പപ്പേട്ടൻ പറഞ്ഞ കഥകൾ

======================================

In this story, no Protagonist and no Antagonist. 

======================================

ഈ കഥയിലെ ചില കഥാപാത്രങ്ങൾ അവരുടെ പൂർവികർ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ചിലരുടെ  ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഇപ്പോഴും ചർച്ച ചെയ്യുന്നുണ്ട്. വാമൊഴിയായി അവരുടെ പൂർവ്വികരുടെ കഥകൾ അവർ ഇപ്പോഴും അടുത്ത തലമുറയിലേയ്ക്ക് പകർന്നുകൊണ്ടിരിക്കുന്നു. പുതുതലമുറ നൂറ്റാണ്ടുകൾക്കു മുൻപ് സംഭവിച്ച കഥകൾ ഇപ്പോഴും ആവേശത്തോടെ കേട്ടുകൊണ്ടിരിക്കുകയാണ്. 

ഈ കഥ നടക്കുന്ന കഥാപരിസരങ്ങളിൽ പല കാലഘട്ടങ്ങളിലായി ജീവിച്ചിരുന്ന സാധാരണക്കാരായ വ്യക്തികൾ എന്നോട് പറഞ്ഞ ചരിത്ര സംഭവങ്ങളെ തെളിവുകൾ നിരത്തി സമർത്ഥിക്കാൻ   കഴിയാത്തതുകൊണ്ട് , ഈ കഥ എൻ്റെ ഭാവനാ സൃഷ്ടിയായി കരുതാവുന്നതാണ്. 

തുളകൾ വീഴുന്ന ഷഡ്ഡികൾ 

I burp, I fart. I'm a real Man and I love everything in nature.


പൊക്ലാശേരി  L.P സ്കൂളിൽ നിന്നും നാലാം ക്ലാസ് പാസ്സായി കണിച്ചുകുളങ്ങള ബോയ്‌സ് സ്കൂളിൽ എത്തിയപ്പോഴാണ് ഞാനും വിജയനും ഗണേശനും ഉറ്റ സുഹൃത്തുക്കളാകുന്നത് . ഞങ്ങളുടെ മനസ്സുകൾ തമ്മിലുള്ള അന്തർധാര ശക്തമായിരുന്നതിനാൽ സൗഹൃദം ദിവസങ്ങൾ ചെല്ലുംതോറും ദൃഢമായി കൊണ്ടിരുന്നു .

സ്കൂളിന് സമീപത്തു തന്നെയുള്ള അമ്പലത്തിൽ മിക്ക ദിവസങ്ങളിലും കല്യാണം കാണും. കല്യാണം നടക്കുന്ന ദിവസങ്ങളിൽ വിജയന് വല്ലാത്ത ഒരുതരം വെപ്രാളമാണ് . ടീച്ചറിനോട് എന്തെങ്കിലും നുണകൾ പറഞ്ഞു സദ്യാലയത്തിലെത്തുന്നതുവരെ വിജയന് സമാധാനം കിട്ടില്ല. എന്തെങ്കിലുമൊക്കെ നുണകൾ പറഞ്ഞു വിജയൻ പുറത്തു ചാടിയിരിക്കും , വിളിക്കാത്ത കല്യാണത്തിന് സദ്യാലയത്തിൽ പോയി സദ്യയുണ്ണും . വിജയൻ്റെ സദ്യയുണ്ണൽ തന്നെ പ്രത്യേക രീതിയിലാണ്. നല്ല വീട്ടിലെ കല്യാണത്തിന് പത്തുപതിനഞ്ചു കൂട്ടം തൊടുകറികൾ കാണും , വിജയൻ ഈ തൊടുകറികൾ മിക്സ് ചെയ്തു പ്രത്യേക രുചിക്കൂട്ടുകൾ ഉണ്ടാക്കിയെടുക്കും. വിജയൻ്റെ കൂടെ സദ്യയുണ്ട് തൊടുകറികൾ മിക്സ് ചെയ്തു പുതിയ രുചിക്കൂട്ടുകൾ ഉണ്ടാക്കുന്ന ശീലം ഞാനും ശീലിച്ചുതുടങ്ങി. ഇപ്പോഴും ചില വെജിറ്റേറിയൻ സദ്യയ്ക്ക് ഇരിക്കുമ്പോൾ ഇഷ്ടപെടാത്ത ചില തൊടുകറികൾ മിക്സ് ചെയ്തു ഞാൻ പുതിയ രുചിക്കൂട്ടുകൾ ഉണ്ടാക്കിയെടുക്കാറുണ്ട് . സ്കൂൾ ജീവിതകാലത്തു വിജയനിൽ നിന്നും പഠിച്ച ആ ശീലം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല .

അഞ്ചാം ക്ലാസ് മുതൽ വിജയൻ അമ്പലത്തിൽ നടക്കുന്ന എല്ലാ വിളിക്കാത്ത കല്യാണത്തിനും ടീച്ചറിനോട് നുണകൾ പറഞ്ഞുപോയി സദ്യയുണ്ടു. സദ്യയുണ്ടു വരുന്ന വിജയന് പിന്നീട് വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുവാൻ സാധിച്ചിരുന്നില്ല. ഭക്ഷണ സാധനങ്ങളെ ഒരുപാടു ബഹുമാനിച്ചിരുന്ന വിജയന് വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം വെറുതെ കളയാനും മടിയാണ്. സദ്യയുണ്ണുന്ന ദിവസം വിജയൻ വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്നത് കൊലവാട്ടം എന്ന ഇരട്ടപ്പേരുള്ള കൊലവാട്ടം സാബുവാണ്. തെങ്ങുകയറ്റ തൊഴിലാളിയായ സാബുവിൻ്റെ അച്ഛൻ്റെ ഇരട്ട പേരായിരുന്നു കൊലവാട്ടം വാസു . അങ്ങനെ സാബുവും ഞങ്ങൾക്ക് കൊലവാട്ടം സാബുവായി.

വർഷങ്ങൾ പലതുകഴിഞ്ഞു ഞങ്ങൾ പത്താം ക്ലാസിലെത്തി. ആ സമയത്തും വിജയന് സദ്യയോടുള്ള പ്രണയത്തിന് കുറവ് വന്നില്ല. ഞങ്ങൾ ഗേൾസ് സ്കൂളിലെ സുന്ദരികളായ പെൺകുട്ടികളുടെ മുഖത്തെയും ശരീര വടിവുകളേയും മുലകളേയും പറ്റി ഗഹനമായ ചർച്ചകളിൽ മുഴുകുമ്പോൾ വിജയൻ മാത്രം അയ്യരുമാമ്മൻ എന്ന പാചകക്കാരൻ ഉണ്ടാക്കുന്ന അവിയലിനേയും രാമേട്ടൻ്റെ സാമ്പാറിനേയും ഗോപിയാശാൻ്റെ അടപ്രഥമനേയും പറ്റി മാത്രം സംസാരിച്ചു. ഊണിലും ഉറക്കത്തിലും വിജയൻ്റെ ചിന്ത പുതിയ രുചികൂട്ടുകളെ കുറിച്ചു മാത്രമായിരുന്നു.

പത്താംക്ലാസിൽ പഠിക്കുന്ന സമയത്തു ഉച്ച കഴിഞ്ഞുള്ള ആദ്യത്തെ പീരീഡ് കുസുമകുമാരി ടീച്ചറുടെ ഹിസ്റ്ററി ക്ലാസ്സാണ് നടക്കുന്നത്. ആ സമയത്താണ് ഏറ്റവും കൂടുതൽ കീഴ് വായു (ഊച്) മിക്കവരുടേയും ആമാശയം പുറത്തേയ്ക്കു വിടുന്നത്. മത്സരിച്ചു വിടുന്ന ഈ ഊച്ചുകളുടെ പ്രഹരശേഷി താങ്ങാനാകാതെ കുസുമകുമാരി ടീച്ചർ പലപ്പോഴും ക്ലാസ് മതിയാക്കി പുറത്തിറങ്ങി നിക്കാറുണ്ട്. വിജയൻ്റെ കൂടെ ചില ദിവസങ്ങളിൽ ഗണേശനും അമ്പലത്തിൽ വിളിക്കാത്ത കല്യാണത്തിന് സദ്യയുണ്ണാൻ പോകും. ആ ദിവസങ്ങളിൽ ഹിസ്റ്ററി ക്ലാസ്സിലിടുന്ന ഊച്ചിന് അസഹ്യമായ ഗന്ധമാണ്. 300 സ്‌ക്വയർ ഫീറ്റ് വിസ്താരമുള്ള ക്ലാസ് മുറിയെ മുഴുവൻ രൂക്ഷ ഗന്ധത്തിൽ മുക്കാൻ പ്രാപ്തിയുള്ള അത്യധികം പ്രഹരശേഷിയുള്ള ഊച്ചായിരിക്കുന്നത്. ഈ വിഷവാതകം ശ്വസിക്കാൻ കഴിയാതെ ടീച്ചർ പലദിവസങ്ങളിലും ക്ലാസിനു വെളിയിലിറങ്ങി ശുദ്ധവായു തേടിപോകും. മിക്ക ഊച്ചിൻ്റെയും ഉത്ഭവ സ്ഥാനം ഗണേശൻ്റെ വയറാണ് എന്ന കാര്യം അന്നേ മണങ്ങളെ കുറിച്ചു ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഞാൻ മനസ്സിലാക്കിയിരുന്നു. ക്ലാസ് മുറിയിലിരുന്ന് ഇടുന്ന ഊച്ചു താനാണ് ഇട്ടത് എന്ന കാര്യം ആരും സമ്മതിച്ചു തരില്ല. ഗണേശനാണെങ്കിൽ ശബ്ദം പുറത്തുവരാത്ത രീതിയിൽ എത്ര ശക്തിയുള്ള കീഴ് വായുവും  വിടാൻ അസാമാന്യ കഴിവായിരുന്നു. ഞാനും വിജയനും എത്രയൊക്കെ ചോദ്യം ചെയ്താലും ഗണേശൻ സമ്മതിച്ചു തരില്ല അവനാണ് ഊച്ചിട്ടത് എന്നകാര്യം. അവനെ കുറ്റപ്പെടുത്താൻ പറ്റില്ല ഊച്ചിൻ്റെ കാര്യം വരുമ്പോൾ ആരും സമ്മതിച്ചു തരില്ല , താനാണ് ഊച്ചിട്ടത് എന്ന കാര്യം. പ്രത്യേകിച്ച് ക്ലാസ് മുറിയിൽ. 

നാലാം ക്ലാസ് വരെയുള്ള പൊക്ലാശേരി സ്കൂളിലെ പഠന'കാലത്തു ഞങ്ങൾ ക്ലാസ്സിലിരുന്നു ഊച്ചിടുന്ന ആളെ കണ്ടുപിടിക്കാൻ ഒരു കോല് ഉണ്ടാക്കിയിരുന്നു. "ഊച്ചാൻ കോല് " എന്നാണ് ഞങ്ങൾ ആ കോലിനെ വിളിച്ചിരുന്നത്. ക്ലാസ്സിൽ ആരെങ്കിലും ഊച്ചിട്ടാൽ ഞങ്ങൾ ഈ കോലിൻ്റെ സഹായം തേടും. എല്ലാവരും ഈ കോലിനുചുറ്റും വൃത്തത്തിൽ നിക്കും. ഒരാൾ ഈ വൃത്തത്തിനു നടുക്കിരുന്നു കോൽ കറക്കും. 

"ഊച്ചാൻ കോലേ ...തിരിയാൻ കോലേ....ഊച്ചിട്ടപ്പൻ്റെ നേരേ വാ ...."

ഇതാണ് എല്ലാവരും കൂടി ഊച്ചാൻ കോലിനു ചൊല്ലിക്കൊടുക്കുന്ന കമാൻഡ്. സ്വാഭാവികമായും കോലിൻ്റെ കറക്കം നിൽക്കുമ്പോൾ കോല് ഒരാളുടെ നേരേ തിരിയും. അവനാണ് ഊച്ചിട്ടത് എന്നായിരുന്നു കുട്ടിക്കാലത്തു ഞങ്ങളുടെ ധാരണ. എൻ്റെ കുട്ടികാലത്തൊക്കെ ഊച്ചിനെ പറ്റിയുള്ള ഈ നാടോടി ശീല് ഞങ്ങൾക്കിടയിൽ ഹിറ്റായിരുന്നു. ആധുനിക യുഗത്തിൽ മൊബൈൽ ഫോണുകൾ കുട്ടികളെ കീഴടക്കിയപ്പോൾ ഇങ്ങനെയുള്ള പല നാടോടി ശീലുകളും അന്യം നിന്നുപോയി. 

വിജയനും ഗണേശനും വിളിക്കാത്ത കല്യാണത്തിന് പോയി സദ്യയുണ്ടു വന്ന ഒരുദിവസം . പത്താംക്ലാസിൽ ഉച്ചകഴിഞ്ഞു കുസുമകുമാരി ടീച്ചർ അലാവുദീൻ'ഖിൽജിയുടെ ചരിത്രം തകർത്തു പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആ സമയം അത്യധികം പ്രഹരശേഷിയുള്ള ഒരു കീഴ് വായു ഗണേശൻ പുറത്തിക്കുവിട്ടു . ഗണേശനാണ് അത് പുറത്തേയ്ക്കു വിട്ടത് എന്ന കാര്യം എനിക്കും വിജയനും മാത്രമറിയാവുന്ന ഒരു പരമ രഹസ്യമാണ്. 300 ചതുരശ്രയടിയുള്ള ക്ലാസ്സ് മുറി മുഴുവൻ രൂക്ഷ ഗന്ധം നിറഞ്ഞു. ഒട്ടും ശബ്ദമില്ലാതെ ഇത്രവലിയ കീഴ് വായു പുറത്തെയ്ക്കുവിട്ട ഗണേശനെ സമ്മതിക്കണം. മൂക്കുപൊത്തികൊണ്ടു ഞാനും വിജയനും ഗണേശനെ നോക്കി. ദയനീയമായി ഞങ്ങളെ നോക്കികൊണ്ട്‌ ഗണേശനും മൂക്കുപൊത്തി. ടീച്ചർ പഠിപ്പിച്ചുകൊണ്ടിരുന്ന മൂഡിൽ മണത്തെ അവഗണിച്ചു. ഒരു കൈ കൊണ്ട് മണത്തെ ആട്ടിയോടിച്ചുകൊണ്ടു ടീച്ചർ ക്ലാസ്സെടുക്കാൻ തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ ചുമച്ചു തുടങ്ങി. ടീച്ചർക്ക് ശ്വാസം മുട്ടൽ തുടങ്ങി. ക്ലാസ്സെടുക്കാൻ കഴിയാതെ ടീച്ചർ സ്റ്റാഫ് റൂമിലേയ്ക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഹെഡ് മാസ്റ്റർ ഞങ്ങളുടെ ക്ലാസിലെത്തി. വളരെയധികം സ്നേഹത്തോടെ സത്യനാഥൻ  സർ ഞങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു തുടങ്ങി.  

പ്രിയപ്പെട്ട എൻ്റെ കുട്ടികളേ , സ്കൂൾ കാലഘട്ടം കഴിഞ്ഞു കോളേജ് കാലഘട്ടത്തിലേയ്ക്ക് കടക്കാൻ ഇനി ഏതാനും മാസങ്ങളേ നിങ്ങളുടെ മുന്നിലുള്ളൂ. രാവിലെ പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചശേഷം വേണം ക്ലാസ്സിലേയ്ക്കു വരുവാൻ എന്ന് ഇനിയും നിങ്ങൾ പഠിച്ചിട്ടില്ലങ്കിൽ ഇനി എന്നാണ് പഠിക്കുക. മലബന്ധം ഒരസുഖമാണ്. അങ്ങനെയുള്ളവർ നിങ്ങളുടെ അച്ഛനോടോ അമ്മയോടോ പറഞ്ഞു ഡോക്ടറെ കണ്ടു ചികിൽസിച്ചു മാറ്റുക. ശരീരത്തിൽ നിന്നും എന്നും പുറത്തുകളയേണ്ട വസ്തുക്കൾ ശരീരത്തിൽ കെട്ടികിടക്കാൻ അനുവദിച്ചാൽ ഭാവിയിൽ ഒരുപാടു അസുഖങ്ങൾ നിങ്ങൾക്കുണ്ടാകും. നമ്മൾ ഇടയ്ക്കു വിടുന്ന കീഴ് വായു  ഒരുപാടു വിഷവാതകങ്ങൾ നിറഞ്ഞ ഒന്നാണ്. വായുസഞ്ചാരമില്ലാത്ത ഒരുമുറിയിൽ നാലഞ്ച് ഊച്ചിടൽ വിദഗ്ദ്ധർ ഇരുന്നു കീഴ് വായു വിടാൻ തുടങ്ങിയാൽ നിമിഷനേരം കൊണ്ട് ആ മുറി വിഷവാതകം നിറഞ്ഞ ഒരു ഗ്യാസ് ചേമ്പറായി മാറും. ഈ ക്ലാസ്സിൽ ഒരുപാടു ഊച്ചിടൽ വിദഗ്ദ്ധർ ഉള്ളതുകൊണ്ടാണ് എനിക്കിതൊക്കെ നിങ്ങളോടു പറയേണ്ടി വന്നത്. 

ക്ലാസ് മുറിയിൽ ആ സമയം ഉയർന്ന പൊട്ടിചിരിക്കിടയിൽ ഞാനും വിജയനും ഗണേശനെ നോക്കി. ചിരിക്കിടയിൽ അവൻ്റെ മുഖത്തെ വിളർച്ച കണ്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചു, ഊച്ചിട്ടത് ഗണേശൻ തന്നെ. ചിരിയുടെ അലകൾ അടങ്ങി ക്ലാസ്സ്മുറി ശാന്തമായപ്പോൾ സത്യനാഥൻ സർ പിന്നെയും തുടർന്നു പറഞ്ഞു .

ഇന്നിനി ക്ലാസ്സെടുക്കാൻ കുസുമകുമാരി ടീച്ചർ വരില്ല , ടീച്ചർക്ക് അസ്മ കൂടി ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നു. അതിൻ്റെ കാരണം ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം എന്നു വിശ്വസിക്കുന്നു. ദയവുചെയ്ത് ഇനിയെങ്കിലും കീഴ് വായു വിടണമെന്ന് തോന്നുന്ന കുട്ടികൾ ആരുടെയും അനുവാദത്തിനു കാത്തുനിക്കാതെ ക്ലാസ്സിൽനിന്നും ഇറങ്ങി പോകണം. പുറത്തുപോയി ആ മംഗളകർമ്മം നിർവഹിച്ച ശേഷം ടീച്ചറുടെ അനുവാദം ചോദിക്കാതെ അകത്തുകയറി ഇരിക്കാം. ഇനിയും ഇതുപോലുള്ള വൃത്തികെട്ട കാര്യങ്ങളെ പറ്റി സംസാരിക്കാൻ എന്നെ നിങ്ങളുടെ ക്ലാസ്സിലേക്ക് വരുത്തരുത്. അങ്ങനെ സംഭവിച്ചാൽ ഞാൻ നല്ല പോലീസ് പട്ടിയെ ക്ലാസ്സിൽ കൊണ്ടുവരും. ഊച്ചിൻ്റെ ഉറവിടം പോലീസ് പട്ടിയെ കൊണ്ട് കണ്ടുപിടിക്കാനുള്ള അവസരം എനിക്ക് ഉണ്ടാക്കരുത്. എൻ്റെ മരുമകൻ പോലീസിൽ ഡോഗ് സ്‌ക്വാഡിലാണ് ജോലി ചെയ്യുന്നത് എന്ന കാര്യം കൂടി നിങ്ങളെ അറിയിക്കുകയാണ്. അടുത്ത പീരീഡ് തുടങ്ങുന്നതുവരെ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുക. കുസുമകുമാരി ടീച്ചർ ഇന്ന് വരില്ല.

സാർ ഇറങ്ങി പോകുന്നതുവരെ എല്ലാവരും ചിരി കടിച്ചുപിടിച്ചിരുന്നു. ഒരു മിനിറ്റിൽ കൂടുതൽ ആ ചിരിയെ അടക്കി വെയ്ക്കാൻ ആർക്കും കഴിയുമായിരുന്നില്ല. അടക്കി വെച്ചിരുന്ന ചിരികൾ ആർത്തിരമ്പി വരുന്ന തിരമാല കണക്കേ ഇരച്ചുകയറി ക്ലാസ് മുറിയുടെ ഭിത്തിയിൽ തട്ടി ഉച്ചസ്ഥായിയിൽ എത്തി. 

അല്ലങ്കിൽ തന്നെ ഒരു കരച്ചിൽ അടക്കി പിടിക്കുന്നതുപോലെ ചിരി അടക്കി വയ്ക്കാൻ നമുക്കാർക്കും കഴിയാറില്ലല്ലോ ! , ഉള്ളിലുള്ള സങ്കടം മറച്ചുവെച്ചു സന്തോഷം അഭിനയിക്കാൻ നമുക്ക് നിഷ്പ്രയാസം സാധിക്കും , പക്ഷേ സന്തോഷം വന്നു ചിരിച്ചിരിക്കുന്ന അവസ്ഥയിൽ സങ്കടം വരുത്താനോ  കരയാനോ സാധാരണക്കാരായ നമുക്കാർക്കും അത്ര പെട്ടെന്ന് കഴിയാറില്ല.

ആ ദിവസം ഉച്ചകഴിഞ്ഞുള്ള ഇൻ്റെർവെൽ സമയത്തു ഞാനും വിജയനും കൂടി യൂറിൻ ഷെഡിൽ വെച്ച് ഗണേശനെ ചോദ്യം ചെയ്തു. ആത്മാർത്ഥ സുഹൃത്തുക്കളായ ഞങ്ങളോട് പോലും അവൻ സമ്മതിച്ചില്ല അവനാണ് കീഴ് വായു വിട്ടതെന്ന്. പക്ഷെ അന്ന് ആ യൂറിൻ ഷെഡിൽ വെച്ച് അവൻ്റെ കള്ളി വെളിച്ചത്തായി. ഗണേശൻ മൂത്രമൊഴിച്ചുകൊണ്ടിരുന്ന സമയത്തുതന്നെ ഒരു കീഴ് വായു പോയി. മൂത്രമൊഴിക്കുന്ന സമയത്തായതുകൊണ്ട് കീഴ് വായുവിനെ നിയന്ത്രണവിധേയമാക്കി ശബ്ദം ഇല്ലാത്ത രീതിയിൽ പുറത്തേയ്ക്കു വിടുവാൻ അവനു കഴിഞ്ഞില്ല. മൂത്രപ്പുരയിലെ രൂക്ഷഗന്ധത്തെ ഗണേശൻ വിട്ട കീഴ് വായുവിൻ്റെ  ഗന്ധം തോൽപിച്ചുകളഞ്ഞു. ആ രൂക്ഷഗന്ധം സഹിക്കാൻ കഴിയാതെ ഞാനും വിജയനും മൂത്രപ്പുരയിൽ നിന്നും ചാടി പുറത്തിറങ്ങി. അന്നേ മണങ്ങളെ പറ്റിയുള്ള പഠനങ്ങളിൽ താല്പര്യമുള്ള ഞാൻ മനസ്സിലാക്കി ഹിസ്റ്ററി ക്ലാസ്സിലിട്ട അതേ ഊച്ചിൻ്റെ മണമാണ് ഗണേശൻ മൂത്രപ്പുരയിൽ വെച്ച് ഇട്ട ഊച്ചിനുമെന്ന് . ഈ കാര്യങ്ങൾ ഞങ്ങൾ ഗണേശനോട് പറഞ്ഞപ്പോൾ അവനും സമ്മതിക്കേണ്ടി വന്നു, അവനാണ് ഹിസ്റ്ററി ക്ലാസ്സിൽ വെച്ച് കീഴ് വായു വിട്ട് കുസുമകുമാരി ടീച്ചർക്ക് ആസ്മ വരുത്തിച്ചതെന്ന്. ഗണേശനെന്ന ഞങ്ങളുടെ കൂട്ടുകാരനെ ഈ നിമിഷം വരെ ഞാനും വിജയനും ഒറ്റി കൊടുത്തില്ല. ഹിസ്റ്ററി ക്ലാസ്സിൽ വെച്ച് ഊച്ചിട്ടു ടീച്ചർക്ക്‌ ആസ്മ വരുത്തിച്ചതാര്  ? എന്നുള്ള കാര്യം എനിക്കും വിജയനും മാത്രമറിയാവുന്ന ഒരു പരമ രഹസ്യമായി ഇന്നും അവശേഷിക്കുന്നു.  - ജീവിതത്തിലെ ചില രഹസ്യങ്ങൾ നമ്മൾ നിഗൂഡമായി തന്നെ സൂക്ഷിക്കണം  ! . 

പിറ്റേന്ന് ശനിയാഴ്ച ആയിരുന്നു . തിങ്കളാഴ്ച ഞങ്ങൾ സ്കൂളിൽ എത്തിയപ്പോഴാണ് ഗണേശൻ്റെ മനസമാധാനം നഷ്ടപ്പെടുത്തിയ ചില സംഭവങ്ങൾ അരങ്ങേറിയത്.  രണ്ടുദിവസത്തെ അവധി കഴിഞ്ഞു ഞങ്ങൾ സ്കൂളിലെത്തി. രാവിലത്തെ അസ്സംബ്ലിക്കു മുൻപായി ഞാനും വിജയനും ഗണേശനും മൂത്രമൊഴിക്കാനായി മൂത്രപ്പുരയിലെത്തി. അപ്പോഴാണ് മൂത്രപ്പുരയുടെ ഭിത്തിയിൽ കരി വെച്ചെഴുതിയ ചുമരെഴുത്തു ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്. അത് ഏകദേശം ഇങ്ങനെയായിരുന്നു. 

" കുസുമകുമാരി ടീച്ചറെ ഊച്ചിട്ട് ആശുപത്രിയിലാക്കിയത് ഏതു പൂ....മോനാടാ പട്ടി. നിനക്ക് വീട്ടിൽ കക്കൂസില്ലങ്ങിൽ വല്ല പറമ്പിലും പോയിരുന്ന് കാര്യം സാധിച്ചിട്ട് വന്നാൽ പോരേടാ നാറി ! എടാ തന്തയ്ക്കു പിറക്കാത്ത ഊച്ചാളി, നീ തീട്ടം പോകാതെ വയറുവീർത്തു അവസാനം വയറുപൊട്ടി ചത്തുപോകുമെടാ തെണ്ടി, നിൻ്റെ കുണ്ടി അടഞ്ഞുപോകാൻ ഞാൻ കണിച്ചുകുളങ്ങര അമ്മയ്ക്ക് കുരുതി കഴിക്കുന്നുണ്ട് കേട്ടോടാ...ഊച്ചാളി. ഇനി എന്നെങ്കിലും നീ ക്ലാസിലിരുന്ന് ഊച്ചിട്ടാൽ സത്യനാഥൻ സാറിൻ്റെ വീട്ടിൽ കിടക്കുന്ന പോലീസ് ചട്ടം പഠിപ്പിച്ച പട്ടിയെ ഞാൻ തന്നെ പോയി കൊണ്ടുവരും! ഓർത്തോ ! എന്ന് , ടീച്ചർക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരു ശിഷ്യൻ , ഒപ്പ് . "

ആ ചുമരെഴുത്തു വായിച്ചു തീർന്നപ്പോഴേയ്ക്കും മൂത്രമൊഴിക്കാൻ മൂത്രഷെഡിൽ കയറിയ ഗണേശൻ്റെ മൂത്രം വരെ ആവിയായി പോയി. അസംബ്ലിക്ക് നിന്നപ്പോഴുള്ള അവൻ്റെ നിപ്പുകണ്ടു വിഷമം തോന്നിയ ഞങ്ങൾ ഗണേശന് വാക്കുകൊടുത്തു, മൂത്രപ്പുരയിൽ ചുമരെഴുത്തു നടത്തിയവനെ കൈയക്ഷരം നോക്കി കണ്ടുപിടിക്കുമെന്ന്. കണ്ടുപിടിച്ചാലും ഞങ്ങൾക്ക് നേരിട്ട് ഇടപെടാൻ പറ്റാത്ത കാര്യമാണ്, എങ്കിലും രഹസ്യമായി ഞങ്ങൾ ക്ലാസ്സിലുള്ള എല്ലാവരുടെയും കൈയക്ഷരം നോക്കി ആളെ കണ്ടുപിടിച്ചു. - പരൽ ബൈജു . 

ആ വർഷത്തെ SFI യുടെ അനിഷേധ്യ നേതാവായിരുന്നു പരൽബൈജൂ. അതുകൊണ്ടുതന്നെ ഈ കാര്യം മറന്നുകളയാൻ ഞങ്ങൾ ഗണേശനോട് പറഞ്ഞു. പക്ഷെ ഗണേശൻ മറന്നില്ല. 

==========

അന്ന് ഉച്ചകഴിഞ്ഞുള്ള ആദ്യപിരീഡ് ഹിസ്റ്ററി പഠിപ്പിക്കാൻ ക്ലാസ്സിലേക്ക് വന്ന കുസുമകുമാരി ടീച്ചർ ഞങ്ങളെ വീണ്ടും ചിരിപ്പിച്ചു. ടീച്ചർ അന്നുവന്നത് ഒരു മാസ്ക് ധരിച്ചുകൊണ്ടാണ്. ഊച്ചിൽ നിന്നും രക്ഷതേടി ടീച്ചർ മാസ്ക് ധരിച്ചു ക്ലാസ്സിൽ വന്നപ്പോഴേ സഹപാഠികൾ ചിരി തുടങ്ങി. ടീച്ചറിനെ പേടിച്ചു എല്ലാവരും ചിരി അടക്കിപിടിച്ചിരിക്കുവാണ്. അന്നത്തെ കാലത്തു മാസ്ക് എന്താണെന്നുപോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. വല്ലകാലത്തും  അമ്മയുടെ കൂടെ മെഡിക്കൽ കോളേജിൽ ചെല്ലുമ്പോൾ അവിടെയുള്ള ചില ഡോക്ടർമാരുടെ മുഖത്ത് ഞാൻ മാസ്ക് കണ്ടിട്ടുണ്ട്, കാലം മാറി ഇപ്പോഴത്തെ കാലമായപ്പോൾ മാസ്ക് ഇല്ലാത്ത ഒരാളെ കണ്ടാൽ നമ്മൾ നെറ്റി ചുളിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. പോലീസ് മാസ്ക് ധാരികൾ അല്ലാത്തവരെ ഓടിച്ചിട്ടുപിടിച്ചു ഫൈൻ അടപ്പിച്ചു തുടങ്ങി. ഈയിടയ്ക്ക് എറണാകുളത്തു ചെന്നപ്പോൾ മാസ്ക് മാത്രം വിറ്റു ജീവിതനിലവാരം മെച്ചപ്പെടുത്തിയ ഒരാളെ ഞാൻ പരിചയപ്പെട്ടു. അദ്ദേഹം കൊറോണയെ ദൈവമായാണ് കരുതുന്നത്. കൊറോണ വന്നില്ലായിരുന്നെങ്കിൽ ബാങ്ക് ലോൺ അടയ്ക്കാതെ കിടപ്പാടം ജപ്തിയായി കുടുബം അടക്കം അത്മഹത്യ ചെയ്യേണ്ട ഗതികേടിലായി പോയേനെ അദ്ദേഹം. കൊറോണ രക്ഷപ്പെടുത്തിയ ഒരുപാടു കുടുംബങ്ങൾ ഉണ്ട്. കൊറോണ മൂലം തകർന്നുപോയ കുടുംബങ്ങൾ അതിലും അധികമുണ്ട്. അതിനെ പറ്റിയൊക്കെ പിന്നീട് ചർച്ച ചെയ്യാം. 

അന്ന് ഞങ്ങളുടെ സ്കൂൾ ജീവിതകാലത്തു ഒരാൾ മാസ്ക് ധരിച്ചാലുള്ള അവസ്ഥ എന്താകും. അതും ഊച്ചിൽ നിന്നും രക്ഷതേടി. സാമൂഹിക അകലമൊന്നും തീവ്രശേഷിയുള്ള കീഴ് വായുവിന് ബാധകമല്ലല്ലോ. അന്ന് ആൾക്കാരെ തിരിച്ചറിയാതിരിക്കാൻ വയ്ക്കുന്ന മുഖം മൂടിയായാണ് മാസ്കിനെ കണക്കാക്കിയിരുന്നത്. ആദ്യ ദിവസം മാസ്ക് ധരിച്ച ടീച്ചറെ കണ്ടപ്പോൾ അമ്പലത്തിലെ ഉത്സവത്തിന് കണ്ട ബാലേയിലെ ഹനുമാനെ പോലെയാണ് എനിക്ക് തോന്നിയത്. അപ്പോൾ മറ്റുള്ള സഹപാഠികളുടെ കാര്യം പറയണ്ടല്ലോ?.

ടീച്ചർ മാസ്ക് വെച്ചു ക്ലാസ്സെടുത്തുതുടങ്ങിയപ്പോൾ ഞാൻ രഹസ്യമായി മറ്റുള്ള സഹപാഠികളെ നിരീക്ഷിച്ചു. ഞാൻ മുൻബെഞ്ചിൽ ഭിത്തിയോട് ചേർന്ന് സൈഡിലാണിരിക്കുന്നത്. അവിടെയിരുന്നാൽ ഒരു ക്യാമറയുടെ വൈഡ് ആംഗിൾ ലെൻസിൽ കൂടി കാണുമ്പോലെ എല്ലാവരുടേയും മുഖം വ്യക്തമായി കാണാം. എല്ലാവരുടേയും മുഖത്ത് ഇപ്പോൾ പൊട്ടിത്തെറിക്കും എന്ന പരുവത്തിലുള്ള ചിരി ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന ഭീകരസത്യം ഞാൻ മനസിലാക്കി. ഒരു ചിരി പൊട്ടിപുറപ്പെട്ടാൽ ടീച്ചർ എങ്ങനെ പ്രതികരിക്കും എന്നതിനേക്കാൾ എന്നെ ഭയപെടുത്തിയത് ടീച്ചറിൻ്റെ അരുമ ശിഷ്യനായ പരൽ ബൈജു ആ ചിരിയെ എങ്ങനെ കൈകാര്യം ചെയ്യും എന്നോർത്തായിരുന്നു. 

"ആർക്കും ചിരിക്കാൻ തോന്നല്ലേ , ഭഗവതി !" ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു. ഒരാൾ ചിരിച്ചാൽ മതി ,അത് ആർത്തിരമ്പുന്ന തിരമാല കണക്കുള്ള ചിരിയായി മാറും. പിന്നെ നാലുമണിക്ക് സ്കൂൾ വിട്ടു കഴിയുമ്പോൾ കൂട്ടയിടി നടക്കും. സ്കൂളിന് വെളിയിലുള്ള സഖാക്കളുടെ ബലത്തിലാണ് പരൽ ബൈജു ഞെളിഞ്ഞു നടക്കുന്നത്. പരൽ ബൈജു ചിരിച്ചവരെയൊക്കെ ഇടിക്കും, പരൽ ബൈജുവിനെ എല്ലാവരും ചേർന്നിടിക്കും. പുറത്തുള്ള സഖാക്കൾ പരൽ ബൈജുവിന് പിന്തുണ പ്രഖ്യാപിക്കും. 

മൂത്രപ്പുരയിലെ ചുമരെഴുത്തു കഴിഞ്ഞശേഷം ഗണേശന് പരൽ ബൈജുവിനോട് തോന്നുന്ന ശത്രുതയുടെ ആഴം അറിയാവുന്നതു എനിക്കും വിജയനും മാത്രമാണ്. അതുപോലെ തന്നെ ഹിസ്റ്ററി ക്ലാസ്സിൽ വെച്ച് കീഴ് വായു വിട്ടു കുസുമകുമാരി ടീച്ചറെ ആശുപത്രിയിൽ ആക്കിയത് ഗണേശൻ ആണെന്ന സത്യം അറിയാവുന്നതും എനിക്കും വിജയനും മാത്രമാണ്.  ഊച്ചിടൽ വിഷയം കഴിഞ്ഞു തനിക്കു പുതിയൊരു ശത്രു ഉദയം ചെയ്ത് വിവരം പരൽ ബൈജു പോലും അറിഞ്ഞിട്ടില്ല. എനിക്കുറപ്പായിരുന്നു ഒരു കൂട്ടയിടി നടക്കുകയാണെങ്കിൽ ആദ്യം പരൽ ബൈജുവിന് നേരെ ഉയരുന്ന കൈ ഗണേശൻ്റെ ആയിരിക്കും. 

ഞാൻ പേടിച്ചതുപോലെ തന്നെ സംഭവിച്ചു. മാസ്ക് ധരിച്ചു ടീച്ചർ ക്ലാസ്സെടുത്തു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സിലൊരു കൂട്ടച്ചിരി ഉയർന്നു. മാസ്ക് ധരിച്ചുകൊണ്ട് ടീച്ചർ ചില വാക്കുകൾ ഉച്ഛരിച്ചപ്പോൾ മാസ്കിലൂടെ പുറത്തുവരുന്ന ചില ശബ്ദങ്ങൾ സൃഷ്ട്ടിച്ച തമാശയായിരുന്നു ആ ചിരിക്കു കാരണം. ഞങ്ങളുടെ ചിരി ആത്മാഭിമാനത്തിനു ക്ഷതമേൽപിച്ച പ്രവർത്തിയായി ടീച്ചർക്ക് തോന്നിയിരിക്കണം. ടീച്ചർ ഉച്ഛരിച്ച വക്കിൽ തമാശ ഇല്ലായിരുന്നു. ആ വാക്ക് മാസ്കിലൂടെ പുറത്തുവന്നപ്പോൾ സംഭവിച്ച ശബ്ദ വെത്യാസം ഞങ്ങൾക്ക് തമാശയായി തോന്നി. ആ ശബ്ദ വെത്യാസം മനസ്സിലാക്കാനും ടീച്ചർക്ക് കഴിഞ്ഞില്ല. ടീച്ചർ പിണങ്ങി ക്ലാസ്സിൽനിന്നും ഇറങ്ങി പോയി.ടീച്ചറുടെ അരുമശിഷ്യനായ പരൽ ബൈജുവിന് സഹിക്കാവുന്ന സംഗതിയായിരുന്നില്ല ടീച്ചറുടെ ഇറങ്ങിപോക്കൽ. പരൽ ബൈജു ടീച്ചറെ വിളിക്കാൻ സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ടീച്ചർ ഇരുന്നു കരയുന്നതാണ് കണ്ടത്. ടീച്ചറുടെ കരച്ചിൽ കൂടി കണ്ടപ്പോൾ പരൽബൈജുവിൻ്റെ സകല നിയന്ത്രണങ്ങളും തെറ്റി. അവൻ ക്ലാസ്സിൽ വന്നു ചിരിച്ചവരെയൊക്കെ തല്ലി തുടങ്ങി. തല്ലി തുടങ്ങിയ പരൽ ബൈജുവിനെ ആരും തടയാൻ ശ്രമിക്കാതിരുന്നത് അവൻ്റെ ആത്മവിശ്വാസം കൂട്ടി. തല്ലി തല്ലി അവൻ ഞങ്ങൾ ഇരുന്ന ബെഞ്ചിൻ്റെ സൈഡിലെത്തി. ഗണേശൻ്റെ നേരെ പരൽ ബൈജു കൈ ഉയർത്തേണ്ട താമസം, ഗണേശൻ പരൽ ബൈജുവിൻ്റെ കൈ തട്ടി മാറ്റി കരണകുറ്റി നോക്കി ആദ്യത്തെ അടി അടിച്ചു. ക്ലാസ്സിലെ പകുതി സഹപാഠികളെ അടിച്ചിട്ടും ആരും തിരിച്ചടിക്കാത്തതിൻ്റെ ആത്മവിശ്വാസത്തിൽ തല്ലുതുടർന്ന ബൈജു ഗണേശൻ്റെ തിരിച്ചടി പ്രതീക്ഷിച്ചില്ല. ഗണേശൻ്റെ അടിയുടെ ശക്തിയിൽ ബൈജു വീണുപോയി. ഡസ്ക് കൂടി മറിച്ചു ഗണേശൻ ബൈജുവിൻ്റെ കാലിലിട്ടു. പരൽബൈജുവിൽ നിന്നും ഒരു ദീനരോദനമുയർന്നു. ഒരാൾ തല്ലാൻ നോക്കിയിരുന്നതുപോലെ തല്ലുകൊണ്ട സഹപാഠികൾ ഇരച്ചെത്തി ബൈജുവിനെ തല്ലാൻ തുടങ്ങി. രക്ഷയില്ലാതെ ബൈജു പുറത്തേക്കോടി. ഇതിനകം തല്ലലിൽ ഹരം പിടിച്ച ചില സഹപാഠികൾ ബൈജുവിൻ്റെ പുറകെ ഓടി, ഓടിയവരുടെ കൂട്ടത്തിൽ ഗണേശനുമുണ്ടായിരുന്നു . ഗണേശനെ തടഞ്ഞു നിർത്താൻ വിജയൻ ഗണേശൻ്റെ പുറകേ ഓടി. പുറകേ ഞാനും ഓടി. ഓടിയാലും ഇടി കൊള്ളും എന്നുമനസ്സിലാക്കി പരൽബൈജു ഓടി ഹെഡ് മാസ്റ്ററുടെ മുറിയിൽ കയറി. പുറകെ ബൈജുവിനെ ഓടിച്ചവരും കയറി.ആ പ്രശ്‍നം സത്യനാഥൻ സാറിൻ്റെയും കുസുമകുമാരി ടീച്ചറുടെയും സാന്നിദ്ധ്യത്തിൽ മണിക്കൂറുകൾ നീണ്ട ചർച്ചയിലൂടെ പരിഹരിച്ചതുകൊണ്ടു മാത്രം ഗണേശൻ ഗേറ്റിനു വെളിയിലുള്ള സഖാക്കളുടെ ഇടി കൊള്ളാതെ രക്ഷപെട്ടു.

രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പരൽ ബൈജു ഈ വിഷയം മറന്നു. അവൻ എല്ലാവരോടും സൗഹൃദത്തിൽ പെരുമാറാൻ തുടങ്ങി. പക്ഷെ ഗണേശന് ഒന്നും മറക്കാൻ കഴിഞ്ഞില്ല.പതുക്കെ എല്ലാവരും SSLC എന്ന കടമ്പ കടക്കുന്ന തിരക്കിലായി.

വർഷങ്ങൾ പലതുകഴിഞ്ഞു സഹപാഠികൾ മിക്കവാറും കല്യാണം കഴിച്ചുതുടങ്ങി. ആ സമയത്താണ് പരൽ ബൈജു ഒരു സഹായം അഭ്യർത്ഥിച്ചു കൊണ്ട് ഞങ്ങളെ സമീപിക്കുന്നത്. ബൈജുവിനോടുള്ള ദേഷ്യം അപ്പോഴും ഗണേശന് മാറിയിട്ടില്ല എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. അന്ന് മദ്യ ലഹരിയിൽ ഗണേശൻ എന്നോട് പറഞ്ഞു.

"ഞാൻ മരിച്ചാലും എനിക്ക് പരൽ ബൈജുവിനോടുളള ശത്രുത മാറില്ല, അത്രയ്ക്ക് വൃത്തികേടല്ലേടാ അവൻ അന്ന് ആ മൂത്രപ്പുരയുടെ ഭിത്തിയിൽ എഴുതി വെച്ചത്. അത് മാത്രമോ ? , എൻ്റെ കൂതി അടഞ്ഞു വയറ്റിൽ മുഴുവനും തീട്ടം നിറഞ്ഞു ഞാൻ വയറുപൊട്ടി ചാകാനായി അവൻ കാളിയമ്മയുടെ നടയിൽ കുരുതി കഴിപ്പിച്ചവനാ"

അവൻ കഴിപ്പിച്ച കുരുതി എനിക്ക് ഫലിക്കാതിരിക്കാൻ 21 മറുകുരുതിയാ ഞാൻ കാളിയമ്മയുടെ നടയിൽ കഴിച്ചത്, അറിയാവോ ?

പരൽ ബൈജു കഴിപ്പിച്ചു എന്ന് ഗണേശൻ വിശ്വസിക്കുന്ന കുരുതിയെ തടുക്കാൻ ഗണേശൻ 21 മറുകുരുതി കഴിപ്പിച്ച വിവരം അന്നാണ് ഞാനറിയുന്നത്. മദ്യലഹരിയിൽ അവൻ വീണ്ടും പറഞ്ഞത് എന്നിൽ ചിരിയുണർത്തി.

"21  മറുകുരുതി അല്പം കൂടിപോയടാ , ഏഴ് മറുകുരുതി മതിയായിരുന്നു. അതിനുശേഷം എൻ്റെ മലബന്ധം എന്ന അസുഖം തന്നെ എങ്ങോ പോയിമറഞ്ഞു. ഇപ്പോൾ വയറ്റിൽ നിന്നും പോകണം എന്നുതോന്നിയാൽ അപ്പോൾ പോണം. നല്ല ഗ്രീസിട്ടു ലൂസാക്കിയ പോലെയാ ഇപ്പോൾ വയറ്റിൽ നിന്നും പോകുന്നത് , പോയി കഴിഞ്ഞു എന്ത് സുഖമാണെന്നറിയാമോ ? "

എല്ലാം ദേവിയുടെ അനുഗ്രഹമാ !!!,  കാളിയമ്മേ  നീ തന്നെ തുണ !!!.

