇപ്പോൾ സദാനന്ദനും ശാരദയും നേർക്കുനേർ മുഖത്തോടു മുഖം നോക്കിനിക്കുന്നു.

സദാനന്ദന് എന്തെങ്കിലും പറയാൻ സമയം കിട്ടുന്നതിനുമുമ്പ് ശാരദ സദാനന്ദനെ ആക്രമിക്കുന്നു. മുഖത്തും കൈക്കും നെഞ്ചിലും സദാനന്ദനെ തല്ലുകയും മാന്തുകയും ഒക്കെ ചെയ്യുന്ന ശാരദ.അക്രമണസമയത്തു ദേഷ്യത്തിൽ പിച്ചും പേയും പോലെ എന്തൊക്കെയോ പറയുന്ന ശാരദ.

ശാരദ: (ദേഷ്യം) വെള്ളത്തിൽ പരിചയം ഇല്ലാത്ത ആളെ കൊതുമ്പുവള്ളത്തിൽ കേറ്റി...(സംസാരം നിർത്തി തല്ലിന് ശക്തി കൂട്ടുന്ന ശാരദ) എൻ്റെ വയറ്റിലെ കൊച്ചിന് തന്തയെ കാണാൻ പറ്റുവായിരുന്നോടാ... (തല്ലിന് ശക്തികൂടി കരയുന്ന ശാരദ)

ഒന്നും മിണ്ടാതെ വള്ളത്തിൽ ഈ പ്രവർത്തി നോക്കി നിക്കുന്ന സുകുമാരൻ.

വീണ്ടും ദേഷ്യത്തിൽ സദാനന്ദനെ തല്ലുന്ന ശാരദ.

മകനെ തല്ലുന്നത് സഹിക്കാൻ പറ്റാതെ ശാരദയുടെ കൈക്കു പിടിക്കുന്ന ഭാനുമതി

ഭാനുമതി: (ദേഷ്യത്തിൽ) ഇനി എൻ്റെ മോനെ തൊട്ടുപോകരുത്. നീ കാര്യം അന്വേഷിച്ചിട്ടാണോ അവനെ ഇങ്ങനെ തല്ലി ചതയ്ക്കുന്നേ, വള്ളം മറിയാൻ കാരണക്കാരൻ സുകുമാരനായിരിക്കും, എനിക്കുറപ്പാ!

വള്ളത്തിൽ നിക്കുന്ന സുകുമാരന്റെ മുഖഭാവം.
ഒന്നും മിണ്ടാതെ വള്ളത്തിൽ നിന്നും ഇറങ്ങി വീട് ലക്ഷ്യമാക്കി നീങ്ങുന്ന സുകുമാരൻ.

സുകുമാരൻ:  ശാരദേ..എനിക്കൊരു കൈലി എടുത്തുതാ..മുഴുവൻ നനഞ്ഞിരിക്കുവാ.

 സുകുമാരനു പുറകെ അകത്തേയ്ക്കു പോകുന്ന ശാരദ.

സദാനന്ദനും പിന്നാംപുറത്തേയ്ക്കു പോകുന്നു.

കൂടിനിന്ന അയൽക്കാരെല്ലാം പലവഴിക്ക് പിരിയുന്നു.

ഇപ്പോൾ മുറ്റത്ത് ഗോപിയും ഭാനുമതിയും മാത്രമാകുന്നു.

വള്ളത്തിൽ നിന്നും സുകുമാരൻ കൊണ്ടുവന്ന പെട്ടികൾ ഓരോന്നായി എടുത്തു തിണ്ണയിൽ വയ്ക്കുന്ന ഗോപി. ഈ പ്രവർത്തികൾ ചെയ്യുന്നതിനിടയ്ക്കു ഭാനുമതിയുമായി സംസാരിക്കുന്ന ഗോപി.

ഗോപി: എൻ്റെ ഭാനുചിറ്റേ..സുകുമാരൻ അളിയനാ..ഈ പ്രശ്‍നം മുഴുവനും ഉണ്ടാക്കിയെ, എന്നിട്ടു സദാനന്ദനെ ശാരദ തല്ലിയപ്പോൾ..ഒന്നു പിടിച്ചുമാറ്റാൻ പോലും ചെന്നില്ല അളിയൻ, അതാ സദാനന്ദനു സങ്കടം ആയിപ്പോയേ...

