പൂവും വണ്ടും ചിത്രശലഭവും കാറ്റും മഴയും പുഴുവും കഥാപാത്രങ്ങളായി എത്തുന്നു. എൻ്റെ ക്യാമറ കണ്ണിലൂടെ ഞാൻ കണ്ട പ്രകൃതി .
1 . പൂവിൻ്റെ ചാഞ്ചാട്ടം
ക്യാമറ വ്യൂ ഫൈൻഡറിൽ കൂടി
പനിനീർപ്പൂവിനെ നോക്കിയ ഞാൻ ,
പൂവിൻ്റെ ഭംഗി കണ്ടു മയങ്ങി പോയി .
പനിനീർ പൂവേ..എത്ര സുന്ദരിയാണ് നീ !
അപ്പോഴേയ്ക്കും ഒരു വണ്ട് പൂവിൽ വന്നിരുന്നു .
പനിനീർ പൂവ് വണ്ടിരുന്ന ഭാഗത്തേയ്ക്ക് ചാഞ്ഞുകൊടുത്തു.
പൂവ് ചാഞ്ഞു കൊടുത്തത് വണ്ടിനിഷ്ടമായി ,
വണ്ട് പൂവിനെ സ്നേഹിച്ചു തുടങ്ങി .
അപ്പോഴേയ്ക്കും ഒരു കാറ്റു വീശി
പൂവ് കാറ്റു വീശിയ ഭാഗത്തേയ്ക്കും ചാഞ്ഞു കൊടുത്തു .
കാറ്റിന് വേണ്ടി പൂവ് ചാഞ്ഞു കൊടുത്തത് വണ്ടിനിഷ്ടമായില്ല
വണ്ട് പനിനീർ പൂവിനോട് പിണങ്ങി പറന്നുപോയി .
പനിനീർപൂവ് വഞ്ചിച്ചു എന്നു വണ്ട് കരുതി
വണ്ട് സംശയ രോഗിയായി ,
സ്വസ്ഥത കിട്ടാത്ത വണ്ട് പല പൂവ് തേടി പോയി .
വീണ്ടും തൻ്റെ കാമുകിയായ പൂവിനരികിലെത്തി .
പനിനീർപ്പൂവിൻ്റെ സൗന്ദര്യത്തിനു മുന്നിൽ
വണ്ടിൻ്റെ സംശയത്തിനും പിണക്കത്തിനും എന്തു പ്രസക്തി.
വണ്ട് കാമുകി പൂവിനെ ഒന്നു വട്ടം കറങ്ങി പൂവിതളിലേയ്ക്ക്
ആഴ്ന്നിറങ്ങി , പൂവിലെ തേൻ ആവോളം നുകർന്നു .
പൂവ് ആനന്ദ നൃത്തമാടിയതു വണ്ട് പൂവിതളിലേയ്ക്ക്
ആഴ്ന്നിറങ്ങിയപ്പോളാണ്
വണ്ട് ആനന്ദ നൃത്തമാടിയത് പൂവുകൾ തോറും പറന്നു
നടക്കുന്ന സ്വാതന്ത്ര്യത്തിലാണ് .
മനസ്സിൻ്റെ സ്വാതന്ത്ര്യം ആനന്ദത്തിലേക്ക് നയിക്കുന്നുണ്ടാകാം
പക്ഷേ പൂവ് ഒരിക്കലും ഓർത്തില്ല തൻ്റെ സൗന്ദര്യം
നശിച്ചുകൊണ്ടിരിക്കുകയാണെന്ന് ...
വണ്ടിനേയും പനിനീർപൂവിനേയും സൃഷ്ടിച്ച
സൃഷ്ടികർത്താവിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ ..
എല്ലാം പണിതെടുക്കുന്നതും പിൻവലിക്കുന്നതും കാലമാണന്ന് .
No comments:
Post a Comment