*************


സ്കൂൾ ജീവിതം കഴിഞ്ഞു . ഇപ്പോഴത്തെ പതിനൊന്നാം ക്ലാസ് , അന്നത്തെ പ്രീഡിഗ്രിക്കു ഞങ്ങൾ കോളേജിലെത്തി. പ്രീഡിഗ്രി പഠനത്തോടൊപ്പം തന്നെ വിജയൻ നാട്ടിലെ പല പാചകക്കാരുടെയും സഹായിയായി പാചകങ്ങൾക്കു പോയി തുടങ്ങി. പാചക കല വിട്ടൊരു ജീവിതം വിജയനുണ്ടാകില്ല എന്നകാര്യം ഞാനും ഗണേശനും അന്നേ വിധിയെഴുതി. ഞാനും ഗണേശനും ഡിഗ്രിക്ക് ചേർന്നപ്പോൾ വിജയൻ ഫുഡ് ആൻഡ് ബീവറേജസിൽ ഉപരിപഠനം നടത്തി. അന്ന് ഹോട്ടൽ management കോഴ്സുകൾ ഇന്നത്തെ പോലെ സാധാരണമായിട്ടില്ല. കോഴ്സ് കഴിഞ്ഞു വിജയൻ ഫുഡ് പ്രൊഡക്ഷനിൽ ഉപരി പഠനം നടത്തുന്ന സമയത്താണ് ബോംബെയിലുള്ള അന്താരാഷ്ട്ര ഹോട്ടൽ ശൃംഖല അവനെയും കൊണ്ട് പറന്നത്. കോഴ്‌സിൻ്റെ റിസൾട്ട് വന്നപ്പോഴേയ്ക്കും വിജയൻ ബോബെയിലുള്ള അന്താരാഷ്ട്ര ഹോട്ടലിലെ ചീഫ് കുക്കായി മാറി കഴിഞ്ഞിരുന്നു. വിജയൻ ജോലി ചെയ്യുന്ന ഹോട്ടലിനു പല രാജ്യങ്ങളിലും ശാഖകൾ ഉണ്ട്. രണ്ടു വർഷം കഴിഞ്ഞപ്പോൾ ബോബെയിലുള്ള ഹോട്ടലിൽ നിന്നും അമേരിക്കയിലെ ഹോട്ടലിലേക്ക് വിജയന് ട്രാൻസ്ഫറായി, അത് വിജയൻ ചോദിച്ചു വാങ്ങിച്ചതാണ്. അമേരിക്കയിൽ എത്തുക എന്ന വിജയൻ്റെ ആഗ്രഹം സാധിച്ചു. അമേരിക്കൻ പൗരത്വമുള്ള ഒരു മലയാളി നേഴ്‌സിനെ വിജയൻ കല്യാണം കഴിച്ചു. അങ്ങനെ വിജയനും അമേരിക്കൻ പൗരനായി മാറി. 
ഗണേശൻ അവൻ്റെ അച്ഛൻ്റെ കാർ വർക്ക് ഷോപ്പിലെ നമ്പർ വൺ കാർ മെക്കാനിക്കായി മാറി. ഗണേശനിലൂടെ " ചന്ദ്ര & സൺസ് ഓട്ടോമൊബൈൽസ്" ജില്ലയിലെ പ്രധാന കാർ വർക്ക് ഷോപ്പുകളിൽ ഒന്നായി തീർന്നു. ഞാൻ എൻ്റെ ഇഷ്ട മേഖലയായ ഫോട്ടോഗ്രഫിയിലും കമ്പ്യൂട്ടർ ഡിസൈനിങ്ങിലും ഉപജീവനം കണ്ടെത്തി. 

വിജയൻ അമേരിക്കയിൽ ചെന്ന് രണ്ടുവർഷം കഴിഞ്ഞപ്പോൾ ഒരു സൈഡ് ബിസിനസ്സ് കൂടി തുടങ്ങി. അവിടെയുള്ള മലയാളി കുടുംബങ്ങളിൽ നടക്കുന്ന ചടങ്ങുകൾക്കു കേരള സ്റ്റൈലിൽ സദ്യ ഉണ്ടാക്കി നല്കുന്ന ഒരു കാറ്ററിംഗ് സർവീസ്. " വിജയൻ & കമ്പനി കാറ്ററിംഗ് സർവീസ്"
പതുക്കെ സൈഡ് ബിസിനസ്സ് വിജയമായി മാറാൻ തുടങ്ങി. 8 മണിക്കൂർ ജോലി , 8 മണിക്കൂർ ബിസിനസ്സ് , 8 മണിക്കൂർ ഉറക്കം ഇതായി വിജയൻ്റെ ദിനചര്യ. കാറ്ററിംഗ് സർവീസ് ഒറ്റയ്ക്ക് നടത്താൻ സാധിക്കാതെ വന്നപ്പോൾ വിജയൻ ഗണേശനെ അമേരിക്കയ്ക്ക് ക്ഷണിച്ചു. കാർ വർക്ക് ഷോപ്പ് അച്ഛനെയും അനിയനെയും ഏൽപിച്ചിട്ട് ഗണേശൻ അമേരിക്കയിലെത്തി. എന്നെങ്കിലും അമേരിക്ക കാണുക എന്ന ഗണേശൻ്റെ ചിരകാല അഭിലാഷം സാധിച്ചു. പക്ഷേ അമേരിക്കയിൽ ഗണേശനെ കാത്തിരുന്നത് അവൻ്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയൊരു വഴിത്തിരിവായിരുന്നു. ജനന സമയത്തു ദൈവം അവൻ്റെ തലയിൽ വരച്ച തലവര തെളിഞ്ഞു തുടങ്ങിയ വിവരം വിജയനാണ് എന്നെ വിളിച്ചറിയിച്ചത്.

*******

അമേരിക്കയിലെ മിന്നിസോട്ട (Minnesota) എന്ന സ്റ്റേറ്റിലാണ് വിജയനും ഭാര്യ ട്രീസയും താമസിക്കുന്നത്. ഇവർ താമസിക്കുന്നതിനടുത്തു തന്നെയാണ് ട്രീസയുടെ കൂട്ടുകാരി അനുപമയും ഭർത്താവ് തോമാച്ചനും താമസിക്കുന്നത്. തോമാച്ചനും വിജയനും കൂടിയാണ് കാറ്ററിംഗ് സർവീസ് നടത്തിക്കൊണ്ടു പോയിരുന്നത്. 

മിസിസിപ്പി നദിയുടെ തീരത്തുള്ള സെയിന്റ് പോൾ (Saint Paul) ആണ് മിന്നിസോട്ട സ്റ്റേറ്റിൻ്റെ തലസ്ഥാനം. ആപ്പിൾ വാലി എന്ന മനോഹര നഗരമൊക്കെ സ്ഥിതി ചെയ്യുന്നത് മിന്നിസോട്ടയിലാണ് . ഇതൊക്കെയുണ്ടെങ്കിലും അമേരിക്കയിലെ മറ്റു സ്റ്റേറ്റുകളുമായി താരതമ്യം ചെയ്താൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് മിനിസോട്ട സ്റ്റേറ്റിലാണ്. ഒരുപാടു ക്രിമിനലുകൾ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളും മിനിസോട്ടയിലുണ്ട്. അവിടുത്തെ ഉൾനാട്ടിലുള്ള ഗ്രാമങ്ങളിൽ താമസിക്കുന്ന നീഗ്രോകൾക്ക് വെളുത്തവരായ ഇന്ത്യക്കാരെ കാണുന്നതേ ദേഷ്യമാണ്. ഒറ്റയ്‌ക്കെങ്ങാനും വെളുമ്പൻ മാരായ ഇന്ത്യക്കാരെ ഇവിടുള്ള നീഗ്രോകൾ കണ്ടാൽ പിടിച്ചുകൊണ്ടുപോയി ദേഹോപദ്രപം ഏൽപ്പിക്കും. അത്തരത്തിൽ പല ഇന്ത്യക്കാരുടെയും നേരെ നടന്നിട്ടുള്ള അക്രമത്തെ പറ്റി വിജയനാണ് എന്നോട് പറഞ്ഞത്.
............

വിജയനും ട്രീസയും , അനുപമയും തോമാച്ചനും കൂടി സന്തോഷത്തോടെ അമേരിക്കയിൽ താമസിക്കുന്ന സമയത്താണ് തോമാച്ചൻ്റെ ജീവിതത്തിൽ ഒരു ട്രാജഡി സംഭവിക്കുന്നത്. ആ ദുരന്തം നടന്ന ദിവസം ട്രീസയും അനുപമയും ഹോസ്പിറ്റലിൽ ആയിരുന്നു. വിജയൻ ഹോട്ടലിൽ ജോലി തിരക്കിലും. 
അന്നത്തെ ദിവസം കാറ്ററിംഗ് ജോലികൾ ഇല്ലാതിരുന്നതിനാൽ തോമാച്ചൻ വെറുതെ ഇരുന്നു ബോറടിച്ചപ്പോൾ ഫോറസ്റ്റ് വില്ലി (Forest Ville ) എന്ന ഗ്രാമത്തിലേക്ക് ഒരു യാത്ര പുറപ്പെട്ടു. കാറ്ററിംഗ് സർവീസിന് ഉപയോഗിക്കുന്ന വണ്ടിയുമായി തോമാച്ചൻ 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് വില്ലി എന്ന ഗ്രാമത്തിലേക്ക് വണ്ടിയോടിച്ചു. മനോഹരമായ ഭൂപ്രകൃതിയുളള ഒരു ഗ്രാമമാണ് ഫോറസ്റ്റ് വില്ലി . ഗ്രാമത്തോട് അടുക്കാറായപ്പോഴാണ് തോമാച്ചൻ ഓടിച്ചിരുന്ന വണ്ടിക്ക് ഒരു നീഗ്രോ ലിഫ്റ്റ് ചോദിച്ചത്. ശുദ്ധനായ തോമാച്ചൻ വണ്ടി നിർത്തി നീഗ്രോയ്ക്കു ലിഫ്റ്റ് കൊടുത്തു. ഡക്കോട്ട ഭാഷയിലാണ്(Dakota Language ) നീഗ്രോ തോമാച്ചനുമായി ആശയ വിനിമയം നടത്തിയത്. നീഗ്രോ ഡെക്കോട്ട ഭാഷയിൽ പറഞ്ഞ പല കാര്യങ്ങളും തോമാച്ചന് മനസിലായില്ല. പക്ഷെ നീഗ്രോയ്ക്കു തോമാച്ചൻ ഇന്ത്യൻ ആണെന്നു മനസിലായി. 

അമേരിക്കയിലെ വെളുത്ത വർഗക്കാർ തങ്ങളുടെ വർഗ്ഗക്കാരോട് കാണിക്കുന്ന വിവേചനം എല്ലാ വെളുത്ത തൊലിയുള്ളവരോടും പ്രകടിപ്പിക്കുന്ന തരം സ്വഭാവ വൈകല്യമുള്ള ഒരു നീഗ്രോയ്ക്കായിരുന്നു തോമാച്ചൻ ലിഫ്റ്റ് കൊടുത്തത് . നീഗ്രോ തോമാച്ചനെ വഴി തെറ്റിച്ചു. കാടും പടലും നിറഞ്ഞ ഒരു കാട്ടരുവിക്കു സമീപം നീഗ്രോ തോമാച്ചനെ എത്തിച്ചു. നാലഞ്ചു നീഗ്രോകളുമായി സംഘം ചേർന്ന് തോമാച്ചനെ ആക്രമിച്ചു.  തോമാച്ചനെ അവിടെ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളഞ്ഞു. 

എങ്ങനെയോ തോമാച്ചൻ വിജയനെ വിവരമറിയിച്ചു. വിജയനാണ് പോലീസുമായി ചെന്ന് തോമാച്ചനെ ഹോസ്പിറ്റലിൽ എത്തിച്ചത്. ആ ആക്രമണം തോമാച്ചന് ഒരു ഷോക്കായി മാറി. പതുക്കെ തോമാച്ചൻ്റെ മാനസികനില തെറ്റാൻ തുടങ്ങി. തുടർ ചികിത്സ നടത്താൻ തോമാച്ചനെ കേരളത്തിൽ എത്തിക്കുന്നതാണ് നല്ലതെന്നു ട്രീസയും അനുപമയും കൂടി തീരുമാനമെടുത്തു. അനുപമയ്ക്കു ലീവ് കിട്ടാതിരുന്നതിനാൽ വിജയനാണ് തോമാച്ചനെ കേരളത്തിൽ എത്തിച്ചത്. ആ സമയത്തു സഹായമില്ലാതെ യാത്ര ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു തോമാച്ചൻ. കേരളത്തിലെ മാനസിക രോഗചികിത്സയ്ക്ക് പേരുകേട്ട ആശുപത്രിയിൽ തന്നെ വിജയൻ തോമാച്ചനെ കാണിച്ചു. രഹസ്യമായി തോമാച്ചന് ചികിത്സ നടത്തി. മാസം ഒന്നുകഴിഞ്ഞാണ് തോമാച്ചൻ നോർമലായത്. അമേരിക്കയിൽ വച്ചുനടന്ന ആക്രമണം വല്ലാത്ത ഒരു ഡിപ്രെഷനിലേക്കാണ് തോമാച്ചനെ കൊണ്ടെത്തിച്ചത്. തോമാച്ചൻ അമേരിക്കയെ വെറുത്തു. പിന്നീട് അനുപമ എത്രയൊക്കെ നിർബന്ധിച്ചിട്ടും തോമാച്ചൻ അമേരിക്കയ്ക്ക് പോയില്ല. 

വിജയൻ തിരിച്ചു അമേരിക്കയിലെത്തി . ജോലിയും ബിസിനസ്സും ഒരുമിച്ചു കൊണ്ടുപോകാൻ വിജയൻ ഒരുപാടു പാടുപെട്ടു. അങ്ങനെയാണ് തോമാച്ചൻ്റെ ഒഴിവിൽ വിജയൻ ഗണേശനെ അമേരിക്കയിൽ എത്തിക്കുന്നത്. ഗണേശൻ അമേരിക്കയിൽ ചെന്നത് വിജയന് ഒരുപാടു സഹായമായി. തോമാച്ചനെ പോലെ പതുങ്ങിയ സ്വഭാവമായിരുന്നില്ല ഗണേശന്. എടുത്തുചാടി എല്ലാം പെട്ടെന്ന് ചെയ്തുതീർക്കുന്ന സ്വഭാവം. അപരിചിതരായ കസ്റ്റമേഴ്സിനെ പെട്ടെന്ന് അടുപ്പക്കാരാക്കിമാറ്റാനുള്ള ഗണേശൻ്റെ കഴിവ് വിജയൻ &കമ്പനിയുടെ ബിസിനസ് ഗ്രാഫ് ഉയർത്തികൊണ്ടിരുന്നു. 

അങ്ങനെയിരിക്കുന്ന സമയത്താണ് ഫോറസ്റ്റ് വില്ലി ഗ്രാമത്തിൽ താമസിക്കുന്ന മലയാളികുടുംബത്തിൽ നടക്കുന്ന ചടങ്ങിന് ഭക്ഷണമെത്തിക്കാനുള്ള ഓർഡർ വിജയൻ & കമ്പനിക്ക് കിട്ടുന്നത്. ഗണേശനാണ് ഓർഡർ കാൾ സ്വീകരിച്ചത്. ആ സ്ഥലത്തെ പറ്റി ധാരണയില്ലാതിരുന്ന ഗണേശൻ ഓർഡർ സ്വീകരിച്ചു. ഹോട്ടലിൽ ജോലി കഴിഞ്ഞു വന്ന സമയത്താണ് ഗണേശൻ ഓർഡർ സ്വീകരിച്ച കാര്യം വിജയനറിയുന്നത്. ആ ഗ്രാമത്തിലുള്ള ക്രിമിനലുകളായ നീഗ്രോകളെ പറ്റി വിജയൻ ഗണേശനെ പറഞ്ഞു മനസിലാക്കി. ഗണേശനാണെങ്കിൽ തോമാച്ചനെപ്പോലെ വെളുത്തു തുടുത്താണിരിക്കുന്നത്. നീഗ്രോകളുടെ കൈയിൽ കിട്ടിയാൽ നല്ല ചക്കകുഴ പരുവമാക്കും. അതുകൊണ്ടു വിജയൻ പറഞ്ഞു , നമുക്ക് ഓർഡർ തന്നവരെ വിളിച്ചുപറയാം ഒരു വണ്ടി അയക്കാൻ , ആ വണ്ടിയിൽ ഭക്ഷണ സാധനങ്ങൾ കയറ്റിവിട്ടാൽ പിന്നെ നമുക്ക് റിസ്കില്ല. ഗണേശൻ പക്ഷെ സമ്മതിച്ചില്ല , നീഗ്രോകളെ കൈകാര്യം ചെയ്യാൻ തനിക്കറിയാമെന്ന് എന്നത്തേയും പോലെ അവൻ വീമ്പിളക്കി. ഗണേശൻ തന്നെ ട്രക്ക് ഓടിച്ചു ഫോറസ്റ്റ് വില്ലി ഗ്രാമത്തിൽ ചെന്ന് മലയാളി കുടുംബത്തിലെ ചടങ്ങിന് സദ്യ വിളമ്പും എന്ന് തീർത്തുപറഞ്ഞപ്പോൾ വിജയൻ പിന്നെ നിർബന്ധിച്ചില്ല. നീഗ്രോകളുടെ സ്വഭാവത്തെ പറ്റി ഏകദേശ ധാരണമാത്രം വിജയൻ ഗണേശന് പറഞ്ഞുകൊടുത്തു. വിജയൻ പറഞ്ഞുകൊടുത്തതൊക്കെ നിസ്സാരമട്ടിലെടുത്തു ഗണേശൻ ഗൂഗിൾ പറഞ്ഞുകൊടുത്ത വഴിയിലൂടെ മാത്രം വണ്ടിയോടിച്ചു ഫോറസ്റ്റ് വില്ലി ഗ്രാമത്തിലെ ചടങ്ങു നടക്കുന്ന വീട്ടിലെത്തി. 

ഇലകൾ നിരത്തി സദ്യ വിളമ്പുന്നതിനിടയിലാണ് തന്നെ കണ്ണിമ ചിമ്മാതെ നോക്കി നിക്കുന്ന അമേരിക്കൻ യുവതിയെ ഗണേശൻ ശ്രദ്ധിക്കുന്നത്. അവരുടെ കണ്ണുകൾ പലതവണ ഉടക്കി നിന്നു . കണ്ണുകൾ തമ്മിൽ പറയുന്ന പ്രണയത്തിൻ്റെ ഭാഷയ്ക്കു എല്ലാരാജ്യങ്ങളിലും ഒരേ ഭാഷയാണെന്നു ഗണേശന് തോന്നിപോയി. സദ്യയുടെ തിരക്കൊഴിഞ്ഞപ്പോൾ അമേരിക്കൻ യുവതി തന്നെ ഗണേശനെ പരിചയപെടാനെത്തി. എമിലി കാർഡസ് (Emily Cardus ) എന്ന അമേരിക്കൻ യുവതിയും ഗണേഷ് ചന്ദ്രൻ എന്ന ഇന്ത്യൻ യുവാവും വിശദമായി തന്നെ പരിചയപെട്ടു. 

പിന്നീട് ഗണേശൻ്റെ അവധിദിനങ്ങൾ എമിലി കാർഡസ് എന്ന സുന്ദരി പെണ്ണിനൊപ്പമായി. ചില ദിവസങ്ങളിൽ രാത്രി ഗണേശൻ താമസസഥലത്തു ഹാജരാകാതായി . ആ ദിവസങ്ങളിൽ ഗണേശൻ്റെ ലൊക്കേഷൻ ഗൂഗിൾ ചെയ്തുനോക്കിയ വിജയന് തല പെരുത്തുകയറി. ഒരുപാടു ക്രിമിനലുകൾ കൂട്ടമായി താമസിക്കുന്ന ഫോറസ്റ്റ് വില്ലി ഗ്രാമത്തിലെ ഒരു പ്രാന്ത പ്രദേശത്തായിരുന്നു ആ സമയം ഗണേശൻ. അവിടെയുള്ള ഒരു ഹോം സ്റ്റേയിൽ തൻ്റെ പ്രണയിനിയുമായി പ്രണയരഹസ്യങ്ങൾ കൈമാറുകയായിരുന്നു ഗണേശനെപ്പോൾ . 


എമിലി കാർഡസ് എന്ന അമേരിക്കൻ യുവതിയുടെ കുടുംബം അവരുടെ ഗ്രാമത്തിൽ തന്നെ ഒരു ഇന്നർ ഗാർമെൻസ് (Inner Garments) കമ്പനി നടത്തുകയാണ്. ഇപ്പോൾ എമിലിയാണ് കമ്പനി നോക്കി നടത്തുന്നത്. ആ ഗ്രാമത്തിലുള്ളവരെ മാത്രമല്ല, മിനിസോട്ട സ്റ്റേറ്റിലെ 40 % പേരേയും അമേരിക്കയിലുള്ള മുഴുവൻ ആളുകളിൽ 20  % പേരേയും ഷഡി ധരിപ്പിക്കുന്നത് എമിലിയുടെ ഷഡി നിർമ്മാണ കമ്പനിയാണ്. 

എമിലിയുമായി പരിചയത്തിലായി മാസങ്ങൾക്കുള്ളിൽ തന്നെ എമിലിയുടെ ഷഡി നിർമ്മാണ കമ്പനിയിലെ എല്ലാ തൊഴിലാളികളേയും ഗണേശൻ പരിചയപ്പെട്ടു. ഗ്രാമവാസികളായ നീഗ്രോകളായിരുന്നു ജോലിക്കാരിൽ ഭൂരിഭാഗവും. പതുക്കെ നീഗ്രോകളുമായി നല്ലൊരു സൗഹൃദം ഗണേശൻ ഉണ്ടാക്കിയെടുത്തു. ജോലിക്കാരായ നീഗ്രോകളിൽ പലർക്കും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ക്രിമിനലുകളായ നീഗ്രോകളുമായി ബന്ധമുണ്ടായിരുന്നു. പതുക്കെ ക്രിമിനലുകളായ നീഗ്രോകളുമായി ഗണേശൻ ബന്ധപ്പെട്ടു തുടങ്ങി. സ്നേഹം കൊടുത്തു മാത്രമേ നീഗ്രോകളെ കൈയിലെടുക്കാൻ കഴിയൂ , എന്നകാര്യം ഗണേശൻ മനസ്സിലാക്കി. 
.............

വണ്ടി മെക്കാനിക്കായി നാട്ടിൽ പേരെടുത്തിരുന്ന ഗണേശൻ അമേരിക്കയിലെത്തി എമിലിയുടെ കമ്പനിയിൽ ഉപയോഗശൂന്യമായി കിടന്ന ഒരു ട്രക്ക് നന്നാക്കികൊണ്ട് എല്ലാവരുടേയും ബഹുമാനം പിടിച്ചുപറ്റി. പതുക്കെ എമിലിയുടെ അച്ഛനും ഗണേശനെ അംഗീകരിച്ചു തുടങ്ങി. ഡക്കോട്ട ഭാഷയും ഗണേശൻ എമിലിയിൽ നിന്നും പഠിച്ചുതുടങ്ങി. എമിലിയും ഗണേശനും തമ്മിലുള്ള ബന്ധം ഒരിക്കലും അഴിക്കാനാകാത്തവിധം മുറുകി കഴിഞ്ഞു എന്ന് എമിലിക്ക് തോന്നിയപ്പോഴാണ് ഗണേശനും തൻ്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ എമിലിയുമായി പങ്കു വെച്ചത്. " നമ്മൾ കഴിഞ്ഞ ജന്മത്തിലേ മനസ്സും ശരീരവും പങ്കു വെച്ചിരുന്നു ." 

എങ്കിൽ അര മണിക്കൂർ മുൻപേ എന്തുകൊണ്ട് നമുക്ക് ഒന്നിച്ചുകൂടാ എന്ന എമിലിയുടെ ചോദ്യം ലക്ഷ്യം കണ്ടു. 

എമിലി കാർഡസ് എന്ന അമേരിക്കൻ യുവതിയും ഗണേഷ് ചന്ദ്രൻ എന്ന ഇന്ത്യൻ യുവാവും തമ്മിലുള്ള വിവാഹം കുറച്ചു മലയാളി സുഹൃത്തുക്കളുടേയും മിനിസോട്ട സ്റ്റേറ്റിലെ ഫോറസ്റ്റ് വില്ലി എന്ന ചെറുഗ്രാമത്തിലുള്ള ഗണേശൻ്റെ കുറച്ചു നീഗ്രോ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഫോറസ്റ്റ് വില്ലി ടൗൺ ഷിപ്പിലുള്ള ഒരു ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. കല്യാണശേഷം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ സ്റ്റേജിലേക്ക് കയറിവന്ന ക്രിമിനലുകളായ നീഗ്രോകളുടെ അംഗസംഖ്യ കണ്ടു വിജയൻ ഞെട്ടി വിറച്ചുപോയി. ഗണേശൻ ഒരു അധോലോക നായകനായി മാറിയേക്കുമോ എന്നുപോലും വിജയൻ സംശയിച്ചുപോയി. നല്ലവനായ ഇടയൻ്റെ ചുറ്റിനും നിക്കുന്ന കുഞ്ഞാടുകളെ പോലെ നീഗ്രോകൾ ഗണേശൻ്റെയും എമിലിയുടെയും രണ്ടു സൈഡിലും നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു.

******

എമിലിയും ഗണേശനും തമ്മിലുള്ള കല്യാണം കഴിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞാണ് വിജയന് ഗണേശൻ കല്യാണം കഴിച്ച വിവരം ഗണേശൻ്റെ  അച്ഛൻ ചന്ദ്രേട്ടനെ അറിയിക്കാനുള്ള ധൈര്യം കിട്ടിയത്. എമിലിയും ഗണേശനും ഒരുമിച്ചുള്ള ഒരു ഫോട്ടോ വിജയൻ ചന്ദ്രേട്ടനയച്ചുകൊടുത്തു. ചന്ദ്രേട്ടനും ഭാര്യ ഭാർഗവിയും ഒരക്ഷരം പോലും കല്യാണത്തെ കുറിച്ച് ഗണേശനോട് ചോദിച്ചില്ല. പകരം ഗണേശൻ്റെയും എമിലിയുടെയും പേരിൽ നാട്ടിലുള്ള അമ്പലങ്ങളിൽ നടത്തേണ്ട വഴിപാടുകളുടെ ഒരു നീണ്ട ലിസ്റ്റ് ചന്ദ്രേട്ടൻ ഗണേശൻ്റെ വാട്‍സ് ആപ്പിൾ അയച്ചുകൊടുത്തു. ആ വഴിപാടുകളൊക്കെ നടത്താൻ എത്ര രൂപ ചിലവാകും എന്നതിൻ്റെ കണക്കും ചന്ദ്രേട്ടൻ പുറകെ പുറകെ അയച്ചു കൊടുത്തു. കണക്കു മുഴുവനും ഗണേശൻ കുത്തിയിരുന്നു കൂട്ടിനോക്കി. അവസാനം ഒന്ന് എന്ന അക്ഷരത്തിൻ്റെ വലതുവശം നീണ്ടു നിവർന്നു കിടന്നിരുന്ന ആറു പൂജ്യങ്ങൾ എണ്ണിയപ്പോൾ ഗണേശൻ്റെ കണ്ണ് തള്ളി പുറത്തുചാടി. പത്തു ലക്ഷം രൂപയുടെ എന്ത് വഴിപാടാണ് തൻ്റേയും എമിലിയുടേയും പേർക്ക് അച്ഛനും അമ്മയും കൂടി നാട്ടിലുള്ള അമ്പലങ്ങളിൽ നടത്താൻ പോകുന്നത് എന്നുചോദിക്കാനുള്ള ധൈര്യം ഗണേശനില്ലായിരുന്നു.  താനാണല്ലോ അന്യനാട്ടിൽ വന്നു ഒരു പെണ്ണിനെ കണ്ടതും ഇഷ്ടപെട്ടതും കല്യാണം കഴിച്ചതും. പൈസ അയച്ചില്ലെങ്കിൽ ഫോൺ വിളിച്ചു അച്ഛൻ തെറി തുടങ്ങും. കല്യാണ തലേന്ന് ഫോറസ്റ്റ് വില്ലിയിലെ നീഗ്രോകൾക്കു പാർട്ടി നടത്തിയപ്പോഴേ കൈയിലുള്ള പൈസ മുഴുവനും തീർന്നിരുന്നു. 150 പേർക്കുള്ള ചിക്കൻ കാലും മദ്യവുമാണ് 60 നീഗ്രോകൾ വന്നു തിന്നും കുടിച്ചും തീർത്തത്. അതുപോലൊരു തീറ്റിയും കുടിയും ഗണേശൻ ജീവിതത്തിൽ കണ്ടിട്ടില്ലായിരുന്നു. 
............

എമിലി അറിയാതെ ഗണേശൻ വിജയൻ്റെ കൈയിൽ നിന്നും പത്തു ലക്ഷം രൂപ കടം വാങ്ങി നാട്ടിലേക്കയച്ചു. ഡോളറിൻ്റെ വില കയറി നിന്നതുകൊണ്ട് ആ കണക്കിൽ ഗണേശന് കുറച്ചു ലാഭം കിട്ടി. വിജയന് ഡോളറായി പൈസ തിരിച്ചുകൊടുത്താൽ മതി.

...........
ഗണേശനയച്ച പൈസ നാട്ടിൽ കിട്ടേണ്ട താമസം , ഗണേശൻ്റെ അച്ഛനും അമ്മയും കൂടി വീട്ടിൽ വലിയൊരു ഹോമം നടത്തി. നാട്ടുകാരെ മുഴുവൻ ക്ഷണിച്ചു അഞ്ചു ദിവസം നീണ്ടുനിന്ന ആ ഹോമം എന്തിനായിരുന്നു എന്ന് എനിക്കും വിജയനും ഗണേശനും എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. എമിലിക്കും ഗണേശനും ഉള്ള ദോഷങ്ങൾ മാറാനാണ് എന്നായിരുന്നു നാട്ടിലെ സംസാരം. 
പക്ഷെ എമിലിയേയും ഗണേശനെയും നാട്ടിലെത്തിക്കാനുള്ള കൂടോത്രഹോമം എന്ന ആഭിചാര കർമ്മമാണ് അഞ്ചു ദിവസങ്ങളിൽ നടത്തപ്പെട്ടത് എന്നുള്ള വിവരം ഗണേശൻ്റെ അനിയനാണ് എന്നോട് പറയുന്നത്. ഗണേശൻ്റെ അനിയൻ വിനയചന്ദ്രന് ഈ കാര്യങ്ങളിലൊന്നും വലിയ വിശ്വാസമില്ല, പക്ഷേ വിനയനെ പോലെയല്ല ഗണേശൻ . അവന് ഈ കാര്യങ്ങളിൽ അവൻ്റെ അച്ഛനേയും അമ്മയെയും പോലെ ഭയങ്കര വിശ്വാസമാണ്.  സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് വന്നത് , ഗണേശൻ അയച്ച പൈസകൊണ്ട് ഗണേശനെ നാട്ടിലെത്തിക്കാൻ ഗണേശനും എമിലിക്കും എതിരായി കൂടോത്രഹോമം നടത്തുക. ഈ കാര്യം ഗണേശനോട് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. പത്താം ക്ലാസ്സിലെ പഠനസമയത്തു ഗണേശൻ്റെ കൂതി അടഞ്ഞുപോകാൻ പരൽ ബൈജു നടത്തി എന്ന് ഇപ്പോഴും ഗണേശൻ വിശ്വസിക്കുന്ന ഒരു കുരുതിയുടെ പേരിൽ പരൽ ബൈജുവിനോടു തോന്നുന്ന ഗണേശൻ്റെ പക ഇപ്പോഴും അടങ്ങിയിട്ടില്ല . അങ്ങനെയുള്ള ഗണേശനോട് ഞാൻ എങ്ങനെ പറയും , നീ അയച്ച പത്തുലക്ഷം രൂപ നിന്നെ തിരിച്ചു നാട്ടിലെത്തിക്കാനുള്ള ആഭിചാര കർമ്മങ്ങൾക്കാണ് വിനിയോഗിച്ചത് എന്നുള്ള കാര്യം. അതുകൊണ്ടുതന്നെ ഈ കാര്യങ്ങൾ ഞാൻ വിജയനോട് മാത്രം പറഞ്ഞു. പക്ഷെ ഞാനും വിനയനും ഞെട്ടിപ്പോയത് എമിലിയും ഗണേശനും നാട്ടിലെത്തിയപ്പോഴാണ്. നാട്ടിൽ വന്നു മാസങ്ങൾക്കുശേഷം എമിലി ഒരു ഷഡി നിർമ്മാണക്കമ്പിനി കേരളത്തിൽ കൂടി തുടങ്ങാൻ പദ്ധതിയിട്ടപ്പോൾ എൻ്റെ ഞെട്ടൽ പൂർണ്ണമായി. കൂടോത്ര ഹോമത്തിൻ്റെ ശക്തി കൊണ്ടാണോ എമിലി അങ്ങനെയൊരു തീരുമാനമെടുത്തത് എന്നൊരു സംശയം എനിക്കും തോന്നി തുടങ്ങി. അല്ലങ്കിലും പ്രകൃതിയിലെ ചില സംഭവങ്ങൾ ചിലരുടെ മനസ്സുപോലെ തന്നെ നിഗൂഡമാണ്.

*******

എമിലി കാർഡസ് എന്ന അമേരിക്കൻ യുവതി കേരളത്തിൽ ഒരു ഷഡി കമ്പനി തുടങ്ങാൻ ആലോചന നടത്തിയത് ചന്ദ്രേട്ടനും ഭാർഗവി ചേച്ചിയും ചേർന്നു നടത്തിയ കൂടോത്ര ഹോമത്തിൻ്റെ ശക്തി കൊണ്ടാണോ എന്നറിയാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായി. മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ പൂർണമായി വിശ്വസിക്കുന്ന മനസ്സല്ല എൻ്റെത് . കേരളത്തിൽ കൂടോത്രങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ പറ്റി ഞാൻ ചെറിയ രീതിയിൽ അന്വേഷണം നടത്തിത്തുടങ്ങി.  അന്വേഷണത്തിൽ പുതിയ കഥയ്ക്കുള്ള ഒരുപാടു മെറ്റീരിയൽസ് എനിക്ക് കിട്ടിത്തുടങ്ങി. കൗതുകമുണർത്തിയ സംഗതി എന്താണെന്നുവെച്ചാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആഭിചാര കർമ്മങ്ങൾ നടക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. രണ്ടാം സ്ഥാനത്തു ഞങ്ങളുടെ ആലപ്പുഴ ജില്ലയാണ്. രാജാവിൻ്റെ കാലത്തു തിരുവിതാംകൂർ കൊട്ടാരത്തിൽ നടന്ന ചില ആഭിചാര കർമ്മങ്ങൾക്ക് കാർമ്മികത്വവും വഹിച്ചിരുന്നത് ഇപ്പോൾ ആലപ്പുഴ ജില്ലയിലുള്ള ചില കുടുംബക്കാരാണ്. 

 നമ്മൾ കൂടോത്രത്തിൽ വിശ്വസിക്കുന്നവരുമായി ബന്ധപെട്ടു നിക്കുമ്പോൾ നമ്മളും എങ്ങനെ അതുപോലുള്ള കാര്യങ്ങൾ വിശ്വസിച്ചുപോകുന്നു എന്നത് ഇനിയുള്ള എഴുത്തു വായിക്കുമ്പോൾ നിങ്ങൾക്കു മനസ്സിലാകും എന്നുകരുതുന്നു. 

ദൈവം ഉണ്ടോ ? ദൈവത്തിനു നിരക്കാത്തതു ചെയ്താൽ ദൈവം നമ്മെ ശിക്ഷിക്കുമോ ? ദൈവത്തെ വിമർശിക്കുന്നവരെ ദൈവം പീഡിപ്പിക്കുമോ ? . 
ഇതിനെപ്പറ്റിയൊക്കെ എനിക്ക് യാതൊരുറപ്പും നിങ്ങളോട് പറയാൻ പറ്റില്ല. വിശ്വാസത്തിൻ്റെ കാര്യത്തിൽ പകുതി അവിശ്വാസിയാണ് ഞാൻ. എൻ്റെ യുക്തിക്കു നിരക്കാത്ത എത്ര വലിയ വിശ്വാസവും എനിക്ക് അവിശ്വാസമാണ്. പുറമേ വിശ്വാസിയായി തുടരുന്ന ഒരു അവിശ്വാസി എന്നായിരിക്കും എന്നെ ഞാൻ സ്വയം വിലയിരുത്തുക. 
----------

ഒരു ദിവസം രാവിലെ പതിനൊന്നു മണി സമയം . ഞാൻ ഷെയർ ട്രേഡിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് സ്റ്റുഡിയോയിൽ ഇരിക്കുകയാണ്. എൻ്റെ വിശ്വാസമനുസരിച്ചു ഒരു ഷെയറിനു വില കൂടുമോ ,കുറയുമോ എന്നറിയുന്നത് 11 നും 11 .30 നും ഇടയ്ക്കുള്ള സമയത്താണ്. എൻ്റെ (buy /sell ) ട്രാൻസാക്ഷൻ കൂടുതൽ നടന്നിരിക്കുന്നതും ഈ സമയത്താണ്. ആ സമയത്താണ് ഒരു ലാട വൈദ്യൻ സ്റ്റുഡിയോയിലേക്ക് കയറി വരുന്നത്. മുഷിഞ്ഞതെങ്കിലും ഐശ്വര്യമുള്ള മുഖം. ഭിക്ഷ ചോദിച്ചു വന്നതാണെന്ന് കരുതി ഞാൻ 10 രൂപ നീട്ടി. ലാടൻ പൈസ വാങ്ങാൻ കൂട്ടാക്കിയില്ല. അദ്ദേഹം തൻ്റെ തുണിസഞ്ചി താഴെവെച്ചു നിലത്തിരുന്നു. എൻ്റെ അനുവാദത്തിനു കാത്തുനിക്കാതെ എൻ്റെ കാലുകൾ രണ്ടും ചേർത്തുവെച്ചതിനു ശേഷം എന്തൊക്കെയോ ചില നിഗമനങ്ങളിൽ എത്താനെന്നതുപോലെ ചില മനകണക്കുകൾ കൂട്ടി . പിന്നീട് എൻ്റെ കാൽവിരലുകളുടെ നീളം അയാൾ തൻ്റെ വിരലുകൾ കൊണ്ടളന്ന് ചില കണക്കുകൂട്ടലുകൾ നടത്തി. - ഞാൻ ലാടൻ്റെ പ്രവർത്തികൾ കൗതുകത്തോടെ നോക്കിയിരുന്നു.

" ലോകം മുഴുവൻ അറിയപ്പെടുന്ന ഒരാളായി താങ്കൾ മാറും . അതിനു ചില തടസ്സങ്ങളുണ്ട് അതുകൂടി മാറി കിട്ടണം "

ലാടൻ്റെ പറച്ചിൽ എന്നിൽ ആവേശം നിറച്ചു. ഒന്നുരണ്ടു തിരക്കഥകൾ ഞാൻ സംവിധായകരെ കാണിച്ചിട്ട് ഇരിക്കുന്ന സമയമാണ്. എൻ്റെ കഥ ആർക്കെങ്കിലും സിനിമയാക്കണം എന്നു തോന്നിക്കാണുമോ ? ഇനി ആ സിനിമ കേറി ഹിറ്റാകുമോ ? സിനിമയ്ക്ക് വല്ല ഓസ്ക്കാറും കിട്ടുമോ ? 
ചിന്തകൾ ആകാശം മുട്ടെ ഉയർന്നുകൊണ്ടിരുന്നു. അപ്പോഴാണ് ലാടൻ്റെ ശബ്ദം എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

"ആ തടസ്സങ്ങൾ നീങ്ങിയാൽ ഐശ്വര്യദേവത താങ്കളിൽ വിളയാട്ടു   തുടങ്ങുകയായി "

ഞാൻ 100 രൂപ ലാടൻ്റെ മുന്നിൽ വെച്ചിട്ടു പറഞ്ഞു .- തടസ്സങ്ങൾ നീങ്ങാൻ എന്തു ചെയ്യണം എന്നുകൂടി പറഞ്ഞു തരണം.

ഞൻ കൊടുത്ത പൈസ എനിക്കുതന്നെ തിരിച്ചു നൽകി അദ്ദേഹം എൻ്റെ കൈരേഖ പരിശോധിച്ചു.

"തടസ്സങ്ങൾ മാറണമെങ്കിൽ നീലക്കോടുവേലിയുടെ കമ്പ് വീട്ടിൽ സൂക്ഷിക്കണം "

നീല കൊടുവേലിയെ പറ്റി ഞാൻ കേൾക്കുന്നത് ഒരു സിനിമയിലാണ്. തായ്‌ലൻഡിൽ നിന്നും കൊട്ടേഷനെടുത്തു നീലക്കൊടുവേലി അന്വേഷിച്ചു കേരളത്തിൽ വരുന്ന അധോലോക നായകനായ ഡ്യൂഡിനു (ആട് സിനിമയിൽ വിനായകൻ ചെയ്‌ത കഥാപാത്രം ) നീലക്കൊടുവേലി കൊടുക്കാതെ ആട് നീലക്കൊടുവേലി തിന്നുന്നതായിരുന്നു ആ സിനിമയുടെ കഥ. ആ അറിവല്ലാതെ നീലക്കോടുവേലിയെ കുറിച്ച് എനിക്ക് യാതൊരറിവും ഇല്ലായിരുന്നു. 
നീലക്കൊടുവേലി എവിടെ കിട്ടും എന്ന എൻ്റെ ചോദ്യത്തിന് അത് അന്വേഷിച്ചു കണ്ടുപിടിക്കണം എന്ന മറുപടിയാണ് ലഭിച്ചത്. 

നീല കൊടുവേലി കിട്ടാൻ ഞാൻ എവിടെയന്വേഷിക്കണം വൈദ്യരെ ?

വൈദ്യർ എന്ന എൻ്റെ വിളി ലാടനു സുഖിച്ചു. - എല്ലാവരും നീലക്കൊടുവേലി അന്വേഷിച്ചാൽ കിട്ടില്ല , അർഹതപെട്ടവരുടെ കൈയിലേ നീലക്കൊടുവേലി എത്തുകയുള്ളൂ .

അതുകൊണ്ടാണോ സിനിമയിൽ നീലക്കൊടുവേലി ആട് തിന്നുപോയത് . മനസ്സിൽ തോന്നിയ ചിന്ത ഞാൻ വൈദ്യരോട് പറഞ്ഞില്ല . അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് കാതോർത്ത് ഞാനിരുന്നു.

ചെമ്പോത്ത് (ഞങ്ങളുടെ നാട്ടിൽ ഈ പക്ഷിക്ക് ഉപ്പൻ എന്നാണ് പറയുക) എന്ന പക്ഷിക്ക് മാത്രമേ യഥാർത്ഥ നീലക്കൊടുവേലി അന്വേഷിച്ചു കണ്ടുപിടിക്കാനുള്ള കഴിവുള്ളു. ഞങ്ങളുടെ ഗോത്രത്തിലുള്ള പ്രായം ചെന്ന ചിലർക്ക് ചെമ്പോത്തിൻ്റെ കൂടു കണ്ടുപിടിക്കാനുള്ള കഴിവുണ്ട്. ചെമ്പോത്തിൻ്റെ കൂട് അത്ര പെട്ടെന്ന് മനുഷ്യർക്ക് കണ്ടെത്താൻ കഴിയില്ല. ഞങ്ങളുടെ ഗോത്രത്തിൽ ആരെങ്കിലും ചെമ്പോത്തിൻ്റെ കൂടു കണ്ടെത്തിയാൽ ആ കൂട്ടിൽ ചെമ്പോത്തു മുട്ടയിടാൻ ഞങ്ങൾ കാത്തിരിക്കും. മുട്ടയിട്ടുകഴിഞ്ഞു ചെമ്പോത്ത് കൂട്ടിലില്ലാത്ത സമയം ഞങ്ങൾ ചെമ്പോത്തിൻ്റെ മുട്ട ചെറു ചൂടുവെള്ളത്തിൽ മുക്കിയ ശേഷം വീണ്ടും കൂട്ടിൽ നിക്ഷേപിക്കും. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരേണ്ട സമയം കഴിയുമ്പോൾ ചെമ്പോത്ത് നീലക്കൊടുവേലി അന്വേഷിച്ചു പോകും. ചൂടുവെള്ളത്തിൽ വെച്ച മുട്ട വിരിഞ്ഞാൽ ഉറപ്പാണ് ,ചെമ്പോത്ത് നീല കൊടുവേലിയുടെ കമ്പ് കൂട്ടിൽ വെച്ചതിനു ശേഷമാണ് മുട്ട വിരിഞ്ഞത് എന്നുള്ളത്. കുഞ്ഞുങ്ങൾ പറന്നുപോയി ചെമ്പോത്ത് കൂടുപേക്ഷിച്ചാൽ ഞങ്ങൾ കൂടെടുക്കും.

വൈദ്യരുടെ കൈയിൽ നീലക്കോടുവേലിയുടെ കമ്പുണ്ടോ ?

എൻ്റെ കൈയിലില്ല , തമ്പിക്ക് നീലക്കൊടുവേലി കിട്ടും എന്നെൻ്റെ മനസ്സ് പറയുന്നുണ്ട്. അത് ചെമ്പോത്തിൻ്റെ കൂട്ടിൽ നിന്നുതന്നെയാകും. ഞങ്ങളുടെ ഗോത്രവിശ്വാസമനുസരിച്ചു ചെമ്പോത്തു ഇണചേരുന്ന കാണുന്നത് കാലക്കേട്‌ മാറി ഐശ്വര്യം വരുന്നതിൻ്റെ ലക്ഷണമാണ്. തമ്പിക്ക് ചെമ്പോത്ത് ഇണചേരുന്നത് കാണാൻ കഴിഞ്ഞാൽ ഉറപ്പിച്ചോളൂ , നീലക്കൊടുവേലി തമ്പിയുടെ കൈയിൽ വന്നുചേരും. 

ഞാൻ വീണ്ടും ചോദിച്ചു .- ചെമ്പോത്തിൻ്റെ കൂട്ടിലിരിക്കുന്ന നീലക്കൊടുവേലിയുടെ കമ്പ് എങ്ങനെ തിരിച്ചറിയും ?

അത് വളരെ പ്രയാസമുള്ള കാര്യമാണ് തമ്പി , ചെമ്പോത്തിൻ്റെ കൂടു കണ്ടുപിടിക്കാൻ സാധിച്ചാൽ കുഞ്ഞുങ്ങൾ വിരിഞ്ഞു പറന്നുപോയതിനുശേഷം കൂട് മുഴുവനായി എടുത്തു വീട്ടിൽ സൂക്ഷിച്ചാൽ മതിയാകും. അതിൽ നീലക്കോടുവേലിയുടെ കമ്പ് ഉണ്ടാകും. ഞങ്ങൾ നീലക്കോടുവേലിയുടെ കമ്പ് വേർതിരിച്ചെടുക്കുന്നത് ഒഴുക്കു ജലത്തിൽ ചെമ്പോത്തിൻ്റെ കൂട് ഇട്ടിട്ടാണ്. അതിന് ഒഴുക്കിൻ്റെ നില , വെള്ളത്തിൻ്റെ അളവ് , സൂര്യൻ്റെ സ്ഥാനം , അങ്ങനെ ഒരുപാട് കാര്യങ്ങൾ അറിയണം. ഇതൊന്നുമറിയാതെ ഒഴുക്കുജലത്തെ ആശ്രയിച്ചാൽ പരാജയം സംഭവിക്കും. അതുകൊണ്ടാണ് കൂട് മുഴുവനായി വീട്ടിൽ സൂക്ഷിക്കാൻ പറഞ്ഞത്. 