ഭാനുമതി:(ദേഷ്യത്തിൽ) അവളുടെ വയറ്റിൽ കിടക്കുന്ന കൊച്ചിനെ ഓർത്തിട്ടാ..അല്ലെങ്കിൽ അവളുടെ കൈയും കാലും തല്ലിയൊടിച്ചു ഞാൻ ഇവിടിട്ടേനേ,

ഗോപി പെട്ടിയുമായി തിണ്ണയിൽ വന്നപ്പോൾ ഭാനുമതി വീണ്ടും.

ഭാനുമതി: എൻ്റെ കൊച്ചിനെ കൈ വയ്ക്കാൻ എനിക്കുമാത്രേ അവകാശം ഉള്ളൂ, അവക്കു തല്ലണോന്നു തോന്നുമ്പോൾ അവളുടെ കെട്ടിയോനെ തല്ലാൻ പറയണം.

ഗോപി: (മയത്തിൽ ) പോട്ടെ ചിറ്റേ...കൂടുതൽ പറഞ്ഞു വഴക്കായിപോയാൽ നമുക്കാ നാണക്കേട്.

ഭാനുമതി: അതോർത്താ ഞാൻ അടങ്ങി നിക്കുന്നെ.(ഇരുന്നിടത്തുനിന്നും എണീക്കുന്ന ഭാനുമതി) ഞാൻ ചന്ത വരെ പോയി വരട്ടെ,  ചന്തയിൽ പോകാൻ ഇറങ്ങിയപ്പോഴാ മറിയ വന്നു നല്ല ജീവൻ കളഞ്ഞത്.

എണീറ്റ് പിന്നാപുറത്തേയ്ക്കു നടക്കുന്ന ഭാനുമതി.

ഈ സമയം നനഞ്ഞ വസ്ത്രങ്ങൾ മാറി കൈയിൽ ഒരു ഗ്ലാസ് കാപ്പിയുമായി മുറ്റത്തെ കസേരയിൽ വന്നിരിക്കുന്ന സുകുമാരൻ.

ഒന്നും സംഭവിക്കാത്തപോലെ വളരെ കൂളായി ഗോപിയോട് സംസാരിക്കുന്ന സുകുമാരൻ.

സുകുമാരൻ: പണിയൊക്കെ ഉണ്ടോടാ ഗോപിയേ?

ഗോപി:  (നീരസത്തിൽ)  അക്കരെ 400 ചുവന്നകട്ടകൾ ഇറക്കിവച്ചിട്ടുണ്ട്. അത് വൈകുന്നതിനുമുമ്പ് അവറാച്ചന്റെ പടിക്കൽ എത്തിക്കണം. അതിനു പോകുമ്പോഴാ അളിയൻ പോത്തിനെ പോലെ തല മാത്രം പൊക്കി വെള്ളത്തിൽ കിടക്കുന്ന കാണുന്നേ, എൻ്റെ കൂടി അളിയനായിപ്പോയി അതുകൊണ്ട്..എന്നെ കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത്.(സുകുമാരനെ നോക്കി കൈകൂപ്പുന്ന ഗോപി)

ഗോപി നീരസത്തിൽ ആണെന്നു മനസിലാക്കി സുകുമാരൻ.

സുകുമാരൻ: ഇനി അതൊന്നും എന്നെ ഓർമിപ്പിക്കല്ലേ ഗോപി, ഞാൻ അതൊക്കെ മറന്നു. ആ ബോട്ടുകാരാ പ്രശ്‍നം ഉണ്ടാക്കിയേ, അവർക്കു ഞങ്ങളെ കണ്ടപ്പോൾ സ്ലോ ചെയ്താൽ മതിയായിരുന്നു.

ഗോപി: ബോട്ട് ഓടിക്കുന്നവന് അറിയാവോ സുകുമാരന് വള്ളത്തിൽ പരിചയം കുറവാണ് എന്നുള്ള കാര്യം.

ശാരദ ഗോപിക്കുള്ള കാപ്പിയുമായി വരുന്നു. കാപ്പി വാങ്ങുന്ന ഗോപി. അകത്തയക്കു പോകുന്ന ശാരദ.

ഗോപി ചായ മൊത്തികൊണ്ട്.

ഗോപി: എന്നിട്ടു സദാനന്ദനെ ശാരദപെങ്ങള് തല്ലിയപ്പോൾ അളിയനെന്താ പിടിച്ചുമാറ്റാതെ നോക്കി നിന്നത്.

