ദാസപ്പനും കുഞ്ഞുപെങ്ങളും

തിരക്കഥ 

ദാസപ്പനും കുഞ്ഞുപെങ്ങളും   

 "some relations have no name "

-----------------------------------------------
Written by  SanilKannoth

കഥാപാത്രങ്ങൾ 
=======================
1. ദാസപ്പൻ -അരയൻ 
2. കാവേരി -ദാസപ്പൻറെ പെങ്ങൾ 
3 .നാരായണൻ -ദാസപ്പൻറെ അച്ഛൻ
4.ക്ലാര -ദാസപ്പൻറെ കാമുകി
5 .രാധ -ദാസപ്പൻറെ ഭാര്യ
6 .വാർഡ് മെമ്പർ
7 .സൈക്കിൾ യാത്രാക്കാരൻ
8 .ചീട്ടുകളി സംഘം -ഒരു ബാച്ച്
9 .മമ്മാലി -സ്രാങ്ക്
10 .മൽസ്യത്തൊഴിലാളികൾ ആയ രക്ഷാപ്രവർത്തകർ- ആവശ്യത്തിന്  
കൂടാതെ "മാരാരിഗോൾഡ് " എന്ന തിരക്കഥയിലെ കഥാപാത്രങ്ങളും .
===============================

NB : മാരാരി ഗോൾഡ് എന്ന കഥയുമായി ഈ കഥയ്ക്ക് ബന്ധമില്ല . പ്രിയപ്പെട്ട വായനക്കാർക്കു പെട്ടെന്ന് മനസിലാക്കാൻ വേണ്ടി മാരാരി ഗോൾഡ് എന്ന കഥയിലെ ചില കഥാപാത്രങ്ങളുടെ പേരുകൾ  ഈ കഥയിലും ഉപയോഗിച്ചിരിക്കുന്നു എന്ന് മാത്രം .

----------------------

കഥാസാരം 

സാമാന്യം ഭേദപ്പെട്ട ഒരു തുറ (മൽസ്യത്തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കടൽത്തീരം). ആ തുറയിൽ അരയരും ക്രിസ്ത്യനും മുസ്ലീമും ഒരുമയോടെ കഴിയുന്നു . ഒരുപാടു നന്മകൾ ഉള്ള കുറച്ചു കുശുമ്പും കുത്തിത്തിരുപ്പും കുന്നായ്മയും ഉള്ള കുറച്ചാളുകൾ താമസിക്കുന്ന ഈ തീരദേശ ഗ്രാമത്തിലാണ് ദാസപ്പനും അച്ഛനും പെങ്ങൾ കാവേരിയും താമസിക്കുന്നത് .നല്ല ആരോഗ്യവാനാണ് ദാസപ്പൻ .കുഞ്ഞുപെങ്ങൾ കാവേരിയെ ദാസപ്പന് ജീവനാണ് .
അടുത്ത തുറയിൽ താമസിക്കുന്ന ദാസപ്പൻറെ കൂട്ടുകാരൻ ഗണപതിക്കും കാവേരി പെങ്ങളാണ് . ഒരു പ്രത്യേക സാഹചര്യത്തിൽ ഗണപതിക്ക്‌ ദാസപ്പൻ അറിയാതെ കാവേരിയുടെ കല്യാണം നടത്തികൊടുക്കേണ്ടി വരുന്നു .ദാസപ്പനും ഗണപതിയും തമ്മിൽ വഴക്കുണ്ടാകുന്നു. ദാസപ്പനും കാവേരിയും ആയിട്ടുള്ള പിണക്കം എന്നു തീരുന്നുവോ അന്നു മാത്രമേ ഇനി കാവേരിയും ആയി കാണൂ എന്ന് പറഞ്ഞുകൊണ്ട് ഗണപതിയും ആ കര വിട്ടു പോകുന്നു .പിന്നെ ഗണപതി ആ കരയിലേക്ക് വന്നിട്ടേ ഇല്ല .മൂന്നു പേരും മൂന്നു വഴിക്കു പിരിയുന്നു .കാവേരി ഭർത്താവുമായി ബ്രിട്ടനിൽ താമസം തുടങ്ങുന്നു.ഓണം ആഘോഷിക്കാൻ കാവേരി ചെങ്ങന്നൂരുള്ള ഭർത്താവിന്റെ വീട്ടിലേയ്ക്കു കുട്ടികളുമായി അവധിക്കു വരുന്നു .പ്രളയം തുടങ്ങുന്നു .പാണ്ടനാട് കാവേരിയും കുടുംബവും താമസിച്ചിരുന്ന വീട് പ്രളയത്തിൽ മുഴുവനും മുങ്ങുന്നു . കുട്ടികളെ എങ്കിലും രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്ന കാവേരി . മരിക്കുന്നതിനുമുമ്പ് അവസാനമായി ദാസപ്പനെ വിളിക്കുന്ന കാവേരി .

-----------------------------------


1

പകൽ -ദാസപ്പൻറെ വീട് 


കുണ്ടും കുഴിയും നിറഞ്ഞ ഒരു റോഡിലൂടെ ബൈക്കിൽ ദാസപ്പന്റെ വീട്ടിലേയ്ക്കു വരുന്ന ഗണപതി . ദാസപ്പൻ വീടിന്റെ ഉമ്മറത്തിരുന്നു ഫോണിൽ ആരെയോ വിളിക്കുന്നു .

ദാസപ്പൻ ഫോണിൽ സംസാരിക്കുന്നു .

ദാസപ്പൻ : നോക്കട്ടെ സർ , വെളുപ്പിനെ പോയി ചൂണ്ട ഇട്ടുനോക്കാം 

ഓപ്പോസിറ്റ് ഫോൺ സംഭാഷണം പ്രേക്ഷകർ കേൾക്കുന്നില്ല 

ദാസപ്പൻ : ജീവനോടെ എങ്ങനെയാ സർ കൊണ്ടുവരിക .

ദാസപ്പൻ : ഓക്കേ  സർ .

ബൈക്ക് സ്റ്റാൻഡിൽ വച്ചിട്ട് ഉമ്മറത്തേക്ക് കയറുന്ന ഗണപതി 

ഗണപതി : ഇങ്ങോട്ടുള്ള വഴിയുടെ പേര് റോഡ് എന്നാണോ ?എന്റെ നടു ഒന്ന് വിലങ്ങി 

ദാസപ്പൻ : ആ മെമ്പറോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇതുവഴി വന്നാൽ കരണം അടിച്ചു പൊളിക്കുമെന്ന്. അവനെ ജയിപ്പിക്കാൻ പെട്ട പാട് ഞങ്ങൾക്കറിയാം അവന്റെ മോന്ത ഞാൻ റോഡിലിട്ട് ഒരയ്ക്കും ,പന്നൻ .
.
അകത്തുനിന്നും രണ്ടു ഗ്ലാസിൽ കട്ടൻ ചായയുമായി വരുന്ന കാവേരി 

ദാസപ്പൻ : നാളെ ഞങ്ങൾ കടപ്പുറത്തുന്നു മണ്ണെടുത്തു റോഡിൽ നിരത്തും ആൾക്കാർക്ക് നടന്നെങ്കിലും പോകാൻ പറ്റും .

ഗണപതി : അണ്ണൻ എന്തിനാ വരാൻ പറഞ്ഞേ ?

കാവേരിയേ ചൂണ്ടിക്കൊണ്ട്  ദാസപ്പൻ 

ദാസപ്പൻ : ഇവള് പ്ലസ്ടു പാസ്സായിട്ടു വർഷം രണ്ടായി ,ഇനി എൻട്രൻസ് നോക്കുന്നില്ലന്നു ,അവൾക്കു നഴ്സിങ്ങിന് പോണൊന്നു ,നീ എന്താണെന്നു വെച്ചാൽ ചെയ്തുകൊട് , എനിക്കാണേൽ തപ്പി തടഞ്ഞു മലയാളം പേപ്പർ വായിക്കാനറിയാം.

കാവേരി :  ദാസപ്പണ്ണനോട് ഞാൻ എത്ര തവണ പറഞ്ഞു ഇംഗ്ലീഷ് എഴുതാനും വായിക്കാനും പഠിപ്പിക്കാമെന്ന്  (ദേഷ്യം )

ദാസപ്പൻ പുച്ഛത്തിൽ

ദാസപ്പൻ :  പിന്നേ കടലിൽ കിടക്കണ മീനുകൾക്ക് ഇംഗ്ലീഷല്ലേ മനസിലാകൂ

കാവേരി ഗണപതി ഇരിക്കുന്നതിനടുത്തായി അരപ്രൈസിൽ ഇരിക്കുന്നു

ഗണപതി :  നീ എവിടെ പഠിക്കാനാ തീരുമാനിച്ചേക്കുന്നേ ?

കാവേരി :  ബാംഗ്ലൂര് രണ്ടു കൂട്ടുകാരികൾ പഠിക്കുന്നുണ്ട് ,അവർ പഠിക്കുന്ന കോളേജിൽ തന്നെ അഡ്മിഷൻ കിട്ടും .

ഗണപതി :  ഞാൻ രാജുവിനോട് ചോദിക്കട്ടെ ,എന്നിട്ടു തീരുമാനിക്കാം .രാജു കല്യാണം കഴിക്കാൻ പോകുന്ന കുട്ടി നേഴ്സ് ആണ്‌ .

തലയാട്ടുന്ന കാവേരി 

മുറിയിൽ കയറി ഷർട്ട് ഇട്ട് പുറത്തേയ്ക്കു വരുന്ന ദാസപ്പൻ, ദാസപ്പൻ കാവേരിയോടായി ,

ദാസപ്പൻ : അത്താഴത്തിനു ഗണപതിയും കാണും

ഗണപതി : എനിക്ക് രാത്രി പോണം ദാസപ്പണ്ണാ !

ദാസപ്പൻ : നീ രാവിലെ പോയാ മതി ,റിസോർട്ടിലേയ്ക്ക്  2 സ്രാവിനെ പിടിച്ചുകൊടുക്കണം . ജീവനോടെ പിടിച്ചുകൊടുത്താൽ പറയുന്ന വില തരും

ഗണപതി : ജീവനോടെ എങ്ങനെ കൊടുക്കും

ദാസപ്പൻ : സായിപ്പിനും മദാമ്മയ്ക്കും കൂടി ജീവനോടെ തിന്നാനായിരിക്കും ഓരോരോ പൂതി

പുറത്തേയ്ക്കിറങ്ങുന്ന ഗണപതിയും ദാസപ്പനും

പകൽ -റോഡ്  


തുടർച്ച - ദാസപ്പനും ഗണപതിയും പഴയ ഡ്രസ്സ് തന്നെ ഇട്ടിരിക്കുന്നു .
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ ഇരിക്കുന്ന ദാസപ്പനും ഗണപതിയും 

ദാസപ്പൻ : എടാ ക്ലാരേടെ വീട്ടിൽ ഇന്ന് ആരും കാണില്ല ,എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് 

ഗണപതി : പോയിട്ട് എന്തിനാ ദാസപ്പണ്ണാ ?

ഗണപതിയുടെ സംസാരം കേട്ടിട്ട് ദാസപ്പനു അരിശം വരുന്നു 

ദാസപ്പൻ : ചുമ്മാ കണ്ണി കണ്ണി നോക്കി ഇരിക്കാൻ 

ഗണപതി ഒന്നും മിണ്ടുന്നില്ല 

ദാസപ്പൻ : എടാ പരിചയം ഇല്ലാത്ത ഒരു മെഡിക്കൽസ്റ്റോർ നോക്കി വണ്ടി നിർത്തണം .

ഗണപതി : സാധാരണ എല്ലാരും പരിചയം ഉള്ള കടയിലാ സാധനം മേടിക്കുന്നേ ഇതെന്താപ്പാ പരിചയം ഇല്ലാത്ത കട നോക്കി പോണത് 

ദാസപ്പൻ ദേഷ്യത്തിൽ 

ദാസപ്പൻ : അതൊക്കെയുണ്ട് നീ വേഗം ടൗണിലോട്ടു വിട് ,അവിടാകുമ്പോൾ ആരും ശ്രദ്ധിക്കില്ല .

ദാസപ്പൻ ദേഷ്യത്തിൽ 

ദാസപ്പൻ : വിളിച്ചു പറഞ്ഞാൽ കൈയിൽ കൊണ്ടുവന്നുതരാൻ ആളുണ്ട്, പിന്നെ പറന്നു പോകുന്ന കാക്കയുടെ അടുത്തുവരെ പറഞ്ഞു നാറ്റിക്കും .
ഈ കാര്യത്തിൽ എനിക്ക് നിന്നെ മാത്രേ വിശ്വാസം ഉള്ളൂ .

ഗണപതി : അണ്ണനെന്താ വേണ്ടത് ,ഞാൻ വാങ്ങിച്ചു തരാം 

റോഡ് സൈഡിൽ ബൈക്ക് നിർത്തുന്ന ഗണപതി , ദാസപ്പൻ ബൈക്കിനു പുറകിൽ നിന്നും ഇറങ്ങുന്നു .

ദാസപ്പനും ഗണപതിയും പരസ്പരം നോക്കുന്നു .

ഗണപതി : പറ ,ഞാൻ വാങ്ങിച്ചുതരാം .എന്താണെങ്കിലും .

ദാസപ്പൻ : എനിക്കൊരു ഉറ വേണം .

ഗണപതി : ഉറയാ .., എന്തുറ ?

ദാസപ്പൻ പോക്കറ്റിൽ നിന്നും പൈസ എടുത്തു ഗണപതിക്ക്‌ കൊടുത്തുകൊണ്ട് മുഖത്തു നോക്കാതെ 

ദാസപ്പൻ : ഓ ..എടാ  ഈ  നിരോധ് ,മൂഡ്‌സ്  എന്നൊക്കെ പറയുന്ന സാധനം ഇല്ലേ ,അത് ..വേണോന്ന് !

ഗണപതി ഞെട്ടി കൊണ്ട് 

ഗണപതി : എന്ത് !

ദാസപ്പൻ : നീ വേഗം പോയി മേടിച്ചോണ്ടു വാ ,ഞാൻ ഇവിടെ തന്നെ നിക്കാം 

ഗണപതി : ദേ  .. അണ്ണാ എന്നു ഞാൻ വിളിക്കുന്നത് ബഹുമാനം കൊണ്ടാ ,ആ എന്നെ കൊണ്ട് വേറൊന്നും വിളിപ്പിക്കല്ലേ !

ദാസപ്പൻ : എന്നെ നീ ബഹുമാനിക്കണ്ടഡാ  ,എന്ത് വേണേലും വിളിച്ചോ! വേഗം സാധനം വാങ്ങി വാ, എടാ വൈകിട്ട് കഴിക്കാൻ ഒരു കുപ്പി റം വാങ്ങിവച്ചിട്ടുണ്ട്, എന്റെ ചക്കരയല്ലേ, നീ വേഗം പോയി വാങ്ങി വാ!

ഗണപതി ദേഷ്യത്തിൽ കൈയിൽ ഇരുന്ന പൈസ ദാസപ്പന്റെ പോക്കറ്റിൽ വയ്ക്കുന്നു 

ഗണപതി : മച്ചു വണ്ടിയിൽ കേറിക്കേ , തനിയെ പോയി വാങ്ങിയാൽ മതി 

മുഖം വീർപ്പിച്ചു ബൈക്കിൽ കയറുന്ന ദാസപ്പൻ 

രാത്രി -ദാസപ്പൻറെ വീട് 


താഴെ വിരിച്ച പായയിൽ ഇരുന്നു കഞ്ഞി കുടിക്കുന്ന ഗണപതിയും ദാസപ്പനും നാരായണനും(ദാസപ്പൻറെ അച്ഛൻ )

നാരായണൻ : വത്സലയ്ക്കു വിശേഷം ഒന്നും ഇല്ലല്ലോ മോനേ ?

ഗണപതി : ഇല്ലച്ഛാ ! അമ്മ സുഖമായിരിക്കുന്നു .

നാരായണൻ : ഇടയ്ക്കു കണ്ടപ്പോൾ നിന്റെ കല്യാണകാര്യാ സംസാരിച്ചേ !

ദാസപ്പൻ : അതിനിവനു കല്യാണപ്രായം അയാ ?

ഗണപതി : ദാസപ്പണ്ണൻ കെട്ടിയിട്ടേ ഞാൻ കെട്ടുന്നുള്ളു .

കാവേരി : ക്ലാരേച്ചി  ദാസപ്പണ്ണൻ വിളിക്കാൻ കാത്തിരിക്കുവാ ഇറങ്ങി വരാൻ

നാരായണൻ : ആദ്യം നീ കാവേരിക്ക് നല്ലൊരു ചെറുക്കനെ കണ്ടുപിടിച്ചു കൊടുക്ക് ,എന്നിട്ടു ആരെ വേണേലും വിളിച്ചോണ്ട് വാ !

ദാസപ്പൻ : അപ്പൻ എന്ത് വർത്തമാനവ പറയണത്,അവള് പഠിക്കട്ടെ അപ്പാ,
നഴ്സിംഗ് പാസ്സായി അടുത്ത വർഷം കല്യാണം .

കാവേരി :നഴ്സിംഗ് പാസ്സായാൽ ഞാൻ പുറത്തു എവിടെങ്കിലും ജോലിക്കു ശ്രമിക്കും .ഒരു 6 വർഷം കഴിഞ്ഞു മതി കല്യാണം .

നാരായണൻ : നീ എന്ത് വർത്തമാനാ പറേണത് ,കിളവി ആയിട്ടു കല്യാണം കഴിക്കാനാ വിചാരം .

ദാസപ്പൻ : അവള് പഠിക്കട്ടെ അപ്പാ (കാവേരിയെ നോക്കി )നിനക്ക് കല്യാണം കഴിക്കാണോന്നു തോന്നുമ്പോൾ ഈ ദാസപ്പണ്ണനോട് പറഞ്ഞാ മതി ,ഞാൻ നടത്തിത്തരും നിൻറെ കല്യാണം .

നാരായണൻ :(നെടുവീർപ്പിട്ടുകൊണ്ട്) നിൻറെ അമ്മ ഉണ്ടായിരുന്നങ്കിൽ എനിക്ക് ഇത്രേം ആധി വരില്ലായിരുന്നു .

കഴിച്ചെണീക്കുന്ന നാരായണൻ .

രാത്രി -കടപ്പുറം 


കടപ്പുറത്തു കൂടി ക്ലാരയുടെ വീട്ടിലേയ്ക്കു നടന്നു പോകുന്ന ദാസപ്പനും ഗണപതിയും 

ദാസപ്പൻ : ക്ലാരേടെ വീട്ടിലോട്ടു തിരിയുന്ന വഴിയിൽ ഞാൻ വള്ളം കയറ്റി വച്ചിട്ടുണ്ട് വള്ളത്തിൽ ഒരു പൊട്ടിക്കാത്ത റം(rum)  ഇരുപ്പുണ്ട് ,വെള്ളവും ഗ്ലാസും കിറ്റിൽ തന്നെയുണ്ട്. നീ പൊട്ടിച്ചു അടി തുടങ്ങിക്കോ ,ഞാൻ വന്നിട്ട് കടലിലേയ്ക്ക് പോകാം.

ഒന്നും മിണ്ടാതെ വള്ളത്തിനടുത്തേയ്ക്കു നടക്കുന്ന ഗണപതി 

ദാസപ്പൻ :(ഉറക്കെ ) ഒരു ചെറിയ പൊന്തുവള്ളം വള്ളത്തിൽ ചാരി വച്ചിട്ടുണ്ട് അതും കൂടി വള്ളത്തിൽ കേറ്റി വച്ചോ ,ജീവനോടെ കിട്ടിയാൽ പൊന്തിൽ കെട്ടിയിട്ടു കൊണ്ടുവരാം.

ക്ലാരയുടെ വീട് -രാത്രി 


ചാരിയിട്ട അടുക്കള വാതിൽ തുറന്ന് അകത്തു കയറുന്ന ദാസപ്പൻ. ദാസപ്പനെ പ്രതീക്ഷിച്ചു അകത്തു നിക്കുന്ന ക്ലാര. മുറിയിൽ അരണ്ട വെളിച്ചം. നൈറ്റി ധരിച്ചു മുടി അഴിച്ചിട്ടു നിക്കുന്ന ക്ലാര. 

ദാസപ്പൻ ക്ലാരയുടെ ചുമലിൽ പിടിക്കുന്നു. ക്ലാര ദാസപ്പനെ കെട്ടിപ്പിടിക്കുന്നു.
ക്ലാര ധരിച്ചിരുന്ന നൈറ്റി ഊർന്നു നിലത്തു വീഴുന്നു.കട്ടിലിലേക്ക് വീഴുന്ന ക്ലാരയുടെയും ദാസപ്പൻറെയും അവ്യക്ത ചിത്രം .

ഒരു പൊട്ടിച്ച മൂഡ്‌സ് പാക്കറ്റ് നിലത്തു വീഴുന്നതിന്റെ ക്ലോസപ്പ് ഷോട്ട്!

5 (a) - ക്ലാരയുടെ വീട് -തുടർച്ച 


ഒരു ഗ്ലാസിൽ വെള്ളവുമായി വന്നു കട്ടിലിൽ ഇരിക്കുന്ന ക്ലാര .നേരത്തെ ധരിച്ചിരുന്ന നൈറ്റി ക്ലാര ധരിച്ചിരിക്കുന്നു.മുടി അളിഞ്ഞിരിക്കുന്നു,നൈറ്റി അലസമായി ഇട്ടിരിക്കുന്നു. കട്ടിലിൽ നിന്നും എണീറ്റ്‌ വെള്ളം വാങ്ങുന്ന ദാസപ്പൻ. ദാസപ്പന്റെ മടിയിൽ തല ചായ്ച്ചു കിടക്കുന്ന ക്ലാര.

ദാസപ്പൻ : ഗണപതി വള്ളത്തിൽ ഇരുപ്പുണ്ട്, അവനെ മാത്രമേ ഇങ്ങനെയുള്ള കാര്യത്തിന് വിശ്വസിക്കാൻ പറ്റൂ !

ക്ലാര : ദാസണ്ണൻറെ ബാക്കിയുള്ള കൂട്ടുകാരെയൊക്കെ തല്ലിനും വഴക്കിനും കൊള്ളാം .

ദാസപ്പൻറെ മടിയിൽ സ്നേഹപൂർവ്വം ഒന്നുകൂടി അമർന്നു കിടന്നു കൊഞ്ചുന്ന ക്ലാര 

ക്ലാര : എന്നെ എന്നാ വിളിച്ചോണ്ട് പോകുന്നേ ?

ദാസപ്പൻ : നീ അല്പം കൂടി ക്ഷമിക്ക്, കാവേരിക്ക് നഴ്സിങ്ങിന് പൊണോന്നാ അവളുടെ പഠിത്തം കൂടി കഴിയട്ടെ !

ക്ലാര :(കൊഞ്ചി കൊണ്ട് ) എനിക്കിപ്പം ദാസണ്ണൻ ഇല്ലാണ്ട് കിടന്നാ ഉറക്കം വരികേല !

ദാസപ്പൻ : നീ എപ്പം വിളിച്ചാലും ഞാൻ ഇവിടെ ഹാജർ ഉണ്ടല്ലാ, പിന്നെന്താ ?

ക്ലാര : അടുത്ത മാസം സോണി നഴ്സിംഗ് കഴിഞ്ഞു ബാംഗ്ലൂരുന്നു വരും, പിന്നൊന്നും നടക്കത്തില്ല  പറഞ്ഞേക്കാം !

ദാസപ്പൻ : പറഞ്ഞ പോലെ സോണി ബാംഗ്ലൂർ പഠിക്കുവല്ലേ , അവളോട് തിരക്കാം  കാവേരിയുടെ കാര്യം .

ക്ലാരയെ മടിയിൽ നിന്നും മാറ്റി എണീക്കുന്ന ദാസപ്പൻ, ഷർട്ട് എടുത്തിടുന്ന ദാസപ്പൻ 

ക്ലാര : കുറച്ചു കൂടി കഴിഞ്ഞിട്ട് പോകാം, എനിക്ക് കണ്ടു കൊതി തീർന്നില്ല.

ദാസപ്പൻ : ഗണപതി ഇരുന്നു മുഷിഞ്ഞു കാണും, നീ കതകടച്ചു കിടന്നോ, രാവിലെ കടപ്പുറത്തു കാണാം 

ക്ലാരയെ കെട്ടിപിടിച്ചു ഉമ്മ വയ്ക്കുന്ന ദാസപ്പൻ.


പുറം കടൽ - പുലർച്ചെ 3 മണി 


പുറം കടലിൽ വള്ളത്തിൽ ഇരുന്നു ചൂണ്ടയിടുന്ന ദാസപ്പനും ഗണപതിയും. നല്ല നിലാവുള്ള അന്തരീക്ഷം. ഗണപതി വള്ളത്തിൽ ചാക്ക് വിരിച്ചിട്ട് അതിൽ കിടന്ന് മയങ്ങുന്നു.  ദാസപ്പൻ മിച്ചം ഇരുന്ന മദ്യം ഗ്ലാസിൽ ഒഴിച്ച് വെള്ളം ചേർക്കുന്നു.

ഭയാനകമായ നിശബ്ദത

ദാസപ്പൻ ഗ്ലാസ് ചുണ്ടിലേയ്ക്ക് മുട്ടിച്ചു മദ്യം കഴിക്കാൻ തുടങ്ങുമ്പോൾ വള്ളം ഒന്ന് കുലുങ്ങുന്നു. വള്ളം ആരോ എടുത്തു കറക്കിയതുപോലെ തിരിയുന്നു.

മുകളിൽ നിന്നുള്ള ഷോട്ട് !

ചാടി എണീക്കുന്ന ഗണപതി

ഗണപതി : കൊളുത്തി കിടക്കുവാണ്, പോകാത്തില്ല !

പെട്ടെന്ന് വള്ളം ചരിയുന്നു. വള്ളം മറിയാതിരിക്കാൻ ദാസപ്പൻ ചൂണ്ടയിലെ ചരട് അയച്ചുകൊടുക്കുന്നു. ഈ സമയം ഗണപതി വള്ളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. ചൂണ്ടയിലെ ചരട് മുഴുവൻ പമ്പരം കറങ്ങുന്നതുപോലെ കറങ്ങി തീരുന്നു.

ചരട് തീർന്നപ്പോൾ വള്ളം വലിച്ചുകൊണ്ടു പോകുന്ന സ്രാവിന്റെ ദൃശ്യം

അല്പം കഴിയുമ്പോൾ വള്ളം നിക്കുന്നു. വീണ്ടും സ്രാവ് ഓടും എന്നു കരുതി വള്ളം മറിയാതിരിക്കാൻ ശ്രദ്ധിക്കുന്ന ഗണപതി.

ദാസപ്പൻ പൊന്തു വള്ളം(ഒരാൾക്ക് മാത്രം സഞ്ചരിച്ചു മൽസ്യബന്ധനം നടത്താവുന്ന ഒരു ചെറിയ ചങ്ങാടം) കടലിൽ ഇറക്കുന്നു. ഉടക്കുവലയും ചരടും പൊന്തുവള്ളത്തിൽ ഇടുന്ന ദാസപ്പൻ. പൊന്തുവള്ളത്തിൽ ചാടികയറുന്ന ദാസപ്പൻ.

സ്രാവ് ഉടക്കി കിടന്ന ചൂണ്ടയുടെ ചരടിൽ പിടിച്ചു ലക്ഷ്യസ്ഥാനത്തേയ്‌ക്ക്‌ തുഴയുന്ന ദാസപ്പൻ

ഗണപതി : രണ്ടു പേര് പിടിച്ചാൽ നിക്കില്ലെങ്കിൽ പൊട്ടിച്ചു വിട്ടേക്ക് ദാസപ്പണ്ണാ!

ദാസപ്പൻ : പിന്നേ!..അതിനല്ലേ ഇത്രേം ഉറക്കൊഴിച്ചു മെനക്കെട്ടത്!

ഏകദേശം സ്രാവിന്റെ അടുത്തെത്താറായപ്പോൾ ദാസപ്പൻ വള്ളത്തിൽ എണീറ്റ് നിന്ന് ഉടക്കുവല വിതർക്കാൻ ശ്രമിക്കുന്നു.

അനങ്ങാതെ നിന്നിരുന്ന സ്രാവ് പെട്ടന്ന്‌ പുറകോട്ടു തിരിയുന്നു.വലയുടെ ഉടക്ക് തീർക്കാൻ ശ്രമിക്കുന്ന ദാസപ്പൻ ഇത് കാണുന്നില്ല !

പെട്ടെന്ന് ദാസപ്പൻ അടി തെറ്റി പുറകിലേയ്ക്കു മലർന്നടിച്ചു വീഴുന്നു.

വല ഉടക്കി നിർത്താൻ വള്ളത്തിൽ കൂർത്ത ഒരു കമ്പിക്കഷണം വച്ചിട്ടുണ്ട്. വീഴ്ചയിൽ ദാസപ്പന്റെ വൃക്ഷണസഞ്ചിയിൽ കമ്പി തുളച്ചു കയറുന്നു.

ദാസപ്പൻ അതി ഭീകരമായരീതിയിൽ കരയുന്നു.

ഗണപതിക്ക്‌ കാര്യം മനസിലാകുന്നില്ല. പെട്ടെന്ന് വള്ളം ഒന്നുകറങ്ങി പുറകിലേക്ക് ഓടുന്നു. ദാസപ്പൻ കിടക്കുന്ന പൊന്തുവള്ളത്തിൽ നിന്നും അകന്നു പോകുന്ന ഗണപതി നിക്കുന്ന വള്ളം.

നിവർത്തിയില്ലാതെ ഗണപതി സ്രാവ് കുടുങ്ങി കിടന്ന ചൂണ്ടയിലെ ചരട് പൊട്ടിച്ചു വിടുന്നു. ദാസപ്പൻ കിടക്കുന്ന പൊന്തുവള്ളത്തിനടുത്തു വലിയ വള്ളം അടുപ്പിക്കുന്ന ഗണപതി.പൊന്തുവള്ളത്തിൽ മുഴുവൻ ചോര കാണുമ്പോൾ ഗണപതി പേടിക്കുന്നു.

ഗണപതി പെട്ടെന്നുതന്നെ ദാസപ്പനെ പൊക്കി വലിയവള്ളത്തിൽ ചാക്കിൽ കിടത്തുന്നു.

ഈ സമയം ചോരയുടെ മണവും പിടിച്ചു രണ്ടു സ്രാവുകൾ പൊന്തുവള്ളത്തിന് സമീപം വരുന്നു. പൊന്തുവള്ളത്തിൽ കയറാൻ നോക്കുന്ന സ്രാവുകൾ.

ആശുപത്രി മുറി -പകൽ 


റൂമിൽ രോഗികൾക്കുള്ള കട്ടിലിൽ കിടക്കുന്ന ദാസപ്പൻ. വേദന സഹിക്കാൻ പാടില്ലാതെ ഞരങ്ങുകയും മൂളുകയും ചെയ്യുന്ന ദാസപ്പൻ. കൈയിൽ ട്രിപ്പ് ഇഞ്ചക്ഷൻ വഴി മരുന്ന് കയറുന്നുണ്ട്.

റൂമിന്റെ വാതിൽ തുറന്നു അകത്തേയ്ക്കു വരുന്ന ഗണപതി. ഒരു കൈയിൽ മരുന്ന് കവർ,മറ്റേ കൈയിൽ ട്രിപ്പ് ഇടാനുള്ള മരുന്ന് കുപ്പി.

ഗണപതി : അണ്ണനോട് ഞാൻ എപ്പോഴും പറയണതാ ജെട്ടി ഇടാതെ വള്ളത്തിൽ കേറരുതെന്ന്, ജെട്ടി ഉണ്ടാരുന്നെങ്കിൽ ഇത്രയും പരിക്ക് പറ്റില്ലായിരുന്നു.

വേദന കൊണ്ട് പതുക്കെ സംസാരിക്കുന്ന ദാസപ്പൻ 

ദാസപ്പൻ : നമ്മൾ പോരാൻ നേരം അയയിൽ ഇട്ടിരുന്ന ജെട്ടി എടുക്കാൻ ഞാൻ ചെന്നതാ, അയയിൽ ജെട്ടി ഇല്ലടാ! ആരോ അടിച്ചുമാറ്റിയതാ! കഴിഞ്ഞ ആഴ്ച ഞാൻ പുതിയ ഒരു ജെട്ടി മേടിച്ചതും കഴുകി ഇട്ടപ്പോൾ കാണാതെപോയി.

ഗണപതി : ഇതാരപ്പാ  ആണുങ്ങളുടെ ജെട്ടി അടിച്ചുമാറ്റുന്ന ഞരമ്പുരോഗി, ആ റപ്പായി പെണ്ണുങ്ങളുടെ ജെട്ടിയും ബ്രായും മാത്രേ എടുക്കുവായിരുന്നുള്ളൂ. അവനിപ്പോൾ ആണുങ്ങളുടെയും എടുക്കാൻ തുടങ്ങിയോ, ഇതിൽ എന്തു സുഖം കിട്ടാനാ ഈ ഞരമ്പുരോഗിക്ക്‌ !.

വേദന കൊണ്ട് ദാസപ്പൻ ദയനീയമായി 

ദാസപ്പൻ : അവനല്ലടാ അവൻ ഒരുദിവസം രാത്രി വീടിനടുത്തു പമ്മി നിന്നപ്പോൾ ഞാൻ പിടിച്ചു കൈ കുത്തി തിരിച്ചുവിട്ടതാ, പിന്നെ അവൻ ആ വഴിക്കേ വന്നിട്ടില്ല !

ആലോചിച്ചുനിക്കുന്ന ഗണപതി 

ഗണപതി : പിന്നെ ആരായിരിക്കും, ഇനി പെണ്ണുങ്ങൾ!...ഹേയ് ...ആയിരിക്കുമോ? ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാ! ജെട്ടിക്കൊക്കെ എന്താ വില !

ഈ സമയം റൂമിൻറെ വാതിൽ തുറന്നു അകത്തേയ്ക്കു വരുന്ന കാവേരിയും നാരായണനും. ദാസപ്പൻ വേദന കൊണ്ട് കണ്ണടച്ചുകിടക്കുന്നു.

ദാസപ്പൻ വേദന കൊണ്ട് കണ്ണടച്ചു കിടക്കുന്നു. നാരായണൻ ഗണപതിയോട്

നാരായണൻ : എന്താ ഗണപതി പറ്റിയത്.

ഗണപതി : വൃഷണസഞ്ചിക്ക് നല്ല പരിക്കുണ്ട്.പെട്ടെന്ന് ഇൻഫെക്‌ഷൻ ആകുന്ന കൊണ്ട് 2 ആഴ്ച ഹോസ്പിറ്റലിൽ തന്നെ കിടക്കാനാ ഡോക്ടർ പറഞ്ഞത്. വൃഷണസഞ്ചിയിൽ കമ്പി കുത്തി കിടക്കുവാണെന്നെനിക്കറിയില്ലായിരുന്നു. ഞാൻ വള്ളത്തിൽ നിന്നുകൊണ്ട് തന്നെ അണ്ണനെ വലിച്ചു വള്ളത്തിൽ ഇട്ടു. അപ്പോൾ വീണ്ടും വൃഷണസഞ്ചിക്കു ക്ഷതം പറ്റി. ആഴത്തിൽ മുറിവുണ്ട്.

അതിദയനീയമായി ഗണപതിയെ നോക്കുന്ന ദാസപ്പൻ. വേദന കടിച്ചമർത്തി ദാസപ്പൻ പതുക്കെ സംസാരിക്കുന്നു.

ദാസപ്പൻ : എല്ലാവരോടും കൂടി എനിക്കൊരപേക്ഷയുണ്ട്. ദയവുചെയ്ത് എനിക്ക് പരിക്ക് പറ്റിയത് ഇന്നയിടത്താണെന്നു പറയരുത്. വീഴ്ചയിൽ എൻറെ വലതു ചന്തിക്കു കമ്പി കുത്തികയറിയതാണെന്നു പറഞ്ഞാൽ മതി. അല്ലങ്കിൽ ഞാൻ നാടുവിട്ടു പോകും പറഞ്ഞേക്കാം!

ചിരി അടക്കാൻ പാടുപെടുന്ന ഗണപതിയും കാവേരിയും

നാരായണൻ : നീ പേടിക്കണ്ടടാ ദാസപ്പാ! ഞാൻ എല്ലാരോടും ചന്തിയിൽ കമ്പി കുത്തിക്കേറിയതാണെന്നേ പറയൂ!

നാരായണനെ നോക്കുന്ന ദാസപ്പൻ,വേദന കലർന്ന സ്വരത്തിൽ

ദാസപ്പൻ : അപ്പനിവിടെ നിക്കണ്ട! വീട്ടിൽ പോയി നിന്നോ!

പകൽ - കടൽത്തീരത്തേയ്ക്ക് കിടക്കുന്ന റോഡ്- രാവിലെ 


കാവേരി സ്കൂട്ടിയിൽ വീട്ടിലേയ്ക്കു വരുമ്പോൾ ക്ലാര ധൃതിയിൽ ദാസപ്പൻറെ വീട് ലക്ഷ്യമാക്കി വരുന്നു. ക്ലാരയെ കാണുമ്പോൾ കാവേരി ടു വീലർ നിർത്തുന്നു.

ക്ലാര : മീൻകാരൻ രാജു പറഞ്ഞിട്ടാ ദാസണ്ണനു അപകടം പറ്റിയ വിവരം ഞാൻ അറിഞ്ഞത്.

കാവേരി : വീട്ടിൽ വന്നിട്ട് ഞാൻ ക്ലാരേച്ചിയെ വിളിക്കാൻ ഇരിക്കുവായിരുന്നു.
ക്ലാരേച്ചി വേഗം കേറൂ വീട്ടിൽ ചെന്നിട്ടു വേണം അപ്പന് കാപ്പിക്ക് എന്തെങ്കിലും ഉണ്ടാക്കാൻ!

സ്കൂട്ടറിൽ കയറുന്ന ക്ലാര,കാവേരി സ്കൂട്ടർ ഓടിച്ചു പോകുന്നു.

പോക്കറ്റ് റോഡിലേയ്ക്ക് തിരിയുന്നിടത്തു സ്കൂട്ടർ നിർത്തുന്ന കാവേരി.

കാവേരി : ഇവിടുന്നങ്ങോട്ടു റോഡ് മോശാ ക്ലാരേച്ചി, ചേച്ചി ഇറങ്ങി നടന്നോ,
ഞാൻ അവിടെ എത്തും മുൻപ് ചേച്ചിക്ക് എത്താം!

ക്ലാര ഇറങ്ങി നടക്കുന്നു. പ്രയാസപ്പെട്ടു സ്കൂട്ടർ ഓടിക്കുന്ന കാവേരി വാർഡ് മെമ്പറെ ചീത്ത വിളിക്കുന്നു.

കാവേരി : ഇത്രേം കഴിവ് കേട്ട ഒരുത്തനാണല്ലോ ഞാൻ എൻറെ കന്നിവോട്ട് കൊടുത്തു ജയിപ്പിച്ചത്. നാടിനും വീടിനും കൊള്ളാത്ത ഒരുവൻ.

കാവേരി ഇതുപറയുമ്പോൾ വെള്ളമുണ്ടും വെള്ളഷർട്ടുമിട്ടു വെളുക്കെ ചിരിച്ചുകൊണ്ട് വാർഡ്‌മെമ്പർ റോഡിലൂടെ കാവേരിക്ക് അഭിമുഖമായി വരുന്നു. കാവേരിയെ കാണുമ്പോൾ ചിരിച്ചു തൊഴുതു നിക്കുന്ന വാർഡ് മെമ്പർ.

കാവേരിക്ക് ദേഷ്യം വരുന്നു!

കാവേരി :തനിക്കു ഒരു ഉളിപ്പും ഇല്ലേ ഇങ്ങനെ വെളുക്കെ ചിരിക്കാൻ ?

മെമ്പർ : എന്താ കാവേരികുഞ്ഞേ അങ്ങനെ പറഞ്ഞേ?

കാവേരി :തൻറെ പ്രകടനപത്രികയിലെ ആദ്യ വാഗ്ദാനം ഈ റോഡ് പുതുക്കി പണിയും എന്നായിരുന്നല്ലോ? അത് വിശ്വസിച്ചു ഞാൻ തനിക്കു വോട്ടും ചെയ്തു അതാ എനിക്കു വിഷമം!

മെമ്പർ :അതാണോ കാര്യം. അടുത്താഴ്ച റോഡിനു മെറ്റിൽ വരില്ലേ. നാലിഞ്ച് കനത്തിലാ റോഡ് പൊങ്ങുന്നത്. റോഡിൽ പിന്നെ വെള്ളം നിക്കത്തെയില്ല.

കാവേരി :രണ്ടാഴ്ച കേൾക്കാൻ തുടങ്ങീട്ട് കുറേ മാസായി.

മെമ്പർ : ദാസപ്പനെ സ്രാവ് കടിച്ചെന്നു കേട്ടല്ലോ, ഏതോ അവയവം കടിച്ചോണ്ടു പോയന്നാ കരക്കാര് പറയുന്നത് !

മെമ്പറുടെ സംസാരം കേൾക്കുമ്പോൾ കാവേരിക്ക് ദേഷ്യം വരുന്നു.

കാവേരി : തന്നെ കാണുന്നിടത്തു വച്ച് തല്ലാനാ ദാസപ്പണ്ണൻ ഇരിക്കുന്നേ. ഇനി സ്രാവ് കടിച്ചെന്നെങ്ങാനും പറഞ്ഞാൽ തന്നെ കടലിൽ കൊണ്ടുപോയി സ്രാവിന്‌ കൊടുക്കും. പറഞ്ഞേക്കാം!

മെമ്പർ : പിന്നെ എന്തു കാര്യായിപോയി. ദാസപ്പണ്ണൻ ആശുപത്രിയിൽ ആണെന്നറിഞ്ഞിട്ടാ ഞാൻ ഇതുവഴി വന്നത്. അണ്ണൻ ആശുപത്രിന്നു ഇറങ്ങട്ടെ അപ്പോ ഞാൻ മുങ്ങിക്കോളാം!

ദേഷ്യത്തിൽ സ്കൂട്ടർ ഓടിക്കുന്ന കാവേരി,കുഴി കാണുമ്പോൾ ബ്രേക്ക് പിടിക്കുന്നു.

ഈ സമയം സൈക്കിളിൽ വരുന്ന ഒരുവൻ.

സൈക്കിളിനു പുറകിൽ പശുവിനുള്ള പുല്ല് കെട്ടിവച്ചിട്ടുണ്ട്.

മെമ്പറുടെ അടുത്ത് വരുമ്പോൾ സൈക്കിൾ യാത്രക്കാരൻ മെമ്പറെ നോക്കുന്നു.

നോക്കാനെടുത്ത സമയം കൊണ്ട് സൈക്കിൾ ഒരു കുഴിയിൽ വീഴുന്നു. പെട്ടെന്ന്

ബാലൻസ് പോയി സൈക്കിൾകാരൻ റോഡിൽ വീഴുന്നു.

വീണയാൾ റോഡിൽ നിന്നും എണീറ്റ് മെമ്പറെ ചീത്ത വിളിക്കുന്നു.

സൈക്കിൾകാരൻ : താൻ ഏതു കോ .. കോ ...കോപ്പിലെ മെമ്പറാടോ...മ ...മ..മൈ ..

ബാക്കി പൂർത്തിയാക്കാൻ സൈക്കിൾ യാത്രക്കാരനെ മെമ്പർ അനുവദിച്ചില്ല

മെമ്പർ : പിള്ളേച്ചൻ അറിഞ്ഞാ..ദാസപ്പൻറെ ജനനേന്ദ്രിയം സ്രാവ് കടിച്ചോണ്ടുപോയി!

സൈക്കിൾകാരൻറെ  ദേഷ്യം പെട്ടെന്ന് ഞെട്ടലായി മാറുന്നു.

സൈക്കിൾകാരൻ: അയ്യോ എപ്പോ ?

മെമ്പർ : മിനിഞ്ഞാന്ന് വെളുപ്പിന് കടലിൽ വെച്ചാ സംഭവം. വിവരം അന്വേഷിക്കാനാ ഞാൻ പോയേ, അവിടെ അരയൻ നാരായണൻ മാത്രമേയുള്ളു.

സൈക്കിൾകാരൻ : അയ്യോ ഇനി ദാസപ്പൻ എങ്ങനെ മൂത്രം ഒഴിക്കും.

മെമ്പർ :പുറത്തേയ്ക്ക് ട്യൂബ് ഇടുവന്നാ ഞാൻ അറിഞ്ഞത്.

സൈക്കിൾകാരൻ : (സങ്കടത്തിൽ) പാവം കല്യാണം പോലും കഴിച്ചില്ല, ഇനി എങ്ങനെ കുട്ടികൾ ഉണ്ടാകും.

മെമ്പർ : പിള്ളേച്ചൻ പേപ്പർ ഒന്നും വായിക്കില്ലേ, കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രം ഉടൻ കണ്ടുപിടിക്കും. ഇപ്പൊ പീഡനം നടന്നാൽ അതിൻറെ തീവ്രത അളക്കാൻ വരെ യന്ത്രങ്ങൾ ഉണ്ട്. കേരളം മുഴുവൻ ഇപ്പൊ ആക്ടിവിസ്റ് ആധിപത്യം അല്ലേ !

പുതിയ അറിവ് കിട്ടിയപ്പോൾ അമ്പരന്നു വാ പൊളിച്ചു നിക്കുന്ന സൈക്കിൾ കാരൻ. മെമ്പർ അടുത്തുചെന്ന് സൈക്കിൾകാരനോട്.

മെമ്പർ : ഈ കാര്യങ്ങളൊക്കെ പറഞ്ഞത് ഞാനാണെന്ന് ദാസപ്പനോട് പറയരുത്. അല്ലങ്കിൽ തന്നെ ദാസപ്പന് എന്നെ കണ്ണെടുത്താൽ കണ്ടുകൂടാ!

പുതിയ അറിവ് ഏൽപിച്ച (കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രം)ഷോക്കിൽ നിക്കുന്ന സൈക്കിൾകാരൻ. നടന്നു നീങ്ങുന്ന മെമ്പർ.

ദാസപ്പൻറെ വീട്- പകൽ രാവിലെ 


[കാവേരിക്ക് പൂക്കളും ചെടികളും ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് ഒരുപാടു പൂച്ചെടികളും ഇലച്ചെടികളും മുറ്റത്തും ചെടിച്ചട്ടിയിലും ഒക്കെയായി വീട്ടുമുറ്റത്തു നിപ്പുണ്ട്. കാവേരി നല്ല ശ്രദ്ധയും പരിചരണവും കൊടുത്താണ് ചെടികൾ സംരക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ നല്ല തണുപ്പുള്ള അന്തരീക്ഷം ആണ് ദാസപ്പൻറെ വീടിന്. കേറി ചെല്ലുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്ന ഒരു സാധാരണ വീട്. വീട്ടിലെ സ്വീകരണമുറിയിൽ കാവേരിക്ക് സ്കൂൾ യുവജനോത്സവത്തിൽ ഡാൻസിനും പാട്ടിനും കിട്ടിയ ട്രോഫികൾ നിരത്തിവച്ചിരിക്കുന്നു.ഇടയ്ക്കു ഡാൻസ് ഡ്രെസ്സിൽ നിക്കുന്ന ഒന്നുരണ്ടു ഫോട്ടോകൾ]

സീൻ 8 തുടർച്ച- കാവേരി വരുന്നതിനു മുൻപ് വീട്ടിലേയ്ക്കു വന്നു കയറുന്ന ക്ലാര. നാരായണൻ നിന്നടിക്കുന്ന ചൂല് കൊണ്ട് മുറ്റത്തു കിടക്കുന്ന ചവറുകൾ വരണ്ടി കൂട്ടുന്നു.ക്ലാരയെ കാണുന്ന നാരായണൻ.

നാരായണൻ : മോള് രാവിലെ തന്നെ ഇങ്ങു പൊന്നോ!

നാരായണൻറെ കൈയിൽ നിന്നും ചൂല് വാങ്ങുന്ന ക്ലാര. നാരായണൻ അടിച്ചുകൂട്ടിയത് കൊട്ടയിൽ വാരി ഇടുന്ന ക്ലാര. ക്ലാര അടിച്ചു കൊട്ടയിൽ ഇട്ടതു ദൂരെ കളയാനായി എടുത്തുകൊണ്ടുപോകുന്ന നാരായണൻ.

ക്‌ളാര : ദാസണ്ണനു ഇപ്പൊ എങ്ങനുണ്ട് അച്ഛാ ?

നാരായണൻ : വീഴ്ചയിൽ ചന്തിക്കാ കമ്പി തുളച്ചു കയറിയത്, അതിൻറെ വേദന ഉണ്ട്.

വണ്ടിയിൽ വീട്ടിലേയ്ക്ക് വരുന്ന കാവേരി.വന്നപാടേ വണ്ടി ഓഫ് ചെയ്തു ചെടികളെ നോക്കുന്ന കാവേരി.

ക്‌ളാരയെ നോക്കികൊണ്ട്‌ കാവേരി 

കാവേരി:  ക്ലാരേച്ചി അപ്പന് ഒരു കടുംകാപ്പി ഇടുവോ? അപ്പോഴേയ്ക്കും ഞാൻ ചെടികൾക്ക് വെള്ളം ഒഴിച്ചിട്ടുവരാം.

നാരായണൻ : ക്ലാരയെ കൊണ്ടാണോ മോളേ കാപ്പി ഇടീക്കുന്നേ, ചെടിക്കൊക്കെ ഞാൻ നനച്ചോളാം.

കാവേരി: എപ്പോഴായാലും ക്ലാരേച്ചി തന്നെ അപ്പന് ചായ ഇട്ടുതരണം. ഇപ്പഴേ ഇട്ടു പഠിക്കട്ടെ അപ്പാ!

കാവേരിയുടെ പറച്ചിൽ കേട്ട് ചൂളി പോകുന്ന ക്ലാര. നാരായണന്റെ മുഖത്തുനോക്കാതെ അകത്തേയ്ക്കു പോകുന്ന ക്ലാര.

പിറുപിറുക്കുന്ന ക്ലാര 

ക്ലാര : ആങ്ങളയ്ക്കും പെങ്ങൾക്കും നാക്കിനു ഒരു ലൈസൻസും ഇല്ല, എൻറെ തൊലി ഉരിഞ്ഞു പോയി.

സ്കൂട്ടറിൽ നിന്നും ബാഗ് എടുത്തു കഴുകാനുള്ള തുണികൾ എടുക്കുന്ന കാവേരി. നാരായണന് കാപ്പി കൊണ്ടുവന്നു കൊടുക്കുന്ന ക്ലാര. അകത്തുപോയി രണ്ടു ഗ്ലാസിൽ കാപ്പിയുമായി വരുന്ന ക്ലാര. ഒരു ഗ്ലാസിലെ കാപ്പി കാവേരിക്ക് കൊടുക്കുന്ന ക്ലാര.

കാവേരി : ദാസപ്പണ്ണനു രാവിലത്തേയ്ക്കുള്ള കാപ്പി ഗണപതിയേട്ടൻ കൊണ്ടുവരും. ഉച്ചയ്ക്കുള്ള ഭക്ഷണം ഞാൻ കൊണ്ടുചെല്ലാന്നാ പറഞ്ഞത്. 
ക്ലാരേച്ചിക്കു പോയിട്ട് തിരക്കുണ്ടോ?

ക്ലാര : ഇല്ല,ഞാൻ ഹോസ്പിറ്റലിൽ പോകാനാ ഒരുങ്ങി വന്നേ!  
എന്തെങ്കിലും ഹോസ്പിറ്റലിലോട്ടു കൊണ്ടുപോകാൻ കാണുവോ എന്ന് തിരക്കാനാ ഇങ്ങോട്ടു വന്നേ !

കാവേരി :എന്നാ ചേച്ചി അരി കഴുകി ഇട്ടോ! എന്നിട്ടു പുട്ട് ഉണ്ടാക്കാം. ഞാൻ ഈ തുണിയൊക്കെ കഴുകി ഇട്ടു കുളിച്ചു വരാം. തുണി മുഴുവൻ ചോര കറയാ.

നാരായണൻ : നീ മോളെ കൊണ്ട് എല്ലാം ചെയ്യിക്കാൻ ഇരിക്കുവാണോ ?

കാവേരി : അപ്പൻ ഒന്ന് മിണ്ടാതിരിക്ക്, ക്ലാരേച്ചി ഫ്രിഡ്ജിൽ മീൻ വെട്ടിയതിരുപ്പുണ്ട് അത് ദാസപ്പണ്ണനു ഇഷ്ടപെട്ട രീതിയിൽ വെച്ചോ, അപ്പന് രണ്ടെണ്ണം വറുത്തു വയ്ക്കണം. പിന്നെ ഒരു മോരുകറി.

ഒരു നാത്തൂന്റെ അധികാരത്തിൽ എല്ലാം പറയുന്ന കാവേരി. കഴുകാനുള്ള തുണിയും ആയി കല്ലിനടുത്തേയ്ക്കു പോകുന്ന കാവേരി.

9 (a)
-----

ഈ സമയം നേരത്തെ റോഡിൽ വച്ചു മെമ്പറുമായി വഴക്കടിച്ചു സൈക്കിളിൽ നിന്നും വീണ സൈക്കിൾ യാത്രക്കാരൻ ദാസപ്പന്റെ വിവരം അന്വേഷിക്കാനായി നാരായണനടുത്തേയ്ക്കു വരുന്നു.

സൈക്കിൾ വേലിയിൽ ചാരിവച്ചിട്ടു നാരായണന്റെ വീട്ടിലേയ്ക്കു വരുന്ന സൈക്കിൾകാരൻ(പിള്ളേച്ചൻ). സൈക്കിളിൽ പുല്ലു കെട്ടിവച്ചിരിക്കുന്നു. വീണതിന്റെ അഴുക്കും പൊടിയും ദേഹത്തുണ്ട്.

പിള്ളേച്ചനെ കാണുന്ന നാരായണൻ. വരാന്തയിൽ നാരായണനടുത്തിരിക്കുന്ന പിള്ളേച്ചൻ.

പിള്ളേച്ചൻ : പുല്ലുമായി വരുന്ന വഴി നമ്മുടെ മെംബറാ പറഞ്ഞത് ദാസപ്പനെ സ്രാവ് കടിച്ച വിവരം.