ഞാൻ എത്രയൊക്കെ നിർബന്ധിച്ചിട്ടും ലാടൻ പൈസ വാങ്ങാൻ കൂട്ടാക്കിയില്ല. - "തമ്പി പെരിയ ആളാകും ! ആ സമയം ഞാൻ വരികയാണെങ്കിൽ മാത്രം എനിക്കെന്തെങ്കിലും ദക്ഷിണ തരിക "
ഞാൻ അദ്ദേഹത്തെ നോക്കി ആദരപൂർവം കൈകൂപ്പി . അദ്ദേഹം എൻ്റെ തലയിൽ കൈവെച്ചു ഏതൊക്കെയോ ചില മന്ത്രങ്ങൾ ഉച്ഛരിച്ചു .

ഈ സംഭവങ്ങൾ നടക്കുന്ന സമയത്തു വീടിൻ്റെ പുറകുവശം കാടുപിടിച്ച നിലയിലായിരുന്നു . മഴ തോർന്നുനിന്ന ഒരുദിവസം രാവിലെ ചെമ്പോത്തുകൾ ഇണ ചേരുന്ന മനോഹര ദൃശ്യം എനിക്ക് കാണാൻ സാധിച്ചു. ലാടൻ പറഞ്ഞ അടയാളമനുസരിച്ചു ചെമ്പോത്ത് ഇണ ചേർന്ന സ്ഥലത്തിൻ്റെ ചുറ്റുവട്ടത്തു തന്നെയാകും കൂട് കെട്ടുക. പിന്നീടുള്ള ദിവസങ്ങൾ ഞാൻ ചെമ്പോത്തിനെ നിരീക്ഷിച്ചു തുടങ്ങി. എല്ലാ ദിവസവും ചെമ്പോത്തിനെ എനിക്ക് കാണാൻ സാധിക്കുന്നുണ്ട് .പക്ഷെ കൂട് എവിടെയാണ് കെട്ടുന്നത് എന്നെനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല. കൂട് കാണിക്കാതെ ചെമ്പോത്ത് എല്ലാദിവസവും എന്നെ പറ്റിച്ചുകൊണ്ടിരുന്നു. 

ആ കാലഘട്ടങ്ങളിൽ ഈ സംഭവങ്ങളൊക്കെ നടക്കുന്ന സമയത്തു ഞങ്ങൾ സുഹൃത്തുക്കൾ എല്ലാ മലയാളമാസത്തിലെ രണ്ടാം തീയതിയും സ്ഥിരമായി ശബരിമലയ്ക്കു പോകുമായിരുന്നു. വൃശ്ചികം , മകരമാസങ്ങൾ ഒഴിച്ച് ശബരിമലയിൽ തിരക്കു കുറവുള്ള മറ്റു മാസങ്ങളിൽ രണ്ടാം തീയതി ഞങ്ങൾ ശബരിമലയിൽ ഉണ്ടാകും. ഇരുമുടി കെട്ടില്ലാതെ തൊഴാൻ വേണ്ടി മാത്രം പോകുന്ന യാത്ര അത്യന്തം രസകരമായിരുന്നു. 

സന്നിധാനത്തെ മാളികപ്പുറത്തമ്മയുടെ നടയുടെ സമീപം മണിമണ്ഡപത്തിൽ കൊട്ടി പാടി ദോഷങ്ങൾ മാറ്റുന്ന ഒരുവിഭാഗം ആദിവാസി കൂട്ടരുണ്ട് . അവർ ഉടുക്ക് പോലുള്ള ഒരു വാദ്യോപകരണം കൊട്ടിയാണ് പാടുക . അയ്യപ്പസ്വാമിയുടെ അടുത്ത ബന്ധുക്കളായിട്ടാണ് മണിമണ്ഡപത്തിൽ ഇരുന്നു കൊട്ടിപ്പാടി ദോഷങ്ങൾ മാറ്റുന്ന ആദിവാസികളെ കണക്കാക്കുന്നത്. - അയ്യപ്പൻ പനി ബാധിച്ചു കിടന്നപ്പോൾ ശിവപാർവ്വതിമാർ ഈ ആദിവാസി സമൂഹത്തിലുള്ളവരുടെ വേഷം ധരിച്ചു കൊട്ടാരത്തിൽ ചെന്ന് കൊട്ടിപ്പാടി അയ്യപ്പൻ്റെ പനി മാറ്റി എന്നാണ് വിശ്വാസം. 

ഞാൻ മാളികപ്പുറത്തമ്മയെ തൊഴുതു മണിമണ്ഡപത്തിലെത്തി. അവിടെ കൊട്ടിപാടിക്കൊണ്ടിരുന്ന ആദിവാസിക്ക് എൻ്റെ സ്റ്റുഡിയോയിൽ വന്നു നീലക്കൊടുവേലിയുടെ ഗുണങ്ങൾ വിവരിച്ചുതന്ന ആദിവാസിയുടെ മുഖച്ഛായ ഉള്ളതുപോലെ തോന്നി. ഞാൻ പേരും ജന്മ നക്ഷത്രവും പറഞ്ഞു ആദിവാസിക്കുമുന്നിൽ പാടാനിരുന്നു. ശേഷം അൻപതുരൂപ ദക്ഷിണ വെച്ചത് അദ്ദേഹത്തിൽ സന്തോഷം ഉളവാക്കി. അദ്ദേഹം സൗഹൃദം ഭാവിച്ചു എന്നെനോക്കി ചിരിച്ചു. ഞാൻ ആലപ്പുഴയിൽ നിന്നാണ് വരുന്നത് എന്നുപറഞ്ഞു പരിചയപ്പെട്ടു തുടങ്ങി.

ഞാൻ പത്രത്തിൽ ജോലി ചെയ്യുന്ന ആളാണ് . എനിക്ക് നിങ്ങളുടെ ഊരിനെ പറ്റി കൂടുതൽ അറിയണമെന്നുണ്ട് . ഊരിൽ വന്നു കുറച്ചു ഫോട്ടോകൾ എടുക്കാനുള്ള അവസരം ഉണ്ടാക്കി തരുമോ ?.

മൂപ്പൻ സമ്മതിച്ചാൽ മാത്രമേ ഊരിൽ താമസിക്കാൻ പറ്റൂ , അടുത്തമാസം വരുമ്പോൾ മൂപ്പനോട് ചോദിച്ചു മറുപടി പറയാം. നിങ്ങളുടെ ഊര് എവിടെയാണ് എന്നുചോദിച്ചപ്പോൾ അയാൾ ദൂരെയുള്ള ഒരു മലയാണ് ചൂണ്ടി കാണിച്ചത്. 

നീലക്കൊടുവേലി നിങ്ങൾ എങ്ങനെ തിരിച്ചറിയും ? - എൻ്റെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ ആദിവാസി എന്നെ തുറിച്ചുനോക്കി . അയാൾക്ക്‌ സംശയമായി.  " നീല കൊടുവേലി എല്ലാവർക്കും കിട്ടില്ല, ചെമ്പോത്ത് കാണിച്ചുതരുന്ന വഴിയിലൂടെ പോകണം ,അർഹതപ്പെട്ടവർക്കേ ചെമ്പോത്ത് വഴി കാണിച്ചുകൊടുക്കൂ."

മലയിറങ്ങുന്ന സമയം എനിക്കുമനസ്സിലായി നീലക്കൊടുവേലി ഒരിക്കലും എനിക്ക് കിട്ടാൻ പോകുന്നില്ല, ഇത്  ആദിവാസി സമൂഹത്തിൽ ചൊല്ലിയുറച്ചുപോയ ഒരു നാടോടിക്കഥയാണിത് .അതിനു പരിഷ്‌കൃതരായ നഗരവാസികൾ ഒരു ദൈവികപരിവേഷം കൊടുത്തു വേറൊരു കഥയുണ്ടാക്കി. 

നീ ശ്രമിച്ചാൽ ഏതുകാര്യവും സാധിക്കുമെങ്കിൽ പിന്നെന്തിനാണ് ചെമ്പോത്തിൻ്റെ കൂടന്വേഷിച്ചു നീലക്കൊടുവേലി തേടിനടക്കുന്നത് . ശ്രമിച്ചാലല്ലേ വിജയിക്കുവോ എന്നറിയാൻ കഴിയൂ ! അയ്യപ്പസ്വാമി പറയുന്നതുപോലെ എനിക്ക് തോന്നി .
ഞാൻ സിനിമയിൽ എത്തപ്പെടാൻ തീവ്രമായി ആഗ്രഹിച്ചിരുന്ന സമയത്താണ് നീലക്കോടുവേലിയുമായി ബന്ധപ്പെട്ടുകിടക്കുന്ന കഥയിൽ ആകൃഷ്ടനായി വീഴുന്നത്. നീലക്കോടുവേലിയുടെ ഐശ്വര്യം എൻ്റെ ആഗ്രഹ പൂർത്തീകരണത്തിന് സഹായിക്കും എന്ന് എൻ്റെ ഉപബോധമനസ്സ് വിശ്വസിച്ചിരിക്കാം. ഇതുപോലെയാണ് പല സാധാരണ മനുഷ്യരും ചില മന്ത്രവാദികളുടെ വലയിൽ പെട്ടുപോകുന്നത്. 

ഈ കഥയ്ക്ക് ഒരു വാൽക്കഷണം കൂടിയുണ്ട്. പുരാവസ്തു തട്ടിപ്പു പോലെ ചില തരികിട കച്ചവടങ്ങളുമായി നടക്കുന്ന 35 വയസ്സുള്ള ഒരു സുന്ദര കുട്ടപ്പൻ എറണാകുളത്തുള്ള ഒരു പ്രശസ്ത വ്യക്തിയുടെ അമ്മയ്ക്ക് 50,000 /- രൂപയ്ക്കു നീലക്കൊടുവേലിയുടെ 15 cm നീളമുള്ള ചുള്ളിക്കമ്പ് കൊടുക്കുന്നു. ഇപ്പോഴുള്ള ഉയർച്ചയുടെ നാലിരട്ടി ഉയർച്ചയും ഐശ്വര്യവും വയനാടൻ തട്ടിപ്പുകാരൻ വാഗ്ദാനം ചെയ്തു. ആ വാഗ്‌ദാനത്തിൽ നമ്മുടെ പ്രശസ്ത താരത്തിൻ്റെ അമ്മയും വീഴുകയാണ് സുഹൃത്തുക്കളേ !...

പൂജകൾക്ക് ശേഷം നീലക്കൊടുവേലി താരത്തിൻ്റെ വീട്ടിലെ പൂജാമുറിയിൽ പ്രതിഷ്ഠിക്കപെട്ടു. വർഷം ഒന്നുകഴിഞ്ഞപ്പോളാണ് അമ്മയ്ക്കും മകൾക്കും തട്ടിപ്പ് മനസ്സിലായത്. അമ്മ വയനാടൻ തട്ടിപ്പുകാരനേക്കാൾ ഒരുപടി മുന്നിലായതുകൊണ്ടു ധനനഷ്ടം വരാതെ രക്ഷപെട്ടു. അവർ നീലക്കൊടുവേലിയുടെ മഹത്വം സിനിമയിലേയ്ക്ക് ഒരു ചാൻസിനുവേണ്ടി വഴിക്കണ്ണുമായി കാത്തിരിക്കുന്ന പെൺകുട്ടികളുടെ അമ്മമാരോട് പറയുന്നു. തൻ്റെ മകൾക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത് നീലക്കൊടുവേലി കൈവശം വെച്ചതുകൊണ്ടാണെന്നു തട്ടിവിട്ടു. നീലക്കൊടുവേലിയുടെ മഹത്വത്തെ പറ്റി ഒരുമണിക്കൂർ നീണ്ടുനിന്ന ഒരു പ്രഭാഷണം തന്നെ തള്ളച്ചി നടത്തി. ഇതുകേട്ട് നാലഞ്ച് സുന്ദരി പെൺകുട്ടികളുടെ തള്ളമാർ നീലക്കൊടുവേലി തപ്പിയിറങ്ങി. ദിവസം ചെല്ലുംതോറും നീലക്കോടുവേലിക്ക് ഡിമാൻഡ് കൂടികൊണ്ടിരുന്നു. നീലക്കോടുവേലിക്കു ആവശ്യത്തിലധികം ഡിമാൻഡ് ആയി എന്നുമനസ്സിലാക്കിയപ്പോൾ നടിയുടെ അമ്മ കച്ചവടത്തിനിറങ്ങി. അവർ സുന്ദരികളായ പെൺകുട്ടികളുടെ അഞ്ചു തള്ളമാരേയും വീട്ടിലേയ്ക്കു ക്ഷണിച്ചു.  എനിക്ക് നിങ്ങളോട് ആത്മ ബന്ധം തോന്നിയ നിലയ്ക്ക് എൻ്റെ കൈയിലുള്ള നീലക്കൊടുവേലിയുടെ കമ്പിൽ നിന്നും കുറച്ചു മുറിച്ചു നിങ്ങൾക്ക് വീതിച്ചു തരാൻ പോകുകയാണ്. ഈ നീലക്കൊടുവേലി നിങ്ങൾ കൈയിൽ വൈയ്ക്കുമ്പോൾ അറിയാം ജീവിതത്തിൽ വരുന്ന വെത്യാസം. ഉള്ളിൽ കിടക്കുന്ന കൈവിഷത്തെ പോലും നിർവീര്യമാക്കി കളയുന്ന ശക്തിയാണ് നീലക്കൊടുവേലിക്കുള്ളത്. തള്ള 15 cm നീളമുള്ള നീലക്കൊടുവേലിയുടെ ചുള്ളിക്കമ്പ്  3 cm വീതമുള്ള 5 കഷണങ്ങളായി മുറിച്ചു. ഒരു കമ്പിന് 50 ,000 /- രൂപവെച്ചു അഞ്ചുസുന്ദരികളുടെ അമ്മമാർക്ക് വിതരണം ചെയ്തു. അമ്മമാർ എല്ലാവരും ഹാപ്പിയായി. തള്ള കിലുക്കം സിനിമയിലെ കിട്ടുണ്ണി ലോട്ടറിയടിച്ചു വീഴുന്നതുപോലെ വീഴാതിരിക്കാൻ വളരെയധികം പാടുപെട്ടു.

***********

അമേരിക്കയിലെ മിന്നിസോട്ട സ്റ്റേറ്റിൽ താമസിക്കുന്നവർ ഒരുപാടു പ്രകൃതി ദുരന്തങ്ങളെ എല്ലാവർഷവും നേരിടേണ്ടി വരാറുണ്ട്. ഇടയ്ക്കിടയ്ക്ക് വീശിയടിക്കുന്ന ടൊർണാഡോയും (Tornado ) മിസിസിപ്പി നദി നിറഞ്ഞുകവിയുമ്പോൾ ഉണ്ടാകുന്ന വെള്ളപ്പൊക്കവും പലപ്പോഴും അവിടുത്തെ ജനജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ സുപ്പീരിയർ ലേക്കിൽ (Superior Lake) നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റ് കടുത്ത ചൂടുകാലത്തും ഒരു എയർ കണ്ടിഷൻ ചെയ്ത് മുറിയുടെ ഉള്ളിലുള്ള തരം കാലാവസ്ഥ മിന്നിസോട്ട എന്ന പ്രദേശത്തിന് സമ്മാനിക്കുന്നു. സമ്മർ ചൂട് കൂടിയതും വരണ്ടതുമാണ്.എങ്കിലും അന്തരീക്ഷത്തിന് 20 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. തണുപ്പു കാലമായാൽ താപനില മൈനസ് 14 ഡിഗ്രി  വരെ താഴാറുണ്ട്. ഈ അവസ്ഥയിൽ ആരോഗ്യം കുറഞ്ഞ ഒരാൾക്ക് മിന്നിസോട്ടയിൽ പിടിച്ചുനിക്കാൻ കഴിയാറില്ല. ദേശാടനപക്ഷികൾ തണുപ്പ് കാലത്തു അവരുടെ താമസസ്ഥലം വിട്ട് യാത്രയാകുന്നതുപോലെ പലരും നല്ല കാലാവസ്ഥയുള്ള സ്ഥലങ്ങൾ തേടി പോകും. മിസിസിപ്പി നദിയും സുപ്പീരിയർ തടാകവും വീശിയടിക്കുന്ന തണുത്ത കാറ്റുമാണ് മിന്നിസോട്ടയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നത്. ലോകത്തിലെ മുഴുവൻ ശുദ്ധ ജലത്തിൻ്റെ 10 % ൽ അധികം സുപ്പീരിയർ തടാകത്തിലാണുള്ളത്. ചൂടുകാലത്തുപോലും സുപ്പീരിയർ തടാകത്തിലെ ഉപരിതല ഊഷ്മാവ് 18 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കും. ഈ തടാകത്തിൽ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റ് ഒരു എയർ കണ്ടീഷണർ മുറിയെ തണുപ്പിക്കുന്നതുപോലെ മിന്നിസോട്ട എന്ന പ്രദേശത്തെ മുഴുവനായി തണുപ്പിച്ചുകൊണ്ടിരിക്കുന്നു. എയർ കണ്ടീഷനറിൽ നിന്നും വരുന്ന തണുപ്പിനെ നമുക്ക് നിയന്ത്രിക്കാം, സുപ്പീരിയർ തടാകത്തിൽ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റിനെ ഒരിക്കലും മിന്നിസോട്ടയിൽ താമസിക്കുന്ന ജനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. തണുപ്പുകാലത്തു മിനിസോട്ടയിലെ താപനില -12 വരെ താഴ്ന്ന് ജനങ്ങളെ തണുപ്പിച്ചുകൊണ്ടിരുന്നു.

തണുപ്പുകാലം ആർത്രറ്റിസ് രോഗികൾക്ക് മോശം കാലമാണ്. എമിലിക്ക് ആർത്രെറ്റിസിൻ്റെ (Arthritis) ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് ഗണേശനുമായുള്ള കല്യാണത്തിന് ശേഷമാണ്. തണുപ്പ് കാലമായപ്പോൾ എമിലിക്ക് വേദന കലശലായി. ഡോക്ടറുടെ നിർദേശ പ്രകാരം സൗത്ത് അമേരിക്കയിലുള്ള ഫ്ലോറിഡ എന്ന സ്റ്റേറ്റിലേയ്ക്ക് എമിലിയും ഗണേശനും മാറി താമസിച്ചു. ഫ്ലോറിഡ തണുപ്പ് അധികമുള്ള പ്രദേശമല്ല.  ഒരുമാസം കഴിഞ്ഞു എമിലിയും ഗണേശനും വീണ്ടും ഡോക്ടറെ കണ്ടു. ആ കൂടിക്കാഴ്ചയിലാണ് എമിലിയുടെ ഭർത്താവ് ഇന്ത്യൻ ആണെന്നുള്ള വിവരം ഡോക്ടർ അറിയുന്നത്. 
ഡോക്ടർ പറഞ്ഞു , ഈ അസുഖത്തിന് മരുന്നില്ല. കാലാവസ്ഥയുടെ മാറ്റങ്ങൾക്കനുസരിച്ചാണ് അസുഖം കൂടുന്നതും കുറയുന്നതും. ആറു മാസം ഇന്ത്യയിലും ആറു മാസം അമേരിക്കയിലും ആയുള്ള ഒരു ജീവിതം പ്ലാൻ ചെയ്യുക. അല്ലെങ്കിൽ അമേരിക്കയിൽ തന്നെ തണുപ്പ് കുറവുള്ള വേറെ ഏതെങ്കിലും സ്റ്റേറ്റിലേയ്ക്ക് മാറി താമസിക്കുക. ഈ ചെറുപ്രായത്തിൽ തന്നെ മരുന്നുകൾ അധികം കഴിച്ചു ആരോഗ്യം നശിപ്പിക്കണ്ട. അമേരിക്കയിലെ മിക്ക ആളുകളും ഈ രാജ്യത്തേയ്ക്കു കുടിയേറിയവരാണ്. എമിലിക്ക് അറിയാത്ത നാലഞ്ചു തലമുറ പുറകിലുള്ള എമിലിയുടെ പൂർവികർ ചിലപ്പോൾ വേറേ ഏതെങ്കിലും ദേശത്തുള്ളവർ ആയിരിക്കും. 

ഡോക്ടർ പറഞ്ഞതനുസരിച്ചു അടുത്തവർഷം ജനുവരിയിലുള്ള കടുത്ത തണുപ്പിൽ നിന്നും മുക്തി തേടി മിന്നിസോട്ടയിൽ നിന്നും എമിലിയും ഗണേശനും കേരളത്തിലേയ്ക്കു വിമാനം കയറി. കേരളത്തിലെത്തി ഒരു മാസത്തെ സൺ ബാത്ത് കഴിഞ്ഞപ്പോൾ എമിലി പഴയ ആരോഗ്യം വീണ്ടെടുത്തു. ഗണേശൻ എമിലിയെ മലയാളം വാക്കുകൾ പഠിപ്പിച്ചിരുന്നതു കൊണ്ട് മറ്റുള്ളവർ പറയുന്ന മലയാളം എമിലിക്ക് മനസ്സിലാക്കുവാൻ സാധിച്ചു. എമിലി ഗണേശൻ്റെ വീട്ടുകാരും ബന്ധുക്കളുമായി വളരെവേഗം അടുത്തു. 

എമിലിയും ഗണേശനും എൻ്റെ വീട്ടിൽ സൗഹൃദ സന്ദർശനത്തിന് വന്നപ്പോഴാണ് എമിലി ചെയ്യുന്ന ഒരു പ്രവർത്തി ഞാൻ ശ്രദ്ധിക്കുന്നത്. പുറത്തെ അയയിൽ ഉണക്കാനിട്ടിരുന്ന ഷഡിയിൽ സൂക്ഷ്മ നിരീക്ഷണം നടത്തുന്ന എമിലിയെ ഞാൻ നേരിട്ട് കണ്ടു. എന്തിനായിരിക്കും എമിലി ഷഡിയിൽ സൂക്ഷ്മ നിരീക്ഷണം നടത്തിയത്?.  മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി. ഈ കാര്യം ഗണേശനോട് പറഞ്ഞാൽ അവൻ എന്ത് കരുതും.

രണ്ടു ദിവസം കഴിഞ്ഞു ഗണേശനെ തിരക്കി അവൻ്റെ വീട്ടിൽ ചെന്ന ഞാൻ ആ കാഴ്ച കണ്ടു തരിച്ചു നിന്നുപോയി. ഉണക്കാൻ നിരത്തി അയയിൽ ഇട്ടിരിക്കുന്ന ആണുങ്ങളുടെ ജെട്ടിയുടെ ഫോട്ടോ എമിലി ക്യാമറയിൽ പകർത്തുന്നു. എൻ്റെ സമാധാനം പോയിക്കിട്ടി. ഈ കാര്യം ഗണേശനോട് പറയാതെ എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിയില്ല എന്ന സ്ഥിതിയായി. ഉറക്കം വരാതെ സ്വസ്ഥത കെട്ട് തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ നിവൃത്തിയില്ലാതെ ഞാൻ ഭാര്യയെ വിളിച്ചുണർത്തി കാര്യം പറഞ്ഞു. ഉറക്കം നഷ്ടപെട്ട ദേഷ്യത്തിലും ഭാര്യ ഞാൻ പറഞ്ഞതു മുഴുവനും കേൾക്കാൻ സന്മനസ്സ് കാണിച്ചു. അവർക്ക് മാനസികമായി എന്തെങ്കിലും പ്രശ്‍നം കാണും എന്ന രീതിയിൽ ഭാര്യ വിധിയെഴുതി വീണ്ടും കിടന്നുറങ്ങി. ഏതായാലും ഈ പ്രശ്‍നം മറ്റുള്ളവർ അറിഞ്ഞു നാണക്കേടാകുന്നതിനുമുമ്പ് ഗണേശനോട് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു. 

കുറച്ചു സമയമെടുത്തു ഈ വിഷയം ഗണേശന് മുന്നിൽ അവതരിപ്പിക്കാൻ. അവനിൽ നിന്ന് ഞാൻ പ്രതീക്ഷിച്ച പ്രതികരണമല്ല വന്നത്. അവൻ ഞെട്ടിയില്ല. യാതൊരു ഭാവവ്യത്യാസവും എനിക്ക് ഗണേശനിൽ കാണാൻ സാധിച്ചില്ല. വളരെ നിസ്സാരമട്ടിൽ അല്പം പൊങ്ങച്ചം കലർത്തി അവൻ പറഞ്ഞു. 

എമിലി കാർഡസ് ഗണേശൻ എന്ന എൻ്റെ ഭാര്യ അമേരിക്കയിലെ വലിയ ഒരു ഷഡി നിർമ്മാണ കമ്പനിയുടെ ഉടമസ്ഥയാണ്. അവർ കേരളത്തിൽ വന്നപ്പോൾ ഉണക്കാനിടുന്ന ഷഡികൾ നിരീക്ഷിച്ചു തുടങ്ങിയത് സ്വാഭാവികമായ ഒരു പ്രതിഭാസമാണ്. ഷഡി നിർമ്മാണ കമ്പനിയുടെ ഉടമസ്ഥയായ അവർ ഷഡിയല്ലാതെ വേറെ എന്താണ് നിരീക്ഷിക്കുക. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ ?

നീ ഇതുവരെ പറഞ്ഞത് വളരെ വളരെ ശരിയാണ്. 

അവൻ തുടർന്ന് പറഞ്ഞു. - അന്ന് ഞാൻ അമേരിക്കയിലേയ്ക്ക് പോയപ്പോൾ കൂടെ കൊണ്ടുപോയത് പുതിയ ജെട്ടികളായിരുന്നു. തിരിച്ചു വന്നപ്പോൾ പഴയ ജെട്ടികളെല്ലാം ഭദ്രമായി അലമാരയിൽ തന്നെയുണ്ട്. അവൾ വന്ന ദിവസം സൂക്ഷ്മ പരിശോധന നടത്തിയത് എൻ്റെ പഴയ ഷഡികളിലായിരുന്നു. അതിനുശേഷം അവൾ ഒരു ചോദ്യം എന്നോട് ചോദിച്ചു.  ഈ ഷഡികളിലെല്ലാം ഇത്രയും തുളകൾ എങ്ങനെ വന്നു. 

നീ ഇടുന്ന ഊച്ചിൻ്റെ ശക്തി കൊണ്ടാണ് ഷഡിക്ക് തുളകൾ  വീണത് എന്ന് പറയാൻ വയ്യാരുന്നോ?

മൈ ...., അമേരിക്കയിൽ പോയേ പിന്നെ ഞാൻ തെറികൾ മറന്നിരിക്കുവാണ്. ആ എന്നെ കൊണ്ട് വീണ്ടും തെറിപ്പാട്ട് പാടിപ്പിക്കരുത്. ഊച്ചിടുമ്പോൾ തുള വീഴാനാണെങ്കിൽ ഞാൻ അമേരിക്കയിൽ വെച്ച് എത്ര ഊച്ചിട്ടിരിക്കുന്നു, അപ്പോഴൊന്നും തുളകൾ വീണിട്ടില്ല. പ്രശ്‍നം അവിടം കൊണ്ട് തീർന്നില്ല. എമിലിയും ഞാനും ബന്ധുവീടുകളിലൊക്കെ സന്ദർശനം നടത്തിയപ്പോൾ കഴുകി ഉണക്കാനിട്ട എല്ലാ ഷഡികളും എമിലി നിരീക്ഷിക്കാൻ തുടങ്ങി. ഇവിടുള്ളവർ ഇടുന്ന മിക്ക ഷഡികൾക്കും തുള വീഴുന്നുണ്ട്, അത് എന്തുകൊണ്ട് എന്നു കണ്ടുപിടിക്കുകയാണ് ഇപ്പോൾ എമിലിയുടെ പ്രധാന പണി. ഷഡികൾക്ക് എന്തുകൊണ്ട് തുള വീഴുന്നു എന്നറിയാൻ എമിലി നടത്തുന്ന ഗവേഷണത്തിൽ ഞാൻ പങ്കെടുക്കുന്നില്ല എന്നതാണ് ഇപ്പോൾ അവളുടെ പ്രധാന പരാതി. നിനക്ക് എന്നെ സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കുക. സഹായിക്കുമോ ? 

എന്തുകൊണ്ട് കേരളത്തിലെ ആളുകൾ ഇടുന്ന ഷഡികൾക്ക് തുളകൾ വീഴുന്നു? 

സഹായിക്കാൻ പറ്റുമോ ? പറ്റില്ലാല്ലേ ? പറ്റില്ല ,എനിക്കറിയാം !

ഞാൻ പറഞ്ഞു - അത് കേരളത്തിലെ ആൾക്കാർ കഴിക്കുന്ന ഭക്ഷണത്തിൻ്റെ പ്രത്യേകത കൊണ്ടാണ് !

ആഹാരവും ഷഡികൾക്ക് വീഴുന്ന തുളകളും തമ്മിൽ എന്താടാ ബന്ധം ?

എടാ പൊട്ടാ.., നീ ഈ ലോകത്തിലല്ലേ ജീവിക്കുന്നത് ?

ഞാനിപ്പോൾ അമേരിക്കൻ പൗരനാ..പക്ഷെ പണ്ടേ ഞാനൊരു ഇന്ത്യൻ പൗരനാ, അതുകൊണ്ടു നീ കാര്യം പറ മോനേ !

ഗണേശൻ മദ്യം നിറച്ചിരുന്ന ഗ്ലാസ് കാലിയാക്കി എൻ്റെ മുഖത്തു തന്നെ കണ്ണും നട്ടിരുന്നു, - ഞാൻ പറഞ്ഞു തുടങ്ങി .

നമ്മൾ കേരളിയർ ഉപയോഗിക്കുന്ന തീവ്ര മസാല കൂട്ടുകളുടെ അധികമായ എരിവും പുളിയും ഉപ്പും എണ്ണയും പലതരം ഗ്യാസുകൾ നമ്മുടെ വയറ്റിൽ ഉല്പാദിപ്പിക്കുന്നതിനു കാരണമാകുന്നുണ്ട്. നമ്മൾ ഇടയ്ക്കു വിടുന്ന ഊച്ച് എന്ന കീഴ് വായുവിലുള്ള ചില വിഷവാതകങ്ങളുടെ പ്രവർത്തനം ഷഡി പെട്ടെന്ന് ഉറഞ്ഞു പോകുന്നതിനു കാരണമാകുന്നു. മലയാളികൾ പലരും ഷഡി എല്ലാ ദിവസവും കഴുകി ഉപയോഗിക്കുന്നവരല്ല . പ്രത്യേകിച്ചു ബാച്ചിലേഴ്‌സ്.

നീ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന സമയം ഷഡി എത്ര ദിവസം കൂടുമ്പോൾ കഴുകുമായിരുന്നു? 

അന്നെനിക്ക് രണ്ടു ഷഡിയേ ആകെ ഉണ്ടായിരുന്നുള്ളു ! ഞാനതു രണ്ടു ദിവസം കൂടുമ്പോൾ കഴുകുമായിരുന്നു.

ഹ്യൂമിഡിറ്റി (Humidity) ഏറ്റവും കൂടുതലുള്ള പ്രദേശമാണ് കേരളം. ഹ്യൂമിഡിറ്റി കൂടുതലുള്ള പ്രദേശങ്ങളിലെ ആളുകളുടെ ശരീരം ഉല്പാദിപ്പിക്കുന്ന വിയർപ്പിലെ ചില രാസ തന്മാത്രകൾ ഷഡിയെ പെട്ടെന്ന് ദ്രവിപ്പിച്ചു തുളകൾ വീഴ്ത്തുന്നതിനു കാരണമാകുന്നുണ്ട്. അന്നന്ന് ഉപയോഗിക്കുന്ന ഷഡി അന്നന്ന് തന്നെ കഴുകിയാൽ ഷഡിയിൽ തുളകൾ വീഴുന്നത് കുറയ്ക്കാൻ പറ്റും. ഇന്നത്തെ കാലത്തു ഒരുപാടു ഷഡിയുള്ളവരും വൈകിട്ടു വന്നു ഷഡി ഊരി കഴുകാനുള്ള ബാസ്കറ്റിൽ ഇടും. ആ ഷഡി ഞായറാഴ്ച വരെ ബാസ്കറ്റിൽ കിടക്കും. ഷഡിയിൽ പറ്റിയ വിയർപ്പ് അപ്പോഴേയ്ക്കും ഷഡിയെ ദ്രവിപ്പിച്ചു തുടങ്ങി ഷഡിയിൽ തുളകൾ വീഴ്ത്താൻ തുടങ്ങിയിരിക്കും. 

ഞാൻ ഇത് പറഞ്ഞു തീർന്ന സമയം  ഒന്നും മിണ്ടാനാവാതെ ഗണേശൻ കുറച്ചുസമയം എന്നെ തന്നെ തുറിച്ചുനോക്കി നിന്നു. ഇതുവരെ കാണാത്ത ഒരു ഭാവം ഞാൻ ഗണേശൻ്റെ മുഖത്ത് കണ്ടു. പെട്ടെന്ന് ഞാൻ എന്തോ വലിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നു എന്ന രീതിയിൽ അവൻ തുള്ളിച്ചാടി ഒച്ചയുണ്ടാക്കാൻ തുടങ്ങി. യാഹൂ ...യാഹൂ ...

യാഹൂ ..യാഹൂ ! എന്നുള്ള അവൻ്റെ ഉറക്കെയുള്ള കൂക്കുവിളി കേട്ട് കുന്നേൽ വക്കച്ചൻ്റെ പറമ്പിൽ തെങ്ങിന് വളമിട്ടുകൊണ്ടു നിന്ന കുഞ്ഞച്ചൻ ചേട്ടൻ ഓടി പാഞ്ഞു ഞങ്ങളുടെ അടുത്തെത്തി . ഓടി കിതച്ചുവന്നു കുഞ്ഞച്ചൻ ചേട്ടൻ  പട്ടിയെപ്പോലെ ഞങ്ങളുടെ മുന്നിൽനിന്നു അണച്ചുതുടങ്ങി. കുഞ്ഞച്ചൻ ചേട്ടൻ്റെ അണപ്പൽ മാറ്റാനായി ഞങ്ങൾ കഴിച്ചുകൊണ്ടിരുന്ന സ്കോച്ചു വിസ്കിയിൽ നിന്നും ലാർജ് തന്നെ ഒഴിച്ചു കുഞ്ഞച്ചൻ ചേട്ടന് കൊടുത്തു. ഒറ്റ പിടുത്തതിന് ഗ്ലാസ് കാലിയാക്കി കുഞ്ഞച്ചൻ ചേട്ടൻ വിശ്രമിക്കാനായി കസേരയിൽ ഇരുന്നു. അപ്പോഴും ഗണേശൻ സന്തോഷം സഹിക്കാൻ വയ്യാതെ പട്ടി ഓരിയിടുന്നതുപോലെ യാഹൂ ...യാഹൂ ....എന്ന് മോങ്ങിക്കൊണ്ടിരുന്നു. അവൻ്റെ മോങ്ങൽ കൂടി കൂടി വന്നപ്പോൾ ഷമ്മി കപൂർ പണ്ട് ഒരു സിനിമാഗാനത്തിൽ ഓരിയിടുന്നതുപോലെയാണ് എനിക്ക് തോന്നിയത്.

യാഹൂ....യാഹൂ ...കോയി മുച്ചേ ജെങ്കിലീ കഹേ ..യാഹൂ!

ആ ഗാനരംഗത്തിൽ ഷമ്മി കപൂറിൻ്റെ തൊണ്ടയിൽ നിന്നും വന്ന യാഹൂ എന്ന ശബ്ദത്തിലെ എനർജിയേക്കാൾ ഇരട്ടി എനർജി ഗണേശൻ്റെ തൊണ്ട ആ സമയം പുറപ്പെടുവിച്ച യാഹൂവിലുണ്ടായിരുന്നു. അതും പോരാഞ്ഞു ഗണേശൻ എന്നെ കെട്ടിപിടിച്ചു എൻ്റെ കവിളിൽ ഉമ്മ വെച്ചുകൊണ്ടലറി "യാഹൂ ..."  ആ സമയത്തെ അവൻ്റെ അലർച്ച എൻ്റെ ചെവിയുടെ ഡയഫ്രത്തെ പൊട്ടിച്ചു കളയുമോ എന്നു ഞാൻ ഭയന്ന്‌ പോയി. 

എൻ്റെ കുഞ്ഞുങ്ങളെ സായിപ്പിൻ്റെ ഭാഷയിൽ വല്ല മുഴുത്ത തെറി വല്ലതുമാണോ ഈ "യാഹൂ ".  കുഞ്ഞച്ചൻ ചേട്ടന് മ ..കൂട്ടിയും പൂ..കൂട്ടിയും പറയുന്ന നല്ല നാടൻ തെറികളേ അറിയൂ !

കുഞ്ഞച്ചൻ ചേട്ടൻ്റെ പറച്ചിലുകൂടി കേട്ടപ്പോൾ ഗണേശന് സന്തോഷം സഹിക്കാൻ വയ്യാതായി. അവൻ എന്നെ കെട്ടിപിടിച്ചു കവിളിൽ കടിക്കാൻ തുടങ്ങി. എൻ്റെ ശരീരം വേദനിച്ചുതുടങ്ങിയപ്പോൾ ഞാനും പ്രതികരിച്ചു തുടങ്ങി. 

നിങ്ങൾ കഴിക്കുന്നതുപോലെ ബിയറിൽ വെള്ളമൊഴിച്ചു തന്നാൽ കുഞ്ഞച്ചൻ ചേട്ടന് എന്താകാനാ ? ഒരണ്ണം കട്ടിക്ക് ഒഴിച്ചുതാ മക്കളേ ! കുഞ്ഞിൻ്റെ ഉച്ചത്തിലുള്ള കാറു കേട്ടപ്പോൾ ഞാൻ വിചാരിച്ചതു വല്ല അപകടവും പറ്റി കാണുമെന്നാ . ഇനിയും 20 തെങ്ങിന് വളമിടാൻ കിടക്കുന്നു. ഒരണ്ണം കൂടി കിട്ടിയാൽ കുഞ്ഞച്ചൻ പോയേക്കാം.

കുഞ്ഞച്ചൻ ചേട്ടൻ ഇത് പറയേണ്ട താമസം . ഗണേശൻ ബിയറുഗ്ലാസ്സെടുത്തു അരഗ്ലാസ്സ് സ്കോച്ച് വിസ്കി ഒഴിച്ചു നീട്ടി കൊണ്ടു പറഞ്ഞു. - കുഞ്ഞച്ചേട്ടൻ കഴിക്ക് പോരെങ്കിൽ ഇനിയും തരാം.

കുഞ്ഞച്ചൻ ചേട്ടൻ ഒറ്റ പിടുത്തതിന് ഗ്ലാസ് കാലിയാക്കി 

എങ്ങനുണ്ട് കുഞ്ഞച്ചേട്ടാ ?

ഓ..ഒന്നും അങ്ങോട്ട് ആകുന്നില്ല. പച്ച വെള്ളം കുടിക്കുന്നപോലെ ! പോരാത്തതിന് വാറ്റു ചാരായത്തിൻ്റെ മണവും.

ആ പറച്ചിൽ ഗണേശന് സുഖിച്ചില്ല. ഗണേശൻ കുപ്പി കുഞ്ഞച്ചൻ ചേട്ടൻ്റെ മുന്നിലേയ്ക്ക് നീക്കിവെച്ചു. - ചേട്ടന് ആവശ്യമുള്ളത്രയും കഴിച്ചിട്ട് പൊക്കോ.

കുഞ്ഞച്ചൻ ചേട്ടാ ..സ്കോച്ച് വിസ്കി സാവധാനം തലയ്ക്കു പിടിച്ചു സാവധാനം ഇറങ്ങുന്നതാ. ഇനി കഴിക്കണ്ട ! - ഞാൻ പറഞ്ഞു .

കൊക്കെത്ര കുളം കണ്ടതാ കുഞ്ഞേ ! ഇതും ഇതിനപ്പുറവും ഈ കുഞ്ഞച്ചൻ നീന്തി കടക്കും . പിന്നാ സ്കോച്ച് ! . ആവശ്യത്തിന് കഴിച്ചിട്ട് കുഞ്ഞച്ചൻ ചേട്ടൻ യാത്ര പറഞ്ഞുപോയി. "യാഹൂ " എന്ന ഇംഗ്ലീഷ് തെറി വാക്ക് പഠിപ്പിച്ചതിനു ഗണേശന് നന്ദിയും പറഞ്ഞു. 

കുഞ്ഞച്ചൻ ചേട്ടൻ യാത്ര പറഞ്ഞുപോയി അര മണിക്കൂർ കഴിഞ്ഞാണ് ഞാനും ഗണേശനും പിരിഞ്ഞത്. പെട്ടെന്ന് വീട്ടിലെത്താൻ കുന്നേൽ വക്കച്ചൻ്റെ പറമ്പിൽ കൂടി നടന്നാണ് ഞാൻ വീട്ടിലേയ്ക്കു പോയത്. വക്കച്ചൻ്റെ പറമ്പിലെത്തിയപ്പോൾ കുഞ്ഞച്ചൻ ചേട്ടൻ വളം ചാക്കിനു മുകളിൽ കിടന്നു നല്ല ഉറക്കം. ഈശ്വരാ ...ഇങ്ങേരുടെ കാറ്റു പോയികാണുമോ ?

കുഞ്ഞച്ചൻ ചേട്ടാ..., ഞാൻ അടുത്തു ചെന്ന് വിളിച്ചു.

ഒരു ഞരക്കം മാത്രം. ഞാൻ വീണ്ടും വിളിച്ചു.

നീ പോടാ യാഹൂ !! എനിക്കും അറിയാമെടാ സായിപ്പ് പറയുന്ന നല്ല പച്ച തെറി. കേട്ടോടാ യാഹൂ !..! . കുഞ്ഞച്ചൻ ചേട്ടൻ്റെ നാക്കിനു നല്ല കുഴച്ചിലുള്ളതുകൊണ്ടു ബാക്കിയൊന്നും എനിക്ക് മനസ്സിലായില്ല. ഞാൻ വേഗം വീട്ടിലേയ്ക്ക് നടന്നു. 

ഞാൻ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യ ഉമ്മറത്തുണ്ട്. അപ്പോഴും ഗണേശൻ കടിച്ച പാട് എൻ്റെ മുഖത്തു ചുമന്നു തിണർത്തു കിടപ്പുണ്ട്. ഭാര്യ എൻ്റെ  മുഖത്തെ കടി കൊണ്ട പാട് ശരിക്കും പരിശോധിച്ചു .

സത്യം പറയണം ! ആരാ നിങ്ങളെ കടിച്ചത് ?

ഗണേശൻ സന്തോഷം സഹിക്കാൻ വയ്യാതെ കടിച്ചതാണെന്നു പറഞ്ഞിട്ട് ഭാര്യ വിശ്വസിച്ചില്ല. അവസാനം ഷഡി ചരിത്രം മുഴുവൻ വിവരിക്കേണ്ടിവന്നു. എല്ലാം കേട്ട് കഴിഞ്ഞു ഭാര്യ പറഞ്ഞു.

ഭാര്യക്കും ഭർത്താവിനും വട്ടാണ്. ഭാര്യ ഷഡിക്കു തുള വീഴുന്നത് അന്വേഷിച്ചു നടക്കുന്നു. തുള എങ്ങനെ വീഴുന്നു എന്നന്വേഷിച്ചു  കൊടുക്കാൻ ഭർത്താവിൻ്റെ കൂട്ടുകാരനും. വെള്ളമടി ഇപ്പോൾ കൂടി വരുന്നുണ്ട് , ഓവറായാൽ ഞാൻ അമ്മയോട് പറയും. അവസാനം അമ്മയേയും മകനേയും തമ്മിൽ തെറ്റിച്ചെന്നു പറയരുത്. -അവൾ ഉറക്കെ വിളിച്ചു !!

അമ്മേ !!!

മരുമകളും അമ്മായിയമ്മയും തമ്മിലുള്ള ഗാഢബന്ധം അറിയാവുന്നതുകൊണ്ട് അവളുടെ ഉറക്കെയുള്ള വിളി എന്നെ ഞെട്ടിച്ചു. എൻ്റെ കെട്ടിറങ്ങി പോയി. ഞാനവളുടെ വായ പൊത്തി . അവൾ എൻ്റെ കൈ തട്ടി മാറ്റി.

മീൻ കാരൻ ഇതുവരെ വന്നില്ലല്ലോ അമ്മേ ! ഇനി വരുമെന്ന് തോന്നുന്നില്ല. കറിക്ക് വേറേ എന്തെങ്കിലും നോക്കാം. 

അകത്തുനിന്നും അമ്മയുടെ ഡയലോഗ് : - രാവിലെ അവനോട് ഞാൻ പറഞ്ഞതാ മാർക്കറ്റിൽ പോയി മീൻ എന്തെങ്കിലും വാങ്ങി വരാൻ. ഇപ്പോൾ വരും ചോറുണ്ണാൻ, മീനൊന്നും കിട്ടീല്ലേ എന്നും ചോദിച്ചോണ്ട്. നീയാ ഉണക്കമീൻ പാത്രം തുറന്നു ടേബിളിൽ വെച്ചുകൊടുക്ക്, ഇന്ന് മീനിൻ്റെ മണം കേട്ട് ചോറുണ്ണത്തേയുള്ളൂ.

ഭാര്യ അകത്തേയ്ക്കു പോയി . അപ്പോഴേയ്ക്കും എൻ്റെ കിക്ക് ഏങ്ങോ പോയി മറഞ്ഞിരുന്നു.

-------------------

ചോറുണ്ണാൻ ഇരുന്നപ്പോഴാണ് ഗണേശൻ മൊബൈലിൽ വിളിക്കുന്നത്.  " വട്ടൻ മാരുടെ കൂടെ കൂടി വട്ടായി പോകരുത് "- എന്ന ഡയലോഗ് പറഞ്ഞുകൊണ്ട് ഭാര്യ ദേഷ്യത്തിൽ ഫോൺ എൻ്റെ കൈയിലേയ്ക്ക് തന്നു.