സുകുമാരൻ: സദാനന്ദനെ ശാരദ അടിച്ച ആദ്യത്തെ അടിയിലാ ഗോപി ശാരദയ്ക്ക് എന്നോടുള്ള സ്നേഹത്തിന്റെ തീവ്രത ഞാൻ മനസിലാക്കുന്നേ.
അതു മനസിലാക്കിയപ്പോഴുള്ള വികാരതള്ളിച്ചയിൽ ഞാൻ എല്ലാം മറന്നുപോയി അതാ സത്യം.

ഗോപി:  ദേ.. അളിയാ എന്നുവിളിച്ച നാവുകൊണ്ട്...  എന്നെ കൊണ്ട് ഒന്നും വിളിപ്പിക്കരുത്..പിന്നെ തേച്ചാലും കുളിച്ചാലും പോകില്ല പറഞ്ഞേക്കാം.

ഗോപി പിണക്കത്തിലാണെന്നു മനസിലാക്കി ഗോപിയുടെ പിണക്കം മാറ്റാൻ അടുത്തുചെന്നു അടക്കത്തിൽ സുകുമാരൻ.

സുകുമാരൻ:  നല്ല മിലിറ്ററി റം ഞാൻ കൊണ്ടുവന്നിട്ടുണ്ട്. ഗോപിക്ക് ഇപ്പൊ വേണോ അതോ വൈകിട്ട് മതിയോ?

മനസ്സിൽ ലഡ്ഡു പൊട്ടുന്ന ഗോപി,പക്ഷെ അടങ്ങി നിക്കുന്നു.

ഗോപി:  അളിയൻ ഇപ്പൊ തന്നാലും ഞാൻ എങ്ങനെ വേണ്ടെന്നു പറയും.

സുകുമാരൻ: അകത്തിരുന്നു കഴിക്കാൻ അമ്മായിയമ്മ സമ്മതിക്കില്ല, ഞാൻ പോയി രണ്ടു ഗ്ലാസ് എടുത്തിട്ടുവരാം.

ഗോപി:  ഗ്ലാസ്സൊക്കെ വള്ളത്തിലുണ്ട്. അളിയൻ സാധനം എടുത്തിട്ട് വാ, നമുക്ക് ആറ്റിറമ്പിൽ ആളൊഴിഞ്ഞിടത്തു പോകാം. നല്ല കാറ്റും കിട്ടും.
ഷാപ്പിൽ നിന്നും രണ്ടു കരിമീൻ കറിയും വാങ്ങാം.

കരിമീൻ എന്നുകേട്ടു വായിൽ വരുന്ന വെള്ളം വിഴുങ്ങുന്ന സുകുമാരൻ പെട്ടി തുറന്നു ഒരു ബോട്ടിൽ റം ഗോപിയുടെ കൈയിൽ കൊടുക്കുന്നു.

ഗോപി റം ബോട്ടിൽ നോക്കികൊണ്ട്‌.

ഗോപി:  ഇന്ന് കട്ടയെടുപ്പ് നടക്കുമെന്ന് തോന്നുന്നില്ല. (കടവിൽ കെട്ടിയിട്ടിരിക്കുന്ന വള്ളത്തിലേയ്ക്കു നടക്കുന്ന ഗോപി)

സുകുമാരൻ:  ഗോപി ഞാൻ ശാരദയോട് പറഞ്ഞിട്ടുവരാം. ഉച്ചയൂണിനുമുൻപ് എനിക്ക് രണ്ടു പെഗ്  കഴിക്കണം, അത് ശീലായി പോയി.

സുകുമാരനെ കാത്തു വലിയവള്ളത്തിൽ ഇരിക്കുന്ന ഗോപി.

ഈ സമയം പുതിയ വെള്ളമുണ്ടും ഷർട്ടും ധരിച്ചുകൊണ്ട് വീട്ടിൽ നിന്നും വെളിയിൽ വരുന്ന സദാനന്ദൻ. (മുഖത്തു ദേഷ്യവും സങ്കടവും ഇടകലർന്ന ഭാവം)

സദാനന്ദൻ വള്ളത്തിൽ ഇരിക്കുന്ന ഗോപിയോടായി.

സദാനന്ദൻ: ഗോപിപാപ്പീ എന്നെ പോസ്റ്റോഫീസിലേയ്ക്ക് ഒന്നാക്കിയേക്ക്‌.

വള്ളത്തിൽ കയറിയ ഉടനെ സദാനന്ദൻ വള്ളം ഊന്നി വിടുന്ന കഴുക്കോൽ എടുത്തു വള്ളം തള്ളി നീക്കുന്നു.

വള്ളത്തിലിരുന്നു വെപ്രാളപ്പെടുന്ന ഗോപി.