നാരായണൻ : സ്രാവ് കടിച്ചെന്നാ! പിള്ളേച്ചൻ എന്ത് വർത്തമാനാ ഈ പറേണത്!

പിള്ളേച്ചൻ : അല്ല  ദാസപ്പൻ ആശുപത്രിയിൽ അല്ലേ ?

നാരായണൻ : അതെ, അതു വള്ളത്തിൽ നിന്ന് വീണപ്പോൾ വലതു ചന്തിയിൽ ഒരു കമ്പി തുളച്ചുകയറി. മുറിവ് ഇച്ചിരി ആഴം ഉള്ളതാ, അല്ലാതെ വേറേ കുഴപ്പം ഒന്നും ഇല്ല.

പിള്ളേച്ചൻ : എൻറെ നാരായണാ, ആ മെമ്പർ എന്തു വർത്തമാനാ പറഞ്ഞു നടക്കുന്നത്.(അടക്കത്തിൽ നാരായണന്റെ കാതിനടുത്തു വന്നു സംസാരിക്കുന്നു. പ്രേക്ഷകർ കേൾക്കുന്നില്ല)

ദേഷ്യത്തിൽ ചാടി എണീക്കുന്ന നാരായണൻ. നാരായണനു ദേഷ്യം അടക്കി നിർത്താൻ സാധിക്കുന്നില്ല. ശബ്ദം ഉച്ചത്തിൽ ആവുന്നു.

നാരായണൻ : ആ പന്ന മെമ്പറെ ഞാൻ..അവന് എന്നെ അറിയില്ല...ഞാനേ പഴയ കയ്യാങ്കളി ആശാനാ. മർമ്മം നോക്കി ഒരു പിടി പിടിച്ചാൽ പിന്നെ അവൻ ഒരുകാലത്തും എണീറ്റ് നടക്കില്ല.

നാരായണന്റെ ഉച്ചത്തിലുള്ള സംസാരം കേട്ട് പുറത്തേയ്ക്കു വരുന്ന ക്ലാര. കാവേരി ഇതൊന്നും ശ്രദ്ധിക്കാതെ തുണി കഴുകുന്നു.

പിള്ളേച്ചൻ : ആ മെമ്പറെ കണ്ടു രണ്ടു വർത്തമാനം പറഞ്ഞിട്ട് തന്നെ കാര്യം.

സൈക്കിൾ ഇരിക്കുന്നിടത്തേയ്ക്കു നടക്കുന്ന പിള്ളേച്ചൻ.


9 (b )
------

അകത്തെ മുറി - അടുക്കളയിൽ ഇട്ടിരിക്കുന്ന ഡെസ്കിൽ ഇരുന്നു പുട്ടും മുട്ടക്കറിയും കഴിക്കുന്ന നാരായണൻ. ക്ലാര ഗ്ലാസിൽ ചായ ആറ്റികൊണ്ടിരിക്കുന്നു.

കാവേരി കുളിച്ചു ഡ്രസ്സ് മാറി വന്നിരിക്കുന്നു. തലയിൽ തോർത്ത് ചുറ്റി കെട്ടിയിട്ടുണ്ട്.

കാവേരി പ്ലേറ്റിൽ ഒരു കഷണം പുട്ട് എടുത്തു നിന്നുകൊണ്ട് തന്നെ കഴിക്കുന്നു.

അപ്പനോടായി കാവേരി

കാവേരി : അപ്പാ ഞാൻ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്തിട്ടു അതുവഴി സ്കൂളിൽ പോകും. ടിസിയും വേറേ ഒന്നുരണ്ടു സർട്ടിഫിക്കറ്റുകളും വാങ്ങണം. പിന്നെ വൈകുന്നേരം കഞ്ഞിയും ആയി ചെന്നാ മതിയെന്നാ ഗണപതിയേട്ടൻ പറഞ്ഞിരിക്കുന്നത്, അതുവരെ ഗണപതിയേട്ടൻ നിന്നോളും.

ക്ലാര : നാലുമണി വരെ ഞാൻ നിന്നോളാം, ഗണപതി വേണേൽ പൊക്കോട്ടെ!

ഏറുകണ്ണിട്ടു  ക്ലാരയെ നോക്കുന്ന കാവേരി, ചൂളുന്ന ക്ലാര!


9(c)

ഹോസ്പിറ്റലിലേയ്ക്ക് പോകാനായി ഇറങ്ങുന്ന കാവേരിയും ക്ലാരയും. കൈയിൽ രണ്ടു ബിഗ്‌ഷോപ്പർ ഉണ്ട്.

കാവേരി അപ്പനോട്,

കാവേരി : അപ്പാ ചോറ് വിളമ്പി അടച്ചു വച്ചിട്ടുണ്ട്, കഴിച്ചു പാത്രം വെള്ളം ഒഴിച്ചിട്ടാ മതി. ഫ്ലാസ്കിൽ ചായ ഇട്ടുവച്ചിട്ടുണ്ട്‌, വൈകിട്ട് ഞാൻ വരാൻ താമസിച്ചാൽ എടുത്തു കഴിച്ചോണം.

കാവേരി സ്കൂട്ടർ തിരിച്ചു സ്റ്റാർട്ട് ചെയ്യുന്നു.

കാവേരി : ക്ലാരേച്ചി നടന്നോ,അപ്പുറത്തെ റോഡിൽ ചെന്ന് കയറാം. ഈ റോഡിൽ രണ്ടുപേരുമായി പോയാൽ ഉറപ്പായിട്ടു വീഴും.

ക്ലാര നാരായനോടായി

ക്ലാര :അച്ഛാ ഞാൻ ഇറങ്ങുവാ!

നാരായണൻ : ശരി മോളെ !

നാരായണൻ : ആ മെമ്പറെ ഞാൻ കാണുന്നുണ്ട്, എന്റെ കയ്യാങ്കളി ഞാൻ അവനു കാണിച്ചു കൊടുക്കും.

നടന്നു പോകുന്ന ക്ലാര.

10 

ഹോസ്പിറ്റൽ മുറി -പകൽ 


ദാസപ്പൻ കിടക്കുന്ന മുറി. ഗണപതി കസേരയിൽ ഇരുന്നു മൊബൈൽ നോക്കുന്നു. ദാസപ്പൻ ഉറങ്ങുന്നു. ട്രിപ്പ് വഴി മരുന്ന് കയറുന്നുണ്ട്.

ഡോർ തുറന്നു അകത്തേയ്ക്കു വരുന്ന ക്ലാരയും കാവേരിയും(രണ്ടുപേരും സീൻ 9 (c )ൽ  ധരിച്ചിരിക്കുന്ന വേഷം,സെയിം ബിഗ് ഷോപ്പർ).

ദാസപ്പന്റെ കിടപ്പുകണ്ടു ക്ലാര സങ്കടപെടുന്നു. ദാസപ്പന്റെ അടുത്ത് ചെന്ന് തലയിൽ തലോടുന്ന ക്ലാര. ഗണപതിയും കാവേരിയും ഉള്ള കാര്യം ക്ലാര മറക്കുന്നു.

കാവേരി ഗണപതിയോടായി

കാവേരി : ഡോക്ടർ എന്തുപറഞ്ഞു?

ഗണപതി : പൊറുക്കാൻ തുടങ്ങി. ഞരമ്പിനായതുകൊണ്ടാ വേദന. ഉറങ്ങാനുള്ള ഗുളിക കുറിച്ചു.

കാവേരി : വാങ്ങിയോ?

ഗണപതി : ഇല്ല, രാത്രി മതിയെന്നാ ദാസപ്പണ്ണൻ പറഞ്ഞെ!

കാവേരി : ഗണപതിയേട്ടൻ വേണേൽ പോയിട്ടുവാ, ഇവിടെ ക്ലാരേച്ചി നിന്നോളും!

ഗണപതി : എനിക്ക് മൽസ്യഫെഡിൽ ഒന്ന് പോണം.

ക്ലാര : എന്നാ ഗണപതി പോയിട്ടുവാ

ഗണപതി : ക്ലാരയ്ക്ക് എപ്പോ പോണം?

ദാസപ്പൻ : നീ കാര്യം എല്ലാം സാധിച്ചു വന്നാൽമതി !

കാവേരി : ഓ..കാമുകിയെ കിട്ടിയപ്പോൾ കൂട്ടുകാരനെ വേണ്ട!, ഞാനും പോയേക്കാം!

ചമ്മി നിക്കുന്ന ക്ലാര

കാവേരി : എനിക്ക് സ്കൂളിൽ പോയി TC  വാങ്ങണം. വൈകിട്ട് ഞാൻ കഞ്ഞിയും ആയിട്ടു വരാം ദാസപ്പണ്ണാ!

ഗണപതിയും കാവേരിയും മുറി വിട്ട് ഇറങ്ങുന്നു. മുറിയിൽ ദാസപ്പനും ക്ലാരയും മാത്രമാകുന്നു.

ക്ലാര : എന്തു പറ്റി എന്റെ പൊന്നിന്?

ദാസപ്പനെ ഉമ്മ വയ്ക്കുന്ന ക്ലാര!

പെട്ടന്ന്‌ മുറി തുറന്നു നേഴ്സ് കയറിവരുന്നു. ഞെട്ടി എണീക്കുന്ന ക്ലാര.
നേഴ്സ് ആദ്യം വല്ലാണ്ടാകുന്നു. പിന്നെ സമനില വീണ്ടെടുത്ത് കുസൃതി ചിരിയിൽ!

നേഴ്സ്: ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പായാ?

ചിരിക്കുന്ന ക്ലാര

ദാസപ്പൻ : സിസ്റ്ററെ കട്ടുറുമ്പന്നു പറയാൻ പറ്റുവോ? മാലാഖയല്ലേ !

ദാസപ്പൻ സിസ്റ്ററെ ക്ലാരയ്ക്കു പരിചയപ്പെടുത്തുന്നു!

ദാസപ്പൻ : ഇത് രാധ. കൊല്ലത്താ വീട്. അപ്പൻ ബോട്ടിലെ സ്രാങ്കാ, നമ്മുടെ ജാതിയാ!

ക്ലാരയെ നോക്കി ചിരിക്കുന്ന രാധ

ദാസപ്പൻ രാധയോടായി

ദാസപ്പൻ : ഇത് ക്ലാര, ഞാൻ കെട്ടാൻ പോകുന്ന കുട്ടിയാ!

സിറിഞ്ചിൽ ഇഞ്ചക്ഷൻ നിറച്ചുകൊണ്ടു ചിരിക്കുന്ന രാധ

ദാസപ്പൻ : സർജൻ നോക്കിയിട്ടു ചെറിയാൻ സർ കൂടി വന്നു നോക്കട്ടെ എന്നുപറഞ്ഞു?

രാധ :  ഗൈനെക്കോളജിലെ സാറാ!

ദാസപ്പൻ : എന്നെ എന്തിനാ  ഗൈനെക്കോളജിലെ സാറു നോക്കുന്നത്?

രാധ : Testicle ഞരമ്പിനല്ലേ മുറിവ്,ഭാവിയിൽ കുട്ടികൾ ഉണ്ടാകാൻ തടസ്സം ഉണ്ടോ എന്ന് നോക്കണ്ടേ!

ദാസപ്പൻ : അപ്പോ എനിക്കിനി കുട്ടികൾ ഉണ്ടാകില്ലേ ?

രാധ : എല്ലാത്തിനും ചികിത്സ ഉണ്ട് ദാസേട്ടാ! ഡോക്ടർ വന്നു നോക്കട്ടെ !

രാധ : ഞാൻ ഇറങ്ങട്ടെ, ഡോർ ലോക്ക് ചെയ്തിട്ടിരിക്ക്. സർ പെട്ടെന്ന് തുറന്നു കേറും അതാ!

ചമ്മുന്ന ക്ലാര !

ക്ലാര : നല്ല സുന്ദരിക്കുട്ടി !

ഡോർ ലോക്ക് ചെയ്യുന്ന ക്ലാര.

11 

കടപ്പുറം -പകൽ 


ദാസപ്പന്റെ ബോട്ടിലെ സ്രാങ്ക് മമ്മാലിയും ബോട്ടിലെയും വള്ളത്തിലെയും മറ്റു തൊഴിലാളികളും ഇരുന്നു ചീട്ടു കളിക്കുന്നു.

മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതിയാണ് മമ്മാലിക്ക്. നാരായണനും മമ്മാലിയും ഒറ്റ സുഹൃത്തുക്കളും ഒരേ പ്രായക്കാരും ആണ്.

ചീട്ടുകളിക്കുന്നവരുടെ കാതിൽ വെള്ളയ്ക്ക കൊണ്ട് കമ്മലും ഇലകൾ കൊണ്ട് തൊപ്പിയും വച്ചിട്ടുണ്ട്. ഈ സമയം വാർഡ് മെമ്പർ കക്ഷത്തിൽ ഡയറിയും വച്ച് ചീട്ടുകളി സംഘത്തിനടുത്തേക്ക് വരുന്നു.

മെമ്പറെ കാണുന്ന സംഘത്തിലെ ഒരുവൻ

ഒരുവൻ : മെമ്പറെ ദാസപ്പൻ വരുന്നതിനു മുൻപ് സ്ഥലം വിട്ടോ! അല്ലങ്കിൽ മെമ്പറുടെ മർമ്മം മുഴുവൻ ദാസപ്പൻ കലക്കും.

മെമ്പർ : അപ്പോ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ! ദാസപ്പന്റെ ജനനേന്ദ്രിയം സ്രാവ് കടിച്ചോണ്ടു പോയി. ജീവനോടെ സ്രാവിനെ പിടിക്കാൻ നോക്കിയതാ, റിസോർട്ടിലെ മാനേജരാ എന്നോടിതു പറഞ്ഞേ!

ചാടി എണീക്കുന്ന മമ്മാലി!

മമ്മാലി : പടച്ചോനേ എന്റെ കുഞ്ഞിനെന്തെങ്കിലും പറ്റിക്കാണുവാ? ആ സ്രാവിനെ ഇന്നു ഞാൻ തീർക്കും.

രണ്ടാമൻ: അതിനു സ്രാവ് നിന്നുതരണ്ടേ മമ്മാലിക്കാ!

മമ്മാലി : നീ വേഗം വണ്ടി എടുക്കടാ!

ഒന്നാമൻ : അതിനു ഏതു സ്രാവാണെന്നു കരുതി പോയി പിടിക്കും മമ്മാലിക്കാ!

മമ്മാലി : അതിനല്ലടാ ശയിത്താനെ!  ദാസപ്പനെ കാണാൻ ആശുപത്രിയിൽ പോകാൻ!

12 

പകൽ - കടപ്പുറം റോഡ് 


ഒരു ടാറ്റാ -407  ലോറി സ്പ്പീഡിൽ വന്നു മമ്മാലിയും സംഘവും നിക്കുന്നിടത്തു വന്നു നിക്കുന്നു. ദാസപ്പന്റെ ബോട്ടിലും വള്ളത്തിലും പണിയെടുക്കുന്ന തൊഴിലാളികൾ എല്ലാവരും ലോറിയിൽ കയറുന്നു. മമ്മാലി ലോറിയുടെ മുൻസീറ്റിൽ തലയിൽ കെട്ടി ഇരിക്കുന്നു.

മിക്കവരും കൈലിയും ബനിയനും ധരിച്ചിരിക്കുന്നു. ചിലർ കൈലി മാത്രം. ചിലരുടെ തലയിൽ ചീട്ടുകളിച്ചപ്പോൾ വെച്ച തൊപ്പി വരെയുണ്ട്. 

പെട്ടെന്ന് മെമ്പർ ഓടിവരുന്നു.

മെമ്പർ : പൂയ്..പോകല്ലേ ഞാനും കൂടെയുണ്ട്!

മെമ്പർ ഓടി വന്നിട്ട് ലോറിയുടെ ഫ്രണ്ട് ഡോർ തുറക്കാൻ ശ്രമിക്കുന്നു. അപ്പോൾ മമ്മാലി 

മമ്മാലി: എങ്ങാട്ട് പോണ്, പുറകി പോയി കേറിയാമതി. നിന്റെ മുണ്ടിനും ഷർട്ടിനും വളിച്ച കഞ്ഞിവെള്ളത്തിന്റെ മണവാ. എനിക്ക് ഓക്കാനം വരും.

മെമ്പർ : മമ്മാലിക്കന്റെ മേത്തുനിന്നും വരുന്ന മത്തി നെയ്യ് വളിച്ച മണത്തിന്റെ അത്രേം വരികേല കഞ്ഞിവെള്ളം വളിച്ചാൽ.

മമ്മാലി : മത്തി നെയ്യുടെ മണത്തിനേ ഒരു ആഢ്യത്തം ഉണ്ട്.

ലോറിയുടെ പുറകിൽ നിക്കുന്നവരെല്ലാം കൂടി മെമ്പറെ കൂവുന്നു.

പുറകിൽ പോയി കയറുന്ന മെമ്പർ 

മെമ്പർ : എനിക്ക് മൂലക്കുരുവിന്റെ അസുഖം ഉണ്ട്. കാല് കൂടുതൽ പൊക്കാൻ പാടില്ല 

മെമ്പർ കൈ നീട്ടുമ്പോൾ ഒരാൾ വലിച്ചു ലോറിയിൽ കയറ്റുന്നു.

13 

പകൽ- ആശുപത്രിയുടെ മുൻവശം 


വലിയ ഒരു ഹോസ്പിറ്റലിന്റെ മുന്നിൽ വന്നു നിക്കുന്ന ടാറ്റാ-407  ലോറി. ഇത്രയും പേര് ലോറിയിൽ വരുമ്പോൾ സെക്യൂരിറ്റി പേടിക്കുന്നു.

മമ്മാലി ചാടി ഇറങ്ങി റിസപ്ഷൻ കൗണ്ടറിലേയ്ക്ക് ഓടുന്നു.

മമ്മാലി: മക്കളെ ദാസപ്പൻ എന്നൊരാൾ കിടക്കുന്നതെവിടെയാ?

പെൺകുട്ടി : എന്ന് അഡ്മിറ്റ് ചെയ്തതാ അച്ഛാ!

മമ്മാലി : മിനിഞ്ഞാന്ന് വെളുപ്പിന്, സ്രാവ് കടിച്ചിട്ടു കൊണ്ടുവന്നതാ!

പെൺകുട്ടി : പേരെന്തുവാ?

മമ്മാലി :ദാസപ്പൻ 

ഒന്നാമൻ : ജീവനോടെ പിടിക്കാൻ നോക്കിയപ്പോൾ സ്രാവ് ജനനേന്ദ്രിയം കടിച്ചെടുത്തു!

റിസപ്ഷനിൽ നിക്കുന്ന പെൺകുട്ടികൾ പരസ്പരം നോക്കുന്നു.

പെൺകുട്ടി : തേർഡ് ഫ്ലോർ റൂം നമ്പർ- 401 

ലിഫ്റ്റ് ചൂണ്ടി പെൺകുട്ടി 

പെൺകുട്ടി: ആ ലിഫ്റ്റിൽ പോകാം, എല്ലാരും കൂടി ലിഫ്റ്റിൽ കൊള്ളില്ല!

ഒന്നാമൻ : ഞങ്ങൾ പടി കേറി പൊക്കോളാം പെങ്ങളെ !


13 (a)
-------

ആശുപത്രി-പകൽ 

ലിഫ്റ്റ് വഴിയും പടി കയറിയും ദാസപ്പൻ കിടക്കുന്ന നാലാമത്തെ നിലയിലേയ്ക്ക് നീങ്ങുന്ന സുഹൃത്തുക്കൾ. പടി കയറുന്ന പലരും പട്ടിയെ പോലെ അണയ്ക്കുന്നുണ്ട്.(അഭിനയിക്കുന്നവരുടെ രീതിയിൽ തമാശ ഉണ്ടാക്കുക)

14 

ദാസപ്പൻ കിടക്കുന്ന മുറി - പകൽ 


ദാസപ്പൻ കിടക്കുന്ന മുറി തുറന്നു അകത്തു പ്രവേശിക്കുന്ന മമ്മാലിയും സംഘവും. ക്ലാരയും ഗണപതിയും മുറിയിൽ ഉണ്ട്.[ക്ലാരയും ഗണപതിയും സീൻ-10 ൽ ഇട്ടിരുന്ന ഡ്രസ്സ് തന്നെ ഇട്ടിരിക്കുന്നു]

ദാസപ്പനും മമ്മാലിയും പരസ്പരം നോക്കുന്നു. മമ്മാലിക്കു സങ്കടം സഹിക്കുന്നില്ല.

മമ്മാലി: എന്റെ മകൻ കിടക്കണ കിടപ്പുകണ്ടാ! എന്റെ നാണി ഇതെങ്ങനെ സഹിക്കും പടച്ചോനേ!

ഒരാൾ : എങ്ങനെ സംഭവിച്ചു ദാസപ്പണ്ണാ!

ചോദിച്ച ആളെ പേടിപ്പിക്കാൻ ശ്രമിക്കുന്ന ഗണപതി .

ഗണപതി : ജെട്ടി ഇട്ടിട്ടില്ലായിരുന്നു, അതാ ഇത്രേം പ്രശ്നം പറ്റിയത്.

ചോദിച്ചയാൾ പെട്ടെന്ന് മുണ്ടു പൊത്തി പിടിക്കുന്നു. ഈ സമയം മെമ്പറും മുണ്ടു പൊത്തി പുറകിലേയ്ക്ക് മാറുന്നു.

മെമ്പർ: എനിക്ക് മൂലക്കുരുവിന്റെ അസുഖം ഉണ്ട്. ജെട്ടി ഇട്ടാൽ ഉരഞ്ഞു പൊട്ടും അതാ 

ദാസപ്പൻ : എന്റെ ജെട്ടി ആരോ അടിച്ചു മാറ്റുന്നുണ്ട് മമ്മാലിക്കാ! അതാരാണെന്ന് എനിക്ക് കണ്ടുപിടിക്കണം!

മമ്മാലി പെട്ടെന്ന് പരുങ്ങുന്നു.

മമ്മാലി : മകൻ എന്നോട് ക്ഷമിക്കണം.

ദാസപ്പൻ : എന്തിന്?

മമ്മാലി : മിനിഞ്ഞാന്ന് മൽസ്യഫെഡിൽ പോകാൻ മക്കളുടെ വീടിന്റെ അടുത്ത് വന്നപ്പോഴാ അയയിൽ ജെട്ടി കഴുകി ഇട്ടിരിക്കണ കണ്ടത്. അപ്പഴാ ഞാൻ ജെട്ടി ഇട്ടിട്ടില്ലന്ന് ഓർത്തത്. എൻറെ നാണീടെ മകൻറെ ജെട്ടിയല്ലേ എന്നോർത്തു ഞാൻ അതെടുത്തിട്ടു. നീ എന്നോട് ക്ഷമിക്കണം!

ദാസപ്പൻ : ആത്മാർത്ഥ സുഹൃത്തിന്റെ മകനോട് തന്നെ ഈ ചതി ചെയ്യണം മമ്മാലിക്കാ!

ഗണപതി : അപ്പൊ രണ്ടാഴ്ച മുന്നേ കാണാതെ പോയ ജെട്ടി ?

മമ്മാലി : അത് ഞാൻ വില്ലേജോഫീസിൽ പോയപ്പോ എടുത്തിട്ടു!

മെമ്പർ : ഈ കണക്കിന് ഇയാൾ അമേരിക്ക വല്ലതും പോയാൽ ആ വാർഡിലെ കംപ്ലീറ്റ് ജെട്ടി  അടിച്ചു കൊണ്ടുപോകും. ഭീകരൻ ആണിവൻ! കൊടും ഭീകരൻ!

മമ്മാലി അല്പം പതർച്ചയിൽ.

മമ്മാലി : മിനിഞ്ഞാന്നെടുത്ത ജെട്ടി ഞാൻ ഇട്ടിരിക്കുവാ, ഞാൻ കഴുകി കൊണ്ടുവന്നു തരാം!

മുഖം ചുളിക്കുന്ന ക്ലാര

ദാസപ്പൻ : എനിക്കെങ്ങും വേണ്ട, അത് മമ്മാലിക്ക തന്നെ എടുത്തോ! ബോട്ടിലെ കണക്കു വയ്ക്കുമ്പോൾ രണ്ടു ജെട്ടിടെ പൈസ ഞാൻ പിടിക്കും.

മമ്മാലി : അതിനു ആദ്യം എടുത്ത ജെട്ടി കാണാതെ പോയി 

മെമ്പർ : കടുവയെ പിടിച്ച കിടുവയോ! അത് ആരടിച്ചുമാറ്റി മമ്മാലിക്കാ?

മമ്മാലി: രാവിലെ കടപ്പുറത്തു വെളിക്കിരിക്കാൻ പോയപ്പോൾ ഊരി തെങ്ങിലെ ഓലമടലിൽ ഇട്ടതാ, കാര്യം കഴിഞ്ഞപ്പോൾ എടുക്കാൻ മറന്നുപോയി. 

മെമ്പർ : അപ്പൊ മമ്മാലിക്കയാണ് കടപ്പുറത്തു തൂറി വയ്ക്കുന്നതല്ലേ, ഈ കുറ്റത്തിന് പഞ്ചായത്തീന്നു എന്തായാലും പിഴ അടപ്പിക്കും !

മമ്മാലി ദേഷ്യത്തിൽ മെമ്പറോട് 

മമ്മാലി : നിൻറെ അപ്പൻറെ വകയല്ല കടപ്പുറം. എനിക്കുള്ള പിഴയും കൊണ്ടു നീ വീട്ടിലോട്ടു വാ!

പതറുന്ന മെമ്പർ 

ദാസപ്പൻ ഒന്നും മിണ്ടാതെ ഫാനിൽ നോക്കി കിടക്കുന്നു.

മമ്മാലി : വേദന ഇപ്പഴും ഉണ്ടാ മകന്?

ദാസപ്പൻ : എന്നോട് തന്നെ ഈ ചതി ചെയ്യണം മമ്മാലിക്ക!

മമ്മാലി : ഞാൻ എപ്പോഴെങ്കിലും മകനോട് ചതി ചെയ്തിട്ടുണ്ടാ! ബോട്ടിലെ കണക്കൊക്കെ കൃത്യായിട്ടല്ലേ ഞാൻ ഏപ്പിക്കണേ! 

ഒന്നും മിണ്ടാതിരിക്കുന്ന ദാസപ്പൻ. ദാസപ്പന്റെ മൗനം കാണുമ്പോൾ മമ്മാലിക്കു വീണ്ടും വിഷമം ആകുന്നു.

മമ്മാലി : ഞാൻ കാരണം ഉണ്ടായ പ്രശ്‍നം അല്ലേ, ഞാൻ തന്നെ അതിനു പരിഹാരം കാണും!

എല്ലാരും ആകാംക്ഷപൂർവ്വം മമ്മാലിക്കായെ നോക്കുന്നു.

ഒന്നാമൻ : മമ്മാലിക്ക എങ്ങനെ പരിഹാരം കാണും?

മമ്മാലിക്ക : എൻറെ രണ്ടു വൃഷണസഞ്ചികളും ഞാൻ ദാസപ്പനു ദാനം ചെയ്യും.

വാ പൊളിച്ചുനിക്കുന്ന ഗണപതിയും ക്ലാരയും.

എന്തോ ആലോചിച്ചുനിക്കുന്ന അല്പം പ്രായം കുറഞ്ഞ രണ്ടാമൻ.

മെമ്പർ : അത് ശരിയാവില്ല  മമ്മാലിക്കാ! അത് മച്ചാവില്ല! 

മമ്മാലി : അതെന്താ..ഞാൻ മേത്തൻ ആയതുകൊണ്ടാ! കണ്ണിനും കിഡ്നിക്കും വൃഷണത്തിനും ഒന്നും ജാതിയും മതോം ഇല്ല മക്കളേ ! അതൊക്കെ മനുഷ്യൻമാരുടെ മനസ്സിലാ!

മെമ്പർ : അതല്ല മമ്മാലിക്കാ ഇതിപ്പോ ഒരു വലിയ ഏത്തപ്പഴത്തിനടുത്തു രണ്ടു ഉണക്കമുന്തിരി വെച്ചാ എങ്ങനിരിക്കും!

ക്ലാരയ്ക്കു പെട്ടെന്ന് ചിരിപൊട്ടുന്നു. ക്ലാരയുടെ ചിരി കൂടി കാണുമ്പോൾ ദാസപ്പനു ദേഷ്യം പിടിച്ചുനിർത്താൻ സാധിക്കുന്നില്ല. ദാസപ്പൻ ഉച്ചത്തിൽ!

ദാസപ്പൻ : എനിക്കല്പം സ്വസ്ഥത വേണം. എല്ലാരും ഇറങ്ങി പോകുന്നുണ്ടോ?

ഒച്ചകേട്ട് നഴ്സും അറ്റെൻഡറും ഓടി വരുന്നു. എല്ലാവരെയും പുറത്തിറക്കുന്ന നേഴ്സ്.

 14  

ഗാനരംഗം 



ഇപ്പോഴത്തെ സംഭവങ്ങൾ(present situation) വളരെ ഫാസ്റ്റ് ആയി കാണിക്കാൻ ഗാനരംഗം ഉപയോഗിക്കുക. നർമ്മത്തിന് പ്രാധാന്യം ഉള്ള ലിറിക്കും മ്യൂസിക്കും ഉണ്ടാക്കുക.

ഗാനരംഗത്തിൽ വേണ്ട പ്രധാന സീനുകൾ
---------------------------------------------------------------

1 . ദാസപ്പൻ കട്ടിലിൽ ഫാനിൽ നോക്കി കിടക്കുന്നു. കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ട്- ഗാനം ആരംഭിക്കുന്നു.

2 . ആശ്വസിപ്പിക്കാൻ ദാസപ്പൻറെ കൈയിൽ പിടിക്കുന്ന ക്ലാര, കൈ തട്ടി മാറ്റുന്ന ദാസപ്പൻ.

3 . സ്കൂട്ടറിൽ പാഞ്ഞുവരുന്ന കാവേരി. പൊട്ടി പൊളിഞ്ഞ റോഡിലൂടെ സ്കൂട്ടർ ഓടിക്കുന്ന കാവേരി.

4 . മുറ്റം അടിച്ചു ചെടികൾക്ക് വെള്ളം ഒഴിക്കുന്ന കാവേരി.

5 . സന്ധ്യക്ക്‌ വിളക്ക് വയ്ക്കുന്ന കാവേരി.

6 . ദാസപ്പന്റെ മുറിവ് ഡ്രസ്സ് ചെയ്യുന്ന male നേഴ്സ്. രാധ injection എടുക്കാൻ സിറിഞ്ചിൽ മരുന്നെടുക്കുന്നു.

7 . മുറിയിലേയ്ക്കു വരുന്ന ക്ലാര. രാവിലത്തെ കാപ്പിക്കുള്ള ഭക്ഷണം ക്ലാര കൊണ്ടുവരുന്നു. ഏത്തപഴവും രണ്ടു മുട്ട പുഴുങ്ങിയതും ക്ലാര ദാസപ്പന് നീട്ടുന്നു. രണ്ടുപേരും കണ്ണിൽകണ്ണിൽ നോക്കുന്നു. അതി ഗൂഢമായി മന്ദഹസിക്കുന്ന ക്ലാര. ദാസപ്പൻ പുഴുങ്ങിയ മുട്ടയിൽ നോക്കുന്നു.
ദാസപ്പന് കാര്യം മനസിലാകുന്നു. ആസ്വദിച്ച് പുഴുങ്ങിയ മുട്ട കഴിക്കുന്ന ദാസപ്പൻ.

8 . മുറിയിൽ എണീറ്റ് പതുക്കെ നടക്കുന്ന ദാസപ്പൻ.

9 . രാധ മുറിയിലേയ്ക്കു കയറിവരുന്നു.

10 . രാധ ദാസപ്പനെ പിടിച്ചു പതുക്കെ കട്ടിലിൽ ഇരുത്തുന്നു.

11 . നഴ്സിംഗ് അഡ്മിഷൻ ശരിയാക്കാൻ ഓടി നടക്കുന്ന കാവേരി.

12 . ബാംഗ്ലൂർ നഗരത്തിൽ വന്നിറങ്ങുന്ന ഗണപതിയും കാവേരിയും.

13 . വലിയ നഴ്സിംഗ് കോളേജ് കവാടം.

14 . പ്രിൻസിപ്പാളിന്റെ മുറിയിൽ ഇരിക്കുന്ന ഗണപതിയും കാവേരിയും.

15 . ദാസപ്പന്റെ മുറിയിൽ വരുന്ന ഗണപതി.

16 . കാപ്പി കുടിക്കുന്ന ഗണപതി. ചോറുമായി വരുന്ന ക്ലാര(ഡ്രസ്സ് ചേഞ്ച്)

17 . ദാസപ്പന്റെ വീട്ടിലേയ്ക്കു വരുന്ന പോസ്റ്റുമാൻ.

18 . രജിസ്റ്റേർഡ് ഒപ്പിട്ടു വാങ്ങുന്ന കാവേരി.

19 . ഡിസ്ചാർജ് ആകുന്ന ദാസപ്പൻ.

20 . രാധയെ തൊഴുതു നന്ദി പറയുന്ന ദാസപ്പൻ.

21 . ഓട്ടോയിൽ കയറുന്ന ദാസപ്പനും ഗണപതിയും.

22 . ദാസപ്പൻറെ വീട്ടിലേയ്ക്കുള്ള കുണ്ടും കുഴിയും ഉള്ള റോഡിലേയ്ക്ക് തിരിയുന്ന ഓട്ടോ.

23 . ഗണപതി ഓട്ടോ നിർത്തിച്ചു ഇറങ്ങി നടക്കുന്നു.

24 . ദാസപ്പനെയും കൊണ്ട് മൂവ് ആകുന്ന ആട്ടോ പെട്ടെന്ന് ഒരു കുഴിയിൽ വീഴുന്നു. ദാസപ്പൻ വേദന കൊണ്ട് പുളയുന്നു.

25 . കുടുക്കം സഹിക്കാൻ പാടില്ലാത്ത ദാസപ്പൻ ഇറങ്ങി നടക്കുന്നു.

26 . രണ്ടു കാലും അകത്തി നടക്കുന്ന ദാസപ്പൻ.

27 . മെമ്പർ നടന്നുവരുന്നത് കാണുന്ന ദാസപ്പൻ.

28 . പേടിക്കുന്ന മെമ്പർ.

29 . ദയനീയമായി ദാസപ്പനെ തൊഴുന്ന മെമ്പർ.

30 .മെമ്പറെ കാണുന്ന നാരായണൻ.

31 .മെമ്പറെ ഓടിച്ചിട്ട് പിടിക്കാൻ നോക്കുന്ന നാരായണൻ .

32 . ഓടുന്ന മെമ്പർ.

34 .  ഓടി തളരുമ്പോൾ കിതപ്പ് മാറ്റാൻ തെങ്ങിൽ ചാരി നിക്കുന്ന നാരായണൻ

35 . ബാംഗ്ലൂർ പഠിക്കാൻ പോകാൻ ഒരുങ്ങി ഇറങ്ങുന്ന കാവേരി.

36 . കാവേരിയുടെ കൈയിൽ നിന്നും ബാഗ് വാങ്ങുന്ന ഗണപതി.

37 . ദാസപ്പനെ കെട്ടിപിടിച്ചു കരയുന്ന കാവേരി.

38 . നാരായണനെ കെട്ടിപിടിച്ചു എന്തെക്കെയോ കാര്യങ്ങൾ പറഞ്ഞേപ്പിക്കുന്ന കാവേരി.

39 . നാരായണൻ പെട്ടെന്ന് കാവേരിയെ അമ്മയെ അടക്കിയ(തെക്കുപുറത്തു)കൊണ്ടുപോയി നിർത്തുന്നു .

40 . അമ്മയോട് അനുവാദം ചോദിക്കാൻ പറയുന്ന നാരായണൻ.

41 .കെട്ടിപിടിച്ചു നിന്ന് കരയുന്ന കാവേരിയും നാരായണനും.

42 . കണ്ണ് തുടയ്ക്കുന്ന ദാസപ്പനും ഗണപതിയും.

43 . ഇറങ്ങാൻ നേരം ഒരു ചെടി വാടി നിക്കുന്നത് കാണുന്ന കാവേരി.

44 . ചെടിക്കു വെള്ളം ഒഴിക്കുന്ന കാവേരി.

45 . വെള്ളം ഒഴിക്കുന്ന പാത്രം വാങ്ങുന്ന നാരായണൻ. എല്ലാം ഞാൻ ചെയ്‌തോളാം എന്ന് നാരായണൻ പറയുന്നത് ലിപ് movement ൽ കൂടി പ്രേക്ഷകർക്ക് മനസ്സിലാവുന്നു.

46 . ബാംഗ്ലൂർ AC കോച്ച് ബസ്സിൽ ഇരിക്കുന്ന ഗണപതിയും കാവേരിയും.

47 . നഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ കയറുന്ന ഗണപതിയും കാവേരിയും.

48 . കാവേരിയെ ആക്കി തിരിച്ചുപോരുന്ന ഗണപതി.

49 . ഹോസ്റ്റലിനു മുന്നിൽ നിന്ന് സംസാരിക്കുന്ന ഗണപതിയും കാവേരിയും.

50 . കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്ന ഗണപതി. തലയാട്ടുന്ന കാവേരി.

51 . മെയിൻ ഗേറ്റിൽ വന്നു തിരിഞ്ഞു നോക്കുന്ന ഗണപതി.

52 . കൈ വീശി കാണിക്കുന്ന കാവേരി.

15 

ദാസപ്പൻറെ വീട് -രാവിലെ 


കാവേരി പോയപ്പോൾ വീട് ഉറങ്ങിയ പോലുള്ള പ്രതീതി ജനിപ്പിക്കുക.
ദാസപ്പനും നാരായണനും രാവിലെ എണീറ്റ് ഉമ്മറത്തുള്ള കസേരയിൽ ഇരിക്കുന്നു.

നാരായണൻ : പെണ്ണുങ്ങൾ ഇല്ലങ്കിൽ വീട് കെട്ടുപോകും എന്ന് പണ്ടുള്ളവർ പറയുന്നത് നേരാ! എന്ത് ഐശ്വര്യത്തിൽ കിടന്ന വീടാ, ഇപ്പൊ കിടക്കണ കിടപ്പുകണ്ടാ!

കാവേരിയെ വിളിക്കുന്ന ദാസപ്പൻ (ഫോൺ സംഭാഷണം )

കാവേരി : അണ്ണാ!

ദാസപ്പൻ : മോള് എണീറ്റാരുന്നാ?

കാവേരി : ങും! 

ദാസപ്പൻ : ഒന്നും ഇല്ല, ചുമ്മാ വിളിച്ചതാ, വീടിന്റെ നിയന്ത്രണം മുഴുവൻ നിൻറെ കൈയിൽ അല്ലാരുന്നാ, നീ ഇല്ലാത്തതു ഇപ്പോ അറിയുന്നുണ്ട്.

കാവേരി : അപ്പൻ എന്തിയേ?

ദാസപ്പൻ : അപ്പനും ഞാനും കൂടി കണ്ണി കണ്ണി നോക്കികൊണ്ട്‌ ഉമ്മറത്തിരുപ്പുണ്ട്!

കാവേരി : അതുശരി  അണ്ണൻ എണീറ്റ് പോയി അപ്പനു കട്ടൻ ഇട്ടുകൊടുത്തേ, എന്നിട്ടു പുട്ടുണ്ടാക്കാൻ നോക്ക്.  കണ്ണി കണ്ണി നോക്കിയിരുന്നാൽ വയറ്റിലോട്ടു ഒന്നും പോകാത്തില്ല! 

ദാസപ്പൻ : പിള്ളേച്ചൻ ഇപ്പൊ പാലും കൊണ്ടുവരും,എന്നിട്ടു ചായ ഇടാം!

കാവേരി : അപ്പന് രാവിലെ കടും ചായ ചെന്നാലേ വയറ്റീന്നു പോകൂ! അണ്ണൻ പോയി ചായ ഇട്ടുകൊടുക്ക്.

ദാസപ്പൻ : പാലുചായ ചെന്നാലും അപ്പന് വയറ്റീന്നു പോകും! ഇല്ലേ അപ്പാ!

ഇതു കേൾക്കുമ്പോൾ കാവേരിക്ക് ദേഷ്യം വരുന്നു.

കാവേരി : അണ്ണൻ പോയി ക്ലാരേച്ചിയെ വിളിച്ചു വീട്ടിൽ നിർത്തൂ,  എൻറെ പഠിത്തം തീരാൻ കാത്തിരുന്നാൽ ശരിയാകത്തില്ല. അപ്പനെ ഞാൻ പറഞ്ഞു മനസ്സിലാക്കാം.

ദാസപ്പൻ : ഞാൻ ഇപ്പൊ തന്നെ അപ്പനു കടുംചായ ഇട്ടുകൊടുക്കാം.

കാവേരി : എന്നാ വേഗം ചെയ്യ്, എന്റെ ചെടികൾക്കൊക്കെ വെള്ളം ഒഴിച്ചാ?

ദാസപ്പൻ : നേരം വെളുത്തതല്ലേയുള്ളു! ഒഴിച്ചോളാം!

കാവേരി : ഞാൻ ക്ലാരേച്ചിയെ വിളിച്ചു സംസാരിക്കാം. അല്ലങ്കിൽ വീട് രണ്ടും കൂടി കുളമാക്കും!

കാവേരി : ഞാൻ റെഡിയാകാൻ നോക്കട്ടെ, ഇല്ലങ്കിൽ എനിക്ക് ഭക്ഷണം കഴിക്കാൻ സമയം കിട്ടില്ല!

ഫോൺ കട്ട് ചെയ്യുന്ന കാവേരി , ഫോൺ മാറ്റിവയ്ക്കുന്ന ദാസപ്പൻ.

ദാസപ്പൻ : അവളു മാറിപ്പോയി അപ്പാ!  നമ്മുടെ കാര്യം നമ്മൾ നോക്കണം. 
അപ്പാ അവളുടെ ചെടി നല്ലോണം നോക്കിക്കോണം, ചെടിക്കെന്തെങ്കിലും പറ്റിയാൽ പിന്നെ അവള് സമാധാനം തരത്തില്ല!

16 

ബാംഗ്ലൂർ നഗരം -ഞായറാഴ്ച പകൽ 


ഒരു വെജിറ്റേറിയൻ restaurant ൽ ഇരിക്കുന്ന കാവേരിയും പുതിയ കൂട്ടുകാരി അനുവും.

കാവേരി സോണിയെ വിളിക്കുന്നു.(ഫോൺ സംഭാഷണം)

കാവേരി : സോണിയെട്ടാ ഞങ്ങൾ ജനാർദ്ദന റെസ്റ്റോറന്റിൽ ഉണ്ട്.

കാവേരി : ശരി.

മെനു ചാർട്ട് നോക്കി ഫുഡ് ഓർഡർ ചെയ്യുന്ന അനുപമ ( അനുപമ കോട്ടയം കാരിയാണ്‌. സംസാരിക്കുമ്പോൾ കോട്ടയം സ്ലാങ് ഉപയോഗിക്കുക)

അനു : നിൻറെ ആളെങ്ങനെ? romantic ആണോ?

കാവേരി : ആ..ഞങ്ങൾ അകെ തമ്മിൽ കണ്ടിരിക്കുന്നത് 3 പ്രാവശ്യം ആണ്.

അനു : ഇതെന്തു പ്രേമം!

കാവേരി : ഇതിനെ പ്രേമം എന്ന് വിളിക്കാവോ എന്നൊന്നും അറിയില്ല! പരസ്പരം ഒരിഷ്ട്ടം!

അനു : എവിടെയാ പുള്ളിയുടെ വീട്?

കാവേരി : ചെങ്ങന്നൂർ, പാണ്ടനാട്!

അനു : about 75 km distance, between chenganoor to andhakaranazhy! എങ്ങനെ കണ്ടുമുട്ടി?

കാവേരി : ഒന്നുരണ്ടു വർഷം യുവജനോത്സവവേദിയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഞാനും സോണിയേട്ടനും. ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ചല്ലേ ഞങ്ങൾ പോകുക, അങ്ങനെ പരിചയം ആയി!

അനു ത്രില്ലിൽ: ബാക്കി പറ!

ഈ സമയം സോണി കാവേരിയും അനുവും ഇരിക്കുന്നിടത്തേയ്ക്കു വരുന്നു 

സുമുഖനായ ഒരു ചെറുപ്പക്കാരൻ നടന്നുവരുന്നു.

സോണി വരുമ്പോൾ കാവേരി എണീറ്റ് കൈ കൊടുക്കുന്നു.

കാവേരി : സോണിയേട്ടാ  ഇത് അനുപമ, കുറവലങ്ങാടുള്ള   തനി നായരാ സ്വഭാവം കൊണ്ട് തനി അച്ചായത്തിയാ!

അനു : പരിചയപ്പെട്ടിട്ടു രണ്ടു ആഴ്ചയല്ലേ ആയുള്ളൂ. അപ്പോഴേയ്ക്കും എന്റെ സ്വഭാവം മുഴുവൻ പഠിച്ചൊ!

മൂന്നുപേരും ഇരിക്കുന്നു.

കാവേരി : എൻട്രൻസ് റിസൾട്ട് വന്നോ?

സോണി : എത്ര നാളായി! ഞാൻ M Dക്കു ചേർന്നു, തിരുവന്തപുരം മെഡിക്കൽ കോളേജിൽ.

വാ പൊളിച്ചിരിക്കുന്ന അനു!

അനു : അല്ല, നിങ്ങൾ തമ്മിൽ എന്താ റിലേഷൻ?

ചിരിക്കുന്ന സോണിയും കാവേരിയും.

സോണി : M D കഴിഞ്ഞാൽ ഞാൻ UK യ്ക്ക് പോകും. ചേട്ടൻ അവിടെ ന്യൂറോളജിസ്റ് ആണ്. കാവേരി പോകാനുള്ള പേപ്പറൊക്കെ ഇപ്പോഴേ റെഡിയാക്കി വെച്ചോ!

കാവേരി : ശരി ഏട്ടാ!

പിറുപിറുക്കുന്ന അനു.

അനു: കക്ഷി well planned ആണ്, ഉദ്ദേശിച്ച പോലെയല്ല! പുളീംകൊമ്പിൽ തന്നെയാ മരയ്കാത്തി  പിടിച്ചേക്കുന്നേ!

സോണി: അനു വല്ലതും പറഞ്ഞോ?

അനു: അ ..അല്ല.ഇല്ല  നാളത്തേയ്ക്കുള്ള assignment ചെയ്തില്ല എന്നോർത്തപ്പോൾ അറിയാതെ പറഞ്ഞതാ!

സോണി: കഴിച്ചാൽ ഉടനെ പോയേക്കാം,പോരേ?

ചമ്മി ചിരിക്കുന്ന അനു.

സോണി എണീറ്റു കൈ കഴുകുന്നു, പുറകെ അനുവും കാവേരിയും കഴുകി വരുന്നു.

സോണി:  7 -8  വർഷം ആയില്ലേ നമ്മൾ തമ്മിൽ പരിചയപെട്ടിട്ട്, ഞാൻ ഇതുവരെ ഒരു ഗിഫ്റ്റ് പോലും കാവേരിക്ക് തന്നിട്ടില്ല. ഒരു ഗിഫ്റ്റ് തന്നാൽ സ്വീകരിക്കുമോ?

വീണ്ടും അനു പിറുപിറുക്കുന്നു.

അനു: പരിചയപെട്ടിട്ട് 8 വർഷം അകെ തമ്മിൽ കണ്ടിരിക്കുന്നത് 3 തവണ ഇതും കൂടി ആകുമ്പോൾ ആകെ നാലു തവണ.

സോണി ബാഗിൽ നിന്നും പുതിയ ഒരു ആപ്പിൾ ഐഫോൺ എടുത്തു കാവേരിക്ക് നീട്ടുന്നു.

കാവേരി വാങ്ങാൻ മടിക്കുന്നു.

കാവേരി: അണ്ണനും അപ്പനും അറിയാതെ ഒരു സാധനം പോലും ഞാൻ ആരുടെ കൈയിൽ നിന്നും സ്വീകരിച്ചിട്ടില്ല. അതുകൊണ്ടാ!

സോണി: ഇനി ഒരുപാടു assignment കാര്യങ്ങൾ ഉള്ളതല്ലേ, ഒരു സ്മാർട്ട് ഫോൺ എന്തായാലും കാവേരിക്ക് ആവശ്യമാണ്.

കാവേരി: എന്നാലും വേണ്ട സോണിയെട്ടാ കല്യാണം കഴിയുമ്പോൾ എല്ലാം കൂടി ചേർത്ത് എനിക്ക് നല്ലൊരു ഗിഫ്റ്റ് തന്നാൽ മതി.

വീണ്ടും പിറുപിറുക്കുന്ന അനു.

അനു: ഞാൻ കരുതിയപോലെയല്ല ഇവൾ ശരിക്കും മണ്ടിയാ, ഏതെങ്കിലും ഭർത്താക്കന്മാർ കല്യാണം കഴിഞ്ഞാൽ ഇത്രേം വില കൂടിയ ഗിഫ്റ്റ്  കൊടുക്കുമോ?

സോണി: കാവേരിയുടെ ഇഷ്ട്ടം പോലെ!

ഫോൺ തിരിച്ചു ബാഗിൽ വയ്ക്കുന്ന സോണി.

കാവേരി: എവിടെയാ സ്റ്റേ ചെയ്യുന്നേ?

സോണി: ഞാൻ രാത്രി വണ്ടിക്കു പോകും. കാവേരിയെ കാണാൻ വേണ്ടി മാത്രാ ഞാൻ ബാംഗ്ലൂർക്കു വന്നത്. രാവിലെ ക്ലാസ്സിനു കയറണം.

കാവേരി: ഞാൻ ബുദ്ധിമുട്ടിച്ചോ?

സോണി: ഏയ്..ഞാനും കാത്തിരിക്കുവായിരുന്നു കാവേരിയെ കാണാൻ.

സോണി അനുവിനോട്,

സോണി: ഞങ്ങളുടെ കൂടിക്കാഴ്‌ച അവസാനിച്ചു. വേഗം പോയി assignment തീർത്തോ!

വെയ്റ്റർ ബില്ല്‌ കൊണ്ടുവരുന്നു.

ബില്ല് നോക്കി ക്യാഷ് ബിൽ പാഡിൽ വയ്ക്കുന്ന സോണി.

അനുവിനോടും കാവേരിയോടും യാത്ര ചോദിച്ചു ഇറങ്ങുന്ന സോണി.


17

ലേഡീസ് ഹോസ്റ്റൽ -രാത്രി 


നഴ്സിംഗ് കോളേജിലെ ഹോസ്റ്റൽ മുറി. കാവേരിയും അനുവും മായയും റാണിയും ഒരുമുറിയിലാണ് താമസം.

മായയും റാണിയും സ്റ്റഡിടേബിളിൽ ഇരുന്നു പഠിക്കുന്നു. കാവേരി കട്ടിലിൽ ഭിത്തിയിൽ ചാരി ഇരിക്കുന്നു. ടെക്സ്റ്റ് ബുക്ക് മറിച്ചുനോക്കുന്ന കാവേരി. അനു കാവേരിയെ ശല്യപെടുത്തികൊണ്ട് അടുത്തിരിക്കുന്നു.

അനു: എടാ..പ്ളീസ്..പ്ളീസ്, അവൻ നിന്നെ എങ്ങനെയാ പ്രൊപ്പോസ് ചെയ്തതെന്ന് പറ?

കാവേരി: പ്ളീസ്, ഞാൻ ഇതൊന്നു പഠിച്ചു തീർത്തോട്ടെ!

അനു : പറഞ്ഞിട്ട് നമുക്ക് ഒരുമിച്ചുപഠിക്കാം! നീ  പറ!

കാവേരി : അതിനു നീ പഠിക്കാൻ വന്നതല്ലല്ലാ!

ബുക്ക് മാറ്റിവയ്ക്കുന്ന കാവേരി, അനു കാവേരിയുടെ മടിയിൽ കിടക്കുന്നു.

കാവേരി: പോയി കുളിച്ചിട്ടുവാ പെണ്ണേ! വിയർപ്പു നാറിയിട്ടു പാടില്ല!

അനു: ഈ സമയം എല്ലാർക്കും ഇച്ചിരി നാറ്റം കാണും, നീ പറ !

കാവേരി : സോണിയേട്ടൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാ കേരള സിലബസിലോട്ടു മാറുന്നത്. അതുവരെ ബാംഗ്ലൂർ ഏതോ CBSE സ്കൂളിൽ ആയിരുന്നു പഠിച്ചത്. സ്റ്റേറ്റ് സിലബസിലേയ്ക്ക് മാറി പുള്ളിക്കാരൻ extra curricular activities ഒക്കെ നല്ലോണം പെർഫോം ചെയ്തു. കൂടെ നല്ല പഠിത്തം കൂടി ആയപ്പോൾ ഈസിയായി മെഡിക്കൽ എൻട്രൻസ് കിട്ടി.

കാവേരി സങ്കടത്തിൽ

കാവേരി: ഞാനും extra curricular ഒക്കെ നല്ലോണം പെർഫോം ചെയ്തതാ. വഴി കാണിച്ചുതരാൻ അറിവുള്ളവർ ആരും ഇല്ലാതായിപ്പോയി. അങ്ങനെ ഒരു സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിൽ വച്ച് ഞങ്ങൾ കണ്ടുമുട്ടുന്നു.

മടിയിൽ കിടന്നു എല്ലാം ശ്രദ്ധിച്ചുകേൾക്കുന്ന അനു.

കാവേരി: മോഹിനിയാട്ടത്തിൽ എന്റെ പെർഫോമൻസ് കഴിഞ്ഞു ഗ്രീൻറൂമിൽ ഞാൻ വിശ്രമിക്കുമ്പോൾ സോണിയേട്ടനും അമ്മയും കൂടി എന്നീ കാണാൻ വന്നു. ഫസ്റ്റ് എനിക്കുതന്നെ എന്ന് സോണിയേട്ടൻ ഉറപ്പിച്ചുപറഞ്ഞു.

മായയും റാണിയും കാവേരി പറയുന്നത് ശ്രദ്ധിക്കുന്നു.

കാവേരി: വൈകിട്ട് റിസൾട്ട് വന്നപ്പോൾ എനിക്കായിരുന്നു മോഹിനിയാട്ടത്തിനും ലൈറ്റ് മ്യൂസിക്കിനും ഫസ്റ്റ് പ്രൈസ്. ആദ്യം എന്നെ അഭിനന്ദിക്കാൻ ഓടി എത്തിയതും സോണിയേട്ടൻ ആയിരുന്നു.