എന്താടാ ഗണേശാ..ഷഡി പ്രശ്‍നം വീണ്ടും ചൂട് പിടിച്ചോ ?

ഷഡി പ്രശ്‍നം എന്ന് ഞാൻ പറയുന്നതുകേട്ട് അമ്മയും തെറ്റിദ്ധരിച്ചു . - എന്തോ വൃത്തികെട്ട പ്രശ്നമാണെന്ന് . കൂട്ടുകാർ തമ്മിൽ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചുകാണുമോ എന്നമ്മ ഭയന്നു. അമ്മായിയമ്മയും മരുമോളും ഞാൻ സംസാരിക്കുന്നതു കേൾക്കാൻ കാതു കൂർപ്പിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഫോൺ സ്‌പീക്കർ മോഡിലിട്ടു. അല്ലങ്കിൽ അമ്മയോടും ഭാര്യയോടും അവസാനം വിവരിക്കാൻ നിക്കണം.

എടാ എമിലി കേരളത്തിൽ ഒരു ഷഡി നിർമ്മാണ കമ്പനി തുടങ്ങാൻ പദ്ധതിയിടുന്നു. തുളകൾ വീഴാത്ത തരം ഷഡികളാ അവൾ ഉദ്ദേശിക്കുന്നത്.

ഞാൻ :-  എടാ ..കിറ്റെക്സ് , വി ഗാർഡ് മുതലായവർ നല്ല ക്വാളിറ്റി ഷഡ്ഢികൾ കേരളത്തിൽ നിർമ്മിക്കുന്നുണ്ട്. അമേരിക്കയിൽ നിങ്ങൾ ഉണ്ടാക്കുന്ന ഷഡി കേരളത്തിലേയ്ക്ക് ഇറക്കുമതി ചെയ്താൽ പോരേ ! , ഇന്ത്യയിലേയ്ക്ക് കയറ്റി അയയ്ക്കുന്നതും നിങ്ങൾ ഇന്ത്യയിൽ  ഇറക്കുമതി ചെയ്യുന്നതും നിങ്ങൾ . നല്ല ലാഭം കിട്ടും.

അമേരിക്കയിൽ ഷഡി ഉല്പാദനത്തിൻ്റെ 20 % എമിലിയുടെ കമ്പനിയാ ചെയ്യുന്നത്. അതിനിടയ്ക്ക് കയറ്റുമതി നടക്കില്ല . ദീർഘകാല ലാഭം നോക്കുമ്പോൾ ഇന്ത്യയിൽ ഒരു ഫാക്ടറി തുടങ്ങുന്നതാ നല്ലത്.  നീ വൈകിട്ട് ഇവിടം വരെ വരണം . എമിലിക്ക് ഇന്ത്യൻ കമ്പനീസ് ആക്ടിനെ പറ്റി കുറച്ചു സംശയങ്ങൾ , അതൊന്നു തീർത്തുകൊടുക്കണം.

ഗണേശൻ ഫോൺ വെച്ചപ്പോൾ ഞങ്ങളുടെ സംസാരം കേട്ടുനിന്ന ഭാര്യ ആദരവോടുകൂടി ഫോൺ എൻ്റെ കൈയിൽ നിന്നും വാങ്ങി. 

ഏട്ടൻ പോകുമ്പോൾ ഞാനും കൂടി ഗണേഷേട്ടൻ്റെ വീട്ടിലേയ്ക്ക് വരുന്നുണ്ട്. എമിലി വന്നിട്ട് നല്ലതുപോലെ പരിചയപ്പെട്ടതുകൂടിയില്ല. 

അവർ ഇങ്ങോട്ട് വന്ന ദിവസം നിനക്ക് ബാങ്കിൽ തിരക്കല്ലായിരുന്നോ ?

-അതുകൊണ്ടല്ലേ ഞാനും വരാമെന്ന് പറഞ്ഞത്. ഫോറിൻ ട്രേഡിനെ പറ്റി എനിക്ക് കൂടുതൽ ട്രെയിനിങ് കിട്ടിയിട്ടുണ്ട്. DGFT മാറ്റേഴ്സ് ആണെങ്കിലും ഞാൻ പറഞ്ഞുകൊടുക്കാം . പിന്നെ കമ്പനി ആയി രജിസ്റ്റർ ചെയ്യാനാണെങ്കിൽ പ്രൈവറ്റ് ലിമിറ്റിഡ് കമ്പനി ആയി രജിസ്റ്റർ ചെയ്താൽ മതി. മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനും നിർബന്ധം. കമ്പനിയുടെ ഒരു ഡയറക്ടർ ഇന്ത്യനായിരിക്കണം. എമിലിയുടെ ഭർത്താവ് ഇന്ത്യനായതുകൊണ്ടു ആ പ്രശ്‍നം സോൾവായി. പിന്നെ FDI route നെ (Foreign Direct Investment ) പറ്റി ഞാൻ നേരിട്ട് എമിലിയോട് പറഞ്ഞോളാം. MCA Portalil (Ministry Of Corporate Affairs ) രജിസ്റ്റർ ചെയ്യണം. അതൊക്കെ ഞാൻ ചെയ്തുകൊടുത്തോളം. 
എൻ്റെ ഭാര്യ ആവേശത്തിലായി. ഏട്ടാ..എമിലി കമ്പനി തുടങ്ങാൻ പോകുന്നു എന്നറിയുമ്പോൾ മറ്റു ബാങ്കുകൾ ഒരുപാടു വാഗ്‌ദാനങ്ങളുമായി വരും. ഞങ്ങളുടെ ബാങ്കിനാണ് അമേരിക്കയിൽ ഏറ്റവും കൂടുതൽ ബ്രാഞ്ച് ഉള്ളത്. എമിലി ഇവിടെ കമ്പനി തുടങ്ങിയാൽ OD , Current account , Salary Account എല്ലാം എൻ്റെ ബ്രാഞ്ചിൽ തന്നെ തരണമെന്ന് ഏട്ടൻ ഗണേഷേട്ടനോട് ശുപാർശ ചെയ്യണം. 

ഞാൻ:-  നീ നേരത്തെ അങ്ങനെയല്ലല്ലോ പറഞ്ഞത്. ഭ്രാന്തൻ്റെയും ഭ്രാന്തിയുടെയും കൂടെ കൂടി ഭ്രാന്ത് പിടിപ്പിക്കരുതെന്നല്ലേ ! അതെന്തായാലും ഞാൻ പറഞ്ഞേക്കാം !

ഭാര്യ മുഖം വീർപ്പിച്ചപ്പോൾ അമ്മ ഇടപെട്ടു .

നീയോ നന്നാകില്ല , നിൻ്റെ ഭാര്യയെ എങ്കിലും നന്നാകാൻ സമ്മതിക്കടാ വിവരദോഷി !!!

-----------

അമേരിക്കയിലെ തണുപ്പുകാലം ചിലവഴിക്കാൻ കേരളത്തിലെത്തിയ എമിലിയും ഗണേശനും തിരിച്ചുപോയത് എന്നെയും ഭാര്യയേയും ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു കൊണ്ടാണ്. വലിയ തുകയുടെ ഒരു ചെക്ക് എമിലിയും ഗണേശനും ചേർന്ന് എന്നെ ഏൽപ്പിച്ചു. ഞങ്ങൾ എമിലിയുടെ ഷഡി കമ്പനി കേരളത്തിൽ തുടങ്ങുന്നതിനുള്ള നടപടികളിലേയ്ക്ക് നീങ്ങി. 

എന്നെ ഒരുപാടു ബുദ്ധിമുട്ടിച്ച സംഗതികൾ വരാനിരിക്കുന്നതേയുള്ളായിരുന്നു. കേരളത്തിലെ ആളുകൾ ജെട്ടി ധരിച്ചു തുടങ്ങിയ ചരിത്രം കൂടി അന്വേഷിക്കണമെന്ന് എമിലി പറഞ്ഞപ്പോഴാണ് ഞാൻ ശരിക്കും വെള്ളം കുടിച്ചുപോയത്. പുതിയ കമ്പനിയുടെ വെബ് പേജിൽ കേരളത്തിൻ്റെ ജെട്ടി ചരിത്രം കൂടി വേണമത്രേ !!!

ഞാൻ കേരളത്തിൻ്റെ ഷഡി ചരിത്രത്തെ കുറിച്ച് ഒരു ഗവേഷണ പ്രബന്ധം തന്നെ തയ്യാറാക്കാൻ തുടങ്ങി. ഞാൻ മടി പിടിച്ചിരുന്ന സമയത്തു ഭാര്യ എന്നെ വെബ് പേജുകൾ പെട്ടെന്നു തീർക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. ഞാൻ എഴുതി പകുതിയാക്കി വെച്ച തിരക്കഥകൾ എഴുതാൻ സമയമില്ലാതെ മുടങ്ങി. -ഈ കാര്യം ഞാൻ ഭാര്യയോട് പറഞ്ഞു.

ഏട്ടൻ എഴുതുന്നത് എനിക്ക് തന്നെ മനസിലാകുന്നില്ല , പിന്നല്ലേ നാട്ടുകാർക്ക് മനസ്സിലാകുന്നത്. രണ്ടു മാസത്തിനുള്ളിൽ വെബ് സൈറ്റിൻ്റെ പണി തീർത്തിരിക്കണം, അപ്പോഴേയ്ക്കും ഞാൻ കമ്പനിയുടെ രജിസ്ട്രേഷൻ നടപടികൾ തീർത്തിരിക്കും.  

- ഷഡി കമ്പനി തുടങ്ങിയതിനു ശേഷമേ എഴുത്തു നടക്കൂ എന്ന ദുഃഖസത്യം ഞാൻ വേദനയോടെ മനസ്സിലാക്കി. 

*********************************

2

ഷഡ്ഡി ചരിത്രം 

I don't believe in in the after life, although I am bringing a change of underwear - 
Woody Allen (American Director).


ഞാൻ ഷഡി ചരിത്രത്തെ പറ്റിയെഴുതാൻ ഗഹനമായ ചിന്തകളിൽ മുഴുകി. ആദ്യം കേരളത്തിലുള്ളവർ ധരിച്ചുതുടങ്ങിയത് കോണകം എന്നുപേരുള്ള സാധനമാണ്. ഏകദേശം 40 cm നീളവും 20 cm വീതിയുമുള്ള  ഒരു തുണിക്കഷണമാണ് കോണകം എന്ന പേരിലറിയപ്പെടുന്നത്. കോണകം ധരിക്കണമെങ്കിൽ അരയിൽ ഒരു ചരട് കെട്ടണം. അരയിൽ കെട്ടിയിരിക്കുന്ന ചരടിലാണ് കോണകം കോർത്ത് ധരിക്കുന്നത്. മറയ്‌ക്കേണ്ട ശരീര ഭാഗങ്ങളെ ഈ തുണിക്കഷണം മറച്ചോളും. അതുകൊണ്ടാണ് ഈ തുണിക്കഷണത്തിന് കോണകം എന്ന പേര് വന്നത്. കൗപീനധാരി എന്നുപറയുന്നതേ പണ്ടുകാലത്ത് അഭിമാനമായിരുന്നു. - "അതൊരുമാതിരി കോണത്തിലെ ഏർപ്പാടായിപ്പോയി" എന്ന വാചകം തന്നെ ഉടലെടുത്തത് കോണകം കേരളത്തിൽ വ്യാപകമായ ശേഷമായിരിക്കാം.

കോണകത്തിൻ്റെ അടുത്ത തലമുറ എന്ന് പറയാവുന്നത് ലങ്കോട്ടിയെയാണ്. ഒരു ത്രികോണത്തിൻ്റെ ആകൃതിയിലുള്ള തുണിക്കഷണം. അതിൻ്റെ രണ്ടു വശങ്ങളിൽ നിന്നും നീളത്തിൽ ചരട് നീണ്ടുകിടക്കും. ഈ ചരട് ധരിക്കുന്ന ആളുടെ അരയിൽ കെട്ടി ഉറപ്പിക്കും. ത്രികോണത്തിൻ്റെ ഒരു വശത്തുനിന്നും പട്ടത്തിൻ്റെ വാല് പോലുള്ള ഒരു തുണിക്കഷണം ഉണ്ടാകും. ഈ തുണിക്കഷണം അരയിൽ കെട്ടിയ ലങ്കോട്ടിയുടെ ചരടിന് ഇടയിൽ കൂടി കോർത്ത് വേണം ലങ്കോട്ടി ധരിക്കാൻ. കോണകം ധരിക്കുന്നതുപോലെ അത്ര എളുപ്പമല്ല ലങ്കോട്ടി ധരിക്കാൻ. കൂടുതൽ സമയം ലങ്കോട്ടി ധരിക്കാനും അതുപോലെ അഴിക്കാനും വേണ്ടി വരുമായിരുന്നു. കോണകത്തെക്കാൾ ശരീരഭാഗങ്ങൾ മറയ്ക്കാൻ ലങ്കോട്ടി സഹായിച്ചിരുന്നു. ഗുസ്‌തിക്കാരുടെ ഔദ്യോഗിക വേഷം കൂടിയായിരുന്നു ലങ്കോട്ടി. അതുകൊണ്ടു തന്നെ കൊണകത്തേക്കാൾ ഗമ ലങ്കോട്ടി ധരിക്കുന്നവർക്ക് കിട്ടിയിരുന്നു. 

അടുത്ത ജനറേഷനായ അണ്ടർ വയറിലേയ്ക്കും ജെട്ടിയിലേയ്ക്കും ജനങ്ങൾ മാറിയത് എപ്പോഴാണ്. ഏതു തയ്യൽക്കാരനാണ് ജെട്ടി കണ്ടുപിടിച്ചത്. ഏകദേശം 7000 വർഷങ്ങൾക്കുമുൻപ് നമ്മുടെ പൂർവികർ മരത്തിൻ്റെ പുറം തൊലിയും ചില മരത്തിൻ്റെ ഇലകളും കൊണ്ടാണ് നാണം മറച്ചിരുന്നത്. പിന്നീടാണ് മൃഗങ്ങളെ കൊന്ന് അതിൻ്റെ പുറംതൊലി ഉപയോഗിച്ചു അര ഭാഗം മാത്രം മറച്ചു തുടങ്ങിയത്. കുട്ടിക്കാലത്തു ശിവ പാർവതിമാരുടെ ചിത്രങ്ങൾ കാണുമ്പോൾ ചില സംശയങ്ങൾ ഈയുള്ളവനും തോന്നിയിരുന്നു. ശിവഭഗവാൻ മാത്രം പുലിത്തോലണിഞ്ഞു നിക്കുന്നു. പാർവതീദേവി ആധുനിക രീതിയിലുള്ള പട്ടുസാരിയുടുത്തും. ശരിക്കും നൂല് കണ്ടുപിടിച്ചത് എന്നാണ് ? അതും കഴിഞ്ഞല്ലേ തുണികൾ നെയ്യുന്ന തറികൾ കണ്ടുപിടിച്ചത്.  ശിവൻ്റെ കൂടെ  പാർവതിദേവിയേയും പുലിത്തോലോ മരവുരിയോ ചുറ്റി വേണമായിരുന്നു ചിത്രങ്ങളിൽ അവതരിപ്പിക്കാൻ. ആഭരണങ്ങളായി കല്ലുമാല തന്നെ വേണം. ദൈവങ്ങളെ മനുഷ്യൻ സൃഷ്ഠിച്ചത് ശിലാ യുഗത്തിലായിരിക്കണം. പിന്നീട് കാലം മാറുന്നതിനനുസരിച്ചു ദൈവങ്ങളെയും നമ്മുടെ പൂർവികർ  അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. അങ്ങനെയാണെങ്കിൽ  ഇന്നത്തെ കാലത്തിനനുസരിച്ചും  ദൈവങ്ങളെയും അവരുടെ ആചാരരീതികളെയും കൂടി നമ്മൾ  അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണ്ടേ ? പഴയ കാലത്തു കാലം മാറുന്നതിനനുസരിച്ചു ദൈവങ്ങളെയും അവരുടെ ആചാര അനുഷ്ടാനങ്ങളെയും അന്നത്തെ ഭരണാധികാരികൾ പരിഷ്കരിച്ചു കൊണ്ടിരുന്നു. അങ്ങനെയെങ്കിൽ ഇന്നത്തെ കാലത്തും അങ്ങനെ ചെയ്താൽ എന്താ കുഴപ്പം?  അങ്ങനെ ചെയ്താൽ ദൈവങ്ങൾക്ക് നമ്മളോടുള്ള ഇഷ്ട്ടം കൂടുകയേയുള്ളു. 

എനിക്ക് വളരെ വിചിത്രമായി തോന്നിയ ഒരു സംഭവമാണ് ഇപ്പോൾ നിങ്ങളോട് പറയാൻ തോന്നുന്നത്. 1623 ൽ പിയെത്രോ ഡെല്ലവാൻ എന്ന ഇറ്റലിക്കാരൻ സഞ്ചാരി സാമൂതിരിയുടെ സദസ്സ് സന്ദർശിച്ചതിനെ പറ്റി വിവരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.

"പെട്ടെന്ന് പന്ത്രണ്ടു വയസ്സിലധികം പ്രായമുള്ള രണ്ടു പെൺകുട്ടികൾ സദസ്സിലേയ്ക്ക് കടന്നുവന്നു. അരയ്ക്കു ചുറ്റും ധരിച്ചിരുന്ന ഒരു നീല വസ്ത്രം ഒഴികെ ആ പെൺകുട്ടികൾക്ക് വേറേ വസ്ത്രങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. അത്യന്തം ഭംഗിയുള്ള പെൺകുട്ടികളുടെ തടിച്ചു ദൃഢതയുള്ള മുലകളിലേയ്ക്ക് നോക്കാൻ പോലും യൂറോപ്യൻമാരായ സഞ്ചാരികൾ ധൈര്യപെട്ടില്ല. അവരുടെ കൈകളും കാതുകളും കഴുത്തും സ്വർണ്ണം കൊണ്ടും രക്നങ്ങൾ കൊണ്ടും ഉള്ള ആഭരണങ്ങളാൽ മറഞ്ഞിരുന്നു. പെൺകുട്ടികളുടെ ശരീരഭാഗങ്ങൾ ഭംഗിയുള്ളതും വടിവൊത്തതുമായിരുന്നു."

അക്കാലങ്ങളിൽ സ്ത്രീകൾ അരയ്ക്കു മുകളിൽ വസ്ത്രം ധരിക്കുന്നതു അന്തസ്സിനു നിരക്കാത്ത കാര്യമായിരുന്നു. രാജ്‌ഞ്ജി ഉൾപ്പെടെയുള്ള ആ കാലഘട്ടത്തിലെ സ്ത്രീകൾ അർദ്ധ നഗ്നതയിൽ ജീവിച്ചു. അന്ന് സ്ത്രീകളും പുരുഷപ്രജകളും മാറു മറയ്ക്കാത്തത് മര്യാദയുടെ ലക്ഷണമായിരുന്നു.  - ഇന്നും ചില അമ്പലങ്ങളിൽ പുരുഷൻമാർക്ക്‌ ഷർട്ട് ധരിച്ചുകൊണ്ട് ചുറ്റമ്പലങ്ങളിൽ പ്രവേശനം അനുവദിക്കാറില്ലല്ലോ ?

യൂറോപ്പിൽ നിന്നും കേരളത്തിലെത്തിയ കൊടും കുറ്റവാളികളായ നാവികർക്ക് പോലും കേരളീയ സ്ത്രീകളുടെ അന്നത്തെകാലത്തെ വസ്ത്രധാരണ രീതി അധാർമ്മികതയായി തോന്നിയിരിക്കാം. പതിനേഴാം നൂറ്റാണ്ടിലെ മലബാറിലെ സ്‌ത്രീകളുടെ വസ്ത്രധാരണ രീതികളെപ്പറ്റി ഒരു യൂറോപ്യൻ ചരിത്രകാരൻ ഇങ്ങനെയാണ് എഴുതിയത്. - " വസ്ത്രം എന്നത് വ്യവസ്ഥാപിതമായ ഒരു സംഗതിയാണ് . കുലീനയായ ഒരു സ്ത്രീയുടെ നടത്തയിലും പെരുമാറ്റത്തിലും തെളിയുന്ന അന്തസ്സിനു പകരം ലജ്ജയെ പറ്റിയുള്ള തെറ്റായ ധാരണകൾ മാത്രം ചികഞ്ഞു നോക്കുന്നത് പശ്ചാത്തപിക്കേണ്ട കാര്യമാണ്.(പുസ്തകം : Nair's of Malabar, by F. Fawcett) 

പതിനേഴാം നൂറ്റാണ്ടിൽ ആധുനിക രീതിയിൽ ശരീരം മറയ്ക്കുന്ന വസ്ത്രം ധരിച്ചുകൊണ്ട് ഒരു സാധാരണ സ്ത്രീ തമ്പുരാട്ടിയുടെ മുന്നിൽ വന്നതിനു ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അരയ്ക്കു താഴെ കാൽമുട്ടിനു മുകളിൽ നിക്കുന്ന ഒറ്റമുണ്ടു മാത്രമേ തമ്പുരാട്ടിയും ധരിക്കുമായിരുന്നുള്ളു. മാറ് മറയ്ക്കുന്നത് നാട്ടുമര്യാദയെ മാനിക്കാത്തതിൻ്റെ ലക്ഷണമായതുകൊണ്ട് അവളുടെ സ്തനങ്ങൾ രാജകല്പന പ്രകാരം വികൃതമാക്കപ്പെട്ടു.

പതിനേഴാം നൂറ്റാണ്ടിനു മുൻപ് നടന്ന ചരിത്ര സംഭവങ്ങളെ പറ്റി സിനിമ ഒരുക്കുന്നവർ അന്നത്തെ കാലത്തെ വസ്ത്ര ധാരണ രീതികളോട് നീതി പുലർത്തികൊണ്ട് സിനിമ ഒരുക്കുന്നതിന് ധൈര്യം കാണിക്കുമോ?  മുലക്കരം എന്ന സംഗതി കൊണ്ടുവന്നതുതന്നെ തമ്പുരാട്ടിമാരെ പോലെ മറ്റു സാധാരണ സ്ത്രീകളും മാറുമറയ്ക്കാതിരിക്കാൻ വേണ്ടിയാണ്. നങ്ങേലിയുടെ കഥയൊക്കെ നവോത്ഥനകാലഘട്ടത്തിൽ മെനഞ്ഞെടുത്ത വെറും കെട്ടു കഥകളാണ്. ഷഡി ചരിത്രത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിൽ മുഴുകിയപ്പോഴാണ് ഈ കാര്യങ്ങളൊക്കെ വായിക്കേണ്ടിവന്നത്. എനിക്ക് തോന്നുന്നത് അന്നത്തെ കാലത്ത് യൂറോപ്യൻ മാരെ പോലെ കേരളത്തിലെ സാധാരണക്കാർ ഷഡി ധരിച്ചുതുടങ്ങിയപ്പോൾ രാജാവ് ഷഡി ധരിക്കരുത് എന്നുപറഞ്ഞുകൊണ്ട് വല്ല കല്പനയും പുറപ്പെടുവിച്ചു കാണും !!!.

1766 ൽ ഹൈദരുടെ അക്രമണത്തോടെ സാമൂതിരി രാജവംശത്തിൻ്റെ നാശം പൂർണമായി. 1790 ൽ ഈസ്റ്റ് ഇന്ത്യ കമ്പനി കേരളത്തിൻ്റെ അധികാരം പിടിച്ചെടുത്തപ്പോൾ സാമൂതിരി കാലത്തിലെ പൊള്ളയായ ചില ആചാര അനുഷ്ടാനങ്ങളുടെ കൂടെ സ്ത്രീകളുടെ വസ്ത്രധാരണ രീതികളും വിസ്‌മൃതിയിലായി പോയി.അർദ്ധനഗ്നകളായ തങ്ങളുടെ പൂർവികരായ കുലീന സ്ത്രീകളുടെ എണ്ണഛായ ചിത്രങ്ങൾ പിന്നീട് പിറന്നുവീണ തലമുറകൾക്ക് മറ്റുള്ളവരെ കാണിക്കാൻ തന്നെ നാണക്കേടായിരുന്നു.

***************

അടുത്ത ജനറേഷൻ ആയ അണ്ടർ വയറിലേയ്ക്ക് ജനങ്ങൾ മാറിയത്   എപ്പോഴാകും ?. under wear തീർച്ചയായും ഇംഗ്ലീഷ് വാക്കാണ്. അപ്പോൾ ഇംഗ്ലീഷുകാരുടെ വരവോടെയാകും അണ്ടർ വയർ ആധിപത്യം ഉറപ്പിച്ചിട്ടുണ്ടാകുക. അപ്പോൾ ഷഡിയുടെ ഉത്ഭവം എവിടെ വെച്ചാണ് തുടങ്ങിയിട്ടുണ്ടാകുക. അന്വേഷണം അവിടെവെച്ചു വഴിമുട്ടി. ഒരാഴ്ച്ച തലകുത്തി മറിഞ്ഞു വായിച്ചിട്ടും ചിന്തിച്ചിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. 
കുട്ടികൾക്ക് പരീക്ഷ ആയതിനാൽ അന്നത്തെ ഞായറാഴ്ച്ചയുള്ള പതിവ് കറക്കം ഭാര്യ റദ്ദാക്കി. ഞാൻ അപ്പോൾ തന്നെ കൂട്ടുകാരുടെ ഞായറാഴ്ചയുള്ള വെള്ളമടി കമ്പനിയിൽ ഹാജർ വെച്ചു. കല്യാണശേഷം കൂട്ടുകാരുമായി കമ്പനി കൂടി വെള്ളമടിക്കുന്ന ഒരാളല്ല ഞാൻ. സുഹൃത്തുക്കൾ കഴിക്കുന്ന അളവിൽ മദ്യം കഴിക്കാൻ ഒരിക്കലും എനിക്ക് കഴിയാറില്ല. വിജയനും ഗണേശനും എനിക്ക് ഗിഫ്റ്റായി തന്നിട്ട് പോകുന്ന സ്‌കോച്ചിൻ്റെ ലിറ്ററുകൾ ഞാൻ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. കഴിക്കണമെന്നു തോന്നുമ്പോൾ അതിൽനിന്നും 50 ml എടുത്ത് കഴിക്കും. എൻ്റെ ശരീരത്തിന് ആ 50 ml ധാരാളമാണ്. സുഹൃത്തുക്കളുമായി കമ്പനി കൂടിട്ട് ഒരുപാടു നാളുകളായതുകൊണ്ട് അന്നത്തെ ഞായറാഴ്ച കമ്പനി ഞാൻ സ്പോൺസർ ചെയ്തു. എല്ലാവരും രണ്ടാമത്തെ പെഗ് കാലിയാക്കി ഗ്ലാസ്സുകൾ താഴെ വെച്ച സമയത്താണ് ഷഡിയുടെ ചരിത്രത്തെ കുറിച്ച് ഗവേഷണം നടത്തുന്ന വിവരം ഞാൻ സുഹൃത്തുക്കളോട് പറയുന്നത്. അടുത്ത വർഷം തന്നെ ഷഡിയുടെ കേരളചരിത്രത്തെ പറ്റി ഗവേഷണം നടത്തി 300 പേജുള്ള പ്രബന്ധം തയാറാക്കാൻ നിനക്ക് കഴിയട്ടെ എന്ന പിഗ് ബിജുവിൻ്റെ ആശംസ പൊട്ടിച്ചിരിക്കു വകവെച്ചെങ്കിലും എനിക്ക് ഷഡി ചരിത്രത്തിലേയ്ക്ക് ഇറങ്ങാനുള്ള ഒരു വഴി തുറന്നുകിട്ടി. ഗ്ലു അയ്യപ്പനാണ് അതിനെന്നെ സഹായിച്ചത്. അവൻ അപ്പോൾ തന്നെ ആലപ്പുഴയിലുള്ള വെങ്കിടി മുതലാളിയെ വിളിച്ചു എനിക്ക് പരിചയപെടുത്തിത്തന്നു. 

ഷഡിയുടെ കേരളചരിത്രത്തെ കുറിച്ച് ഗവേഷണം നടത്താനാണ് എന്നുപറഞ്ഞപ്പോൾ വെങ്കി മുതലാളിയും ആവേശത്തിലായി. എപ്പോൾ വേണമെങ്കിലും ചെന്ന് കാണുവാൻ വെങ്കി മുതലാളി എന്ന വെങ്കിട്ടരാമൻ എനിക്കനുവാദം നൽകി. വെങ്കി മുതലാളി ആവേശത്തിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നത് ഒരേ കാര്യം തന്നെയായിരുന്നു. അവരുടെ ഷഡി കമ്പനി പ്രതാപത്തിൽ കത്തി നിന്ന സമയത്തു അവരുടെ പരസ്യ വാചകം തന്നെ - " കേരളത്തെ ആദ്യമായി ഷഡി ധരിപ്പിച്ചവർ " എന്നായിരുന്നത്രെ!!!

എനിക്ക് ആ സമയത്തുണ്ടായ സന്തോഷം പറയാൻ വാക്കുകൾ മതിയാകില്ല. ഗണേശൻ സന്തോഷം വരുമ്പോൾ കൂവുന്നതുപോലെ യാഹൂ എന്ന് വിളിച്ചുകൂവാൻ വരെ തോന്നിപോയി. ഗണേശൻ്റെ തൊണ്ടയിൽ നിന്നും വരുന്ന ശബ്ദത്തിൻ്റെ പകുതിപോലും എൻ്റെ തൊണ്ടയിൽ നിന്നും വരില്ല എന്നറിയാവുന്നതുകൊണ്ട് ഞാൻ കൂവാനൊന്നും നിന്നില്ല. മനസ്സിൽ ഷമ്മി കപൂറിൻ്റെ ഹിറ്റ് ഗാനം പാടിക്കൊണ്ട് ഞാൻ വീട്ടിലേയ്ക്കു നടന്നു.

*******************

പിറ്റേ ദിവസം തന്നെ ഞാൻ വെങ്കിടി മുതലാളിയെ വിളിച്ചു. രണ്ടുദിവസം കഴിഞ്ഞു വെങ്കി മുതലാളിക്ക് അധികം തിരക്കില്ലാതിരുന്ന ദിവസം 11 മണിയോടുകൂടി ആലപ്പുഴയിലുള്ള വെങ്കി മുതലാളിയുടെ ഓഫീസിൽ ഞാനെത്തി. വെങ്കിടി മുതലാളിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻ്റെ നിർമ്മിതി പഴയകാല പ്രതാപങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഓഫീസിൽ ഇപ്പോഴും ഉപയോഗിക്കുന്ന ചില ഫർണീച്ചറുകൾക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. ഓഫീസിൽ മുതലാളിയുടെ പൂർവികരുടെ ചിത്രങ്ങൾക്കൊപ്പം തിരുവിതംകൂർ ദിവാനായിരുന്ന രാജ കേശവദാസിൻ്റെ ചിത്രവും സ്ഥാനം പിടിച്ചിട്ടുണ്ട്. 

വെങ്കി എന്ന വെങ്കിട്ടരാമനുമായുള്ള എൻ്റെ ആദ്യ കൂടിക്കാഴ്ച തന്നെ ഊഷ്‌മളമായിരുന്നു. ചെന്നപ്പോൾ തന്നെ രണ്ടു ഉഴുന്നുവടയും ചമ്മന്തിയും പിന്നെ ബ്രൂ കോഫിയും എൻ്റെ മുന്നിൽ ഹാജരായി. എൻ്റെ മുന്നിൽ വന്നതുപോലെ ബ്രൂ കോഫിയും വടയും വെങ്കി മുതലാളിയുടെ മുന്നിലും ഹാജരായി. വെളുത്തുതുടുത്തു നല്ല കവിളുകളുള്ള ഒരു മധ്യവയസ്‌കനാണ് വെങ്കിടി മുതലാളി. ഒരു മുതലാളിയാണ് എന്നു തോന്നുന്ന തരത്തിലുള്ള വിലകൂടിയ വസ്ത്രങ്ങളാണ് മുതലാളി ധരിച്ചിരിക്കുന്നത്. വലതുകൈയിൽ വിലകൂടിയ നവ രക്ന മോതിരം. വിലകൂടിയ വാച്ച് , കഴുത്തിലും കൈയിലും സ്വർണ്ണ ചെയിൻ.

മുതലാളി കോഫീ കഴിച്ചുതുടങ്ങി . എന്നെ കഴിക്കുവാൻ നിർബന്ധിച്ചു കൊണ്ട് മുതലാളി തന്നെ സംസാരത്തിനു തുടക്കമിട്ടു. 

എൻ്റെ പൂർവ്വ പിതാക്കന്മാരെ തിരുവിതാംകൂർ ദിവാനായിരുന്ന രാജ കേശവദാസാണ് ആലപ്പുഴയിൽ കൊണ്ടുവരുന്നത്. ഇപ്പോൾ തമിഴ് നാട്ടിലുള്ള തൂത്തുക്കുടി ജില്ലയിലെ തിരിച്ചെന്തുർ എന്ന സ്ഥലത്താണ് ഞങ്ങളുടെ പൂർവികർ താമസിച്ചിരുന്നത്.  ആലപ്പുഴ തുറമുഖത്തു ആദ്യത്തെ കപ്പൽ അടുക്കുന്നത് 1786 കാലഘട്ടത്തിലാണ്. അപ്പോൾ ഏകദേശം 1778 - 80 കാലഘട്ടത്തിലായിരിക്കണം കൊമേഴ്‌സ്യൽ കനാലിൻ്റെ പണി നടന്നിരിക്കുക. തിരുവിതാംകൂർ ടിപ്പുവിൻ്റെ ആക്രമണത്തെ ഭയപ്പെട്ടിരുന്ന കാലഘട്ടം കൂടിയായിരുന്നു അത്. ആക്രമണമുണ്ടായാൽ കനാലുകൾ എല്ലാം കിടങ്ങുകളായി രൂപമാറ്റം വരുത്തുന്ന വിധത്തിലായിരുന്നു കനാലുകളുടെ നിർമ്മാണം അന്ന് നടന്നു കൊണ്ടിരുന്നത് . രാജാ കേശവദാസ് ഊണും ഉറക്കവും ഉപേക്ഷിച്ചു കനാലിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്തികൊണ്ട് ആലപ്പുഴയിലുണ്ട്. രാജ്യ കാര്യങ്ങളും സൈനിക തന്ത്രങ്ങളും കനാൽ നിർമ്മാണവും ഒരുമിച്ചു നടക്കില്ല എന്നുമനസ്സിലാക്കി കേശവ പിള്ളയദ്ദേഹം ഒരു എഞ്ചിനീയർ സായിപ്പിനെ കനാലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏൽപ്പിച്ചുകൊടുത്തു. ഡച്ചു കാരനായ ആ സായിപ്പാണ്‌ ഒരു കാര്യം കണ്ടുപിടിക്കുന്നത്. കനാൽ കുഴിക്കുന്ന മല്ലൻ മാർ ജോലിക്കിടയിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് പോകുമ്പോൾ കൂടുതൽ സമയമെടുക്കുന്നു. എന്തുകൊണ്ടാണ് പ്രാഥമിക ആവശ്യങ്ങൾക്ക് പോകുന്നവർ ഇത്രയും സമയം ചിലവാക്കുന്നത്. അതിനും മാത്രം മൂത്രം ഇവരുടെ മൂത്ര സഞ്ചിയിലുണ്ടോ ?. പോകുന്നവർ ചായ കുടിക്കാനോ ബീഡി വലിക്കാനോ സമയം കളയുന്നുമില്ല !!!

മല്ലൻ മാർ ധരിച്ചിരുന്ന ലങ്കോട്ടിയായിരുന്നു കാരണം !!!

അവർ ധരിച്ചിരുന്ന ലങ്കോട്ടി അഴിച്ചു മൂത്രമൊഴിച്ചശേഷം വീണ്ടും ലങ്കോട്ടി ധരിച്ചു പണി നടക്കുന്ന സ്ഥലത്തെത്തുമ്പോൾ 10 മിനിറ്റോളം സമയം നഷ്ടപെടുന്നുണ്ട്. 50 മല്ലൻമാർ 10 മിനിട്ടുവെച്ചു കളയുമ്പോൾ ആകെ 500 മിനിറ്റ്. തിരുവിതാംകൂർ സൈന്യത്തിലെ പകുതിയിലധികം പേർ ആലപ്പുഴ കേന്ദ്രീകരിച്ചു കനാലിൻ്റെ പണിയിലാണ്. ഇവർ എല്ലാവരും 10 മിനിറ്റ് വെച്ച് കളയുമ്പോൾ ആകെ എത്ര മണിക്കൂർ നഷ്ട്ടപെടും. ഇതെങ്ങനെ പരിഹരിക്കാം എന്ന് കേശവപിള്ളയദ്ദേഹം ചിന്തിച്ചതിൽ നിന്നാണ് കേരളത്തിലെ ആദ്യത്തെ ഷഡി കമ്പനി പിറവി കൊള്ളുന്നത്. 

കേശവപിള്ള അദ്ദേഹത്തിൻ്റെ ക്ഷണപ്രകാരമാണ് എൻ്റെ പൂർവ്വ പിതാമഹൻ മാർ ആലപ്പുഴയിലെത്തുന്നത്. അന്ന് ഞങ്ങളുടെ പൂർവികർക്കു മലയാളം എഴുതുവാനറിയില്ലായിരുന്നു. ഞങ്ങളുടെ പൂർവികർ ആലപ്പുഴയിൽ വന്ന ചരിത്രം തമിഴിൽ എഴുതിയിട്ടുണ്ട്. തിരിച്ചെന്തുർ മുരുകൻ ക്ഷേത്രത്തിനടുത്താണ് ഞങ്ങളുടെ പൂർവികർ താമസിച്ചിരുന്നത്. ഇപ്പോഴും ഞങ്ങളുടെ ബന്ധുക്കൾ മുഴുവനും ഉള്ളത് തമിഴ് നാട്ടിലെ തിരിച്ചെന്തുരാണ്.

പോർച്ചുഗീസ് വൈസ്രോയി ജോഡി കാസ്ട്രോ(Joao de Castro) 1549 ൽ തൂത്തുക്കുടി തുറമുഖത്തിൻ്റെ നേതൃത്വ സ്ഥാനത്തു വരുമ്പോൾ തൊട്ട് പോർച്ചുഗീസുമായി ഞങ്ങളുടെ പൂർവികർ വ്യാപാര ബന്ധം തുടങ്ങിയിരുന്നു. അന്നത്തെ കാലത്തു കപ്പൽ നിർമ്മാണത്തിനുപയോഗിക്കുന്ന കൂറ്റൻ തടികളായിരുന്നു ഞങ്ങൾ വ്യാപാരം നടത്തിയിരുന്നത്. പിന്നീട് ഞങ്ങൾ സെന്നൽ ലീവ്സ് (Sennal Leaves ) കൂടുതലായി പേർഷ്യയിലേയ്ക്കും സൗദിയിലേയ്ക്കും കയറ്റി അയച്ചുതുടങ്ങി. അക്കാലത്ത് ഏറ്റവും കൂടുതൽ സെന്നൽ ലീവ്സ് കയറ്റി അയച്ചതിൻ്റെ രേഖകൾ ഇപ്പോഴും തിരിച്ചെന്തുരുള്ള ഞങ്ങളുടെ കുടുംബ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

എന്തായിരുന്നു സെന്നൽ ലീവ്സ് ? അത് ഇത്രയും കയറ്റി അയയ്ക്കാനുള്ള കാരണം ?

ഔഷധത്തിനായാണ് കയറ്റിപോയിരുന്നത്. മലയാളത്തിൽ നിലവാക, തകര എന്നൊക്കെ പറയും. കൊന്നയിനത്തിൽ പെടുന്ന ഒരിനം ചെടിയാണിത്.

ഈ സമയം വെങ്കി മുതലാളിയെ അന്വേഷിച്ചുകൊണ്ട് ഒരു ഫോൺ വന്നതിനാൽ സംസാരത്തിനു തടസ്സം നേരിട്ടു. എനിക്ക് വെങ്കിടി മുതലാളിയെ പരിചയപ്പെട്ടുത്തിത്തന്ന ഗ്ലു അയ്യപ്പന് ഞാൻ മനസ്സിൽ നന്ദി പറഞ്ഞു. ഒരു പരിചയവും ഇല്ലാത്തവരുടെ അടുത്തുപോയി കാര്യം സാധിച്ചുവരാനുള്ള ഗ്ലു അയ്യപ്പനുള്ള കഴിവ് ഞങ്ങൾ കൂട്ടുകാർക്കിടയിൽ ചർച്ച വിഷയമാകാറുള്ള സംഗതിയായിരുന്നു. 

നൂറ്റാണ്ടുകൾ പഴക്കമുള്ള വെങ്കിടി മുതലാളിയുടെ കുടുംബ ലൈബ്രറിയിൽ എങ്ങനെ കയറിപറ്റും എന്നാലോചിച്ചു കൊണ്ടിരുന്നപ്പോളാണ്  വെങ്കി മുതലാളി എന്നെ അവരുടെ വീട്ടിലേയ്ക്കു ഊണ് കഴിക്കാനായി ക്ഷണിക്കുന്നത്. എന്നെ ക്ഷണിച്ചതിനു തക്കതായ ഒരു കാരണമുണ്ടായിരുന്നു. അത് വെങ്കിമുതലാളിയുടെ വീട്ടിലേയ്ക്കുള്ള യാത്രയിലാണ് എനിക്ക് മനസ്സിലായത്. ഞാനും വെങ്കി മുതലാളിയും ബോട്ടിൽ കയറി. കുട്ടനാട്ടിലെ ഒരു തുരുത്തിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിലേയ്ക്ക് ഞങ്ങൾ യാത്രയായി. ബോട്ടിൽ വെച്ചാണ് യാത്രയുടെ ഉദ്ദേശ്യം മുതലാളി എന്നോട് പറയുന്നത്. 

വെങ്കിടി മുതലാളിയുടെ മൂത്തമകൾ വനജ വെങ്കിട്ടരാമനെ കാണാൻ കൊച്ചിയിൽ നിന്നും ഒരു ചെറുക്കൻ വന്നിരിക്കുന്നു. 

മുതലാളിയുടെ മകളെ പെണ്ണുകാണാൻ ചെറുക്കനും ചെറുക്കൻ്റെ അമ്മയും കൂടി വന്നതിനു എന്നെ എന്തിനാണ് മുതലാളി വീട്ടിലേയ്ക്ക് ക്ഷണിക്കുന്നത്. അതിനുതക്ക ബന്ധമൊന്നും ഞാനും മുതലാളിയുടെ വീട്ടുകാരുമായി ഇല്ലല്ലോ? . 

ഞാൻ മനസ്സിൽ ആലോചിച്ചത് എൻ്റെ മുഖത്തുനിന്നും വായിച്ചെടുത്ത പോലെയാണ് മുതലാളി മറുപടി പറഞ്ഞത്. 

തന്നെ ഞാൻ വീട്ടിലേയ്ക്കു ക്ഷണിച്ചത് എന്തിനാണ് എന്നല്ലേ താനിപ്പോൾ ചിന്തിക്കുന്നത്. 

അപ്പോഴത്തെ എൻ്റെ മുഖഭാവം കണ്ടപ്പോൾ വെങ്കിടി മുതലാളിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. ആ ചിരിക്കു എൻ്റെ മനസ്സിലും പോസിറ്റീവ് എനർജി നിറയ്ക്കുവാൻ പ്രാപ്‌തിയുണ്ടായിരുന്നു.

എൻ്റെ ഭാര്യ പങ്കജവല്ലി ചാമുണ്ഡി ദേവിയുടെ വലിയൊരു ഭക്തയാണ്. എല്ലാദിവസവും ചാമുണ്ഡി ദേവിയെ ഉപാസിച്ചിട്ടേ അവർ ജലപാനം ചെയ്യൂ. ഭാര്യയുടെ സ്വാഭാവം അതേ പോലെ പകർന്നുകിട്ടിയിരിക്കുന്നതു ഞങ്ങളുടെ മൂത്തമോളായ വനജയ്ക്കാണ്. അവളെ കാണാനാ ഇപ്പോൾ എറണാകുളത്തു നിന്നും അമ്മയും ചെറുക്കനും കൂടി വന്നിരിക്കുന്നത്. 

വനജയ്ക്കും പങ്കജത്തിനും രാവിലെ കാണുന്ന ചില നിമിത്തങ്ങളിൽ ഭയങ്കര വിശ്വാസമാണ്. ഇപ്പോൾ എനിക്കും ഈ നിമിത്തങ്ങളിൽ ചിലതിനെ അന്ധവിശ്വാസം എന്ന രീതിയിൽ തള്ളിക്കളയാൻ തോന്നാറില്ല. ഇന്നുരാവിലെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ പങ്കജം എന്നോട് പറഞ്ഞു. ഇന്നത്തെ ദിവസം ഓഫീസിൽ കച്ചവട ആവശ്യത്തിനല്ലാതെ ഒരാൾ വരുമെന്നും അയാൾ നമ്മുടെ പൂർവികരുടെ വിവരങ്ങളൊക്കെ അറിയുവാൻ ആഗ്രഹിക്കുമെന്നും. അങ്ങനെ സംഭവിച്ചാൽ അയാളെ വീട്ടിലേയ്ക്ക് ക്ഷണിക്കണമെന്നും ഒരിക്കലും അയാളെ നിർബന്ധിച്ചു വീട്ടിലേയ്ക്കു കൊണ്ടുവരാൻ ശ്രമിക്കരുതെന്നും എന്നെ പറഞ്ഞേൽപ്പിച്ചിരുന്നു. 

ഇതിപ്പോ , നമുക്ക് വീട്ടിൽപോയി ഊണ് കഴിച്ചിട്ടുവരാം എന്നു പറഞ്ഞുതീരുന്നതിനു മുൻപേ താനെൻ്റെ കൂടെ വരാൻ തയ്യാറായി. 

എൻ്റെ മുഖം വല്ലാതായി ,

സർ അത്.. എനിക്ക് ഭക്ഷണം കഴിക്കാനുള്ള കൊതി കൊണ്ടല്ല. പറ്റുമെങ്കിൽ സാറിൻ്റെ കുടുംബത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ലൈബ്രറി ഒന്ന് പരിശോധിക്കാനായിരുന്നു. 

എൻ്റെ സംസാരം കേട്ടപ്പോൾ മുതലാളി ചിരിച്ചു . - ആ രേഖകളൊക്കെ സൂക്ഷിച്ചിരിക്കുന്നത് ഇവിടെയല്ല, തിരിച്ചെന്തുരുള്ള ഞങ്ങളുടെ കുടുംബ ലൈബ്രറിയിലാ.