ഗോപി: എടാ..അളിയനും കൂടി വരട്ടെ, നീ വള്ളം അടുപ്പിക്ക്.

അകത്തുനിന്നും ശാരദ കടവിൽ വരുമ്പോൾ അകന്നുപോകുന്ന വള്ളം കാണുന്നു.

ശാരദ:  (ഉറക്കെ) എടാ മോനേ ചായ കുടിച്ചിട്ട് പോടാ...

സദാനന്ദൻ: (ദേഷ്യത്തിൽ) വലിയേച്ചി ചായ മൂത്തളിയന്റെ ഉണ്ണാക്കിലോട്ട് ഒഴിച്ചുകൊടുത്തേക്ക് . പോത്തു വെള്ളത്തിൽ കിടക്കുന്നപോലെ വെള്ളം കുടിച്ചു കുറെ നേരം ആറ്റിൽ കിടന്നതാ. ശരീരം ഒന്ന് ചൂടാകും ചായ ചെല്ലുമ്പോൾ.

ഈ സമയം അകത്തുനിന്നും ഷർട്ടും ഇട്ടു ധൃതിയിൽ കടവിലേയ്ക്ക് വരുന്ന സുകുമാരൻ. വള്ളം അകന്നുപോകുന്ന കണ്ടു വെപ്രാളപ്പെട്ട്...

സുകുമാരൻ: എടാ...എടാ ഗോപി, എന്നെ കൂടി കൊണ്ടുപോടാ..എടാ എൻ്റെ കുപ്പി, കൊച്ചളിയാ..മോനേ വള്ളം തിരിച്ചോണ്ടു വാടാ.

സദാനന്ദൻ: സൗകര്യപ്പെടുകേല, മൂത്തളിയൻ വേറൊരു കുപ്പി എടുത്തു കുടിച്ചോ.

സുകുമാരൻ:എടാ ഇവിടെ അതിനുള്ള സൗകര്യം ഇല്ല, അമ്മ സമ്മതിക്കില്ലടാ.

സദാനന്ദൻ:  മൂത്തളിയൻ ഇതിനുമുൻപ് ലീവിന് വന്നപ്പോൾ ചെയ്തപോലെ ചെയ്യ് .

സുകുമാരൻ:  (സങ്കടത്തിൽ) ഞാൻ എന്ത് ചെയ്യുവാടാ?

സദാനന്ദൻ:   കുപ്പിയും ഗ്ലാസും എടുത്തു നേരേ കക്കൂസിൽ കയറിക്കോ, മൂത്തളിയൻ പണ്ടത്തെ മിമിക്രികലാകാരനല്ലേ ഇടയ്ക്കു വയർ ഇളകുന്ന പോലുള്ള സൗണ്ട് വായ് കൊണ്ട് ഉണ്ടാക്കിയാൽ മതി. അമ്മ പിന്നെ ആ പരിസരത്തേയ്ക്കു വരില്ല.

അകന്നുപോകുന്ന വള്ളം നോക്കി നിക്കുന്ന സുകുമാരൻ. അടുത്ത് നിക്കുന്ന ശാരദ.

രണ്ടുകൈയിലും പലചരക്കും പച്ചക്കറിയും അടുക്കിപ്പിടിച്ചുകൊണ്ടു വീട്ടുമുറ്റത്തേയ്ക്ക് കയറി വരുന്ന ഭാനുമതി.

അകന്നുപോകുന്ന വള്ളം നോക്കി നിക്കുന്ന ശാരദയെയും സുകുമാരനേയും നോക്കിയിട്ടു ഒന്നും മനസിലാകാതെ അകത്തേയ്ക്കു കയറാൻ ഭാവിക്കുന്ന ഭാനുമതി.

ഇവിടെ ക്യാമറ ഫ്രീസാകുന്നു.
-------------------------------------------

=============================
series story-2
കുടംപുളിയും താറാമുട്ടയും 
written by:- sanil kannoth
=============================
story line:- first law is never loss, and the second law is never forget the first law.
=============================

No part of this script content,idea and characters may
reproduced without written permission of the Author.
For information regarding permission, write to

Sanil kannoth 
Kannothveli House, Mararikulam North PO
Alappuzha-688523.Kerala, India.
email: sanilkannoth@gmail.com, eskayscript@gmail.com
phone:  +91 9496281020


This is a work of fiction.Names,Characters,Places and incidents are
either the product of the Author's imagination or are used fictitiously,
and any resemblance to actual persons,living or dead,or to actual
events or locales is entirely coincidental.



No comments:

Post a Comment