മായ: സോണിയേട്ടൻ ഏതിനൊക്കെയാ മത്സരിച്ചേ?

അനു: അതുശരി  രണ്ടുംകൂടി പഠിക്കാനിരുന്നിട്ടു ഞങ്ങൾ പറയുന്നത് ശ്രദ്ധിച്ചിരിക്കുവാണല്ലേ!

കാവേരി : വെസ്റ്റേൺ മ്യൂസിക് & ഗിറ്റാർ . രണ്ടിനും പുള്ളിക്കായിരുന്നു ഫസ്റ്റ് പ്രൈസ്. 

അനു റാണിയെ ശ്രദ്ധിക്കുന്നു.

അനു: ഇവളെന്താ ഇഞ്ചി കടിച്ചപോലെ ഇരിക്കുന്നത്!

മായ: അവളെ ഒരുത്തൻ ഫോണിൽ മെസ്സേജ്  അയച്ചു ഭീക്ഷിണിപെടുത്തുന്നു. ഞാൻ പറഞ്ഞു പരാതി കൊടുക്കാമെന്ന്, അവൾക്കു പേടി!

അനു കാവേരിയുടെ മടിയിൽ നിന്നും ചാടി എണീക്കുന്നു.

അനു: ആരാടീ അവൻ? എന്തും പറഞ്ഞാ ഭീഷിണിപെടുത്തിയത്?

ഒന്നും മിണ്ടാതിരിക്കുന്ന റാണി. റാണിയുടെ മൗനം അനുവിനെ ദേഷ്യം പിടിപ്പിക്കുന്നു. അനു റാണിയുടെ ഫോൺ പിടിച്ചുവാങ്ങുന്നു.

അനുവും കാവേരിയും കൂടി റാണിയുടെ ഫോൺ പരിശോധിക്കുന്നു. റാണിയുടെ ഫോണിലെ മൊബൈൽ ഡേറ്റ ഓൺ ചെയ്യുന്ന അനു.

"പൊന്നി" എന്നുസേവ് ചെയ്തിട്ട നമ്പറിൽ നിന്ന് വന്ന മെസേജ് പരിശോധിക്കുന്ന കാവേരിയും അനുവും.

മായ: രണ്ടുപേരും തമ്മിൽ പൊരിഞ്ഞ പ്രേമം ആയിരുന്നു. അവനും കൂട്ടുകാരനും കൂടി ബാംഗ്ലൂർ വന്നു റൂം എടുക്കും. റാണി അങ്ങോട്ട് ചെല്ലാൻ പറഞ്ഞാ ഭീഷിണി.

മായ: ഇവളും അവനും കെട്ടിപിടിക്കേം ഉമ്മവയ്ക്കേം ചെയ്യുന്നതൊക്കെ അവന്റെ ഫോണിൽ ഉണ്ട്. അത് കാണിച്ചാ ഭീക്ഷിണി.

ക്ലിപ്പ് കാണുന്ന കാവേരിയും അനുവും.

അനു: കടി മൂക്കുമ്പോൾ ഓരോന്ന് ഒപ്പിച്ചുവയ്ക്കും ബാക്കിയുള്ളവരുടെ സ്വസ്ഥത കളയാൻ.

റാണിയുടെ ഫോണിൽ നിന്നും പൊന്നുവിനെ വിളിക്കുന്ന അനു 

ഫോൺ സംഭാഷണം(സ്പീക്കർ ഓൺ)

പൊന്നു: എന്താ നിന്റെ തീരുമാനം?

അനു: തീരുമാനം ഒന്നും ഇല്ലടാ! അവൾ വരില്ല!

പൊന്നു: ഓഹോ  കൂട്ടുകാരെയൊക്കെ അറിയിച്ചോ? സാരമില്ല നാട്ടുകാരെയൊക്കെ ഞാൻ അറിയിച്ചോളാം!

അനു: നീ അറിയിക്ക്! ഞങ്ങൾക്കെന്തു ചെയ്യാൻ പറ്റുവെന്ന് ഞങ്ങളും കാണിച്ചുതരാം! കെട്ടാഡാ..പട്ടി!

പൊന്നു:എന്നാ അങ്ങനെ തന്നെ! കേട്ടാടീ കൊടിച്ചിപട്ടി!

ഫോൺ കട്ട് ആക്കുന്ന അനു. കരയാൻ പോകുന്ന റാണി.

റാണി: അവൻ അതെങ്ങാനും പുറത്തുവിട്ടാൽ ഞാൻ സൂയിസൈഡ് ചെയ്യും!

കാവേരി: ഇപ്പോഴാ നിനക്ക് സദാചാരബോധം ഉണ്ടായതല്ലേ!  അവൻ ഉമ്മ വച്ചപ്പോ സുഖിച്ചു നിന്നിട്ട്! 

കാവേരിക്ക് ദേഷ്യം കൊണ്ട് വാക്കുകൾ കിട്ടുന്നില്ല 

കാവേരി: പെണ്ണ് പെണ്ണിൻറെ സ്ഥാനത്തു നിന്നാലേ സമത്വമുണ്ടാകു.

അനു: കിടന്നുറങ്ങാം.രാവിലെ പോയി സൈബർസെല്ലിൽ പരാതി കൊടുക്കാം.

കാവേരി: എങ്ങും പരാതി കൊടുക്കണ്ട! അവന്റെ ഫുൾ ഡീറ്റെയിൽസ് പറയടി
ഈ പ്രശ്നം ഞാൻ സോൾവ് ചെയ്‌തോളാം.

അമ്പരന്നു കാവേരിയെ നോക്കുന്ന കൂട്ടുകാരികൾ  കാവേരി  സാദാ നോക്കിയ ഫോണിൽ നിന്നും ഗണപതിയുടെ നമ്പർ നോക്കി അനുവിന്റെ ഫോണിലേയ്ക്ക് സേവ് ചെയ്യിക്കുന്നു.

കാവേരി: ഇത് ഗണപതിയെട്ടന്റെ നമ്പരാ, അവൻറെ ഫുൾ ഡീറ്റെയിൽസ് നീ ഈ നമ്പരിലേയ്ക്ക് അയയ്ക്ക്!

ഗണപതിയെ വിളിക്കുന്ന കാവേരി(ഫോൺ സംഭാഷണം)

ഗണപതി: എന്താടി?

കാവേരി: ഏട്ടാ ഒരു പ്രശ്‍നം ഉണ്ടായി?

ഗണപതി : അത്‌ മനസിലായി, അത്യാവശ്യത്തിനല്ലാതെ നീ ഫോൺ വിളിക്കില്ലല്ലാ!

കാവേരി: എൻറെ ഒരു കൂട്ടുകാരിയെ ഒരുത്തൻ സ്ഥിരം ശല്യപ്പെടുത്തുന്നു. ഇന്നവൾ ആത്‍മഹത്യ ചെയ്യാൻ നോക്കി. അതാ ഏട്ടനെ വിളിച്ചേ!

ഗണപതി : ആരാടി അവൻ, എവിടുള്ളതാ?

കാവേരി:ഡീറ്റെയിൽസ് അണ്ണന് whats app  ചെയ്‌തിട്ടുണ്ട്‌.

ഗണപതി : ഞാൻ നോക്കാം, നീ ദാസപ്പണ്ണനെ കൂടി വിളിച്ചു പറഞ്ഞേക്ക്, പിന്നെ കൂട്ടുകാരിയോട് ഒരാഴ്ച കഴിഞ്ഞു ആത്മഹത്യയ്ക്ക് ശ്രമിച്ചാൽ മതിയെന്ന് പറ!

ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്യുന്ന കാവേരി 

അനു: എന്താടി ചിരിക്കൂന്നേ?

കാവേരി : റാണി നീ ഒരാഴ്ച കഴിഞ്ഞു ആത്മഹത്യക്ക് ശ്രമിച്ചാൽ മതിയെന്നാ ഗണപതിയെട്ടൻ പറഞ്ഞെ!

അമ്പരന്നു പരസ്പരം നോക്കുന്ന കൂട്ടുകാരികൾ.


18 

തോപ്പുംപടി ഹാർബർ -പകൽ 


നിറയെ ഫിഷിങ് ബോട്ടുകൾ കിടക്കുന്നതിനിടയ്ക്കു കിടക്കുന്ന ബോട്ടിൽ ഇരിക്കുന്ന ദാസപ്പനും ഗണപതിയും.

ബോട്ടിന്റെ ഒരു മൂലയ്ക്ക് കിടന്നുറങ്ങുന്ന മമ്മാലിക്ക.

ബോട്ടിലെ നാലഞ്ച് മത്സ്യത്തൊഴിലാളികളുടെ കൂടെ രണ്ടു ഫ്രീക്കൻ പയ്യന്മാർ ബോട്ടിനുള്ളിലേയ്ക്ക് വരുന്നു.

ഒരു പയ്യൻ: ഇഷ്ടപ്പെട്ടാൽ നിങ്ങൾ പറയുന്ന പൈസ ഞങ്ങൾ തരും.

ഒരാൾ: ദാസപ്പണ്ണാ പറയുന്ന പൈസ താരാന്നാ പറേണത്!

ദാസപ്പൻ: എന്നാ ബോട്ട് എടുക്കു മമ്മാലിക്കാ, ചെല്ലാനത്ത്‌ ചെന്ന് സാധനം കേറ്റി കടലിലേയ്ക്ക് പോകാം.

മമ്മാലിക്ക കിടന്നുകൊണ്ട്.

മമ്മാലിക്ക: മീൻ പിടിക്കാൻ മാത്രേ ഞാൻ ബോട്ട് ഓടിക്കൂ, ആരാണെന്നാ ഓടിച്ചോ!

ബോട്ട് സ്റ്റാർട്ടാക്കുന്ന ഗണപതി.

ഹാർബറിൽ നിന്നും അകന്നു പോകുന്ന ബോട്ട്.



18(a)
------

ബോട്ടിനുൾഭാഗം - ബോട്ടിൽ ഇരിക്കുന്ന ദാസപ്പൻ

ദാസപ്പൻ:നിങ്ങളിൽ ആരാ പൊന്നപ്പൻ?

പയ്യൻ : പൊന്നപ്പനാ? (പെട്ടെന്ന് ബൾബ് കത്തിയപോലെ ചിരിക്കുന്നു) അതിവനാ.. പൊന്നപ്പനല്ല,പൊന്നി . യഥാർഥ പേര് വിനയൻ.

ഒരാൾ: മുഖം കണ്ടാലേ അറിയാം. നല്ല വിനയം!

പയ്യൻ: എവിടെ പെണ്ണ്?

ഒരാൾ: പെണ്ണാ! ഏതു പെണ്ണ്?

പയ്യൻ: ദേ..ഞങ്ങൾ രണ്ടുപേരല്ല, ആൾക്കാർ ഇനിയും ഉണ്ട്! കളി  ഞങ്ങളോട് വേണ്ട പറഞ്ഞേക്കാം!

ഗണപതി: എന്നാ എല്ലാരേം വിളിച്ചോ! ജോളിയായിട്ടു പോയി വരാം, ഏതായാലും രണ്ടാഴ്ച കഴിഞ്ഞേ ഇനി ബോട്ട് ഹാർബറിൽ അടുക്കു.

പയ്യൻ: രണ്ടാഴ്ചയാ..എനിക്ക് ഇന്ന് തന്നെ പോരണം!

ഗണപതിയെ ചൂണ്ടി ദാസപ്പൻ 

ദാസപ്പൻ: ഇവൻ റാണിയുടെ വകയിലെ ഒരു മച്ചൂനനായിട്ടു വരും. അതുകൊണ്ട് നിങ്ങളെ രണ്ടിനേം ഞങ്ങ കൊത്തി നുറുക്കി സ്രാവിന്‌ കൊടുക്കും.

ഒരാൾ: എന്താണെന്നറിയില്ല, സ്രാവുകൾക്കു പണ്ടത്തെപ്പോലെ തൂക്കം ഇല്ല. കുറച്ചു ഫുഡ് കൊടുത്തു തടി വപ്പിച്ചിട്ടു പിടിക്കാം എന്ന് കരുതി.

പേടിച്ചു പരസ്പരം നോക്കുന്ന ഫ്രീക്കൻ പയ്യന്മാർ

മമ്മാലി ഉറക്കത്തിൽ നിന്നും എണീറ്റുവന്നു ബോട്ടിന്റെ ചക്രം വാങ്ങുന്നു. 

മമ്മാലി: എന്തിനാ ദാസപ്പാ അറുക്കാൻ കൊണ്ടുവന്ന ആടിനെ പേടിപ്പിക്കുന്നത്. അതിന് ഇച്ചിരി വെള്ളം കൊടുത്തു വേദന അറിയാതെ അറുത്തു മൂലയ്ക്ക് മാറ്റി ഇട്, സ്രാവ് വരുമ്പോൾ കൊടുക്കാം.

പയ്യന്മാർ പേടിച്ചു വിറയ്ക്കുന്നു.

കാവേരിയെ വിളിക്കുന്ന ദാസപ്പൻ(ഫോൺ സംഭാഷണം) 

ദാസപ്പൻ: എടി ഗണപതിയുടെ മൊബൈലിൽ നിന്നും ഞങ്ങൾ ഇപ്പൊ ലൈവ് ഇടാം. നീ കൂട്ടുകാരിയുടെ whatapp ൽ നിന്നും ഗണപതിയെ ഓൺ ചെയ്യ്.

ഗണപതി ഫോൺ വേറൊരു മൽസ്യത്തൊഴിലാളിക്കു കൈമാറുന്നു.മത്സ്യത്തൊഴിലാളി ക്യാമറ ഓൺ ചെയ്തു ദാസപ്പനും ഗണപതിയും ചെയ്യുന്ന കാര്യങ്ങൾ ലൈവ് ആയി കാവേരിക്ക് അയക്കുന്നു.

19 

നഴ്സിംഗ് ഹോസ്റ്റൽ -പകൽ 


അനുവിന് ചുറ്റും കൂടി നിക്കുന്ന കാവേരിയും മായയും റാണിയും.

[ഇനി ബോട്ടിൽ നടക്കുന്ന കാര്യങ്ങൾ അനുവിന്റെ കൈയിൽ ഇരിക്കുന്ന ഫോണിൽ കൂടി പ്രേക്ഷകരെ കാണിക്കുക ]

മൊബൈലിൽ വരുന്ന സീൻ 

ഗണപതി പൊന്നിയുടെ കൈ രണ്ടും പുറകിലേയ്‌ക്കാക്കി കെട്ടുന്നു.

പൊന്നിയുടെ ഉച്ചത്തിലുള്ള കരച്ചിൽ. 

കരച്ചിൽ കേട്ട് ആഹ്ലാദിക്കുന്ന റാണി.

റാണിയുടെ ക്ലോസപ്പ് ഷോട്ട്, ദേഷ്യം കൊണ്ട് റാണിയുടെ മുഖം ചുമക്കുന്നു.

റാണി: ഗണപതിയേട്ടാ  നാഭി നോക്കി ഒരു ചവിട്ടുകൊട്‌!



18(a)- തുടർച്ച- ബോട്ടിനുൾഭാഗം


മൊബൈൽ ഷൂട്ട് ചെയ്യുന്ന മത്സ്യത്തൊഴിലാളി(ക്യാമറാമാൻ)ഉറക്കെ

കാമറമാൻ: അണ്ണാ നാഭി നോക്കി ചവിട്ടാനാ പെങ്ങള് പറഞ്ഞത്.

ഗണപതി: (ജയൻ സ്റ്റൈൽ)  ഓക്കേ ...കേ

പൊന്നിയുടെ നാഭി നോക്കി ചവിട്ടുന്ന ഗണപതി


19- ഹോസ്റ്റൽ -തുടർച്ച

റാണി: ഗണപതിയെട്ടാ.. മാർത്താണ്ഡനാ എന്നെ ശരിക്കും ഭീഷിണിപ്പെടുത്തിയത്, അവൻ അത് ആർക്കൊക്കെ അയച്ചുകൊടുത്തെന്നു ചോദിക്ക്.

മാർത്താണ്ഡനെ ഗണപതിയുടെ അടുത്തേയ്ക്ക് എടുത്തെറിയുന്ന ദാസപ്പൻ.

മൊബൈലിനു ചുറ്റും നിന്ന് ഗണപതിയുടെ പ്രവർത്തികൾ ലൈവ് കാണുന്ന കൂട്ടുകാരികൾ

മാർത്താണ്ഡനെയും പൊന്നിയെയും ഇടിക്കുന്ന ദാസപ്പനും ഗണപതിയും.

മാർത്താണ്ഡൻ: എന്റെ അമ്മയാണേ! രണ്ട് അച്ഛന്മാരാണേ സത്യം! ഞങ്ങളത് ആർക്കും അയച്ചുകൊടുത്തിട്ടില്ല, ഞങ്ങളല്ലാതെ ആരും അത് കണ്ടിട്ടില്ല!

റാണി: ദാസപ്പണ്ണാ..ആ മൊബൈൽ രണ്ടും തല്ലിപൊട്ടിച്ചു കടലിൽ കളഞ്ഞേക്ക്!



18(a)- തുടർച്ച- ബോട്ടിനുൾഭാഗം


ഒരു കോടാലിയുമായി വരുന്ന ദാസപ്പൻ

വാവിട്ടു നിലവിളിക്കുന്ന പയ്യന്മാർ

മൊബൈൽ കോടാലിക്ക് വെട്ടി പൊളിക്കുന്ന ദാസപ്പൻ!


19 -ലേഡീസ് ഹോസ്റ്റൽ - തുടർച്ച


കാവേരി  ദേഷ്യത്തിൽ

കാവേരി: ദാസപ്പണ്ണ അപ്പൻ പഠിപ്പിച്ച മർമ്മാണി പ്രയോഗിക്ക്‌!


18(a)- തുടർച്ച- ബോട്ടിനുൾഭാഗം

ക്യാമറാമാൻ : അണ്ണാ അപ്പൻ പഠിപ്പിച്ച മർമ്മാണി പ്രയോഗിക്കാൻ കാവേരി കുഞ്ഞു പറയുന്നു.

ആലോചിച്ചു നിക്കുന്ന ദാസപ്പൻ ക്യാമറമാനോട്.

ദാസപ്പൻ: ഏതു മർമ്മാണി ആണെന്ന് ചോദിക്കടാ?

മൊബൈലിൽ നോക്കി ക്യാമറമാൻ

ക്യാമറമാൻ : കാവേരികുഞ്ഞേ ഏതു മർമ്മവിദ്യയാ പ്രയോഗിക്കേണ്ടത്?

കാവേരി: ഇനി ഒരിക്കലും ഉദ്ധാരണം ഉണ്ടാകാത്ത മർമ്മവിദ്യ.

ക്യാമറമാൻ ഉറക്കെ ദാസപ്പനോട്

ക്യാമറാമാൻ: ഇനി ഒരിക്കലും രണ്ടിനും ഉദ്ധാരണം ഉണ്ടാകരുതെന്നാ പെങ്ങളും കാവേരീകുഞ്ഞും പറയുന്നത്.

പേടിച്ചു പരസ്പരം നോക്കുന്ന ഫ്രീക്കൻപിള്ളേർ.

കുന്തം വിഴുങ്ങിയ പോലെ നിക്കുന്ന ദാസപ്പനെ നോക്കി മമ്മാലി

മമ്മാലി: ബോട്ട് ഇനി ഞാൻ മംഗലാപുരത്തേ അടുപ്പിക്കൂ, എന്താണെന്നു വെച്ചാൽ പെട്ടെന്ന് ചെയ്യ്!

മംഗലാപുരം എന്നുകേട്ടപ്പോഴേ ഫ്രീക്കന്മാരിൽ ഒരാളുടെ ബോധം പോകുന്നു.

ദാസപ്പൻ അപ്പോഴും ആലോചിച്ചുനിക്കുന്നു.

പിറുപിറുക്കുന്ന ദാസപ്പൻ.

ദാസപ്പൻ: ആ മർമ്മവിദ്യ അപ്പൻ എന്നെ പഠിപ്പിച്ചില്ലല്ലാ. എന്നെ പഠിപ്പിക്കാത്തതു അപ്പൻ മകൾക്കു പഠിപ്പിച്ചുകൊടുത്തു. ഇത് ചോദിച്ചിട്ടുതന്നെ കാര്യം.


20 

ഹോസ്പിറ്റൽ -പകൽ 


ദാസപ്പൻ പരിക്ക് പറ്റി കിടന്ന ഹോസ്പിറ്റൽ 

ഡോ:ചെറിയാനെ കാണാൻ ഇരിക്കുന്ന ദാസപ്പൻ. ചെറിയാൻ ഡോക്ടറുടെ consulting റൂം. മുൻവശം.

[ചെറിയാൻ ഗൈനക്കോളജിയിലും യൂറോളജിയിലും ഉപരിപഠനം നടത്തിയ ഡോക്ടറാണ്. വളരെ രസികനാണ് ചെറിയാൻ. വിദേശ രാജ്യങ്ങളിൽ നിലവിലുള്ള സിസ്റ്റം(പ്രസവസമയത്തു ലേബർറൂമിൽ ഭർത്താക്കൻമാരെ നിർത്തുന്ന രീതി) ആ ഹോസ്പിറ്റലിൽ ആദ്യമായി പരീക്ഷിച്ചതും ഡോക്ടറാണ്. അതുകൊണ്ടു തന്നെ ഗൈനക്കോളജിയിൽ എന്നതുപോലെ യൂറോളജിയിലും പ്രശസ്തനാണ് ഡോ:ചെറിയാൻ]

നേഴ്സ് പെര് വിളിക്കുമ്പോൾ ഗണപതിയും ദാസപ്പനും കൂടി ഡോക്ടറുടെ റൂമിൽ കയറുന്നു.

ദാസപ്പനെ കാണുമ്പോൾ ചിരിക്കുന്ന ചെറിയാൻ ഡോക്ടർ. തൊഴുന്ന ദാസപ്പനും ഗണപതിയും.

ഡോ:ചെറിയാൻ: ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാ ദാസപ്പാ?

ദാസപ്പൻ: എന്റെ അവസ്ഥയ്ക്ക് ഒരു കുഴപ്പവും ഇല്ല ഡോക്ടറേ, ഇനി ഡോക്ടറും കൂടി ഒരുറപ്പു തന്നാൽ മതി.

ചിരിക്കുന്ന ഡോക്ടറും കംപ്യൂട്ടറിനു മുന്നിൽ ഇരിക്കുന്ന നഴ്സും.

ഗണപതിയെ നോക്കി ദാസപ്പൻ.

ദാസപ്പൻ: എനിക്ക് കുട്ടികൾ ഉണ്ടാകില്ല എന്നും പറഞ്ഞു ഇവൻ ഇടയ്ക്കു പേടിപ്പിക്കുന്നുണ്ട്.

കമ്പ്യൂട്ടർ സ്‌ക്രീൻ ഡോക്ടർക്കു കാണാവുന്ന രീതിയിൽ തിരിക്കുന്ന നേഴ്സ്.

ഡോക്ടർ: testicle ഞരമ്പുകൾക്കു ക്ഷതം ഉണ്ട്. രണ്ടു ഞരമ്പുകൾ പിണഞ്ഞുപോയതുകൊണ്ട്‌ ചുരുങ്ങി ഇരിക്കുവാ. infertility ക്ക് സാധ്യത കാണുന്നുണ്ട്.

ദാസപ്പൻ വിഷമത്തിൽ

ദാസപ്പൻ: എന്ത് ചെയ്യാൻപറ്റും ഡോക്ടറേ?

ഡോക്ടർ: ഓപ്പറേഷൻ കൊണ്ടേ ഞരമ്പുകൾ നേരെയാക്കാൻ പറ്റൂ!

ദാസപ്പൻ: എൻറെ പൊന്നു ഡോക്ടറെ ഓപ്പറേഷൻ അല്ലാതെ എന്തുവേണേലും ചെയ്‌തോ. അന്ന് ഞാൻ സഹിച്ച വേദന, പ്രസവിച്ചാൽ പോലും അത്രേം വേദന കാണില്ല.

ചിരിക്കുന്ന നേഴ്സ്. ദാസപ്പൻറെ മുഖത്തുനോക്കി എന്തോ ആലോചിക്കുന്ന ഡോക്ടർ.

ഡോക്ടർ: പിന്നെ രണ്ടാമത്തെ ഓപ്ഷൻ, ദാസപ്പൻ ഒരു കല്യാണം കഴിക്കുക എന്നുള്ളതാണ്. ഒരുവർഷം ആയിട്ടും കുട്ടികൾ ആയില്ലെങ്കിൽ തീർച്ചയായും സർജറി ചെയ്യണം.

ദാസപ്പൻ: ഉടനെ കല്യാണം കഴിക്കൽ നടക്കത്തില്ല, വേറെ എന്തെങ്കിലും!

ഡോക്ടർ:(ചിരിച്ചുകൊണ്ട്) വേറേ..കല്യാണം കഴിക്കാതെ ദാസപ്പന്റെ കൂടെ living together ആയി കഴിയാൻ ഏതെങ്കിലും പെൺകുട്ടി തയ്യാറാകുമോ?

ദാസപ്പൻ: എന്ന് വെച്ചാൽ?

ഡോക്ടർ:   കല്യാണം കഴിച്ചു എന്ന് നിയമപരമായി ഉറപ്പിക്കാതെ കല്യാണം കഴിച്ച പോലെ ജീവിക്കുക. ഈ ചുംബന സമരക്കാരൊക്കെ അതിനുവേണ്ടിയാ ശ്രമിക്കുന്നത്. അവരുടെ കൂടെ ദാസപ്പനും അണി ചേരാം!

ചിരിക്കുന്ന ഡോക്ടറും നഴ്സും

ദാസപ്പന് പെട്ടെന്ന് ബൾബ് കത്തുന്നു.

ദാസപ്പൻ: അതു കൊള്ളാല്ലാ ഡോക്ടറെ!

ഡോക്ടർ: ങേ!..അപ്പോ ആരോ ഉണ്ട്. ഞാൻ തമാശ പറഞ്ഞതാ ദാസപ്പാ. വെറുതെ വയ്യാവേലി എടുത്തു തലയിൽ വെയ്ക്കണ്ട.

ദാസപ്പൻ: അല്ല ഡോക്ടറെ, അങ്ങനെ ഒരാളുണ്ട്. അവളോട് ഞാൻ ഒന്ന് ചോദിക്കട്ടെ.

ദാസപ്പൻ അടക്കം പറയാൻ ഡോക്ടറോട് അല്പം കൂടി ചേർന്നിരിക്കുന്നു.

ദാസപ്പൻ: ഇനി വയറ്റിലെങ്ങാനും ഉണ്ടായാൽ ഡോക്ടർ ഒന്നു കലക്കി തരണം.

ഡോക്ടർ: ഞാൻ കലക്കില്ല, രണ്ടുപേരുടേം കൂടി കല്യാണം നടത്തിത്തരും.

ഡോക്ടറുടെ ടേബിളിൽ ഇരിക്കുന്ന പേപ്പർ വെയിറ്റ് എടുത്തുകറക്കുന്ന ദാസപ്പൻ.

ഡോക്ടർ ചിരിച്ചുകൊണ്ട് കമ്പ്യൂട്ടറിൽ നോക്കി ഹിന്ദിയിൽ സംസാരിക്കുന്നു.

ഡോക്ടർ: "യേ ശയിത്താൻ ആദ്മി ഹേ"

ദാസപ്പൻ: ഡോക്ടർ എന്നെ ചെകുത്താൻ എന്നല്ലേ വിളിച്ചത്? എനിക്ക് മനസിലായി!

ഡോക്ടർ: അയ്യോ..ഹിന്ദിയിൽ "ശയിത്താൻ ആദ്മി" എന്നുപറഞ്ഞാൽ "വികൃതി പയ്യൻ "എന്നാ! naughty ..naughty.

ദാസപ്പൻ: ആണാ..ദൈവമേ! ഞാൻ ഫോർട്ട് കൊച്ചി വെച്ച് ഒരു പാവം സർദാർജിയെ പിടിച്ചിടിച്ചതാ ചെകുത്താനെന്നു വിളിച്ചിട്ട്! പാവം..ഇനി കാണുമ്പോൾ എന്തായാലും മാപ്പു പറയണം.

ദാസപ്പൻ: ഹിന്ദി പഠിച്ചില്ലെങ്കിൽ ഉള്ള കുഴപ്പം ഇതാ!

ഡോകട്ർ: ദാസപ്പൻ എന്തായാലും ലാബിൽ പോയി seminal fluid count ഒന്നു നോക്കിട്ടു പൊക്കോ. കുറച്ചു വിറ്റമിൻ ഗുളിക കൂടി കുറിക്കുന്നുണ്ട്. അത് കഴിച്ചു ആറു മാസം കഴിഞ്ഞു ഒന്ന് വരണം.

മനസിലാകാതെ ഇരിക്കുന്ന ദാസപ്പൻ.

21 

ഹോസ്പിറ്റൽ -ലാബ് -പകൽ 


ഡോക്ടറെ കാണുമ്പോൾ ധരിച്ചിരുന്ന വേഷം തന്നെ ദാസപ്പനും ഗണപതിയും ധരിച്ചിരിക്കുന്നു.

ദാസപ്പൻ ചീട്ട് ലാബിലെ സിസ്റ്ററിന്റെ കൈയിൽ കൊടുക്കുന്നു.ദാസപ്പൻ കൊടുത്ത ചീട്ടു നോക്കുന്ന സിസ്റ്റർ.

സിസ്റ്റർ: യൂറോളജിയിലെ ചീട്ടാ!

വേറൊരു സിസ്റ്റർ ഒരു പ്ലാസ്റ്റിക് കണ്ടെയ്നർ എടുത്തു ദാസപ്പന് കൊടുക്കുന്നു.

സിസ്റ്റർ: ഇടതുവശത്താ ടോയ്‌ലറ്റ്!

ഒന്നും മനസ്സിലാകാതെ സിസ്റ്റർ കൊടുത്ത പ്ലാസ്റ്റിക്‌പാത്രം വാങ്ങി ദാസപ്പൻ ഗണപതി ഇരിക്കുന്നിടത്തു ചെല്ലുന്നു.

ദാസപ്പൻ: എടാ ഒരു പാത്രം എന്റെ കൈയിൽ തന്നു. എന്തിനാണെന്നറിയില്ല?

ഗണപതി: അണ്ണൻ ബാത്ത്റൂമിൽ പോയി എടുത്തുകൊടുക്കു, അതിനാ പാത്രം.

ദാസപ്പൻ: എന്ത്?

ഗണപതി: seminal fluid അതായത് semen!

ദാസപ്പൻ:അതെന്താണെന്നാടാ ഞാനീ ചോദിക്കുന്നത്?

ഗണപതി: അത്..അതിന്റെ മലയാളം വാക്ക് മറന്നുപോയി..(ഓർക്കാൻ ശ്രമിക്കുന്ന ഗണപതി)

ഗണപതി അടക്കത്തിൽ ദാസപ്പന്റെ ചെവിയിൽ എന്തോ പറയുന്നു.പ്രേക്ഷകർ കേൾക്കുന്നില്ല.

ദാസപ്പന്റെ മുഖത്ത് വിരിയുന്ന വ്യത്യസ്ത ഭാവങ്ങൾ!

പ്ലാസ്റ്റിക് പാത്രം ദാസപ്പന്റെ കൈയിൽനിന്നും താഴെ പോകുന്നു.

ദാസപ്പൻ: ഇതിനേക്കാൾ ഭേദം സ്രാവ് എന്നെ കടിച്ചു തിന്നുന്നതായിരുന്നു!


 22   

കടപ്പുറം -വൈകുന്നേരം 


ക്ലാരയുടെ വീടിനുപടിഞ്ഞാറുവശം ദാസപ്പൻ വള്ളം കയറ്റി വച്ചിരിക്കുന്ന സ്ഥലം. ദാസപ്പൻ ഒറ്റയ്ക്കിരുന്നു വലയുടെ ഉടക്ക് തീർത്തു വയ്ക്കുന്നു.

വൈകുന്നേരം ആയതുകൊണ്ട് കടപ്പുറത്തു സന്ദർശകരുടെ തിരക്കുണ്ട്.

ദാസപ്പൻ ഇരിക്കുന്നിടത്തു ആരുമില്ല എന്നുമനസിലാക്കി ക്ലാര ദാസപ്പന്റെ അടുത്ത് ചെല്ലുന്നു. ക്ലാര നൈറ്റി ധരിച്ചിരിക്കുന്നു.

ക്ലാര: എന്തേ പറയാനുണ്ടെന്ന് പറഞ്ഞിട്ട്?

ദാസപ്പൻ: ഫോണിൽ കൂടി പറഞ്ഞാ ശരിയാകേല, അതാ വരാൻ പറഞ്ഞത്.

ക്ലാര:ഞാൻ പറഞ്ഞിട്ടുണ്ട്,മുഖവുരയിട്ടു സംസാരിക്കരുതെന്ന്?

ദാസപ്പൻ: അതിനാരു മുഖാവരയിട്ട്?

ക്ലാര; പറ!

ദാസപ്പൻ: കല്യാണം കഴിച്ചു ഒരുവർഷം ബന്ധപെട്ടു നോക്കാൻ ഡോക്ടറു പറഞ്ഞു.

ക്ലാര: എന്തിന്?

ദാസപ്പൻ:എന്നിട്ടും കുട്ടികൾ ഉണ്ടായില്ലെങ്കിൽ ഓപ്പറേഷൻ ചെയ്യണൊന്നു ഡോക്ടർ പറഞ്ഞു. 

ക്ലാര ശ്രദ്ധിച്ചിരിക്കുന്നു.

ദാസപ്പൻ: അതുകൊണ്ടു സമയം ഉണ്ടാക്കി ഞാൻ നിന്നെ കാണാൻ തീരുമാനിച്ചിരിക്കുവാ. പാതിരാത്രി ആകാനൊന്നും കാത്തിരിക്കണ്ട എപ്പോ സമയം ഒത്തുവരുവോ അപ്പൊ വിളിച്ചോണം. ഇടയ്ക്കു തടസ്സങ്ങൾ ഒന്നും ഇല്ലാതെ ഇനിനമ്മൾ ഒന്നാകും.

ആരെയും മോഹിപ്പിക്കുന്ന വശ്യതയിൽ ദാസപ്പനെ നോക്കുന്ന ക്ലാര.

ക്ലാര: ഞാൻ ഗർഭിണി ആയാലെന്തു ചെയ്യും?

ദാസപ്പൻ:പിറ്റേ ദിവസം നമ്മുടെ കല്യാണം!

ഒരു ദിവാസ്വപ്നം കാണുന്ന ക്ലാര.

നിറവയറുമായി നിക്കുന്ന ക്ലാരയുടെ കഴുത്തിൽ ദാസപ്പൻ താലി കെട്ടുന്നു.
നിറവയറുമായി നിക്കുന്ന ക്ലാരയെ കത്തിച്ച നിലവിളക്കുമായി വീട്ടിലേയ്ക്കു ആനയിക്കുന്ന കാവേരി. 

ഇവിടെ ഒരു ഗാനരംഗം ആരംഭിക്കുന്നു.

23  

ഗാനരംഗം സീനുകൾ 


ദാസപ്പനും ക്ലാരയും തമ്മിലുള്ള സംഗമങ്ങൾ കൂടുതലായി ഇടവിട്ട് കാണിക്കുക.

വർഷങ്ങൾ ദ്രുതഗതിയിൽ പോകുന്ന സീനുകൾ 

1 . ഇടയ്ക്കു കാവേരി അവധിക്കു നാട്ടിൽ വരുന്നു.അധികം ചേഞ്ച് കാവേരിക്ക് വന്നിട്ടില്ല(മോഡേൺ ആയിട്ടില്ല).

2 . ക്ലാരയും കാവേരിയും തമ്മിൽ കാണുന്നു.

3 . ക്ലാരയുടെ മുറി. രാത്രീയുടെ മറ പറ്റി ക്ലാരയുടെ മുറിയിൽ കയറുന്ന ദാസപ്പൻ.

4 . കെട്ടിപിടിച്ചു കട്ടിലിൽ ഇരിക്കുന്ന ദാസപ്പനും ക്ലാരയും. ഭയങ്കരമായ ആവേശത്തിൽ കെട്ടിപ്പിടിക്കുന്നു ക്ലാര.

5 . കലണ്ടറിൽ അന്നത്തെ തീയതിക്കുള്ളിൽ  വട്ടം വരച്ചിടുന്ന ക്ലാര.(ഇപ്പോൾ നടക്കുന്നത് 2018 ലെ സംഭവം അല്ല. അതുകൊണ്ടു 4 -5 വർഷം പുറകിലുള്ള ഏതെങ്കിലും കലണ്ടർ കാണിക്കുക)

[കഥ നടക്കുന്ന കാലഘട്ടത്തെ പറ്റി അവസാനം പറയാം]

6 .ദാസപ്പനും ക്ലാരയും ബന്ധപ്പെടുന്ന ദിവസങ്ങളിൽ എല്ലാം ക്ലാര കലണ്ടറിൽ വട്ടം വരച്ചിടുന്നുണ്ട്. അത് പ്രേക്ഷകർക്കും കൂടി മനസിലാകുന്ന വിധത്തിൽ കാണിക്കുക. അതായത്ബന്ധപെട്ടതിനു ശേഷം ആണ് ക്ലാര കലണ്ടറിൽ  വട്ടം  വരച്ചിടുന്നത്.

7 .കാവേരി പഠനത്തിന്റെ തിരക്കുകളിൽ നടക്കുന്നു.

8 .കാവേരിയും സോണിയും കൂടി കാണുന്നു. റെസ്റ്റോറന്റിൽ ഇരിക്കുന്ന കാവേരിയും അനുവും സോണിയും. എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന സോണി. അനുവും ചിരിക്കുന്നു.

9 .ദാസപ്പനും ക്ലാരയും തമ്മിലുള്ള സംഗമം. സമയവും വസ്ത്രങ്ങളും മാത്രം ചേഞ്ച് ആകുന്നു.വട്ടം വരയ്ക്കുന്ന ക്ലാര. കലണ്ടറിൽ കൂടുതൽ വട്ടം വരച്ചിരിക്കുന്നത് പ്രേക്ഷകരെ കാണിക്കുക. അതായത് മിക്ക ദിവസങ്ങളിലും ക്ലാരയും ദാസപ്പനും ബന്ധപ്പെടുന്നുണ്ട് എന്ന് പ്രേക്ഷകരെ മനസിലാക്കുക.

10. ക്ലാരയുടെ മുറിയിൽ ഇരിക്കുന്ന stayfree(സാനിറ്ററി പാഡ്) - ക്ലോസപ്പ് ഷോട്ട്

11. മുറിയിലേയ്ക്കു ഓടി വരുന്ന ക്ലാര. stayfree പൊട്ടിച്ചു പാഡ് എടുത്തു ബാത്റൂമിലേയ്ക്ക് പോകുന്ന ക്ലാര.

12 . നഴ്സിംഗ് പഠനത്തോടൊപ്പം IELT കോഴ്സ് പഠിക്കാൻ ചേരുന്ന കാവേരി.

13 .മായയും അനുവും റാണിയും കാവേരിയും കൂടി ബാംഗ്ലൂർ നഗരത്തിൽ ഷോപ്പിംഗ് നടത്തുന്നു.

14 . പൂവാലന്മാർ ശല്യത്തിനുവരുമ്പോൾ മർമ്മ വിദ്യ പ്രയോഗിക്കുന്ന കാവേരി.

15 . ബ്യൂട്ടി പാർലറിൽ ഇരിക്കുന്ന അനുവും കാവേരിയും.

16 . ബാംഗ്ലൂർ നഗരത്തിൽ വന്നതിന്റെ ചേഞ്ച് മുഖത്തും ഡ്രസ്സിങ്ങിലും വരുത്തുന്ന കാവേരി.

17 . IELT ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് കയറിപ്പോകുന്ന കാവേരി.

18 . എക്സാം എഴുതുന്ന കാവേരി.

19 . സ്വന്തം വീട്ടിൽ വരുന്ന കാവേരി.

20 . നാരായണനെ കെട്ടിപിടിക്കുന്ന കാവേരി.

21 . ചെടികളുടെ അവസ്ഥ കണ്ടു സങ്കടപെടുന്ന കാവേരി.[വർഷങ്ങൾ ഓടി മറയുന്നതു കാവേരി വെച്ച ചെടികളുടെ വളർച്ചയിലൂടെ കാണിക്കാം]

22 . ആൻഡ്രോയിഡ് ഫോണിലേയ്ക്ക് അപ്ഡേറ്റ് ആകുന്ന കാവേരി.

23 . സോണിയെ കാണുന്ന കാവേരി.

24 . ദാസപ്പനും ക്ലാരയും തമ്മിലുള്ള സംഗമം. നേരത്തെയുള്ള ആവേശം ക്ലാര കാണിക്കുന്നില്ല.

25 .അസ്വസ്ഥയാകുന്ന ക്ലാര.സ്റ്റേഫ്രീയുടെ ക്ലോസപ്പ് ഷോട്ട്. പാഡുമായി ബാത്‌റൂമിൽ കയറുന്ന ക്ലാര.

26 . നാരായണനും മമ്മാലിയും സംസാരിക്കുന്നു. കടപ്പുറത്തുകൂടി കെട്ടിപിടിച്ചു നടക്കുന്ന നാരായണനും മമ്മാലിയും.

27 . ദാസപ്പനും ക്ലാരയും ആയുള്ള സംഗമം. ഇപ്പോൾ ക്ലാരയുടെ മുഖത്തുള്ള അസ്വസ്ഥത പ്രേക്ഷകർക്ക് കൂടുതൽ മനസിലാകുന്ന രീതിയിൽ കാണിക്കുക.

28 . ദാസപ്പൻ പോകുമ്പോൾ കലണ്ടറിൽ വരയ്ക്കുന്ന ക്ലാര. കലണ്ടർ മറിച്ചു ബന്ധപ്പെട്ട ദിവസങ്ങൾ എണ്ണിനോക്കുന്ന ക്ലാര.

29 . വിഷമിച്ചിരുന്ന ക്ലാര.

30 . സ്റ്റേഫ്രീ പൊട്ടിച്ചു പാഡ് എടുത്തു ബാത്‌റൂമിൽ കയറുന്ന ക്ലാര.


 24

ബാംഗ്ലൂർ നഗരം- പകൽ 


കാവേരിയും സോണിയും ഒരു ഓപ്പൺ റെസ്റ്റോറന്റിൽ ഇരിക്കുന്നു. ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി(ഭക്ഷണം കഴിച്ചു തീരാറായ ഒരു ഫീൽ ടേബിളിൽ വരുത്തുക)

കാവേരി: ഈ മാസം കഴിഞ്ഞാൽ എക്സാം കഴിയും. ഇവിടെ തന്നെ ഏതെങ്കിലും ഹോസ്പിറ്റൽ നോക്കാമെന്നാ അനു പറഞ്ഞത്.

സോണി: ജോലിയൊക്കെ പിന്നെ ആലോചിക്കാം. ഞാൻ തിരിച്ചു UK യ്ക്ക് പോകുമ്പോൾ എനിക്ക് മാര്യേജ് സർട്ടിഫിക്കറ്റ് കൂടി കൊണ്ടുപോകണം.

കാവേരി: ഏതെങ്കിലും അമ്പലത്തിൽ വച്ച് സോണിയേട്ടൻ എന്റെ കഴുത്തിൽ താലി കെട്ടണം എന്നൊരാഗ്രഹം ഉണ്ട്.

സോണി: അതൊക്കെ പിന്നെ ആലോചിച്ചാൽ മതി. എനിക്ക് ബ്രിട്ടനിൽ ചെന്ന് ഫാമിലി വിസ എടുക്കാൻ മാര്യേജ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. അടുത്ത വർഷം വരുമ്പോൾ അമ്പലത്തിൽ വച്ച് കല്യാണം നടത്താം. ഇപ്പൊ രജിസ്റ്റർ ഓഫീസിൽ വച്ച് കല്യാണം മാത്രം രജിസ്റ്റർ ചെയ്യാം! പോരെ?

ആലോചിച്ചിരിക്കുന്ന കാവേരി

സോണി: ഞാൻ അന്ധകാരനഴി വന്നു ഏട്ടനെ കാണട്ടെ!

കാവേരി: വേണ്ട!..അണ്ണൻ സമ്മതിച്ചില്ലെങ്കിൽ പിന്നെ..പിന്നെ എനിക്ക് ദാസപ്പണ്ണനെ ധിക്കരിക്കാൻ പറ്റില്ല! 

സംസാരത്തിൽ അല്പം ഗ്യാപ് ഇട്ടിട്ടു എന്തോ ആലോചിക്കുന്ന കാവേരി 

കാവേരി: അണ്ണന് വേണ്ടി എന്തും ചെയ്യുന്ന ഒരു ഗ്യാങ് തോപ്പുംപടിയിലും മംഗലാപുരത്ത് ഹാർബറിലും ഉണ്ട്. അതാ എനിക്ക് പേടി!

സോണി: എന്നാ രജിസ്റ്റർ മാര്യേജ് ചെങ്ങന്നൂർ വച്ച് നടത്താം. എന്റെ വീട്ടുകാർ എല്ലാരും കാണും. കാവേരി അനുവിനെ കൂട്ടി  ചെങ്ങന്നൂർക്കു വന്നാൽ മതി.

കാവേരി: സോണിയേട്ടൻ രജിസ്റ്റർ മാര്യേജിനുള്ള ഒരുക്കങ്ങൾ നടത്തിക്കോ! എല്ലാം രഹസ്യായിട്ടു മതി. ഈ കാര്യത്തിൽ ഗണപതിയെട്ടനേ  എന്നെ സഹായിക്കാൻ പറ്റൂ! എന്റെ മനസ്സ് അങ്ങനെ പറയുന്നു.

കാവേരിയെ നോക്കി ഇരിക്കുന്ന സോണി!



25 

ദാസപ്പൻറെ വീട്-രാവിലെ 


നാരായണൻ വീടിന്റെ മുൻവശം വൃത്തിയാക്കുന്നു. 

ദാസപ്പൻ കട്ടിലിൽ തന്നെ കിടക്കുന്നു. ഫോൺ ബെല്ലടിക്കുന്നതു കേട്ട് ഫോൺ എടുക്കുന്ന ദാസപ്പൻ.

ഫോൺ സംഭാഷണം.

കാവേരി: അണ്ണാ!

ദാസപ്പൻ: മകളെന്താ രാവിലെ വിളിച്ചത്.

കാവേരി: അതുശരി, നേരം എത്രയായെന്നാ വിചാരം. എന്ന് അണ്ണന്റെ പിറന്നാളാ, കുളിച്ചു അമ്പലത്തിൽ പോയി തൊഴുത്തിട്ടു വാ.

ദാസപ്പൻ: ഞാനതു മറന്നിരിക്കെരുന്നു.

കാവേരി: സ്വന്തം കാര്യം ഒന്നും അണ്ണന് ഓർമ്മയിലല്ലാ, ഓർമ്മിപ്പിക്കണത് ഞാനല്ലേ!..ക്ലാരേച്ചി അമ്പലത്തിൽ വരും. അണ്ണൻ ഒരുങ്ങി അമ്പലത്തിൽ ചെല്ല്,വഴിപാടിന്റെ കാര്യൊക്കെ ഞാൻ ക്ലാരേച്ചിയോട് പറഞ്ഞിട്ടുണ്ട്.

ഫോൺ കട്ട് ചെയ്യുന്ന ദാസപ്പൻ.

ദാസപ്പൻ സ്വയം സംസാരിക്കുന്നു.

ദാസപ്പൻ: ഇന്നലെ രാത്രി കൂടി കണ്ടിട്ട് അവളീ കാര്യം പറഞ്ഞില്ലല്ലാ!

26 

ദാസപ്പന്റെ വീട് -രാവിലെ 


മുറ്റത്തു നിക്കുന്ന ചെടികൾക്ക് നനയ്ക്കുന്ന നാരായണൻ. കാവേരി വീട്ടിലുണ്ടായിരുന്നപ്പോൾ ഉള്ള ഭംഗി ഇപ്പോൾ ചെടികൾക്കും മുറ്റത്തിനും ഇല്ല.
നാരായണൻ എല്ലാ ദിവസവും ചെടികൾക്ക് നനയ്ക്കുന്നുണ്ട്.പരിചരണം കുറവായതു ചെടികളിലും കാണുന്നുണ്ട്.

രണ്ടു ഗ്ലാസിൽ കട്ടൻ ചായയുമായി നാരായണനടുത്തു ചെല്ലുന്ന ദാസപ്പൻ 

ഗ്ലാസ് വാങ്ങുന്ന ദാസപ്പൻ 

ഗ്ലാസിലെ ചായ മൊത്തി കൊണ്ട് ദാസപ്പൻ.

ദാസപ്പൻ: പണ്ടത്തെ ഒരു ഭംഗി ഇപ്പൊ ചെടികൾക്കില്ല!

നാരായണൻ: ചെടികൾക്ക് മാത്രമല്ല, ഈ വീടിനും ഇല്ല,നമ്മൾക്കും ഇല്ല!

ദാസപ്പൻ: അപ്പന്റെ പറച്ചില് കേട്ടാൽ എല്ലാം ഞാൻ കാരണമാണെന്ന് തോന്നുവാല്ലാ!

നാരായണൻ: ഒരു പെണ്ണ് ഇല്ലങ്കിൽ വീട് നശിച്ചുപോകും,നീ വേഗം തന്നെ കാവേരിക്കൊരു ചെറുക്കനെ കണ്ടുപിടിക്കണം.എന്നിട്ടു ക്ലാരയെ ഇങ്ങോട്ടു വിളിച്ചോണ്ടു വാ. നീ ബോട്ടിൽ കയറിയാൽ പിന്നെ രണ്ടാഴ്ച്ച ഞാൻ ഇവിടെ ഒറ്റയ്ക്കാ,മിണ്ടാനും പറയാനും പോലും ആരുമില്ല!

അപ്പൻ പറയുന്നതിൽ കാര്യം ഉണ്ടെന്നു മനസിലാക്കി ഒന്നും മിണ്ടാതിരിക്കുന്ന ദാസപ്പൻ.

ദാസപ്പൻ: അപ്പാ ഞാൻ കുളിച്ചു അമ്പലത്തിൽ പോയിട്ട് വരാം, വരുമ്പോൾ ഹോട്ടലിൽ കയറി എന്തെങ്കിലും കഴിക്കാൻ വാങ്ങിക്കാം!

നാരായണൻ: ഇന്നെന്താ പതിവില്ലാതെ അമ്പലത്തിൽ പോക്ക്?

ദാസപ്പൻ: ഇന്ന് എന്റെ പിറന്നാളാ അപ്പാ!

നാരായണൻ: ഞാനതു മറന്നു, നീ എന്നോട് ക്ഷമിക്ക്!

ദാസപ്പൻ: ഞാനും മറന്നിരിക്കെരുന്നു, കാവേരി വിളിച്ചു പറഞ്ഞപ്പഴാ ഞാൻ അറിഞ്ഞത്!

നാരായണൻ: ഇതാ നല്ല പ്രാപ്തിയുള്ള പെണ്ണ് വീട്ടിൽ ഉണ്ടാകണം എന്ന് പറയുന്നത്.

ദാസപ്പൻ: അപ്പൻ കുറച്ചു ദിവസം കൂടി ക്ഷമിക്ക്, പരിഹാരം ഉണ്ടാക്കാം!


27 

ക്ഷേത്രം-രാവിലെ 


ചുറ്റമ്പലമില്ലാത്ത ഒരു ക്ഷേത്രമതിലിനുള്ളിലേയ്ക്ക് കയറുന്ന ദാസപ്പനും ക്ലാരയും. ദാസപ്പൻ ഷർട്ടും വെള്ള മുണ്ടും ധരിച്ചിരിക്കുന്നു. ക്ലാര സാരിയുടുത്തു കൂടുതൽ സുന്ദരിയായിരിക്കുന്നു.

ക്ലാര: ഇപ്പോൾ ദാസണ്ണനെ കാണാൻ നല്ല ചന്തമുണ്ട്!

ക്ലാര ഇത് പറയുമ്പോൾ ദാസപ്പൻ കൈ കൊണ്ട് മുടി ഒന്നുകൂടി ചീകി വയ്ക്കുന്നു. മുണ്ട് ഒന്നുകൂടി നിവർത്തി ഇടുന്നു. ഷർട്ട് ചുളിവുകൾ തീർത്ത് ഒന്നുകൂടി നേരെയാക്കി ഇടുന്നു.

ദാസപ്പനെ അഭിമാനപൂർവ്വം നോക്കുന്ന ക്ലാര.

വഴിപാട് കൗണ്ടറിൽ ചെന്ന് ദാസപ്പന്റെ പേരിൽ രസീത് എടുക്കുന്ന ക്ലാര.

അമ്പലത്തിൽ പ്രദിക്ഷണം വച്ച് തൊഴുന്ന ദാസപ്പനും ക്ലാരയും. ക്ലാരയുടെ കൈ അറിയാതെ കുരിശു വരയ്ക്കുന്നു,പെട്ടെന്ന് തന്നെ ക്ലാര തൊഴാൻ ശ്രമിക്കുന്നു.


28 

ആൽത്തറ -രാവിലെ 


ക്ലാരയും ദാസപ്പനും ആൽത്തറയിൽ ഇരിക്കുന്നു.

അമ്പലക്കുളത്തിൽ ഒന്നുരണ്ടു കുട്ടികൾ പതച്ചു കുളിക്കുന്നതിന്റെ ലോങ്ങ് ഷോട്ട്.

ഒന്നുരണ്ടു സ്ത്രീകൾ ദാസപ്പനെയും ക്ലാരയെയും കവർ ചെയ്തു അമ്പലത്തിലേക്ക് പോകുന്നു. ഒന്നുരണ്ടു ഇരുചക്ര വാഹനങ്ങൾ അൽത്തറയ്‌ക്കു സമീപം പാർക്ക് ചെയ്തിരിക്കുന്നു.

സൈക്കിൾ ബെൽ ശബ്ദം- യൂണിഫോമിൽ മൂന്നാലു പെൺകുട്ടികൾ കലപില കൂടി സൈക്കിളിൽ സ്കൂളിൽ പോകുന്നു. അമ്പലത്തിനു മുന്നിൽ വരുമ്പോൾ സൈക്കിളിൽ ഇരുന്നു തന്നെ ദേവിയെ തൊഴുതു ദാസപ്പനെയും ക്ലാരയെയും കവർ ചെയ്തു പോകുന്നു.