ഞാൻ നിരാശനാകുന്നത് കണ്ടു മുതലാളി പറഞ്ഞു - അതിനുള്ള അവസരം ഞാൻ ഉണ്ടാക്കിത്തരാം. പക്ഷെ രേഖകളൊക്കെ തമിഴിലാ , തനിക്ക് തമിഴ് വായിക്കാനറിയാമോ ? . മധുരതമിഴിനെക്കാൾ പ്രയാസമാണ് പഴയ തമിഴെഴുത്തു വായിക്കാൻ. 

അതിനു ഞാൻ എന്തെങ്കിലും വഴി കണ്ടെത്തിക്കോളാം സർ ! ഞാൻ ആവേശത്തിൽ പറഞ്ഞു.

എങ്കിൽ ഞാൻ തിരിച്ചെന്തുർ മുരുകനെ കാണാൻ പോകുമ്പോൾ താനും എൻ്റെ കൂടെ പോന്നോളൂ. മൂന്ന് മാസം കൂടുമ്പോൾ ഞാൻ തിരിചെന്തുർ മുരുകനെ തൊഴാനായി പോകും. മുരുകൻ സ്വാമിയെ തൊഴുതു കുടുംബാംഗങ്ങളോടൊപ്പം രണ്ടുദിവസം താമസിച്ചു അവിടുന്ന് കാഞ്ചീപുരത്തെത്തി തിരുതണ്ണി ആണ്ടവനെ തൊഴുതു പിന്നെ ദിണ്ടുകൽ വന്നു പഴനി മുരുകനെ തൊഴുതില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല. അതുകൊണ്ടു മൂന്നുമാസം കൂടുമ്പോഴുള്ള ഈ യാത്ര ഒരിക്കലും ഞാൻ മുടക്കാറില്ല. പഴനിയിൽ നിന്നുള്ള മടക്കയാത്രയിൽ ഗുരുവായൂരും കൊടുങ്ങല്ലൂരും ചോറ്റാനിക്കരയിലും കയറിയേ ഞാൻ ആലപ്പുഴയിൽ തിരിച്ചെത്തൂ !!!.

സമയമുണ്ടെങ്കിൽ താനും കൂടെ പോന്നോളൂ . യാത്രയിൽ പഴയ കാര്യങ്ങളിൽ എനിക്കറിയാവുന്നതൊക്കെ തന്നോട് ഷെയർ ചെയ്യാനും സാധിക്കും. 

ഞാൻ തീർച്ചയായും വരും സർ , അടുത്ത യാത്ര എന്നാണെന്നുള്ള കാര്യം രണ്ടു ദിവസം മുന്നേ എന്നെ അറിയിക്കണം. ഞാൻ ഇടയ്ക്കു സാറിനെ വിളിച്ചു ഓർമ്മിപ്പിച്ചോളാം .

ദൂരെ കരയിൽ പഴയരീതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു വലിയ ബംഗ്ലാവ് ബോട്ടിലിരുന്നു ഞാൻ കണ്ടു. ബംഗ്ലാവിൻ്റെ മുന്നിൽ ഒരു ബോട്ട് ജെട്ടിയോടു ചേർന്ന് കിടപ്പുണ്ടായിരുന്നു. ജെട്ടിയോടു ചേർന്ന് കിടന്ന ബോട്ടിനു സമീപം ഞങ്ങളുടെ ബോട്ട് അടിപ്പിച്ചു. ഞങ്ങൾ ജെട്ടിയിൽ നേരത്തേ കിടന്ന ബോട്ടിലേക്കിറങ്ങി ശേഷം ജെട്ടിയിലൂടെ കരയിലിറങ്ങി. നൂറ്റാണ്ടുകളുടെ പഴക്കം വിളിച്ചുപറയുന്ന തലയെടുപ്പുള്ള ബംഗ്ലാവ് എന്നെ തെല്ലൊന്നുമല്ല അത്ഭുതപെടുത്തിയത്. 

പൂമുഖം കടന്നു വിശാലമായ ഒരു വിസിറ്റിംഗ് റൂമിലേയ്ക്കാണ് ഞാനും വെങ്കി മുതലാളിയും കടന്നുചെന്നത്. മുതലാളി ഇരുന്നതിനടുത്തുതന്നെ എന്നെയും പിടിച്ചിരുത്തി. വെങ്കി മുതലാളിയുടെ കൂടെ ചെന്നായതിൻ്റെ ആദരവ് അവിടിരുന്നവർ എനിക്കും തന്നു. പിന്നീടുള്ള അര മണിക്കൂർ അവരുടെ സംസാരം ശ്രദ്ധിച്ചു അവർക്കിടയിൽ ഇരുന്നു കൊടുക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ. എൻ്റെ കണ്ണുകൾക്ക് കൗതുകമുള്ള ഒരുപാടു കാഴ്ചകൾ ചുറ്റുപാടും ഉണ്ടായിരുന്നതുകൊണ്ട് ഞാൻ അതിലേയ്ക്ക് കണ്ണോടിച്ചു. വെങ്കി മുതലാളിയുടെ പൂർവ്വ പിതാക്കന്മാരുടെ ചിത്രങ്ങളോടൊപ്പം ദിവാൻ രാജ കേശവദാസിൻ്റെ പൂർണ്ണ രൂപത്തിലുള്ള വലിയ ചിത്രവും തുടച്ചു വൃത്തിയാക്കി ഭിത്തിയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. രാജ കേശവദാസിന് മുതലാളിയുടെ കുടുംബവുമായി ഇത്രയും അടുത്ത ബന്ധം വരാൻ എന്തായിരിക്കും കാരണം. രാജദേശവദാസ് വെങ്കി മുതലാളിയുടെ കുടുംബാംഗങ്ങൾക്ക് വെറും ഒരു ദിവാൻ മാത്രമല്ല എന്നത് കേശവദാസിനെ കുറിച്ച് മുതലാളി എന്നോട് സംസാരിച്ചപ്പോൾ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു.

ചെന്ന് കയറിയപ്പോഴേ മുതലാളി എന്നെ പരിചയപ്പെടുത്തിയത് ഒരു ഗവേഷണ വിദ്യാർത്ഥിയായിട്ടാണ്. അതുകൊണ്ടുതന്നെ PhD എടുക്കാൻ വേണ്ടി അവരുടെ കുടുംബ ചരിത്രത്തെ പറ്റി പഠിക്കാൻവന്ന ഗവേഷണ വിദ്യാർത്ഥിയായി ഞാൻ അവർക്കിടയിൽ മുദ്ര കുത്തപ്പെട്ടു. അവർക്കിടയിൽ എനിക്ക് ലഭിച്ച ഗവേഷകൻ്റെ കുപ്പായം അഴിച്ചുമാറ്റാൻ പിന്നെ ഞാൻ ശ്രമിച്ചതുമില്ല. 

പെണ്ണുകാണൽ ചടങ്ങ് നടന്നപ്പോൾ ഞാനും സാക്ഷിയായി. വനജ വെങ്കിട്ട രാമനെ കണ്ടപ്പോൾ പുരാണങ്ങളിലൊക്കെ വിവരിക്കുന്ന അപ്സ്സരസ്സ് ഭൂമിയിലേയ്ക്ക് ഇറങ്ങി വന്നതാണോ എന്നുപോലും എനിക്ക് തോന്നിപോയി. വനജയുടെ ശരീര ഭാഷയിൽ നിന്നും ഭാസ്‌കർ ഗോപാൽ എന്ന എയർ ഫോഴ്‌സ് പൈലറ്റിനെ വനജ ഇഷ്ടപ്പെട്ടു എന്നുതന്നെ ഞാൻ മനസ്സിലാക്കി. 

ചടങ്ങു കഴിഞ്ഞു . ഭാസ്‌കർ ഗോപാലും വനജയും തങ്ങളുടെ ഭാവി ജീവിതത്തെ കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ പരസ്‌പരം പങ്കു വയ്ക്കുന്നതിനായി  കായൽ കരയിലേയ്ക്ക് നടന്നു. അവരുടെ പോക്ക് നോക്കിനിന്ന ഞാൻ മുതലാളിയോട് പറഞ്ഞു. - രണ്ടുപേരും നല്ല ചേർച്ചയാ, രണ്ടുപേരുടേയും നടപ്പിൽ തന്നെ ഒരു താളമുണ്ട്. ശ്രുതിയും ലയവും നന്നായാൽ സംഗീതം നന്നാവും എന്നാണല്ലോ! . രണ്ടുപേരുടേയും നടപ്പ്, കൈയുടെ ചലനങ്ങൾ രണ്ടിലും നല്ല സാമ്യം കാണുന്നുണ്ട്.

ഞാൻ പറഞ്ഞത് വെങ്കി മുതലാളിയുടെ ഭാര്യയായ പങ്കജവല്ലിയമ്മയ്ക്ക് നല്ലവണ്ണം സുഖിച്ചു. അവർ പെട്ടെന്ന് ഒരുകപ്പ് ചായ എടുത്തു എൻ്റെ നേരേ നീട്ടി. എനിക്ക് ആ സമയം ചായ കുടിക്കാൻ ഒട്ടും താൽപ്പര്യം ഉണ്ടായിരുന്നില്ല. ഞാനും സാറും ഓഫീസിൽ നിന്നും ചായ കുടിച്ചിട്ടാണ് ഇറങ്ങിയത് എന്നുപറഞ്ഞിട്ടും പങ്കജവല്ലിയമ്മ സമ്മതിച്ചില്ല. 

അത് ഒരു മണിക്കൂർ മുൻപല്ലേ ? ഭക്ഷണം ആര് നീട്ടിയാലും വേണ്ട എന്നുപറയരുത് !

നിവൃത്തിയില്ലാതെ ഞാൻ ചായക്കപ്പ് വാങ്ങി. അവർ ഒരു ജിലേബി കൂടി എൻ്റെ നേരേ നീട്ടി. മധുരം ഒട്ടും ഇഷ്ടമില്ലാത്ത എനിക്ക് ജിലേബി കണ്ടപ്പോഴേ മത്തു പിടിച്ചു.

ഞാൻ നോക്കുമ്പോൾ വെങ്കി മുതലാളി രണ്ടു ജിലേബി ഒരുമിച്ചു പിടിച്ചു കടിച്ചുതിന്നുന്നു. അതിനിടയ്ക്ക് കണ്ണ് കൊണ്ട് എന്നെ തിന്നുവാൻ പ്രോത്സാഹിപ്പിക്കുന്നു. നിവൃത്തിയില്ലാതെ ഞാനാ ജിലേബി വാങ്ങി. ചുമ്മാതല്ല വെങ്കി മുതലാളി തുടുത്തിരിക്കുന്നത് , മുന്നിൽ വരുന്ന ആഹാരം വേണ്ട എന്നുപറയാൻ അറിയില്ല.

നിറയെ കഴിക്ക് തമ്പി. നിങ്ങൾ നല്ല ഐശ്യര്യമാന വ്യക്തി. വയർ ഒരിക്കലും ഒഴിച്ചിട്ടു കൂടാത് . ഐശ്യര്യം കെട്ടിടും. - തമിഴും മലയാളവും ഇടകലർത്തിയുള്ള പങ്കജവല്ലിയുടെ സംസാര രീതി എനിക്കും ഇഷ്ടപ്പെട്ടു.

-----------

സ്വകാര്യ സംസാരമവസാനിപ്പിച്ചു വനജയും ഭാസ്കറും പൂമുഖത്തെത്തിയപ്പോൾ ഞാനും മുതലാളിയും ചായകുടി കഴിഞ്ഞിരുന്നു. 

നിങ്ങൾ സംസാരിച്ചിരിക്ക് , ഞാനൊന്നു ഫ്രഷ് ആയിവരാം എന്നുപറഞ്ഞു വെങ്കിടി മുതലാളി അകത്തേയ്ക്കു പോയി. വനജ അകത്തിരിക്കുന്ന ഭാവി അമ്മായിഅമ്മയോടു സംസാരിക്കാൻ പോയപ്പോൾ ഞാനും ഭാസ്കറും കായൽ കരയിലേയ്ക്ക് നീങ്ങി. ഭാസ്കറിന് ക്യാമറയിലുള്ള താൽപ്പര്യം ഞങ്ങളെ തമ്മിൽ പെട്ടെന്നടിപ്പിച്ചു. ആ സമയം എൻ്റെ കൈയിലിരുന്ന ക്യാമറയിൽ ഞാൻ ഭാസ്കറിൻ്റെ ചിത്രങ്ങൾ പകർത്തി. ഞാനും ഭാസ്‌കറും പരസ്‌പരം മൊബൈൽ നമ്പർ കൈമാറുന്നത് അകത്തെ മുറിയിലിരുന്നു വനജ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ കൂടിക്കാഴ്ച അവസാനിച്ചപ്പോൾ ഞാനും ഭാസ്കറും മാനസികമായി ഒരുപാടു അടുത്തതുപോലെ എനിക്ക് തോന്നി. 

ഉച്ചയൂണു കഴിഞ്ഞു ഭാസ്കറും അമ്മയും പോകാൻ തയ്യാറായി. അവരെ യാത്രയാക്കാൻ മറ്റുള്ളവരുടെ കൂടെ ഞാനും ജെട്ടി വരെ ചെന്നു. ബോട്ട് നീങ്ങി കഴിഞ്ഞാണ് ഭാസ്‌കർ ഗോപാൽ എന്നെ പേരെടുത്തു വിളിക്കുന്നത് 

സനിലേട്ടാ...,ഞാൻ വിളിക്കാം എടുത്ത ഫോട്ടോസ് വാട്ട്സ് ആപ്പിൽ  അയച്ചേക്കണം. എൻ്റെ ഫോൺ നമ്പർ ചേട്ടൻ സേവ് ചെയ്തിട്ടുണ്ടല്ലോ?

ഞാൻ തള്ള വിരൽ പൊക്കി OK സിഗ്നൽ കാട്ടി. പക്ഷെ ആ വിളിച്ചു പറച്ചിൽ എന്നെ സുഖിപ്പിക്കാനല്ലായിരുന്നു. അത് വനജയ്ക്കുള്ള കോഡായിരുന്നു. ഞങ്ങൾ യാത്ര പറഞ്ഞിറങ്ങാൻ  തുടങ്ങിയപ്പോഴാണ് എനിക്കതു മനസ്സിലാക്കാൻ പറ്റിയത്. വൈകിട്ടത്തെ ചായകുടി കഴിഞ്ഞാണ് ഞങ്ങൾ ആലപ്പുഴയ്ക്ക് പോകാനായി ഇറങ്ങിയത്. അതുവരെ ഞാനും ബോട്ട് ഡ്രൈവർ മോനച്ചനുമായി സംസാരിച്ചുകൊണ്ട് ബോട്ടിലിരുന്നു. ആ സമയം മുതലാളി ബംഗ്ലാവിൽ ഉച്ച മയക്കത്തിലായിരുന്നു. 

3.30 കഴിഞ്ഞപ്പോൾ എനിക്കും മോനച്ചൻ ചേട്ടനുമുള്ള ചായയുമായി വനജ ബോട്ട് ജെട്ടിയിലെത്തി. ചായ തരുന്ന കൂട്ടത്തിൽ വനജ ചോദിച്ചു.

ഭാസിയേട്ടൻ്റെ നമ്പർ സനിലേട്ടൻ്റെ കൈയ്യിലുണ്ടോ ?

ഏതു ഭാസിയേട്ടൻ ? എനിക്ക് മനസ്സിലായില്ല .

ഞാൻ ചോദിച്ചിട്ടും വനജ മിണ്ടുന്നില്ല. ഞാൻ വീണ്ടും ചോദിച്ചു - ഏതു ഭാസിയേട്ടനാ മോളേ , എനിക്ക് മനസ്സിലാകാത്തത് കൊണ്ടാ ?

വനജ ഇപ്പോൾ ചമ്മിയ പോലെ നിക്കുവാണ്. ഒന്നും മിണ്ടാതെയുള്ള ആ നിൽപ്പ് കണ്ടപ്പോൾ ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു. ദേഷ്യവും ചമ്മലും ഇടകലർന്ന വനജയുടെ ശബ്ദം പുറത്തേയ്ക്ക് വന്നു.

ഭാസ്‌കർ ഗോപാൽ ! എന്നെ പെണ്ണ് കണ്ടിട്ട് പോയ ആള് !

എനിക്ക് ചിരി വന്നു . - ഉണ്ട് !

എനിക്ക് നമ്പർ തരണം , ഞാൻ ഫോൺ എടുത്തിട്ട് വരാം. നമ്പർ വാങ്ങിയ കാര്യം അപ്പയോടു പറയണ്ട !

ഞാൻ ഫോൺ എടുത്തു നമ്പർ എടുക്കാൻ തുടങ്ങിയപ്പോൾ മോനച്ചൻ ചേട്ടൻ ഇടപെട്ടു. - വെങ്കി മുതലാളി അറിയാതെ നമ്പർ കൊടുക്കണ്ട . കല്യാണം ഉറപ്പിച്ചിട്ടില്ലല്ലോ ? . ഉറച്ചിട്ടു മതി ഫോൺ ഫോൺ വഴിയുള്ള ബന്ധം. 

ഞാൻ ധർമ്മസങ്കടത്തിലായി. നോക്കുമ്പോൾ വനജ പൂമുഖം കടന്നുവരുന്നു. വരുമ്പോൾ നമ്പർ തരില്ല എന്ന് എങ്ങനെ പറയും. ഞാൻ പെട്ടെന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. അപ്പോഴേയ്ക്കും വനജ ഞങ്ങളുടെ അരികിലെത്തി. 

ഫോൺ ബാറ്ററി തീർന്നു ഓഫായല്ലോ മോളേ , ചാർജർ ഉണ്ടെങ്കിൽ 10 മിനിറ്റ് കുത്തിയിട്.

വനജ എൻ്റെ ഫോണുമായി അകത്തേയ്ക്കു പോകാനൊരുങ്ങിയപ്പോഴേയ്ക്കും വെങ്കിടി മുതലാളി ഒരുങ്ങി പുറത്തുവന്നു . വനജ പെട്ടെന്ന് തന്നെ എൻ്റെ ഫോൺ നമ്പർ ചോദിച്ചു വാങ്ങി സേവ് ചെയ്തു. വിളിക്കുമ്പോൾ ഭാസിയേട്ടൻ്റെ നമ്പർ പറഞ്ഞുതരണം എന്നുപറഞ്ഞു വനജ അകത്തേയ്ക്കു പോയി. ഞങ്ങൾ ബോട്ടിൽ കയറി ആലപ്പുഴയ്ക്ക് തിരിച്ചു. ബോട്ടിൽ വെച്ചാണ് വനജ ഭാസ്‌കറുടെ നമ്പർ ചോദിച്ച കാര്യം ഞാൻ വെങ്കിടി മുതലാളിയോട് പറഞ്ഞത്.

വനജയുടേത് ദോഷജാതകമാണ് . ഭാസ്‌കർ ഗോപാലിൻ്റെ ജാതകവുമായി നല്ല പൊരുത്തമുണ്ട്. അവർക്ക് താൽപ്പര്യമുണ്ടെങ്കിൽ നടത്താനാ ഞങ്ങളുടെ തീരുമാനം. വനജ തന്നെ വിളിച്ചാൽ ഭാസ്കറിൻ്റെ നമ്പർ കൊടുത്തോളൂ !

ഞാൻ മൊബൈൽ സ്വിച്ച് ഓൺ ചെയ്യേണ്ട താമസം എനിക്ക് വനജയുടെ കാൾ വന്നു. വനജ തുടരെ തുടരെ എന്നെ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഭാസ്കറിൻ്റെ നമ്പർ വാങ്ങാനുള്ള വനജയുടെ ധൃതിയിൽ നിന്നുതന്നെ ഞാൻ ഊഹിച്ചു - പ്രണയം വനജയുടെ അസ്ഥിക്ക് പിടിച്ചിരിക്കുന്നു.  ആ പ്രേമം പൂത്തുലയാൻ ഞാനും ആത്മാർത്ഥമായി ആഗ്രഹിച്ചു. 

സന്ധ്യയായപ്പോൾ ഭാസ്കറിൻ്റെ ഫോണിൽ നിന്നും കൂപ്പുകൈയുടെ ഇമോജിയുമായി ഒരു നന്ദി സന്ദേശം എനിക്ക് കിട്ടി. അറിയാതെയാണെങ്കിലും ഞാൻ അവർക്കിടയിൽ ഹംസമായി മാറിയിരിക്കുന്നു.  " വനജയുടേയും ഭാസ്കറിൻ്റെയും പ്രണയത്താഴ് വരയിൽ  ഒരുപാടു മധുപുഷ്പങ്ങൾ വിടരട്ടെ ! ആ മധു നുകരാൻ പ്രണയ ശലഭങ്ങൾ പറന്നു നടക്കട്ടെ"  ഞാൻ ആത്മാർത്ഥമായി തന്നെ അവരുടെ പ്രണയത്തിനു എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് സന്ദേശമയച്ചു. ഞാൻ ഇടയ്ക്കിടയ്ക്ക് അയക്കുന്ന പ്രണയ സന്ദേശങ്ങൾ അവരെ ഒരുപാട് സുഖിപ്പിച്ചിരുന്നു എന്ന് പിന്നീടുള്ള അവരുടെ പെരുമാറ്റത്തിൽ നിന്നും ഞാൻ മനസ്സിലാക്കി. 

"പ്രണയ താഴ് വര  " എന്ന വാട്ട്സ് ആപ്പ് ഗ്രുപ്പിൽ ഞാനും ആഡ് ചെയ്യപ്പെട്ടിരിക്കുന്നു. നോക്കിയപ്പോൾ ഞാനും ഭാസിയും വനജയും മാത്രമുള്ള ഒരു വാട്ട്സ് ആപ്പ് ഗ്രുപ്പ്. 

പതുക്കെ പതുക്കെ തമിഴ് നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ തിരിചെന്തുർ ഗ്രാമത്തിൽ വേരുകളുള്ള വെങ്കിട്ടരാമൻ എന്ന പാരമ്പര്യ കച്ചവടക്കാരൻ്റെ മനസ്സിലും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കിടയിലും ഞാൻ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. അവരുടെ എല്ലാ പ്രശ്നങ്ങൾക്കും വിശ്വസിച്ചു സമീപിക്കാവുന്ന ഒരു കുടുംബ സുഹൃത്തായി ഞാൻ മാറുകയായിരുന്നു. 

-------------------

വെങ്കിടി മുതലാളിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ എമിലിയുടെ ഷഡി കമ്പിനിയുടെ വെബ് സൈറ്റിൽ ഉൾപ്പെടുത്തേണ്ട മാറ്ററുകൾ ഞാൻ ശേഖരിച്ചു. വെങ്കിടി മുതലാളിയുടെ പൂർവികർ നിർമ്മിച്ച ആദ്യകാല ഷഡിയുടെ ചിത്രങ്ങൾ അവരുടെ തൂത്തുകുടിയിലുള്ള കുടുംബ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ ചിത്രങ്ങൾ കൂടി വെബ് സൈറ്റിൽ ഉൾപ്പെടുത്താൻവേണ്ടി ശേഖരിച്ചാൽ നന്നായിരിക്കും എന്ന് മനസ്സിൽ തോന്നി. ഞാൻ വെങ്കിടി മുതലാളി തിരിച്ചെന്തുർ മുരുകനെ തൊഴാൻ പോകുന്ന ദിവസം വരാനായി കാത്തിരുന്നു. 

വെങ്കിടി മുതലാളി എന്നെ ഒരു ഗവേഷണ വിദ്യർത്ഥി ആയിട്ടാണ് കാണുന്നത്. ഒരു പുതിയ ഷഡി കമ്പനി തുടങ്ങുന്നതിനു വിവരങ്ങൾ ശേഖരിക്കാൻ വന്നയാളാണ് ഞാനെന്നു മുതലാളിയറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും. ഗ്ലു അയ്യപ്പൻ എന്നെ ഗവേഷണ വിദ്യാർത്ഥിയായിട്ടാണ് മുതലാളിക്ക് മുന്നിൽ അവതരിപ്പിച്ചത്. തല്ക്കാലം ഗവേഷണവിദ്യാർത്ഥിയായിട്ട് നിൽക്കുന്നത് തന്നെയാണ് നല്ലത്. എൻ്റെ മനസ്സും അങ്ങനെതന്നെ പറഞ്ഞുകൊണ്ടിരുന്നു. 

അന്വേഷണം നടത്തി ശേഖരിച്ച വിവരങ്ങൾ വെച്ച് ഞാനൊരു ആർട്ടിക്കിൾ തയ്യാറാക്കി എമിലിക്കയച്ചു. എമിലിക്കും ഗണേശനും ഞാനയച്ച ആർട്ടിക്കിൾ വളരെയധികം ഇഷ്ടപ്പെട്ടു. കമ്പിനിയുടെ രജിട്രേഷനു വേണ്ടുന്ന കാര്യങ്ങൾ എന്നേക്കാൾ ആത്മാർത്ഥമായി എൻ്റെ ഭാര്യ ചെയ്‌തു തുടങ്ങിയത് എനിക്ക് ആശ്വാസമായി. വെബ്സൈറ്റിൻ്റെ പണി കഴിഞ്ഞാലുടൻ എനിക്ക് മാർക്കറ്റിംഗിൻ്റെ കാര്യത്തിലേയ്ക്ക് കടക്കാം. 

വിശ്വവിഖ്യാതമായ ഒരു കത്രിക 

I've had long hair, I've had short hair, and I've had in between hair...and its all good-(Morena Baccarin, Actress)

വെങ്കിടി മുതലാളിയുമായുള്ള ആദ്യ സന്ദർശനം കഴിഞ്ഞിട്ട് രണ്ടാഴ്ചയിലധികമായി. തിരിച്ചെന്തുർ മുരുകൻ കോവിലിൽ തൊഴാൻ പോകുന്ന ദിവസം അടുത്തോ എന്നറിയാൻ ഞാൻ വെങ്കിടി മുതലാളിയുമായി ഫോണിൽ ബന്ധപെട്ടു. ഫോണെടുത്തയുടൻ മുതലാളി പരിഭവം പറഞ്ഞു. 

താനെവിടാരുന്നടോ ഇത്രയും ദിവസം ?

ഞാൻ മുതലാളിയെ കാണാൻ വരാനിരിക്കുവായിരുന്നു ! അതിനാ വിളിച്ചത് .

എങ്കിൽ താൻ എത്രയും പെട്ടെന്ന് വീട്ടിലേയ്ക്ക് വാ !

ഞാൻ പിന്നീട് പറയുന്നത് കേൾക്കാൻ നിക്കാതെ മുതലാളി പെട്ടെന്ന് ഫോൺ വെച്ചു . - ഇനി ചെന്നില്ലെങ്കിൽ മുതലാളിക്ക് നീരസമാകും.

ഞാൻ പ്രണയ താഴ് വര എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു .

വെങ്കിടി മുതലാളി എന്നോട് വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് . മുതലാളി ഇപ്പോൾ വീട്ടിൽ കാണുമോ ?

വനജയുടെ മറുപടി അപ്പോൾ തന്നെ കിട്ടി.

ഏട്ടൻ പെട്ടെന്ന് വീട്ടിലോട്ട് വാ , പപ്പേട്ടൻ ഞങ്ങളുടെയെല്ലാം മുടി  വെട്ടാനായി വന്നിട്ടുണ്ട്.

ഭാസ്‌കർ : വനജ എന്തിനാ ഇനി മുടി വെട്ടുന്നത് . നീളമുള്ള മുടിയാ വനജയ്ക്കു ഭംഗി .

വനജ : അയ്യേ ! എൻ്റെ മുടിയുടെ തുമ്പു മാത്രമേ പപ്പേട്ടൻ്റെ കത്രിക വെച്ച് വെട്ടു, പപ്പേട്ടൻ്റെ കൈയിലുള്ളത് വിശേഷപ്പെട്ട ഒരു കത്രികയാ.

ഭാസ്‌കർ : അതെന്തു വിശേഷപ്പെട്ട കത്രിക ?

ഗ്രൂപ്പ് ചാറ്റിംഗ് നോക്കി മൊബൈലും കൊണ്ടിരുന്നാൽ സമയം പോകുന്നതു കൊണ്ട് ഞാൻ വേഗം വെങ്കി മുതലാളിയുടെ വീട്ടിലേയ്ക്കു തിരിച്ചു. ആലപ്പുഴ ജെട്ടിയിൽ ചെന്ന് ബൈക്ക് പാർക്ക് ചെയ്തുകഴിഞ്ഞാണ് വെങ്കി മുതലാളിയുടെ വീട്ടിലേയ്ക്കു പോകാൻ ആ സമയത്തു പ്രൈവറ്റ് ബോട്ട് മാത്രമേയുള്ളൂ എന്നകാര്യം ഞാനറിയുന്നത്. ആലപ്പുഴയിലെ ഹൗസ് ബോട്ട് മേഖലയുമായി ഒരുപാടു ബന്ധമുള്ള പിഗ് ബിജുവിനെ ഞാൻ ബന്ധപെട്ടു. ബിജുവാണ് ഷിബു എന്നുപേരുള്ള സ്റ്റാർ ഹോട്ടലിലെ കള്ളു ചെത്തുകാരനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. പിഗ് ബിജുവിൻ്റെ പേരുപറഞ്ഞു വിളിച്ചയുടനെ എൻജിൻ ഘടിപ്പിച്ച വലിയ ഒരു വള്ളവുമായി ഷിബുവെത്തി. ഞാൻ വെങ്കിടി മുതലാളിയുടെ കുടുംബത്തെ പറ്റി ഗവേഷണം നടത്താൻ വന്ന ആളാണെന്നു പറഞ്ഞപ്പോൾ ഷിബുവും കുറെ കാര്യങ്ങൾ പറഞ്ഞുതന്നു. ചാണ്ടി സാറിൻ്റെ റിസോട്ടിലെ തെങ്ങുകൾ മുഴുവനും ചെത്തി കള്ളെടുക്കുന്നതു ഷിബുവാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ്സ് കൂടാതെ വേറെയും ചില സൈഡ് ബിസിനസ്സുകൾ കൂടി ഷിബുവിനുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോളാൻ അനുമതി നൽകിയിട്ട് വെങ്കി മുതലാളിയുടെ ബംഗ്ലാവ് ജെട്ടിയിൽ എന്നെയിറക്കിയിട്ട് ഷിബു പോയി.

ഞാൻ ബംഗ്ളാവിൻ്റെ മുറ്റത്തു ചെല്ലുമ്പോൾ വെളുത്തുമെലിഞ്ഞ ഒരു മദ്ധ്യ വയസ്‌കൻ സൈഡിൽ നിന്നുകൊണ്ട് പങ്കജവല്ലിയമ്മയുടെ മുടി മുറിക്കുന്നു. വനജ പറഞ്ഞ പപ്പേട്ടനാണ് മുടി മുറിക്കുന്നത് എന്നുഞാൻ ഊഹിച്ചു. 'മഴവിൽ കാവടി " സിനിമയിൽ കൃഷ്ണൻകുട്ടി നായർ അഭിനയിച്ചു ഫലിപ്പിച്ച ബാർബറെയാണ് എനിക്കോർമ്മ വന്നത്. മുടി വെട്ടുന്നതിനുസമീപം വനജയുടെ കൂടെ മോഡേൺ വസ്ത്രം ധരിച്ച മറ്റൊരു പെൺകുട്ടിയും നിൽക്കുന്നുണ്ട്. ആ സമയത്തും വനജ തൊഴുതുപിടിച്ചു എന്തൊക്കെയോ മന്ത്രോച്ചാരണങ്ങൾ നടത്തുന്നുണ്ട്. കൂടെയുള്ള പെൺകുട്ടി അപ്പോഴും മൊബൈലിൽ ചാറ്റിങ്ങിൻ്റെ തിരക്കിലാണ്. ഞാൻ അവരുടെ സമീപമെത്തിയപ്പോളാണ് വെങ്കിടി മുതലാളി എന്നെ കാണുന്നത്. 

മുതലാളി : താൻ വന്നോ ? ഞാൻ കരുതി ഗവേഷണമൊക്കെ മതിയാക്കി കാണുമെന്ന് !

ഇല്ല സർ , ഇടയ്ക്കു research റിപ്പോർട്ട് കാണിക്കാൻ department വരെ പോകേണ്ടിവന്നു. അതിൻ്റെ തിരക്കിലായിരുന്നു. ആ സമയം മോഡേൺ വസ്ത്രം ധരിച്ച പെൺകുട്ടി ചാറ്റിംഗ് നിർത്തി ആകാംക്ഷയിൽ എന്നെ നോക്കി.

പെൺകുട്ടി : നമ്മുടെ കുടുംബ ചരിത്രത്തെ പറ്റി ഗവേഷണം നടത്തുന്ന ആളാണോ അപ്പാ ! ഇത് ?

അതെ മോളെ !

ഞാൻ സൗഹാർദ്ദപൂർവ്വം പെൺകുട്ടിയെ നോക്കി ചിരിച്ചു.

മുതലാളി ; ഇത് ചെമ്പകവല്ലി , എൻ്റെ ഇളയ മോളാ , ചെന്നൈയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കുന്നു.

ചെമ്പകവല്ലി വെങ്കിട്ടരാമനും ഞാനും പരിചയപ്പെട്ടു.

പങ്കജവല്ലിയുടെ മുടി മുറിച്ചശേഷം പപ്പേട്ടൻ വനജയുടെയും ചെമ്പകത്തിൻ്റെയും മുടി മുറിച്ചു. ആ സമയം ഞാനും വെങ്കി മുതലാളിയും സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ട് അവിടെ തന്നെ ചിലവഴിച്ചു. 

ഒരു കാര്യം അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. പങ്കജവല്ലിയും വനജയും ചെമ്പകവും കുളിച്ചു ചന്ദനകുറിയൊക്കെ തൊട്ടതിനു ശേഷമാണ് മുടി മുറിച്ചത്. വെങ്കിടി മുതലാളിയും കുളിച്ചു ചന്ദനക്കുറിയും കുങ്കുമവും തൊട്ടിട്ടുണ്ട്. ഇത് മനസ്സിലാക്കി ഞാൻ ചോദിച്ചു.

ഇന്ന് മുടി വെട്ടാൻ ബാർബർ വരുമെന്ന കാര്യം ഇവിടെയാർക്കും അറിയില്ലായിരുന്നോ ?

മുടിവെട്ടികൊണ്ടിരുന്ന പപ്പേട്ടൻ എന്നെ രസിക്കാത്ത മട്ടിൽ നോക്കി.

പങ്കജവല്ലി : മുടി മുറിക്കേണ്ട സമയമാകുമ്പോൾ ഞങ്ങളാ പപ്പേട്ടനെ വിളിച്ചു പറയുന്നത്. വിളിക്കുന്നതിൻ്റെ അടുത്ത ദിവസം തന്നെ എത്ര തിരക്കാണെങ്കിലും പപ്പേട്ടൻ രാവിലെ ഇവിടെ കാണും !

ഞാൻ : എല്ലാവരും കുളിച്ചിട്ട് മുടി വെട്ടുന്നതുകൊണ്ടു ചോദിച്ചതാ .

മുതലാളി : പപ്പേട്ടൻ്റെ കൈയിലുള്ള വിശേഷപ്പെട്ട കത്രിക വെച്ചേ ഇവിടുള്ളവരുടെ മുടി മുറിക്കു. തിരിച്ചെന്തുർ മുരുകൻ്റെയടുത്തു പൂജിക്കുന്ന കത്രികയാ, കുളിച്ചു ശുദ്ധമായതിനു ശേഷമേ ആ കത്രിക വെച്ച് മുടി വെട്ടു.

മുടി വെട്ടികൊണ്ടിരിക്കുന്നയാൾക്ക് എൻ്റെ ചോദ്യങ്ങൾ അത്ര പിടിക്കുന്നില്ല എന്നകാര്യം മുഖ ഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കി. അമ്മയും മക്കളും മുടി വെട്ടി അകത്തുപോയപ്പോൾ വെങ്കിടി മുതലാളി മുടി വെട്ടാനായി ഇരുന്നു. ആ സമയത്താണ് എന്നെ വെങ്കിടി മുതലാളി പപ്പേട്ടന് പരിചയപ്പെടുത്തുന്നത്. 

പപ്പേട്ടാ, ഇത് ഞങ്ങളുടെ കുടുംബ ചരിത്രത്തെ പറ്റി ഗവേഷണം നടത്താൻ വന്നയാളാ.

പപ്പേട്ടൻ എന്നെ നോക്കി സൗഹാർദ്ദ പൂർവ്വം ചിരിച്ചു. ഇപ്പോൾ മുഖത്തെ പേശികൾക്ക് അല്‌പം അയവ് വന്നിട്ടുണ്ട്. - പപ്പേട്ടൻ തമാശ രൂപേണ പറഞ്ഞു.

ഗവേഷണ വിഷയത്തിൽ എൻ്റെ വിശേഷപ്പെട്ട കത്രികയെ കൂടി ഉൾപെടുത്താൻ മുതലാളി ഒന്നു ശുപാർശ ചെയ്യണം.

ഇതുപറഞ്ഞിട്ട് പപ്പേട്ടൻ എന്നെ നോക്കി കണ്ണിറുക്കി.

വെങ്കി മുതലാളി : - അതൊക്കെ താൻ വിശദമായി തന്നെ പറഞ്ഞോ ! കഥകൾ കേൾക്കാൻ ഒരുപാടു ഇഷ്ടമുള്ളയാളാ ഈ നിക്കുന്നത്.

മുടി വെട്ടിയതിനുശേഷം 500 രൂപയുടെ 4 പുതിയ നോട്ടുകളാണ് മുതലാളി പപ്പേട്ടന് കൊടുത്ത്. ആദരപൂർവ്വം നോട്ടുകൾ വാങ്ങി കണ്ണിൽ വെച്ചു തൊഴുതതിനു ശേഷമാണ് പപ്പേട്ടൻ നോട്ടുകൾ പോക്കറ്റിലേയ്ക്ക് വെച്ചത്.

കാപ്പി കുടിച്ചിട്ടേ പോകാവൂ എന്നുപറഞ്ഞതിനു ശേഷം മുതലാളി കുളിക്കാനായി പോയി . എനിക്ക് കത്രികയുടെ വിശേഷം അറിയാനുള്ള ആകാംക്ഷ അടക്കാൻ സാധിച്ചില്ല .

പപ്പേട്ടാ..ഇവിടുള്ളവർ ഒരു കത്രികയോട് ഇത്രയും ആദരവ് കാണിക്കുന്നത് എന്തിനാണ് ?

പപ്പേട്ടൻ സൗഹാർദ്ദപൂർവ്വം എൻ്റെ തോളിലൂടെ കൈയിട്ടുകൊണ്ടു പറഞ്ഞു.

"അതൊരു വിശ്വ വിഖ്യാതമായ കത്രിക ആയതുകൊണ്ട് "

---------------

ഞങ്ങൾ ജെട്ടിയിലേയ്ക്ക് നടന്നു. ജെട്ടിയിൽ മഴയും വെയിലും ഏൽക്കാതിരിക്കാൻ മേൽക്കൂര സ്ഥാപിച്ചിട്ടുണ്ട്. ജെട്ടിയിലെ കോൺക്രീറ്റ്  ബെഞ്ചിൽ ഞാനും പപ്പേട്ടനും ഇരുന്നു. 

കായലിൽ ഒന്നുരണ്ടുപേർ വള്ളത്തിലിരുന്നു വല വീശുന്നുണ്ടായിരുന്നു. പപ്പേട്ടനെ കണ്ടു കായലിൽ വല വീശിക്കൊണ്ടിരുന്നയാൾ സൗഹാർദ്ദ പൂർവ്വം ചൂളമടിച്ചു പപ്പേട്ടൻ്റെ ശ്രദ്ധയാകർഷിച്ചു. 

ഒരു തുണിയിൽ പൊതിഞ്ഞു മടിയിൽ സൂക്ഷിച്ചിരുന്ന കത്രിക എൻ്റെ കൈയിൽ തന്നിട്ട് പപ്പേട്ടൻ പറഞ്ഞു .- ഇതാണ് ഈ ജന്മത്തിൽ ഞാൻ സ്വന്തമാക്കിയ നിധി. എൻ്റെ വിശ്വവിഖ്യാതമായ കത്രിക !!!

ഞാനാ കത്രിക ആദരപൂർവ്വം ഏറ്റുവാങ്ങി പരിശോധിക്കുന്നതിനിടയിൽ പപ്പേട്ടൻ സംസാരിച്ചു തുടങ്ങി.

എൻ്റെ പൂർവികർ തിരുവിതാം കൂർ രാജാക്കന്മാരുടെ മുടിവെട്ടുകാരായിരുന്നു. ആദ്യ രാജാവായ മാർത്താണ്ഡ വർമ്മ മുതൽ എല്ലാ രാജാക്കന്മാരുടെയും മുടി വെട്ടിയിരുന്നത് ഈയൊരു കത്രിക വെച്ച് മാത്രമാണ്. ഈ കത്രികയുടെ പഴക്കം ഏകദേശം മൂന്ന് നൂറ്റാണ്ടിനപ്പുറമാണ്. തലമുറകൾ കൈമാറി ഞങ്ങളുടെ കുടുംബത്തിൻ്റെ  പാരമ്പര്യ വഴികളിലൂടെയാണ് ഇത് എൻ്റെ കൈവശം എത്തിയത് .

ഇത് കേട്ടപ്പോൾ എനിക്കും തോന്നി, പപ്പേട്ടൻ്റെ കൈയിലുള്ളത് വിശ്വവിഖ്യാതമായ  കത്രിക തന്നെ !!!

രാജാവിൻ്റെ മുടി മുറിക്കുന്നതിനു മുമ്പ് ഈ കത്രിക തിരിച്ചെന്തുരുള്ള മുരുകൻ്റെ നടയിൽ പൂജയ്ക്കു വയ്ക്കും. അതിനു ശേഷമേ ഈ കത്രിക വെച്ച് രാജാവിൻ്റെ മുടി മുറിച്ചിരുന്നുള്ളു. അതിനുശേഷം ഈ കത്രിക വെച്ച് മുടി മുറിക്കുന്നവർക്ക് തിരിച്ചെന്തുർ മുരുകൻ്റെ അനുഗ്രഹം കിട്ടും. രാജാവിൻ്റെ മാത്രമല്ല, രാജകൊട്ടാരത്തിലെ പ്രശസ്തരായ ആളുകളുടെ മുടി മുറിച്ച കത്രികയാ ഈ ഇരിക്കുന്നത്. - വിഖ്യാത ചിത്രകാരൻ രാജ രവിവർമ്മ, രാമയ്യൻ ദളവ, രാജ കേശവദാസ് മുതൽ അവസാനത്തെ ദിവാനായ രാമസ്വാമി അയ്യർ, പ്രശസ്‌തകളായ നർത്തകികൾ, എഴുത്തുകാർ, സംഗീതജ്ഞർ എല്ലാവരുടെയും മുടി മുറിച്ച കത്രികയാ ഈ ഇരിക്കുന്നത്.  ഇത് പറയുമ്പോഴുള്ള അഭിമാന തിളക്കം ഞാൻ പപ്പേട്ടൻ്റെ കണ്ണുകളിൽ കണ്ടു. കണ്ണുകളിലെ തിളക്കത്തിൻ്റെ തീഷ്ണതയിൽ നിന്നും എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു പപ്പേട്ടന് ആ കത്രികയോടുള്ള ആത്മ ബന്ധം. 

ജീവനില്ലാത്ത ഒരു വസ്തുവിന് ഒരു മനുഷ്യനിൽ ഇത്രയും സ്വാധീനം ചെലുത്തുവാൻ സാധിക്കുമോ ? . തലമുറകൾ കൈമാറി ഉപയോഗിക്കുന്ന ചില വസ്തുക്കൾ ഇപ്പോഴുള്ളവർ ഉപയോഗിക്കുമ്പോൾ ,ആ വസ്തു ഇതിനുമുൻപ് ഉപയോഗിച്ചിരുന്ന പഴയ തലമുറകളുടെ സാമീപ്യം, പുതിയ തലമുറയ്ക്ക് ആ വസ്തു ഉപയോഗിക്കുമ്പോൾ അനുഭവിക്കാൻ സാധിക്കുമോ ? 

പപ്പേട്ടൻ്റെ കത്രികയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കേട്ടപ്പോൾ പൂർവ്വ പിതാമഹൻ മാരുടെ കരുതലും സംരക്ഷണവും പപ്പേട്ടന് ഇപ്പോഴും കിട്ടുന്നുണ്ട് എന്ന തരത്തിലുള്ള മറുപടിയാണ് ലഭിച്ചത്. പപ്പേട്ടൻ തുടർന്ന് പറഞ്ഞത് എന്നിൽ കൗതുകമുളവാക്കി.

അച്ഛൻ മരിച്ചശേഷം സ്വത്തുക്കൾ ഭാഗം വെച്ചപ്പോൾ ഈ കത്രികയ്ക്കു വേണ്ടി മാത്രമാണ് കൂടപ്പിറപ്പുകൾ തമ്മിൽ വഴക്കിട്ടത്. ഈ കത്രിക കൈവശമിരിക്കുന്നയാൾക്കു മരിച്ചുപോയ പൂർവ്വികരുടെ കരുതലും സംരക്ഷണവും ലഭിക്കാനുള്ള ഭാഗ്യം സിദ്ധിക്കും. ഇത് കൈയിലിയുരുന്നാൽ തിരിച്ചെന്തുർ മുരുകൻ എല്ലാ ഐശ്യര്യങ്ങളും കൈയിൽ കൊണ്ടുവന്നു വെച്ച് തരും. ഇളയ അനിയൻ 25 cent സ്ഥലവും വീടും എനിക്ക് വിട്ടു നൽകാമെന്ന വാഗ്‌ദാനവുമായി വന്നു. പകരം ഈ വിഖ്യാത കത്രിക അവനു വിട്ടു കൊടുക്കണം. - ഞാൻ സമ്മതിച്ചില്ല !!!.

പപ്പേട്ടൻ്റെ ഈ സംസാരം കേട്ടുകൊണ്ടാണ് ബോട്ട് ഡ്രൈവർ മോനച്ചൻ ജെട്ടിയിൽ ഞങ്ങൾ ഇരുന്നതിനു സമീപത്തേക്കു വന്നത്. മോനച്ചൻ പപ്പേട്ടൻ പറഞ്ഞതിന് മറുപടി എന്നപോലെ പറഞ്ഞു. 