ദാസപ്പൻ: കാവേരിയുടെ കല്യാണം കഴിയാൻ കാത്തിരുന്നാൽ നമ്മൾ പ്രായമായി പോകും. രജിസ്റ്റർ കച്ചേരിയിൽ പോയി ഒപ്പിട്ടിട്ട് ഈ അമ്പലത്തിൽ വന്നു താലി കെട്ടാം!

താല്പര്യം ഇല്ലാതെ വിദൂരതയിൽ നോക്കി ഇരിക്കുന്ന ക്ലാര.

ക്ലാര: ഇന്നലത്തെ കൂടി കൂട്ടിയാൽ 238 ദിവസം നമ്മൾ ബന്ധപ്പെട്ടിട്ടുണ്ട്. ഇതുവരെ എന്റെ മാസക്കുളി തെറ്റീട്ടില്ല!

ദാസപ്പൻ: അതിന്?

ക്ലാര: ദാസണ്ണൻ  എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തണം. എന്നിട്ടു കല്യാണത്തെ പറ്റി ആലോചിക്കാം!

ദാസപ്പൻ: ഇതുവരെ നീ അങ്ങനല്ലല്ലാ പറഞ്ഞത്?

ക്ലാര: ഞാനൊരു സ്ത്രീയല്ലേ ദാസണ്ണ..അമ്മയാകുമ്പോഴുള്ള രസം എനിക്കും അനുഭവിക്കണം. ദാസണ്ണൻറെ കുട്ടിയെ തന്നെ എനിക്ക് പ്രസവിക്കണം.

ആൽത്തറയിൽ നിന്നും എണീക്കുന്ന ദാസപ്പൻ.

ദാസപ്പൻ: നീ നടന്നോ..എനിക്ക് അപ്പന് കാപ്പിക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കണം!

നടന്നു നീങ്ങുന്ന ദാസപ്പൻ.

ക്ലാര: എന്നോട് പിണങ്ങിയാ?

ഒന്നും മിണ്ടാതെ നടന്നു നീങ്ങുന്ന ദാസപ്പൻ!

നോക്കി നിക്കുന്ന ക്ലാര!

29 

കടപ്പുറം -വൈകുന്നേരം 


സൂര്യൻ കടലിലേയ്ക്ക് മറഞ്ഞുകൊണ്ടിരിക്കുന്നു. കടൽത്തീരത്തെ മണൽത്തരികൾക്കും തിരകൾക്കും കുങ്കുമശോഭ പടർന്നിരിക്കുന്നു.

ദാസപ്പന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ കാണിക്കാൻ സീനുകൾക്കും കുങ്കുമനിറം കൊടുക്കുക.

വള്ളത്തിനു സമീപം കൂട്ടിയിട്ടിരിക്കുന്ന മൽസ്യബന്ധന വലകളുടെ മുകളിൽ കിടക്കുന്ന ദാസപ്പൻ.

ഗണപതി വള്ളത്തിനു മുകളിൽ അലസമായി കിടക്കുന്നു. രണ്ടുപേരും അധികം സന്തോഷിക്കാതെയും അധികം സങ്കടപെടാതെയും അലസമായി കിടക്കുന്നു.

ദാസപ്പൻ: എല്ലാവരും എന്തെങ്കിലും ഒക്കെ പ്രതീക്ഷിച്ചുകൊണ്ടായിരിക്കും എല്ലാവരെയും സ്നേഹിക്കുന്നത്.

ഗണപതി: എന്താപ്പാ അങ്ങനെ തോന്നാൻ?

ഈ സമയം രണ്ടു മുക്കുവർ ദാസപ്പനെയും ഗണപതിയേയും ക്രോസ്സ് ചെയ്തു തെക്കോട്ടു നടന്നുപോകുന്നു.പോകുന്ന കൂട്ടത്തിൽ മുക്കുവരിൽ ഒരുവൻ ദാസപ്പനോട് കുശലം ചോദിക്കുന്നു.

മുക്കുവൻ1 : ഇതെന്താണ് രണ്ടുപേരും കൂടി മേലാട്ടു നോക്കി വായും പൊളിച്ചു കിടക്കണത്?

ദാസപ്പൻ:(ഉറക്കെ): ഒരു കാക്ക പറന്നുപ്പോകുബം വായിൽ തന്നെ തൂറി തരാന്നു പറഞ്ഞു. അത് വായില് തന്നെ മേടിക്കാൻ കിടക്കേണ്!

മുക്കുവർ നടന്നുപോകുന്ന കൂട്ടത്തിൽ എന്തോ പറയുന്നുണ്ട്, അത് ദാസപ്പനോ ഗണപതിയോ പ്രേക്ഷകരോ വ്യക്തമായി കേൾക്കുന്നില്ല.

വീണ്ടും കൂട്ടുകാർക്കിടയിൽ മൗനം തളം കെട്ടുന്നു.

ദാസപ്പൻ: മനസ്സിൽ തീ കോരിയിടും, എന്നിട്ടു ഊതി കത്തിക്കും. മനസ്സിൽ തീ ആളിപടർന്നാൽ പിന്നെ വിലപേശൽ നടത്താല്ലാ, നമ്മ കൊളുത്തി കെടക്കേണല്ലാ!

ഗണപതി ഇപ്പോൾ വള്ളത്തിൽ എണീറ്റിരിക്കുന്നു. 

ദാസപ്പനടുത്തു വലയിൽ വന്നിരിക്കുന്ന ഗണപതി.

ദാസപ്പൻ: തീ കോരിയിട്ടവൾക്കറിയാം അത് കെടുത്താനും അവള് തന്നെ വരണമെന്ന്, അതുകൊണ്ടാണല്ലാ വിലപേശൽ നടത്തണത്.

ഗണപതി: തെളിച്ചുപറ ദാസപ്പണ്ണാ!

ദാസപ്പൻ: ഓപ്പറേഷൻ കഴിഞ്ഞു കല്യാണത്തെ കുറിച്ച് അലോചിക്കാമെന്ന്!

ദാസപ്പൻ കുറച്ചുനേരം മൗനം.

ദാസപ്പൻ: ക്ലാര പറഞ്ഞതാ!

ഗണപതി: അതാണാ കാര്യം, ഇത്രയും സാഹിത്യം കേട്ടപ്പോ ഞാൻ പേടിച്ചുപോയി!

ദാസപ്പനെ പിടിച്ചെഴുന്നേൽപിക്കുന്ന ഗണപതി.

ഗണപതി: അതെന്തായാലും ചെയ്യണം ദാസപ്പണ്ണാ, നമുക്ക് നാളെ കഴിഞ്ഞു ചെറിയാൻ സാറിനെ പോയി കാണാം!

ദാസപ്പൻ: ഡോക്ടർ പറഞ്ഞ സമയത്തൊന്നും ചെന്നില്ല, ഇനിയിപ്പോൾ ചെന്നാൽ?

ഗണപതി: ആവശ്യം നമ്മുടെയാ, നാളെ കഴിഞ്ഞ് പോകാൻ റെഡിയായിക്കോ!

ദാസപ്പൻ: പൈസ എത്ര വരുവാടാ, കാവേരിയാണേൽ  ഈയിടകൊണ്ട് മിക്ക ദിവസങ്ങളിലും പൈസ പിൻവലിക്കുന്നുണ്ട്. അധികം പൈസ ഇനി ബാങ്കിൽ ഇല്ലടാ!

ഗണപതി: അവളെന്തിനാ ആവശ്യം ഇല്ലാതെ പൈസ പിൻവലിക്കുന്നത്, അണ്ണന് ചോദിക്കാൻ മേലെ ഞാൻ ചോദിക്കാം?

ദാസപ്പൻ: കൂട്ടുകാരികൾ ഒരുങ്ങി നടക്കുമ്പോൾ അവൾക്കും ആഗ്രഹം കാണില്ലേടാ! എനിക്ക് കൂടപ്പിറപ്പെന്നു പറയാൻ അവളല്ലേയുള്ളു. 

കുറച്ചുനേരം മൗനം ആയിരിക്കുന്ന ദാസപ്പൻ.

ദാസപ്പൻ: നീ അവളോട് ചോദിക്കാനൊന്നും പോകണ്ട, അവളും നീയും അപ്പനും കഴിഞ്ഞേയുള്ളു എനിക്ക് മറ്റെന്തും!

ദാസപ്പൻ കാണാതെ കണ്ണുതുടയ്ക്കുന്ന ഗണപതി.

കൈ കോർത്തു കടപ്പുറത്തുകൂടി നടന്നുപോകുന്ന ഗണപതിയും ദാസപ്പനും!


29 

വൈകുന്നേരം -ദാസപ്പന്റെ വീട് 


ഉമ്മറത്തും തിണ്ണയിലും ആയി ഇരിക്കുന്ന ദാസപ്പനും ഗണപതിയും മമ്മാലിക്കയും നാരായണനും(നാണി, മമ്മാലിക്ക അങ്ങനെ വിളിക്കുന്നു).

മമ്മാലിയും നാരായണനും വിഷണ്ണരായി ഇരിക്കുന്നു.

നാരായണൻ: എന്നാലും ദിവാകരൻ മരിച്ചത് നിനക്കെന്നെ കൂടി അറിയിക്കാമായിരുന്നു.

മമ്മാലി: എന്റെ നാണി(മമ്മാലി നാരായണനെ നാണി എന്നാണ് വിളിക്കുന്നത്)
ഞാൻ തോപ്പുംപടി നിക്കുമ്പോഴാ പീറ്ററു വിളിച്ചിട്ട് നീണ്ടകരേലെ ദിവാകരേട്ടൻ മരിച്ചു എന്ന് പറയണത്.  കിട്ടിയ വണ്ടിക്കു തന്നെ ഞാൻ കൊല്ലത്തിനു പോയി.

നാരായണൻ: നല്ല സ്നേഹോള്ളവനായിരുന്നു!

മമ്മാലി: എന്നെ ബോട്ടിലെ പണി പഠിപ്പിച്ചത് ദിവാകരേട്ടനാ, ആ കടപ്പാട് എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. മൂന്ന് പെൺകുട്ടികളാ ദിവാകരേട്ടന്..., ചിതയിലേയ്ക്കെടുത്തപ്പോൾ ഭാര്യയും മൂന്ന് പെൺകുട്ടികളും കൂടി ശവത്തിൽ കെട്ടിപിടിച്ചുള്ള കരച്ചില്,...ഇപ്പോഴും സഹിക്കാൻ പറ്റണില്ലഡാ!

നാരായണൻ: പെൺകുട്ടികളുടെ കല്യാണൊക്കെ കഴിഞ്ഞതാണാ?

മമ്മാലി: മൂത്തയാളുടെ നിശ്ച്ചയം അടുത്ത മാസം നടത്താനിരുന്നതാ, ഇനി ആരാ ഉത്തരവാദപ്പെട്ടുനടത്താൻ?

നാരായണൻ:നമുക്ക് പോയി നടത്താടാ! നിന്റെ ആശാൻ എന്റേം കൂടി ആശാനാ!

ദാസപ്പൻ: അപ്പാ..നാളെ ഞാനും ഗണപതിയും എറണാകുളത്തിന് പോകും, ചെറിയാൻ ഡോക്ടറെ കാണാൻ!

ഈ സമയം ഗണപതിയുടെ ഫോൺ ബെല്ലടിക്കുന്നു.

ഫോണിൽ നോക്കി ഗണപതിയുടെ ആത്മഗതം!

ഗണപതി: കാവേരി ആണല്ലാ!

ഫോൺ സംഭാഷണം

ഗണപതി: ഹലോ!

കാവേരി: ഏട്ടാ.. രാത്രി വണ്ടിക്ക് ഞാൻ കേറും,വെളുപ്പിന് 7 മണിക്ക് വൈറ്റില ഹബ്ബിൽ വരും. ഈ വണ്ടി എറണാകുളം വരെയേ ഉള്ളൂ!

ഗണപതി: 7 മണിക്ക് ഞാൻ ബൈക്കുമായി ഹബ്ബിൽ വരാം!

കാവേരി: ശരി ഏട്ടാ!

ഫോൺ കട്ട് ചെയ്യുന്ന ഗണപതി.

ഗണപതി: നാളെ വെളുപ്പിന് കാവേരി എറണാകുളത്തു വരും. ഞാൻ ചെന്ന് വിളിച്ചോളാം!

ദാസപ്പൻ:(നെടുവീർപ്പിട്ടുകൊണ്ട്): അത്രയും ആശ്വാസം, കാവേരി വന്നിട്ട് നമുക്ക് ഡോക്ടറെ കാണാൻ പോകാം.

30 

വൈറ്റില ഹബ്ബ് -വെളുപ്പാൻ കാലം 


ദീർഘദൂര വണ്ടികൾ ചിലതു ഹബ്ബിൽ നിർത്തിയിട്ടിരിക്കുന്നു. ഒരു സ്‌കാനിയ ബസ്സ് ഒഴുകി വന്നു ഹബ്ബിൽ നിക്കുന്നതിന്റെ ലോങ്ങ് ഷോട്ട്!

[സ്‌കാനിയ കേരളത്തിൽ വന്നിട്ട് എത്ര നാളായി എന്ന് പരിശോധിക്കണം,കാരണം ഇപ്പോഴത്തെ കാലഘട്ടം 2018 അല്ല. ഒരു മൂന്നര വർഷം പുറകിലുള്ള കാലത്തിലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്റർ ഫ്രെമിൽ വരത്തക്കവിധത്തിൽ ക്യാമറ ആംഗിൾ സെറ്റ് ചെയ്യുക. കാവേരിയുടെ ഡ്രെസ്സിങ്ങും മൂന്നര വർഷം മുൻപുള്ള ഫാഷൻ നിലനിർത്തുക]

ബസ്സിൽ നിന്നും ഇറങ്ങി ഗണപതി ഇരിക്കുന്നിടത്തേയ്ക്കു നടന്നു വരുന്ന കാവേരി. ബാംഗ്ലൂർ നഗരം കാവേരിയിലും ഒരുപാടു മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു. നോട്ടത്തിൽ കാവേരി ശരിക്കും ബാംഗ്ലൂർ നഗരത്തിന്റെ സന്തതി ആയിരിക്കുന്നു.

ഗണപതി: എന്ത് കൊലമാണടി ഇത്, നീ പഠിക്കാൻ തന്നെ പോയതാണാ, അതാ ഫാഷൻ പരേഡിന് പോയതാ!..ഈയട കൊണ്ട് പൈസ കൊറേ പൊടിക്കണൊണ്ട്.

കാവേരി: അപ്പൊ ശരിക്കുള്ള ഫാഷൻ പരേഡ് കണ്ടാ ഗണപതിയേട്ടൻ എന്തുപറയും!

ബാഗുകൾ ഗണപതി ഇരിക്കുന്നിടത്തു വയ്ക്കുന്ന കാവേരി.

കാവേരി: ഞാൻ ബാത്റൂമിൽ പോയി ഫ്രഷ് ആയിട്ടു വരാം. ഏട്ടന് പോയിട്ട് തിരക്കുണ്ടാ!

ഗണപതി:ദാസപ്പണ്ണനും ആയിട്ടു ചെറിയാൻ ഡോക്ടറെ കാണാൻ പോണം, നീ ടോയ്‌ലെറ്റിൽ പോയിട്ട് വാ!

ലേഡീസ് ടോയ്‌ലെറ്റിലേയ്ക്ക് നടക്കുന്ന കാവേരി.


 31 

ഹൈവേ സൈഡ്-ബേക്കറി-രാവിലെ 


സീൻ 30 തുടർച്ച- കാവേരി ഗണപതി സെയിം ഡ്രസ്സ്

അധികം തിരക്കില്ലാത്ത ഹൈവേ സൈഡിലുള്ള ഒരു ബേക്കറിയിൽ ഇരുന്നു ചായ കുടിക്കുന്ന ഗണപതിയും കാവേരിയും. രണ്ടുപേരും ചായ കുടിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായി.(കുറച്ചു സമയമായി എന്ന് കാണിക്കാൻ രണ്ടുപേരുടെയും ഗ്ലാസിലെ ചായയുടെ അളവ് പകുതിയാക്കുക) അതായത് സംസാരിച്ചുകൊണ്ടു പകുതി ചായ കുടിച്ചു തീർത്തിരിക്കുന്നു.

ഗണപതി: അതൊന്നും നടക്കില്ല കാവേരി, ദാസപ്പണ്ണൻ സമ്മതിക്കുമെന്നു നിനക്ക് തോന്നുന്നുണ്ടോ?

കാവേരി: സോണിയേട്ടൻ ബ്രിട്ടണിൽ ന്യൂറോളജിസ്റ് ആയി ജോലി ചെയ്യുവാ.
സോണിയേട്ടൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ നേഴ്സ് ആയി ജോലി വാങ്ങാനാ മാര്യേജ് സർട്ടിഫിക്കറ്റ്. മൂന്നു വർഷം കഴിഞ്ഞു ബ്രിട്ടണിൽ നിന്നു തിരിച്ചുവരുമ്പോൾ ഞാൻ എങ്ങനെങ്കിലും ദാസപ്പണ്ണനെ പറഞ്ഞു സമ്മതിപ്പിച്ചോളാം. അതുവരെ ഇത് ഗണപതിയെട്ടൻ അല്ലാതെ ആരും അറിയരുത്.

കാവേരി പറയുന്നത് ശ്രദ്ധിച്ചു കേൾക്കുന്ന ഗണപതി.

കൂടപ്പിറപ്പുകൾ ആരും ഇല്ലാത്ത ഗണപതിക്ക്‌ കാവേരി സ്വന്തം പെങ്ങൾ തന്നെയാണ്. ഗണപതിക്ക്‌ കാവേരിയോടുള്ള ഇഷ്ടം കാവേരിക്ക് വ്യക്തമായി അറിയാം. ആ ഇഷ്ട്ടം മുതലെടുക്കാനാണ് കാവേരിയുടെ ശ്രമം.

കാവേരി: ഇതുപോലത്തെ ബന്ധം എനിക്ക് ഒരിക്കലും കിട്ടില്ല ഗണപതിയേട്ടാ!
(കരയുന്നു) എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു ഡോക്ടർ ആവുക എന്നത്, അതെന്നെ കൊണ്ട് നടന്നില്ല. ഒരു ഡോക്ടറുടെ ഭാര്യയായി എങ്കിലും കഴിയാൻ എന്നെ അനുവദിക്കണം.

ബാഗിൽ നിന്നും ടൗവ്വൽ എടുത്തു കണ്ണും മൂക്കും തുടയ്ക്കുന്ന കാവേരി.

കാവേരി: അതു മാത്രമല്ല ഗണപതിയെട്ടാ..ബ്രിട്ടനിൽ ചെന്നിട്ടു എനിക്ക് മെഡിസിന് ചേർന്ന് പഠിക്കാനും സാധിക്കും.

മിണ്ടാതിരിക്കുന്ന ഗണപതി.

കാവേരി: ഈ കാര്യത്തിൽ ഗണപതിയേട്ടന് മാത്രമേ എന്നെ സഹായിക്കാൻ പറ്റൂ! പ്ലീസ്..ഗണപതിയേട്ടാ..

ഗണപതി: ദാസപ്പണ്ണൻ അറിയാതെ ഒരുകാര്യവും ഞാൻ ഇതുവരെ ചെയ്തിട്ടില്ല!

കാവേരി: ബ്രിട്ടനിൽ പോയി തിരിച്ചുവരുമ്പോൾ എല്ലാം ഞാൻ തന്നെ ദാസപ്പണ്ണനോട് പറഞ്ഞോളാം. ദാസപ്പണ്ണനെ പോലെ തന്നെയാ എനിക്ക് ഗണപതിയേട്ടൻ. ഞാൻ പിന്നെ ആരോടാ സഹായം ചോദിക്കേണ്ടത്!

ഗണപതി: രജിസ്റ്റർ മാര്യേജ് എവിടെവച്ചു നടത്തും?

കാവേരി: ചെങ്ങന്നൂര്, എല്ലാം സോണിയേട്ടൻ അറേഞ്ച് ചെയ്‌തോളും. അടുത്ത ബുധനാഴ്ച നമ്മൾ ചെങ്ങന്നൂർ ചെന്നാൽ മതി. രജിസ്റ്റാർ സോണിയേട്ടന്റെ പരിചയക്കാരനാ, ചെല്ലുക! ഒപ്പിട്ടിട്ടു തിരിച്ചുപോരുക! അത്രേയുള്ളു ചടങ്ങ്.

ഗണപതി: എന്നാ നീ പോയിട്ടുവാ! വൈകിട്ട് തിരിച്ചിങ്ങു പോരണം!

കാവേരി: ഗണപതിയേട്ടനും എന്റെ കൂടെ വരണം. ഞാൻ മാത്രം എങ്ങനെ ചെല്ലും, അവിടെ സോണിയേട്ടന്റെ ബന്ധുക്കൾ എല്ലാം കാണും!

ഗണപതി: ദാസപ്പണ്ണൻ അറിയാതെ!...

ആലോചിച്ചിരിക്കുന്ന ഗണപതി.


32 

ഡോ:ചെറിയാന്റെ കൺസൾട്ടിങ് റൂം -പകൽ 


ഹോസ്പിറ്റലിലുള്ള ഡോക്ടറുടെ മുറിയിൽ ഇരിക്കുന്ന ദാസപ്പനും ഗണപതിയും.

ഡോ: എന്തേ പെട്ടെന്ന് എന്നെ കാണണം എന്ന് തോന്നിയത്?

ദാസപ്പൻ: ഓപ്പറേഷൻ ചെയ്യണം ഡോക്ടറെ, അതിനാ ഞാൻ വന്നത്!

ഡോ: ഇത്രയും താമസിപ്പിക്കണ്ടായിരുന്നു, ഇപ്പോൾ മൂന്നര വർഷം കഴിഞ്ഞില്ലേ!

ദാസപ്പൻ: പൈസ എത്രയാകും ഡോക്ടറെ, ഈ വേദന ഇല്ലാത്ത ഓപ്പറേഷൻ ഉണ്ടെങ്കിൽ അതുമതി!

ചിരിക്കുന്ന ഡോക്ടർ

ഡോ: ഇന്നിവിടെ അഡ്മിറ്റ് ആകണം. കുറച്ചു ടെസ്റ്റുകൾ ചെയ്യാനുണ്ട്, കുഴപ്പം ഒന്നും ഇല്ലങ്കിൽ അടുത്താഴ്ച ഓപ്പറേഷൻ നടത്തിയേക്കാം.

ഒന്നും മിണ്ടാതിരിക്കുന്ന ദാസപ്പൻ.

ഗണപതി: അങ്ങനെ ചെയ്‌തോ ഡോക്ടറെ!


33 

ദാസപ്പന്റെ വീട് -രാത്രി 

കാവേരി ദാസപ്പനും നാരായണനും കഞ്ഞി കൊടുക്കുന്നു.

ടേബിളിൽ ഇരുന്നു കഞ്ഞി കുടിക്കുന്ന ദാസപ്പനും നാരായണനും.

കാവേരി: നാളെ അനുവിന്റെ ചേച്ചിയുടെ കല്യാണാ, ദാസപ്പണ്ണനെയും ഗണപതിയെട്ടനെയും കൂടി കൊണ്ടുചെല്ലണോന്നാ പറഞ്ഞിരിക്കുന്നത്.

ദാസപ്പൻ: അനു എന്നെ വിളിച്ചു പറഞ്ഞാരുന്നു.

കഞ്ഞി കോരി കുടിക്കുന്ന ദാസപ്പൻ.

ദാസപ്പൻ: എനിക്ക് തോപ്പുംപടി വരെ പോകണം. ഒന്നുരണ്ടു കാര്യങ്ങൾ ചെയ്യാനുണ്ട്. അടുത്താഴ്ച ഓപ്പറേഷൻ ആയതുകൊണ്ട് പിന്നെ ഒന്നും നടക്കത്തില്ല!

കാവേരി: ഒറ്റയ്ക്ക്  അവിടെ വരെ പോണോന്ന് ഓർക്കുമ്പോഴാ?

ദാസപ്പൻ: നീ ഗണപതിയെ വിളിച്ചോണ്ട് പോ!

നാരായണൻ: എത്ര മണിക്കാ കല്യാണം?

കാവേരി: 11 മണി കഴിഞ്ഞ്!

നാരായണൻ: ഇവിടുന്നു 7 മണി കഴിഞ്ഞു പോയാൽ മതി!


34 

ചെങ്ങന്നൂർ സബ് രജിസ്റ്റാർ ഓഫീസ് -പകൽ 


ചെങ്ങന്നൂർ സബ് രജിസ്റ്റാർ ഓഫീസിനു മുന്നിൽ നിക്കുന്ന സോണിയും അമ്മയും ചേട്ടനും ചേട്ടന്റെ ഭാര്യയും രണ്ടു കുട്ടികളും.

ഓഫീസിനു മുന്നിൽ അത്യാവശ്യം തിരക്കുണ്ട്.

ബൈക്കിൽ ഓഫീസിനു മുന്നിലേയ്ക്ക് വരുന്ന കാവേരിയും ഗണപതിയും. കാവേരി ചുരിദാറും ഗണപതി ജീൻസും ടീഷർട്ടും ധരിച്ചിരിക്കുന്നു.

കാവേരിയും ഗണപതിയും  സോണിയും കുടുംബാംഗങ്ങളും നിക്കുന്നിടത്തേയ്ക്കു ചെല്ലുന്നു.

കാവേരിയെ വാത്സല്യപൂർവ്വം ചേർത്തുനിർത്തുന്ന അമ്മ .

അമ്മ എല്ലാവരെയും കാവേരിക്ക് പരിചയപ്പെടുത്തുന്നു.

ഗണപതി എല്ലാവരെയും തൊഴുന്നു.

ഓഫീസിലെ ശിപായി വിളിക്കുമ്പോൾ എല്ലാവരും അകത്തേയ്ക്കു പോകുന്നു.

രജിസ്റ്റാർ നീട്ടിയ ബുക്കിൽ ഒപ്പിടുന്ന കാവേരിയും സോണിയും. സാക്ഷികളായി ഗണപതിയും സോണിയുടെ ചേട്ടനും ഒപ്പിടുന്നു.

ഓഫീസിൽ നിന്നും പുറത്തിറങ്ങി കഴിയുമ്പോൾ സോണിയുടെ അമ്മ ഗണപതിയോടായി...

അമ്മ: നിങ്ങൾ രാവിലെ ഇറങ്ങിയതല്ലേ, വീട്ടിൽ വന്നു എന്തെങ്കിലും കഴിച്ചിട്ട് പോകാം!

ഗണപതി: അയ്യോ!..അമ്മേ ! കാപ്പിയൊക്കെ ഇനി ഒരിക്കലാകാം. ഉച്ചയ്ക്ക് എനിക്ക് തോപ്പുംപടി എത്താനുള്ളതാ!

സോണിയുടെ ചേട്ടൻ: പെങ്ങളുടെ വീട് കാണാൻ ആഗ്രഹം ഇല്ലാത്ത അളിയനോ!..വാടോ..ഉച്ചയാകുമ്പോൾ രണ്ടുപേരേം വിട്ടേക്കാം!..പൊരെ!

അപ്പോഴേയ്ക്കും അമ്മ കാവേരിയെ കാറിൽ പിടിച്ചു കയറ്റുന്നു.

നിസ്സഹായയായി ഗണപതിയെ നോക്കുന്ന കാവേരി.

കാർ നീങ്ങുന്നു. ഗണപതി കാറിനെ ഫോളോ ചെയ്തു പോകുന്നു.


34(a )

സബ് രജിസ്റ്റർ ഓഫീസ് -മുൻവശം-പകൽ 

സോണിയും കാവേരിയും തമ്മിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തതിന്റെ ഒരു കോപ്പി  ഓഫീസിനു മുന്നിലെ നോട്ടീസ് ബോർഡിൽ ഒട്ടിക്കുന്ന ഓഫീസ് ശിപായി.(കോപ്പയിൽ രണ്ടുപേരുടെയും ഫോട്ടോ പതിച്ചിട്ടുണ്ട്)

ശിപായി ഒട്ടിച്ച സോണിയും കാവേരിയും തമ്മിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടന്ന കോപ്പിയുടെ ക്ലോസപ്പ് ഷോട്ട്.

കോപ്പിയിലെ ഡീറ്റെയിൽസ് പ്രേക്ഷകർക്കും കൂടി വായിക്കാവുന്ന വിധത്തിൽ കാണിക്കുക.


ഡീറ്റെയിൽസ്
--------------------

വധു- കാവേരി T N, (D/o late  ലക്ഷ്മി & നാരായണൻ) തറയിൽ ഹൗസ്, അന്ധകാരനഴി പി. ഓ,ചേർത്തല, ആലപ്പുഴ. ഫോൺ:9947075242.

വരൻ- Dr.സോണി അലക്സ് സക്കറിയ(S/o മേരി അലക്സ് & അലക്സ് സക്കറിയ(late), തോപ്പിൽ ഹൗസ്, പാണ്ടനാട്, ചെങ്ങന്നൂർ,ആലപ്പുഴ.ഫോൺ:9496281020.

സാക്ഷികൾ: Dr.ജേക്കബ് അലക്സ് സക്കറിയ,തോപ്പിൽ ഹൗസ്‌,പാണ്ടനാട്, ചെങ്ങന്നൂർ, ആലപ്പുഴ.

സാക്ഷികൾ: ഗണേഷ് ജോയി, പരുത്തിക്കാട്ട്, ചെത്തി. പി ഓ,ചേർത്തല, ആലപ്പുഴ. 


35 

സബ് രജിസ്റ്റാർ ഓഫീസ് -ചെങ്ങന്നൂർ -പകൽ 


ഒരു വസ്തു ഇടപാടിന്റെ രജിസ്‌ട്രേഷൻ നടത്താൻ വേണ്ടി മെമ്പർ ചെങ്ങന്നൂർ രജിസ്റ്റർ ഓഫീസിലേയ്ക്ക് വരുന്നു.

(ഈ മെമ്പർ മാത്തച്ചൻ തന്നെയാണ്"മാരാരിഗോൾഡ്"എന്ന കഥയിലുള്ള M L A മാത്തച്ചൻ.മെമ്പർ മാത്തച്ചന് റിയൽ എസ്റ്റേറ്റ് ബിസിനസ് കൂടിയുണ്ട്. പല വലിയ രാഷ്ട്രീയ നേതാക്കളുടെയും ബിനാമിയാണ് മെമ്പർ മാത്തച്ചൻ)

ചെങ്ങന്നൂർ സബ് രജിസ്റ്റാർ ഓഫീസിനു മുന്നിൽ ഓട്ടോയിൽ വന്നിറങ്ങുന്ന മെമ്പറും ബ്രോക്കറും.

ഓട്ടോയുടെ അടുത്തേയ്ക്കു ചെല്ലുന്ന ആധാരം എഴുത്തുകാരൻ.

ഓഫീസിനു മുന്നിലേയ്ക്ക് വരുന്ന മെമ്പറും കൂട്ടരും.

നോട്ടീസ് ബോർഡിനു മുന്നിൽ നിന്ന് സംസാരിക്കുന്ന മെമ്പറും കൂട്ടരും.

ബ്രോക്കർ: സർ എന്റെ കമ്മീഷൻ?

മെമ്പർ: തരാടോ! സാറ് വരട്ടെ! ഞാൻ വെറും ബിനാമിയാ!

കാവേരിയുടെ ഫോട്ടോ മെമ്പറുടെ കണ്ണിൽ പെടുന്നു.

മെമ്പർ: നല്ല പരിചയം ഉണ്ടല്ലാ?

നോട്ടീസ് ബോർഡിനടുത്തേയ്ക്കു നീങ്ങി നിന്ന് വായിക്കുന്ന മെമ്പർ.

മെമ്പറുടെ മുഖം സന്തോഷം കൊണ്ട് വിടരുന്നു.

മെമ്പർ: എന്റെ പുണ്യാളാ! ദാസപ്പനും ആയുള്ള പിണക്കം എങ്ങനെ തീർക്കും എന്നാലോചിച്ചു നടക്കുവായിരുന്നു ഞാൻ.  നീ തന്നെ ഒരു വഴി കാണിച്ചു തന്നല്ലാ! വന്നാലുടൻ ഞാൻ മെഴുകുതിരി കത്തിച്ചേക്കാം!

നോട്ടീസ് ബോർഡിലെ ഡീറ്റെയിൽസ് ക്യാമറയിൽ പകർത്തുന്ന മെമ്പർ.

ക്യാമറയിൽ നോക്കി തൃപ്തി വരാതെ വീണ്ടും വീണ്ടും ക്ലിക് ചെയ്യുന്ന മെമ്പർ.

ക്യാമറയിൽ നോക്കി തൃപ്തനായി!

മെമ്പർ: ഇത് ഞാൻ കലക്കി പരുന്തിന് കൊടുക്കും!

ബ്രോക്കർ: അതിന് പരുന്ത് കലക്ക് കുടിക്കുവോ?

രൂക്ഷമായി ബ്രോക്കറെ നോക്കുന്ന മെമ്പർ.

ബ്രോക്കർ പതറുന്നു.

ബ്രോക്കർ: അല്ല ഞങ്ങളുടെ നാട്ടിലൊക്കെ പശുവാ കലക്ക് കുടിക്കുന്നത്. നിങ്ങളുടെ നാട്ടിലൊക്കെ പരുന്തും കലക്ക് കുടിക്കും അല്ലെ! എനിക്കറിയാൻ മേലാരുന്നു.

സ്‌തപ്തനായി ബ്രോക്കറെ നോക്കുന്ന മെമ്പർ!

മെമ്പർ: ഇവൻ എങ്ങനെ ഈ കച്ചവടം നടത്തി!


-------------------

I N T E R V E L

==================


36 

ദാസപ്പന്റെ വീട് -പകൽ 


ഉമ്മറത്തിരിക്കുന്ന നാരായണനും ദാസപ്പനും.

കാവേരി ഒരുങ്ങി അകത്തുനിന്നും പുറത്തേയ്ക്കു വരുന്നു.

കാവേരി: അണ്ണാ, ഞാനും ക്ലാരേച്ചിയും ടൗണിൽ കൂടി കയറിയേ വരൂ!

ദാസപ്പൻ: ക്ലാര പറഞ്ഞത് അമ്പലത്തിൽ പോകുമെന്നാണല്ലാ?

കാവേരി: അമ്പലത്തിലും കയറും, അപ്പാ..ചോറ് വിളമ്പി വച്ചിട്ടുണ്ട്. ഞാൻ വരാൻ താമസിച്ചാ എടുത്തു കഴിച്ചോ!

മൂളുന്ന നാരായണൻ.

സ്കൂട്ടി ഓടിച്ചു വേലിക്കു പുറത്തേയ്ക്കു പോകുന്ന കാവേരി.

നാരായണൻ: നിനക്കെന്നാ ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടത്?

ദാസപ്പൻ: തിങ്കളാഴ്ച്ച!

ഈ സമയം വാർഡ് മെമ്പർ മാത്തച്ചൻ ഹോണ്ട ആക്ടിവാ ഓടിച്ചു ദാസപ്പന്റെ വേലിക്കകത്തു കയറ്റുന്നു.

വാർഡ് മെമ്പറെ കാണുന്ന ദാസപ്പൻ.

ദാസപ്പൻ: ഇവൻ ഇന്നെന്റെ കൈക്ക് പണിയുണ്ടാക്കും!

നാരായണൻ: വീട്ടിൽ വരുന്നവരെ ഉപദ്രവിക്കരുത്! അവൻ വരട്ടെ!

ദാസപ്പൻ: പിരിവ് വല്ലതും ആണെങ്കിൽ രസീത് കുറ്റി ഞാൻ കത്തിക്കും!

മെമ്പർ പേടിച്ചു വീടിന്റെ മുറ്റത്തുനിക്കുന്നു.

നാരായണൻ: കേറിവാ മെമ്പറെ!

പേടിച്ചു അകത്തേയ്ക്കു കയറുന്ന മെമ്പർ.

മെമ്പർ: ദാസപ്പണ്ണാ ഞാൻ എന്റെ പരമാവധി റോഡിനു വേണ്ടി ശ്രമിക്കുന്നുണ്ട്. ആ പ്രസിഡൻഡാ കുത്തിത്തിരുപ്പുണ്ടാക്കി റോഡിനു ഫണ്ട് അനുവദിക്കാത്തത്.

ഒന്നും മിണ്ടാതിരിക്കുന്ന ദാസപ്പൻ.

മെമ്പർ: തിങ്കളാഴ്ച കമ്മറ്റിയിൽ റോഡിനുള്ള ഫണ്ട് അനുവദിച്ചില്ലെങ്കിൽ ഞാൻ പഞ്ചായത്തുപടിക്കൽ നിരാഹാരം അനുഷ്ടിക്കും. നിങ്ങളുടെ സപ്പോർട്ട് കൂടി എനിക്ക് വേണം, അത് പറയാനാ ഞാൻ വന്നത്.

ദാസപ്പൻ: ഇത് നിനക്ക് നേരത്തെ ആകമായിരുന്നില്ലേ, ഞങ്ങ കൂടെ നിക്കുവാരുന്നല്ലാ!

മെമ്പർ: കമ്മറ്റി കൂടി ഫണ്ട് അനുവദിച്ചുതരും എന്ന് കരുതിയാ ഞാൻ ഇരുന്നത്. നിരാഹാരസമരത്തിനു മാക്സിമം പബ്ലിസിറ്റി കൊടുക്കണം ദാസപ്പണ്ണാ, സെക്രട്ടറിയേറ്റിലും റോഡിനുവേണ്ടിയുള്ള നിരാഹാരം വാർത്തയാകണം എങ്കിലേ ആ ഉണ്ണാക്കൻ പഞ്ചായത്തുപ്രസിഡൻറ് പഠിക്കു!

നാരായണൻ: മെമ്പറോട് പഞ്ചായത്തുപ്രസിഡന്റിന് ഇത്രയ്ക്കു ദേഷ്യം വരാൻ എന്താ കാരണം?

മെമ്പർ: കിഴക്കേ വാർഡിലെ ഒരു പെണ്ണുമായി പ്രസിഡന്റിന്  ചുറ്റിക്കളി ഉണ്ടായിരുന്നു. ഒരുദിവസം രാത്രി ഞാനതു കണ്ടുപിടിച്ചു. അന്ന് തൊട്ടു തുടങ്ങിയ ദേഷ്യാ എന്നോട്!

ദാസപ്പൻ: ഞങ്ങ എന്ത് വേണോന്നു നീ പറഞ്ഞാ മതി.

മെമ്പർ: ശരി ദാസപ്പണ്ണാ, പിന്നെ റോഡ് ശരിയാകാത്തതു കൊണ്ട്  കാവേരി കുഞ്ഞിന്റെ കല്യാണം എന്നെ അറിയിക്കാതിരുന്നത് ശരിയായില്ല!

നാരായണൻ: എന്ത് വർത്തമാനാ മെമ്പറെ ഈ പറേണത്, കാവേരിയുടെ കല്യാണം കരക്കാരെ മുഴുവൻ അറിയിച്ചേ ഞങ്ങൾ നടത്തൂ!

പരുങ്ങി ദാസപ്പനെ നോക്കുന്ന മെമ്പർ.

മെമ്പർ: ദാസപ്പണ്ണൻ ഒന്ന് പുറത്തേയ്ക്കു വന്നേ, ഒരു സ്വാകാര്യം പറയാനുണ്ട്!

ദാസപ്പൻ: നീ പറഞ്ഞോ, അപ്പൻ അറിയാത്ത ഒരു കാര്യവും എനിക്കില്ല!

മെമ്പർ: എനിക്ക് അത്യാവശ്യം വസ്തു കച്ചവടം ഉള്ള കാര്യം ദാസപ്പണ്ണനു അറിയാവല്ലാ. കച്ചവടവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാ ഞാൻ ചെങ്ങന്നൂർ സബ് രജിസ്റ്റാർ ഓഫീസിൽ പോയത്.

ഫോൺ കൈയിൽ എടുത്തു ഓൺ ചെയ്യുന്ന മെമ്പർ.

മെമ്പർ: കഴിഞ്ഞ 14 നു കാവേരിയുടെ വിവാഹം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ചെങ്ങന്നൂർ സബ് രജിസ്റ്റാർ ഓഫീസിൽ വച്ച് കഴിഞ്ഞു.

ഞെട്ടി തരിച്ചിരിക്കുന്ന ദാസപ്പനും നാരായണനും

ഫോൺ ദാസപ്പനെ കാണിക്കുന്ന മെമ്പർ.

മെമ്പർ: ചെത്തിയിലുള്ള ജോയിച്ചായൻറെ മകൻ ഗണേഷ് ജോയിയാ സാക്ഷി നിന്നിരിക്കുന്നത്.

നാരായണൻ: എന്നതാ ദാസപ്പാ ഞാനീ കേക്കണത്, സത്യാവസ്ഥ വല്ലതും ഉണ്ടാ?

വെരുകിനെ പോലെ ഉമ്മറത്തെ ഇച്ചിരി സ്ഥലത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ദാസപ്പൻ.

ദാസപ്പൻ പെട്ടെന്ന് അകത്തേയ്ക്കു കയറിപ്പോകുന്നു.

വെള്ള മുണ്ടും ഷർട്ടും ഇട്ടു പുറത്തേയ്ക്കു വരുന്ന ദാസപ്പൻ.

ദാസപ്പൻ: നീ വണ്ടി എടുക്ക് മാത്തച്ചാ!

നാരായണൻ: വെടി കൊണ്ട പോല നീ ഏങ്ങാട്ട് പോകേണ്?

ദാസപ്പൻ: ഗണപതിയെ ഒന്നു കാണണം അപ്പാ, അവനോടു ചോദിച്ചു സത്യാവസ്ഥ അറിഞ്ഞാലേ എനിക്ക് സമാധാനമുള്ളൂ!

മെമ്പർ: നമുക്ക് ഫോണിൽ വിളിച്ചു ചോദിക്കാം ദാസപ്പണ്ണാ!

ഫോണിൽ ഗണപതിയെ വിളിക്കാൻ ശ്രമിക്കുന്ന മെമ്പർ.

ദാസപ്പൻ: വേണ്ടാ!..അവന്റെ മുഖത്തുനോക്കി തന്നെ എനിക്കീ കാര്യം ചോദിക്കണം, നീ വണ്ടിയുടെ താക്കോൽ താ!

മുറ്റത്തേക്കിറങ്ങുന്ന ദാസപ്പൻ.

ദാസപ്പൻ: ഞാൻ വരുന്നതിനു മുൻപ് അവൾ വരുവാണെങ്കിൽ അപ്പൻ ഈ കാര്യം അറിഞ്ഞതായി ഭാവിക്കണ്ടാ!

നാരായണൻ: ശരി

പിറുപിറുക്കുന്ന മെമ്പർ.

മെമ്പർ: ഇതിപ്പം എനിക്ക് ഞാൻ തന്നെ പാരയായല്ലാ!

വീണ്ടും പിറുപിറുക്കുന്ന മെമ്പർ

മെമ്പർ: ഊരി പോകാൻ ഒരു വഴി കാണിച്ചുതരണെ പുണ്യാളാ! ദാസപ്പൻ പറഞ്ഞാ എന്തും ചെയ്യുന്ന കുറെ അലവലാതികൾ ഉണ്ട്, അതാ എനിക്ക് പേടി. അല്ലങ്കിൽ എന്റെ പട്ടി പോകും ഇങ്ങേരു വിളിക്കുന്നിടത്ത്!

വീണ്ടും പിറുപിറുക്കുന്ന മെമ്പർ!

മെമ്പർ: ഇങ്ങേരു വെറും ദാസപ്പനല്ല,അണ്ടർ വേൾഡ് ദാസപ്പനാ! എന്റെ പുണ്യാളാ എന്നെ കൊലക്കേസ് കൂട്ടുപ്രതി ആക്കല്ലേ! എന്റെ രാഷ്ട്രീയ ഭാവി കളയല്ലേ!

മുകളിലേയ്ക്കു കൈകൾ ഉയർത്തി അർത്തുങ്കൽ പുണ്യാളനെ വിളിച്ചു പ്രാർത്ഥിക്കുന്ന മെമ്പർ മാത്തച്ചൻ.



37 

ചെത്തി കടപ്പുറം- ഗണപതിയുടെ വീട്-പകൽ 


ഗണപതിയുടെ വീട്ടിലേയ്ക്ക് മെമ്പറുടെ ആക്ടിവയിൽ വരുന്ന ദാസപ്പനും മെമ്പറും. ദാസപ്പൻ വണ്ടി ഓടിക്കുന്നു. മെമ്പർ പുറകിൽ പേടിച്ചു വിറച്ചിരിക്കുന്നു(സീൻ-37 നു അവസാനം ധരിച്ചിരിക്കുന്ന ഡ്രസ്സ് തന്നെ ദാസപ്പനും മെമ്പറും ധരിച്ചിരിക്കുന്നു. same day)

ഗണപതിയുടെ വീടിന്റെ മുൻവശത്തു സംസാരിച്ചു നിക്കുന്ന വത്സല ജോയിയും രാഹുലിന്റെ അമ്മയും.

ദാസപ്പൻ ടു വീലർ വത്സലയുടെ സമീപം നിർത്തുന്നു.

ദാസപ്പൻ: ഗണപതി എന്തേ അമ്മേ?

വത്സല: അവൻ രാഹുലിന്റെ പറമ്പിലുണ്ട്. അവിടെ തേങ്ങാ ഇടുന്നുണ്ട്!

വത്സല മെമ്പറോട്.

വത്സല: ജോയിച്ചൻ പോയേ പിന്നെ നിന്നെ ഇങ്ങോട്ടു കാണാനേ ഇല്ലാലോ മാത്തച്ചാ?

മെമ്പർ: വാർഡിൽ പിടിപ്പതു പണിയുണ്ട് വത്സലേച്ചി,പിന്നെ ഗണപതി പറഞ്ഞു കാര്യങ്ങൾ ഒക്കെ ഞാൻ അറിയുന്നുണ്ട്!

മെമ്പർ നോക്കുമ്പോൾ ദാസപ്പൻ നടന്നു ദൂരെ എത്തിയിരിക്കുന്നു.

ദാസപ്പന്റെ അടുത്തേയ്ക്കു ഓടുന്ന മെമ്പർ മാത്തച്ചൻ.


38 

രാഹുലിന്റെ പറമ്പ് -പകൽ 


രണ്ടു തെങ്ങുകയറ്റ തൊഴിലാളികൾ തെങ്ങിൽ കയറി തേങ്ങാ ഇടുന്നതിന്റെ ദൃശ്യം.

ഗണപതിയും രാഹുലും ശിവനും കൂടി തേങ്ങാ പെറുക്കി കൊട്ടയിൽ കൂട്ടുന്നു.

രണ്ടു സ്ത്രീകൾ കൊട്ട ചുമന്നു തേങ്ങാ എല്ലാം ഒരു സ്ഥലത്തു കൂട്ടിയിടുന്നു.

രാഹുലിന്റെ പറമ്പിൽ കയറുന്ന ദാസപ്പനും മെമ്പറും.

അപ്രതീക്ഷിതമായി ദാസപ്പനെ കാണുന്ന അമ്പരപ്പ് ഗണപതിയുടെ മുഖത്ത്.

തണലിൽ നിക്കുന്ന ദാസപ്പൻ.

ഗണപതി അടുത്തെത്തുന്നു.

ഗണപതി: എന്താ ദാസപ്പണ്ണാ?

ദാസപ്പന്റെ മുഖത്തെ പിരിമുറുക്കം ഗണപതി ശ്രദ്ധിക്കുന്നു.

ദാസപ്പൻ മെമ്പറോട്,

ദാസപ്പൻ: മാത്തച്ചാ നീ ഫോണിലെ സംഗതി ഗണപതിയെ കാണിച്ചേ!

പേടിയോടു കൂടി ഫോൺ ഗണപതിയെ കാണിക്കുന്ന മെമ്പർ

ഫോൺ നോക്കുന്ന ഗണപതിയുടെ മുഖത്തുണ്ടാകുന്ന വ്യത്യസ്ത ഭാവങ്ങൾ!

ഗണപതിയെ തന്നെ നോക്കി നിക്കുന്ന ദാസപ്പൻ.

ഗണപതി: ദാസപ്പണ്ണൻ എന്നോട് ക്ഷമിക്കണം. എനിക്ക് വേറെ വഴി ഇല്ലായിരുന്നു!

പെട്ടെന്നുള്ള മന:ക്ഷോഭത്തിൽ ദാസപ്പൻ ഗണപതിയെ ചവിട്ടി താഴെയിടുന്നു.

ഗണപതിയെ ഉപദ്രവിക്കുന്നതു കണ്ടു ഓടി വരുന്ന ശിവനും രാഹുലും.

ശിവൻ ഓടി വന്നു ദാസപ്പനെ തള്ളിയിടുന്നു.

കാര്യങ്ങൾ കൈവിട്ടു പോകുന്നത് പേടിയോടുകൂടി നോക്കിനിക്കുന്ന മെമ്പർ മാത്തച്ചൻ.

ഗണപതി: ശിവാ.വേണ്ടാ! ഞാനാ തെറ്റ് ചെയ്തത്!

ശിവൻ: ആരു തെറ്റ് ചെയ്താലും നിന്നെ തല്ലുന്നത് നോക്കി നിക്കാൻ ഞങ്ങൾക്ക് വയ്യ!

ഗണപതി ഉറക്കെ!

ഗണപതി: ദാസപ്പണ്ണൻ അറിഞ്ഞാൽ പിന്നെ കാവേരി ജീവനോടെ ഉണ്ടാകില്ല എന്ന് പറയുമ്പോൾ ഞാൻ പിന്നെ എന്തു ചെയ്യണം!

സങ്കടം കൊണ്ട് വാക്കുകൾ മുറിഞ്ഞുപോകുന്ന ഗണപതി.

ഗണപതി: ഞങ്ങൾ ഒരമ്മയുടെ വയറ്റിൽ പിറന്നില്ല എന്നേയുള്ളൂ..എന്റേം കൂടി പെങ്ങളാ അവള്!

ദാസപ്പൻ: അപ്പൊ ഞാൻ നിങ്ങൾക്ക് ആരുമല്ല അല്ലെ!

എന്ത് ചെയ്യണം എന്നറിയാതെ ഭ്രാന്തൻ അവസ്ഥയിൽ നിക്കുന്ന ദാസപ്പൻ. ഗണപതിയോടുള്ള സ്നേഹം ഉള്ളിലുള്ളതുകൊണ്ട് ദാസപ്പന് ഗണപതിയെ ഉപദ്രവിക്കാൻ സാധിക്കുന്നില്ല.

പെട്ടെന്നുള്ള ക്ഷോഭത്തിൽ ദാസപ്പൻ ഗണപതിയെ മണ്ണ് കുത്തിയെറിയുന്നു.

ദാസപ്പന്റെ കൈ വളരെ വേഗം മണ്ണിൽ പ്രവർത്തിക്കുന്നു.

ഒരു പൈപ്പിൽ നിന്നും വെള്ളം ചീറ്റുന്നതു പോലെ മണ്ണുമഴ ഗണപതിയുടെ ദേഹത്തെ മൂടുന്നു. 

ഗണപതിയുടെ ദേഹത്തും തലയിലും മുഴുവൻ മണ്ണ് നിറയുന്നു.

മനസ്സിലെ ദേഷ്യം തീരുന്നതുവരെ ദാസപ്പൻ ഗണപതിയെ മണ്ണു കുത്തിയെറിയുന്നു!

ക്ഷീണിച്ചു മണ്ണിൽ തളർന്നിരിക്കുന്ന ദാസപ്പൻ.

ദാസപ്പന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നു.

തലവഴി പഞ്ചാര മണലിൽ കുളിച്ചു നിക്കുന്ന ഗണപതി .

ഗണപതിയുടെ തോളിൽ പിടിക്കുന്ന ശിവൻ.

ശിവന്റെ കൈ തട്ടി മാറ്റുന്ന ഗണപതി.

ഗണപതിയുടെ കണ്ണിൽ നിന്നും വന്ന കണ്ണീർ വീണു മുഖത്തു പറ്റിയ മണൽത്തരികൾ നനഞ്ഞു കുതിരുന്നു.

ദാസപ്പൻ ഇരിക്കുന്നിടത്തു ചെന്ന് കുനിഞ്ഞിരിക്കുന്ന ഗണപതി.

ഗണപതി ദാസപ്പന്റെ തോളിൽ പിടിക്കുന്നു.

ഗണപതി: എന്നോട് ക്ഷമിക്ക് ദാസപ്പണ്ണാ!

ഗണപതിയുടെ കൈ തട്ടി മാറ്റുന്ന ദാസപ്പൻ.

ദാസപ്പൻ: ക്ഷമിക്കാനാ..,ഇവിടെ വച്ച് തീർന്നു നമ്മൾ തമ്മിലുള്ള ബന്ധം. എനിക്കിനി ഇങ്ങനെയൊരു അനിയനും പെങ്ങളും ഇല്ല!

സങ്കടം കൊണ്ട് ദാസപ്പന് വാക്കുകൾ പൂർത്തിയാക്കാൻ പറ്റുന്നില്ല.

ദാസപ്പൻ: ഒ..ഒരു കൂടപിറപ്പിനെ പോലെയല്ലേടാ നിന്നെ ഞാൻ കണ്ടത്. എന്നിട്ടും..നീ.എന്നോട്‌..

കരയുന്ന ദാസപ്പൻ.

മെമ്പർ: കൂട്ടത്തിൽ നിന്ന് ചതിക്കുന്നവരെ എന്തിനാ ദാസപ്പണ്ണാ നമുക്ക്.. നമുക്ക് നമ്മുടെ തുറയിലോട്ടു പോകാം..വാ..

കൈ നീട്ടുന്ന മെമ്പർ.

മെമ്പറുടെ കൈ പിടിച്ചെണീക്കുന്ന ദാസപ്പൻ.

ദാസപ്പനെ വലിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്ന മെമ്പർ.

മെമ്പറുടെ കൈ തട്ടി മാറ്റി തിരിയുന്ന ദാസപ്പൻ.

ദാസപ്പൻ: ഒരു കാര്യം കൂടി നീ ചെയ്യണം.എന്നേക്കാൾ ഒരാങ്ങളയുടെ സ്ഥാനം കാവേരി തന്നിരിക്കുന്നത് നിനക്കാണ്. അതുകൊണ്ട്‌ നീ തന്നെ അവളെ കൊണ്ടുപോയി ആക്കണം,അവളുടെ ഭർത്താവിന്റെ വീട്ടിൽ!