25 cent സ്ഥലവും വീടും ഒരു പഴഞ്ചൻ കത്രികയ്ക്കു വേണ്ടി ഉപേക്ഷിച്ച പപ്പേട്ടൻ പോഴനാണെന്നു ഞാൻ പറയും.

മോനച്ചൻ പറഞ്ഞത് പപ്പേട്ടന് ഇഷ്ടപ്പെട്ടില്ല. പപ്പേട്ടൻ പെട്ടെന്നുതന്നെ എൻ്റെ കൈയിലിരുന്ന കത്രിക വാങ്ങി തുണിസഞ്ചിയിലിട്ടു ഭദ്രമായി മടിക്കുത്തിൽ വെച്ചു. 

പപ്പേട്ടൻ :-  ഞാനും മോനച്ചനും തമ്മിൽ ചേരില്ല കുഞ്ഞേ , പണ്ട് ഞാനിവൻ്റെ മുടി വെട്ടി കൊടുക്കുമായിരുന്നു. ഒരിക്കൽ ഇവൻ്റെ മുടി വെട്ടിയപ്പോൾ എൻ്റെ വിഖ്യാത കത്രികയുടെ ആണി ഇളകി തെറിച്ചുപോയി. ആണി തപ്പിയെടുക്കാൻ ഞാൻ ഒരുപാടു ബുദ്ധിമുട്ടി. കത്രിക നന്നാക്കണമെങ്കിൽ തിരിച്ചെന്തുരുള്ള ബ്രഹ്മചാരിയായ കൊല്ലൻ്റെ അടുത്തുതന്നെ കൊണ്ടുപോണം. അതാ തലമുറകളായി പിന്തുടരുന്ന പതിവ്. നന്നാക്കിയ ശേഷം തിരിച്ചെന്തുർ ആണ്ടവൻ്റെയടുത്തു പൂജിച്ച ശേഷമേ പിന്നെ കത്രിക ഉപയോഗിക്കാൻ പാടുള്ളു. അതാ നിയമം. - അതുകൊണ്ടു എൻ്റെ വിശേഷ പെട്ട കത്രിക വെച്ച് കത്രികയിൽ വിശ്വാസമുള്ളവരുടെ മുടി മാത്രമേ ഞാൻ വെട്ടു.

മോനച്ചൻ :-  പിന്നേ , പപ്പേട്ടൻ വിശേഷ കത്രിക കൊണ്ട് എൻ്റെ മുടി വെട്ടാത്തതുകൊണ്ട് എൻ്റെ തല മുഴുവൻ കാട് കേറി കിടക്കുവാ. കണ്ടില്ലേ! മോനച്ചൻ സ്വന്തം മുടിയിൽ കൂടി കൈ ഓടിച്ചുകൊണ്ടു പറഞ്ഞു. 

മുതലാളി കുളിച്ചിട്ടു വന്നിട്ടുണ്ട്. നിങ്ങൾ രണ്ടുപേരും ബംഗ്ലാവിലോട്ടു ചെല്ലാൻ പറഞ്ഞു. കാപ്പി കഴിക്കാൻ. - ഇതുപറഞ്ഞുകൊണ്ടു മോനച്ചൻ ബോട്ടിനെ മൂടിയിട്ടിരുന്ന പടുത പൊക്കി ബോട്ടിനുള്ളിൽ കയറി. ബോട്ടിനെ മൂടി കിടന്നിരുന്ന തറപ്പോള  ചുരുട്ടി മുകളിലെ ഹുക്കിൽ കെട്ടിയിടുന്ന ജോലി മോനച്ചൻ തുടർന്നപ്പോൾ ഞാനും പപ്പേട്ടനും കൂടി ബംഗ്ലാവിലേയ്ക്ക് നടന്നു.

--------------------


ഞങ്ങൾ കാപ്പി കുടിക്കുന്ന സമയത്താണ് വെങ്കി മുതലാളി വനജയുടെ കല്യാണം അടുത്തമാസം അവസാനത്തെ ഞായറാഴ്ച്ച നടത്തുന്നതിനെ ക്കുറിച്ചു പറയുന്നത്. ഇനി 55 ദിവസം കൂടിയേയുള്ളു. അതിനുള്ളിൽ വിളിക്കാനുള്ളവരെ വിളിക്കണം. ഗുരുവായൂരിൽ ആഡിറ്റോറിയം ബുക്ക് ചെയ്‌തു കഴിഞ്ഞു. കല്യാണം ഗുരുവായൂർ വെച്ച് നടത്തിയിട്ട് സൽക്കാരം ആലപ്പുഴയിൽ വെച്ച് നടത്താനാ പരിപാടി. കല്യാണം കഴിയുന്നതുവരെ സഹായത്തിനു ഞാനും കൂടി വേണമെന്ന് പറഞ്ഞപ്പോൾ സന്തോഷത്തോടെ ഞാനതു സമ്മതിച്ചു. 
ഞാനും പപ്പേട്ടനും തിരിച്ചു ജെട്ടിയിലെത്തുമ്പോൾ ഷിബുവും മോനച്ചൻ ചേട്ടനും ജെട്ടിയിലിരുന്നു സംസാരിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ പുറകെ മുതലാളിയും ജെട്ടിയിലെത്തി. 

എനിക്ക് ചമ്പക്കുളത്തു പോയി ഒന്നുരണ്ടു വീടുകളിൽ കല്യാണം വിളിക്കണം. നിങ്ങൾ ഷിബുവിൻ്റെ വള്ളത്തിൽ ആലപ്പുഴയ്ക്ക് പോകുവല്ലോ ?

അതിനെന്താ മുതലാളി, പപ്പേട്ടനെയും സാറിനേയും ഞാൻ അക്കരെയ്ക്ക് വിട്ടേക്കാം . ഷിബു കൂടുതൽ വിനയാന്വീതനായി.

മുതലാളിയും മോനച്ചൻചേട്ടനും പോയി .

എന്താ പപ്പേട്ടാ ഇനി പരിപാടി, വൈകുന്നേരം വരെ ഞാൻ ഫ്രീയാ. ഷെയർ ഇടുവെങ്കിൽ അര ഒരണ്ണം വാങ്ങിക്കാം. 

മോൻ കഴിക്കുവോ ? പപ്പേട്ടൻ എന്നോട് ചോദിച്ചു.

അങ്ങനെ വലിയ കഴിയുന്നുമില്ല , കൂട്ടുകാരുമായി വല്ലപ്പോഴും മാത്രം .

ഇങ്ങനെയൊക്കെയല്ലേ സാറേ കമ്പിനി ഉണ്ടാകുന്നത്. ഇപ്പൊ തന്നെ നമ്മൾ അക്കരെയ്ക്കു പോകുന്നു . ഒരണ്ണം വാങ്ങുന്നു, നേരേ വള്ളം കായലിൻ്റെ നടുക്ക് നങ്കൂരമിടുന്നു.

വെയിലത്തിരുന്ന് എങ്ങനാ ഷിബു , കായലിൽ ഈ സമയത്തു നല്ല വെയിലല്ലേ?

അതൊക്കെ സാറ് കണ്ടോ , എൻ്റെ വെള്ളത്തിനു ഹൗസ് ബോട്ട് എന്ന പേരില്ല എന്നേയുള്ളൂ , ഹൗസ് ബോട്ടിലുള്ള എല്ലാ സൗകര്യങ്ങളും നിമിഷങ്ങൾക്കുള്ളിൽ വള്ളത്തിൽ ഒരുക്കിയെടുക്കാം. അതിനുള്ള എല്ലാ സംവിധാനങ്ങളും ഞാൻ വള്ളത്തിൽ ചെയ്തുവെച്ചിട്ടുണ്ട്. സാറ് കണ്ടോ ഈ വള്ളത്തിനുള്ള സൗകര്യങ്ങൾ എന്തൊക്കെയാണെന്ന്.

ആ യാത്രയിലാണ് വള്ളത്തിലെ ചില എക്സ്ട്രാ ഫിറ്റിങ്സ് ഞാൻ ശ്രദ്ധിക്കുന്നത്. വള്ളത്തിനു മുൻഭാഗത്തായി നാലു ഇരുമ്പു പൈപ്പുകൾ ഉറപ്പിച്ചിരിക്കുന്നു. പന്തലു പണിക്കു ഉപയോഗിക്കുന്ന തരം തറപ്പോളയും പൈപ്പുകളും വള്ളത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഷിബു തന്നെ പോയി മദ്യം വാങ്ങി,കഴിക്കാൻ മൂന്ന് പാഴ്‌സലുകളും. കായലിൻ്റെ ഒത്ത നടുക്ക് ഷിബു വള്ളം നങ്കൂരമിട്ടു. അതിനുശേഷം താഴെ കിടന്ന ഇരുമ്പു പൈപ്പ് വള്ളത്തിൽ ഉറപ്പിച്ചിരുന്ന ഇരുമ്പു പൈപ്പുമായി ഘടിപ്പിച്ചു , ഊരി പോരാത്ത വിധത്തിൽ ലോക്ക് ചെയ്‌തു.  ശേഷം പടുത കൂടി പൈപ്പിന് മുകളിൽ കൂടി ഇട്ടപ്പോൾ മഴയും വെയിലും ഏൽക്കാത്ത ഒരു കൂടാരമായി വള്ളത്തിൻ്റെ ഒരു സൈഡ് മാറി. സൈഡ് മറയ്ക്കാൻ ഉപയോഗിക്കുന്ന കർട്ടൻ തുണി വെച്ച് സൈഡ് കൂടി മറച്ചപ്പോൾ വള്ളത്തിൻ്റെ മുൻഭാഗം പകുതി ഒരു മുറിയുടെ രൂപത്തിലായി. അതിൽ താഴെ വള്ളത്തിൽ കിടന്നിരുന്ന പലക കൂടി ഭംഗിയിൽ അടുക്കിയപ്പോൾ ഒരു കട്ടിലിൻ്റെ രൂപത്തിലായി. ആ കട്ടിലിൽ ഞങ്ങൾ മൂന്നുപേരും ഇരുന്നു. ആദ്യത്തെ പെഗ് കാലിയായപ്പോഴേ പപ്പേട്ടൻ ഫോമിലായി.

ആ മോനച്ചൻ എൻ്റെ കത്രികയെ വീണ്ടും അപമാനിച്ചടാ ഷിബുവേ !

എൻ്റെ പപ്പേട്ടാ ! മോനച്ചനോട് മാത്രം ഉടക്കാൻ നിക്കരുത്. മോനച്ചൻ വെങ്കി മുതലാളിയുടെ ഡ്രൈവർ മാത്രമല്ല, ബോഡി ഗാർഡ് കൂടിയാ !

നീ എന്തൊക്കെ പറഞ്ഞാലും എൻ്റെ കത്രികയെ അപമാനിച്ചവരെല്ലാം എൻ്റെ ശത്രുക്കളാ !!!

പപ്പേട്ടനും മോനച്ചനും തമ്മിൽ ഉടക്കാനുള്ള കാരണമെന്താ ? എന്ന എൻ്റെ ചോദ്യത്തിന് ഷിബുവാണ് മറുപടി പറഞ്ഞത് .

എൻ്റെ സാറേ , ഒരിക്കൽ മോനച്ചൻ ചേട്ടൻ്റെ മുടി പപ്പേട്ടൻ വെട്ടി കൊണ്ടിരിക്കുവാ, അപ്പോഴാ കത്രികയുടെ ആണി ഊരി പോയത്. പപ്പേട്ടൻ വിശ്വവിഖ്യാതമായ കത്രിക വെച്ചാ മോനാച്ചൻ്റെ മുടി വെട്ടികൊണ്ടിരുന്നത്. പകുതി വെട്ടി നിർത്തിയ മുടി. പപ്പേട്ടൻ്റെ വിഖ്യാത കത്രിക ഇവിടുള്ള കൊല്ലൻ മാരുടെയടുത്തു നന്നാക്കാൻ കൊടുക്കില്ല. പപ്പേട്ടൻ വിഖ്യാത കത്രിക വെച്ച് ഒരാളുടെ മുടി വെട്ടി തുടങ്ങിയാൽ പിന്നെ കത്രിക മാറി അയാളുടെ മുടി വെട്ടില്ല. അത് വെട്ടുന്ന ആൾക്കും ദോഷമാണ്, വെട്ടാനിരിക്കുന്ന ആൾക്കും ദോഷമാണ് എന്നാണ് പപ്പേട്ടൻ്റെ വിശ്വാസം. പപ്പേട്ടൻ മോനാച്ചൻ്റെ മുടി പകുതി വെട്ടി നിർത്തിയിട്ടു കത്രികയ്ക്കു ആണിയിടാൻ തിരിച്ചെന്തുരുള്ള കൊല്ലൻ്റെ ആലയിൽ പോയി. 

ഈ തിരിച്ചെന്തുർ എവിടെയാണെന്നാ സാറിൻ്റെ വിചാരം ?. തമിഴ് നാട്ടിലെ തൂത്തുക്കുടിയിലുള്ള ഒരു ഗ്രാമമാണ് തിരിച്ചെന്തുർ. 

പപ്പേട്ടൻ വരുന്നതുവരെ മോനച്ചൻ പകുതി വെട്ടിയ തലയുമായി ഇരുന്നില്ല. മോനച്ചൻ വേറേ ബാർബറുടെയടുത്തു പോയി മുടി വെട്ടി. അന്ന് തുടങ്ങിയതാ പപ്പേട്ടന് മോനച്ചനോടുള്ള ശത്രുത !!!

എന്നാലും എൻ്റെ കത്രികയുടെ മഹത്വമൊക്കെ മോനച്ചന് അറിയാവുന്നതല്ലേടാ ! എന്നിട്ടും അവൻ വേറേ പോയി മുടി വെട്ടിയതിലാ എനിക്ക് സങ്കടം. 

പപ്പേട്ടൻ്റെ കൈയിൽ വേറേ കത്രികയില്ലേ ? - ഞാൻ ചോദിച്ചു .

ഉണ്ട്  കുഞ്ഞേ ! പക്ഷെ ഞാൻ എൻ്റെ വിശേഷ കത്രിക വെച്ചല്ലേ മോനാച്ചൻ്റെ മുടി വെട്ടി കൊണ്ടിരുന്നത്. വിശേഷ കത്രിക ഉപയോഗിച്ചു തുടങ്ങിയാൽ പിന്നെ കത്രിക മാറി ഉപയോഗിക്കാൻ പാടില്ല. എൻ്റെ പൂർവികർ പ്രത്യേകം പറഞ്ഞിട്ടുണ്ട്, ഒരിക്കലും അങ്ങനെ മാറി കത്രിക ഉപയോഗിക്കരുതെന്ന് . അങ്ങനെ മാറി കത്രിക ഉപയോഗിക്കാത്തതിൻ്റെ ഐശ്വര്യം അവനുമുണ്ടായിരുന്നു. വേറേ കത്രിക അവൻ്റെ തലയിൽ തൊട്ടപ്പോൾ തുടങ്ങി അവൻ്റെ കഷ്ടകാലം.

ഞാൻ :-  പപ്പേട്ടാ തിരിച്ചെന്തുർ മുരുകൻ ക്ഷേത്രവുമായി മുതലാളിക്ക് എന്തെങ്കിലും ബന്ധം ഉണ്ടോ ? പപ്പേട്ടൻ്റെ കത്രിക പൂജിക്കുന്നതും തിരിച്ചെന്തുരാണല്ലോ ?

അതൊക്കെ പറയണമെങ്കിൽ ഒരു ദിവസം പോരാതെ വരും . എൻ്റെ പൂർവികരും മുതലാളിയുടെ പൂർവികരും തൂത്തുക്കുടിയിൽ നിന്നും ആലപ്പുഴയ്ക്ക് കുടിയേറിയവരാ , മുതലാളിയുടെ പൂർവ്വികരേയാ ആദ്യം രാജ കേശവദാസ് ആലപ്പുഴയ്ക്ക് കൊണ്ടുവരുന്നത്. കേശവപിള്ള അദ്ദേഹം തിരുവിതാംകൂർ ദിവാനായിരുന്ന സമയത്തു മുതലാളിയുടെ പൂർവ്വികർ ആലപ്പുഴയിലേയ്ക്ക് കൂടി കച്ചവടം വ്യാപിപ്പിച്ചു. ആലപ്പുഴ തുറമുഖത്തിൻ്റെ പണി കഴിഞ്ഞപ്പോൾ കേശവപിള്ള അദ്ദേഹം രണ്ടു കപ്പലുകൾ വാങ്ങിയിരുന്നു. അതിനുശേഷമാണ് വെങ്കി മുതലാളിയുടെ പൂവ്വികരുടെ കച്ചവടം കൂടുതൽ അഭിവൃദ്ധിപെടാൻ തുടങ്ങിയത്. കേശവപിള്ള അദ്ദേഹം വാങ്ങിയ കപ്പലിലൂടെ കൂടുതൽ വ്യാപാരങ്ങൾ നടത്തിയത് വെങ്കി മുതലാളിയുടെ പൂർവ്വികർ ആയിരുന്നു.

കേശവപിള്ള അദ്ദേഹത്തെ രാജ്യദ്രോഹിയായി മുദ്രകുത്തി സ്വത്തുവകകൾ കണ്ടുകെട്ടുന്നത് വരെ ആലപ്പുഴയിലെ കിരീടം വയ്ക്കാത്ത രാജാക്കൻ മാരായിരുന്നു വെങ്കി മുതലാളിയുടെ പൂർവ്വികർ. എൻ്റെ കുടുംബക്കാരെ മാത്രമല്ല , ഡ്രൈവർ മോനച്ചൻ്റെ പൂർവ്വികരെയും ആലപ്പുഴയ്ക്ക് കൊണ്ടുവരുന്നത് വെങ്കിടി മുതലാളിയുടെ പൂർവ്വികരാ.  അന്നത്തെ കാലത്തു എല്ലാം തികഞ്ഞ അഭ്യാസികൾ ആയിരുന്നു മോനച്ചൻ്റെ പൂർവ്വികർ. തിരുവിതാംകൂറിലെ ആദ്യത്തെ അധോലോക നായകൻ കായംകുളം കൊച്ചുണ്ണി ആണെന്നാണല്ലോ വെപ്പ്. ഈ കൊച്ചുണ്ണി ജനിക്കുന്നതിനും മുൻപ് ആലപ്പുഴ തുറമുഖത്തെ നിയന്ത്രിച്ചു നിർത്തിയിരുന്ന അധോലോകം മോനച്ചൻ്റെ പൂർവ്വികരുടെയായിരുന്നു. അന്നത്തെ കാലത്തു കായലുകളിലും കൈ തോടുകളിലും ചരക്കുമായി വന്നു അട്ടി അട്ടിയായി കിടന്നിരുന്ന കേവ് വള്ളങ്ങളുടെ സംരക്ഷണ ചുമതല മുഴുവൻ മോനാച്ചൻ്റെ പൂർവ്വികരുടെ അവകാശം ആയിരുന്നു. ദിവാൻ്റെ മൗനാനുവാദത്തിലായിരുന്നു ആ സംഘം  പ്രവർത്തിച്ചിരുന്നത് . ആ സംരക്ഷണത്തിന് കേവ് വള്ളത്തിൻ്റെ ഉടമ ദിവസം കണക്കാക്കി കൂലി മോനാച്ചൻ്റെ പൂർവ്വികരുടെ അധോലോക സംഘത്തിന്  നൽകിയിരുന്നു. ഇപ്പോഴും വെങ്കി മുതലാളിയോടുള്ള മോനച്ചൻ്റെ കൂറ് സ്വന്തം ഭാര്യയായ പങ്കജവല്ലിക്കു പോലും കാണില്ല. മുതലാളിയുടെ പൂർവ്വികരുടെ സ്വത്തുവകകളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ടിയായിരുന്നു മോനച്ചൻ്റെ പൂർവ്വികരെ തിരിച്ചെന്തുര് നിന്നും കൊണ്ടുവരുന്നത്. ഞാനും മോനച്ചനും തമ്മിൽ സൗന്ദര്യ പിണക്കമൊക്കെയുണ്ട്, പക്ഷെ മോനച്ചൻ ചതിക്കില്ല, അത് ചതിയും വഞ്ചനയും ഇല്ലാത്ത കുടുംബത്തിൽ പിറന്നതിൻ്റെ ഗുണമാ. 

ടിപ്പു തിരുവിതാം കൂർ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കുന്ന സമയത്തു തിരുവിതാംകൂറിലെ രാജ കേശവദാസ് നയിച്ചിരുന്ന സൈന്യത്തിലെ ഉയർന്ന പദവി വഹിച്ചിരുന്ന ആളായിരുന്നു മോനാച്ചൻ്റെ അച്ഛൻ്റെ അപ്പൂപ്പൻ്റെ അച്ഛൻ. കേശവ പിള്ള അദ്ദേഹത്തിൻ്റെ മരണശേഷം മോനച്ചൻ്റെ കുടുംബത്തിലെ ആരും പിന്നെ തിരുവിതാം കൂർ സൈന്യത്തിൽ ചേർന്നില്ല. ആ കാലത്തു കൊട്ടാരവുമായി മോനച്ചൻ്റെ കുടുംബത്തിനും അടുത്ത ബന്ധമുണ്ടായിരുന്നു. കൊട്ടാരവുമായി അടുത്തുനിന്നാൽ മോനച്ചൻ്റെ കുടുംബത്തിന് ലഭിക്കുമായിരുന്ന ബഹുമതികൾ ഒന്നും മോനച്ചൻ്റെ പൂർവ്വികർ പിന്നീട് സ്വീകരിച്ചില്ല. അത്രയ്ക്ക് ചതിയല്ലേ രാജാവ് കേശവ പിള്ള അദ്ദേഹത്തോട് ചെയ്തത്. ഇപ്പോഴും വെങ്കി മുതലാളിക്ക് പോലും തിരുവിതാംകൂർ രാജകുടുംബത്തോട്‌ ഉള്ളിൽ നീരസമുണ്ട്. അത് തലമുറകൾ കൈമാറി കിട്ടിയതാണ്.

രാജ കേശവദാസ് ഇവരുടെയൊക്കെ കുടുംബങ്ങളിൽ ഇപ്പോഴും ചെലുത്തുന്ന സ്വാധീനം ചെറുതല്ല എന്നുഞാൻ മനസ്സിലാക്കി. 

ഷിബു ഭക്ഷണ പൊതികൾ തുറന്ന് ഓരോരുത്തരുടെയും മുന്നിൽ വെച്ചു. കത്തുന്ന വെയിലായിരുന്നെങ്കിലും കായലിൽ നിന്നും വീശിയടിച്ചിരുന്ന കാറ്റ് ഞങ്ങളെ തണുപ്പിച്ചുകൊണ്ടിരുന്നു. ഷിബുവിൻ്റെ വള്ളത്തിൻ്റെ ഒരുഭാഗത്തെ പെട്ടെന്ന് മുറിയാക്കി മാറ്റാവുന്ന വിധത്തിൽ ഡിസൈൻ ചെയ്‌ത നിർമ്മിതി എനിക്കിഷ്ടപ്പെട്ടു. രാത്രികാലത്തു കൊതുകുകളിൽ നിന്നും രക്ഷ നേടാൻ പപ്പേട്ടനും ഷിബുവും മിക്ക ദിവസങ്ങളിലും നടുക്കായലിൽ വള്ളം നങ്കൂരമിട്ടു വള്ളത്തിൽ കിടന്നാണുറങ്ങുന്നത് എന്നുപറഞ്ഞപ്പോൾ എൻ്റെ കൗതുകം ഇരട്ടിച്ചു. - ഷിബുവിൻ്റെ വള്ളവും അതിനുള്ളിലെ സ്വകാര്യതകളും പപ്പേട്ടനും ഷിബുവിനും മാത്രം അവകാശപ്പെട്ടതാണ്. ഇപ്പോൾ ഞാനും അവർക്കിടയിൽ ഒരാളായി മാറിയിരിക്കുന്നു.  

4

രാജ കേശവദാസ് 

 The past actually happened but history is only what someone wrote down. -(A.WhitneyBrown, Comedian)


 വീട്ടിലെത്തിയ ശേഷമാണ് ഞാൻ വാട്ട്സ് ആപ് ഓപ്പൺ ചെയ്തത്. പ്രണയ താഴ് വരയിൽ വനജയും ഭാസിയും തമ്മിലുള്ള ചാറ്റ് നീളത്തിൽ കിടപ്പുണ്ടായിരുന്നു. പപ്പേട്ടൻ്റെ കത്രികയുടെ വിശേഷങ്ങൾക്ക് ശേഷമാണ് അവരുടെ പ്രണയ സല്ലാപങ്ങൾ തുടങ്ങിയത്. എനിക്കതു വായിക്കാൻ വലിയ താൽപ്പര്യം തോന്നിയില്ല. കല്യാണം ഉറപ്പിച്ചപ്പോഴേ വനജയ്ക്ക് പേടി തുടങ്ങിയിരിക്കുന്നു. എടുത്തുകൊണ്ടിരിക്കുന്ന പല നൊയമ്പുകളും വ്രതങ്ങളും മുടങ്ങുമല്ലോ എന്നോർത്തായിരുന്നു വനജയ്ക്ക് ആശങ്ക. 

കല്യാണം കഴിഞ്ഞാൽ കുട്ടികൾ ഉടനെ വേണ്ട എന്ന് വനജ 

അതെന്താ ? എന്ന് ഭാസി .

എനിക്ക് ടീച്ചറായി കുറച്ചു നാളെങ്കിലും ഒരു സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ പഠിപ്പിക്കണം എന്നാഗ്രഹമുണ്ട്. ജോലി കിട്ടാൻ ഞാനൊരു നോയമ്പ് എടുക്കുന്നുണ്ട്. അത് കഴിഞ്ഞിട്ട് മതി കുട്ടികൾ. 

കല്യാണം കഴിഞ്ഞു പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് ഭാസി ഇട്ടപ്പോൾ വനജ കുറെ അമ്പലങ്ങളും തീർത്ഥാടന കേന്ദ്രങ്ങളുമാണ് പോകാൻ തീരുമാനിച്ചത്. ആവശ്യത്തിന് ഭക്തിയൊക്കെ എല്ലാവർക്കും നല്ലതു തന്നെയാണ്. വനജയുടേത് അമിതമായ ഭക്തി തന്നെയാണ്. എപ്പോഴും വ്രതവും നൊയമ്പുകളും മന്ത്രവും. സ്വന്തം അമ്മയായ പങ്കജ വല്ലിയുടെ സ്വഭാവം വനജയ്ക്കു അതേ പോലെ കിട്ടിയിരിക്കുന്നു. വനജയുടെ അനുജത്തി ചെമ്പകവും ഇങ്ങനെയായിരിക്കുമോ ?

*****************

രണ്ടു ദിവസങ്ങൾക്ക് ശേഷമുള്ള പ്രഭാതം. വെങ്കിടി മുതലാളിയുടെ ഫോൺ വിളിയാണ് എന്നെ ഉണർത്തിയത്. 

ഇന്ന് താൻ ഫ്രീയാണെങ്കിൽ എനിക്കൊരു സഹായം ചെയ്യണം !

ഞാൻ ഫ്രീയാണ് , എന്താണെന്നു സാറ് പറഞ്ഞോ ?

താനും മോനച്ചനും കൂടി ഗുരുവായൂർ വരെ ഒന്ന് പോകണം. ആഡിറ്റോറിയം കണ്ടു ബോധ്യപ്പെടണം. നല്ല പാചകക്കാരെ ഏർപ്പാടാക്കണം. ക്യാമറയുടെ കാര്യങ്ങൾ താൻ തന്നെ ഏറ്റോണം. ലൈവ് സ്ട്രീമിംഗ് എറണാകുളം പാർട്ടിയെ ഏൽപ്പിച്ചാൽ മതി. 

ഞാൻ റെഡിയായി അങ്ങോട്ട് വരാം .

വേണ്ട , താൻ റെഡിയായി ഹൈവേയിൽ വന്നു നിക്ക്. മോനച്ചൻ വണ്ടിയുമായി വരും. വേറെ എന്ത് വേണമെന്ന് ഞാൻ വിളിച്ചു പറയാം. 

ഞാൻ അപ്പോൾ തന്നെ പ്രണയ താഴ് വരയിൽ മെസ്സേജ് ഇട്ടു . "ഞാനും മോനച്ചൻ ചേട്ടനും ഗുരുവായൂർക്ക് പോകുന്നു. സദ്യക്ക് എത്രകൂട്ടം കറികൾ വേണമെന്ന് രണ്ടുപേരും കൂടി ആലോചിക്ക്, പായസത്തിൻ്റെ കാര്യം കൂടി തീരുമാനിച്ചോ, പാചകക്കാരനെ കാണുന്നതിന് മുൻപ് ഒന്നുകൂടി മെസ്സേജ് വിടാം"

എൻ്റെയും ഭാസിയേട്ടൻ്റെയും പേരിൽ ഓരോ തൃകൈ വെണ്ണ ഗുരുവായൂരപ്പന് നടത്തിയേക്ക് എന്ന് പറഞ്ഞുകൊണ്ട് വനജ അപ്പോൾ തന്നെ മെസ്സേജ് ഇട്ടു.

ഞാൻ അമ്പലത്തിലോട്ടു പോകില്ല , ഉച്ച ഭക്ഷണം മീനും ഇറച്ചിയും കൂട്ടിയായിരിക്കും. അതുകൊണ്ടു വഴിപാടൊക്കെ കല്യാണം കഴിഞ്ഞിട്ട് രണ്ടുപേരും കൂടി പോയി നടത്തിയാൽ മതി. 

ഞാൻ അപ്പോൾ തന്നെ മൊബൈൽ ഡേറ്റ ഓഫാക്കി.

കൃത്യ സമയത്തുതന്നെ മോനച്ചൻ ചേട്ടൻ കഞ്ഞിക്കുഴിയിൽ എത്തി. ഞങ്ങൾ ഗുരുവായൂർ ലക്ഷ്യമാക്കി നീങ്ങി.

എനിക്കെന്തെങ്കിലും കഴിക്കണം . എറണാകുളം കഴിയട്ടെ . മോനച്ചൻചേട്ടൻ എന്തെങ്കിലും കഴിച്ചാരുന്നോ ?

ബംഗ്ലാവിൽ ചെന്നപ്പോൾ പങ്കജവല്ലിയമ്മ ചായ തന്നു. കൂടെ ഏത്തപ്പഴം പുഴുങ്ങിയതും. 

തനിക്കു ഇന്നുതന്നെ വീട്ടിലെത്തണോ ?

പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ല, എന്താ ചേട്ടാ ?

വനജ കുഞ്ഞു ഗുരുവായൂർ അമ്പലത്തിൽ വഴിപാടിന് ഒരു കുറിപ്പടി തന്നിട്ടുണ്ട്. അത് നടത്തണമെങ്കിൽ വെളുപ്പിനെ അമ്പലത്തിൽ പോകണം.

എന്നോട് വഴിപാടിൻ്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ തന്ത്രപൂർവ്വം ഒഴിഞ്ഞു കളഞ്ഞതാ !

സത്യം പറഞ്ഞാ , അമ്മയ്ക്കും മകൾക്കും ഭക്തി മൂത്തു ഭ്രാന്താകുവോ എന്നാ എൻ്റെ പേടി. പങ്കജവല്ലിയമ്മയുടെ ഭക്തി മുഴുവൻ കിട്ടിയിരിക്കുന്നത് വനജ കുഞ്ഞിനാ, കല്യാണം കഴിഞ്ഞും ഇത് തുടരാനാണ് പരിപാടിയെങ്കിൽ ചെറുക്കൻ വിഷമിച്ചുപോകും.

മോനച്ചൻ ചേട്ടൻ്റെ ബന്ധുക്കളൊക്കെ ഇപ്പോഴും തിരിച്ചെന്തുര് ഉണ്ടോ ?

അത് ശരി , അപ്പോൾ എന്നെയും ഒരു ഗവേഷണ വിഷയമാക്കിയല്ലേ?

മോനച്ചൻ തമാശ പറഞ്ഞപോലെ ചിരിച്ചു. - എൻ്റെ ബന്ധുക്കൾ ഇപ്പോഴും കൂടുതലുള്ളത് തിരിച്ചെന്തുര് തന്നെയാ ! അടുത്തപോക്കിന് താൻ കൂടി കാണുമെന്നു വെങ്കി മുതലാളി എന്നോട് സൂചിപ്പിച്ചിട്ടുണ്ട്. അന്ന് എൻ്റെ ബന്ധുക്കളെയൊക്കെ തനിക്ക് പരിചയപ്പെടുത്തി തരാം. തൻ്റെ ഗവേഷണത്തെ ചിലപ്പോൾ അവർക്കും സഹായിക്കാൻ പറ്റിയേക്കും.

മോനച്ചൻ ചേട്ടന് തമിഴ് വായിക്കാനറിയാമോ ?

എനിക്ക് സംസാരിക്കാൻ മാത്രമേ അറിയൂ, എൻ്റെ അപ്പച്ചിയുടെ മകൾക്ക് തമിഴ്  സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം ഉണ്ട്. തനിക്ക് അവളുടെ സഹായം ലഭിക്കാൻ ഞാൻ വേണ്ടത് ചെയ്യാം , പോരേ ?

അത് മതി , എനിക്ക് വെങ്കി മുതലാളിയുടെ കുടുംബ ലൈബ്രറി ഒന്ന് പരിശോധിക്കണം. അത് മാത്രമാണ് എൻ്റെ യാത്രയുടെ ഉദ്ദേശ്യം.

ചരിത്രങ്ങൾ ഒരുപാടു ഉറങ്ങിക്കിടക്കുന്ന മണ്ണാണ് തിരിച്ചെന്തുർ. അത് തനിക്കവിടെ ചെന്ന് എല്ലാം കാണുമ്പോൾ ബോധ്യപ്പെടും.

*************

എൻ്റെ മനസ്സ് ചിന്തകളുടെ ലോകത്തു മുഴുകാൻ തുടങ്ങിയപ്പോൾ വണ്ടിയിൽ മൗനം തളം കെട്ടി. മോനച്ചൻ ചേട്ടൻ വണ്ടിയിലെ മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു.

"ചാരം ധരിച്ചു, കൈയിൽ വേലും പിടിച്ചു, ഭിക്ഷാം ദേഹി നീ ഊരളന്നു"

യേശുദാസ് പാടിയ മുരുകൻ ഭക്തി ഗാനത്തിൽ ലയിച്ചു പതുക്കെ കണ്ണുകളടച്ച ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു. കൊടുങ്ങല്ലൂർ ക്ഷേത്രത്തിനടുത്തുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ ഇന്നോവ പാർക്ക് ചെയ്തതിനു ശേഷമാണ് മോനച്ചൻ ചേട്ടൻ എന്നെ വിളിച്ചുണർത്തിയത്. 

-------------------

ഭക്ഷണത്തിനു ഓർഡർ കൊടുത്തിട്ട് ഇരിക്കുന്ന സമയത്തു ഞാൻ സംസാരത്തിനു തുടക്കമിട്ടു.

മോനച്ചൻ ചേട്ടൻ്റെ അച്ഛൻ്റെ അപ്പൂപ്പൻ്റെ അപ്പുപ്പൻ രാജ കേശവദാസ് നയിച്ച തിരുവിതാം കൂർ സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു എന്ന കാര്യം പപ്പേട്ടനാ എന്നോട് പറയുന്നത്. കേശവദാസിനെ പറ്റി സംസാരിക്കുമ്പോൾ മുതലാളിയുടെയും പപ്പേട്ടൻ്റെയും മോനച്ചൻ ചേട്ടൻ്റെയും മനസ്സിൽ ഇപ്പോഴുമുള്ള ആരാധന കലർന്ന ഒരുതരം വിധേയത്വം എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. കന്യാകുമാരിയിലുള്ള കേശവദാസിൻ്റെ കുടുംബവുമായി ഇപ്പോഴും നിങ്ങൾ ബന്ധം പുലർത്തുന്നുണ്ടോ ?

ഗൗരവമുള്ള കാര്യം സംസാരിക്കാൻ തയ്യാറെടുക്കുന്നത് പോലെ മോനച്ചൻ ചേട്ടൻ അൽപ സമയം മൗനിയായി.

കേശവപിള്ള അദ്ദേഹത്തെ കൊല്ലുന്നത്‌ 1799 -ലാണ് . ധർമ്മരാജാവിൻ്റെ മരണത്തോടെ അധികാരത്തിലേറ്റ മാർത്താണ്ഡവർമ്മ മൂന്നാമന് കേശവപിള്ളയുടെ മരണത്തെ കുറിച്ചന്വേഷിക്കാൻ യാതൊരു താൽപ്പര്യവും ഉണ്ടായിരുന്നില്ല. കേശവ പിള്ളയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് തോന്നിയത് മെക്കാളെ പ്രഭുവിന് മാത്രമാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കേശവദാസ് ചെയ്തുകൊടുത്ത സേവനങ്ങൾക്കുള്ള പ്രതിഫലമായി വേണമെങ്കിൽ ആ അന്വേഷണത്തെ കണക്കാക്കാം. 

കേശവദാസിനെ രാജ്യദ്രോഹി എന്ന് മുദ്ര കുത്തിയവർ ഒന്നുകൂടി ആലോചിക്കണമായിരുന്നു എങ്ങനെ കേശവദാസിൻ്റെ കൈയിൽ ഇത്രയും സമ്പത്തു വന്നുചേർന്നു എന്നകാര്യം. ടിപ്പുവിൻ്റെ മരണശേഷം മലബാറിലെ നാട്ടുരാജ്യങ്ങൾക്ക്  ഹൈദറിൻ്റെ പിടിച്ചടക്കലുകൾക്കു മുൻപുള്ള അധികാരങ്ങൾ തിരിച്ചുകൊടുക്കുന്നതിന് ഈസ്റ്റ് ഇന്ത്യ കമ്പനി നിയോഗിച്ചത് രാജ കേശവദാസിനെ ആയിരുന്നു. സാമൂതിരിയുടെ രാജ്യമാണ് ഹൈദറും ടിപ്പുവും കൂടി പിടിച്ചെടുത്തത്, അത് തിരിച്ചു സാമൂതിരി കോവിലകങ്ങൾക്ക് കൊടുക്കേണ്ട ചുമതലയാണ് ഈസ്റ്റ് ഇന്ത്യ കമ്പനി കേശവദാസിനെ ഏൽപ്പിക്കുന്നത്. അവിടെ പുതിയ നാട്ടുരാജ്യങ്ങൾക്കുള്ള അധികാരങ്ങൾ എന്തൊക്കെയാണെന്നും ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൊടുക്കേണ്ടുന്ന കപ്പം എത്രയാണെന്ന് തീരുമാനിക്കാനുള്ള അധികാരവും കേശവദാസിനായിരുന്നു.  സ്വാഭാവികമായും നാട്ടുരാജ്യങ്ങൾ കേശവദാസിന് കൈക്കൂലി കൊടുത്തുകാണും. അതെങ്ങനെ തിരുവിതാംകൂറിൽ രാജ്യദ്രോഹമാകും. തിരുവിതാംകൂറിലെ ഒരു നാട്ടുരാജാവിൽ നിന്നല്ല കേശവദാസ് പാരിദോഷികം സ്വീകരിച്ചത്. കേശവദാസിന് തിരുവിതാംകൂറിനോടും ശ്രീ പദ്‌മനാഭനോടും കൂറ് കാണിച്ചാൽ മതിയായിരുന്നു. സാമൂതിരിയുടെ നാട്ടിലെ രാജാക്കൻമാർക്ക് വേണ്ടി ഈസ്റ്റ് ഇന്ത്യ കമ്പനി ഏൽപിച്ച ഒരു ജോലി ചെയ്യമ്പോൾ വാങ്ങുന്ന പാരിദോഷികം  എങ്ങനെ തിരുവിതാംകൂറിൽ രാജ്യദ്രോഹമാകും. അഥവാ കേശവദാസ് തെറ്റ് ചെയ്തെങ്കിൽ ഈസ്റ്റ് ഇന്ത്യ കമ്പനി അല്ലേ കേശവദാസിനെ വിചാരണ ചെയ്യേണ്ടത്. അവിടെയും കേശവദാസ് ഒരു മണ്ടത്തരം കാണിച്ചു . കിട്ടിയ സമ്പത്തു മുഴുവനും തിരുവിതാംകൂറിൽ ചിലവഴിച്ചു. രണ്ടു കപ്പലുകൾ വാങ്ങി തിരുവിതാംകൂർ രാജ്യത്തിൻ്റെ സമ്പത്തു ഉയർത്താൻ വേണ്ടി തിരുവിതാം കൂറിൽ നിക്ഷേപിച്ചു.  ഞങ്ങൾ ഇപ്പോഴും 100 % വിശ്വസിക്കുന്നു. ശ്രീ പദ്മനാഭൻ്റെ മണ്ണിൽ ഒരു രാജ്യ ദ്രോഹവും കേശവപിള്ള അദ്ദേഹം ചെയ്യില്ല. രാജാവ് ദാനമായി കൊടുത്ത പൈസയല്ലാതെ ഒരണ പോലും കേശവപിള്ള അദ്ദേഹം ആരോടും വാങ്ങിയിട്ടില്ല. 

തലമുറ പലതു കഴിഞ്ഞെങ്കിലും രാജകുടുംബം ചെയ്‌ത വലിയൊരപരാധം എത്ര ആഴത്തിലാണ് ഇവരുടെയൊക്കെ മനസ്സിൽ വേരൂന്നി കിടക്കുന്നത്. ഇന്ത്യയെ കീറി മുറിച്ചപ്പോൾ ഉണ്ടാക്കിയ മുറിപ്പാടുകൾ ഇപ്പോഴും ഉണങ്ങാതെ ഇന്ത്യ- പാക് അതിർത്തി ഗ്രാമങ്ങളിലെ പുതു തലമുറയുടെ മനസ്സിൽ നീറി കിടക്കുന്നതുപോലെ !. 

ചില സംഭവങ്ങൾ അങ്ങനെയാണ്, തലമുറകൾ പലതു കഴിഞ്ഞാലും പകയായി മനസ്സിൽ കിടക്കും. മനസ്സിൽ നിന്നും മനസ്സിലേയ്ക്ക് ആ പക കൈമാറ്റം ചെയ്യപ്പെടും. കാലം കഴിയുംതോറും പകയുടെ കനലുകൾ ഇളം തലമുറയുടെ മനസ്സിൽ ഉമി തീ പോലെ കിടന്നുനീറും. തലമുറകൾ എത്ര കടന്നുപോയിരിക്കുന്നു, 1799 ൽ നടന്ന ഒരു സംഭവം അടുത്ത തലമുറയിലേയ്ക്ക് ഈ കുടുംബങ്ങൾ കൈമാറ്റം ചെയ്‌തു കൊണ്ടിരിക്കുന്നത് എത്ര കരുതലോടെയാണ്. 2016 ൽ ജീവിച്ചിരിക്കുന്ന പുതു തലമുറയിലെ ഒരംഗം എത്ര അനായാസമാണ് സംഭവങ്ങൾ വിശദീകരിച്ചു തന്നത്. അപ്പോൾ 1799 ൽ നടന്ന ഒരു സംഭവം എത്ര ആഴത്തിൽ ഇവരുടെയൊക്കെ മനസ്സിൽ പതിഞ്ഞിട്ടുണ്ടാവണം.

***********

ഭക്ഷണം കഴിഞ്ഞു ഞങ്ങൾ വണ്ടിയിൽ കയറിയപ്പോൾ മോനച്ചൻ വീണ്ടും സംസാരിച്ചുതുടങ്ങി. 

1789 ലെ ടിപ്പുവിൻ്റെ പടയോട്ടത്തെ നെടുംകോട്ടയ്ക്കടുത്തു വെച്ച് തിരുവിതാം കൂർ സൈന്യം എതിരിട്ട് തോൽപിച്ചത് കേശവദാസിൻ്റെ നേതൃത്വത്തിൽ ആയിരുന്നു. തിരുവിതാം കൂറിലെ സൈന്യത്തെ നയിക്കാൻ കേശവദാസ് ഇല്ലായിരുന്നു എങ്കിൽ തിരുവിതാംകൂർ തന്നെ നാമാവിശേഷമായി പോകുമായിരുന്നു. 

ആർകാട് നവാബ് വെറുമൊരു പാവയാണെന്നും മൈസൂറിൻ്റെ സൈനിക ശക്തി തിരുവിതാംകൂറിനു കൊടിയ വിപത്തായി തീരുമെന്നും 1783 ൽ തന്നെ കേശവദാസ് മനസ്സിലാക്കി. ഇനിയങ്ങോട്ട് ഇന്ത്യ ഭരിക്കുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനി ആയിരിക്കും എന്നകാര്യം കേശവദാസിൻ്റെ സൂക്ഷ്‌മ ബുദ്ധി മനസ്സിലാക്കി തുടങ്ങുകയായിരുന്നു. കേശവദാസ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി നയതന്ത്ര ബന്ധം ആരംഭിച്ചുതുടങ്ങി. അതിൻ്റെ ഫലമായി 1784 ലെ മംഗലാപുരം ഉടമ്പടിയുടെ ഒന്നാം വകുപ്പിൽ തിരുവിതാംകൂർ രാജാവ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സുഹൃത്തും ബന്ധുവുമാണെന്നു പ്രഖ്യപിക്കപ്പെട്ടു. തിരുവിതാംകൂറിൻ്റെ പൂർണ്ണ സ്വതന്ത്ര്യം ഈസ്റ്റ് ഇന്ത്യ കമ്പനിയെ കൊണ്ട് അംഗീകരിപ്പിക്കാൻ മംഗലാപുരം ഉടമ്പടിയിലൂടെ കേശവദാസിന് കഴിഞ്ഞു. മൈസൂരുമായി യുദ്ധം ഒഴിവാക്കാൻ സാധ്യമല്ല എന്ന കാര്യം കേശവദാസിന് ഉറപ്പായിരുന്നു. 