നടന്നു നീങ്ങുന്ന ദാസപ്പൻ പെട്ടെന്ന് തിരിയുന്നു.

ദാസപ്പൻ: രാത്രി ഞാൻ ചെല്ലുമ്പോൾ അവളെ വീട്ടിൽ കണ്ടാൽ..ജീവനോടെ കത്തിച്ചുകളയും ഞാൻ! എന്നിട്ടു ഞാനും ചാകും!

ഗണപതിയുടെ മുഖത്തെ ഭാവങ്ങൾ!

ദാസപ്പൻ: വയസ്സുകാലത്തു അപ്പനെ ഒറ്റയ്ക്കാക്കാൻ നീ ഇടവരുത്തരുത്!

നടന്നു നീങ്ങുന്ന ദാസപ്പനും മെമ്പറും .

എല്ലാം തകർന്നവനെ പോലെ നിലത്തിരുന്നു കരയുന്ന ഗണപതി.


39  

ഹൈവേ -പകൽ 


തിരക്കുള്ള ഹൈവേയിൽ കൂടി ആക്ടിവാ ഓടിച്ചുവരുന്ന മെമ്പർ. പുറകിലിരിക്കുന്ന ദാസപ്പൻ. രണ്ടുപേരും സീൻ 38 ൽ ഇട്ടിരുന്ന ഡ്രസ്സ് തന്നെ ഇട്ടിരിക്കുന്നു.

ദാസപ്പൻ: മാത്തച്ചാ എനിക്ക് ഇന്ന് രണ്ടെണ്ണം അടിക്കണം. നീ എന്നെ ആദ്യം കാണുന്ന ബാറിൽ ഇറക്കിയിട്ടു പൊയ്ക്കോ!

മെമ്പർ: അതെന്തു വർത്തമാനാ ദാസപ്പണ്ണാ, നമ്മൾ ഒരുമിച്ചു വന്നതാണെങ്കിൽ ഒരുമിച്ചു തന്നെ പോകും.

ഹൈവേയിൽ നിന്ന് പോക്കറ്റ് റോഡിലേയ്ക്ക് സ്കൂട്ടർ തിരിക്കുന്ന മെമ്പർ.

"ബാർ" എന്ന ബോർഡ് വെച്ച കെട്ടിടത്തിലേക്ക് സ്കൂട്ടർ ഓടിച്ചുകയറ്റുന്ന മെമ്പർ.


40 

ദാസപ്പന്റെ വീട്ടിലേയ്ക്കുള്ള റോഡ് -പകൽ 



ദാസപ്പന്റെ വീട്ടിലേയ്ക്കു തിരിയുന്ന സ്ഥലത്തു സ്കൂട്ടർ നിർത്തുന്ന മെമ്പർ.

സ്കൂട്ടറിൽ ഇരുന്നു തന്നെ മെമ്പർ.

മെമ്പർ: ദാസപ്പണ്ണാ ഈ റോഡിൽ കൂടി രണ്ടുപേര് സ്കൂട്ടറിൽ പോയാൽ ഉറപ്പായിട്ടു വീഴും.

മദ്യലഹരിയിൽ സ്കൂട്ടറിനു പുറകിൽ നിന്നും ഇറങ്ങുന്ന ദാസപ്പൻ.

പോക്കറ്റിൽ നിന്നും 500 രൂപ നോട്ട് എടുത്തു മെമ്പറുടെ പോക്കറ്റിൽ വയ്ക്കുന്ന വയ്ക്കുന്ന ദാസപ്പൻ.

സ്കൂട്ടർ സ്റ്റാൻഡിൽ വച്ച് കൂടെ ചെല്ലുന്ന മെമ്പർ.

ദാസപ്പൻ: മെമ്പർ പോയ്ക്കോ, ഇവിടുന്നങ്ങോട്ടു ഞാൻ ഒറ്റയ്ക്ക് മതി.

ആടി ആടി ചുവടുറയ്ക്കാതെ ദാസപ്പൻ നടന്നു പോകുന്നത് നോക്കി നിക്കുന്ന മെമ്പർ.

ദാസപ്പൻ: അല്ലങ്കിലും ഇനി ഞാൻ ഒറ്റയ്ക്കാ, എനിക്കിനി ആരും വേണ്ടാ, സ്വന്തം പെറ്റമ്മയെ ഒഴിച്ചു ആരെയും വിശ്വസിക്കാൻ പറ്റില്ല.

കരഞ്ഞുകൊണ്ട്,

ദാസപ്പൻ: എന്റെ അമ്മ എന്നെ ഇട്ടിട്ടു നേരത്തെ പോയില്ലേ!

ആടി ആടി പോകുന്ന ദാസപ്പൻ.


41 

ദാസപ്പന്റെ വീട് -പകൽ 



നാരായണൻ ദാസപ്പനെയും കാത്തു ഉമ്മറത്തിരിക്കുന്നു.

അപ്പന് കടുംകാപ്പി കൊടുക്കുന്ന കാവേരി.

ദാസപ്പൻ വന്നു മുറ്റത്തു നിക്കുന്നു.

കാവേരി: ഇതെന്തു പറ്റി, ഈ കോലത്തിൽ ദാസപ്പണ്ണനെ കാണാത്തതാണെല്ലാ!

ദാസപ്പൻ: അപ്പാ, ഗണപതി ഇപ്പോ വരും. ഇവളുടെ ഒരു സാധനോം ഇനി ഈ വീട്ടിൽ കാണരുത്. ഇനി ഇവള് നിക്കണ്ടത് ഇവളുടെ ഭർത്താവിന്റെ വീട്ടിലാ!

കാവേരിയും നാരായണനും ദാസപ്പൻ പറയുന്നത് ശ്രദ്ധിക്കുന്നു.

ദാസപ്പൻ വീടിനോടുചേർന്ന്  സൂക്ഷിച്ചുവെച്ച പങ്കായം കൈയിലെടുക്കുന്നു.

കടപ്പുറത്തേക്ക് നടക്കാൻ തുടങ്ങുന്ന ദാസപ്പൻ തിരിഞ്ഞു കാവേരിയോട്,

ദാസപ്പൻ: ഞാൻ തിരിച്ചുവരുമ്പോൾ നിന്നെ ഇവിടെ കണ്ടാ..ജീവനോടെ കത്തിക്കും ഞാൻ,എന്നിട്ടു ഞാനും ചാകും!

പേടിക്കുന്ന നാരായണൻ.

ദാസപ്പൻ: അതിനുള്ള അവസരം നീയായിട്ട് ഉണ്ടാക്കരുത്, പൊക്കോണം നിന്റെ ഭർത്താവിന്റെ അടുത്തേയ്ക്ക്! (കരയുന്നു) എനിക്കിനി ഇങ്ങനെയൊരു പെങ്ങളില്ല!

പങ്കായം നിലത്തുകുത്തി ഏങ്ങലടിക്കുന്ന ദാസപ്പൻ!

ദാസപ്പൻ: അപ്പൻ ഗണപതിയെ വിളിച്ചു പറയണം, ഇവളെ കൊണ്ടുപോയി ഭർത്താവിന്റെ വീട്ടിൽ ആക്കാൻ!
ഇവളുമായിട്ടുള്ള എല്ലാ ബന്ധവും നമ്മൾ ഉപേക്ഷിച്ചു. ഇനി അപ്പനാണ് അങ്ങളായാണ് എന്നും പറഞ്ഞു ഈ വീട്ടിലോട്ടു കയറിയാൽ..മുട്ടുകാലു ഞാൻ തല്ലിയൊടിക്കും, പറഞ്ഞേക്കാം!

നിലത്തുറയ്ക്കാത്ത കാലുകളുമായി നടന്നു നീങ്ങുന്ന ദാസപ്പൻ!


വികാരതീവ്രതയുള്ള ഒരു ശോകഗാനം ഇവിടെ ആരംഭിക്കുന്നു.


42 

ഗാനരംഗം 


അധികം വാദ്യോപകരണങ്ങൾ ഇല്ലാതെ ഒരു ഫ്‌ളൂട്ടോ വയലിനോ ഉപയിഗിച്ചു കമ്പോസ്സ് ചെയ്ത ഒരു ഗാനരംഗം.

കാരണം പാട്ടിനിടയ്ക്കു സംഭാഷണങ്ങൾ കടന്നു വരുന്നുണ്ട്. സങ്കടത്തിന്റെ തീവ്രത പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് പകരുന്നതിനൊപ്പം വളരെ വേഗത്തിൽ കഥ പറഞ്ഞു തീർക്കുന്നതിനും ഇവിടെ ഗാനരംഗം ഉപയോഗിക്കുക.

ലിറിക്കിൽ വേണ്ട വരികളുടെ ഏകദേശരൂപം കിട്ടാൻ ചിലപ്പോൾ താഴെയുള്ള വാചകങ്ങൾ സഹായിക്കും.

ദാസപ്പൻ ഇപ്പോൾ തീർത്തും ഒറ്റപെട്ടവനായി എന്ന തോന്നലിലാണ്.
തന്നിൽ നിന്നും മറ്റുള്ളവരിൽ നിന്നും അന്യനാക്കപ്പെട്ട ദാസപ്പൻ ജീവിതസാഗരത്തിൽ മുങ്ങി പൊങ്ങുകയാണ്.

സൂര്യൻ ദൂരെ കടലിൽ മറഞ്ഞുകൊണ്ടിരിക്കുന്നു. ദൂരെ കടലിൽ മറയുന്ന സുര്യനെ ലക്ഷ്യമാക്കി വഞ്ചി തുഴഞ്ഞുപോകുന്ന ദാസപ്പൻ.തോണി കടലിൽ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നു. കടൽ മുഴുവൻ കുങ്കുമവർണ്ണം 
പരക്കുന്നു.

മറ്റുള്ളവർക്കു വേണ്ടി ജീവിച്ചു പരാജയം ഏറ്റുവാങ്ങി സ്വയം തോറ്റു പിന്മാറുന്ന ദാസപ്പൻ. നഷ്ടപെട്ട ആത്മവിശ്വാസവുമായി ദാസപ്പൻ കടും ചുവപ്പുനിറമായ സുര്യനെ ലക്ഷ്യമാക്കി വഞ്ചി തുഴയുന്നു.

ശിശു സഹജമായ നിഷ്കളങ്കതയാണ് ഇപ്പോൾ ദാസപ്പന്റെ മുഖത്ത്. ആ നിസ്സഹായത അവനിൽ അമ്മയുടെ ഓർമ്മകൾ നിറയ്ക്കുന്നു. 

അമ്മ അവശേഷിപ്പിച്ചു പോയ ചില അടയാളങ്ങൾ. അറിയാതെ അറിയാതെ അമ്മയുടെ മനസ്സിൽ നിന്നും ദാസപ്പന്റെ മനസ്സിലേയ്ക്ക് പടർന്നു കയറിയ ചില വിശ്വാസങ്ങൾ. ആ വിശ്വാസങ്ങൾ ഇപ്പോൾ ദാസപ്പന് താങ്ങാവുന്നു.

ഈ സിനിമയിലെ ഏറ്റവും നല്ല ദൃശ്യവിരുന്ന് ഈ ഗാനത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുക. ഫിലോസഫിക്കു പ്രാധാന്യം കൊടുക്കുന്ന ചില വരികൾ കൂടി ഗാനരചനയിൽ ഉൾപെടുത്തുക.



ഗാനരംഗത്തിൽ വേണ്ട സീനുകൾ 
---------------------------------------------------

1 . നിലത്തുറയ്ക്കാത്ത കാലുകളുമായി പങ്കായവും തോളിൽ വച്ച് കടപ്പുറത്തേയ്‌ക്ക്‌ നടന്നുപോകുന്ന ദാസപ്പൻ 

2 . സ്റ്റഡി ആയിരുന്ന ക്യാമറ rotate ചെയ്യപ്പെടുന്നു. നാരായണന്റെ മുഖത്തു fix ആകുന്ന ക്യാമറ.

3 . എല്ലാം തകർന്നവനെ പോലിരിക്കുന്ന നാരായണൻ. അവസാനകാലത്തു ആ വയസനിൽ നിന്നും വിധി എല്ലാ സന്തോഷങ്ങളും തട്ടി നീക്കുന്നു.

4 . ഭിത്തിയിൽ മാലയിട്ടു സൂക്ഷിച്ചിരിക്കുന്ന സ്വന്തം ഭാര്യയുടെ ഫോട്ടോയിൽ നോക്കി തേങ്ങുന്ന നാരായണൻ.

5 . ഏങ്ങലടിച്ചുകൊണ്ടു ഓടി മുറിക്കകത്തുകയറി കതകടയ്ക്കുന്ന കാവേരി.

6 . അടച്ചിട്ട വാതിലിൽ ചാരി നിന്ന് കരയുന്ന കാവേരി.

7 . ഫോണിൽ ഗണപതിയെ വിളിക്കുന്ന കാവേരി.

8 . ഫോണിൽ സംസാരിച്ചു കരയുന്ന ഗണപതി. കരഞ്ഞുകൊണ്ട് ഫോണിൽ കൂടി സംസാരിക്കുന്ന കാവേരി. 

9 . സാധനങ്ങൾ ബാഗിൽ അടുക്കി വയ്ക്കുന്ന കാവേരി.

10 . നേരം ഇരുട്ടി വരുന്നു. നാരായണൻ ലൈറ്റ് ഇടാതെ ഉമ്മറത്ത് തന്നെ ഇരിക്കുന്നു.

11 . കത്തിച്ച നിലവിളക്കുമായി ഉമ്മറത്തേയ്‌ക്ക്‌ വരുന്ന കാവേരി.

12 . വിളിക്ക് ഉമ്മറത്തുവച്ചു തൊഴുന്ന കാവേരി.

13 . വിളക്ക് വയ്ക്കുന്ന കണ്ടു എഴുന്നേൽക്കുന്ന നാരായണൻ.

14 . നാരായണനെ കെട്ടിപ്പിടിക്കുന്നു കാവേരി.

15 . കാവേരി കുനിഞ്ഞു നാരായണന്റെ കാലിൽ തൊട്ടു മാപ്പു ചോദിക്കുന്നു. നിർവികാരനായി ദൂരേയ്ക്ക് നോക്കി നിൽക്കുന്ന നാരായണൻ.

16 . ചുറ്റിനും ഇരുട്ട് വ്യാപിക്കുന്നു.

17 . നിലാവെളിച്ചത്തിൽ വള്ളം തുഴഞ്ഞു മദ്യലഹരിയിൽ
ഉൾക്കടലിലേയ്ക്ക് പോകുന്ന ദാസപ്പൻ.

18 . തേങ്ങി തേങ്ങി കരയുന്ന ദാസപ്പൻ.

19 . പങ്കായം മാറ്റിവച്ചിട്ടു വള്ളത്തിൽ കിടക്കുന്ന ദാസപ്പൻ.

20 . മദ്യലഹരിയിൽ ഉറങ്ങി പോകുന്ന ദാസപ്പൻ.

21 . ഉറക്കത്തിൽ അമ്മയെ സ്വപ്നം കാണുന്ന ദാസപ്പൻ.

ഇവിടെ ഗാനത്തിന്റെ വരികളും മ്യൂസിക്കും ഫെയിഡ് ആകുന്നു. കാറ്റിന്റെയും കടലിൽ ഓളം തള്ളുമ്പോൾ ഉണ്ടാകുന്ന ഒച്ചയും മാത്രമാകുന്നു.
ഇവിടെ ദാസപ്പനും കടലും കാറ്റും ഉദിച്ചുനിക്കുന്ന ചന്ദ്രനും നക്ഷത്രങ്ങളും മാത്രമാകുന്നു.

22 . ദൂരെ ഒരു നക്ഷത്രം ദാസപ്പനെ നോക്കി കണ്ണ് ചിമ്മുന്നതായി ദാസപ്പന് തോന്നുന്നു.

23 . ചുറ്റും പ്രകാശം പരത്തുന്ന തേജസുള്ള സ്ത്രീ രൂപമായി നക്ഷത്രം മാറുന്നു.

24 . ആ സ്ത്രീ രൂപത്തിന് മരിച്ചുപോയ ദാസപ്പന്റെ അമ്മയുടെ മുഖഛായ ആയിരുന്നു.

25 . വള്ളത്തിൽ ഉറങ്ങി കിടക്കുന്ന ദാസപ്പന്റെ ദൃശ്യം.

ദാസപ്പൻ: അമ്മേ !(ഉറക്കത്തിൽ)

ഇനി ദാസപ്പനും മരിച്ചുപോയ അമ്മയും തമ്മിലുള്ള സംഭാഷണം ആണ്.

പ്രകാശം പരത്തുന്ന സ്ത്രീ രൂപം ദാസപ്പന്റെ തലയിലും മുഖത്തും തലോടുന്നു.

സ്ത്രീ രൂപം: എന്റെ മക്കള് സങ്കടപെടരുത്!

വള്ളത്തിൽ ഉറങ്ങി കിടന്നു കരയുന്ന ദാസപ്പൻ.

ദാസപ്പൻ: ഇല്ല അമ്മച്ചി!(തേങ്ങുന്ന ദാസപ്പൻ)

സ്ത്രീരൂപം: കാവേരീകുഞ്ഞു നല്ല നിലയിൽ തന്നെ ജീവിക്കും!

ദാസപ്പൻ: മൂളുന്നു(ഉറക്കത്തിൽ)

സ്ത്രീരൂപം: അപ്പന് ഇനി കുഞ്ഞു മാത്രമേ ഉള്ളൂ! അപ്പനെ നല്ലോണം നോക്കണ്ടേ?

ദാസപ്പൻ: വേണം(ഉറക്കത്തിൽ)

സ്ത്രീരൂപം: ഇനിയും മക്കള് ഒരുപാടു പരീക്ഷണങ്ങളിലൂടെ കടന്നുപോകും. അവസാനം എന്റെ മകന് ദൈവം നല്ലതേ വരുത്തൂ!

ദാസപ്പൻ ഉറക്കത്തിൽ ചിരിക്കുന്നു.

സ്ത്രീരൂപം: അപ്പൻ പറയുന്നതൊക്കെ മക്കൾ അനുസരിക്കണം.അതൊക്കെ അപ്പനെ കൊണ്ട് അമ്മച്ചി ചെയ്യിക്കുന്നതാ!

ദാസപ്പൻ: അനുസരിക്കാം അമ്മച്ചി( ഉറക്കത്തിൽ)

സ്ത്രീരൂപം കുനിഞ്ഞു ദാസപ്പന്റെ നെറ്റിയിൽ ഉമ്മ വയ്ക്കുന്നു.

ചിരിക്കുന്ന ദാസപ്പൻ -ഉറക്കത്തിൽ.

പെട്ടെന്ന് സ്ത്രീരൂപം മായുന്നു. നക്ഷത്രമായി തന്നെ ആകാശത്തു മിന്നുന്നു.

ദാസപ്പൻ കണ്ണ് തുറക്കുമ്പോൾ ദൂരെ ആകാശത്തു ഒരു നക്ഷത്രം കണ്ണ് ചിമ്മുന്നതു മാത്രം കാണുന്നു.

26 . ഉറക്കം വിട്ടു ചാടി എണീക്കുന്ന ദാസപ്പൻ.

27 . എവിടെയാണെന്നറിയാതെ വള്ളത്തിൽ കുത്തിയിരിക്കുന്ന ദാസപ്പൻ.

ഇവിടം തൊട്ടു ഗാനത്തിന്റെ വരികളും മ്യൂസിക്കും പഴയതുപോലെ ആകുന്നു.

28 . ഓടി കൊണ്ടിരിക്കുന്ന കാറിൽ ഇരിക്കുന്ന ഗണപതി. രാഹുൽ കാർ ഓടിക്കുന്നു.(രാത്രി)

29 . ദാസപ്പന്റെ വീട്ടിലേയ്ക്കു കിടക്കുന്ന പൊട്ടി പൊളിഞ്ഞ റോഡിലൂടെ പ്രയാസപ്പെട്ടു കാറോടിക്കുന്ന രാഹുൽ.

30 . കാർ ദാസപ്പന്റെ വീടിന്റെ വേലിക്കകത്തു പ്രവേശിക്കുന്നു.

31 . കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചം നാരായണന്റെ മുഖത്തടിക്കുന്നു.

32 . ഗണപതി നാരായണനെ കെട്ടിപിടിച്ചു മാപ്പു ചോദിക്കുന്നു.

33 . കരയുന്ന നാരായണനും ഗണപതിയും.

34 . അകത്തുനിന്നു ബാഗുകൾ എല്ലാം എടുത്തു ഇറങ്ങി വരുന്ന കാവേരി.

35 . അപ്പനെ കെട്ടിപിടിച്ചു മുഖത്തു ഉമ്മ വയ്ക്കുന്ന കാവേരി.

36 . ദൂരേയ്ക്ക് നോക്കി നിക്കുന്ന നാരായണൻ പെട്ടെന്ന് കാവേരിയെ കെട്ടിപിടിച്ചു കരയുന്നു.

37 . അകത്തേയ്ക്കുപോയി ഒരു ചെറിയ ആഭരണപെട്ടിയുമായി വരുന്ന നാരായണൻ.

38 . പെട്ടി തുറന്നു അമ്മയുടെ ആഭരണങ്ങൾ എല്ലാം കാവേരിക്ക് കൊടുക്കുന്ന നാരായണൻ.

39 . ഭിത്തിയിൽ മാലയിട്ടു സൂക്ഷിച്ചിരിക്കുന്ന അമ്മയുടെ ക്ലോസപ്പ് ഷോട്ട്.

40 . ആഭരണങ്ങൾ കൈയിൽ പിടിച്ചു അമ്മയുടെ ചിത്രത്തിൽ നോക്കി കരയുന്ന കാവേരി.

41 . കാറിന്റെ പുറകിലത്തെ സീറ്റിൽ ഇരിക്കുന്ന കാവേരി.

42 . വീടിന്റെ ഉമ്മറത്തുനിന്ന് കരയുന്ന നാരായണൻ.

43 . വേലി കടന്നു റോഡിലേയ്ക്ക് പോകുന്ന കാർ.

44 . ഹൈവേയിൽ കൂടി പോകുന്ന കാറിലിരുന്ന് കരയുന്ന കാവേരി.

45 .ഫോണിൽ സോണിയെ വിളിക്കുന്ന ഗണപതി.

46 . ഫോണിൽ സംസാരിക്കുന്ന സോണി.

47 . ഒരു വലിയ വീടിന്റെ ഗേറ്റ് കടന്നു കാർ പൂമുഖത്തു വരുന്നു.

48 . കാറിൽ നിന്നും ഇറങ്ങുന്ന കാവേരി.

49 . സോണിയുടെ അമ്മയെ കെട്ടിപിടിച്ചു കരയുന്ന കാവേരി.

50 . കാവേരിയെ ആശ്വസിപ്പിക്കുന്ന അമ്മ.

51 . കാവേരിയുടെ ബാഗുകൾ എല്ലാം പോർച്ചിൽ വയ്ക്കുന്ന ഗണപതി.

52 . ഗണപതി തിരിച്ചുപോരാൻ കാറിൽ കയറുമ്പോൾ സോണി ഗണപതിയുടെ തോളിൽ പിടിച്ചു എന്തോ പറയുന്നു.

53 . എന്തോ പറഞ്ഞു സോണിയുടെ കൈ തട്ടിമാറ്റി കാറിൽ കയറുന്ന ഗണപതി.

54 . ഗണപതിയും രാഹുലും കയറിയ കാർ ഗേറ്റ് കടന്നു പോകുന്നത് നോക്കി നിക്കുന്ന കാവേരി.

55 . കരയുന്ന കാവേരി.

56 . ദൂരെ ആകാശത്തു ഒരു നക്ഷത്രം കണ്ണ് ചിമ്മുന്നത് കാണുന്ന കാവേരി. കരഞ്ഞു കൊണ്ട് നക്ഷത്രത്തിൽ തന്നെ നോക്കുന്ന കാവേരി.

57 . വള്ളത്തിൽ ഇരുന്നു ദൂരെ ആകാശത്തു നക്ഷത്രം കണ്ണ് ചിമ്മുന്നത് കാണുന്ന ദാസപ്പൻ.

58 . വള്ളം തിരിച്ചു കരയിലേക്ക് തുഴയുന്ന ദാസപ്പൻ.

17 മുതൽ 58  വരെയുള്ള സീൻ രാത്രിയാണ്- രാത്രിയുടെ ഫീൽ വരുത്തുക 

59 .ടേബിളിനു ചുറ്റും ഇരുന്നു ഭക്ഷണം കഴിക്കുന്ന സോണിയും കാവേരിയും ചേട്ടനും മക്കളും.

60 . കാറിൽ എയർപോർട്ടിലേയ്ക്ക് യാത്രയാകുന്ന കാവേരിയും സോണിയും.

61 . international ടെർമിനലിൽ വന്നുനിക്കുന്ന കാർ.

62 . സോണിയെയും കാവേരിയേയും യാത്രയാക്കാൻ കൂടെ വന്ന സോണിയുടെ ചേട്ടനും ചേട്ടത്തിയും.

63 . എന്തൊക്കെയോ പറഞ്ഞു രണ്ടുപേരെയും കെട്ടിപിടിച്ചു യാത്രയാക്കുന്ന ചേട്ടനും ചേട്ടത്തിയും.

64 . international ടെർമിനലിലേയ്ക്ക് കയറിപ്പോകുന്ന സോണിയും കാവേരിയും.

65 . നാരായണനും മമ്മാലിക്കയും കടപ്പുറത്തിരിക്കുന്നു.

66 . എന്തോ പറഞ്ഞു കരയുന്ന നാരായണൻ.

67 . ആശ്വസിപ്പിക്കുന്ന മമ്മാലിക്ക.

സീനുകൾ മുഴുവൻ കാണിക്കാൻ ഗാനത്തിന് അല്പം length കൂടി കൊടുക്കുക.



43 

കടൽ തീരം-വൈകുന്നേരം 


ക്ലാരയുടെ വീട്ടിലേയ്ക്കു തിരിയുന്ന വഴിയിൽ കടപ്പുറത്തിരുന്നു വലയുടെ കേടുപാടുകൾ തീർക്കുന്ന ദാസപ്പൻ.

ദൂരെനിന്നും ക്ലാര നടന്നുവരുന്ന ഷോട്ട്.

ക്ലാര നടന്നുവന്നു അടുത്തുനിക്കുന്നതു ദാസപ്പൻ കാണുന്നില്ല. വല കെട്ടുന്ന സൂചി എടുക്കാൻ ദാസപ്പൻ തിരിയുമ്പോൾ ക്ലാരയെ കാണുന്നു.

ദാസപ്പൻ: നീ ഇവിടെ നില്പുണ്ടായിരുന്നാ, ഞാൻ കണ്ടില്ല!

ക്ലാര: അല്ലെങ്കിലും ഈയിട കൊണ്ട് കാഴ്ച അല്പം കുറവാണല്ലാ!

ദാസപ്പൻ: നീയെന്താ അർഥം വച്ച് സംസാരിക്കുന്നത്.

ക്ലാര: അങ്ങനെയുള്ള പ്രവർത്തിയാ ദാസേട്ടൻ ഇപ്പൊ കാണിക്കുന്നേ!

ദാസപ്പൻ: ഞാൻ എന്ത് കാണിച്ചു?

ക്ലാര: ആദ്യം പറഞ്ഞു ഓപ്പറേഷൻ ചെയ്യാന്നു. ഇപ്പൊ പറയണ് കല്യാണം കഴിഞ്ഞു ഓപ്പറേഷൻ ചെയ്യാന്നു. ഞാൻ ഏതു വിശ്വസിക്കും!

ദാസപ്പൻ: ഒന്നാമത്തെ കാര്യം വീട്ടിൽ ഇപ്പൊ അപ്പൻ മാത്രേ ഉള്ളൂ. ഓപ്പറേഷൻ കഴിഞ്ഞാ എന്റെ കൂടെ ഹോസ്പിറ്റലിൽ നിക്കാൻ പോലും ആരുമില്ല. കല്യാണം കഴിഞ്ഞാൽ നിനക്ക് വന്നു നിക്കാല്ലാ.
പിന്നെ(മൗനം) ഓപ്പറേഷൻ കഴിഞ്ഞാലും കുട്ടികൾ ഉണ്ടാകുന്ന കാര്യത്തിൽ ഡോക്ടർ ഉറപ്പൊന്നും പറഞ്ഞിട്ടില്ല!

ക്ലാര മണ്ണിൽ എന്തൊക്കെയോ കുത്തി കുറിക്കുന്നു.

ക്ലാര:  നാളെ ചെറായിന്നു എന്നെ പെണ്ണുകാണാൻ ഒരാളുവരും. അയാൾക്ക്‌ ഇഷ്ടപെട്ടാൽ കല്യാണം ഉടനെ നടത്തുമെന്നാ അച്ചായൻ പറയുന്നത്.

ദാസപ്പൻ: എന്റെ വീട്ടിലേയ്ക്കു വരാൻ നിനക്ക് ആരുടെയും അനുവാദം ആവശ്യമില്ലല്ലാ. വീടിന്റെ വാതിൽ എന്നും നിനക്കായി തുറന്നു കിടക്കും.

ദൂരെ നിന്നും ക്ലാരയുടെ അമ്മ വിളിക്കുന്ന ശബ്ദം.(വോയിസ് ഓവർ)

വോയിസ്: എടീ ക്ലാര പെണ്ണേ...

ക്ലാര: അമ്മച്ചി വിളിക്കണ്( എണീക്കുന്ന ക്ലാര) എന്റെ താഴെ ഒരു പെണ്ണ് കൂടിയുണ്ട്. ദാസണ്ണൻ അതോർക്കണം.

ദാസപ്പൻ: ഞാൻ എന്തോർക്കണം. നിന്നെ ഇപ്പൊ വിളിച്ചിറക്കി കൊണ്ടുപോരണാ അതിനും ഞാൻ റെഡിയാ!

ക്ലാര: എനിക്കൊരമ്മയാകണം ദാസേട്ടാ! ഓപ്പറേഷൻ നടത്തി കഴിഞ്ഞു വിളിച്ചാൽ ഞാൻ വരും. അല്ലങ്കിൽ...

ബാക്കി മുഴുമിപ്പിക്കാതെ നടന്നു നീങ്ങുന്ന ക്ലാര.

ക്ലാര നടന്നുപോകുന്നതും നോക്കിയിരുന്നു വല കെട്ടുന്ന ദാസപ്പൻ.

44 

ദാസപ്പന്റെ വീട് -പകൽ 


നാരായണനും മമ്മാലിയും കൂടി ഉമ്മറത്തിനു മുന്നിലുള്ള വരാന്തയിൽ ഇരുന്നു വർത്തമാനം പറയുന്നു.മമ്മാലിയുടെ ബീവി(ഭാര്യ) ഫാത്തിമ വീടും പറമ്പും വൃത്തിയാക്കുന്നു.

ഫാത്തിമ : എങ്ങനെ കിടന്നിരുന്ന വീടാ നാണിയേട്ടാ! ഇപ്പൊ കണ്ടിട്ട് സങ്കടം വരുന്നു.

കാവേരിയുടെ ചെടിയൊക്കെ നനയ്ക്കാതെ കരിഞ്ഞുണങ്ങി കിടക്കുന്നു. ഒട്ടും പച്ചപ്പ്‌ തോന്നാത്ത ഒരു നെഗറ്റീവ് എനർജി ഫീൽ ചെയ്യുന്ന മൂഡ് create ചെയ്യുക.

നാരായണൻ: ഇതിപ്പം വീടലല്ലാ,ഞങ്ങൾ രണ്ടു ജീവികൾ ഇവിടെ ജീവിക്കുന്നു എന്നേയുള്ളു!

മമ്മാലി: നീ ദാസപ്പന്റെ ജാതകം ഒന്നെടുത്തുതന്നേ,നമ്മുടെ ദിവാകരേട്ടന്റെ മോളുടെ ജാതകവുമായി ചേരുവോന്നു നോക്കാനാ?

നാരായണൻ: അതിനവൻ സമ്മതിക്കില്ല മമ്മാലി, അവനൊരു ഇഷ്ടക്കാരത്തിയുണ്ട്. ക്ലാര!

മമ്മാലി: ഏത്..ലാസറിന്റെ മകളാണാ! അവളെ കാണാൻ ചെറായീന്നു ഒരുകൂട്ടര് വന്നല്ലാ! ചെറുക്കൻ വില്ലേജ് ഓഫീസിലെ പ്യൂൺ ആണെന്നാ ഫാത്തിമ പറഞ്ഞത്!

നാരായണൻ:(ആശ്ചര്യത്തിൽ) നേരാണാ!

മമ്മാലി: നീ ജാതകം എടുക്ക്,ചേരുവോന്നു നോക്കാം. നിനക്ക് മരുമോളായിട്ടു ദിവാകരേട്ടന്റെ മോളാ ചേരുന്നത്!

അകത്തേയ്ക്കു പോകുന്ന നാരായണൻ.


 45 

കടപ്പുറം -വൈകുന്നേരം 


സൂര്യൻ കടലിൽ മറയാൻ കുറച്ചുസമയം കൂടിയുണ്ട്. 

കടപ്പുറത്തിരുന്നു വല കെട്ടുന്ന ദാസപ്പൻ.

ചെത്തുകാരൻ പൊന്നൻ ദാസപ്പൻ ഇരിക്കുന്നിടത്തേയ്ക്ക് വരുന്നു. ചെത്തുകാരന്റെ വേഷം. കൈയിൽ കന്നാസിൽ ചെത്തിയ കള്ള് പകുതിയുണ്ട്.

ദാസപ്പനോട് പൊന്നൻ 

പൊന്നൻ: വല മുഴുവൻ കടൽപ്പന്നി കടിച്ചുപൊട്ടിച്ചല്ലേ?

ദാസപ്പൻ: അതെ ചേട്ടാ

പൊന്നൻ: വറീത് മാപ്പള ഷാപ്പിൽ വച്ച് കണ്ടപ്പോൾ പറഞ്ഞു.

ദാസപ്പൻ: വല കെട്ടാൻ ഉച്ചകഴിഞ്ഞു എല്ലാരും കൂടി വരാന്നു പറഞ്ഞതാ.ഒന്നിനേം കണ്ടില്ല. അവരെ പറഞ്ഞിട്ട് കാര്യം ഇല്ല! മമ്മാലിക്ക തന്നെ എല്ലാരേം ചീട്ടുകളിക്കാൻ വിളിച്ചോണ്ടുപോകും.

പൊന്നൻ: ഗണപതി എന്തേ? എവിടെ പോയാലും നിങ്ങളെ ഒരുമിച്ചല്ലേ കണ്ടിട്ടുള്ളൂ!

ദാസപ്പൻ: അവനിനി വരില്ല ചേട്ടാ! കാവേരിയുടെ കാര്യം അറിഞ്ഞാരുന്നാ?

പൊന്നൻ: ങും! നീ ഒന്നുപോയി തിരക്കണ്ടതായിരുന്നു?

ദാസപ്പൻ: എന്തിന്? ഗണപതി അങ്ങനെയൊരു ചതി എന്തായാലും കാവേരിയോട് കാണിക്കില്ല! കാവേരിയുടെ ഭർത്താവ് ബ്രിട്ടനിൽ ഡോക്ടർ ആണെന്നാ ഞാനറിഞ്ഞത്!

ദാസപ്പൻ: കാവേരിയാ ഗണപതിയെ ചതിച്ചത്! അവള് കാരണം എനിക്കൊരു കൂടപ്പിറപ്പിനെ നഷ്ടമായി!

മൗനമായിരിക്കുന്ന ദാസപ്പൻ

പൊന്നൻ: റിസോർട്ടിലെ കൂടിയുണ്ട്. ഞാൻ ചെല്ലട്ടെ!

ദാസപ്പൻ: ഷാപ്പ് റിസോർട്ടിനകത്താക്കിയെന്ന് കേട്ടു. നാട്ടുകാർക്ക് ചെല്ലാനേ പറ്റില്ലേ?

പൊന്നൻ: ഷാപ്പിന്റെ സെറ്റപ്പ് മാറിപ്പോയി ദാസപ്പാ. ഒരു ഗ്ലാസ് കള്ളിന് 250 രൂപയും ടാക്സും കൊടുക്കണം. അപ്പൊ നമ്മുടെ നാട്ടുകാര് കേറുവാ!

ചിരിക്കുന്ന ദാസപ്പൻ, നടന്നു നീങ്ങുന്ന പൊന്നൻ. വല കെട്ടൽ തുടരുന്ന ദാസപ്പൻ.

ഇപ്പോൾ സൂര്യന് കുങ്കുമനിറം വ്യാപിക്കുന്നു.

ക്ലാര നടന്നുവന്നു ദാസപ്പന് സമീപം ഇരിക്കുന്നു.

ക്ലാരയെ നോക്കുന്ന ദാസപ്പൻ.

ദാസപ്പൻ: ചെറായീന്നു വന്ന ആലോചന എന്തായി?

ക്ലാര: ഉറപ്പിച്ചു! അടുത്തമാസം 29 ന് അവർക്ക് കല്യാണം നടത്തണോന്ന്.

ദാസപ്പൻ വല കെട്ടുന്നതിൽ തന്നെ ശ്രദ്ധിച്ചിരുന്നു.

ക്ലാര: ഇന്നലെ ഇവിടുന്നു കുറച്ചുപേര് ചെറുക്കന്റെ വീട്ടിലോട്ടു പോയിരുന്നു.

വല കെട്ടുന്നതിൽ തന്നെ ശ്രദ്ധിച്ചിരിക്കുന്ന ദാസപ്പൻ.

ക്ലാര എന്ത് പറയണം എന്നോലോചിച്ചു കൊണ്ട് 

ക്ലാര: നമ്മൾ ഒരുമിച്ചു താമസിക്കാൻ തുടങ്ങി കുറെ നാളുകൾ കഴിഞ്ഞും കുട്ടികൾ ഒന്നും ഉണ്ടായില്ലെങ്കിൽ..എനിക്ക്..എനിക്ക് മനസ്സിൽ വെറുപ്പായി പോകും ദാസേട്ടാ!.അതുകൊണ്ടാ.ഞാൻ..ദാസേട്ടൻ എല്ലാം മറക്കണം!

ഒരു പരിഹാസം നിറഞ്ഞ ചിരി ദാസപ്പന്റെ മുഖത്തു വിരിയുന്നു.

ദാസപ്പൻ: അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റുകേലല്ല! ആർക്കും തരാൻ സാധികാത്ത ഒരുപാടു രസങ്ങൾ പകർന്നു തന്നവളല്ലേ നീ! 

ദാസപ്പൻ അൽപനേരം മൗനമായിരുന്നു.

ദാസപ്പൻ: പക്ഷെ മറക്കണം! എന്റെ അമ്മ ഇടയ്ക്കു സ്വപ്നത്തിൽ വന്നു പറയും ഞാൻ ഇനിയും ഒരുപാടു പരീക്ഷണങ്ങളിലൂടെ കടന്നുപോകും എന്ന്.
ജീവനേക്കാൾ ഏറെ ഞാൻ സ്നേഹിച്ച പെങ്ങൾ ചതിച്ചിട്ടു പോയി. കൂടപ്പിറപ്പിനെ പോലെ കരുതിയ ചങ്ങാതി പോയി. എല്ലാം പങ്കുവച്ചു ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച കാമുകിയും പോകും. പൊക്കോ! 

മൗനം 

ദാസപ്പൻ: പക്ഷെ ദാസപ്പൻ ജീവിക്കും. ജീവിച്ചു കാണിച്ചുകൊടുക്കും. ഇത് ഞാൻ എന്റെ അമ്മച്ചിക്ക് കൊടുത്ത വാക്ക്!

വള്ളത്തിൽ ചാരിവെച്ച പൊന്തുവള്ളവും തുഴയും എടുത്തു കുങ്കുമ നിറം വീണ കടലിലേയ്ക്ക് നടന്നുപോകുന്ന ദാസപ്പൻ.

നോക്കി നിക്കുന്ന ക്ലാര!

46 


ദാസപ്പന്റെ വീട്- രാവിലെ 



രാവിലെ ഉമ്മറത്തിരുന്നു കാപ്പി കുടിക്കുന്ന നാരായണനും ദാസപ്പനും.

വേലി കടന്നു ദാസപ്പന്റെ വീട്ടിലേയ്ക്കു വരുന്ന മമ്മാലി. 

മുറ്റം വൃത്തിയാക്കാത്തതിനാൽ ചപ്പുചവറുകൾ മുറ്റത്തും പറമ്പിലും കിടക്കുന്നതിന്റെ ദൃശ്യം.

മമ്മാലി അകത്തുകയറി ഉമ്മറത്തെ കസേരയിൽ ഇരിക്കുന്നു.

മമ്മാലി: ഇന്നലെ കൊല്ലത്തു നിന്നും വന്നപ്പോൾ ഒരുപാടു ഇരുട്ടി. അതാ ഇന്നലെ വരാതിരുന്നത്.

മമ്മാലിക്കയ്ക്കു ഒരുഗ്ലാസ്സിൽ കടുംകാപ്പി കൊടുക്കുന്ന ദാസപ്പൻ.

കാപ്പി വാങ്ങി മൊത്തികൊണ്ട് മമ്മാലി.

മമ്മാലി: ദിവാകരേട്ടന്റെ മോളുടെ ജാതകവുമായി ദാസപ്പന്റെ ജാതകം നല്ല ചേർച്ചയാ. അവർക്കു നല്ല താല്പര്യം ഉണ്ട്, എന്റെ വീടിനടുത്താണെന്നു പറഞ്ഞപ്പോൾ രാധാകുഞ്ഞിനും ഇഷ്ടായി!

പോക്കറ്റിൽ വെച്ച ബുക്ക് ജാതകത്തിൽ നിന്നും രാധയുടെ ഫോട്ടൊ എടുത്തു ദാസപ്പനെ കാണിക്കുന്ന മമ്മാലി.

രാധയുടെ ഫോട്ടോ കാണുന്ന ദാസപ്പൻ .

ദാസപ്പൻ: ഇത് നമ്മുടെ നേഴ്സ് കുട്ടിയല്ലേ?

നാരായണൻ: അതെ, നീ അറിയുവാ?

ദാസപ്പൻ: ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ ഈ കുട്ടിയാ എന്നെ നോക്കിയത്. അതിനെ നല്ല ആരെങ്കിലും കെട്ടിക്കൊണ്ടു പൊയ്ക്കോളും അപ്പാ!
നല്ല ഭാവിയുള്ള കുട്ടിയാ...എന്റെ കൂടെ കൂടി അതു മച്ചിയായി ഇവിടെ നിന്ന് മുരടിച്ചുപോകും!

മമ്മാലി: ഞാൻ എല്ലാ കാര്യോം അവിടെ പറഞ്ഞിട്ടുണ്ട്. നീ ഇപ്പൊ അതിനെ കെട്ടിയില്ലങ്കിൽ അത് കല്യാണം കഴിക്കാതെ മച്ചിയായി പോകും. പിന്നെ വയസുകാലത്തു വല്ലവരുടേം ആട്ടും തുപ്പും സഹിച്ചു അത് കഴിയേണ്ടിവരും.
താഴത്തെ രണ്ടു പെൺകുട്ടികളെ പഠിപ്പിക്കാൻ രാധാകുഞ്ഞു കല്യാണമേ വേണ്ട എന്ന് പറഞ്ഞു നിക്കുവാ. പിന്നെ ഞാനാ ഒരുവിധത്തിൽ അതിനെ പറഞ്ഞു സമ്മതിപ്പിച്ചത്!

നാരായണൻ: എന്തായാലും നമുക്ക് കൊല്ലം വരെ പോയി പെണ്ണിനെ കണ്ടിട്ട് ബാക്കി തീരുമാനിക്കാം.

മമ്മാലി: നമ്മുടെ മെമ്പർ പുതിയ ഒരു കാർ വാങ്ങിയിട്ടുണ്ട്. അതിൽ പോകാം!

ദാസപ്പൻ: എന്തിനാ മമ്മാലിക്കാ കാറ്, നമുക്ക് ബസ്സിൽ പോകാം!

മമ്മാലി: എന്തിനാ ബസ്സ്! നമുക്ക് നമ്മുടെ ലോറിയിൽ പോകാം! ബോട്ടിൽ പണിയില്ലാത്ത കൊണ്ട് ലോറി അനക്കം ഇല്ലാതെ കിടക്കുവാ!


47  


ഓടി കൊണ്ടിരിക്കുന്ന ടാറ്റ -407 ലോറി -പകൽ 


ലോറി ഓടിക്കുന്ന ദാസപ്പൻ. ഇടതുവശത്തെ സീറ്റിൽ അഡ്ജസ്റ്റ് ചെയ്തിരിക്കുന്ന നാരായണനും മമ്മാലിയും.

ദാസപ്പൻ: വരുന്ന വഴി നീണ്ടകര ഹാർബറിൽ കയറിനോക്കാം മമ്മാലിക്കാ! ചിലപ്പോൾ ഭാഗ്യം ഉണ്ടെങ്കിലാ?

മമ്മാലി: നമ്മളെക്കാൾ കഷ്ടമാ അവിടം! അടുത്താഴ്ചയും ബോട്ട് ഇറക്കാൻ പറ്റിയില്ലെങ്കിൽ ലോറിയുമായി നമ്മൾ മംഗലാപുരത്തുപോകും. കൊച്ചിയിലെ വിലയേക്കാൾ കുറച്ചു മീൻ തരാൻ നമുക്ക് അവിടെ ആളുണ്ട്.

വണ്ടി ഓടി കൊണ്ടിരിക്കുന്നതിന്റെ പുറത്തുനിന്നുള്ള ദൃശ്യം.

മമ്മാലി: കയർ ബോർഡിന്നു മംഗലാപുരത്തുള്ള ഒരു കടക്കാരന് കൊടുക്കാനുള്ള തടുക്കിന്റെ ഓർഡർ ഞാൻ വാങ്ങി. അടുത്താഴ്ച തടുക്ക് മംഗലാപുരത്ത് എത്തിക്കണം. തിരിച്ചു നമുക്ക് മീനും കയറ്റി ചേർത്തലയ്ക്കു വരാം!

ദാസപ്പൻ ഒന്നുകൂടി ഉഷാറാകുന്നു.

ദാസപ്പൻ: ബോട്ട് അടുത്താഴ്ച കടലിൽ ഇറക്കിയാലും ഇല്ലങ്കിലും നമ്മൾ തടുക്കിന്റെ ഓർഡർ എടുക്കും മമ്മാലിക്ക. തടുക്ക് നമ്മൾ മംഗലാപുരത്തുള്ള കച്ചവടക്കാരന് കൊടുക്കും. മീനും കൊണ്ട് രാവിലെ നമ്മൾ ചേർത്തല മാർക്കറ്റിൽ വരും.

മമ്മാലി: പിന്നല്ലാതെ! നമ്മളോടാ കളി !

ഒരു മ്യൂസിക് ഇവിടെ തുടങ്ങുന്നു.

ദാസപ്പനും മമ്മാലിയും നാരായണനും ചിരിച്ചു സംസാരിച്ചു യാത്ര തുടരുന്നത് ലോറിക്ക് പുറത്തുള്ള ക്യാമറയിൽ കൂടി പ്രേക്ഷകർ കാണുന്നു.

നീണ്ടകര ഹാർബർ കടന്നുപോകുന്ന ദാസപ്പൻ ഓടിക്കുന്ന ലോറി.

ഹാർബറിന് മുകളിൽ പരുന്തുകൾ കൂട്ടമായി പറക്കുന്ന ദൃശ്യം.

ഹാർബർ കടന്നു അല്പം കൂടി തെക്കോട്ടു പോകുമ്പോൾ ദാസപ്പൻ ഓടിക്കുന്ന ലോറി ഹൈവേയിൽ നിന്നും ഇടത്തോട്ട് തിരിയുന്നു.

ചെറിയ ഒരു ടാർ റോഡിൽ കൂടി മുന്നോട്ടു പോകുന്ന ലോറി 

മമ്മാലി: ആ കാണുന്ന കലിംഗിനടുത്തു വണ്ടി നിർത്തിക്കോ! ഇവിടുന്നു രണ്ടു വീട് അപ്പുറത്താ ദിവാകരേട്ടന്റെ വീട്.

ലോറിയിൽ നിന്നും ഇറങ്ങുന്ന മമ്മാലിയും നാരായണനും.

മമ്മാലിയെ കണ്ടു നടന്നുവരുന്ന രണ്ടുപേർ കുശലം പറയുന്നു.



 48 

ദിവാകരന്റെ - രാധയുടെ വീട് -പകൽ   


സാമാന്യം തരക്കേടില്ലാത്ത ഒരു സാധാരണ വീട്. രാധയും അമ്മയും(50 വയസിനു മുകളിൽ പ്രായം)ഹൈസ്കൂളിലും പ്ലസ്ടുവിനും പഠിക്കുന്ന രണ്ടു അനിയത്തിമാരും ആ വീട്ടിൽ താമസിക്കുന്നു. രാധയുടെ അച്ഛൻ ദിവാകരൻ കുറച്ചുനാളുകൾക്ക് മുൻപ് മരിച്ചുപോയി. മമ്മാലിയെ ബോട്ടിലെ പണി പഠിപ്പിച്ചത് ദിവാകരനാണ്. ശരിക്കും മമ്മാലിയുടെ ഗുരുവാണ് ദിവാകരൻ. ആ ഒരു സ്നേഹം മമ്മാലിക്കു ആ കുടുംബത്തോടുണ്ട്. (മമ്മാലിയും ദിവാകരനും തമ്മിലുള്ള ബന്ധം പ്രേക്ഷകർക്കും മനസിലാക്കുന്ന വിധം കാണിക്കുക)

വീടിന്റെ ഗേറ്റ് തുറന്നു അകത്തുകയറുന്ന മമ്മാലിയും നാരായണനും ദാസപ്പനും.

ദാസപ്പൻ: മമ്മാലിക്ക എനിക്ക് പെണ്ണ് കാണേണ്ടത് എങ്ങനെയാ എന്നൊന്നും അറിയില്ല!

നാരായണൻ: നീ സാധാരണ എല്ലാ പെണ്ണുങ്ങളെയും നോക്കുന്നതിനേക്കാൾ അല്പം കൂടി ശ്രദ്ധിച്ചു രാധയെ നോക്കണം. ബാക്കിയൊക്കെ ഞാൻ തീരുമാനിച്ചോളാം!

മമ്മാലി: അതിനിതു പെണ്ണുകാണലൊന്നും അല്ല. ഒരു കുടുംബ സന്ദർശനം, അതേയുള്ളു!

മമ്മാലിയെയും കൂട്ടരെയും കാണുന്ന രാധയുടെ അമ്മ വിലാസിനി.

രാധയുടെ അനിയത്തിമാർ വന്നു എത്തിനോക്കിയിട്ട് അകത്തേയ്ക്ക് പോകുന്നു.

48(a)

അകത്തെ മുറി 

അനിയത്തിമാരിൽ ഒരാൾ ചെന്ന് രാധയോട്.

അനിയത്തി: രാധേച്ചിയുമായി നല്ല ചേർച്ചയുണ്ട്!

രാധ: ഞാൻ കല്യാണം കഴിച്ചു പോയിട്ട് വേണം രണ്ടിനും കൂടി അലമ്പി നടക്കാൻ, അതല്ലേ നിനക്കിത്ര സന്തോഷം.

കണ്ണാടിയിൽ നോക്കി ഒരുങ്ങുന്നതിനിടയിൽ സംസാരിക്കുന്ന രാധ.


48(b)

വിസിറ്റിംഗ് റൂം 


വിസിറ്റിംഗ് റൂമിൽ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ വച്ചിരിക്കുന്നു. ഒരിടത്തു ദിവാകരന്റെ ഫോട്ടോ മാലയിട്ടു സൂക്ഷിച്ചിരിക്കുന്നു. കുറച്ചു ഫോട്ടോകൾ വച്ചിരിക്കുന്നിടത്തു മമ്മാലിയും ദിവാകരനും കൂടിയുള്ള ഫോട്ടോ.

മൂന്നുപേരെയും അകത്തേയ്ക്കു ക്ഷണിച്ചിരുത്തുന്ന വിലാസിനി.

നാരായണൻ വിലാസിനിയോട്.

നാരായണൻ: ഞാൻ വർഷങ്ങൾക്കു മുൻപ് ഇവിടെ വന്നിട്ടുണ്ട്. അന്ന് രാധ കുഞ്ഞു ചെറുതാ. വീട് ഇത്രേയില്ല!

വിലാസിനി: മമ്മാലിക്ക പറഞ്ഞപ്പോൾ ആളെ എനിക്ക് പിടികിട്ടിയില്ല. ഇപ്പൊ ഓർമ്മ വന്നു. മുടി നരച്ചിട്ടുണ്ട് അല്ലാതെ നാണിയേട്ടന് ഒരു മാറ്റവും ഇല്ല!

മമ്മാലി: ഇവൻ കയ്യാങ്കളി ആശാനല്ലേ , അതുകൊണ്ടു എന്നെ പോലെയല്ല, ശരീരം നല്ലോണം നോക്കും. ഞാൻ കൈയിൽ കിട്ടുന്നതെല്ലാം വലിച്ചുവാരി തിന്നും,പിന്നെ കള്ളും കുടിക്കും.

വിലാസിനി: ദിവാകരേട്ടനും അങ്ങനായിരുന്നു,ആരു പറഞ്ഞാലും കേൾക്കില്ല, അവസാനം എന്നെ തനിച്ചാക്കി പുള്ളിക്കാരൻ സുഖായിട്ടങ്ങു പോയി. ഞങ്ങള് കിടന്നു കഷ്ടപ്പെടുന്നത് ദിവാകരേട്ടൻ കാണുന്നുണ്ടോ എന്ന് തന്നെ ആർക്കറിയാം.

കരയുന്ന വിലാസിനി.

വല്ലാണ്ടാകുന്ന മമ്മാലി.

മമ്മാലി: എന്താ പെങ്ങളെ ഇത്, നല്ലൊരു കാര്യായിട്ട് കരയുകേണാ, ഇവിടെ അല്പമെങ്കിലും ധൈര്യമുള്ളതു രാധാകുഞ്ഞിനു മാത്രാ.

രാധയെ വിളിക്കുന്ന മമ്മാലി 

മമ്മാലി: രാധാകുഞ്ഞേ മോളിങ്ങോട്ടു വാ!