എന്നാൽ 1790 ലെ തൻ്റെ പരാജയത്തിന് പകരം വീട്ടാൻ ടിപ്പു വീണ്ടും നെടുംകോട്ട ആക്രമിച്ചു. തിരുവിതാംകൂറിൻ്റെ ചിലവിൽ നെടുംകോട്ടയിൽ താമസിച്ചിരുന്ന ഇംഗ്ലീഷ് സൈന്യം കൂടുതൽ സഹായങ്ങളൊന്നും തിരുവിതാംകൂർ സൈന്യത്തിന് ചെയ്‌തു കൊടുത്തില്ല. തിരുവിതാംകൂർ പരാജയപ്പെട്ടു. അവിടെയും കേശവപിള്ള പതറിയില്ല. കേശവപിള്ള ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പൂർണ്ണമായി വിശ്വാസത്തിൽ എടുത്തിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ ആലുവ പുഴയുടെ തീരത്തു ഒരുക്കി നിർത്തിയിരുന്ന സൈന്യത്തിൻ്റെ ഇരട്ടി സൈന്യത്തെ കേശവപിള്ള ആലപ്പുഴയിൽ ഒരുക്കി നിർത്തിയിരുന്നു.

കുളച്ചിൽ യുദ്ധത്തിൽ മാർത്താണ്ഡ വർമ്മ മഹാരാജാവ് തടവിലാക്കിയ ഡിനലോയി (Eustachius Bendedictus de Lannoy) പിന്നീട് മാർത്താണ്ഡ വർമ്മയുടെ വിശ്വസ്തനായി മാറി. തിരുവിതാം കൂറിനോടുള്ള കൂറ് ഡിനലോയിയെ തിരുവിതാംകൂർ സൈന്യത്തിൻ്റെ വലിയ കപ്പിത്താനാക്കി മാറ്റി. ഈ ഡിനലോയിയാണ് കേശവപിള്ള അദ്ദേഹത്തെ സൈനിക തന്ത്രങ്ങൾ പഠിപ്പിക്കുന്നത്. ഫ്രഞ്ച് , പോർട്ടുഗീസ് , ഇംഗ്ലീഷ് മുതലായ യൂറോപ്പ്യൻ ഭാഷകൾ കേശവപിള്ള അഭ്യസിക്കുന്നത് ഡിനലോയിയിൽ നിന്ന് തന്നെയാണ്. കേശവപിള്ളയും ഡിനലോയിയും തമ്മിൽ അത്രയ്ക്ക് ആത്മബന്ധമുണ്ടായിരുന്നു.

വടക്ക് സാമൂതിരിയുടെ ശക്തി ക്ഷയിച്ചപ്പോൾ തന്നെ തിരുവിതാംകൂർ വടക്കു നിന്നുള്ള ആക്രമണങ്ങളെ ചെറുക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. തിരുവിതാംകൂറിനു ശക്തമായ ആക്രമണത്തെ നേരിടേണ്ടി വന്നാൽ അത് വടക്ക് നിന്നായിരിക്കും എന്ന് ഡിനലോയി കണക്കുകൂട്ടി . അങ്ങനെ സംഭവിച്ചാൽ ആലപ്പുഴയെ എങ്ങനെ ഒരു സൈനിക കേന്ദ്രമാക്കി മാറ്റണം എന്നതിൻ്റെ രേഖാചിത്രം ഡിനലോയി അന്നേ വരച്ചിട്ടിരുന്നു. 1777 ൽ ഡിനലോയി മരിച്ചെങ്കിലും ടിപ്പുവിൻ്റെ ആക്രമണ സമയത്തു കേശവദാസിന് സഹായകമായത് ഡിനലോയി വരച്ചിട്ട സൈനിക തന്ത്രങ്ങൾ അടങ്ങിയ രേഖ ചിത്രങ്ങൾ ആയിരുന്നു. 

ഡിനലോയി ആവിഷ്‌കരിച്ചു വെച്ചിരുന്ന സൈനിക തന്ത്രത്തിലെ പ്രധാന സൈനിക താവളം ആലപ്പുഴയായിരുന്നു. തിരുവിതാംകൂർ കൊട്ടാരത്തിൻ്റെ ഒരു മാതൃക ആലപ്പുഴയിൽ കൂടി നിർമ്മിക്കുക. ഇതാണ് തിരുവിതാംകൂർ എന്ന് ശത്രുക്കളെ തെറ്റി ധരിപ്പിക്കുക. ടിപ്പുവിൻ്റെ ആക്രമണ ഭീഷിണി ഉണ്ടായപ്പോൾ തന്നെ കേശവദാസ് ആലപ്പുഴയിൽ കോമേഴ്സൽ കനാലിൻ്റെ പണി തുടങ്ങിയിരുന്നു. കായലിനെയും കടലിനെയും തമ്മിൽ ബന്ധിപ്പിച്ചു നേർ രേഖ പോലെ കിടക്കുന്ന ഈ കനാൽ കടന്നുവേണമായിരുന്നു ടിപ്പുവിന് തിരുവിതാംകൂറിൽ പ്രവേശിക്കാൻ. കോമേഴ്സൽ കനാൽ പണിതു തുടങ്ങിയത് തിരുവിതാംകൂറിൻ്റെ രക്ഷയ്ക്കായാണ്. വലിയ ആനകൾ വീണാൽപ്പോലും കയറാൻ കഴിയാത്തവിധമായിരുന്നു ഈ കനാലിൻ്റെ നിർമ്മിതി. 

അന്നത്തെ കാലത്തു കോമേഴ്സൽ കനാലിൻ്റെ വടക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ (കരപ്പുറം) താമസിച്ചിരുന്ന ജനങ്ങൾക്ക് കൊച്ചി രാജ്യത്തോട് ചേരാനായിരുന്നു താൽപ്പര്യം. ഏറ്റവും രസകരമായ വസ്തുത തിരുവിതാംകൂർ രാജാവും കൊച്ചി രാജാവും കരപ്പുറം എന്നുപറയുന്ന സ്ഥലത്തിന് യാതൊരു അവകാശ വാദവും ഉന്നയിച്ചിരുന്നില്ല എന്നതാണ്. അതുകൊണ്ടാണ് അന്നത്തെ കാലത്തു ഈസ്റ്റ് ഇന്ത്യ കമ്പനി കരപ്പുറം ഉൾപ്പെടുന്ന പ്രദേശങ്ങളെ "No Man's Land" എന്നു വിശേഷിപ്പിച്ചത്. പക്ഷെ ടിപ്പുവിൻ്റെ ആക്രമണ സമയത്തു കരപ്പുറത്തു താമസിച്ചിരുന്ന ജനങ്ങൾക്ക് മനസ്സിലായി ടിപ്പു ആലുവ പുഴ കടന്നുവന്നാൽ തങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ ഒരിക്കലും കൊച്ചി രാജാവിന് കഴിയില്ല എന്നകാര്യം. അവർ തിരുവിതാം കൂറിൽ അഭയം തേടി. ഇപ്പോഴും കരപ്പുറത്തെ പുരാതന തറവാടുകളിൽ ചെന്ന് പഴയ കഥകൾ തിരഞ്ഞാൽ ഒരു പലായനത്തിൻ്റെ കഥ പുതു തലമുറയിലെ ചിലരെങ്കിലും ഓർത്തു പറയാതിരിക്കില്ല. ടിപ്പുവിൻ്റെ പടയോട്ടത്തെ ഭയന്ന് അവരുടെ പൂർവികർ തങ്ങളുടെ വിലപിടിച്ച വസ്തുവകകൾ തറവാടിൻ്റെ ഒരു കോണിൽ കുഴിച്ചിട്ട ശേഷം തിരുവിതാംകൂറിൻ്റെ സംരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്ത കഥകൾ. 

എന്തുകൊണ്ടായിരുന്നു കരപ്പുറത്തെ "No Man's Land" എന്ന് ബ്രിട്ടീഷുകാർ വിളിക്കാൻ കാരണം ?

ആധുനിക തിരുവിതാംകൂർ ഉദയം ചെയ്യുന്നതിനുമുമ്പ് കരപ്പുറം എന്ന പ്രദേശം ഉണ്ടായിരുന്നില്ല. സാമൂതിരിയുടെ രാജ്യവും കൊച്ചിയും ഉണ്ടായി നൂറ്റാണ്ടുകൾ കഴിഞ്ഞാണ് കരപ്പുറം എന്ന ഭൂപ്രദേശം അറബിക്കടലിനും വേമ്പനാട്ട് കായലിനും ഇടയിലായി ഉടലെടുക്കുന്നത്. അതിനുമുൻപ് അറബിക്കടലിൻ്റെ കിഴക്കേ അതിർത്തി ഇപ്പോൾ കോട്ടയം ജില്ലയിൽ ഉൾപ്പെട്ട ചില പ്രദേശങ്ങൾ ആയിരുന്നു. ഒരുപക്ഷെ മുസരീസ് തുറമുഖത്തെ തകർത്തു തരിപ്പണമാക്കിയ ഒരു വൻ പ്രളയത്തിൻ്റെ ബാക്കിപത്രമായി കടൽ ദാനമായി തന്ന ഒരു ഭൂപ്രദേശമാകാം കരപ്പുറം എന്ന പേരിൽ അറിയപ്പെടുന്ന ഭൂപ്രദേശങ്ങൾ. 

വലിയ പടയോട്ടങ്ങളോ രക്തപുഴ ഒഴുകുന്ന യുദ്ധങ്ങളോ ഈ പ്രദേശങ്ങളിൽ നടന്നതായി ചരിത്രം പറയുന്നില്ല. പഴയ തലമുറയിലെ ചില ആളുകൾ ടിപ്പുവിൻ്റെ  പടയോട്ടം ഈ കരയിൽ നടന്നതായി പറയുന്നുണ്ട്. ടിപ്പുവിൻ്റെ പട ആലുവ പുഴ കടന്നു വടക്കോട്ട് വന്നിട്ടില്ല. ആകെ കരപ്പുറത്തു നടന്ന  രക്തം ചിന്തിയ വിപ്ലവം പുന്നപ്ര -വയലാർ സമരമാണ്. താങ്കൾ കരപ്പുറത്തെ പറ്റിയും ഒരു ഗവേഷണം നടത്തിനോക്കൂ . 700 വർഷത്തെ പ്രായമേ കരപ്പുറം ഉൾപ്പെടുന്ന പ്രദേശത്തിന് കാണൂ , മനുഷ്യവാസം ഉണ്ടായതിനുശേഷം ഒരു 500 വർഷത്തെ ചരിത്രമേ കരപ്പുറത്തിനു പറയാൻ ഉണ്ടാകൂ. അതുകൊണ്ടാണ് കൊച്ചിയും തിരുവിതാംകൂറും കരപ്പുറത്തിനുവേണ്ടി അവകാശവാദം ഉന്നയിക്കാതിരുന്നത്.കാരണം അവകാശവാദം ഉന്നയിക്കാൻ മാത്രം സമ്പന്നമായിരുന്നില്ല അന്ന് കരപ്പുറം ഉൾപ്പെട്ട പ്രദേശങ്ങൾ. അറുപതു ശതമാനത്തിലധികം പ്രദേശങ്ങളും ചതുപ്പു നിലങ്ങളായിരുന്നു, വാസ യോഗ്യമല്ലാത്ത വിധം ഉപ്പ് നിറഞ്ഞ പ്രദേശങ്ങൾ. അതുകൊണ്ടായിരിക്കും കരപ്പുറം ഉൾപ്പെടുന്ന പ്രദേശങ്ങൾക്കായി ആരും അവകാശവാദം ഉന്നയിക്കാതിരുന്നത്. കരപ്പുറത്തിൻ്റെ സാദ്ധ്യതകൾ ആദ്യമായി മനസ്സിലാക്കിയത് തിരുവിതാംകൂർ ദിവാനായിരുന്ന കേശവദാസ് ആയിരുന്നു. അതുകൊണ്ടു തന്നെ കരപ്പുറം ഉൾപ്പെടുന്ന പ്രദേശങ്ങൾ കേശവദാസിന് തീറെഴുതി കൊടുക്കാൻ മാർത്താണ്ഡവർമ്മ രണ്ടാമന് പദ്ധതിയുണ്ടായിരുന്നു. അത് മനസ്സിലാക്കിയാണ് കേശവദാസിൻ്റെ ശത്രുക്കൾ കരപ്പുറം കൊച്ചിക്കു തീറെഴുതി എന്ന കള്ള ഉടമ്പടി ഉണ്ടാക്കിയത്. ഈ കാര്യങ്ങൾക്ക് എത്രമാത്രം സത്യം ഉണ്ടെന്നറിയില്ല. പക്ഷെ കേശവദാസിൻ്റെ മരണശേഷം ഈ സംഭവങ്ങൾ ഒരു ഗോസ്സിപ്പായി ജനങ്ങൾക്കിടയിൽ പ്രചരിച്ചിരുന്നു .


*******

കോമേഴ്സൽ കനാൽ ഡിനലോയി ആവിഷ്‌കരിച്ചു വെച്ചിരുന്ന സൈനിക തന്ത്രത്തിലെ പ്രധാന നിർമ്മിതി ആയിരുന്നു. ആക്രമണ സമയത്തു കാനാലിനെ ആനകളെ പിടിക്കുന്ന ചതി കുഴികളാക്കി, കിടങ്ങുകളാക്കി  മാറ്റുക. ഒളിപ്പോരാട്ടം നടത്തി ശത്രുക്കളെ ചിതറിക്കുക. കോമേഴ്സൽ കനാലിന് തെക്കുഭാഗത്തുള്ള എല്ലാ തോടുകളും കുളങ്ങളും ചതി കുഴികളാക്കി മാറ്റുക. ആലപ്പുഴയ്ക്ക് കിഴക്കുള്ള ചതുപ്പു നിലങ്ങളിലേയ്ക്ക് ശത്രുസൈന്യത്തെ വഴിതെറ്റിച്ചു കയറ്റുക. അങ്ങനെ സാധിച്ചാൽ പിന്നെ എല്ലാം എളുപ്പമായിരുന്നു. മട പൊട്ടിച്ചു ചതുപ്പു നിലങ്ങളിലേയ്ക്ക് വെള്ളം തുറന്നു വിടുക. അവിടെ തീർന്നു ശത്രു സൈന്യത്തിൻ്റെ മനോവീര്യം. ശത്രു സൈന്യം വീണ്ടും ആക്രമണത്തിന് തയ്യാറാക്കുന്നതിന് മുൻപ് ടിപ്പുവിന് കൊന്ന് ശത്രു സൈന്യത്തിൻ്റെ മനോവീര്യം തകർത്തു കളയുക. 

ഈയൊരു പദ്ധതി ആലപ്പുഴയിൽ തയ്യാറാക്കി വെച്ചതിനു ശേഷമാണ് കേശവദാസും കൂട്ടരും ആലുവ പുഴയുടെ തീരത്തേയ്ക്കു ടിപ്പുവിൻ്റെ ആക്രമണത്തെ ചെറുക്കാനായി പുറപ്പെട്ടത്. ആലുവ പുഴയുടെ അക്കരെ ടിപ്പുവിൻ്റെ വൻ സൈന്യവും ഇക്കരെ കേശവദാസും 39 സൈനിക മേധാവികളും. ആ 39 സൈനിക മേധാവികളിൽ ഒരാൾ എൻ്റെ പൂർവ്വ പിതാമഹനായിരുന്നു. വൈക്കം പദ്‌മനാഭ പിള്ളയൊക്കെ ആക്കൂട്ടത്തിൽ പെട്ടവരിൽ ഒരാളായിരുന്നു. കേശവദാസും കൂട്ടരും നിരന്നുനിന്നതിനു പുറകിലായി തെക്കുഭാഗത്ത് വലിയ അഗ്നികുണ്ഡങ്ങൾ എരിഞ്ഞുതുടങ്ങി. മലയരയൻ മാർ ഒരുക്കി നിർത്തിയ അഗ്നി കൊണ്ടുള്ള മതിലും ഒരു യുദ്ധ തന്ത്രമായിരുന്നു. അഗ്നി കുണ്ഡങ്ങൾക്കു പുറകിൽ എത്ര സൈന്യങ്ങൾ ഉണ്ട് എന്നകാര്യം ശത്രുക്കൾക്കു പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല. ടിപ്പുവിൻ്റെ സൈന്യത്തിന് അഗ്നിയേയും വെള്ളത്തെയും പേടിക്കണമായിരുന്നു. അത്രയേറെ വെടിക്കോപ്പുകളും സൈന്യത്തിൻ്റെ ശേഖരത്തിലുണ്ടായിരുന്നു. 

മുന്നോട്ടു വെച്ച കാല് പുറകോട്ടെടുക്കാൻ ഹൈദർ ടിപ്പുവിനെ പഠിപ്പിച്ചിട്ടില്ലായിരുന്നു. ഇതിനകം പിടിച്ചടക്കലുകളിൽ ആനന്ദം കണ്ടെത്തി തുടങ്ങിയ ടിപ്പുവും സൈന്യവും ആലുവ പുഴ കടന്നു തുടങ്ങി. ആ സമയം ആലുവ പുഴയിൽ വെള്ളം പൊങ്ങാൻ തുടങ്ങി. തടയണ കെട്ടി സംരക്ഷിച്ചു നിർത്തിയ വെള്ളത്തെ മലയരയൻ മാർ പൊട്ടിച്ചുവിട്ടതായിരുന്നു വെള്ളപ്പൊക്കത്തിന് കാരണം. ഡാം പൊട്ടിയപോലെ കലിതുള്ളി വരുന്ന വെള്ളത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ ടിപ്പുവിൻ്റെ സൈന്യത്തിന് കഴിഞ്ഞില്ല. ആ വെള്ളപ്പാച്ചിലിൽ ടിപ്പുവിൻ്റെ സൈന്യത്തിന് ഒരുപാടു നാശ നഷ്ടങ്ങൾ ഉണ്ടായി. ആയുധങ്ങളും വെടിക്കോപ്പുകളും കുതിരകളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ടിപ്പുവിന് പിന്തിരിയേണ്ടി വന്നു. ഇപ്പോഴും ആലപ്പുഴയ്ക്ക് വടക്കുള്ള കരപ്പുറം എന്ന പ്രദേശത്തുള്ള പ്രായം ചെന്ന ആളുകളുടെ മനസ്സിൽ ടിപ്പുവിൻ്റെ പടയോട്ടത്തെ പറ്റിയുള്ള പേടിപ്പിക്കുന്ന കഥകൾ ഉറഞ്ഞു കിടപ്പുണ്ട്. 

ടിപ്പു പിൻവാങ്ങി ,പിന്നീട് ബ്രിട്ടീഷ് കാരുമായുള്ള യുദ്ധത്തിൽ മരിച്ചു. അതുകൊണ്ടു തന്നെ കേശവദാസും കൂട്ടരും തയ്യാറാക്കി വെച്ചിരുന്ന മിഷൻ പൂർത്തിയാക്കാനും കഴിഞ്ഞില്ല. ഇനി ടിപ്പു ആലുവ പുഴ കടക്കുന്നതിൽ വിജയിച്ചു എന്നിരിക്കട്ടെ, കേശവദാസും കൂട്ടരും ഒരിക്കലും ആലുവ പുഴയുടെ തീരത്തു വെച്ച് ഒരിക്കലും ആക്രമണത്തിന് മുതിരില്ലായിരുന്നു. അവർ കുതിരകളെ പടിഞ്ഞാറോട്ടു തെളിച്ചു കടൽത്തീരത്തെത്തി തെക്കോട്ടു പലായനം ചെയ്യുമായിരുന്നു. എത്രയും പെട്ടെന്ന് ആലപ്പുഴയിലെത്തി സൈന്യത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുക എന്നതായിരുന്നേനെ പിന്നെ കേശവദാസിൻ്റെ ലക്ഷ്യം. കൊള്ളയും കൊലയും നടത്തി ടിപ്പു ഉന്മാദിയായി ആലപ്പുഴയിൽ എത്തുമ്പോൾ വലിയൊരു അക്രമണത്തെ ടിപ്പുവിന് നേരിടേണ്ടി വരുമായിരുന്നു. ശക്തമായ ഒളിപ്പോരിൽ അവിടെ തീർന്നേനെ ടിപ്പു എന്ന ഭരണാധികാരിയുടെ ചരിത്രം.

മോനച്ചൻ എന്നോട് പറഞ്ഞ ഈ കഥകൾ എന്തുകൊണ്ട് തിരുവിതാംകൂർ കൊട്ടാരത്തിലെ ഭരണകാര്യങ്ങൾ കുറിച്ചുവയ്ക്കുന്ന മതിലകം രേഖകളിൽ അടയാളപ്പെടുത്താതെ പോയി. ഒരു സൈനിക തന്ത്രത്തിൻ്റെ കഥ ചരിത്ര രേഖയായി സൂക്ഷിക്കേണ്ടതല്ലേ, ഈ കാര്യം ഞാൻ മോനച്ചനോട് ചോദിച്ചപ്പോളാണ് രാജ കേശവദാസിനോട് രാജകുടുംബം കാണിച്ച കൊടും ചതിയുടെ കഥ ഞാനറിയുന്നത്.

*******

പൂർവ്വാധികം ശക്തനായി തിരിച്ചുവന്നു തിരുവിതാംകൂർ കീഴടക്കും എന്ന് വീരവാദം മുഴക്കിപോയ ടിപ്പു പിന്നീട് മടങ്ങി വന്നില്ല. ബാക്കി ചരിത്രത്തിലുണ്ട്, ആ കഥകൾ വീണ്ടും പറഞ്ഞു ആവർത്തന വിരസത ഉണ്ടാക്കുന്നില്ല. 

നമ്മൾ ടിപ്പുവിനെ കൂടി പഠിക്കാൻ ശ്രമിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യ മുഴുവൻ പിടിച്ചടക്കാൻ തുടങ്ങിയപ്പോൾ, മിക്ക മുസ്ലിം ഭരണാധികാരികളും കപ്പം കൊടുത്തു തങ്ങളുടെ അധികാരം നിലനിർത്തിയപ്പോൾ എന്ത് കൊണ്ട് ടിപ്പു അതിനു തുനിഞ്ഞില്ല. ടിപ്പു എന്തുകൊണ്ട് സന്ധിയുടെ വഴി തെരഞ്ഞെടുത്തില്ല. ശത്രുവിൻ്റെ ശക്തി ക്ഷയിക്കുന്നതു വരെ കാത്തിരിക്കാൻ എന്തുകൊണ്ട് ടിപ്പുവിന് കഴിഞ്ഞില്ല. അതിനുള്ള ഉത്തരം ടിപ്പുവിൻ്റെ പൂർവികർ സാധാരണക്കാരിൽ സാധാരണക്കാരായിരുന്നു എന്നതാണ്. ബ്രിട്ടീഷ് കാർക്ക് കപ്പം കൊടുത്തുകൊണ്ട് എത്രകാലം വേണമെങ്കിലും ടിപ്പുവിന് മൈസൂർ ഭരിക്കാമായിരുന്നു. അല്ലെങ്കിൽ മൈസൂറിൻ്റെ ഏതെങ്കിലും ഒരു പ്രവിശ്യ. മൈസൂർ രാജ്യം ടിപ്പുവിന് പാരമ്പര്യമായി കിട്ടിയതല്ല , ഹൈദർ പിടിച്ചെടുത്തതാണ്. 

ടിപ്പുവിൻ്റെ അവസാനത്തെ ദിവസത്തെ പറ്റി F I R തയ്യാറാക്കിയ ബെഞ്ചമിൻ ഡിഡെൻഹാം വിവരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. - " വടക്കു പടിഞ്ഞാറു ഭാഗത്തു നിന്നെത്തിയ ബ്രിട്ടീഷ് സൈന്യത്തിന് പെട്ടെന്ന് തടിയനായ കുറിയ ഒരു ഓഫീസറിൻ്റെ നേതൃത്വത്തിലുള്ള മൈസൂർ സേനയോടു പോരാടേണ്ടി വന്നു. സേവകന്മാരിൽ നിന്നും ആയുധങ്ങൾ നിറച്ചുകിട്ടിയവ ഉപയോഗിച്ച് അയാൾ ബ്രിട്ടീഷുകാർക്ക് നേരേ നിറയൊഴിച്ചുകൊണ്ടിരുന്നു. വൈകുന്നേരത്തോടെ ടിപ്പുവിൻ്റെ ശരീരം തിരഞ്ഞുപോയ ബ്രിട്ടീഷുകാർക്ക് മനസ്സിലായി നേരത്തേ തങ്ങൾക്ക് നേരേ നിറയൊഴിച്ചുകൊണ്ടിരുന്ന ആളാണ് ടിപ്പു എന്ന്. പിറ്റേ ദിവസം ഉച്ച കഴിഞ്ഞപ്പോൾ പിതാവിൻ്റെ ശവ കുടീരത്തിനടുത്തു മതാചാര പ്രകാരം മൃതു ദേഹം സംസ്കരിച്ചു.

ദേഹ പരിശോധനയിൽ ഏതാണ്ട് 5 അടി 8 ഇഞ്ചോളം ഉയരമുള്ള നിറം മങ്ങിയ തടിച്ച കുറിയ കഴുത്തുള്ള ,ഉയരമുള്ള തോളുകളാണെങ്കിലും ചെറിയ മർദ്ദവമുള്ള കൈകളായിരുന്നു ആ മൃതുദേഹത്തിന് ഉണ്ടായിരുന്നത് . വലതുചെവിയുടെ മുകളിലായി ഒരു മുറിവുണ്ട്. ഇടത്തേ കവിളിൽ വെടിയുണ്ട കൊണ്ട നിലയിൽ വേറൊരു മുറിവ്. ഇതുകൂടാതെ വേറേ രണ്ടുമൂന്നു മുറിവുകൾ കൂടിയുണ്ടായിരുന്നു. വലതു ചെവിയുടെ മുകളിലെ വെടിയുണ്ട കൊണ്ടുണ്ടായ മുറിവായിരുന്നു മരണ കാരണം. 

വലിയ  കണ്ണുകൾ ഉള്ള അയാൾക്ക്‌ ചെറിയ വളവുള്ള പുരികങ്ങളും വളരെ ചെറിയ കൃതാവുമായിരുന്നു ഉണ്ടായിരുന്നത്. സാധാരണക്കാരിൽ നിന്നും ഉയർന്നു വന്നവൻ ആയിരുന്നു താനെന്ന് അയാളുടെ രൂപം വ്യക്തമാക്കിയിരുന്നു ."

*****

 ബെഞ്ചമിൻ ഡിഡെൻഹാം വിവരിച്ചതുപോലെ ടിപ്പുവിൻ്റെ  പൂർവികർ സാധാരണക്കാരിൽ സാധാരണക്കാരായിരുന്നു. ഹൈദർ പിടിച്ചടക്കലിൻ്റെയും കൊള്ളയുടേയും കാര്യങ്ങൾ മാത്രമേ ടിപ്പുവിൻ്റെ മനസ്സിൽ കുത്തി നിറച്ചിരുന്നുള്ളൂ. ഒന്നുമില്ലായ്‌മയിൽ നിന്നും ഒരു രാജ്യത്തിൻ്റെ ഭരണാധികാരി ആയതിനുശേഷം ഉടലെടുത്ത ഒരു പ്രതിസന്ധി ഘട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യം ടിപ്പുവിനെ പഠിപ്പിക്കാൻ ഹൈദർ മറന്നു. അല്ലങ്കിൽ ഇനി ഒരിക്കലും പഴയ അവസ്ഥയിലേയ്ക്ക് പോകേണ്ടി വരില്ല, ആരും തങ്ങളിൽ നിന്ന് അധികാരം പിടിച്ചടക്കില്ല  എന്ന അമിത വിശ്വാസം ഹൈദറിനെ പിടി കൂടിയിരിക്കാം  . 'പുലി പതുങ്ങുന്നത് പേടിച്ചല്ല ,അവസരം വരുമ്പോൾ കുതിച്ചുചാടാനാണ് ' . അന്നത്തെ കാലത്തും ഇത് യുദ്ധ തന്ത്രം ആയിരുന്നു. തിരുവിതാംകൂർ ബ്രിട്ടന് അധികാരം അടിയറ വെച്ചുകൊണ്ടാണ് ഭരണം നിലനിർത്തിയത്. ടിപ്പു എന്തുകൊണ്ട് അതിനു തുനിഞ്ഞില്ല. സാധാരണക്കാരന് എത്രത്തോളം ഉയരാം എന്നതും ടിപ്പുവിൽ നിന്ന് നമുക്ക് പഠിച്ചെടുക്കാം. അതിനെ പറ്റി വരുന്ന പേജുകളിൽ ചർച്ച ചെയ്യാം. 

*******

മോനച്ചൻ ചേട്ടനും ഞാനും വണ്ടിയിരുന്നു കേശവദാസിൻ്റെ ചരിത്ര കഥകൾ സംസാരിച്ചു സമയം പോയതറിഞ്ഞില്ല. ഹോട്ടലിൻ്റെ ഗേറ്റ് കടന്നപ്പോഴാണ് ഗുരുവായൂർ എത്തിയിരിക്കുന്നു എന്ന കാര്യം ഞാനറിയുന്നത്.  വെങ്കി മുതലാളി ഞങ്ങളെ ഏൽപ്പിച്ച കാര്യങ്ങൾ എല്ലാം ചെയ്തുകഴിഞ്ഞപ്പോൾ വൈകുന്നേരമായി. ഗണേശൻ അമേരിക്കയിൽ നിന്ന് കൊണ്ടുവന്ന സ്കോച്ചു വിസ്‌കി ഗുരുവായൂർക്ക് പുറപ്പെടാൻ ഇറങ്ങിയപ്പോൾ ക്യാമറ ബാഗിൽ എടുത്തു വെച്ചിരുന്ന കാര്യം  ഹോട്ടലിൽ എത്തിക്കഴിഞ്ഞാണ് ഞാൻ   മോനച്ചൻ ചേട്ടനോട് പറഞ്ഞത്. വനജ നടത്താൻ ഏൽപിച്ച വഴിപാടിന് രസീത് എഴുതി വരാമെന്നു പറഞ്ഞു മോനച്ചൻ ചേട്ടൻ അമ്പലത്തിലേയ്ക്ക് പോയപ്പോൾ ഞാൻ ഒരു പെഗ് ഗ്ലാസിൽ ഒഴിച്ചുവെച്ചിട്ട് പപ്പേട്ടനെ മൊബൈലിൽ വിളിച്ചു. 

- എന്താ ഫോട്ടോഗ്രാഫർ സാറേ , ഗവേഷണം എവിടെ വരെ എത്തി ?

പപ്പേട്ടനും എന്നെയൊരു ഗവേഷണ വിദ്യാർഥിയായി മുദ്ര കുത്തിയിരിക്കുകയാണ്, എന്നാണ് എൻ്റെ കള്ളത്തരങ്ങൾ വെളിച്ചത്താകുക എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ പപ്പേട്ടനുമായി സംസാരിച്ചു തുടങ്ങി.

പപ്പേട്ടാ .., രാജ കേശവദാസിൻ്റെ ബന്ധുക്കൾ ഇപ്പോൾ എവിടെയാ ഉള്ളത്. എനിക്ക് അവരെ പരിചയപ്പെടാനുള്ള അവസരം ഉണ്ടാക്കി തരാമോ ?

അതൊക്കെ പറ്റും . എല്ലാത്തിനും പ്രത്യേകം ചിലവുകൾ ഉണ്ട്. ഷിബുവിൻ്റെ പഞ്ച നക്ഷത്ര കപ്പലിൽ വെച്ച് തന്നെ ചിലവ് ചെയ്യണം.

ഷിബുവിൻ്റെ വലിയ വള്ളത്തിലിരുന്ന് വെള്ളമടിക്കുന്നതിനെ പറ്റിയാണ് പപ്പേട്ടൻ പറഞ്ഞു വരുന്നത്.

എന്ത് വേണമെന്ന് പപ്പേട്ടൻ പറഞ്ഞാൽ മതി ! ഞാൻ അതുപോലെ ചെയ്‌തിരിക്കും .

എൻ്റെ ഉറപ്പ് കിട്ടിയപ്പോൾ പപ്പേട്ടൻ ആവേശഭരിതനായി സംസാരിച്ചു തുടങ്ങി.

കേശവപിള്ള അദ്ദേഹത്തിന് മൂന്ന് സംബന്ധം ഉണ്ടായിരുന്നു. ഒന്നാമത്തേത് പറവൂർ വടക്കേക്കര ഒതുമ്പൻ കാട്ടുവീട്ടിൽ മാധവി പിള്ള . രണ്ടാമത്തേത് വിളവൻകോട് തങ്കകോയിക്കൽ വീട്ടിൽ അരത്തമ പിള്ള തങ്കച്ചി. മൂന്ന് , പള്ളിച്ചൽ മണ്ണിയലതറ  വീട്ടിൽ ലക്ഷ്മി പിള്ള .

പിന്നെ ആലപ്പുഴയുടെ പ്രതാപകാലത്തു ഹൂറികടവിൽ ഇപ്പോൾ താമസിക്കുന്ന സുശീലയുടെ മുതു മുത്തശ്ശിയെ ആലപ്പുഴയിൽ കൊണ്ടുവന്നു താമസിപ്പിച്ചത് കേശവപിള്ള അദ്ദേഹമാണ് എന്ന് പറയപ്പെടുന്നുണ്ട്. സുശീലയാ ഈ കാര്യം എന്നോട് പറയുന്നത്. സുശീലയുടെ നാലഞ്ചു തലമുറ മുമ്പുള്ളവർ "മണാളർ" എന്നൊരു ജാതിക്കാരായിരുന്നു. ആ ജാതി അന്യം നിന്നുപോയി. ഉണ്ടായിരുന്നവർ സുശീലയെ പോലെ മറ്റു ജാതിയിലേയ്ക്ക് കുടിയേറി.  കേശവപിള്ള അദ്ദേഹം ആലപ്പുഴ വരുമ്പോളൊക്കെ ഹൂറി കടവിൽ ചെല്ലാതെ പോകാറില്ലായിരുന്നു. കൂടുതൽ കാര്യങ്ങൾ നാളെ തന്നെ ഞാൻ സുശീലയുടെ അടുത്ത് ചെന്ന് ചോദിച്ചു മനസ്സിലാക്കുന്നുണ്ട് , എന്നിട്ട് മോനെ വിളിക്കാം . പോരേ ?

ഞാൻ പപ്പേട്ടനുമായുള്ള സംസാരം അവസാനിപ്പിച്ചിട്ട് വാട്ട്സ് ആപ്പ് ഓൺ ചെയ്തു.  "പ്രണയ താഴ് വര " എന്ന ഗ്രൂപ്പിൽ വനജയുടേയും ഭാസിയുടേയും മെസ്സേജ് നിറഞ്ഞു കിടപ്പുണ്ടായിരുന്നു.

എനിക്കിനിയും പഠിക്കണം , ടീച്ചർ ആകണം തുടങ്ങിയ പല്ലവികൾ തന്നെ വനജ ആവർത്തിച്ചു ഗ്രൂപ്പിൽ ഇട്ടുകൊണ്ടിരുന്നു. ഒരുപാടു ബിസിനസ്സ് സ്ഥാപനങ്ങളുള്ള വെങ്കി മുതലാളിയുടെ മൂത്ത മകൾ കാഞ്ചീപുരത്തോ തിരിച്ചെന്തൂരോ ഉള്ള ഏതെങ്കിലും ബിസിനസ് സ്ഥാപനങ്ങളുടെ ചുമതല ഏറ്റെടുത്തു അച്ഛനെ ബിസിനസ്സിൽ സഹായിക്കുന്നതിനുപകരം ഒരു സർക്കാർ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നത് ജീവിത ലക്ഷ്യമായി കണ്ടിരിക്കുന്നു.

------

മോനച്ചൻ ചേട്ടൻ അമ്പലത്തിൽ നിന്നും വന്ന് മദ്യം നിറച്ച ഗ്ലാസ്സുമായി എൻ്റെ അരികിലായി വന്നിരുന്നു. ഞാൻ പതുക്കെ സംസാരത്തിനു തുടക്കമിട്ടു. 

മോനച്ചൻ ചേട്ടാ ..വനജ ഭക്തി പ്രസ്താനത്തിൽ സഞ്ചരിച്ചു മീരാഭായിയെ പോലെ ആകുമോ എന്നാ എൻ്റെ പേടി ?

കല്യാണം കഴിഞ്ഞും വനജ നോയമ്പും വ്രതവും ആയി കഴിയാനാണ് ഭാവമെങ്കിൽ ആ ചെറുക്കൻ്റെ  കാര്യാ കഷ്ടത്തിലാകുക. വെങ്കി മുതലാളിയുടെ ഭാര്യയും കല്യാണം കഴിഞ്ഞ സമയങ്ങളിൽ ഇങ്ങനെ ആയിരുന്നു. മാസത്തിൽ 20 ദിവസവും എന്തെങ്കിലും നോയമ്പും വൃതവും. അതൊക്കെ വെങ്കി മുതലാളി സഹിച്ചതുപോലെ വനജയെ കെട്ടാൻ പോകുന്ന ചെറുക്കൻ സഹിക്കുമോ ? കണ്ടു തന്നെ അറിയണം.

പങ്കജവല്ലി അമ്മയും ഇങ്ങനെ ആയിരുന്നോ ? വനജയെ പോലെ ?

അതൊക്കെ പറയാൻ നിന്നാൽ ഒരുപാടു കാര്യങ്ങൾ പറയേണ്ടി വരും. മുതലാളിയുടെ കല്യാണം കഴിഞ്ഞു കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് ചിക്കൻ പോക്സ് പിടിപെട്ടു. അന്ന് ബംഗ്ലാവിലെ കാര്യങ്ങളൊക്കെ നടത്തികൊടുത്ത് പപ്പേട്ടനായിരുന്നു. ആ സമയത്തു പപ്പേട്ടൻ വെങ്കി മുതലാളിയെ ഒരു കുരുക്കിൽ കൊണ്ടുപോയി ചാടിച്ചു. ഒരിക്കലും അഴിക്കാൻ കഴിയാത്ത ഒരു കുരുക്കായി അത് വെങ്കി മുതലാളിയെ ജീവിതാവസാനം വരെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കും.

പറയേണ്ടുന്ന കാര്യങ്ങൾ മാത്രമേ മോനച്ചൻ ചേട്ടൻ പറയൂ എന്നറിയാവുന്നതുകൊണ്ട് മുതലാളിയെ ചാടിച്ച കുരുക്ക് എന്താണ് എന്ന കാര്യം ഞാൻ ചോദിച്ചില്ല.

ഞാൻ :- മണാളർ എന്നൊരു ജാതിയെ പറ്റി പപ്പേട്ടനാ എന്നോട് പറയുന്നത്. ശരിക്കും അങ്ങനെ ഒരു ജാതി ഇപ്പോൾ കേരളത്തിൽ നിലവിലുണ്ടോ ?

മോനച്ചൻ :- അപ്പോൾ തീർച്ചയായും സുശീലയെ പറ്റിയും പപ്പേട്ടൻ പറഞ്ഞുകാണും. പപ്പേട്ടൻ്റെ മോറൽ സൈഡ് ശരിയല്ല , കാര്യങ്ങളൊക്കെ പുള്ളി ഭംഗിയായി ചെയ്തുതരും. പക്ഷെ ഈ വയസ്സൻ കാലത്തും പെണ്ണുങ്ങൾ പുള്ളിയുടെ വീക്നെസ് ആണ്. നീ സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം .

--------

ഗ്ലാസ് കാലിയാക്കി രണ്ടാമത്തെ പെഗ് നിറയ്ക്കാൻ മോനച്ചൻ ചേട്ടൻ പോയപ്പോൾ ഞാൻ ചിന്തിച്ചത് പപ്പേട്ടനെ പറ്റി തന്നെയായിരുന്നു. വെങ്കി മുതലാളിയെ കുരുക്കിൽ ചാടിക്കാൻ മാത്രം എന്ത് സിദ്ധിയാണ് പപ്പേട്ടന് ഉള്ളത് .

---------


ശാന്തി മുഹൂർത്തം 

| Her breathing changes as soon as he touch her body |


ബംഗ്ലാവിൽ വനജയുടെ കല്യാണത്തിൻ്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. കല്യാണത്തിന് രണ്ടു ദിവസം കൂടിയേ ഉള്ളു. ആ സമയത്താണ് വെങ്കി മുതലാളിയുടെ മൂത്ത സഹോദരി തിരിച്ചെന്തുർ നിന്നും വനജയ്ക്കുള്ള ശാന്തി മുഹൂർത്ത കുറിപ്പടിയുമായി ആലപ്പുഴയിലെ ബംഗ്ലാവിൽ എത്തിയത്. 

കല്യാണം കഴിഞ്ഞു മൂന്നാമത്തെ ദിവസം ശാന്തി മുഹൂർത്തം എന്ന് അമ്മായി പറഞ്ഞപ്പോളേ വനജയ്ക്ക് പേടി തുടങ്ങി. തിരിച്ചെന്തുര്  നിന്നും മാമ്മി ശാന്തി മുഹൂർത്തവുമായി വന്ന അന്ന് ബംഗ്ലാവിൽ വളരെ രസകരമായ ഒരു സംഭവം നടന്നു. 

വൈകിട്ട് പപ്പേട്ടൻ വിശേഷപ്പെട്ട കത്രികയുമായി ബംഗ്ലാവിൽ വന്നു. മക്കളുടെയും അമ്മയുടേയും മുടി വിശേഷപ്പെട്ട കത്രിക വെച്ച് വെട്ടിയ ശേഷം വെങ്കി മുതലാളിയുടെ മുടി പകുതി വെട്ടിയപ്പോഴാണ് കത്രികയുടെ ആണി ഊരിപ്പോയത്. പപ്പേട്ടൻ എത്രയൊക്കെ ശ്രമിച്ചിട്ടും ആണി കത്രികയിൽ ഉറപ്പിച്ചു നിർത്താൻ പറ്റിയില്ല. വിശേഷപ്പെട്ട കത്രിക കൊണ്ട് മാത്രമേ വെങ്കി മുതലാളിയുടെ തലമുടി ഇതുവരെ വെട്ടിയിട്ടുള്ളു. വിശേഷ പെട്ട കത്രികയുടെ ഐശ്യര്യമാണ് വെങ്കി മുതലാളിയുടെ ഉയർച്ചയ്ക്ക് കാരണം എന്ന് മുതലാളിയും ഭാര്യയും വനജയും വിശ്വസിക്കുന്നു. അവർ പകരം കത്രിക ഉപയോഗിച്ച് ബാക്കി മുടി വെട്ടാൻ വെങ്കി മുതലാളിയെ സമ്മതിച്ചില്ല. ഇളയ മകൾ പകരം കത്രിക ഉപയോഗിച്ച് മുടി വെട്ടാൻ നിർദേശിച്ചപ്പോൾ പപ്പേട്ടനും എതിർത്തു.  വെങ്കി മുതലാളി ധർമ്മ സങ്കടത്തിലായി. കല്യാണത്തിന് ഒരു ദിവസം മാത്രമേ ബാക്കിയുള്ളു. അതിഥികൾക്ക് മുൻപിൽ പകുതി വെട്ടിയ തലയുമായി ഒരു കോമാളിയെ പോലെ നിൽക്കേണ്ടി വരുമോ ? മുതലാളിക്കും പേടിയായി.

പപ്പേട്ടൻ അപ്പോൾ തന്നെ തിരിച്ചെന്തുര് പോകാൻ റെഡിയായി. കല്യാണത്തിന് മുൻപ് വിശേഷപ്പെട്ട കത്രിക വച്ചു തന്നെ വെങ്കി മുതലാളിയുടെ ബാക്കി മുടി വെട്ടും എന്ന് പങ്കജവല്ലിക്ക് വാക്ക് കൊടുത്തിട്ട് പപ്പേട്ടൻ അപ്പോൾ തന്നെ തിരിച്ചെന്തുരുള്ള കൊല്ലൻ്റെ ആലയിലേയ്ക്ക് യാത്രയായി. വനജ ഒരു വലിയ തൂവാല കൊണ്ടുവന്നിട്ട് വെങ്കി മുതലാളിയുടെ തലയിൽ കെട്ടി. ഇപ്പോൾ പകുതി വെട്ടി നിർത്തിയ തലയാണ് എന്ന കാര്യം മറ്റുള്ളവർക്ക് മനസ്സിലാകില്ല. സിനിമ നടൻ ബാലചന്ദ്രമേനോനെ പോലുണ്ട് എന്നു ദേഷ്യത്തിൽ പറഞ്ഞിട്ട് ഇളയ മകൾ അകത്തേയ്ക്ക് പോയി ,

വനജയുടെ കല്യാണം ഭംഗിയായി തന്നെ നടന്നു. പക്ഷെ പപ്പേട്ടൻ പങ്കജവല്ലിയമ്മയ്ക്കു   കൊടുത്ത വാക്ക് പാലിക്കാൻ പറ്റാതിരുന്നതിനാൽ വെങ്കി മുതലാളിക്ക് തലയിൽ തൂവാല കെട്ടിക്കൊണ്ടു തന്നെ കല്യാണപന്തലിൽ നിൽക്കേണ്ടി വന്നു. ഭാസ്കറിൻ്റെ കൂടെ വന്ന ഫോട്ടോഗ്രാഫർമാർ  എത്രയൊക്കെ നിർബന്ധിച്ചിട്ടും വെങ്കിമുതലാളി തലയിലെ കെട്ടഴിച്ചില്ല. 

കല്യാണം കഴിഞ്ഞു മൂന്നാം ദിവസം ഭാസ്കറും വനജയും എറണാകുളത്തു ഫ്ലാറ്റിൽ നിന്നും ആലപ്പുഴ ബംഗ്ലാവിലെത്തി . ഭാസ്കർ ശാന്തി മുഹൂർത്ത കുറിപ്പടിയിലെ സമയം ആകാനായി കാത്തിരുപ്പ് തുടങ്ങി. തൻ്റെ ജീവിതത്തിലെ ആദ്യ മധുവിധു ആഘോഷിക്കാൻ. 

ഈ സമയം വനജയും ഭാസ്കറും തമ്മിൽ പിണങ്ങാനുള്ള ഒരു സംഭവം നടന്നു. സംഭവം നടന്നു കഴിഞ്ഞപ്പോൾ തന്നെ വനജ 'പ്രണയ താഴ് വര ' എന്ന വാട്ട്സ് ആപ് ഗ്രൂപ്പിൽ മെസ്സേജ് ഇട്ടിട്ട് കരയുന്ന ഇമോജിയും പോസ്റ്റ് ചെയ്‌തു. ഭാസ്കർ എത്രയൊക്കെ ശ്രമിച്ചിട്ടും വനജ  ഇണങ്ങിയില്ല. സംഭവം നിസ്സാരമായിരുന്നു എങ്കിലും വനജയ്ക്ക് ആ സംഭവം മനസ്സിൽ കൊണ്ട് കാണണം. 