ഇറങ്ങി വരുന്ന രാധ.

ദാസപ്പനും രാധയും പരസ്പരം കാണുന്നു.

ചിരിക്കുന്ന ദാസപ്പൻ.

ദാസപ്പൻ: ഇപ്പൊ ജോലിക്കു പോകുന്നില്ലേ?

രാധ: ഇന്ന് ഓഫ് എടുത്തു. ജോലിക്കു പോകാതിരുന്നാൽ ഇവിടുത്തെ കാര്യൊക്കെ അവതാളത്തിലാകും.

ഒന്നും മിണ്ടാതിരിക്കുന്ന ദാസപ്പൻ.

നാരായണൻ: മോൾക്ക് എന്നെ ഓർമയുണ്ടാ?

മമ്മാലി: പിന്നെ 7 മാസം പ്രായമുള്ളപ്പോൾ രാധാകുഞ്ഞു കണ്ടതല്ലേ തന്നെ, നല്ല ഓർമ്മ കാണും!

കണ്ണുനീർ തുടച്ചുകൊണ്ട് ചിരിക്കുന്ന വിലാസിനിയും രണ്ടു പെൺകുട്ടികളും.

ദാസപ്പൻ: രാധ ഒന്ന് പുറത്തേയ്ക്കു വാ. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്!

വിലാസിനിയെ നോക്കി ദാസപ്പൻ 

ദാസപ്പൻ: അമ്മച്ചി ഞങ്ങൾ കുറച്ചുനേരം പുറത്തുനിന്നു സംസാരിച്ചോട്ടെ?

വിലാസിനി: അതിന് എന്റെ അനുവാദം വേണാ,മോൻ സംസാരിച്ചോ!

സാരിത്തുമ്പു കൊണ്ട് കണ്ണ് തുടയ്ക്കുന്ന വിലാസിനി.


48(c)

രാധയുടെ വീട്ടിലെ പറമ്പ്


ദാസപ്പനും രാധയും വീട്ടിൽ നിന്നും കുറച്ചകന്നു മാറി നിക്കുന്നു.

ദാസപ്പൻ: മമ്മാലിക്ക ചിലപ്പോൾ എല്ലാം പറഞ്ഞു കാണും.എന്നാലും എന്റെ ഒരു സമാധാനത്തിനു എല്ലാം പറയണൊല്ലാ!

രാധ: ക്ലാരേച്ചിയുമായി പിണങ്ങിയല്ലേ?

അൽപനേരം മൗനമായി ഇരിക്കുന്ന ദാസപ്പൻ.

ദാസപ്പൻ: ഞാനും ക്ലാരയും ഇത്രെയും നാളിനിടയ്ക്ക് 238 തവണ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ട്! (ചിരിച്ചുകൊണ്ട്) അവള് തന്നെ പറഞ്ഞ കണക്കാ!

രാധയുടെ മുഖം വിളറി വിയർക്കുന്നു.

ദാസപ്പൻ: ആദ്യമൊക്കെ ഉറ ഉപയോഗിക്കുമായിരുന്നു. പിന്നെ എനിക്ക് വൃഷണസഞ്ചിക്ക് അപകടം പറ്റി കഴിഞ്ഞു ഉറ ഉപയോഗിക്കാതെയാ ഞങ്ങൾ ബന്ധപ്പെട്ടത്. എന്നിട്ടും ക്ലാര ഗർഭിണി ആയില്ല!

ദാസപ്പൻ: പിന്നെ ക്ലാര എന്റെ മുഖത്തുനോക്കി പറഞ്ഞു, അവൾക്കു അമ്മയാകാൻ പറ്റിയില്ലെങ്കിൽ അവൾ എന്നെ വെറുത്തുപോകും എന്ന്! അതുകൊണ്ടു കഴിഞ്ഞതെല്ലാം ഞാൻ മറക്കണം എന്ന്!

ചുരിദാറിന്റെ ഷാൾ കൊണ്ട് കഴുത്തും മുഖവും തുടയ്ക്കുന്ന രാധ.

ദാസപ്പൻ: അടുത്ത മാസം 29 നു ക്ലാരയുടെ കല്യാണാ!

രാധയുടെ മുഖത്തു അല്പം സമാധാനം വരുന്നു.

ദാസപ്പൻ: അതുകൊണ്ടു എനിക്ക് കുട്ടികൾ ഉണ്ടാകും എന്ന കാര്യത്തിൽ ഒരുറപ്പും പറയാൻ പറ്റില്ല. ഈ കാര്യത്തിൽ രാധ എന്ത് തീരുമാനിച്ചാലും എനിക്ക് ഒരു പരാതിയും ഉണ്ടാകില്ല. മമ്മാലിക്കയെ ഞാൻ പറഞ്ഞു സമാധാനിപ്പിച്ചോളാം!

ദാസപ്പൻ: മറ്റുള്ളവർക്ക് വേണ്ടി സ്വയം പരാജയം ഏറ്റുവാങ്ങിയവനാ ഞാൻ.
ഇനിയും ഒരു പരാജയം കൂടി ഏറ്റുവാങ്ങാൻ വയ്യ, അതാ എല്ലാം തുറന്നു പറഞ്ഞത്!

ആകാംഷ നിറഞ്ഞ രാധയുടെ മുഖം.

ദാസപ്പൻ: കല്യാണം കഴിഞ്ഞു കുറെനാള് കഴിയുമ്പോൾ കുട്ടികൾ ഉണ്ടാകാതെ വരും. അപ്പോൾ എന്നെ വെറുക്കനാണെങ്കിൽ ഇതിവിടം കൊണ്ട് അവസാനിപ്പിക്കണം.

ആലോചിച്ചു നിക്കുന്ന രാധ.

രാധ: രണ്ടു കാര്യങ്ങളിൽ എനിക്ക് ദാസേട്ടൻ ഉറപ്പുതരണം?

ആകാംക്ഷപൂർവ്വം രാധയെ നോക്കുന്ന ദാസപ്പൻ.

രാധ: 1 . എന്റെ താഴെ രണ്ടു പെൺകുട്ടികളാ, അവരുടെ ഭാവി കൂടി ഞാൻ  നോക്കണം. ഞാൻ നോക്കണം എന്നു പറഞ്ഞാൽ അതിൽ ദാസേട്ടനും കൂടി ഉത്തരവാദിത്തം വരും.

ദാസപ്പൻ: അത് ഞാൻ ഏറ്റെടുത്തോളം!

രാധ: 2 . ക്ലാരയുമായി  238 തവണ ബന്ധപ്പെട്ടത് ഞാൻ അംഗീകരിച്ചു. പക്ഷെ ഇനി 238 എന്നത് 239 ലേക്ക് പോകരുത്!

അന്തിച്ചു രാധയെ നോക്കുന്ന ദാസപ്പൻ.

രാധ: ക്ലാരയുമായി സംസാരിക്കരുത് എന്നൊന്നും ഞാൻ പറയില്ല! ഒരിക്കലും വഴിവിട്ട ബന്ധത്തിലേയ്ക്ക് പോകരുത്.

രാധയുടെ കണ്ണുകളിൽ ഒരു നിശ്ചയദാർഢ്യം വരുന്നു.

രാധ: ആ ഒരുറപ്പുകൂടി ദാസേട്ടൻ എനിക്ക് തരുമെങ്കിൽ എനിക്കീ കല്യാണത്തിന് സമ്മതം!

ദാസപ്പനു മുന്നിൽ കൈ നീട്ടി നിക്കുന്ന രാധ.

ദാസപ്പനും രാധയും കണ്ണിൽ കണ്ണിൽ നോക്കി നിക്കുന്നു.

രാധ നീട്ടി പിടിച്ചിരിക്കുന്ന കൈയിൽ ദാസപ്പൻ തന്റെ കൈ വയ്ക്കുന്നു.

ദാസപ്പൻ: എല്ലാം സമ്മതം!

ഇവിടെ ഒരു മംഗളവാദ്യം മുഴങ്ങുന്നു!


49 

കല്യാണപ്പന്തൽ -പകൽ 


മംഗളവാദ്യം മുഴങ്ങുന്നു.

ദാസപ്പൻ രാധയെ കല്യാണം കഴിക്കുന്നതിന്റെ ടൈറ്റ് ഷോട്ട്.

മമ്മാലിക്കയുടെ മകൾ നാത്തൂന്റെ സ്ഥാനത്തു നിക്കുന്നു.

ദാസപ്പൻ രാധയുടെ കഴുത്തിൽ താലി കെട്ടുമ്പോൾ രാധയുടെ മുടികെട്ട് പുറകിൽ നിന്ന് പൊക്കി കൊടുത്തു സഹായിക്കുന്ന മമ്മാലിയുടെ മകൾ.


50 

പള്ളി അൾത്താര -പകൽ 


പള്ളിയിൽ കല്യാണത്തിന്റെ അന്തരീക്ഷം.

ക്ലാരയും ചെറുക്കനും അൾത്താരയ്ക്കു മുന്നിൽ നിക്കുന്നു.

ക്ലാരയുടെ കഴുത്തിൽ മിന്നു കെട്ടുന്ന ചെറുക്കൻ.


51 

ദാസപ്പന്റെ വീട് -പകൽ 


ദാസപ്പന്റെ വീടിനു മുന്നിൽ കല്യാണപ്പന്തൽ ഇട്ടിട്ടുണ്ട്. കല്യാണം കഴിഞ്ഞതിനാൽ ഡെസ്കും കസേരയും പാത്രങ്ങളും പലയിടത്തായി ചിതറി കിടക്കുന്നു. കാക്കകളുടെ കരച്ചിൽ തുടർച്ചയായി കേൾക്കുന്നു.

കല്യാണം കഴിഞ്ഞ ആലസ്യത്തിൽ കസേരയിൽ ഇരുന്നും ചരിഞ്ഞു കിടന്നും ഉറങ്ങുന്ന അയൽക്കാരും ദാസപ്പന്റെ കൂട്ടുകാരും.

ചുരുക്കത്തിൽ കല്യാണം കഴിഞ്ഞ ഒരു വീടിന്റെ ഫീലിംഗ് വരുത്തുക.

മമ്മാലിയുടെ ഭാര്യ ഫാത്തിമ മുറ്റം അടിച്ചു വെള്ളം തളിക്കുന്നു.

കല്യാണഡ്രസ്സിൽ വാടിയ കല്യാണമാലയും പിടിച്ചു വീടിന്റെ ഉമ്മറത്തേക്ക് നടന്നുവരുന്ന ദാസപ്പനും രാധയും.

മമ്മാലിയുടെ പെൺമക്കൾ രണ്ടുപേരും ചേർന്ന് ദാസപ്പന്റെയും രാധയുടെയും കാലു കഴുകിക്കുന്നു.

ഫാത്തിമ കത്തിച്ച നിലവിളക്കുമായി അകത്തുനിന്നും വരുന്നു.

ഫാത്തിമയുടെ കാല് തൊട്ടു വണങ്ങി കത്തിച്ച നിലവിളക്കു വാങ്ങുന്ന രാധ.

(ഒരു ഫോട്ടോഗ്രാഫറെ കൂടി ഫ്രെമിൽ ഉൾപെടുത്തുക)

വലതുകാൽ വെച്ച് വീടിനകത്തേക്ക് കയറുന്ന രാധ.

അകത്തിരിക്കുന്ന ദാസപ്പനും രാധയും.

രണ്ടുപേർക്കും മധുരം വായിൽ വച്ചു കൊടുക്കുന്ന ഫാത്തിമ.



51(a)


കല്യാണ വീട്- ദാസപ്പന്റെ വീട്- രാത്രി 


വീടിന്റെ ഉമ്മറത്തിരുന്നു മമ്മാലിയുടെ രണ്ടു പെൺമക്കളും രാധയും എന്തോ പറഞ്ഞു ചിരിക്കുന്നു.

ഈ സമയം ഉമ്മറത്തേയ്‌ക്ക്‌ കയറിവരുന്ന ദാസപ്പൻ.

മമ്മാലിയുടെ പെൺമക്കളിൽ ഒരാൾ.

മമ്മാലിയുടെ മകൾ: അണ്ണാ..ആമിന അണ്ണനെ മണ്ണാർത്തൊടി ദാസപ്പൻ എന്ന് വിളിച്ചു കളിയാക്കുന്നു.

ദാസപ്പൻ: മണ്ണാർതൊടിയാ..അതെവിടയാടി!

ആമിന: തൂവാനത്തുമ്പികൾ സിനിമയിലെ മണ്ണാർത്തൊടി ജയകൃഷ്ണനെ പോലെയായി ദാസപ്പണ്ണൻ ഇപ്പൊ!

ചിരിക്കുന്ന രാധ 

ദാസപ്പൻ: തൂവാനത്തുമ്പികൾ പണ്ട് കണ്ടതാണല്ലാ..ഓർമ്മ കിട്ടണില്ല! കുനിഷ്ടു വല്ലതും ആണെങ്കിൽ രണ്ടുപേരുടേം ചെവി ഞാൻ പൊന്നാക്കും പറഞ്ഞേക്കാം!

ഫാത്തിമ: ങാ..ഇതുവരെ സംസാരം തീർന്നില്ലേ! നിങ്ങള് വാ പിള്ളേരേ..അവര് കിടക്കട്ടെ!

മമ്മാലി രാധയുടെ അടുത്ത് ചെല്ലുന്നു (മദ്യപിച്ചിട്ടുണ്ട്)

മമ്മാലി: പുതു പെണ്ണാണെന്ന് കരുതി ഇരിക്കണ്ട! ഒന്നും പറഞ്ഞു തരാൻ ഇവിടെ ആരും ഇല്ല. നാളെമുതൽ എല്ലാം നിന്റെ ഇഷ്ടത്തിന് ചെയ്തു തുടങ്ങിക്കോ! 

മമ്മാലി പറയുന്നത് ശ്രദ്ധിച്ചു കേൾക്കുന്ന രാധ.

മമ്മാലി: എന്റെ ദിവാകരേട്ടന്റെ മോളാ നീ. എന്തു വിഷമം ഉണ്ടെങ്കിലും നിനക്ക് എന്നോട് പറയാം. അങ്ങനെയുള്ള ഒരവസ്ഥ നിനക്ക് വരികേല, എന്നാലും പറഞ്ഞെന്നേയുള്ളൂ!

മമ്മാലിയെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ടു ഫാത്തിമ 

ഫാത്തിമ: നിങ്ങൾ കതകടച്ചു കിടന്നോ! നാണിയേട്ടനും മമ്മാലിക്കയും നല്ല വെള്ളാണ്. ഉറങ്ങണ വരെ ഞാൻ ഇനി എന്തൊക്കെ കേൾക്കണം പടച്ചോനെ!

മുറ്റത്തേക്കിറങ്ങുന്ന മമ്മാലിയും ഫാത്തിമയും മക്കളും.

മമ്മാലി: നീ എപ്പോഴെങ്കിലും എന്നെയും മമ്മാലിയേയും വെള്ളമടിച്ചു കണ്ടിട്ടുണ്ടാ?

ഫാത്തിമ: ഇല്ലേ...വെള്ളത്തിന് അടിക്കാൻ പറ്റത്തില്ലല്ലാ!

മമ്മാലി: ആ..അതാണ്!

ആടി ആടി നടന്നുപോകുന്ന മമ്മാലി

നടക്കുന്ന കൂട്ടത്തിൽ വെറുതെ സംസാരിക്കുന്ന മമ്മാലി

മമ്മാലി: രാധകുഞ്ഞു എന്റെ ദിവാകരേട്ടന്റെ മോളാ! നിനക്കറിയാവാ എനിക്ക് മക്കള് അഞ്ചാ! അതിൽ ഒരാളുടെ കല്യാണം കഴിഞ്ഞു. ഇനി നാലുപേര് കൂടിയുണ്ട്. അവരുടെ കല്യാണോം ഈ മമ്മാലി നടത്തും.

ഫാത്തിമ: വെള്ളമടിച്ചു പറ്റായാൽ ഈ മനുഷ്യന് പിന്നെ നാക്ക് അടങ്ങി കിടക്കേലാ!

മമ്മാലി: അതേടി! (പണ്ട് പഠിച്ച പാട്ട് ഈണത്തിൽ പാരഡിയാക്കി പാടുന്ന മമ്മാലി)

"മമ്മാലിക്കഞ്ചു മക്കളുണ്ട്,
മൂത്തവൾ ഓമന രാധയാണ്.
ദാസപ്പൻ കല്യാണം കഴിച്ച രാധ!"


എല്ലാം കേട്ടുകൊണ്ട് ഉമ്മറത്തുനിന്ന് കണ്ണ് തുടയ്ക്കുന്ന രാധ.


52 

മണിയറ -രാത്രി 


നല്ല രീതിയിൽ ഒരുക്കിയ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ മണിയറ.

മണിയറയിൽ ഇരിക്കുന്ന ക്ലാര 

മുറിയിലേയ്ക്കു കയറി വരുന്ന മണവാളൻ.

ക്ലാര നാണിച്ചു ഒതുങ്ങി നിക്കുന്നു.

മണവാളൻ: എന്താ പേടിച്ചു നിക്കുന്നത്.

ക്ലാര: ആദ്യായിട്ടാ ഒരാണിന്റെ കൂടി ഒരു മുറിയിൽ!

ക്ലാരയുടെ കവിളിൽ പിടിക്കുന്ന മണവാളൻ.

പേടി അഭിനയിക്കുന്ന ക്ലാര.

മണവാളൻ: എല്ലാം പതുക്കെ മതി,ധൃതി വെയ്ക്കണ്ട!

ലൈറ്റ് ഓഫാക്കുന്ന മണവാളൻ.

ഇരുട്ടിൽ വോയിസ് മാത്രം.

മണവാളൻ: നീ എന്ത് സുന്ദരിയാ, എന്ത് നല്ല മണാ നിന്റെ ശരീരത്തിന്!

ക്ലാര: പോ..ചേട്ടാ!

മണവാളൻ: നിന്നെ പോലത്തെ സുന്ദരിയെ കിട്ടിയത് എന്റെ ഭാഗ്യം!

ക്ലാര: എന്റെ ഭാഗ്യാ..ചേട്ടനെ പോലെ സ്നേഹമുള്ള ഭർത്താവിനെ കിട്ടിയത്!


53 

മണിയറ-രാത്രി 


അധികം ഒരുക്കങ്ങൾ ഒന്നും ഇല്ലാത്ത ഒരു സാധാരണ മുറി. അത്യാവശ്യം കട്ടിലിലെ പുതപ്പും തലയിണയും ബെഡും പുതിയതാണ്. ഭിത്തി ചായം പൂശി മോഡി പിടിപ്പിച്ചിട്ടുണ്ട്.

പുതിയ ഒരു കൈലി ഉടുത്തു കട്ടിലിൽ കിടക്കുന്ന ദാസപ്പൻ.

കട്ടിലിൽ കിടന്നു ഗഹനമായി ആലോചിക്കുന്ന ദാസപ്പൻ.

ആലോചന വാക്കുകളായി പുറത്തു വരുന്നു.

ദാസപ്പൻ: എന്നാലും ആമിന മണ്ണാർത്തൊടി ദാസപ്പൻ എന്ന് വിളിച്ചത് എന്ത് അർത്ഥത്തിൽ ആകും. ആ..അല്ല  ആരാ ഈ മണ്ണാർത്തൊടി ദാസപ്പൻ.

അടുക്കളയുടെ കതകടച്ചു ലൈറ്റ് ഓഫ് ചെയ്തിട്ട് കൈയിൽ ഒരു ഗ്ലാസ് പാലുമായി മുറിയിലേയ്ക്കു വരുന്ന രാധ. രാധ നൈറ്റി ധരിച്ചിരിക്കുന്നു. കയ്യിലും കഴുത്തിലും അത്യാവശ്യം ആഭരണങ്ങൾ ഉണ്ട്. ഒരു പുതുപെണ്ണിന്റെ ഫീലിംഗ് വരുത്തുക.

മുറിയിൽ കയറി കതകടയ്ക്കുന്ന രാധ.

ദാസപ്പൻ: അപ്പനെ നോക്കിയാ?

രാധ: പുറത്തെങ്ങും കണ്ടില്ല, മുറിയിൽ കാണില്ലേ?

ദാസപ്പൻ ഉറക്കെ

ദാസപ്പൻ: അപ്പാ..അപ്പോ..അപ്പ..


53(a)

അപ്പൻ വിളി കേൾക്കാത്തത് കൊണ്ട് ദാസപ്പൻ അപ്പന്റെ മുറിയിൽ പോയി നോക്കുന്നു.

മലർന്നടിച്ചു പറ്റുപിടിച്ചു കിടന്നുറങ്ങുന്ന നാരായണൻ 

ദാസപ്പൻ: അതുശരി  കള്ളും കുടിച്ചു സുഖിച്ചു കിടന്നുറങ്ങേണ്, ഇവിടെ രണ്ടു മാസായി ബാക്കിയുള്ളവർക്ക് ഉറക്കം ഇല്ലാതായിട്ട്!

നാരായണന്റെ മുണ്ട് മാറി കിടക്കുന്നത് നേരെയിടുന്ന ദാസപ്പൻ.


53(തുടർച്ച)

ദാസപ്പൻ മുറിയിൽ കയറി കുറ്റിയിടുന്നു.

രാധ ഗ്ലാസിലെ പാൽ ദാസപ്പന് നീട്ടുന്നു.

ദാസപ്പൻ ഒരു കവിൾ കുടിച്ചിട്ട് ബാക്കി രാധയ്ക്ക് നീട്ടുന്നു.

ദാസപ്പൻ: ബാക്കി നീ കുടിച്ചോ!

രാധ: അത് പറ്റില്ല! ഇനി മുതൽ ഞാൻ ദാസേട്ടന്റെ പകുതിയാ! അതുകൊണ്ട് കറക്റ്റ് പകുതി കുടിച്ചേ പറ്റൂ!

രാധ അധികാരത്തിൽ പാൽ ഗ്ലാസ് ദാസപ്പന്റെ ചുണ്ടിൽ മുട്ടിക്കുന്നു.

ദാസപ്പന്റെയും രാധയുടെയും ശരീരങ്ങൾ തമ്മിൽ കൂടുതൽ സമ്പർക്കം ഉണ്ടാകുന്നു.

ദാസപ്പൻ രാധയെ ചേർത്തുപിടിച്ചുകൊണ്ടു പകുതി പാൽ കുടിക്കുന്നു.

ബാക്കി പാൽ ദാസപ്പൻ തന്നെ രാധയെ കുടിപ്പിക്കുന്നു.

രാധയുടെ ചുണ്ടിലേയ്ക്ക് പാൽഗ്ലാസ്സ് മുട്ടിക്കുന്ന ദാസപ്പൻ.

വികാരാവതിയാകുന്ന രാധ.

പാൽ ഗ്ലാസ്സ് മാറ്റി വച്ചിട്ട് രാധയെ ആലിംഗനം ചെയ്യുന്ന ദാസപ്പൻ.

ലൈറ്റ് ഓഫാക്കുന്ന ദാസപ്പൻ.


54

ദാസപ്പന്റെ വീട് -രാവിലെ 


വെളുപ്പിനെ എണീറ്റ് മുറ്റം അടിക്കുന്ന രാധ. രാത്രി കിടന്നപ്പോൾ ഇട്ടിരുന്ന നൈറ്റി ധരിച്ചിരിക്കുന്നു. 

മുറ്റം അടിക്കുന്ന കൂട്ടത്തിൽ വീടിനു സൈഡിൽ ഇരിക്കുന്ന കാവേരിയുടെ സ്കൂട്ടർ രാധയുടെ കണ്ണിൽ പെടുന്നു.

ചൂല് താഴെയിട്ടിട്ട് സ്കൂട്ടറിനടുത്തേയ്ക്ക് നടക്കുന്ന രാധ. 

സ്കൂട്ടർ പരിശോധിക്കുന്ന രാധ.

എണീറ്റ് വരുമ്പോൾ മുറ്റത്തുനിക്കുന്ന രാധയെ കാണുന്ന ദാസപ്പൻ.

ദാസപ്പൻ: കാവേരി ഉപയോഗിച്ചിരുന്ന വണ്ടിയാ, അവൾ പോയേ പിന്നെ വണ്ടി ആരും എടുത്തിട്ടില്ല. ഇനി സ്റ്റാർട്ട് ആകണമെങ്കിൽ വർക്ക് ഷോപ്പിൽ നിന്നും ആള് വരണം.

രാധ: ഇതെനിക്ക് നന്നാക്കി തരുമോ ദാസേട്ടാ! ഹോസ്പിറ്റലിൽ എനിക്ക് ഇതിൽ പോകാം, ഇവിടുന്നു അധികം ദൂരമില്ലല്ലോ ഹോസ്പിറ്റലിലേയ്ക്ക്.

ദാസപ്പൻ: അതിനു നീ ഇനി ജോലിക്കു പോണൊണ്ടാ?

രാധ: പിന്നെ പോകാതെ! എന്റെ ശമ്പളം കിട്ടീട്ടു വേണം അവിടെ മൂന്ന് വയറു കഴിയാൻ. അമ്മ തൊഴിലുറപ്പിനു പോകുന്ന കൊണ്ട് എന്താകാനാ!

ദാസപ്പൻ: ഞാൻ ഓർത്തില്ല! വണ്ടി ഇന്ന് തന്നെ ശരിയാക്കാൻ കൊടുക്കാം. നീ ഓടിക്കുവല്ലാ?

രാധ: അത്യാവശ്യം. വണ്ടി ഉണ്ടെങ്കിൽ കുറച്ചുസമയം ലാഭിക്കാം.



54(a)

പന്തലുകാരുടെ ഒരു മിനിലോറി വേലിക്കൽ വന്നുനിക്കുന്നു.

വണ്ടിയിൽ നിന്നും ഇറങ്ങുന്ന പണിക്കാർ.


54 -തുടർച്ച 


പന്തൽ പൊളിക്കാൻ തുടങ്ങുന്ന പണിക്കാർ.

രാധ നാരായണനും ദാസപ്പനും കാപ്പി കൊടുക്കുന്നു.

രാധ: കുറച്ചു തുണികൾ കഴുകാൻ കിടപ്പുണ്ട്. ഞാൻ തുണി കഴുകി കുളിച്ചുവന്നിട്ട് എന്തെങ്കിലും ഉണ്ടാക്കാം.

നാരായണൻ: മോള് ഇന്ന് തുണികഴുകാനൊന്നും പോകണ്ടാ, നാട്ടുകാര് വല്ലതും പറയും.

രാധ ചിരിച്ചു തുണിയുമായി കല്ലിനടുത്തേയ്ക്ക് പോകുന്നു.

ദാസപ്പൻ പന്തലുകാർക്ക് പൈസ കണക്കുപറഞ്ഞു കൊടുത്തുവിടുന്നു.

പന്തലുകാർ വണ്ടി സ്റ്റാർട്ട് ചെയ്തു പോകുന്നു.

ദാസപ്പനും നാരായണനും പന്തല് നാട്ടാൻ വേണ്ടി കുഴിച്ച കുഴികൾ കാലുകൊണ്ട് മൂടുന്നു.

ദാസപ്പൻ നാരായണനോട്,

ദാസപ്പൻ: ഇനി പലചരക്ക് കടയിൽ കൂടിയേ പൈസ കൊടുക്കാനുള്ളൂ!

നാരായണൻ: കാപ്പി കുടിച്ചിട്ട് കവർ പൊട്ടിച്ചു കളക്ക്ഷൻ എത്രയുണ്ടെന്ന് നോക്കാം!

ദാസപ്പൻ: പറഞ്ഞപോലെ കവർ ഉണ്ടല്ലാ? ഞാൻ അത് മറന്നുപോയി! അപ്പൻ കവർ എല്ലാം കൂടി പൊട്ടിച്ചുനോക്കി പലചരക്കുകടയിലെ പറ്റ് തീർത്തേക്ക്!
ബാക്കി പൈസ അപ്പൻ തന്നെ വെച്ചോ!

നാരായണൻ: നീയല്ലേ എല്ലാത്തിനും പൈസ ചെലവാക്കിയത്?

ദാസപ്പൻ: അത്യാവശ്യം ഉണ്ടെങ്കിൽ ഞാൻ ചോദിച്ചോളാം അപ്പാ!


55 

ദാസപ്പന്റെ വീട് -വൈകുന്നേരം 



രാധ മുറ്റത്തു കിടന്ന ചവറൊക്കെ അടിച്ചുകൂട്ടി കുട്ടയിലാക്കുന്നു. നാരായണൻ കുട്ടയിലാക്കിയ ചവറൊക്കെ ദൂരെ കൊണ്ടുപോയി കളയുന്നു.

ചെടിചട്ടിയിലെ ചെടികൾക്ക് വെള്ളം ഒഴിക്കുന്ന രാധ. ചട്ടിയിലെ ഉണങ്ങി നിൽക്കുന്ന ചെടികൾ പറിച്ചുകളയുന്ന രാധ.

നാരായണൻ: കാവേരി ചെടികളൊക്കെ നല്ല ഭംഗിയിൽ വെട്ടി നിർത്തുമായിരുന്നു. അവള് പോയെ പിന്നെ എല്ലാം പോയി.

രാധ: അപ്പൻ കൂടി സഹായിച്ചാൽ ഒന്നുരണ്ടു മാസം കൊണ്ട് നമുക്കിത് പഴയരീതിയിൽ തന്നെ കൊണ്ടുവരാം.

നാരായണൻ: എന്ത് വേണോന്നു മോള് പറഞ്ഞാൽ മതി.



55(a)

ദാസപ്പൻ കാവേരിയുടെ വണ്ടി ശരിയാക്കി ഓടിച്ചു കൊണ്ടുവരുന്നു.

ദാസപ്പൻ വണ്ടി രാധയുടെ അടുത്ത് നിർത്തുന്നു.

ദാസപ്പൻ: ബാറ്ററി പുതിയത് വാങ്ങി , സർവീസും ചെയ്തു.

ദാസപ്പൻ വണ്ടി നിർത്തി ഇറങ്ങുമ്പോൾ രാധ വണ്ടിയിൽ കയറുന്നു.

വണ്ടി സ്റ്റാർട്ട് ചെയ്തു മുറ്റത്തുകൂടി ഓടിക്കുന്ന രാധ.



55(b)


സന്ധ്യ സമയം 

കുളിച്ചു വസ്ത്രം മാറി കത്തിച്ച വിളക്കുമായി ഉമ്മറത്തേയ്‌ക്ക്‌ വരുന്ന രാധ.

കത്തിച്ച നിലവിളക്കിനു മുന്നിലിരുന്നു ലളിത സഹസ്രനാമം ജപിച്ചു തുടങ്ങുന്ന രാധ.

രാധ ബുക്ക് നോക്കാതെ ലളിത സഹസ്രനാമം ജപിക്കുന്നത് അത്ഭുതത്തോടെ നോക്കി നിക്കുന്ന നാരായണനും ദാസപ്പനും.



55(c)

അത്താഴം 


ദാസപ്പനും നാരായണനും ഉള്ള കഞ്ഞി പ്ലേറ്റിൽ വിളമ്പി ടേബിളിൽ തണുക്കാൻ വയ്ക്കുന്ന രാധ. വേറൊരു പ്ലേറ്റിൽ പയറുതോരനും ചമ്മന്തിയും കൂടി വിളമ്പുന്നു.

നാരായണൻ: മോളും കൂടി ഇരിക്ക്,എല്ലാർക്കും ഒരുമിച്ചു കഴിക്കാം.

രാധയും ഒരു പാത്രത്തിൽ കഞ്ഞി പകർത്തി കഴിക്കാൻ ഇരിക്കുന്നു.

മൂന്നുപേരും കഞ്ഞി കുടിക്കുന്നു.

രാധ: ചെറിയാൻ സാറിനെ കല്യാണം വിളിക്കാൻ ചെന്നപ്പോൾ ഞാൻ ദാസേട്ടന്റെ കാര്യം ചോദിച്ചു. എത്രയും പെട്ടെന്ന് ഓപ്പറേഷൻ ചെയ്യുന്നതാ നല്ലതെന്നു ചെറിയാൻ സാറു പറഞ്ഞു.

കഞ്ഞി കുടിച്ചുകൊണ്ട് രാധ പറയുന്നത് ശ്രദ്ധിക്കുന്ന നാരായണനും ദാസപ്പനും

രാധ: അല്ലങ്കിൽ പ്രായമാകുമ്പോൾ പോസ്റ്റ്റേറ്റ് ഗ്രന്ധിക്കു(prostate gland) വീക്കം സംഭവിക്കുമെന്നാ ചെറിയാൻ സർ പറഞ്ഞത്‌!

ദാസപ്പൻ: അതുകൊണ്ട് എന്തുപറ്റും?

രാധ: ചിലപ്പോൾ മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടുവരും അല്ലങ്കിൽ മൂത്രം അറിയാതെ പോകാൻ തുടങ്ങും.

കണ്ണ് മിഴിച്ചിരിക്കുന്ന ദാസപ്പൻ 

നാരായണൻ: എന്നാൽ വെച്ച് താമസിപ്പിക്കണ്ടാ,വേഗം ഓപ്പറേഷൻ നടത്താൻ നോക്ക്.

രാധ: അതാ ഞാനും പറയുന്നത്, ഇപ്പോ നോക്കാൻ ഞാൻ ഉണ്ടല്ലോ!

രാധ: കുട്ടികൾ ഉണ്ടാകുമോ ഉണ്ടാകാതിരിക്കുകയോ ചെയ്യട്ടെ! അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. പക്ഷെ ദാസേട്ടന്റെ ആരോഗ്യം എനിക്ക് പ്രധാനപെട്ടതാ. അതുകൊണ്ടു ഞാൻ ജോലിക്കു പോകാൻ തുടങ്ങി കഴിഞ്ഞു സൗകര്യം ഉള്ള തീയതി നോക്കി നമുക്ക് ഓപ്പറേഷൻ ചെയ്യണം.

നാരായണൻ: നേരത്തെ ഓപ്പറേഷൻ തീരുമാനിച്ചു കഴിഞ്ഞു ഞാൻ ഒരു നപുംസക ആടിനെ വാങ്ങാൻ കാതറിനടുത്തു പൈസ കൊടുത്തിരുന്നു. നീ കാതറിനെ കാണുമ്പോൾ രസായനം വയ്ക്കാൻ ആടിനെ നോക്കാൻ പറഞ്ഞേയ്ക്ക്.

രാധ: നപുംസക ആടിനെ എന്തിനാ അപ്പാ?

നാരായണൻ: നപുംസക ഗണത്തിൽ പെട്ട ആടിനെ കൊണ്ട് വേണം രസായനം ഉണ്ടാക്കാൻ. എന്നാലേ നല്ല ഫലം കിട്ടു!

കഴിച്ചെണീക്കുന്ന നാരായണൻ.

നാരായണൻ: ഒരു ആട് ഒത്തുവന്നതാ, അപ്പോഴാ കാവേരിയുടെ വിഷയം വന്നു ഓപ്പറേഷൻ മുടങ്ങിയത്.

രാധ: എന്റെ ഭാഗ്യം!

ദാസപ്പൻ: എന്ത്?

രാധ: ഓപ്പറേഷൻ മുടങ്ങിയത്!

രാധ അടക്കത്തിൽ 

രാധ: അല്ലാഞ്ഞിട്ടു തന്നെ മനുഷ്യനെ കിടത്തി ഉറക്കുന്നില്ല. ഇനി രസായനം കൂടി ചെല്ലുമ്പോൾ എന്റെ കാര്യം പോക്കാ!

ഗൂഢമായി ദാസപ്പനെ നോക്കി ചിരിക്കുന്ന രാധ.

രാധ: 238 കവർ ചെയ്തു കഴിഞ്ഞു ഞാൻ അപ്പനോട് പറയുന്നുണ്ട് എനിക്കും കൂടി ഒരു രക്ഷ ചെയ്യാൻ!

ദാസപ്പൻ ദേഷ്യം അഭിനയിച്ചു കൊണ്ട് 

ദാസപ്പൻ: 238 ന്റെ കാര്യം ഇവിടെ മിണ്ടി പോകരുത്!

രാധ: ഓ..പിന്നെ! ഒരു പുണ്യാളൻ ഇരിക്കുന്ന കണ്ടില്ലേ!

ദാസപ്പനെ പിച്ചി നോവിക്കുന്ന രാധ!


56 

ദാസപ്പന്റെ വീട് -രാവിലെ 


ധൃതി പിടിച്ചു വീട്ടുജോലികൾ എല്ലാം ചെയ്യുന്ന രാധ.

മുറ്റം അടിക്കുന്ന രാധ.

വെള്ളം എടുത്തു മുറ്റത്തു തളിക്കുന്ന രാധ.

അടുക്കളയിൽ സ്റ്റ്വ്വ്(stove) കത്തിച്ചു കാപ്പിക്കുള്ള വെള്ളം വയ്ക്കുന്ന രാധ.

മുറിയിൽ വന്നു ദാസപ്പനെ വിളിക്കുന്ന രാധ.

രാധ: ദാസേട്ടാ എന്തൊറക്കവാ എനിക്കിന്ന് തൊട്ടു ജോലിക്കുപോണം,എണീറ്റേ!

ദാസപ്പൻ പെട്ടെന്ന് രാധയെ അരയിൽ ചുറ്റിപിടിച്ചു കട്ടിലിലേയ്ക്കു മറിച്ചിടുന്നു.

കുതറി മാറാൻ ശ്രമിക്കുന്ന രാധ.

രാധ: കതക് തുറന്നു കിടക്കുവാ, അപ്പുറത്തു അപ്പനുണ്ട്. ഞാൻ ഉറക്കെ നിലവിളിക്കും!

രാധയുടെ വാ പൊത്തിപിടിക്കാൻ ശ്രമിക്കുന്ന ദാസപ്പൻ.

കടിക്കാൻ ശ്രമിക്കുന്ന രാധ.

രാധ ദാസപ്പനെ കടിക്കുന്നു. വേദനിപ്പിച്ചു കടിക്കുന്ന രാധ.

ദാസപ്പൻ നിലവിളിക്കുന്നു.

ദാസപ്പൻ: അയ്യോ! ആ...


56(a)

ദാസപ്പന്റെ കരച്ചിൽ കേട്ട് ചാടി എണീക്കുന്ന നാരായണൻ.

ഓടി ദാസപ്പന്റെ മുറിയിൽ വരുന്ന നാരായണൻ.


56 -തുടർച്ച 


നാരായണൻ  വരുമ്പോൾ ചിരിച്ചുകൊണ്ട് കട്ടിലിൽ നിന്നും എണീക്കുന്ന രാധയെ കാണുന്നു.

നാരായണനെ കാണുമ്പോൾ ചമ്മി നിക്കുന്ന രാധ. 

രാധ: എനിക്കിന്ന് ജോലിക്കു പോണം അപ്പാ!

നാരായണൻ: അതിനാണാ കരഞ്ഞത്?

രാധ: ദാസേട്ടനെ കുറെ നേരായി വിളിക്കുന്നു. എണീക്കാഞ്ഞപ്പോൾ ഞാനൊരു പിച്ച് കൊടുത്തു, അതിനാ!

നാരായണൻ: എന്റെ നല്ല ജീവൻ പോയി. എണീറ്റു പോടാ!

നാരായണൻ ഇറങ്ങി പോരുമ്പോൾ ചിരി പൊത്തിപിടിച്ചു നിക്കുന്ന രാധ.

കൈ ഊതി കൊണ്ടിരിക്കുന്ന ദാസപ്പൻ.

സന്തോഷം നിറഞ്ഞു നിക്കുന്ന ഒരു ഗാനരംഗം ഇവിടെ തുടങ്ങുന്നു.

സമയത്തെ  പെട്ടെന്ന് ഓടിച്ചുവിടാൻ ഗാനരംഗം  ഉപയോഗിക്കുക.


57 

ഗാനരംഗം


സീനുകൾ 

1 . ദാസപ്പനും രാധയും നാരായണനും ടേബിളിൽ ഇരുന്നു കാപ്പി കുടിക്കുന്നു.

2 . നാരായണനുള്ള ചോറുവിളമ്പി മേശപുറത്തു വയ്ക്കുന്ന രാധ.

3 . ആശുപത്രിയിൽ ജോലിക്കു പോകാൻ ഒരുങ്ങി ഇറങ്ങുന്ന രാധ.

4 . ഹെൽമെറ്റ് വെച്ച് ടു വീലർ ഓടിച്ചു പുറത്തേയ്ക്കു പോകുന്ന രാധ.

5 . കടപ്പുറം- അത്യാവശ്യം തിരക്ക്.

6 . നിറയെ മീനുമായി വലിയ വള്ളം ഉന്തി കരയ്ക്കു കയറ്റുന്ന ദാസപ്പനും കൂട്ടുകാരും.

7 . വൈകുന്നേരം ടു വീലർ ഓടിച്ചു വീട്ടിലേയ്ക്കു വരുന്ന രാധ.

8 . നാരായണൻ ചെടികൾക്ക് നനയ്ക്കുന്നത് കണ്ടു എന്തോ പറഞ്ഞു അടുത്തേയ്ക്കു ചെല്ലുന്ന രാധ.

9 . വണ്ടി ഒതുക്കി വെച്ച് ബാഗുമായി അകത്തേയ്ക്കു കയറുന്ന രാധ.

10 . ഡ്രസ്സ് മാറി നൈറ്റി ധരിക്കുന്ന രാധ.

11 . മുറ്റം അടിച്ചു വൃത്തിയാക്കുന്ന രാധ.

12 . രണ്ടു ഗ്ലാസിൽ ചായയുമായി വരുന്ന രാധ.

13 . ഒരു ഗ്ലാസിലെ ചായ നാരായണന് കൊടുക്കുന്ന രാധ.

14 . സംസാരിച്ചുകൊണ്ട് മുറ്റത്തുനിന്ന് ചായ കുടിക്കുന്ന നാരായണനും രാധയും.

15 . കുളിച്ചു ഈറനായി കത്തിച്ച നിലവിളക്കുമായി ഉമ്മറത്തേയ്‌ക്ക്‌ വരുന്ന രാധ.

16 . വിളക്ക് വെച്ചിടത്തു നിന്ന് പ്രാർഥിക്കുന്ന നാരായണനും രാധയും.

17 . ദാസപ്പൻ കടപ്പുറത്തു വള്ളത്തിനു സമീപം ഇരിക്കുന്നു.

18 . വലയുടെ കേടുപാടുകൾ തീർക്കുന്ന ദാസപ്പൻ.

19 .ദൂരെ നിന്നും ക്ലാര നടന്നുവരുന്നു.

20 . വിഷാദ ഭാവത്തിൽ ദാസപ്പനടുത്തേയ്ക്കു വരുന്ന ക്ലാര.

21 . എന്തോ ചോദിക്കുന്ന ക്ലാര.

22 . ദാസപ്പൻ താല്പര്യം ഇല്ലാത്ത രീതിയിൽ മറുപടി പറയുന്നു.

23 . മമ്മാലിക്ക കടപ്പുറത്തുകൂടി നടന്നു വരുന്നു.

24 . മമ്മാലിക്കയെ വിളിക്കുന്ന ദാസപ്പൻ(ലിപ് movement)

25 . മമ്മാലിക്കയുടെ അടുത്തേയ്ക്കു നടക്കുന്ന ദാസപ്പൻ.

26 . ദാസപ്പൻ അവഗണിച്ചു പോകുന്നത് ദുഃഖത്തോടു കൂടി നോക്കി നിക്കുന്ന ക്ലാര.

27. ഹോസ്പിറ്റലിൽ ഓടി നടന്നു ജോലി ചെയ്യുന്ന രാധ.

28 . ചെറിയാൻ ഡോക്ടറുമായി സംസാരിക്കുന്ന രാധ.

29 . രാധയും ദാസപ്പനും കൂടി ചെറിയാൻ ഡോക്ടറുടെ മുറിയിൽ ഇരിക്കുന്നു.(രാധ യൂണിഫോമിലല്ല)

30. ദാസപ്പനെ അഡ്മിറ്റ് ചെയ്ത മുറിയിൽ വന്നു പരിശോധന നടത്തുന്ന ചെറിയാൻ ഡോക്ടർ.

31 . റിസൾട്ട് പരിശോധിച്ച് എന്തോ തമാശ പറയുന്ന ചെറിയാൻ ഡോക്ടർ.

32 . ചിരിക്കുന്ന രാധ.

33 . ഓപ്പറേഷൻ തീയേറ്റർ എന്നെഴുതിയ മുറിയിൽ കയറുന്ന ദാസപ്പൻ.

34 . കയറുന്നതിനു മുൻപ് രാധയുടെ കൈയിൽ മുറുകി പിടിക്കുന്ന ദാസപ്പൻ.

35 . രാധ ചിരിച്ചുകൊണ്ട് ദാസപ്പനെ സമാധാനിപ്പിക്കുന്നു.

36 . ദാസപ്പനെ തീയേറ്ററിൽ കയറ്റി കഴിയുമ്പോൾ രാധയുടെ മുഖത്ത് ടെൻഷൻ വരുന്നു.

37 . തീയേറ്ററിന് പുറത്തു വീർപ്പുമുട്ടി ഇരിക്കുന്ന രാധ.

38 .തീയേറ്ററിന് പുറത്തേയ്ക്കു വരുന്ന ചെറിയാൻ ഡോക്ടർ.

39 . ചെറിയാൻ ഡോക്ടർ രാധയോട് എന്തോ പറയുന്നു.

40 . ആശ്വാസത്തിൽ ദൈവത്തെ പ്രാർത്ഥിക്കുന്ന രാധ.

41 . വീടിന്റെ ഉമ്മറത്തിരിക്കുന്ന ദാസപ്പൻ -പകൽ

42 . ഓപ്പറേഷൻ കഴിഞ്ഞതിനാൽ നടക്കാൻ പാടുപെടുന്ന ദാസപ്പൻ.

43 . സ്പൂണിൽ കഞ്ഞി ദാസപ്പന് കോരി കൊടുക്കുന്ന രാധ.

44 . ചെടികൾക്ക് നനയ്ക്കുന്ന നാരായണനും രാധയും.

45 . ചെടികൾ ഇപ്പോൾ പഴയതിനേക്കാൾ കരുത്തിൽ വളർന്നു നിൽക്കുന്നു. നിറയെ പച്ചപ്പും പൂക്കളും ഉള്ള പൂന്തോട്ടം കാവേരി നോക്കിയതിനേക്കാൾ ഭംഗിയായി രാധ പരിപാലിക്കുന്നു.

ദാസപ്പന്റെ വീട് പഴയ ഐശ്വര്യത്തിൽ വരുന്ന ഒരു ഫീൽ വരുത്തുക.

46 . നാരായണനേയും രാധയെയും നോക്കി ഇരിക്കുന്ന ദാസപ്പൻ.

47 . സന്ധ്യക്ക്‌ വിളക്ക് വച്ച് പ്രാർത്ഥിക്കുന്ന രാധ.

48 . ഒരുമിച്ചിരുന്നു കഞ്ഞി കുടിക്കുന്ന രാധയും ദാസപ്പനും നാരായണനും.

49 . രാധയുടെയും ദാസപ്പന്റെയും കിടപ്പുമുറി.

50 . ദാസപ്പന്റെ വൃഷണസഞ്ചി പരിശോധിക്കുന്ന രാധ.

51 . തമാശ പറഞ്ഞു ചിരിക്കുന്ന രാധ.

52 . ആശുപത്രിയിൽ പോകാൻ ഒരുങ്ങി ഇറങ്ങുന്ന രാധ.ഉമ്മറത്തിരിക്കുന്ന നാരായണനും ദാസപ്പനും.

53 . നാരായണനോടും ദാസപ്പനോടും യാത്ര പറഞ്ഞിറങ്ങുന്ന രാധ.

54 . രാധ വണ്ടി ഓടിച്ചു പോകുന്നത് നോക്കി ഇരിക്കുന്ന ദാസപ്പൻ.

55 . ഓപ്പറേഷൻ കഴിഞ്ഞു ദാസപ്പൻ ആരോഗ്യവാനായിരിക്കുന്നു.

56 . ബോട്ടിൽ പുറം കടലിൽ പോകുന്ന മമ്മാലിയും ദാസപ്പനും നാലഞ്ച് തൊഴിലാളികളും.

57 . ക്ലാരയും ചെറുക്കനും ബൈക്കിൽ പോകുന്നു.

58 . ക്ലാര ബൈക്കിൽ അല്പം അകന്നിരിക്കുന്നു.

59 . ദാസപ്പനും രാധയും എവിടെയോ പോകാൻ ഒരുങ്ങി റോഡിലൂടെ നടന്നു വരുന്നു.

60 . ബൈക്കിലിരുന്നു ദാസപ്പനെ നോക്കുന്ന ക്ലാര.

61 . ക്ലാര ചിരിക്കുമ്പോൾ ദാസപ്പൻ ചിരിക്കുന്നില്ല.

62 . രാധ ക്ലാരയെ നോക്കി ചിരിക്കുന്നു.

63 . ക്ലാര കാണാൻ വേണ്ടി ദാസപ്പൻ രാധയെ ചേർത്ത് കെട്ടിപിടിച്ചു നടക്കുന്നു.

64 . ബൈക്കിനു പുറകിൽ ഇരുന്നു ദാസപ്പനെയും രാധയെയും നോക്കുന്ന ക്ലാര.

65 . ദാസപ്പനും രാധയും കൊല്ലത്തു രാധയുടെ വീട്ടിൽ ചെല്ലുന്നു.(57 മുതൽ 67 വരെ ദാസപ്പനും രാധയും സെയിം ഡ്രസ്സ്)

66 .രാധയെ കെട്ടിപിടിക്കുന്ന അനിയത്തിമാർ. എല്ലാവരുടെ മുഖത്തും സന്തോഷം.

67 . രാധ അമ്മയുടെ കൈയിൽ പൈസ ഏല്പിക്കുന്നു.

68 . കണ്ണ് നിറഞ്ഞു വരുന്നത് തുടയ്ക്കുന്ന വിലാസിനി.



57 

രാധയുടെയും ദാസപ്പന്റെയും മുറി -രാത്രി 


കട്ടിലിൽ കിടക്കുന്ന ദാസപ്പനും രാധയും 

രാധ : എനിക്ക് പീരീഡ് ആകേണ്ട സമയം കഴിഞ്ഞിട്ട് ഒരാഴ്ചയായി. എനിക്ക് സംശയം?

ദാസപ്പൻ: എന്തിന്?

രാധ: 238 ന്റെ കണക്ക് മനസ്സിൽ കിടക്കുന്നത്കൊണ്ട് ഞാൻ മുൻകരുതൽ ഒന്നും എടുത്തില്ലായിരുന്നു.

ദാസപ്പൻ: (ദേഷ്യത്തിൽ) 238 ന്റെ കണക്ക് പറയരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.

രാധ:(ചിരിച്ചിട്ട്) അതല്ല ദാസേട്ടാ! ഓപ്പറേഷൻ കഴിഞ്ഞിട്ട് 8 മാസത്തിൽ കൂടുതൽ ആയില്ലേ! എനിക്കൊരു സംശയം(വയറിൽ തൊട്ടുകൊണ്ട്) ഗർഭം ഉണ്ടോ എന്ന്?

ദാസപ്പൻ: (സന്തോഷത്തിൽ) നേരാണാ ഞാനീ കേക്കണത്?

രാധയെ തലോടുന്ന ദാസപ്പൻ.

രാധ: വീട്ടിലെ കടമൊക്കെ തീർന്നിട്ട് പതുക്കെ മതി ദാസേട്ടാ!

ദാസപ്പൻ: എന്തിന്, കടമൊക്കെ ഞാൻ തീർത്തോളം, നീ പതുക്കെ തന്നു തീർത്താൽ മതി.

രാധ: എന്നാലും ഞാൻ തിരിച്ചു തരണ്ട എന്ന് പറയാൻ തോന്നിയില്ലല്ലോ, പിശുക്കൻ.

ദാസപ്പൻ: തിരിച്ചു തന്നില്ലെങ്കിലും ഞാൻ ചോദിക്കില്ല, നീ എന്റെ പകുതിയല്ലേ!

രാധ: ചിലപ്പോൾ എന്റെ സംശയം ആയിരിക്കും. എന്നാലും ദാസേട്ടൻ രാവിലെ എനിക്കൊരു pregnancy test card വാങ്ങി തരണം.

ദാസപ്പൻ: അതെന്തിനാ? 

രാധ: ഗർഭിണി ആണോ എന്നറിയാനുള്ള ടെസ്റ്റ് നടത്തിനോക്കാനാ.

ദാസപ്പൻ: ആണാ എന്നാൽ ഇപ്പൊ തന്നെ വാങ്ങിക്കാം. നീ അതൊരു പേപ്പറിൽ കുറിച്ചു താ.

രാധ: ഇപ്പൊ രാത്രി ആയില്ലേ, രാവിലെ മതി.

ദാസപ്പൻ: മെഡിക്കൽ സ്റ്റോർ അടച്ചുകാണില്ല, നീ വേഗം കുറിച്ച് താ.

രാധ പേപ്പർ എടുത്തു velocit pregnancy test kit എന്നെഴുതി കൊടുത്തുകൊണ്ട് 

രാധ: ദാസേട്ടന് എല്ലാം ധിറുതിയാ!



57(a)


രാധയുടെ വണ്ടിയുമായി പുറത്തേയ്ക്കു പോകുന്ന ദാസപ്പൻ 


57(b)

നാരായണൻ ഒച്ച കേട്ട് മുറി തുറന്നിറങ്ങുന്നു.

നാരായണൻ: അവൻ എവിടെ പോയതാ മോളെ?

രാധ: എനിക്കൊരു മരുന്ന് വാങ്ങാൻ പോയതാ അപ്പാ.

നാരായണൻ: ഇനി അവൻ വന്നിട്ടു കിടക്കാം, എന്ത് ചൂടാ മുറിക്കകത്തു.



58 

രാവിലെ -ദാസപ്പന്റെ വീട് 


രാധ രാവിലെയുള്ള മൂത്രം അല്പം എടുത്തു pregnancy test കാർഡിൽ ഒഴിക്കുന്നു.

ദാസപ്പൻ കട്ടിലിൽ കിടന്നുറങ്ങുന്നു.

രാധ ടെസ്റ്റ് റിസൾട്ട് തെളിയാൻ കാത്ത് നിക്കുന്നു.

ടെസ്റ്റ് പോസിറ്റീവ് ആകുന്നത് കണ്ടു രാധ പേടിക്കുന്നു.

പേടി കരച്ചിലായി പുറത്തുവരുന്നു.

രാധ: അയ്യോ..ദാസേട്ടാ!

ചാടി എണീക്കുന്ന ദാസപ്പൻ.

ദാസപ്പൻ: എന്താ..എന്താ!

ഒന്നും മിണ്ടാതെ നിന്ന് കരയുന്ന രാധ.

നാരായണനും അപ്പുറത്തെ മുറിയിൽ നിന്നും ഓടി വരുന്നു.

ദാസപ്പൻ ദേഷ്യത്തിൽ 

ദാസപ്പൻ: എടീ..എന്താ പറ്റിയതെന്ന്?

രാധ കാർഡ് ദാസപ്പനെ കാണിക്കുന്നു.

ദാസപ്പൻ: ഇതെന്താണ്..വെള്ള കാർഡിൽ രണ്ടു ചുവപ്പു വര, ഇതിനാണാ നീ കരഞ്ഞത്!

നാരായണൻ രാധയുടെ തോളിൽ പിടിച്ചു കൊണ്ട് 

നാരായണൻ: മോള് വല്ലതും കണ്ടു പേടിച്ചാ?

രാധ കരഞ്ഞുകൊണ്ട്!

രാധ: അല്ലപ്പാ!..ഞാൻ ഗർഭിണിയായി!

നാരായണന്റെയും ദാസപ്പന്റെയും മുഖം സന്തോഷം കൊണ്ട് നിറയുന്നു.

നാരായണൻ: അതിനു സന്തോഷിക്കയല്ലേ മോളെ വേണ്ടത്, കരയുന്നതെന്തിനാ?

രാധ: വീട്ടിലെ കടമൊക്കെ തീർത്തിട്ട് കുട്ടികൾ മതി എന്ന് വിചാരിച്ചിരിക്കുവായിരുന്നു ഞാൻ.

കരച്ചിലും ദേഷ്യവും വരുന്ന രാധ.

രാധ: 238 ന്റെ കണക്ക് ദാസേട്ടൻ പറഞ്ഞകൊണ്ടാ ഞാൻ കാര്യമാക്കാതിരുന്നേ?

വിളറി വിയർക്കുന്ന ദാസപ്പൻ.

നാരായണൻ: 238 ന്റെ എന്ത് കണക്ക്?

ആലോചിച്ചു നിക്കുന്ന നാരായണൻ.

പെട്ടെന്ന് വിഷയം മാറ്റുന്ന ദാസപ്പൻ.

ദാസപ്പൻ: അതെ 238 രൂപ വച്ച് എല്ലാ ദിവസവും ഞാൻ അമ്മച്ചിക്ക് കൊടുക്കും. പിന്നെ അനിയത്തിമാരുടെ പഠിത്തക്കാര്യവും നോക്കിക്കോളാം. നീ ഇനി കരഞ്ഞു സങ്കടപെട്ട് എന്റെ മോളെ വിഷമിപ്പിക്കരുത്.

രാധയോട് കെഞ്ചുന്ന മാതിരി ദാസപ്പൻ.

ദാസപ്പൻ: ദയവു ചെയ്തു 238  ന്റെ കണക്കു ഇനി പറയരുത്. 

രാധയെ തൊഴുന്ന ദാസപ്പൻ.

കരച്ചിലിനിടയിൽ ചിരിക്കുന്ന രാധ.

രാധ: അയ്യടാ..മോളാണെന്നു ഇപ്പോഴേ തീരുമാനിച്ചാ?

ദാസപ്പൻ: എന്റെ അമ്മച്ചി സ്വപ്നത്തിൽ വന്നു പറഞ്ഞിട്ടുണ്ട്, നിനക്ക് ആദ്യം മോളും പിന്നെ ഒരു മോനും ഉണ്ടാകുമെന്ന്! മോൾക്ക് എന്റെ അമ്മച്ചിയുടെ പേരു തന്നെ ഇടും അല്ലെ അപ്പാ!

നാരായണന്റെ കണ്ണ് പെട്ടെന്ന് നിറയുന്നു.

ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങുന്ന നാരായണൻ.

പുറത്തു മാലയിട്ടു സൂക്ഷിച്ചിരിക്കുന്ന സ്വന്തം ഭാര്യയുടെ ചിത്രത്തിൽ നോക്കി നിക്കുന്ന നാരായണൻ.


 59 

പകൽ -ദാസപ്പന്റെ വീട് 


മുറ്റത്തെ ചെടികൾക്ക് നനയ്ക്കുന്ന രാധ 

നാരായണൻ മുറ്റത്തെ ചപ്പുചവറുകൾ വാരി കുട്ടയിലാക്കി ദൂരെ കളയുന്നു.

ഒരു ഓട്ടോ ദാസപ്പന്റെ വീടിന്റെ വേലിക്കൽ വന്നു നിക്കുന്നു.( റോഡ് ഇപ്പോൾ നന്നാക്കിയിട്ടുണ്ട്, നന്നാക്കിയ റോഡ് കാണിക്കാൻ പറ്റുമെങ്കിൽ കാണിക്കുക, അല്ലങ്കിൽ റോഡ് ഫ്രെമിൽ ഉൾപെടുത്താതിരിക്കുക)

ഓട്ടോയിൽ നിന്നിറങ്ങുന്ന രാധയുടെ  അമ്മയും അനിയത്തിമാരും.

അനിയത്തിമാർ അമ്മ വരുന്നതിനുമുമ്പേ ഓടി രാധയുടെ അടുത്തേയ്ക്കു വരുന്നു.

രാധ നന്നായിരിക്കുന്നത് കണ്ടു മനസ്സ് നിറഞ്ഞു ചിരിക്കുന്ന വിലാസിനി.

അമ്മയുടെ കൈയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുന്ന രാധ.

വിലാസിനി: വേണ്ട , ഈ സമയം അധികം ഭാരം ഒന്നും എടുക്കണ്ട, നിനക്ക് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ?

രാധ: എനിക്ക് എല്ലാം വലിച്ചുവാരി തിന്നാൻ തോന്നുവാ, ഗർഭിണി ആണെന്ന് പോലും തോന്നുന്നില്ല. അമ്മ കഴിക്കാൻ എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ?

വിലാസിനി ചിരിച്ചിട്ട്,

വിലാസിനി: നീ വയറ്റിൽ ആയിരുന്നപ്പോൾ ഞാനും ഇങ്ങനായിരുന്നു. ഒരിക്കൽ കള്ളിന്റെ മണം കേട്ടപ്പോൾ എനിക്കു കള്ളു കുടിക്കാൻ ഭയങ്കര ആഗ്രഹം. കള്ള് വേണോന്നും പറഞ്ഞു ഞാൻ വഴക്കിടാൻ തുടങ്ങി. രാത്രി തന്നെ ദിവാകരേട്ടൻ എനിക്ക് കള്ളു വാങ്ങി തന്നു.

ചിരിക്കുന്ന അനിയത്തിമാരും രാധയും.

നാരായണൻ: ങ്ങ..ആ..ഹാ.. പുറത്തു തന്നെ നിക്കുവാണോ, അകത്തുചെന്ന് തുണിയൊക്കെ മാറ്. മോളെ ഇവരെ വിളിച്ചു അകത്തേയ്ക്കു കൊണ്ടുപോ, ചെടിയൊക്കെ ഞാൻ നനച്ചോളാം!


60 

വൈകുന്നേരം -കടപ്പുറം 


കടപ്പുറത്തിരുന്നു വലയുടെ കേടുപാടുകൾ തീർക്കുന്ന ദാസപ്പൻ. ദാസപ്പൻ ഒറ്റയ്ക്കിരിക്കുന്നതു കണ്ടു ക്ലാര ദാസപ്പന്റെ അരികിലേക്ക് വരുന്നു.

ക്ലാരയെ കണ്ടിട്ടും ദാസപ്പൻ വല കെട്ടുന്നതിൽ ശ്രദ്ധിക്കുന്നു.

ക്ലാര: രാധയ്ക്കു വിശേഷം ഉണ്ടല്ലേ?

ദാസപ്പൻ: മൂളുന്നു.

ക്ലാര: ഞാൻ പറഞ്ഞപ്പോൾ ദാസണ്ണന് ഓപ്പറേഷൻ ചെയ്യാൻ വിഷമം ആയിരുന്നു. രാധ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ഓപ്പറേഷന് സമ്മതിച്ചു.

ദാസപ്പൻ: രാധ എന്റെ ഭാര്യയാ, അത്കൊണ്ട് സമ്മതിച്ചു.

ക്ലാര: നഷ്ടം എനിക്കല്ലേ!

ദാസപ്പൻ: നീയല്ലേ എന്നെ വിട്ടു പോയത്, അപ്പൊ നിനക്കെന്തു നഷ്ടം?

ക്ലാര: അലക്സിന് എന്നും ഓരോ അസുഖങ്ങളാ, ഇപ്പൊ ക്ഷാരസൂത്രം ചെയ്യാൻ ആയുർവേദ ആശുപത്രിയിൽ കിടക്കുവാ. ഇന്നലെ വരെ ഞാനായിരുന്നു ആശുപത്രിയിൽ.

ദാസപ്പൻ: ഭർത്താവിന് അസുഖം വന്നാൽ ഭാര്യയാ നോക്കണ്ടത്!

ക്ലാര: അതല്ല ദാസണ്ണ, അലക്സിന് പൈൽസിന്റേം ഫിസ്റ്റുലയുടെയും അസുഖമായതുകൊണ്ടു എന്നും വേദനയാ, എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല! ഇപ്പൊ നടുവിനും വേദന തുടങ്ങി, x ray എടുത്തപ്പോൾ ഡിസ്കിന് അകൽച്ചയുണ്ട്. ബെൽറ്റ് ഇട്ടു കുറെ നാൾ കിടക്കണോന്നാ ഡോക്ടർ പറഞ്ഞത്.

ഒന്നും മിണ്ടാതിരിക്കുന്ന ദാസപ്പൻ.

ക്ലാര: ഇപ്പോൾ ദാസണ്ണനെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല! കിടന്നാൽ ഉറക്കോം ഇല്ല. അക്കരപ്പച്ച കണ്ടു ഭ്രമിച്ചു പോയതാ ഞാൻ. എന്നോട് ക്ഷമിക്കുവോ ദാസണ്ണ

ദാസപ്പൻ: എനിക്ക് നിന്നോട് വെറുപ്പും ഇല്ല ,സ്നേഹോം ഇല്ല! ഇപ്പൊ എനിക്കും നിനക്കും കുടുംബം ഉണ്ട്. നീ പൊക്കോ ആൾക്കാര് വല്ലതുമൊക്കെ പറയും.

ക്ലാര: ഇന്ന് വീട്ടിൽ ആരും കാണുകേല, ദാസണ്ണൻ വരണം! വേറൊന്നും എനിക്ക് വേണ്ട ദാസണ്ണ , വല്ലപ്പോഴും കുറച്ചു നേരമെങ്കിലും എനിക്ക് ദാസണ്ണൻറെ മാത്രമാകണം!

ഒന്നും മിണ്ടാതിരിക്കുന്ന ദാസപ്പൻ.

ക്ലാര: ദാസണ്ണൻ വരണം! പുലരും വരെ ഞാൻ വാതിലും തുറന്നു കാത്തിരിക്കും!

ഒന്നും മിണ്ടാതെ വലയുടെ കേടുപാടുകൾ തീർക്കുന്ന ദാസപ്പൻ.

വീട്ടിലേയ്ക്കു നടക്കുന്ന ക്ലാര.


61 

സന്ധ്യ -ദാസപ്പന്റെ വീട് 


അത്യാവശ്യം വീട്ടുസാധനങ്ങളുമായി വരുന്ന ദാസപ്പൻ 

അമ്മയെയും അനിയത്തിമാരെയും കാണുന്ന ദാസപ്പൻ.

ദാസപ്പൻ: അമ്മേ!

വിലാസിനി: മോൻ എവിടായിരുന്നു?

ദാസപ്പൻ: കടപ്പുറത്തു അത്യാവശ്യം പണിയുണ്ട്. വലയുടെ കേടുപാടുകൾ തീർക്കുവായിരുന്നു.

വിലാസിനി: രാധയ്ക്കു വിശേഷം കൂടിയായപ്പോൾ മോനു ഇരട്ടി പാടായി അല്ലേ?

ദാസപ്പൻ: ഇതൊക്കെ ഒരു പാടാണോ അമ്മേ? സന്തോഷല്ലേ! ഇപ്പോഴാ ഇതൊരു വീടായത്!

വിലാസിനി: ഞങ്ങൾ രാധയെ കൂടി കൊണ്ടുപോകാനാ വന്നത്. ഒരു മാസം അവൾ അവിടെ നിക്കട്ടെ! 

ദാസപ്പൻ: അയ്യോ! അവൾ പോയാൽ ഈ വീട് ഉറങ്ങി പോകും. ഞാൻ അവളെ കൊണ്ട് ഒന്നും ചെയ്യിക്കുന്നില്ലമ്മേ! പിന്നെന്താ..അവൾ ഇവിടെ നിക്കട്ടെ! 

നാരായണൻ: നിങ്ങൾ കൊല്ലത്തെ വീട് വാടകയ്ക്ക് കൊടുത്തിട്ടു ഇവിടെ വന്നു നിക്ക്, 

വിലാസിനി: അയ്യോ..രണ്ടുപേർക്കും പരീക്ഷയാ!

രാധ: ദാസേട്ടനും അപ്പനും കൂടി മത്സരിച്ചാ എന്നെ പരിചരിക്കുന്നത്. അമ്മയ്ക്ക് സഹിക്കുന്നില്ലേ ഞാനിവിടെ രാജകുമാരിയെ പോലെ ജീവിക്കുന്നത്! 

സന്തോഷം കൊണ്ട് വിലാസിനിയുടെ കണ്ണ് നിറയുന്നു.

രാധ: ദാസേട്ടൻ പോയി കുളിച്ചു വാ! എല്ലാർക്കും കൂടി ഒരുമിച്ചു കഴിക്കാം.


62 

രാത്രി -ദാസപ്പന്റെയും രാധയുടെയും കിടപ്പുമുറി 


ദാസപ്പനും രാധയും കട്ടിലിൽ കിടക്കുന്നു.

ദാസപ്പൻ: അനിയത്തിമാരുടെ പഠിത്തം കഴിഞ്ഞാൽ എല്ലാവരും ഇവിടെ വന്നു താമസിക്കട്ടെ. എനിക്കിപ്പോൾ നീ ഇല്ലാതെ കിടന്നാൽ ഉറക്കം വരില്ല!

ദാസപ്പന്റെ നെഞ്ചിലേക്ക് കിടക്കുന്ന രാധ.

രാധ: വീട് അടഞ്ഞു കിടന്നാൽ എല്ലാം ചിതല് തിന്നുപോകില്ലേ ദാസേട്ടാ! അച്ഛനെ അടക്കിയ മണ്ണല്ലേ, അമ്മ ഒരിക്കലും അവിടം വിട്ടു വരില്ല.

ദാസപ്പൻ: കഴിഞ്ഞ ദിവസം ക്ലാരയെ കടപ്പുറത്തു വച്ച് കണ്ടായിരുന്നു. നിനക്ക് വിശേഷം ഉണ്ടെന്നറിഞ്ഞു വിളറി പിടിച്ചു നടക്കുവാ!

ആകാംക്ഷയിൽ ദാസപ്പൻ പറയുന്നത് ശ്രദ്ധിക്കുന്ന രാധ.

ദാസപ്പൻ: അവൾക്കിപ്പം ഒരുമാതിരി ഭ്രാന്തു പിടിച്ചമാതിരിയാ സംസാരം. ഞാൻ രാത്രി ചെല്ലണോന്ന്!

ദേഷ്യം കൊണ്ട് രാധയുടെ മഖാം ചുമക്കുന്നു.

രാധ: എന്നിട്ടു ദാസേട്ടൻ എന്ത് പറഞ്ഞു.

ദാസപ്പൻ: ഞാനൊന്നും പറഞ്ഞില്ല!

രാധ ദേഷ്യത്തിൽ 

രാധ: പറ്റത്തില്ല എന്ന് പറയാൻ പാടില്ലായിരുന്നോ?

പെട്ടെന്ന് രാധ കരയുന്നു.

രാധ: ദാസേട്ടൻ ഇനി എന്റെയാ! ആർക്കും ഞാൻ വിട്ടുകൊടുക്കത്തില്ല!

ദാസപ്പന്റെ നെഞ്ചിൽ ഒന്നുകൂടി അമർന്നു കിടക്കുന്ന രാധ.

ദാസപ്പൻ: ദാസപ്പന് ഒറ്റ വാക്കേയുള്ളു! ചത്താലും കൊടുത്ത വാക്ക് മാറില്ല!
അങ്ങനെ പോകാൻ ആയിരുന്നെങ്കിൽ എനിക്ക് ഈ കാര്യം നിന്നോട് പറയാതിരുന്നാൽ പോരേ?

രാധ: എനിക്കറിയാം ദാസേട്ടാ! എന്നാലും എനിക്കിപ്പോൾ ഭയങ്കര സ്നേഹക്കൂടുതലാ, ദാസേട്ടനെ വേറേ ഏതെങ്കിലും പെണ്ണുങ്ങൾ നോക്കുന്നതു പോലും എനിക്ക് സഹിക്കില്ല!

ദാസപ്പൻ: പെണ്ണുങ്ങളെല്ലാം എനിക്കിട്ടു നോക്കാൻ ഞാൻ എന്താ..മമ്മൂട്ടിയോ മോഹൻലാലോ വല്ലതും ആണോ? നിനക്ക് അത്രയ്ക്ക് സ്നേഹക്കൂടുതൽ ഉണ്ടെങ്കിൽ എന്നെയൊന്നു സ്നേഹിക്ക്! ഞാനൊന്നു അനുഭവിക്കട്ടെ നിന്റെ സ്നേഹക്കൂടുതൽ!

രാധ: അയ്യട മനമേ! അങ്ങനിപ്പം സുഖിക്കണ്ട! ദേ..വയറ്റിൽ കിടക്കുന്നവർ ഇതൊക്കെ കേട്ടോണ്ട് കിടക്കുവാ പറഞ്ഞേക്കാം!

ദാസപ്പന്റെ നെഞ്ചത്ത് നിന്നും മാറി കിടക്കുന്ന രാധ.

ദാസപ്പൻ: അവനല്ല..അവൾ(രാധയുടെ വയറ്റിൽ കൈ വച്ച്) എന്റെ ലച്ചുവാ ഇവിടെ കിടക്കുന്നത്!

രാധ: പിന്നെ എന്ത് കാര്യായി പോയി!

ലൈറ്റ് ഓഫാക്കുന്ന ദാസപ്പൻ.

ദാസപ്പനും രാധയും തമ്മിലുള്ള സംഭാഷണം fade out ആയി തീരുന്നു.


63 

കടപ്പുറം -പകൽ 


ദാസപ്പൻ കടപ്പുറത്തിരുന്നു വലയുടെ കേടുപാടുകൾ തീർക്കുന്നു.

ക്ലാര ദാസപ്പനടുത്തേയ്ക്കു നടന്നുവരുന്നു.

ദേഷ്യത്തിലും സങ്കടത്തിലും ഇപ്പോൾ പൊട്ടിത്തെറിക്കും എന്ന ഭാവത്തിൽ വരുന്ന ക്ലാര

ക്ലാര: എന്നെ അത്രയ്ക്ക് വെറുപ്പായോ ദാസണ്ണന്?

ദാസപ്പൻ: എനിക്ക് നിന്നോട് വെറുപ്പും ഇല്ല പണ്ടത്തെ പോലുള്ള ഇഷ്ടവും ഇല്ല! നീ പൊക്കോ ആൾക്കാര് വല്ലതും പറഞ്ഞുണ്ടാക്കും!

വല കെട്ടുന്നതിൽ ശ്രദ്ധിക്കുന്ന ദാസപ്പൻ

ക്ലാര: (ദേഷ്യത്തിൽ) പറയട്ടെ.എല്ലാരും പറയട്ടെ! ഇനി ഞാൻ എല്ലാരേയും കൊണ്ട് പറയിക്കാൻ പോകുവാ!

ദാസപ്പൻ: നിനക്ക് ഭ്രാന്താ!..എന്ത് ഭ്രാന്താണെന്ന് ഞാൻ പറയുന്നില്ല!

ക്ലാര: അതെ ഭ്രാന്താ! ദാസേട്ടനോടുള്ള ഇഷ്ട്ടം എന്നെ ഭ്രാന്തിയാക്കി മാറ്റും!

ക്ലാര ഭീക്ഷിണിയുടെ സ്വരത്തിൽ

ക്ലാര: ഇന്ന് രാത്രി ദാസണ്ണൻ വന്നില്ലെങ്കിൽ ക്ലാര രാവിലെ രാധയെ കാണും! നമ്മൾ തമ്മിലുള്ള എല്ലാ കാര്യങ്ങളും ഞാൻ രാധയോട് പറയും!

ക്ലാരയും ദാസപ്പനും കണ്ണിൽ കണ്ണിൽ നോക്കുന്നു.

ക്ലാര: ദാസണ്ണന് അറിയാല്ലോ ക്ലാരയെ? എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നേടാൻ ഞാൻ ഏതറ്റം വരെയും പോകും!

ദേഷ്യവും ഭീഷിണിയും കൊണ്ട് കാര്യമില്ല എന്ന് മനസിലാക്കി ക്ലാര പെട്ടെന്ന് കരയുന്നു.

ക്ലാര: ദാസണ്ണൻ വരണം! എത്ര രാത്രിയായാലും വരണം! വരണം..വരില്ലേ! ദാസണ്ണൻ വരണം!

ക്ലാരയുടെ അപ്പോഴത്തെ പ്രതികരണം അമ്പരപ്പിൽ നോക്കുന്ന ദാസപ്പൻ.


64 

രാത്രി - ദാസപ്പന്റെ വീട് - ചാറ്റൽ മഴ 


കുടയും എടുത്തു പുറത്തേക്കിറങ്ങുന്ന ദാസപ്പനും രാധയും 

നാരായണൻ: രാത്രി രണ്ടുപേരും കൂടി എങ്ങോട്ടാ?

ദാസപ്പൻ: രാധയ്ക്കു മഴയത്തു  കടല് കാണണൊന്നു, ഞാനൊന്നു കാണിച്ചിട്ട് വരാം!

നാരായണൻ: ഇരുട്ടത്ത് കടലിൽ എന്ത് കാണാനാ?

ദാസപ്പൻ: ഇപ്പൊ രാധയുടെ എല്ലാ ഇഷ്ടങ്ങളും നമ്മൾ സാധിച്ചു കൊടുക്കണം. ഞങ്ങൾ വന്നിട്ട് അപ്പൻ കിടന്നാൽ മതി!

രാധയുടെ മുഖത്തെ തെളിച്ചം ഇല്ലായ്മ ശ്രദ്ധിക്കുന്ന നാരായണൻ.

നാരായണൻ: വേനൽ മഴയാണ്, ഇടിവെട്ട് ശ്രദ്ധിക്കണം!

രാധയും ദാസപ്പനും ഒരു കുട കീഴിൽ കെട്ടിപിടിച്ചു പോകുന്നത് നോക്കിയിരിക്കുന്ന നാരായണൻ.


65 

കടപ്പുറം -രാത്രി -ചെറിയ ചാറ്റൽമഴ 


ഇടയ്ക്കു മിന്നലിൻറെ വെട്ടം 

ദാസപ്പൻ വള്ളവും വലയും വച്ചിരിക്കുന്നതിനടുത്തു നിക്കുന്ന ദാസപ്പനും രാധയും 

ദാസപ്പൻ: നീ ഇവിടെ നിക്ക്, ഞാൻ ക്ലാരയെ വിളിച്ചിട്ടു വരാം!

രാധ: (ദേഷ്യത്തിൽ) എന്റെയൊരു ഗതികേട്, ഭർത്താവിന്റെ അവിഹിതത്തിന് കൂട്ടുവന്ന ആദ്യത്തെ ഭാര്യയായിരിക്കും ഞാൻ!

ദാസപ്പൻ: ഇന്നത്തെ കൊണ്ട് ഈ പ്രശ്‍നം തീർക്കണം. അല്ലങ്കിൽ ക്ലാര ഈ കര മുഴുവൻ എന്നെ പറഞ്ഞു നാറ്റിക്കും. ഇപ്പോൾ "മീൻ ടു" എന്നും പറഞ്ഞു പെണ്ണുങ്ങൾ ആണുങ്ങളെ എല്ലാത്തിനേയും നാറ്റിക്കുവല്ലേ!

രാധ:(ചിരിക്കുന്നു) "മീൻ ടു" അല്ല ദാസേട്ടാ. "മീ ടു "(me too).

ദാസപ്പൻ: എന്തെങ്കിലും ആകട്ടെ! നീ ഞാൻ പറഞ്ഞപോലെയൊക്കെ ചെയ്തേക്കണം!

ക്ലാരയുടെ വീട്ടിലേയ്ക്കു നടക്കുന്ന ദാസപ്പൻ 

രാധ: വേഗം വരണം! എനിക്ക് ഒറ്റയ്ക്ക് നിക്കാൻ പേടിയാ!

ദാസപ്പൻ: ഞാൻ ദേ എത്തി!



65(a)

ക്ലാരയുടെ വീട് - രാത്രി - ചാറ്റൽ മഴ 


അടുക്കള വാതിൽ തുറന്നു അകത്തു കടക്കുന്ന ദാസപ്പൻ 

അടുക്കളയിൽ അരണ്ട വെളിച്ചത്തിൽ ക്ലാര നിക്കുന്നത് കാണുന്ന ദാസപ്പൻ 

ഭ്രാന്തമായി ദാസപ്പനെ കെട്ടിപ്പിടിക്കുന്നു ക്ലാര 

ദാസപ്പൻ: (അടക്കത്തിൽ) നീ വള്ളത്തിനടുത്തേയ്ക്കു വാ! ഞാൻ അവിടെ കാണും!

ക്ലാര: അപ്പനും അമ്മച്ചിയും നല്ല ഉറക്കത്തിലാ! നമുക്ക് മുറിയിൽ പോകാം!

ദാസപ്പൻ: അത് വേണ്ട! നീ പുറത്തേയ്ക്കു വാ!

പുറത്തേയ്ക്കു നടക്കുന്ന ദാസപ്പൻ.

സംശയിച്ചു നിക്കുന്ന ക്ലാര.




65 - തുടർച്ച 

ചെറിയ ചാറ്റൽ മഴ - കടപ്പുറം -രാത്രി 


വള്ളത്തിനടുത്തു മഴ നനഞ്ഞു നിക്കുന്ന ദാസപ്പൻ 

വള്ളത്തിനു മറുവശത്തു രാധ നിക്കുന്നത് ഫ്രെയിമിൽ കാണുന്നില്ല.

ദാസപ്പനടുത്തേയ്ക്കു ഓടി വരുന്ന ക്ലാര 

ദാസപ്പനെ കെട്ടിപിടിക്കുന്ന ക്ലാര 

ഭ്രാന്തമായി ദാസപ്പനെ ഉമ്മ വയ്ക്കുന്ന ക്ലാര 

നിർവികാരനായി നിക്കുന്ന ദാസപ്പൻ.

ക്ലാര:(കരയുന്നു) അലക്സിന് എന്നെ ഒട്ടും ഇഷ്ടല്ലാ ദാസണ്ണ..എന്നോട് എപ്പോഴും ദേഷ്യാ!  ദാസണ്ണനു എന്തിഷ്ടയിരുന്നു എന്നെ..അത് പോലെ ഇനിയും എന്നെ സ്നേഹിക്കണം. അല്ലങ്കിൽ ഞാൻ ഭ്രാന്തിയായി പോകും. 

ദാസപ്പനെ  കെട്ടിപിടിച്ചുകൊണ്ടു കരയുന്ന ക്ലാര 

ക്ലാര: വേറെ ഒന്നും എനിക്ക് വേണ്ട..ദാസണ്ണൻ എന്നെ സ്നേഹിച്ചാൽ മാത്രം മതി.

ദാസപ്പനെ കെട്ടിപിടിച്ചു നിക്കുന്ന ക്ലാര കണ്ണ് തുറക്കുമ്പോൾ വള്ളത്തിനു മറുവശം നിക്കുന്ന രാധയെ കാണുന്നു.

ഞെട്ടി മാറുന്ന ക്ലാര 

ക്ലാര ഞെട്ടി മാറുന്ന സമയത്തു തന്നെ ആകാശത്തു നല്ല മിന്നലും ഇടിയും ഉണ്ടാകുന്നു.

ക്ലാരയുടെ ഞെട്ടലും ഇടിയും ഒരേ സമയം കാണിക്കുക.

ദാസപ്പനും ക്ലാരയും നിക്കുന്നിടത്തേയ്ക്കു നടന്നു വരുന്ന രാധ.

വിളറി നിക്കുന്ന ക്ലാര.

ഒന്നും മിണ്ടാതെ നിക്കുന്ന ദാസപ്പൻ 

രാധ അടുത്ത് വന്നു നീക്കുന്നു.

രാധ: സ്നേഹിച്ചു കൂട്ടിയതൊക്കെ ക്ലാര തന്നെയല്ലേ വലിച്ചെറിഞ്ഞു കളഞ്ഞത്!

ഒന്നും മിണ്ടാതെ നിക്കുന്ന ക്ലാര 

രാധ: സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്നു എന്ന് തോന്നുന്ന നിമിഷം എല്ലാം വലിച്ചെറിഞ്ഞു കളയുക. (മൗനം)  ക്ലാരയുടെ ജീവിതത്തെ പിന്തുടരുന്ന ശാപമാണത്!

ഒന്നും മിണ്ടാതെ തല കുനിച്ചു നിക്കുന്ന ക്ലാര 

രാധ: ദാസേട്ടൻ പറഞ്ഞു ഞാൻ മനസിലാക്കിയ ക്ലാര ഒരുപാടു വെത്യസ്തയാണ്. ചില സമയത്തു ക്ലാരയ്ക്കു സാധാരണ മനുഷ്യരെ പോലെ പെരുമാറാൻ സാധിക്കില്ല. അതുകൊണ്ടു കൂടിയാണ് ക്ലാരയും അലക്സും ഇപ്പോഴും അപരിചിതരെ പോലെ ജീവിക്കുന്നത്.

രാധ പറയുന്നത് താല്പര്യപൂർവം കേൾക്കുന്ന ക്ലാര.

രാധ: ക്ലാരയിലുള്ള വെത്യസ്തത, ക്ലാരയുടെ ആഗ്രഹങ്ങൾ എല്ലാം അലക്സിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുക. എന്നിട്ടു അലക്സിനെ മനസ്സറിഞ്ഞു സ്നേഹിക്കാൻ ശ്രമിക്കുക. കാരണം...

രാധ പറയുന്നത് കേൾക്കുന്ന ക്ലാര.

രാധ: പഠിക്കുന്ന കാലത്തു എനിക്കും ഒരു പ്രേമബന്ധം ഉണ്ടായിരുന്നു. അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഞങ്ങളുടെ നിശ്ച്ച്ചയം  നടത്താൻ തീയതി വരെ കുറുപ്പിച്ചതാ.

രാധ പറയുന്നത് താത്പര്യപൂർവം കേൾക്കുന്ന ദാസപ്പനും ക്ലാരയും.

രാധ: പക്ഷെ അച്ഛൻ മരിച്ചുകഴിഞ്ഞു അയാൾ പറഞ്ഞു എന്റെ കുടുംബത്തിന്റെ ബാധ്യത മുഴുവൻ ഏറ്റെടുക്കാൻ അയാൾക്ക്‌ കഴിയില്ലെന്ന്.
ഞാൻ അമ്മയെയും അനിയത്തിമാരെയും ഉപേക്ഷിച്ചു ചെന്നാൽ അയാൾ സ്വീകരിക്കാമെന്നു.

ഇടയ്ക്കു എന്തോ ഓർക്കാനെന്ന പോലെ മൗനം അവലംബിക്കുന്ന രാധ.

രാധ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുന്ന ദാസപ്പൻ.

രാധ: സ്വന്തം അമ്മയെയും അനിയത്തിമാരെയും ഉപേക്ഷിച്ചുള്ള ജീവിതം ഞാനും ആഗ്രഹിച്ചില്ല.

ക്ലാരയുടെ മുഖത്തെ ഭാവം.

രാധ: ആയാളും ഇപ്പോൾ ക്ലാരയെ പോലെയാണ്. വലിയൊരു വീട്ടിൽ നിന്നും പെണ്ണ് കെട്ടി അപരിചിതരെ പോലെ ജീവിതം ജീവിച്ചു തീർക്കുന്നു. പരസ്പരം ഉള്ളിൽ സ്നേഹം ഇല്ലങ്കിൽ കുറെ നാൾ കഴിയുമ്പോൾ സെക്സും മടുക്കും. ക്ലാരയ്ക്കും അലക്സിനും സംഭവിച്ചതും അതുതന്നെയല്ലേ?

ക്ലാരയും രാധയും മുഖത്തോടു മുഖം നോക്കുന്നു.

രാധ: അയാളെ ഞാൻ എങ്ങനെ ഞങ്ങളുടെ ജീവിതത്തിൽ നിന്നും പടി ഇറക്കി വിട്ടുവോ, അതുപോലെ തന്നെ ക്ലാരയെയും ഞങ്ങൾ പടി ഇറക്കി വിടും.

രാധയുടെ മുഖത്ത് ഗൗരവം വരുന്നു.

രാധ: ക്ലാര ദാസേട്ടനെ പറഞ്ഞു പേടിപ്പിക്കുന്ന 238 ൻറെ കണക്കില്ലേ?

വിളറുന്ന ക്ലാരയുടെ മുഖം.

രാധ: ആ കാര്യൊക്കെ ദാസേട്ടൻ എന്നെ പെണ്ണ് കാണാൻ വന്നപ്പോഴേ പറഞ്ഞു. ഒരു പക്ഷെ ആ ഏറ്റു പറച്ചിലാകും എന്നെ ദാസേട്ടനിലേയ്ക്ക് അടുപ്പിച്ചത്.

ക്ലാരയുടെ മുഖഭാവം.

രാധയുടെ സംസാരം അല്പം കൂടി ദൃഢമാകുന്നു.

രാധ: എന്നെ പെണ്ണ് കാണാൻ വന്ന അന്നുമുതൽ ദാസേട്ടൻ രാധയുടെ മാത്രമാണ്. രാധ ദാസേട്ടന്റെയും.

പെട്ടെന്ന് ഇടി വെട്ടോടു കൂടി മഴ ശക്തിയായി പെയ്യുന്നു.

രാധ: ഞങ്ങളുടെ ജീവിതത്തിൽ ഒരു കരുടായി ഇനി ക്ലാര വരരുത്!

ശക്തമായി പെയ്യുന്ന മഴയിൽ ദാസപ്പനും രാധയും ഒരു കുടകീഴിൽ കെട്ടിപിടിച്ചു പോകുന്നത് മിന്നലിന്റെ വെളിച്ചത്തിൽ കാണുന്ന ക്ലാര.

വള്ളത്തിൽ പിടിച്ചു മഴ നനഞ്ഞു നിക്കുന്ന ക്ലാര.

ഏങ്ങലടിച്ചു കരയുന്ന ക്ലാര.

ഇവിടെ ഒരു ഗാനരംഗം ആരംഭിക്കുന്നു.

ഭാര്യ ഭർത്യ ബന്ധത്തിൽ വിശ്വാസത്തിനുള്ള സ്ഥാനം. അതിനെ പ്രകീർത്തിച്ചു കൊണ്ടുള്ള ഒരു ഗാനം. മെലോഡിക്കു പ്രാധാന്യം കൊടുക്കുക.

കാലത്തെ പെട്ടെന്ന് ഓടിച്ചു വിടാനും പെട്ടെന്ന് കഥ പറഞ്ഞു തീർക്കാനും കൂടി ഈ ഗാനരംഗം ഉപയോഗിക്കുക.


66 

ഗാനരംഗം -സീനുകൾ 



1 . മഴയിൽ ഒരു കുടകീഴിൽ നടന്നുപോകുന്ന ദാസപ്പനും രാധയും.

2 . വള്ളത്തിൽ പിടിച്ചു മഴ നനഞ്ഞുനിന്നു കരയുന്ന രാധ.

3 . രാധയും ദാസപ്പനും സ്കാനിംഗ് റൂമിനു മുന്നിൽ വെയിറ്റ് ചെയ്യുന്നു.

4 . ഡോക്ടറെ കാണാൻ ഇരിക്കുന്ന രാധയും ദാസപ്പനും.

5 . രാധയെ കൊണ്ട് ഒന്നും ചെയ്യിക്കാതെ അടുക്കള ജോലികൾ എല്ലാം ചെയ്യുന്ന നാരായണൻ.

6 . രാധയുടെ വയർ വലുതായി വരുന്നു.

7 . ദാസപ്പനും മമ്മാലിയും മറ്റുതൊഴിലാളികളും ബോട്ടിൽ മൽസ്യ ബന്ധനത്തിനു പോകുന്നു.

8 . രാധയുടെ അമ്മയും അനിയത്തിമാരും കൂടി ദാസപ്പന്റെ വീട്ടിലേയ്ക്കു വരുന്നു.

9 . രാധ ഇപ്പോൾ നിറഞ്ഞ വയറുമായി നിക്കുന്നു.

10 . രാധയുടെ കാലിലെ നീര് പരിശോധിച്ച് എന്തോ പറയുന്ന വിലാസിനി.

11 . നാരായണൻ മുറ്റം അടിക്കുന്നത് കാണുമ്പോൾ നിർബന്ധപൂർവം ചൂല് വാങ്ങുന്ന വിലാസിനി.

12 . രാധയുടെ അനിയത്തിമാരും നാരായണനും കൂടി ചെടികൾ പരിപാലിക്കുന്നത് തിണ്ണയിൽ ഇരുന്നു കാണുന്ന രാധ.

13 . മുറ്റം അടിച്ചു വൃത്തിയാക്കുന്ന വിലാസിനി. 

14 . രാധയുടെ അനിയത്തി വിളക്ക് കത്തിച്ചു വയ്ക്കുമ്പോൾ എല്ലാവരും വിളക്കിനടുത്തു വന്നു പ്രാർഥിക്കുന്നു.

15 . ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന രാധ.

16 . രാധയെ ലേബർ റൂമിൽ കയറ്റുമ്പോൾ വേവലാതി പെട്ടു നിക്കുന്ന ദാസപ്പൻ.

17 . നാരായണൻ ലേബർ റൂമിനടുത്തിരുന്നു പ്രാർഥിക്കുന്നു.

18 . സിസ്റ്റർ ഒരു കുഞ്ഞിനെ പുറത്തേയ്ക്കു കൊണ്ടുവരുന്നു.

19 . പെൺകുഞ്ഞാണെന്നു സിസ്റ്റർ പറയുന്നത് ലിപ് movement ൽ കൂടി മനസിലാകുന്നു.

20 . കുഞ്ഞിനെ എടുക്കുന്ന ദാസപ്പൻ.

21 . കുഞ്ഞിനെ ലച്ചു എന്ന് വിളിക്കുന്ന ദാസപ്പൻ(lip movement)

22 . രാധയുടെ കൊല്ലത്തുള്ള വീട്.

23 . കുഞ്ഞിന്റെ നൂലുകെട്ടു ചടങ്ങ്.

24 . ദാസപ്പൻ കുഞ്ഞിന്റെ കാതിൽ പേരു ചൊല്ലി വിളിക്കുന്നു.

25 . കുഞ്ഞിനെ സ്വർണം അണിയിക്കുന്ന ദാസപ്പൻ.

26 . കണ്ണെഴുതിക്കുന്ന രാധ.

27 . രാത്രി -ദാസപ്പന്റെ വീട്.

28 . കുഞ്ഞു കരയുമ്പോൾ കുഞ്ഞിനെ തോളത്തിട്ടു പുറത്തിറങ്ങുന്ന ദാസപ്പൻ

29 . രാധ കട്ടിലിൽ കിടന്നുറങ്ങുന്നു.

30 . നാരായണനും ദാസപ്പനും കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ ശ്രമിക്കുന്നു.

31 . 7 മാസം പ്രായമുള്ള കുട്ടിയെ കാണിക്കുക.

32 . രാധ രാവിലെ ജോലിക്കു പോകാൻ ഇറങ്ങുന്നു.

33 . നാരായണൻ കുഞ്ഞിനേയും എടുത്തു ഉമ്മറത്തു നിക്കുന്നു.

34 . കുഞ്ഞിന് ഉമ്മ കൊടുത്തിട്ടു ധിറുതിയിൽ സ്കൂട്ടർ ഓടിച്ചു പുറത്തേയ്ക്കു പോകുന്ന രാധ.

35 . കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന നാരായണൻ.

36 . കുഞ്ഞിനെ തോളിലിട്ട് തട്ടിയുറക്കുന്ന നാരായണൻ.

37 . ജോലി കഴിഞ്ഞു വന്നയുടൻ ഡ്രസ്സ് മാറി കുഞ്ഞിന് പാല് കൊടുക്കുന്ന രാധ.

38 . പകൽ - ദാസപ്പനും മമ്മാലിയും മറ്റു തൊഴിലാളികളും ബോട്ടിൽ മൽസ്യബന്ധനം നടത്തുന്നു.

39 . ദാസപ്പനും രാധയും കുഞ്ഞും ഒരുങ്ങി റോഡിൽ കൂടി പോകുന്ന ദൃശ്യം.

40 . എതിർ ദിശയിൽ ക്ലാര നടന്നു വരുന്നു.

41 . ക്ലാരയെ കാണുന്ന ദാസപ്പനും രാധയും.

42 . ക്ലാര ആരെയും ശ്രദ്ധിക്കാതെ നടന്നു പോകുന്നു. ക്ലാരയുടെ മുഖത്തും ശരീരത്തിനും നല്ല ക്ഷീണം തോന്നിപ്പിക്കുക.

43 . കൊല്ലത്തുള്ള രാധയുടെ വീട്ടിൽ എത്തുന്ന രാധയും ദാസപ്പനും കുഞ്ഞും.

44 . കുഞ്ഞിന്റെ(ലച്ചു) ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന കുടുംബാംഗങ്ങൾ.

45 . ദാസപ്പനും രാധയും ഒരുമിച്ചു കുഞ്ഞിന്റെ കൈ പിടിച്ചു കേക്ക് മുറിക്കുന്നു.

46 . കുഞ്ഞിന്റെ വായിൽ കേക്ക് വച്ച് കൊടുക്കുന്ന ദാസപ്പനും രാധയും.

47 . ദാസപ്പന്റെ വീട്ടുമുറ്റത്തു ഓടി നടന്നു കളിക്കുന്ന ലച്ചു.

48 . ജോലിക്കു പോകാൻ ഒരുങ്ങി ഇറങ്ങുന്ന രാധ.

49 . അമ്മയ്ക്ക് ടാറ്റ കൊടുക്കുന്ന ലച്ചു.

50 . ശക്തമായി പെയ്യുന്ന മഴയിൽ കുളിച്ചു നിക്കുന്ന നെടുമ്പാശ്ശേരി എയർ പോർട്ട്.

51 . international terminal

52 . ഇന്റർനാഷണൽ ടെർമിനലിൽ നിന്നും ഇറങ്ങി വരുന്ന കാവേരിയും നാലു വയസുള്ള മകനും ഭർത്താവ് സോണിയും. ഒരു വയസ്സ് പ്രായമുള്ള ഇളയ കുട്ടിയെ കാവേരി എടുത്തിരിക്കുന്നു.

53 . കാവേരിയും കുടുംബവും എയർ പോർട്ടിന് പുറത്തുവരുമ്പോൾ ശക്തമായ മഴ പെയ്യുന്നു.

54 . ടാക്സിയിൽ ചെങ്ങന്നൂര് സോണിയുടെ വീട്ടിലേയ്ക്കു പോകുന്ന കാവേരിയും കുടുംബവും.



67  

കടപ്പുറം -പകൽ 


നിർത്താതെ പെയ്യുന്ന മഴയും നല്ല കാറ്റും.

കടൽ കിഴക്കോട്ടു കയറി കൊണ്ടിരിക്കുന്നു.

ദാസപ്പനും വള്ളത്തിലെ മറ്റു തൊഴിലാളികളും കൂടി വള്ളം കിഴക്കോട്ടു കുറെ കൂടി കയറ്റി വയ്ക്കാൻ ശ്രമിക്കുന്നു.

മഴ നനഞ്ഞു വള്ളം കിഴക്കോട്ടു തള്ളി കൊണ്ടുപോകുന്ന ദാസപ്പനും തൊഴിലാളികളും.

വള്ളം നീങ്ങുന്നതിനനുസരിച്ചു മമ്മാലി വള്ളത്തിനു പുറകിൽ കിടക്കുന്ന തടി കഷണം എടുത്തു വള്ളത്തിനു മുൻപിൽ ഇട്ടു കൊടുക്കുന്നു.( തടി ഇട്ടു കൊടുക്കുന്നത് വള്ളം വേഗത്തിൽ ഉന്തി മാറ്റാൻ വേണ്ടിയാണ്, തടിയിൽ കൂടി വള്ളം വേഗത്തിൽ ഉന്തി മാറ്റം)

മമ്മാലി: മഴ ഉടനെയൊന്നും ശമിക്കുന്ന ലക്ഷണം കാണുന്നില്ല ദാസപ്പാ! ബോട്ടിന്റെ കാര്യം വിളിച്ചു ചോദിച്ചാ?

ദാസപ്പൻ: തോപ്പുംപടിയിൽ പീറ്ററുണ്ട്. അവൻ ബോട്ടിൽ കിടന്നോളാന്നാ പറഞ്ഞത്.

മമ്മാലി: ഡാം തുറന്നു വിട്ടാൽ ബോട്ട് ശ്രദ്ധിക്കാൻ പീറ്ററിനോട് പറഞ്ഞേക്കണം.

ദാസപ്പൻ: ഡാം തുറക്കും തുറക്കും എന്ന് പറയുന്നതല്ലേയുള്ളു?

എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോകുന്നു.

മമ്മാലി എല്ലാവരോടും കൂടി 

മമ്മാലി: ഇടയ്ക്കു എല്ലാവരും വന്നു വള്ളം നോക്കണം. കടലിന്റെ അവസ്ഥ പറയാൻ പറ്റില്ല!


68  

ദാസപ്പന്റെ വീട് -സന്ധ്യ 


ടിവിയിൽ ന്യൂസ് കാണുന്ന രാധയും നാരായണനും മമ്മാലിയും ദാസപ്പനും.

കുട്ടനാട്ടിലെ വെള്ളപൊക്കത്തിന്റെ ഭീകരത ടിവി ദൃശ്യങ്ങളിലൂടെ പ്രേക്ഷകരെ കാണിക്കുക.

[വെള്ളപൊക്കത്തിന്റെ ഭീകരത കൂടുതൽ ആൾക്കാരും കണ്ടിരിക്കുക ന്യൂസ് ചാനലിൽ കൂടിയായിരിക്കും.പ്രേക്ഷകരുടെ തലച്ചോറിൽ ഇപ്പോഴും തങ്ങി നിൽക്കുന്നത് ടിവി ന്യൂസ് ചാനൽ ദൃശ്യങ്ങൾ തന്നെയാകും]

ദാസപ്പന്റെ മകൾ ലച്ചു നാരായണന്റെ മടിയിൽ വന്നിരിക്കുന്നു.

വല്ലാത്ത പിരിമുറുക്കത്തിൽ ഇരുന്നു ടിവി ന്യൂസ് കാണുന്ന മമ്മാലിയും ദാസപ്പനും.

പുറത്തു അപ്പോഴും തകർത്തു പെയ്യുന്ന മഴ.

നാരായണന്റെ കൈയിൽ നിന്നും റിമോട്ടു വാങ്ങുന്ന ലച്ചു.

ചാനൽ മാറ്റുന്ന ലച്ചു. 

വല്ലാത്ത പിരിമുറുക്കത്തിൽ ന്യൂസ് കണ്ടുകൊണ്ടിരുന്ന മമ്മാലിക്കും ദാസപ്പനും ദേഷ്യം വരുന്നു.

കൊച്ചു ടിവി ആസ്വദിച്ച് കാണുന്ന ലച്ചു.

മമ്മാലി ലച്ചുവിനോടായി.

മമ്മാലി: അപ്പൂപ്പന്റെ പുന്നാര മോളല്ലേ, ദേ..ഡാം തുറന്നുവിടുന്നത് അറിഞ്ഞില്ലങ്കിൽ നമ്മുടെ ബോട്ടൊക്കെ ഒഴുകി പോകും പറഞ്ഞേക്കാം. അപ്പൂപ്പൻ ഇച്ചിരി ന്യൂസ് കാണട്ടെ, മോള് റിമോട്ട് താ!

റിമോട്ടിന് കൈ നീട്ടുന്ന മമ്മാലി.

ലച്ചു: മോള് ഇച്ചിരി നേരം കൂടി കണ്ടിട്ട് തരാം.

റിമോട്ട് കൊടുക്കാതെ മാറ്റി പിടിക്കുന്ന ലച്ചു.

മമ്മാലി ദേഷ്യത്തിൽ ദാസപ്പനോട്.

മമ്മാലി: ഞാൻ പോകേണ്, നീ ഒരു കുട എടുത്തുതാ.

മമ്മാലി: ന്യൂസ് ഞാൻ വീട്ടിൽ പോയിരുന്നു കണ്ടോളാം. ഇനി എന്തായാലും നിങ്ങൾക്ക് കാണാൻ പറ്റില്ലല്ലാ, എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം.

മമ്മാലിക്കു കുട എടുത്തു കൊടുക്കുന്ന ദാസപ്പൻ.

മമ്മാലി കുടയും ആയി പുറത്തേയ്ക്കു പോകുന്നു.

രാധ മയത്തിൽ ലച്ചുവിനെ സമീപിക്കുന്നു.

രാധ: ലച്ചു മോളെ ദേ.. ഭയങ്കര വെള്ളപ്പൊക്കം വരാൻ പോകുവാ. കൊല്ലത്തു അച്ഛമ്മയും ചിറ്റമാരും താമസിക്കുന്ന വീട് വെള്ളത്തിൽ മുങ്ങി പോകുന്നത് ഇപ്പോൾ കാണിക്കും. അച്ഛമ്മയെ ഇപ്പോൾ ടിവിയിൽ കാണിക്കും.

ലച്ചുവിന്റെ കൈയിൽ നിന്നും റിമോട്ടു വാങ്ങുന്ന രാധ.

ലെച്ചു: (കൊഞ്ചി കൊണ്ട്) അച്ഛമ്മയോടും ചിറ്റമ്മ മാരോടും ഇവിടെ വന്നു നിക്കാൻ പറയമ്മേ. അപ്പോൾ മോൾക്ക് എപ്പോഴും കൊച്ചു ടിവി കാണാമായിരുന്നു.

രാധ: അമ്മ ഇപ്പോൾ തന്നെ ഫോണിൽ വിളിച്ചു പറയാം. അച്ഛമ്മയും ചിറ്റമാരും കൂടി ഇങ്ങോട്ടു വരാൻ.

ന്യൂസ് ചാനൽ ശ്രദ്ധിക്കുന്ന രാധയും ദാസപ്പനും നാരായണനും.

ഫ്ലാഷ് ന്യൂസ് വായിക്കുന്ന ദാസപ്പൻ.

"കേരളത്തെ അറിയിക്കാതെ തമിഴ്നാട് മുല്ലപെരിയാർ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും ഉയർത്തുന്നു"

" മുല്ലപെരിയാർ അണക്കെട്ടിൽ നിന്നും ഇടുക്കി ഡാമിലേയ്ക്ക് വെള്ളം എത്തിക്കൊണ്ടിരിക്കുന്നു"

പിന്നെ പിന്നെ ഓരോ ഡാമിന്റെയും ഷട്ടറുകൾ ഉയർത്തുന്ന വാർത്തകൾ വരുന്നു.

ടിവി ന്യൂസ് ചാനൽ ദൃശ്യങ്ങളിലൂടെ വെള്ളപൊക്കത്തിന്റെ ഭീകരത പ്രേക്ഷകരിലേക്ക് പകർത്താൻ ശ്രമിക്കുക .



69 

പാണ്ടനാട് -കാവേരിയുടെ ഭർത്താവിന്റെ വീട് -രാത്രി 


കാവേരിയും ഭർത്താവ് സോണിയും രണ്ടുകുട്ടികളും ഓണം ആഘോഷിക്കാൻ പാണ്ടനാടുള്ള സോണിയുടെ വീട്ടിൽ വന്നിരിക്കുന്നു.

നിർത്താതെ പെയ്യുന്ന മഴ. വീട്ടുമുറ്റത്തും കാർ പോർച്ചിലും വെള്ളം കെട്ടിനിക്കുന്നു. ഡാമുകൾ തുറന്നുവിട്ടതോടു കൂടി വെള്ളം പെട്ടെന്ന് കൂടുന്നു.

കാവേരിയും കുടുംബാംഗങ്ങളും വെള്ളം കയറുന്നതു നോക്കി നിക്കുന്നു.

sit out ൽ സ്റ്റെപ് മുങ്ങുന്ന രീതിയിൽ വെള്ളം വരുമ്പോളും മൂത്ത കുട്ടി സന്തോഷിച്ചു വെള്ളത്തിൽ ചൂണ്ടയിട്ട് കളിക്കുന്നു. 

ആരുടെ മുഖത്തും വെള്ളം കയറുന്നതിന്റെ പേടി ഇല്ല.

താഴത്തെ നിലയിൽ വെള്ളം കയറുമ്പോൾ അത്യാവശ്യ സാധനങ്ങൾ മുകളിലത്തെ നിലയിലേയ്ക്ക് മാറ്റുന്ന സോണിയും കാവേരിയും.

[ഇടയ്ക്കുള്ള സംഭാഷണങ്ങൾ സീൻ കമ്പോസ് ചെയ്യുമ്പോൾ യുക്തി പൂർവ്വം കൊടുക്കുക]

അമ്മയെ മുകളിലത്തെ നിലയിലേയ്ക്ക് കയറാൻ സഹായിക്കുന്ന സോണി.

കുട്ടികളെ രണ്ടുപേരെയും മുകളിലത്തെ നിലയിൽ ആക്കുന്ന കാവേരി.

ഗ്യാസും അത്യാവശ്യം പാചകം ചെയ്യാനുള്ള സാധനങ്ങളും മുകളിലത്തെ നിലയിൽ എത്തിക്കുന്ന സോണിയും കാവേരിയും.

ഇടയ്ക്കു അയൽവക്കത്തുള്ള വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടുന്ന സോണി.

താഴത്തെ നില പൂർണമായി മുങ്ങുമ്പോൾ കാവേരിയുടെ മനസ്സിൽ ഭയം നിറയുന്നു.

വെള്ളം ഇനി ഉയരാൻ സാധ്യത ഇല്ല എന്ന് പറഞ്ഞു സോണി കാവേരിയെ സമാധാനിപ്പിക്കുന്നുണ്ട്.

പക്ഷെ അല്പം കഴിയുമ്പോൾ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് രണ്ടാമത്തെ നിലയിലേയ്ക്കും വെള്ളം കയറുന്നു.

മൂന്നാമത്തെ നിലയിൽ ഒരു ചെറിയ സ്റ്റോർ റൂം ഉണ്ട്.[വേസ്റ്റ് ഇടാൻ വേണ്ടിയാണു ആ റൂം ഉപയോഗിക്കുന്നത്]

കുട്ടികളെ രണ്ടുപേരെയും കാവേരി മൂന്നാമത്തെ നിലയിൽ സ്റ്റോർ റൂമിൽ ആക്കുന്നു.

സഹായത്തിനു ഫോണിൽ ആരെയൊക്കെയോ വിളിക്കുന്ന സോണി.

സോണി വിദേശത്തായതുകൊണ്ട് നാട്ടിലെ കാര്യങ്ങളെ പറ്റി വ്യക്തമായ ധാരണ ഇല്ലാത്തതു അവരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു.

അയൽക്കാരെ വിളിക്കാൻ ശ്രമിച്ചിട്ടും കിട്ടുന്നില്ല.

പലരും സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്നു. വേറെ ഒന്നും അവർ ശ്രദ്ധിക്കുന്നില്ല. അങ്ങനെയുള്ള സീനുകളും ഉൾപെടുത്തുക.

സോണി ഫോൺ പോക്കറ്റിലിട്ടു രക്ഷപെടുന്നതിനെ പറ്റി ആലോചിക്കുന്നു.

അമ്മയെ വളരെ പാടുപെട്ടു മുകളിൽ(മൂന്നാമത്തെ നിലയിൽ സ്റ്റോർ റൂം) എത്തിക്കുന്ന സോണി.

സ്റ്റോർ റൂമിൽ മഴ പെയ്യുമ്പോൾ കാറ്റടിച്ചു വെള്ളം കയറുന്നുണ്ട്.

പെട്ടെന്ന് കറണ്ട് പോകുന്നു. എല്ലായിടത്തും ഇരുട്ട് വ്യാപിക്കുന്നു.

കുട്ടികൾ കരയുന്നു.കുട്ടികളെ ചേർത്തുപിടിച്ചു ആശ്വസിപ്പിക്കുന്ന സോണിയുടെ അമ്മ.

കാവേരി മൊബൈലിൽ ലൈറ്റ് ഓൺ ചെയ്തു താഴത്തെ നിലയിൽ പോകുന്നു.

കുട്ടികൾക്കുള്ള അത്യാവശ്യ ഫുഡും വെള്ളവും എടുത്തു നനഞ്ഞ ഡ്രെസ്സിൽ സ്റ്റോർ റൂമിലേയ്ക്ക് വരുന്ന കാവേരി.

കാവേരി നനഞ്ഞു കയറി വരുമ്പോൾ പേടിക്കുന്ന സോണി.

കാവേരിയുടെ മുഖത്തു ഇപ്പോൾ പേടി മാറി ഒരു ധൈര്യം വന്നിരിക്കുന്നു. രക്ഷപ്പെടണമെങ്കിൽ തനിയെ എന്തെങ്കിലും ചെയ്യണം എന്ന ഒരു തിരിച്ചറിവ് കാവേരിക്ക് കിട്ടുന്നു. അത് കുട്ടിക്കാലത്തു കാവേരിക്ക് അപ്പൻ പഠിപ്പിച്ചു കൊടുത്തതാണ്. 

കാവേരി: വെള്ളം ഇനിയും പൊങ്ങിയാൽ അമ്മയ്ക്കും കുട്ടികൾക്കും മുങ്ങാതെ പിടിച്ചുകിടക്കാൻ പറ്റിയ തടിക്കഷണം കാണുവോന്നു നോക്കിയേ സോണിയേട്ടാ?

കാവേരിയും സോണിയും മൊബൈൽ ലൈറ്റ് ഓൺ ചെയ്തു സ്റ്റോർ റൂം മുഴുവനും പരിശോധിക്കുന്നു.

സോണി: രണ്ടാമത്തെ നിലയിൽ കാറ്റു നിറച്ചു ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റ് ഉണ്ട്. ഞാൻ എടുത്തിട്ട് വരാം.

കാവേരി: ഡ്രസ്സ് ഊരി ഇട്ടിട്ടു പോ സോണിയേട്ടാ.. അല്ലങ്കിൽ മുഴുവനും നനയും.

സോണി: രണ്ടാമത്തെ നിലയിലും അത്രയ്ക്ക് വെള്ളം ഉണ്ടോ?

കാവേരി: കഴുത്തറ്റം വെള്ളം ഉണ്ട്. വെള്ളം ഇപ്പോഴും പൊങ്ങി കൊണ്ടിരിക്കുവാ!

സോണി:(പേടിച്ചു) എനിക്ക് നീന്താൻ അറിയില്ല.

പേടിച്ചു കുഞ്ഞുങ്ങളെ രണ്ടുപേരെയും കെട്ടിപ്പിടിക്കുന്ന അമ്മ. 

കാവേരി: സോണിയേട്ടൻ എവിടെയാ ലൈഫ് ജാക്കറ്റ് വെച്ചിരിക്കുന്നതെന്നു പറഞ്ഞാൽ ഞാൻ പോയി എടുക്കാം.

സോണി: ബെഡ്‌റൂമിൽ കബോർഡിന്റെ മുകളിലത്തെ തട്ടിൽ വലതുവശത്തുണ്ട്.

താഴേയ്ക്ക് പോകുന്ന കാവേരി.



69(a)

സ്റ്റെപ് ഇറങ്ങി താഴത്തെ നിലയിലേയ്ക്ക് പോകുന്ന കാവേരി.

തല പൊക്കിപ്പിടിച്ചു നീന്തി ബെഡ്‌റൂമിൽ കയറുന്ന കാവേരി.

പ്രയാസപ്പെട്ടു കബോർഡിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുന്ന കാവേരി.

കബോർഡ് ലോക്ക് ആയതുകൊണ്ട് തുറക്കാൻ സാധിക്കുന്നില്ല.

 ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവന്ന തെർമോകോൾ ഒഴുകി മുറിയിൽ നടക്കുന്നത് ഇടിമിന്നലിന്റെ വെളിച്ചത്തിൽ കാവേരി കാണുന്നു.

കൈയിൽ കിട്ടിയ തെർമോകോളുമായി മുകളിലെ സ്റ്റോർ റൂമിൽ വരുന്ന കാവേരി.



69 -തുടർച്ച 



കാവേരി പെട്ടെന്ന് തന്നെ മുകളിൽ കൂട്ടി ഇട്ടിരിക്കുന്ന തെർമോക്കോൾ ബോക്സും പ്ലാസ്റ്റിക് കുപ്പികളും എല്ലാം കൂടി ചേർത്ത് കെട്ടി കുട്ടികൾക്ക് രണ്ടുപേർക്കും ഇരിക്കാവുന്ന ഒരു വള്ളം ഉണ്ടാക്കുന്നു.

കാവേരി: സോണിയേട്ടാ കുട്ടികൾ രണ്ടുപേരും ഇതിൽ സേഫ് ആയിട്ടിരിക്കും. അമ്മയെ കൂടി സേഫ് ആക്കണം.

അമ്മ പെട്ടെന്ന് കരയുന്നു.

അമ്മ: എന്റെ കാര്യം നോക്കണ്ട! എന്റെ കുട്ടികൾക്ക് ഒന്നും പറ്റരുത്‌.

കുട്ടികളെ ചേർത്ത് പിടിച്ചു കരയുന്ന അമ്മ.

അമ്മ : കണ്ണ് നിറച്ചും കണ്ടുതീർന്നില്ല എന്റെ കുട്ടികളെ, അതേയുള്ളു എനിക്ക് സങ്കടം!

കാവേരി: അമ്മ കരയല്ലേ, നിങ്ങൾക്കാർക്കും ഒന്നും പറ്റാൻ ഞാൻ സമ്മതിക്കില്ല!

ഇടി വെട്ടുമ്പോൾ ചുറ്റും പൊങ്ങി നിക്കുന്ന വെള്ളം കാണുന്ന സോണിയും കാവേരിയും.

സ്റ്റോർ റൂമിനു മുകളിൽ ആണ് വാട്ടർ ടാങ്ക് ഫിറ്റ് ചെയ്തിരിക്കുന്നത്.അവിടെ തന്നെ സോളാർ വാട്ടർ ഹീറ്ററും ഉണ്ട്. ടാങ്ക് ക്ലീൻ ചെയ്യാൻ കയറാൻ ഒരു ചെറിയ ഇരുമ്പു ഏണി ഫിറ്റ് ചെയ്തിട്ടുണ്ട്.

മൊബൈൽ ടോർച്ചു ഓൺ ചെയ്ത് ഏണി വഴി വാട്ടർ ടാങ്ക് വച്ചിരിക്കുന്ന ഏറ്റവും മുകളിലെ തട്ടിൽ കയറുന്ന കാവേരി.

മുകളിൽ നിന്നും താഴേയ്ക്ക് നോക്കുന്ന കാവേരി.

മിന്നലിന്റെ വെളിച്ചത്തിൽ പ്രളയത്തിന്റെ ഭീകരത കാണുന്ന കാവേരി.

കാവേരി പെട്ടെന്ന് അപ്പനെയും കൂടപ്പിറപ്പിനെയും(ദാസപ്പൻ) ഓർമ്മിക്കുന്നു. അകലെ ഒരു നക്ഷത്രം കണ്ണ് ചിമ്മുന്നത് കാവേരി മഴക്കാറുകൾക്കിടയിൽ കൂടി കാണുന്നു. അകലെ കാണുന്ന ഒറ്റ നക്ഷത്രത്തെ കാവേരി ശ്രദ്ധിക്കുന്നു.

പെട്ടെന്നുള്ള ഉൾപ്രേരണയാൾ കാവേരി ദാസപ്പനെ ഫോണിൽ വിളിക്കുന്നു.

കാണാപാഠം അറിയാവുന്ന ദാസപ്പന്റെ നമ്പർ ഡയൽ ചെയ്യുന്ന കാവേരി.

ദാസപ്പൻ ഫോൺ എടുക്കുന്നു 

ഒരുപാടു വർഷങ്ങൾക്കു ശേഷം ദാസപ്പനും കാവേരിയും സംസാരിക്കുന്നു.


70 

ദാസപ്പന്റെ വീട് -രാത്രി 


ടിവിയിൽ വാർത്ത കണ്ടിരിക്കുന്ന ദാസപ്പനും നാരായണനും. രാധയുടെ തോളിൽ കിടന്നുറങ്ങുന്ന ലച്ചു.

ദാസപ്പന്റെ ഫോൺ ബെല്ലടിക്കുന്നു.

ഫോൺ എടുത്തു ദാസപ്പന് കൊടുക്കുന്ന രാധ.

ദാസപ്പൻ: പരിചയം ഇല്ലാത്ത നമ്പർ ആണല്ലാ?

ദാസപ്പനും കാവേരിയും തമ്മിലുള്ള ഫോൺ സംഭാഷണം. ദാസപ്പനും കാവേരിയും തമ്മിൽ സംസാരിക്കുന്നത് ഇടവിട്ട് കാണിക്കുക.

ദാസപ്പൻ: ഹലോ!

കാവേരി: മൗനം.

ദാസപ്പൻ: ഹലോ!

കാവേരി: (കരഞ്ഞുകൊണ്ട്): ദാസപ്പണ്ണാ!..

ദാസപ്പൻ: മോളെ..നീ.. നീ എവിടെയാടി, ഇടയ്ക്കു നിനക്ക് വിളിക്കാൻ മേലായിരുന്നാ?

ദാസപ്പൻ പെട്ടെന്ന് വികാരാധീനനാകുന്നു.

കാവേരി: അണ്ണനെന്നോടു വെറുപ്പായി കാണുവെന്നു വിചാരിച്ചു!

ദാസപ്പൻ: എനിക്ക് നിന്നെ വെറുക്കാൻ പറ്റുവാടി?..നീ ഇപ്പൊ എവിടെയാണ്?

കാവേരി: ഞാനിപ്പോൾ ചെങ്ങന്നൂരുണ്ട്, മിനിഞ്ഞാന്നാ ലണ്ടനിൽ നിന്നും വന്നത്.

ദാസപ്പൻ പെട്ടെന്ന് പേടിക്കുന്നു.

ദാസപ്പൻ: അവിടെ വെള്ളം പൊങ്ങിട്ടില്ലല്ലാ?

കാവേരി: രണ്ടാമത്തെ നില മുഴുവനും മുങ്ങിയിരിക്കുവാ.

പേടിക്കുന്ന ദാസപ്പൻ.

കാവേരി: എനിക്കെന്തെങ്കിലും പറ്റിയാൽ എന്റെ രണ്ടു മക്കളെ നോക്കിക്കോണേ ദാസപ്പണ്ണാ!

പേടിക്കുന്ന ദാസപ്പൻ.

കാവേരി:(കരയുന്നു) എന്നോടുള്ള ദേഷ്യം എന്റെ കുട്ടികളോട് കാണിക്കല്ലേ ദാസപ്പണ്ണാ!

കരയുന്ന ദാസപ്പൻ 

ദാസപ്പൻ: നിനക്കൊന്നും പറ്റുകേല, പറ്റാൻ ഞാൻ സമ്മതിക്കുകേല!

കരയുന്ന കാവേരി.

ദാസപ്പൻ: നീ സമാധാനമായിട്ടിരിക്ക്, ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട് വരാം.

കാവേരി: എന്നെ വെറുക്കല്ലേ ദാസപ്പണ്ണാ, അപ്പനോട് പറയണം നിങ്ങളെ ഓർക്കാത്ത ഒറ്റ ദിവസം പോലും കാവേരിയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ലന്ന്.

കാവേരിയുടെ ഫോൺ ബാറ്ററി തീർന്നു ഓഫ് ആകുന്നു.

ദാസപ്പൻ: നീ വീടിന്റെ ലൊക്കേഷൻ പറഞ്ഞെ?

കാവേരി: മറുപടി ഇല്ല.

ദാസപ്പൻ: ഹലോ

കാവേരി: ?

ദാസപ്പൻ: ഹലോ.

ഫോൺ ഓഫ് ആക്കിയിട്ടു വിളിച്ച നമ്പറിലേയ്ക്ക് തിരിച്ചു വിളിക്കുന്ന ദാസപ്പൻ .

ഫോൺ സ്വിച്ച് ഓഫ് എന്ന മെസ്സേജ് കേൾക്കുന്ന ദാസപ്പൻ.



അസ്വസ്ഥനായി വെരുകിനെ പോലെ നടക്കുന്ന ദാസപ്പൻ.


നാരായണൻ: ആരാടാ വിളിച്ചേ?

ദാസപ്പൻ: കാവേരിയാ അപ്പാ!

ആകാംക്ഷയിൽ ദാസപ്പനെ നോക്കുന്ന രാധയും നാരായണനും.

ദാസപ്പൻ: അവള് ചെങ്ങന്നൂർ ഉണ്ടന്ന്,

ദാസപ്പൻ പറയുന്നത് ശ്രദ്ധിക്കുന്ന നാരായണനും രാധയും

ദാസപ്പൻ: അവൾ താമസിക്കുന്ന വീട് വെള്ളം പൊങ്ങി മുഴുവനും മുങ്ങിയെന്നാ പറഞ്ഞത്. തിരിച്ചു വിളിച്ചിട്ടു കിട്ടുന്നില്ല.

ദാസപ്പൻ വീണ്ടും ഫോണിൽ കാവേരിയെ വിളിക്കാൻ ശ്രമിക്കുന്നു.

ദാസപ്പൻ: എനിക്ക് അവളെയും പിള്ളാരേം രക്ഷിക്കണം. അവളുടെ വീട്ടിലേയ്ക്കുള്ള വഴി.

നാരായണൻ: ഗണപതിയാ കാവേരിയെ അവസാനം കൊണ്ടുപോയി ആക്കിയത്, നീ ഗണപതിയെക്കൂടി വിളിക്ക്!

ആലോചിച്ചു നിക്കുന്ന ദാസപ്പൻ.

നാരായണൻ വിളറി പിടിച്ചു നടക്കുന്നു. നാരായണന്റെ ശബ്ദം ഉച്ചത്തിൽ ആകുന്നു.

നാരായണൻ: നിനക്ക് പറ്റില്ലെങ്കിൽ ഞാൻ ഗണപതിയെ വിളിക്കാം.

ഗണപതിയും ദാസപ്പനും തമ്മിലുള്ള ഫോൺ സംഭാഷണം.

ഗണപതിയേയും ദാസപ്പനെയും ഇടവിട്ട് കാണിക്കുക.



70 (a)


വീട്ടിലിരുന്നു ടിവിയിൽ വാർത്ത കാണുന്ന ഗണപതിയും വത്സലയും.

ഫോൺ റിങ് ചെയ്യുമ്പോൾ ഫോണിൽ നോക്കുന്ന ഗണപതി 


ഗണപതി: ദാസപ്പണ്ണൻ ആണല്ലാ!

ഗണപതി: ദാസപ്പണ്ണാ!

ദാസപ്പൻ: എടാ കാവേരി  വിളിച്ചാരുന്നു. അവള് ചെങ്ങന്നൂര് വെള്ളപ്പൊക്കത്തിൽ കുടുങ്ങി കിടക്കുവാ,  എനിക്കവളെ രക്ഷിക്കണം, നീ എന്നെയൊന്നു സഹായിക്കുവോ?

ഗണപതി പെട്ടെന്ന് വികാരാധീനനാവുന്നു.

ഗണപതി: ദാസപ്പണ്ണൻ എന്നോട് അപേക്ഷിക്കല്ലേ, "നീ വാടാ" എന്ന്  പണ്ടത്തെപ്പോലെ അധികാരത്തിൽ വിളിക്ക് ദാസപ്പണ്ണാ!

ഒന്നും മിണ്ടാൻ പറ്റാതെ നിക്കുന്ന ദാസപ്പൻ.

ഗണപതി: എന്റെയും പെങ്ങളല്ലേ ദാസപ്പണ്ണാ അവള്, ഞാൻ വരും ദാസപ്പണ്ണാ,

കരയുന്ന ദാസപ്പനും ഗണപതിയും.

ഗണപതി: ഞാൻ ഇപ്പൊ തന്നെ അങ്ങോട്ട് വരാം.

ദാസപ്പൻ:നീ ഒരുങ്ങി ഹൈവേ സൈഡിൽ നിക്ക്, ഞങ്ങൾ വള്ളം ലോറിയിൽ കയറ്റി അതുവഴി വരാം.

ഗണപതി: ശരി.

കണ്ണ് തുടച്ചുകൊണ്ട് ഫോൺ കട്ട് ചെയ്യുന്ന ഗണപതി.


70   - തുടർച്ച 


ദാസപ്പൻ മമ്മാലിക്കയെയും മറ്റു തൊഴിലാളികളെയും വിളിച്ചുണർത്തി ഫോണിൽ കാര്യങ്ങൾ വിവരിക്കുന്നു.


71 

കടപ്പുറം - രാത്രി - തകർത്തു പെയ്യുന്ന മഴ 



കടപ്പുറത്തിരുന്ന ചെറിയ വള്ളം ഉന്തി റോഡിൽ എത്തിക്കുന്ന ദാസപ്പനും കൂട്ടുകാരും. 

ലോറിയിൽ വള്ളം കയറ്റുന്ന ദാസപ്പനും കൂട്ടുകാരും.

ലോറി ഓടിക്കുന്ന ദാസപ്പൻ.

മമ്മാലിക്ക ഇടതുവശത്തെ സീറ്റിൽ ഇരിക്കുന്നു.

മൂന്നുനാലു മൽസ്യത്തൊഴിലാളികൾ മഴ നനഞ്ഞു വള്ളത്തിൽ പിടിച്ചു നിക്കുന്നു.

ലോറി ഹൈവേയിൽ കയറി സ്പീഡ് ആകുന്നു.


72 


കണിച്ചുകുളങ്ങര ജംഗ്ഷൻ - ഹൈവേ -രാത്രി - മഴ 



കണിച്ചുകുളങ്ങര ഹൈവേ സൈഡിലുള്ള കാണിക്ക മണ്ഡപത്തിനടുത്തു ലോറി ഒതുക്കി നിർത്തി ദാസപ്പനെയും കൂട്ടുകാരെയും കാത്തു നിക്കുന്ന ഗണപതിയും മത്സ്യത്തൊഴിലാളികളും.

ലോറിയിൽ വള്ളം കയറ്റി കെട്ടി വച്ചിട്ടുണ്ട്.

രാഹുലും രാജുവും കാറിൽ വരുന്നു.

ലോറിക്കടുത്തായി കാർ നിർത്തുന്ന രാഹുൽ.

ലോറിയിൽ നിന്നും ഇറങ്ങി മഴ നനഞ്ഞു കാറിനടുത്തേക്ക് വരുന്ന ഗണപതി 

കാറിന്റെ ഗ്ലാസ് താഴ്ത്തുന്ന രാഹുൽ.

ഗണപതി: കാവേരിയുടെ ഒരു പഴയ നമ്പരാ എന്റെ കൈയിൽ ഉള്ളത്. അതിൽ വിളിച്ചിട്ട് ആ നമ്പർ നിലവിൽ ഇല്ല.

രാഹുൽ: പാണ്ടനാട് പോസ്റ്റ് ഓഫീസ് കഴിഞ്ഞു ഒരു മാർത്തോമ ചർച്ചുണ്ട്. 

ഗണപതി: അതെ, അന്ന് രാത്രി നമ്മൾ കാവേരിയെ കൊണ്ടുപോയി ആക്കിയപ്പോൾ നീ ആ പള്ളിയാ അടയാളം ആയിട്ടു പറഞ്ഞത്.

രാഹുൽ: അവിടെ ചെന്നാൽ അറിയാൻ പറ്റും, നീ ടെൻഷൻ അടിക്കണ്ട 

രാജു: ഞങ്ങൾ ചെങ്ങന്നൂർക്കു പതുക്കെ വിടട്ടെ, വഴിയിൽ വെള്ളം വല്ലതും ഉണ്ടെങ്കിൽ വിളിച്ചു പറയാം.

രാഹുൽ: ശരിയാ..നിനക്ക് ചെങ്ങന്നൂർക്കുള്ള വഴി അറിയാല്ലോ?

കാർ സ്റ്റാർട്ട് ചെയ്യുന്ന രാഹുൽ.

ഗണപതി: ഏകദേശം. അന്ന് ഞാനും കാവേരിയും ബൈക്കിൽ ചെങ്ങന്നൂരു പോയതാ. കാവേരിയുടെ രജിസ്റ്റർ മാര്യേജിനു.

വണ്ടി ഓടിച്ചു പോകുന്ന രാഹുൽ.


 73 

ഹൈവേ - രാത്രി മഴ 


സീൻ 73 ,74 ,75  ഒഴിച്ചിടുകയാണ്. ചെങ്ങന്നൂർ പാണ്ടനാടുള്ള സ്ഥലങ്ങളെ പറ്റി വലിയ പരിചയം ഇല്ലാത്തതിനാൽ ആ സ്ഥലങ്ങളെ പറ്റി പഠിച്ചതിനു ശേഷം മാത്രമേ മൂന്ന് സീനുകൾ എഴുതാൻ കഴിയൂ. സദയം ക്ഷമിക്കുക. 


74 


75 



76 

വെളുപ്പാൻ കാലം - പ്രളയത്തിലേയ്ക്ക് മിഴി തുറക്കുന്ന സൂര്യൻ.


ഏകദേശം വെളുപ്പിന് 5 മണി, നേരം വെളുത്തു വരുന്ന പ്രതീതി 

ദാസപ്പനും ഗണപതിയും കൂടി വള്ളത്തിൽ കാവേരിയുടെ വീട് അന്വേഷിച്ചു നടക്കുന്നു.

വേറെ ഒരു വള്ളത്തിൽ മമ്മാലിയുടെ നേതൃത്തത്തിലും അന്വേഷണം നടക്കുന്നു.

ഒരുപാടു നേരത്തെ പരിശ്രമത്തിനൊടുവിൽ ദാസപ്പനും ഗണപതിയും കാവേരിയും കുടുംബവും വെള്ളപ്പൊക്കത്തിൽ  ഒറ്റപെട്ടു നിക്കുന്ന വീട് കണ്ടുപിടിക്കുന്നു.

ദാസപ്പനും ഗണപതിയും കൂടി വീട് കണ്ടെത്തുമ്പോഴേയ്ക്കും നേരം വെളുത്തുവരുന്നു.

വള്ളം കാവേരിയും കുടുംബവും നിക്കുന്ന വീടിന്റെ ടെറസിൽ അടുപ്പിക്കുന്ന ഗണപതി.

വീടിന്റെ ടെറസിലേയ്ക്ക് ചാടി ഇറങ്ങുന്ന ദാസപ്പൻ.

ദാസപ്പനും കാവേരിയും വർഷങ്ങൾക്കു ശേഷം പരസ്പരം കാണുന്നു.

ദാസപ്പനെ കാണുമ്പോൾ കാവേരിയുടെ മുഖത്തുള്ള ടെൻഷൻ കുറയുന്നു.

ആശ്വാസത്തിൽ ശ്വാസം വിടുന്ന കാവേരി.

കാവേരി ഓടി ചെന്ന് ദാസപ്പനെ കെട്ടിപ്പിടിക്കുന്നു.

കാവേരി: ഇനിയും എന്നെ ശിക്ഷിക്കല്ലേ ദാസപ്പണ്ണാ! ഇനിയും എന്നെ വെറുക്കരുത്!

കരയുന്ന ദാസപ്പനും കാവേരിയും 

കണ്ണ് തുടയ്ക്കുന്ന ഗണപതിയും സോണിയും അമ്മയും.

ദാസപ്പൻ കാവേരിയുടെ കണ്ണുനീർ തുടച്ചുകൊടുക്കുന്നു.

ദാസപ്പൻ: നിന്നെ എനിക്ക് വെറുക്കാൻ പറ്റുവാടി, കൂടപ്പിറപ്പെന്ന് പറയാൻ എനിക്ക് നീയേ ഉള്ളൂ,

കണ്ണ് തുടയ്ക്കുന്ന സോണിയുടെ അമ്മ.


76(a)


വള്ളത്തിൽ ഇരിക്കുന്ന ഗണപതിയുടെ ദൃശ്യം.

വള്ളത്തിൽ ഇരുന്നു മമ്മാലിയെ വിളിക്കുന്ന ഗണപതി.

മമ്മാലിയും ഗണപതിയും ആയുള്ള ഫോൺ സംഭാഷണം. രണ്ടുപേരെയും ഇടവിട്ട് കാണിക്കുക.

ഗണപതി: മമ്മാലിക്ക നിങ്ങൾ ഇപ്പോൾ എവിടെയാ?

മമ്മാലി: കാവേരികുഞ്ഞിനെ തിരക്കി നടക്കുമ്പോഴാ ഒരു വീട്ടിൽ ഒരു മാസം പ്രായമുള്ള കുഞ്ഞും തള്ളയും പിന്നെ വയസായ അച്ഛനും അമ്മയും സഹായത്തിനായി നിലവിളിക്കുന്നത് കാണുന്നത്.

മമ്മാലി പറയുന്നത് ശ്രദ്ധിക്കുന്ന ഗണപതി.

മമ്മാലി വള്ളത്തിൽ ഇരുന്നു ഫോൺ ചെയ്യുമ്പോൾ മത്സ്യത്തൊഴിലാളികളുടെ കൂടെ വള്ളത്തിൽ ഒരു തള്ളയേയും കുഞ്ഞിനേയും വയസായ അച്ഛനെയും അമ്മയെയും കൂടി ഉൾപെടുത്തുക.

മമ്മാലി: അവരുടെ കരച്ചിൽ കേട്ടപ്പോൾ ഇട്ടിട്ടു പോരാൻ തോന്നിയില്ല ഗണപതി. 

ഗണപതി: അവരെ സേഫ് ആക്കിയിട്ടു മമ്മാലിക്ക പെട്ടെന്ന് വാ. കാവേരിയെ കണ്ടുപിടിച്ചു, അവരെ കൊണ്ടുപോകാനാ.

മമ്മാലി: നേരാണാ.. ഞങ്ങ ദേ എത്തി .

ഫോൺ കട്ട് ചെയ്യുന്ന മമ്മാലി.

മമ്മാലി: എടാ... ജോപ്പാ വേഗം തുഴയാടാ..കാവേരി കുഞ്ഞിനെ കണ്ടുപിടിച്ചു.

മൽസ്യത്തൊഴിലാളികൾ എല്ലാവരും സന്തോഷിക്കുന്നു.

ജോപ്പൻ: നല്ല കുത്തൊഴുക്കാ മമ്മാലിക്കാ, കടലിലെ പോലല്ല കേട്ടാ, പിടിച്ചു നിർത്താൻ പറ്റുന്നില്ല, 

മമ്മാലി: പതുക്കെ പോയാൽ മതി, പൊടി കൊച്ചു വള്ളത്തിലുണ്ട്.

നന്ദിപൂർവം മമ്മാലിയെ നോക്കുന്ന കുഞ്ഞിന്റെ അമ്മ.


76 (b)

രാവിലെ- തിരക്കുള്ള ഒരു കര 

കരയിൽ ന്യൂസ് ചാനലിന്റെ വണ്ടികളും ആംബുലൻസും ധാരാളം പ്രേദേശ വാസികളും നിക്കുന്നു.

വള്ളം തുഴഞ്ഞു കരയിലേക്ക് വരുന്ന മമ്മാലിയും ജോപ്പനും വേറൊരു മൽസ്യത്തൊഴിലാളിയും.

ആദ്യമായി ഒരു വള്ളം കര ലക്ഷ്യമാക്കി വരുമ്പോൾ ചാനലുകാരെല്ലാവരും കർമ്മനിരതരാവുന്നു.

ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ ക്യാമറകൾ എല്ലാം വള്ളത്തിൽ ഫോക്കസ് ചെയ്യുന്നു. 

വള്ളം കരയ്ക്കടുക്കുന്നു.

വള്ളത്തിലുള്ളവരെ കരയിൽ ഇറക്കാൻ സഹായിക്കുന്ന മമ്മാലി.

ചാനലുകാർ മമ്മാലിയെ പൊതിയുന്നു.

റിപ്പോർട്ടർ  മമ്മാലിയോട് 

റിപ്പോർട്ടർ: ചേട്ടാ ഇപ്പൊ എന്താണ് അവിടുത്തെ അവസ്ഥ, ഒന്ന് വിവരിക്കാവോ?

മമ്മാലി: കൊറേ പേര് കുടുങ്ങി കിടക്കുവാണ്, വള്ളവും ആൾക്കാരും ഉണ്ടെങ്കിലേ അവരെയൊക്കെ രക്ഷിക്കാൻ പറ്റൂ.


70 

മമ്മാലിയുടെ വീട് 


ടിവിയിൽ മമ്മാലിയെ കാണുന്ന മക്കൾ.

മകൾ: ഉമ്മാ..ബാപ്പാ ടിവിയിൽ,  വേഗം വാ.

ഇനി മമ്മാലി പറയുന്നത് ടിവിയിൽ കൂടി പ്രേക്ഷകരെ കാണിക്കുക.


ഫാത്തിമ: അള്ളാ..നിങ്ങടെ ബാപ്പ സ്റ്റാർ ആയല്ലാ , എന്ത് ചേലാടി ബാപ്പയെ കാണാൻ.

രണ്ടാമത്തെ മകൾ ദേഷ്യത്തിൽ,
മകൾ: ഉമ്മ ഒന്ന് മിണ്ടാതിരി, ബാപ്പ പറയുന്നത് കേക്കട്ടെ!

മമ്മാലി പറയുന്നത് ടിവിയിൽ 

മമ്മാലി: ഒരുപാടു പേര് വെള്ളവും ഭക്ഷണവും ഇല്ലാണ്ട് ഒറ്റപെട്ടു കിടപ്പുണ്ട്.
ഞങ്ങൾ കാവേരി കുഞ്ഞിനെ രക്ഷിക്കാനാ രാത്രി തന്നെ പോന്നത്. അവിടെ ചെന്നപ്പോഴാ കാര്യം നിസ്സാരമല്ല എന്ന് മനസിലായത്.

70(a)

മമ്മാലി പറയുന്നത് ടിവിയിൽ കാണുന്ന നാരായണനും രാധയും 

നാരായണന്റെ വീട്ടിലെ ടിവിയിൽ കൂടി മമ്മാലി പറയുന്നത് പ്രേക്ഷകരെ കാണിക്കുക.

മമ്മാലി: എല്ലാവരെയും രക്ഷിക്കണം എങ്കിൽ ഇനിയും വള്ളവും ആളുകളും വരണം.  മൽസ്യത്തൊഴിലാളികൾക്ക് ഒരുപാടു കാര്യങ്ങൾ ഇവിടെ ചെയ്യാൻ പറ്റും. ഞങ്ങളുടെ കൈയിൽ രണ്ടു വള്ളം മാത്രമേയുള്ളു, അതിൽ രക്ഷിക്കാൻ പറ്റുന്നവരെയൊക്കെ ഞങ്ങൾ രക്ഷിച്ചിരിക്കും.

പെട്ടെന്ന് മമ്മാലിയുടെ ഫോൺ അടിക്കുന്നു.

മമ്മാലി ഫോൺ എടുത്തു സംസാരിക്കുന്നു.

മമ്മാലി ഫോണിൽ

മമ്മാലി: ഇപ്പൊ വരാം ഗണപതി. നിങ്ങ കാവേരിയും കുഞ്ഞും ആയിട്ടു പോര്.
ഞങ്ങ വന്നു ബാക്കിയുള്ളവരെ കൊണ്ടുവരാം.

ചാനലുകാരെ ശ്രദ്ധിക്കാതെ മമ്മാലി വള്ളം ഉന്തി പ്രളയത്തിലേയ്ക്ക് പോകുന്നു.

അകന്നു പോകുന്ന മമ്മാലിയും കൂട്ടരും തുഴയുന്ന വള്ളം.



77 (b)

ചാനലുകാർ പെട്ടെന്ന് മമ്മാലി രക്ഷിച്ചു കൊണ്ടുവന്ന കുടുംബത്തെ സമീപിക്കുന്നു.

ക്യാമറകൾ അമ്മയെയും കുഞ്ഞിനേയും ഫോക്കസ് ചെയ്യുന്നു.

രക്ഷാപ്രവർത്തകരുടെ കൈയിൽ നിന്നും വെള്ളവും പഴവും കഴിക്കുന്ന അമ്മ.
കുഞ്ഞിനെ അമ്മുമ്മ എടുത്തിരിക്കുന്നു.

റിപ്പോർട്ടർ: എങ്ങനെയാ നിങ്ങൾ രക്ഷപെട്ടത്? ഒന്ന് വിവരിക്കാമോ?

അമ്മ :(കരഞ്ഞുകൊണ്ട്) കാവേരിയുടെ വീട് ആണോ എന്ന് തിരക്കിയാ വള്ളത്തിൽ മൂന്നുപേർ വന്നത്. അവർ ആരാണെന്നോ എവിടെയുള്ളവർ ആണെന്നോ ഞങ്ങൾക്കറിയില്ല,(കരയുന്നു) അവരുടെ ജീവൻ പോലും നോക്കാതെയാ കുത്തൊഴുക്കിലൂടെ അവർ ഞങ്ങളെ രക്ഷിച്ചോണ്ടു വന്നത്.
രാത്രി 10 മണി തൊട്ടു വെള്ളത്തിൽ ഒറ്റ നിപ്പായിരുന്നു കുഞ്ഞിനേയും എടുത്തു കൊണ്ട്. ഇനിയും ഒരുപാടുപേര് കുടുങ്ങി കിടപ്പുണ്ട്. ആരുടെയും ഒരു വിവരവും അറിയില്ല.

റിപ്പോർട്ടർ ക്യാമറയെ നോക്കി

റിപ്പോർട്ടർ: ചെങ്ങന്നൂർ പാണ്ടനാട് എന്ന സ്ഥലത്താണ് ഞാനിപ്പോൾ നിക്കുന്നത്. മൂന്ന് മൽസ്യത്തൊഴിലാളികൾ ആണ് ആദ്യ രക്ഷാപ്രവർത്തനം
നടത്തിയിരിക്കുന്നത്. മൽസ്യബന്ധനത്തിനു കടലിൽ പോകുന്ന വള്ളങ്ങൾ ആണ് അവർ രക്ഷാപ്രവർത്തനു ഉപയോഗിച്ചത്. ഇവിടെ ഉൾപ്രദേശങ്ങളിൽ നിന്നും വരുന്നത് ജീവൻ രക്ഷിക്കണേ എന്നുള്ള ദീന രോദനങ്ങളാണ്. കടലിന്റെ മക്കൾക്ക് ഇവിടെ ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിയും.

ക്യാമറമാൻ ആദർശ് അനിരുദ്ധനോടൊപ്പം ജനി ശശികുമാർ ഏഷ്യാനെറ്റ് ന്യൂസ്.


77 (c)

ന്യൂസ് കണ്ടുകൊണ്ടിരിക്കുന്ന വിവിധ കടൽ തീരങ്ങളിലുള്ള മൽസ്യത്തൊഴിലാളികൾ.

എല്ലാവരും കർമ്മനിരതരാകുന്ന വിവിധ സീനുകൾ

യുവാക്കളായ മത്സ്യത്തൊഴിലാളികളുടെ whatsapp ഗ്രൂപ്പിലേക്ക് സന്ദേശങ്ങൾ പറക്കുന്നു.


76 - തുടർച്ച

കാവേരിയുടെ വീടിന്റെ ടെറസ്സ്

ഗണപതി വള്ളത്തിൽ ഇരിക്കുന്നു .

ടെറസ്സിൽ കാവേരിയെ കെട്ടിപിടിച്ചുനിക്കുന്ന ദാസപ്പൻ

പെട്ടെന്ന് കാവേരിയുടെ മൂത്ത കുട്ടി സ്റ്റോർ റൂമിൽ ഉറങ്ങി കിടന്ന സ്ഥലത്തുനിന്നും എണീറ്റു കാവേരി നിക്കുന്നിടത്തു വരുന്നു.

കാവേരി കുഞ്ഞിനെ ദാസപ്പന് പരിചയപ്പെടുത്തുന്നു.

കാവേരി: അണ്ണാ..എന്റെ മൂത്ത മോനാ!

ദാസപ്പൻ കുനിഞ്ഞു കുഞ്ഞിനടുത്തിരിക്കുന്നു

കാവേരിയുടെ കുട്ടിയെ വാത്സല്യത്തിൽ തലോടുന്ന ദാസപ്പൻ.

ദാസപ്പൻ: എന്നെ മോന് മനസിലായാ?

ഒന്നും മിണ്ടാതെ നിക്കുന്ന കുട്ടി.

കാവേരി: മമ്മി  എപ്പോഴും പറയുന്ന , ഒരു ദാസപ്പൻ അങ്കിൾ ഇല്ലേ, ആ അങ്കിളാ ഇത് ., മോന്റെ  ശരിക്കുള്ള അങ്കിൾ.

കുട്ടി പെട്ടെന്ന് ദാസപ്പനെ കെട്ടിപ്പിടിക്കുന്നു.

ദാസപ്പൻ: മോന്റെ പേരെന്താ?

കുട്ടി: ദാസ് സക്കറിയ സോണി, that's my full name ! വീട്ടിൽ എല്ലാരും എന്നെ നാണീ എന്നാ വിളിക്കുന്നെ, അങ്കിളും എന്നെ നാണീ എന്ന് വിളിച്ചാൽ മതി!

പെട്ടെന്നുള്ള വികാരവിക്ഷോഭത്തിൽ കുട്ടിയെ കെട്ടിപിടിച്ചു കരയുന്ന ദാസപ്പൻ.

കണ്ണ്  തുടയ്ക്കുന്ന കാവേരിയും ഗണപതിയും.

അകലെ നിന്നും മമ്മാലി കൂവുന്നത് കേൾക്കുന്ന ഗണപതി.

തിരിച്ചു കൂവുന്ന ഗണപതി .


78 

രാവിലെ - മൂടി കെട്ടിയ അന്തരീക്ഷത്തിലുള്ള പ്രഭാതം.


പാണ്ടനാട് പ്രളയം നടന്ന സ്ഥലത്തെ സുരക്ഷിതമായ ഒരു കര .

വിവിധ ചാനലുകളിലെ റിപ്പോർട്ടർമാർ അപ്പപ്പോഴുള്ള സംഭവങ്ങൾ ലൈവ് ആയി റിപ്പോർട്ട് ചെയ്യുന്നു.

മെഡിക്കൽ ടീം ,ആംബുലൻസ് , ഫയർ ഫോഴ്സ് , പോലീസ് വാൻ മുതലായവ എല്ലാവിധ സന്നാഹങ്ങളുമായി കരയിൽ കിടക്കുന്നു.

ദാസപ്പനും ഗണപതിയും പണ്ട് ബോട്ടിൽ പിടിച്ചോണ്ടുപോയി പുറം കടലിൽ ഇട്ടു തല്ലി മൊബൈൽ ഫോൺ നശിപ്പിച്ചുകളഞ്ഞ(സീൻ -18) പൊന്നിയും മാർത്താണ്ഡനും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു ഓടി നടക്കുന്നു.

ഫോണിൽ രക്ഷാപ്രവർത്തകർക്ക് നിർദേശങ്ങൾ കൊടുക്കുന്ന പൊന്നി എന്ന് വിളിക്കുന്ന വിനയചന്ദ്രൻ.

പൊന്നി: നിങ്ങൾ മാക്സിമം കുടിവെള്ളം ശേഖരിച്ചു പെട്ടെന്ന് കൊണ്ടുവാ.
ബ്രെഡ് കുറച്ചു ഇവിടെ വന്നിട്ടുണ്ട്. വെള്ളം ഇപ്പൊ തീരും.

ആലപ്പുഴയിലും ചേർത്തലയിലും ഉള്ള തീരദേശത്തു താമസിക്കുന്ന  സുഹൃത്തുക്കളെ വിളിച്ചു രക്ഷാപ്രവർത്തനത്തിന് വേണ്ടിയുള്ള വള്ളങ്ങൾ ഏർപ്പാടാക്കുന്ന മാർത്താണ്ഡൻ.


മാർത്താണ്ഡനും പൊന്നിയും വളരെ ആക്ടിവായി രക്ഷാപ്രവർത്തനം നടത്തുന്ന സീനുകൾ കൂടുതലായി കാണിക്കുക.


78(a)

മമ്മാലിയും ഗണപതിയും ദാസപ്പനും കൂട്ടരും കൂടി രണ്ടു വള്ളങ്ങളിൽ കാവേരിയേയും കുടുംബത്തെയും രക്ഷിച്ചുകൊണ്ടു കരയിലേക്ക് വരുന്നു.

കുത്തൊഴുക്കിൽ അതി സാഹസികമായി വള്ളം തുഴഞ്ഞു വരുന്ന ദാസപ്പനും കൂട്ടരും.

ക്യാമറകളും റിപ്പോർട്ടർമാരും പെട്ടെന്ന് കർമ്മനിരതരാകുന്നു.



78 - കര  തുടർച്ച


വള്ളം തുഴഞ്ഞു വരുന്ന ദാസപ്പനെയും ഗണപതിയേയും കാണുന്ന പൊന്നിയും മാർത്താണ്ഡനും

കരയിൽ നിക്കുന്ന രാഹുലും രാജുവും.

ഗണപതിയെ കാണുമ്പോൾ സന്തോഷിക്കുന്ന രാഹുലും രാജുവും.

വള്ളം കരയിലടുക്കുമ്പോൾ ഓടി വള്ളത്തിനടുത്തു ചെല്ലുന്ന മാർത്താണ്ഡനു പൊന്നിയും.

കാവേരിയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങുന്ന പൊന്നി

അമ്മയെ ഇറങ്ങാൻ സഹായിക്കുന്ന മാർത്താണ്ഡൻ.

ദാസപ്പൻ: എനിക്ക് കുടിക്കാൻ ഇച്ചിരി വെള്ളം വേണം.

പൊന്നി: ഇപ്പൊ കൊണ്ടുവരാം ദാസപ്പണ്ണ

ബോട്ടിൽ നിന്നും കാവേരി ഇറങ്ങുമ്പോൾ കുഞ്ഞിനെ തിരിച്ചു കാവേരിയുടെ കൈയിൽ കൊടുക്കുന്ന പൊന്നി.

വെള്ളം എടുക്കാൻ ഓടുന്ന പൊന്നി.

എല്ലാവരും കരയിൽ വരുന്നു.

കൂടി നിക്കുന്ന ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി വെള്ളവുമായി വരുന്ന പൊന്നി.

പൊന്നി : ദാസപ്പണ്ണാ രണ്ടു പഴവും കൂടി കഴിക്കൂ, പ്രളയസ്ഥലത്തേയ്ക്കു കൊണ്ടുപോകാനുള്ള വെള്ളവും ഭക്ഷണവും ഉടൻ വരും. അതുമായി വേണം ഇനി പോകാൻ.

ദാസപ്പൻ: നല്ല പരിചയം ഉണ്ടല്ലോടാ നിന്നെ?

മാർത്താണ്ഡനെയും പൊന്നിയെയും സൂക്ഷിച്ചു നോക്കുന്ന ഗണപതിയും ദാസപ്പനും.

മമ്മാലിയെയും മറ്റു മൽസ്യത്തൊഴിലാളികളെയും പരിചരിക്കാൻ തിരക്ക് കൂട്ടുന്ന പ്രദേശവാസികൾ.

പൊന്നി: അണ്ണന് ഞങ്ങളെ മനസിലായില്ലേ? പണ്ട് ഞങ്ങളെ രണ്ടുപേരേം കൂടി നടുക്കടലിൽ കൊണ്ടുപോയി ഇടിച്ചു പതം വരുത്തി മൊബൈലും വെട്ടി പൊളിച്ചു കളഞ്ഞത്.  അന്ന് അണ്ണൻ അങ്ങനെ ചെയ്തതുകൊണ്ട് ഞങ്ങൾ രണ്ടുപേരും ഇപ്പൊ നല്ല നിലയിലായി. ഞാൻ ഇവിടുത്തെ ബാങ്കിൽ മാനേജരാ, മാർത്താണ്ഡൻ ഓഫീസറും.

രണ്ടുപേരെയും മനസിലായപോലെ നിക്കുന്ന കാവേരിയും ദാസപ്പനും ഗണപതിയും.

മാർത്താണ്ഡൻ: അമ്മ ഇപ്പോഴും പറയും ദാസപ്പൻ പിടിച്ചോണ്ടുപോയി മൊബൈൽ വെട്ടി പൊളിച്ചു കളഞ്ഞകൊണ്ടാ രണ്ടുപേരും പഠിച്ചു ജോലിക്കാരായതെന്ന്.

മാർത്താണ്ഡനെ ചേർത്ത് നിർത്തുന്ന ദാസപ്പൻ.

പൊന്നി: ഈ ജീവിതത്തിൽ ഞങ്ങൾ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ദാസപ്പണ്ണനോടാ!

കുറെ ഫ്രീക്കൻ പിള്ളേർ സാധനങ്ങളുമായി കടന്നുവരുന്നു. 

ബ്രെഡും കുപ്പിവെള്ളവും വള്ളത്തിൽ വയ്ക്കുന്ന ഫ്രീക്കൻമാർ.

ഫ്രീക്കന്മാർ പൊന്നിയോട്.

ഫ്രീക്കൻ: വിനയൻസാറേ ഞങ്ങൾ ബോട്ടുമായി പോയി കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണം കൊടുത്തിട്ടു വരാം!

ഗണപതി: നല്ല കുത്തൊഴുക്കാണ്. ഞങ്ങളും വരാം

ഫ്രീക്കൻ: എന്നാൽ വേഗം ബോട്ട് എടുക്കണ്ണാ, രക്ഷിക്കാൻ വേണ്ടി ചാകാനും ഞങ്ങൾ റെഡി.

ബോട്ടിൽ ചാടി കയറുന്ന ഫ്രീക്കന്മാർ.

ഗണപതി വള്ളത്തിൽ കയറുമ്പോൾ റിപ്പോർട്ടർമാർ വളയുന്നു.

റിപ്പോർട്ടർ: അവിടുത്തെ അവസ്ഥ ഒന്ന് വിവരിക്കാമോ?

ഗണപതി പൊന്നിയെ ചൂണ്ടി

ഗണപതി: എല്ലാ കാര്യങ്ങളും പൊന്നിയോട് പറഞ്ഞിട്ടുണ്ട്, അവരോടു ചോദിച്ചാൽ മതി.

ദാസപ്പനെ നോക്കി കണ്ണിറുക്കുന്ന ഗണപതി

മറ്റേ വള്ളത്തിൽ കയറുന്ന ദാസപ്പൻ.

ദാസപ്പൻ രാഹുലിനെ കണ്ടുകൊണ്ട്

ദാസപ്പൻ: എടാ..കാവേരിയേയും കുഞ്ഞുങ്ങളെയും സേഫ് ആയിട്ടു അന്ധകാരനഴി എത്തിച്ചേക്കണം. അപ്പൻ അവിടെ വിഷമിച്ചിരിക്കേണ്.

രാഹുൽ: അവരുടെ കാര്യം ഞങ്ങൾ ഏറ്റു, അണ്ണൻ ബാക്കിയുള്ളവരെ കൂടി രക്ഷിക്കാൻ നോക്ക്.

പൊന്നി: അണ്ണൻ ധൈര്യയിട്ട് പോയി ബാക്കിയുള്ളവരെ രക്ഷപെടുത്തി കൊണ്ടുവാ, പെങ്ങളുടെ കാര്യം ഞങ്ങൾ ഏറ്റു.

പ്രളയത്തിൽ പെട്ട സ്ഥലത്തേയ്ക്ക് വള്ളം തുഴഞ്ഞു പോകുന്ന ദാസപ്പനും കൂട്ടരും.



79 

ദാസപ്പന്റെ വീട്- പകൽ 


എല്ലായിടത്തും വെള്ളപൊക്കത്തിന്റെ പ്രതീതി 

വർഷങ്ങൾക്കു ശേഷം കാവേരി സ്വന്തം വീട്ടിൽ മക്കളുമായി വരുന്നു.

വണ്ടിയിൽ നിന്നും ഇറങ്ങുന്ന കാവേരി.

കാവേരിയും നാരായണനും തമ്മിലുള്ള വികാരനിർഭരമായ സീനുകൾ.

നാരായണനെ കെട്ടി പിടിച്ചു കരയുന്ന കാവേരി.

രാധയുടെ അടുത്ത് നിക്കുന്ന ലച്ചു പെട്ടന്ന് ഓടി വന്നു നാരായണന്റെ മുണ്ടിൽ പിടിക്കുന്നു.

ലച്ചുവിനെ എടുക്കുന്ന നാരായണൻ.

നാരായണൻ: മോളുടെ അപ്പച്ചിയാ ഇത്.

കാവേരി കൈ നീട്ടുമ്പോൾ ലച്ചു കാവേരിയുടെ കൈയിൽ ചെല്ലുന്നു.

ലച്ചുവിനെ ഉമ്മ വയ്ക്കുന്ന കാവേരി 

ചിരിക്കുന്ന ലച്ചു 

നാരായണൻ കാവേരിയുടെ ഇളയ കുട്ടിയെ എടുക്കുന്നു.

മൂത്ത കുട്ടിയെ ചേർത്തുപിടിക്കുന്ന നാരായണൻ.

കാവേരി ലച്ചുവിനോട്.

കാവേരി: മോളുടെ പേരെന്തുവാ?

ലച്ചു: കാവേരി .T . ദാസ്,  അമ്മയും അപ്പയും ലെച്ചുന്നാ എന്നെ വിളിക്കുന്നത്.

കൊഞ്ചിക്കൊണ്ടു കാവേരിയോട് സംസാരിക്കുന്ന ലച്ചു. 

സന്തോഷത്താൽ കരച്ചിലടക്കാൻ പാടുപെടുന്ന കാവേരി.

കുട്ടിയെ ഉമ്മകൾ കൊണ്ട് മൂടുന്ന കാവേരി.

ലച്ചു നാരായനോട്.

ലച്ചു: അപ്പൂപ്പാ..ഈ ആന്റി ഏതാ?

കാവേരി ലച്ചുവിനെ ഉമ്മകൾ കൊണ്ട് മൂടുമ്പോൾ നാരായണന്റെ ശബ്ദം മാത്രം പ്രേക്ഷകർ കേൾക്കുന്നു.

നാരായണൻ: ചില ബന്ധങ്ങൾക്ക്‌ പേരിടാൻ നമുക്ക് കഴിയില്ല ലച്ചു. ബന്ധങ്ങൾക്ക്‌ നമ്മൾ ഇട്ടിരിക്കുന്ന പേരിനേക്കാൾ അഗാധമായിരിക്കും അവരുടെ മനസ്സിന്റെ അടുപ്പം.

ലച്ചുവിനെ കരഞ്ഞു ചിരിച്ചുകൊണ്ട് ഉമ്മകൾ കൊണ്ടു മൂടുന്ന കാവേരി 



ഇവിടെ സ്‌ക്രീനിൽ വരേണ്ട ടൈറ്റിൽ 


" Some Relations Have No Name"

---------------------------------

T H E      E N D

====================

ALL RIGHTS OF THIS SCRIPT AND CONTENT ARE RESERVED
UNDER  INDIAN COPY RIGHT ACT TO THE  AUTHOR..

No part of this script content,idea and characters may
reproduced without written permission of the Author.
For information regarding permission, write to

Sanil kannoth 

Kannothveli House,Mararikulam North PO,
Alappuzha,Kerala,India-688523.
email: sanilkannoth@gmail.com, eskayscript@gmail.com

phone:  +91 9496281020


This is a work of fiction.Names,characters,places and incidents are
either the product of the author's imagination or are used
fictitiously,and to actual events or locate is entirely coincidental.

 

 

































No comments:

Post a Comment