ഉച്ചയൂണിനു മുൻപ് കിട്ടിയ ഒരു മണിക്കൂർ ഇടവേളയിൽ വനജയും ഭാസ്കറും കുട്ടനാടിൻ്റെ സൗന്ദര്യം ആസ്വദിച്ച് സൊറ പറഞ്ഞുകൊണ്ട് പാട വരമ്പിലൂടെ നടക്കാനിറങ്ങി. ഭാസ്കർ തൻ്റെ പ്രിയപ്പെട്ട ക്യാമറയും കൈയിലെടുത്തിട്ടുണ്ടായിരുന്നു. കുട്ടനാടിൻ്റെ യഥാർത്ഥ സൗന്ദര്യം ഭാസ്കർ അടുത്ത് കാണുന്നത് അപ്പോഴാണ്. ക്യാമറയിലൂടെ കണ്ട കുട്ടനാടിൻ്റെ സൗന്ദര്യം ഭാസ്‌കറിനെ ഉന്മത്തനാക്കി കളഞ്ഞു. ആ ഉന്മാദ അവസ്ഥയിൽ ഭാസ്കർ പറഞ്ഞ ഒരു ഡയലോഗ് ആയിരുന്നു എല്ലാ പ്രശ്നങ്ങൾക്കും കാരണം. 

"വനജേ നിന്നേക്കാൾ സുന്ദരി ഈ കുട്ടനാടാണ് , നിനക്ക് മുന്നേ ഇവളുടെ സൗന്ദര്യം ഞാൻ കണ്ടിരുന്നെങ്കിൽ ഒരിക്കലും ഞാൻ നിന്നെ കല്യാണം കഴിക്കില്ലായിരുന്നു " 

നിർത്താതെ ക്യാമറ ക്ലിക് ചെയ്തുകൊണ്ട് ഭാസ്കർ പറഞ്ഞ ഈ ഡയലോഗ് വനജയെ ഞെട്ടിച്ചുകളഞ്ഞു. പുതുമോടിയിൽ തൻ്റെ സ്വന്തം ഭർത്താവിനെ മുട്ടിയുരുമ്മി ഒരു കുട്ടനാടൻ താറാവിനെ പോലെ കുണുങ്ങി കുണുങ്ങി നടന്ന വനജ സ്തംപിച്ചു നിന്നുപോയി. വെറും ചെളിക്കുണ്ടായ കുട്ടനാടിൻ്റെയത്ര പോലും സൗന്ദര്യം തനിക്കില്ലെന്ന് സ്വന്തം ഭർത്താവിൽ നിന്നും കേട്ട വനജയ്ക്ക് സ്വന്തം കണ്ണിൽ നിന്നും പ്രവഹിച്ച കണ്ണുനീരിനെ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല. ഭാസ്കർ ക്യാമറയിലൂടെ പ്രകൃതിയെ നോക്കി പറഞ്ഞ ആ ഡയലോഗ് ഒരു കടുന്നൽ കുത്തിൻ്റെ ഫലം ചെയ്തു. പാടവരമ്പത്തുവെച്ചു തന്നെ വനജയുടെ മുഖം കടന്നൽ കുത്തേറ്റതുപോലെ വീർത്തുവന്നു. വനജയുടെ കണ്ണിൽ നിന്നും പ്രവഹിച്ച കണ്ണുനീരിനെ തടഞ്ഞു നിർത്താൻ പിന്നീട് ഭാസ്‌കർ പറഞ്ഞ പൈങ്കിളി ഡയലോഗിനൊന്നും കഴിഞ്ഞില്ല. 

ശാന്തിമുഹൂർത്തിൽ സംഭവിക്കേണ്ടത് ഒന്നും സംഭവിച്ചില്ല. മധുവിധു രാത്രി കാളരാത്രിയായി മാറി. വനജ ഒന്നിനും സമ്മതിച്ചില്ല. നാലാമത്തെ ദിവസവും വനജയുടെ മുഖത്തെ നീര് കുറഞ്ഞില്ല. അഞ്ചാം ദിവസം വനജയുടെ മുഖത്തെ നീരുകുറഞ്ഞു അല്പം തെളിച്ചം കണ്ടുതുടങ്ങിയപ്പോൾ ഭാസ്കർ ആശ്വസിച്ചു. ഇന്നെങ്കിലും മധുവിധു ആരംഭിക്കാം. അന്നുരാത്രി ഭാസ്‌ക്കർ ദിവാസ്വപ്നങ്ങളിൽ മുഴുകി കട്ടിലിൽ കിടക്കുന്ന സമയത്താണ് വനജ മുറിയിലേയ്ക്കു കയറിവന്ന് ഒരു ബോംബ് പൊട്ടിച്ചത്. 

"എനിക്ക് PSC ടീച്ചറുടെ പരീക്ഷ എങ്ങനെയെങ്കിലും ജയിക്കണം. അതുകഴിഞ്ഞു മതി നമുക്ക് കുട്ടികൾ "

- അതിനെന്താ വനമാലി , നമുക്ക് മുൻകരുതൽ എടുക്കാമല്ലോ !

"നടക്കില്ല ഭാസിയേട്ടാ ! ഞാൻ ചോറ്റാനിക്കരയമ്മയുടെ അടുത്ത് പ്രതിഞ്ജ ചെയ്‌തുപോയി എനിക്ക് ടീച്ചറായി ജോലി കിട്ടുന്നതുവരെ കന്യകയായി തന്നെ നോയമ്പ് എടുക്കുമെന്ന് ! അത് ഭാസിയേട്ടാനായിട്ട് മുടക്കാൻ ഞാൻ സമ്മതിക്കില്ല"

ഭാസ്‌കർ കട്ടിലിൽ നിന്നും ചാടി എണീറ്റു . കണ്ണുകൾ രണ്ടും പുറത്തേയ്ക്ക് തള്ളി ഒന്നും സംസാരിക്കാനാവാതെ ഭാസ്‌കർ വിയർത്തു. അയാളുടെ വായിൽ നിന്നും ചിലമ്പിച്ച ഒന്നുരണ്ടു വാക്കുകൾ പുറത്തേയ്ക്ക് വന്നു. "അപ്പോൾ ഒരിക്കലും നിനക്ക് സർക്കാർ സ്കൂളിൽ ടീച്ചറായി ജോലി കിട്ടിയില്ലെങ്കിലോ ?"

വെറുതെ കരിനാക്ക് വളച്ചു വേണ്ടാത്തത് പറയല്ലേ ഭാസിയേട്ടാ ! എനിക്ക് ടീച്ചറായി ജോലി കിട്ടും. ഉറപ്പാ ! . 

വനജ മുറിയിലെ ലൈറ്റ് ഓഫ് ചെയ്‌തു ഭാസ്കറിൻ്റെ അടുത്ത് വന്നു കിടന്നു. എസിയുടെ തണുപ്പിലും ഭാസ്‌കറിനു  വിയർത്തു. സുന്ദരിയായ ഒരു പെണ്ണ് അടുത്തുകിടക്കുമ്പോൾ തൻ്റെ തലച്ചോറിൽ സംഭവിക്കുന്ന രാസ പരിണാമങ്ങളുടെ ഫലമായി തൻ്റെ ശരീരം ഉൽപാദിപ്പിച്ച ഹോർമോണുകൾ സൃഷ്ട്ടിച്ച ആഫ്റ്റർ എഫക്ട് താങ്ങാൻ കഴിവില്ലാതെ ഭാസുരൻ ചാടി എണ്ണീറ്റു.
ഇനിയും താനിവിടെ കിടന്നാൽ ഒരു ബലാൽസംഗ വീരനായി മാറിയേക്കുമോ എന്ന് പേടിച്ചു ഭാസ്‌ക്കർ വാതിൽ തുറന്നു പുറത്തുചാടി. പുറത്തിറങ്ങിയ ഭാസുരൻ കായൽ കരയിലേയ്ക്ക് ഓടുകയായിരുന്നു. നിലാവിൽ കുളിച്ചുനിന്ന കായലിൽ നോക്കി ഭാസ്‌കർ പട്ടിയെ പോലെ അണച്ചു. ഭാസുരൻ കാലുകൾ വെള്ളത്തിലിട്ട് കൽകെട്ടിലിരുന്നു. കായൽ ജലത്തിലെ തണുപ്പ് കാലിലൂടെ ഭാസ്കറിൻ്റെ തലച്ചോറിനേയും തണുപ്പിച്ചു. ശരീരം സാധാരണനില കൈവരിച്ചെങ്കിലും തിരിച്ചു ഭാര്യയുടെ അടുത്തുപോകാൻ ഭാസ്കറിന് തോന്നിയില്ല. രാത്രിസഞ്ചാരികളായ പരൽ മീനുകൾ ഭാസ്കറിൻ്റെ കാലിൽ മുട്ടിയുരുമ്മാൻ തുടങ്ങി. മീനുകൾ കാലിൽ കൊത്തുമ്പോൾ കിട്ടുന്ന സുഖത്തിൽ ലയിച്ചിരിക്കുന്ന സമയത്താണ് ഭാസ്‌കറെ ഒരു ചോദ്യം ഞെട്ടിച്ചു കളഞ്ഞത്. 

ആരാ അവിടെ ?

ഭാസ്‌കറിൻ്റെ ഞെട്ടൽ ചോദ്യ കർത്താവിനേയും ഞെട്ടിച്ചു കളഞ്ഞു. 

ഞാൻ വെങ്കി മുതലാളിയുടെ മരുമോനാ ..., ഭാസ്‌കർ .

അതു ശരി , വനജ കുഞ്ഞിൻ്റെ കെട്ടിയോനായിരുന്നോ ? എന്താ ഇരുട്ടത്തു കായൽ കരയിൽ വന്നിരിക്കുന്നത്. വനജ കുഞ്ഞുമായിട്ട് പിണങ്ങിയോ?

ഭാസ്കർ ചോദ്യകർത്താവിനെ നിലാ വെളിച്ചത്തിൽ ശരിക്ക് കണ്ടത് അപ്പോഴാണ്. ബർമുഡയും ബനിയനും ധരിച്ച ഒരു ചെത്തുകാരൻ. ഒരുകൈയിൽ ചെത്തിയിറക്കിയ മധുര കള്ളിൻ്റെ ബോട്ടിൽ. 35 വയസ്സ് കണ്ടേക്കും.

ഷിബു എന്ന ചെത്തുകാരനും ഭാസ്‌കർ ചന്ദ്രനും ആ രാത്രിയിൽ കായൽ തീരത്തുവെച്ചു പരിചയപ്പെട്ടു.

ചെത്തിയിറക്കിയ കള്ളിൻ്റെ മണം മൂക്കിലടിച്ചപ്പോൾ ഭാസ്‌കർ ഷിബുവിനോട് ചോദിച്ചു.

ചേട്ടാ കള്ളുണ്ടാകുമോ എനിക്കും കൂടി തരാൻ ?

ഭാസ്കറിൻ്റെ ചോദ്യം ഷിബുവിനെ നിസ്സഹായനാക്കി. - എൻ്റെ സാറേ ചാണ്ടി സാറിൻ്റെ റിസോർട്ടിന്ന് വിളിച്ചിട്ടാ ഞാൻ രാത്രി കള്ളൂറ്റാൻ ഇറങ്ങിയത്. 5 ലിറ്റർ അത്യാവശ്യമായി വേണമെന്ന് പറഞ്ഞിടത്തു 3 ലിറ്റർ പോലും  തികഞ്ഞിട്ടില്ല.

ഭാസ്‌കർ :- അക്കരെ പാർക്കിംഗിൽ എൻ്റെ കാറിൽ മിലിറ്ററി കോട്ട കിട്ടിയ കുപ്പി മുഴുവനും ഇരുപ്പുണ്ട്. ഈ രാത്രയിൽ എങ്ങനെ പോയി എടുക്കും എന്നോർത്തിട്ടാ ?

ചെത്തുകാരൻ ഷിബുവിൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടി. അതിൻ്റെ ആവേശത്തിൽ ഷിബു പറഞ്ഞു.

ഞാൻ വരാം സാറേ അക്കരയ്ക്ക്. ചെത്തിയ കള്ള് റിസോർട്ടിൽ ഏൽപ്പിച്ചാൽ പിന്നെ ഞാൻ ഫ്രീയാ! , സാറിവിടെ ഇരുന്നോ , വള്ളവുമായി ഞാനിപ്പോൾ വരാം .

അത് വേണ്ട ഷിബുച്ചേട്ടാ , ഞാനും ഷിബുച്ചേട്ടൻ്റെ കൂടെ വരുവാ , കുട്ടനാടിൻ്റെ രാത്രി സൗന്ദര്യം എനിക്ക് ശരിക്ക്‌ കാണണം !

ഷിബു എന്ന ചെത്തുകാരൻ്റെ പുറകിലായി ഭാസ്‌കറും നടന്നുതുടങ്ങി. ബണ്ടുയർത്തി ചിറ പിടിപ്പിച്ച കരയിൽ നിരനിരയായി ആരോഗ്യത്തോടെ വളർന്നു നിൽക്കുന്ന തെങ്ങുകൾ. നിലാവെളിച്ചത്തിൽ കുളിച്ചു നിക്കുന്ന തെങ്ങുകൾ ഇതുവരെ കാണാത്ത ഒരു പ്രകൃതി ഭംഗി ഭാസ്‌കറിന് സമ്മാനിച്ചു.

ഷിബുച്ചേട്ടാ , എന്താ സീൻ , സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ നിരന്നു നിൽക്കുന്ന സൗന്ദര്യ റാണിമാരെ പോലുണ്ട് തെങ്ങുകൾ. 

പുറത്തുനിന്നു വരുന്നവർക്ക് അങ്ങനൊക്കെ തോന്നും. ഞങ്ങൾ ഇതൊക്കെ ജനിച്ച നാള് മുതലു കാണുന്നതല്ലേ, ഞങ്ങൾക്കിത് പൊന്നു വിളയുന്ന ചെളിമൂടിയ ഒരു കരയാ , രണ്ടു മഴ അടുപ്പിച്ചു പെയ്താൽ ചെളി ഗ്രീസുപോലെ കാലിൽ പുരളുന്ന ചെളി കുണ്ട് .

സംസാരിച്ചുകൊണ്ടു തന്നെ ഷിബു കായലിലേയ്ക്ക് ചാഞ്ഞു നിക്കുന്ന ഒരു തെങ്ങിൽ കയറാൻ തുടങ്ങി. ഭാസ്‌കർ മൊബൈൽ എടുത്തു സമയം നോക്കി. സമയം പതിനൊന്നു മണിയാകുന്നു. വനജയുടെ അടുത്തുനിന്നും പോന്നിട്ടു ഒന്നര മണിക്കൂർ കഴിഞ്ഞിരിക്കുന്നു. വനജ കിടക്കുന്ന മുറിയുടെ വാതിലും ഉമ്മറ വാതിലും തുറന്നു കിടക്കുകയാണ് എന്ന കാര്യം ഭാസ്‌കർ ഓർത്തത് അപ്പോഴാണ്. കൈയിലും കഴുത്തിലും ആഭരണങ്ങൾ അണിഞ്ഞു ഒരു ജൂവലറി ഷോപ്പിൻ്റെ പരസ്യത്തിലെ മോഡലിനെ പോലെ കിടന്നുറങ്ങുന്ന വനജയെ ഭാസുരൻ മനസ്സിലോർത്തു, ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് വനജ കിടന്നുറങ്ങുന്നത് എന്നറിഞ്ഞിട്ടും ഭാസ്കറിന് പേടി തോന്നിയില്ല. 

ഒരു തവള തൻ്റെ കാലിന് ചുവട്ടിൽ വന്നിരുന്നത് മൊബൈൽ വെളിച്ചത്തിൽ ഭാസ്‌കർ കണ്ടു. പെട്ടെന്ന് വേറൊരു തവള ആദ്യം വന്ന തവളയുടെ പുറത്തു ചാടി കയറി. തവളകളുടെ പ്രണയ കേളികൾ നോക്കിനിന്നപ്പോൾ ഭാസുരൻ്റെ അരകെട്ടിൽ പ്രകമ്പനങ്ങൾ ഉണ്ടാകാൻ തുടങ്ങി. സുന്ദരിയായ ഒരു പെണ്ണിനെ കല്യാണം കഴിച്ചിട്ടും അനുഭവിക്കാത്ത രസങ്ങളോർത്തു നെടുവീർപ്പിടാനാണല്ലോ തൻ്റെ യോഗം എന്നോർത്തപ്പോൾ ഭാസ്‌കറിനു വനജയോടുള്ള ദേഷ്യം ഇരട്ടിയായി. മജ്ജയും മാംസവും സൗന്ദര്യവും മാത്രം പോരാ, വികാരം കൂടി ഉണ്ടെങ്കിലേ ഒരു പെണ്ണ് കല്യാണത്തിന് സമ്മതിക്കാവൂ. എന്തുകൊണ്ട് ഈ കാര്യങ്ങളൊന്നും വനജ നേരത്തെ തന്നോട് പറഞ്ഞില്ല. 

ചിന്തയിൽ മുഴുകി നടന്നതിനാൽ പിന്നീട് ഷിബു ചോദിച്ച പല ചോദ്യങ്ങൾക്കും ഭാസ്കറിന് ഉത്തരമില്ലായിരുന്നു. ഷിബു കൊണ്ടുവന്ന വള്ളത്തിൽ കയറി ഇരുന്നപ്പോഴും ഷിബു പറഞ്ഞ പല കാര്യങ്ങളും ഭാസ്കർ കേട്ടില്ല. സംസാരപ്രിയനായ ഷിബു സംസാരിച്ചുകൊണ്ടു തന്നെ വള്ളം കായലിലേയ്ക്ക് പായിച്ചു. 

ഷിബുവിൻ്റെ വള്ളം അക്കരെയുള്ള കാർ പാർക്കിംഗ് ഏരിയ ലക്ഷ്യമാക്കി നീങ്ങി. 

അക്കരെ  ജെട്ടിക്കു സമീപമുള്ള പാർക്കിംഗ് ഏരിയയിൽ കിടന്നിരുന്ന കാറിൽ നിന്നും ഫുൾ ബോട്ടിൽ മദ്യക്കുപ്പിയെടുത്തു അടുത്തുണ്ടായിരുന്ന കടയിൽ നിന്നും സോഡയും കൊറിക്കാനുള്ള വകകളും വാങ്ങി ഭാസ്‌കർ ഷിബുവിൻ്റെ വള്ളത്തിൽ കയറി. ഷിബു എഞ്ചിൻ ഘടിപ്പിച്ച വലിയ വള്ളം സ്റ്റാർട്ട് ചെയ്ത്  കായലിൻ്റെ നടുക്ക് നങ്കൂരമുറപ്പിച്ചു.

***********

ആദ്യത്തെ പെഗ് കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ചെത്തുകാരൻ ഷിബു ഭാസ്കറിനെ ഞെട്ടിച്ചുകൊണ്ട് ആ ചോദ്യം ചോദിച്ചത് .

സാറും വനജ കുഞ്ഞും തമ്മിൽ എന്തോ പ്രശ്നമുണ്ട് . സാധാരണ മധുവിധു നാളുകളിൽ ആണുങ്ങളാരും ഒറ്റയ്ക്ക് വന്നു കായൽക്കരയിൽ ഇരിക്കില്ല.

അയ്യോ ! ചേട്ടാ അങ്ങനെ പ്രശ്നമൊന്നുമില്ല , വനജയ്ക്ക് പീരീഡ്‌ ആയപ്പോൾ നല്ല വയറുവേദന തുടങ്ങി. അമ്മ വനജയുടെ വയറു തടകി കൊണ്ടിരിക്കുവാ. വനജയുടെ അപ്പോഴത്തെ കരച്ചിൽ കാണാനും കേൾക്കാനും കഴിയാഞ്ഞിട്ടാ ഞാൻ കായൽ കരയിൽ വന്നിരുന്നത്. 

ഷിബു :- രക്ഷപെട്ടു ,  നാലഞ്ചു ദിവസം രാത്രി എനിക്ക് നല്ലൊരു കമ്പിനിയായി. ഞാൻ പപ്പേട്ടനെ കൂടി വിളിക്കട്ടെ ! നമ്മുടെ ബാർബർ പപ്പേട്ടനെ !

ഭാസ്‌കർ :-  അയ്യോ ! വേണ്ട ചേട്ടാ , പപ്പേട്ടനും വെങ്കി അപ്പയുമായി നല്ല കൂട്ടാ, ഞാൻ നിങ്ങളുടെ കൂടെ കമ്പനി കൂടിയകാര്യം പപ്പേട്ടൻ ബംഗ്ലാവിൽ ചെന്നു പറഞ്ഞുകൊടുത്താലോ ?


എൻ്റെ സാറെ ,സാറിന് പപ്പേട്ടനെ അറിയാഞ്ഞിട്ടാ , ഈ കുട്ടനാട്ടിൽ ഞാൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന ആളാ പപ്പേട്ടൻ , ശുദ്ധനാ സാറെ , നല്ല തങ്കപ്പെട്ട സ്വഭാവം. 

രണ്ടാമത്തെ പെഗ് ഒറ്റ വലിക്കു കുടിച്ചശേഷം ഷിബു അപ്പോൾ തന്നെ പപ്പേട്ടനെ വിളിച്ചു. ആദ്യബെല്ലിൽ തന്നെ പപ്പേട്ടൻ ഫോണെടുത്തപ്പോൾ ഭാസ്‌കർ മനസ്സിൽ പറഞ്ഞു - " ഈ പപ്പേട്ടനും രാത്രി ഉറക്കമില്ലേ ?".

ഷിബുക്കുട്ടാ വേഗം വാടാ , ഞാൻ തുമ്പികൈ വണ്ണത്തിലുള്ള ഒരു വാരലിനെ പിടിച്ചിട്ടിട്ടുണ്ട് , അത് നമുക്ക് പൊള്ളിച്ചെടുക്കാം.

ഭാസ്‌കർ രണ്ടാമത്തെ പെഗ് പകുതി ആക്കിയപ്പോഴേയ്ക്കും ഷിബു വള്ളം പപ്പേട്ടൻ്റെ വീടിൻ്റെ കടവിൽ അടുപ്പിച്ചു കഴിഞ്ഞിരുന്നു.

എളിയിൽ രണ്ടുകൈയും കുത്തി കായലിലേയ്ക്ക് തങ്ങളുടെ വരവും നോക്കി നിക്കുന്ന പപ്പേട്ടനെ നിലാവെളിച്ചത്തിൽ കണ്ടപ്പോൾ കണ്ണേറ് കിട്ടാതിരിക്കാൻ വയ്ക്കുന്ന ഒരു നോക്കുകുത്തിയായിട്ടാണ് ഭാസ്കറിന് തോന്നിയത്. 

വള്ളത്തിലേയ്ക്ക് കയറിയ പപ്പേട്ടന് ആദ്യത്തെ പെഗ് ഷിബു ഒഴിച്ചുകൊടുക്കുന്ന സമയത്താണ് പപ്പേട്ടൻ ഭാസ്കറിനെ ശ്രദ്ധിക്കുന്നത്.

അല്ല ,ഇത് നമ്മുടെ വനജ കുഞ്ഞിൻ്റെ കെട്ടിയോനല്ലയോ ? , സാറിനെ എവിടുന്നു കിട്ടി ഷിബുകുട്ടാ ?

എൻ്റെ പൊന്നു പപ്പേട്ടാ , വനജയുടെ അപ്പയോട് പറയരുത് , ഞാൻ നിങ്ങളുടെ കൂടെ കൂടിയ കാര്യം.

ഞാൻ സാറിനോട് പറഞ്ഞതാ പപ്പേട്ടൻ്റെ സ്വഭാവത്തെ പറ്റി. ഇനി സാറിനോട് പപ്പേട്ടൻ തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുക്ക്. ഞാൻ പോയി വരാൽ റെഡിയാക്കി കൊണ്ടുവരാം.

ഷിബു വള്ളത്തിൽ നിന്നുമിറങ്ങി പപ്പേട്ടൻ്റെ വീട് ലക്ഷ്യമാക്കി നടന്നുപോയി.

"ഒരുമിച്ചിരുന്നു വെള്ളമടിച്ചവനെ ഒരിക്കലും ഒറ്റികൊടുക്കില്ല ഈ പപ്പൻ  എൻ്റെ കത്രികയാണേ സത്യം"

ഭാസ്‌കർ നോക്കുമ്പോൾ പപ്പേട്ടൻ എളിയിൽ നിന്നും ഒരു കത്രികയെടുക്കുന്നു. എടുത്ത കത്രികയിൽ പിടിച്ചു പപ്പേട്ടൻ സത്യം ചെയ്യുന്നു. സത്യം ! സത്യം ! സത്യം !

പപ്പേട്ടനെന്തിനാ രാത്രിയിലും പണിയായുധം കൈയിൽ കൊണ്ടുനടക്കുന്നത്. 

പപ്പേട്ടൻ :-  ഈ കത്രിക ഞാൻ നിലത്തു വെച്ചെന്നറിഞ്ഞാൽ അപ്പൊ അടിച്ചുമാറ്റും എൻ്റെ അനിയൻമാർ . മൂന്നുപേരും ഈ കത്രികയിൽ നോട്ടമിട്ടിട്ടുണ്ട്.

അതെന്താ അവർക്കോന്നും മുടിവെട്ടാൻ വേറേ കത്രികയില്ലേ ?

കത്രികയൊക്കെയുണ്ട് , പക്ഷെ ഈ കത്രികയില്ലല്ലോ , ഇത് വിശേഷപ്പെട്ട ഒരു കത്രികയാണ്. വിശ്വവിഖ്യാതമായ കത്രിക.

ഭാസ്കറിന് ഒന്നും മനസ്സിലായില്ല , അത് മനസ്സിലാക്കി പപ്പേട്ടൻ പറഞ്ഞു .

കത്രികയുടെ കഥ സാറിനോട് ഞാൻ നാളെ വിശദമായി പറയുന്നുണ്ട്. നാളെ 
ഞാൻ ബംഗ്ലാവിൽ വരും . പകുതി വെട്ടി നിർത്തിയ വെങ്കി മുതലാളിയുടെ ബാക്കി തലമുടി വെട്ടാൻ.

ബാക്കി തലമുടി വെട്ടാനോ ? , അതും ഭാസ്കറിന് മനസ്സിലായില്ല. 

ഭാസ്‌കർ : - പപ്പേട്ടാ , ദയവുചെയ്തു എന്നെ "സാറേ" എന്ന് വിളിക്കരുത്. ആ വിളിക്ക് ഭയങ്കര അകൽച്ചയാ, ഷിബു ചേട്ടനോടും പറയണം എന്നെ പേര് വിളിക്കാൻ.

മദ്യം തലയ്ക്കു പിടിച്ചതിൻ്റെ സൂചനകൾ ഭാസ്കറിൽ കണ്ടുതുടങ്ങി. അത് മനസ്സിലാക്കി പപ്പേട്ടൻ പറഞ്ഞു '

എന്നാൽ മോനിവിടിരിക്ക് , ചായ ഊതികുടിക്കുന്ന പോലെ കുറേശ്ശേ ഊതി കുടിക്ക് , ഞങ്ങൾ വാരൽ പൊള്ളിച്ചുകൊണ്ടു ഇപ്പോൾ വരാം.

ഭാസ്കർ :- ഞാനും വരാം , എനിക്ക് ഒറ്റയ്ക്കിരിക്കാൻ വയ്യ !

പപ്പേട്ടൻ :- അയ്യോ അത് വേണ്ട , സുശീലയുടെ ഹൂറികടവിലേയ്ക്ക് രണ്ടു ചെറുപ്പക്കാർ പോയിട്ടുണ്ട്. അവര് നമ്മുടെ റം അടിച്ചുമാറ്റി കൊണ്ടുപോകും. മോനിവിടിരിക്ക് , ഞങ്ങൾ പെട്ടെന്ന് വരാം . വീട്ടിൽ ഭയങ്കര കൊതുകാ , കായലിൻ്റെ നടുക്ക് കൊതുകിൻ്റെ ശല്യം ഉണ്ടാകത്തില്ല . 

ഏറെ താമസിച്ചാണ് പുതിയ വെള്ളമടി കമ്പിനി പിരിഞ്ഞത്. പപ്പേട്ടനെ തുരുത്തിൽ വിട്ടിട്ട് ഭാസ്‌കറും ഷിബുവും ഇക്കരെ വന്നു. ഭാസ്ക്കരെ വെങ്കി മുതലാളിയുടെ വീടിൻ്റെ മുന്നിലുള്ള ജെട്ടിയിൽ ഇറക്കിയിട്ടു , ഇന്ന് രാത്രിയിലും കാണാം എന്ന ഉറപ്പിൽ ഷിബു സ്വന്തം വീട്ടിലേയ്ക്ക് പോയി.

ഭാര്യ വീടിൻ്റെ മുൻവശത്തു തെങ്ങിൻ്റെ ചുവട്ടിൽ നിന്ന് മൂത്രമൊഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ഭാസ്‌കർ വീടിൻ്റെ മുൻഭാഗം തുറന്നു കിടക്കുന്നത് ശ്രദ്ധിക്കുന്നത്. താൻ ഇറങ്ങി പോയ കാര്യം ഇതുവരെ ഭാര്യവീട്ടിൽ ആരും അറിഞ്ഞിട്ടില്ല എന്ന് ഭാസ്ക്കറിന്  മനസ്സിലായി. ഭാസ്‌ക്കർ അകത്തുകയറി മുൻവാതിൽ അടച്ചു. വനജ കിടക്കുന്ന മുറിയുടെ വാതിൽ തുറന്നു തന്നെ കിടക്കുകയാണ്. നീണ്ടു നിവർന്നു കിടക്കുന്ന വനജയെ കണ്ടപ്പോൾ ഭാസ്ക്കറിനു ദേഷ്യം പെരുവിരലിൽ നിന്നും ഇരച്ചുകയറി. ഒരു ജൂവലറി ഷോപ്പിൻ്റെ  പരസ്യം കണക്കു കിടന്നുറങ്ങുന്ന വനജയുടെ സമീപത്തായി ഭാസ്‌ക്കർ ഇരുന്നു. കഴുത്തിൽ കിടന്ന ഒരു സ്വർണ്ണ മാല വനജ അറിയാതെ കൊളുത്തകത്തി ഭാസ്‌ക്കർ ഊരിയെടുത്തു. ജന്നൽ പാളി തുറന്നു മാല ജന്നലിലൂടെ പുറത്തേക്കെറിഞ്ഞിട്ട് ഭാസ്‌ക്കർ വനജയുടെ സമീപത്തായി വന്നു കിടന്നു.

പിറ്റേന്ന് രാവിലെ കുളിച്ചു ഭസ്‌മക്കുറി തൊട്ട് വനജ ഭാസ്ക്കറിന് ചായയുമായി വന്നു. വനജയുടെ കൂടി പങ്കാളിത്തിൽ അനുഭവിക്കേണ്ടിയിരുന്ന രസങ്ങൾ അനുഭവിക്കാൻ സാധിക്കാത്തതിൻ്റെ പ്രതിഷേധ സൂചകമായി ഭാസ്‌ക്കർ വനജ കൊണ്ടുവന്ന ചായ ബഹിഷ്‌കരിച്ചു. വനജ ചായ മണിയറയിൽ കിടന്ന ടേബിളിൽ വെച്ചിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ പുറത്തേയ്ക്ക് നടന്നു. ആ പോക്ക് നോക്കി കട്ടിലിൽ കിടന്ന ഭാസ്ക്കറിന് കുരു പൊട്ടി. ഭാസ്‌ക്കർ വനജയെ റേപ്പ് ചെയ്യുന്നതിനെ പറ്റി ചിന്തിച്ചു. പക്ഷെ എങ്ങനെയാണ് റേപ്പ് ചെയ്യുക എന്നത് ഭാസ്ക്കരിനു പിടിയിലായിരുന്നു. ഇതുവരെ ഒരുറുമ്പിനെ പോലും ബലാൽസംഗം ചെയ്യാത്ത പാവം ഭാസ്‌ക്കർ,  തങ്കഭസ്‌മ കുറിയിട്ട വനജയുടെ നോയമ്പ് മുടക്കുന്നതിനെ കുറിച്ച് കുലം കഷമായി ചിന്തിച്ചു കൊണ്ട് കിടക്കുന്ന സമയത്താണ് പുറത്തു ആരുടെയോ ഉച്ചത്തിലുള്ള സംസാരം  കേൾക്കുന്നത്, ശാന്തിമുഹൂർത്തം ആഘോഷിക്കേണ്ടിയിരുന്ന രാത്രി കാളരാത്രിയാക്കിയ മണിയറയുടെ കിളിവാതിൽ പതുക്കെ തുറന്ന ഭാസ്‌ക്കർ ആ കാഴ്ച്ച കണ്ടു. ആ കാഴ്ച്ച കണ്ടപ്പോൾ ഭാസ്ക്കറിന് തോന്നിയത് തൻ്റെ ഭാര്യ വീട്ടുകാർക്ക് മൊത്തത്തിൽ വട്ടാണോ , അതോ ബാംഗ്ലൂരിൽ ജനിച്ചു വളർന്ന തനിക്ക് കല്യാണം കഴിഞ്ഞപ്പോൾ  വട്ടായി പോയതാണോ  എന്നാണ് !.

കുളിച്ചു ഭസ്‌മ കുറിയിട്ടു തനിക്ക് ചായ തന്നിട്ട് പോയ വനജയുടെ മുറി പപ്പേട്ടൻ വെട്ടുന്നു. വനജ പ്രാർത്ഥനാപൂർവ്വം തൊഴുതു പിടിച്ചു നിക്കുന്നു. സമീപത്തായി അമ്മായിഅമ്മ പങ്കജ വല്ലിയും വനജയുടെ അനുജത്തി ചെമ്പകവും തൊഴുതു നിക്കുന്നു. ആ സമയത്താണ് കിളിവാതിലിലൂടെ പപ്പേട്ടൻ്റെ മുടിവെട്ടൽ നോക്കി രസിച്ചിരിക്കുന്ന ഭാസ്‌ക്കറിനെ പങ്കജം കാണുന്നത്. പങ്കജം ഉറക്കെ ഭാസ്ക്കറിനെ വിളിച്ചു. 

"മോനേ ഭാസി , വേഗം എണീറ്റ് കുളിച്ചിട്ട് വന്നേ, പപ്പേട്ടൻ്റെ വിശേഷപ്പെട്ട 
കത്രിക വെച്ച് ഭാസികുഞ്ഞിൻ്റെ ഒരു മുടിയെങ്കിലും മുറിക്കണമെന്ന് വനജയെ പെണ്ണ് കണ്ടിട്ട് ഇറങ്ങിയ ദിവസം തന്നെ ഞാൻ തീരുമാനിച്ചതാ, മോൻ വേഗം കുളിച്ചിട്ടു വെള്ള മുണ്ട്‌ ഉടുത്തിട്ട് വന്നേ !"

അമ്മായിയമ്മയുടെ പറച്ചിൽ രാവിലെ തന്നെ ഭാസ്ക്കറിനെ ദേഷ്യം പിടിപ്പിച്ചു. ഭാസ്ക്കറിൻ്റെ അടിവയറ്റിൽ നിന്നും മലദ്വാരത്തിലൂടെ രക്ഷപെട്ട് അന്തരീക്ഷത്തിൽ ലയിക്കാൻ തയ്യാറായി യാത്രയായ ഒരു കീഴ്വായു പെട്ടെന്നുള്ള ദേഷ്യത്തിൽ മലദ്വാരത്തിൽ നിന്നും ഉയർന്നു പൊങ്ങി ആമാശയവും കടന്നു വായിൽ കൂടി പുറത്തേയ്ക്ക് ചാടാൻ കൂട്ടാക്കാതെ തലച്ചോറിലേയ്ക്കു ഇരച്ചു കയറി ഭാസ്ക്കറിനെ ദേഷ്യം പിടിപ്പിച്ചു. ആ ദേഷ്യം ശമിക്കാനായി ഭാസ്‌ക്കർ വിദൂരതയിലേയ്ക്ക് ദൃഷ്ടികൾ പായിച്ചു. അപ്പോഴാണ് വനജയുടെ കഴുത്തിൽ നിന്നും താൻ ഊരിയെടുത്തു വലിച്ചെറിഞ്ഞ മാല ഒരു സ്വർണ്ണ വിര പോലെ കിടന്നു തിളങ്ങുന്നത് ഭാസ്‌ക്കർ ശ്രദ്ധിക്കുന്നത്. കിട്ടിയ അവസരം ഭാസ്‌ക്കർ പാഴാക്കിയില്ല.

"അമ്മേ ദേ , ഈ വാഴയുടെ ചുവട്ടിൽ എന്തോ കിടന്നു തിളങ്ങുന്നു. ഒരു സ്വർണ്ണ വിരയെ പോലുണ്ട്"

പങ്കജവല്ലി പെട്ടെന്ന് തന്നെ വാഴയുടെ സമീപമെത്തി. മാല കൈയിലെടുത്ത പങ്കജവല്ലിക്ക് പിന്നീട് വന്ന ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചില്ല.

"തലമുറകൾ കൈമാറി കിട്ടിയ മാലയാ കല്യാണത്തിന് നിനക്ക് തന്നത്. സൂക്ഷിക്കാൻ വയ്യെങ്കിൽ ഇനി നീ സ്വർണ്ണം ഇട്ട് നടക്കണ്ട"

പങ്കജവല്ലി അപ്പോൾ തന്നെ വനജയുടെ കഴുത്തിലും കൈയിലും കിടന്ന സ്വർണം മുഴുവൻ ഊരി വാങ്ങി. വനജ എത്രയൊക്കെ നിർബന്ധിച്ചിട്ടും പങ്കജ വല്ലി വനജയെ പിന്നീട് സ്വർണ്ണാഭരണങ്ങൾ ഇട്ട് നടക്കാൻ സമ്മതിച്ചില്ല. താലിമാല ഇടാൻ മാത്രം ഒരു ചെറിയ ചെയിൻ വനജയുടെ കൈയിൽ കൊടുത്തിട്ട് ബാക്കി സ്വർണ്ണാഭരണങ്ങളുമായി പങ്കജവല്ലി അകത്തെ മുറിയിലേയ്ക്ക് പോയി. 

പുറത്തിറങ്ങി  വന്ന ഭാസ്കറിന് പപ്പേട്ടൻ സ്വർണാഭരണങ്ങൾ ഇടാതെ നിക്കുന്ന വനജയെ നോക്കി പറഞ്ഞ പറച്ചിൽ ഇഷ്ടപ്പെട്ടു.  " വനജ കുഞ്ഞിനെ കാണാൻ ഇപ്പോൾ ഒരു ഭംഗിയും ഇല്ല , നേരത്തെ കണ്ടപ്പോൾ സർവ്വാഭരണ വിഭൂഷിതയായി ദേവി എഴുന്നള്ളിയത് പോലെയാ എനിക്ക് തോന്നിയത്, ഇപ്പോൾ ഡ്രസ്സ് ചെയ്തു ചട്ടിയിൽ ഇട്ടിരിക്കുന്ന ഒരു കുട്ടനാടൻ താറാവിനെ പോലുണ്ട്"  പപ്പേട്ടൻ്റെ പറച്ചിൽ കുറച്ചൊന്നുമല്ല വനജയെ വിഷമിപ്പിച്ചത്. അതുംകൂടി കണ്ടപ്പോൾ ഭാസ്ക്കറിന് മനസ്സിന് കുറച്ചു സന്തോഷം തോന്നി.

ചേച്ചി സ്വർണ്ണം മുഴുവനും ഇട്ട് നടക്കാൻ വേണ്ടിയാ കല്യാണം കഴിച്ചതു തന്നെ. ഇപ്പോ സ്വർണ്ണം ഇല്ലാത്ത ചേച്ചിയെ ഡ്രസ്സ് ചെയ്തു നിർത്തിയ കുട്ടനാടൻ താറാവിനോട് പപ്പേട്ടൻ ഉപമിച്ചപ്പോൾ തന്നെ ചേച്ചിയുടെ ഡമ്പ് കുറഞ്ഞു കിട്ടി. അല്ലങ്കിൽ തന്നെ ഇന്നത്തെ കാലത്തു ആരെങ്കിലും ഇത്രയും സ്വർണ്ണം ഇട്ട് നടക്കുവോ? . -ചെമ്പകം സംസാരിച്ചു കൊണ്ടുതന്നെ അകത്തേയ്ക്ക് കയറി.

മുറ്റത്തു ഭാസ്‌കറും പപ്പേട്ടനും വെങ്കി മുതലാളിയും മാത്രമായി. കല്യാണ തലേന്ന് പകുതി വെട്ടിയ വെങ്കി മുതലാളിയുടെ തല പപ്പേട്ടൻ വെട്ടി തുടങ്ങി. വെങ്കി മുതലാളി ഭാസ്‌കറിനെ പപ്പേട്ടന് പരിചയപ്പെടുത്തി . രാത്രിയിലെ പരിചയം പുറത്തു കാണിക്കാതെ തന്നെ പപ്പേട്ടനും ഭാസ്‌കറും ഒന്നുകൂടി പരിചയപ്പെട്ടു. 

പപ്പേട്ടൻ :-  കല്യാണത്തിന് ഞാൻ കത്രിക ശരിയാക്കാൻ തിരിച്ചെന്തൂർ പോയിരിക്കുവായിരുന്നു. ഇപ്പോഴാ സംസാരിക്കാൻ പറ്റിയേ , സന്തോഷം.

ഇത് പറഞ്ഞിട്ട് പപ്പേട്ടൻ ഭാസ്കറിനെ നോക്കി ഗൂഡമായി ചിരിച്ചു. താഴേയ്ക്ക് നോക്കി മുടി വെട്ടാൻ ഇരുന്ന വെങ്കി മുതലാളി ഇത് കണ്ടില്ല.

വെങ്കി മുതലാളി; -   7 വർഷം ഭാസ്‌കർ എയർ ഫോഴ്‌സിൽ ആയിരുന്നു. യുദ്ധ വിമാനത്തിലുള്ള സാധനങ്ങളുടെ ഫോട്ടോ എടുക്കലായിരുന്നു പണി. അവിടുന്ന് പിരിഞ്ഞപ്പോൾ ബാംഗ്ലൂര് ഒരു പരസ്യ കമ്പിനിയിൽ കയറി. അതിൻ്റെ ആവശ്യം ഇല്ല . വെറുതെ ഇരിക്കേണ്ട എന്ന് കരുതി പോകുന്നതാ.

പപ്പേട്ടൻ വീണ്ടും ഭാസ്‌കറിനെ നോക്കി ഗൂഢമായി ചിരിച്ചതിനു ശേഷം പറഞ്ഞു.

"മോന് കുപ്പിയൊക്കെ ഒരുപാടു കിട്ടുമായിരിക്കും അല്ലയോ ? യുദ്ധ വിമാനത്തിലെ പട്ടാള ക്കാർക്ക് കുപ്പി കൂടുതലാണെന്നാ ഞാൻ കേട്ടത്."

ഭാസ്കർ ;-  അത്യാവശ്യത്തിനുള്ള കുപ്പിയൊക്കെ കിട്ടും പപ്പേട്ടാ !

വെങ്കി മുതലാളി:-   മോനേ , ഇനി കുപ്പി കിട്ടുമ്പോൾ ഒരു കുപ്പി പപ്പേട്ടന് കൊടുക്കണം. എൻ്റെ അപ്പയുടേയും അപ്പുപ്പൻ്റെയും മുടി വെട്ടിയ കത്രിക വെച്ചാ പപ്പേട്ടൻ എൻ്റെ മുടി വെട്ടുന്നത്. ഇടയ്ക്ക് ഓരോ കുപ്പി കൊടുത്താൽ പപ്പേട്ടൻ അതിൻ്റെ നന്ദി കാണിക്കും.

ഭാസ്‌കർ :-   ആദ്യം ഈ കത്രികയുടെ മഹത്വം എന്താണെന്നു പറ, ഇവിടെല്ലാവരും കുളിച്ചു കുറിയൊക്കെ തൊട്ടിട്ടാണല്ലോ മുടി വെട്ടാൻ ഇരിക്കുന്നത്.

പപ്പേട്ടൻ വെങ്കി മുതലാളിയുടെ മുടിവെട്ടൽ താല്ക്കാലത്തേയ്ക്ക് നിർത്തിവെച്ചു. വിശേഷപ്പെട്ട കത്രിക ആദരപൂർവ്വം അടുത്തിരുന്ന സ്റ്റൂളിൽ വെച്ചു .

 "വനജകുഞ്ഞിൻ്റെ കെട്ടിയോൻ എനിക്ക് മോനെ പോലെയാ. അതുകൊണ്ട് ഈ കത്രികയുടെ മഹത്വം മോനറിയണം. ഈ കത്രികയുടെ പഴക്കം രണ്ടു നൂറ്റാണ്ടിനപ്പുറമാണ്. തലമുറകൾ പലതു കൈമാറിയാണ് ഈ കത്രിക എൻ്റെ കൈയിലെത്തിയത്. എൻ്റെ പൂർവ്വികർ തിരുവിതാംകൂർ രാജകുടുംബത്തിലെ മുടിവെട്ടുകാരായിരുന്നു. ആദ്യ രാജാവായ മാർത്താണ്ഡവർമ്മ മുതൽ എല്ലാ രാജാക്കന്മാരുടെയും മുടി വെട്ടിയിരുന്നത് ഈ കത്രിക വെച്ചായിരുന്നു. രാജാവിൻ്റെ മാത്രമല്ല , വിഖ്യാത ചിത്രകാരൻ രാജാരവിവർമ്മ , കൊട്ടാരം നർത്തകികൾ, ചരിത്രകാരന്മാർ , പാട്ടുകാർ ,രാമയ്യൻ ദളവ , രാജാകേശവദാസ് മുതൽ അവസാന ദിവാനായ രാമസ്വാമി അയ്യർ വരെയുള്ളവരുടെ മുടി വെട്ടിയ കത്രികയാ ഈ ഇരിക്കുന്നത്."

ഇത്രയും പറഞ്ഞപ്പോൾ പപ്പേട്ടൻ്റെ കണ്ണുകളിൽ കണ്ട അഭിമാന തിളക്കം ഭാസ്‌ക്കർ ശ്രദ്ധിച്ചു. 

"അച്ഛൻ മരിച്ചു സ്വത്തുക്കൾ ഭാഗം വെച്ചപ്പോൾ മുറ പ്രകാരം മൂത്ത മകനായ എനിക്കായി കത്രികയുടെ അവകാശം. എൻ്റെ ഏറ്റവും ഇളയ സഹോദരൻ ഈ കത്രിക അവനു കൊടുക്കാൻ തയ്യാറായാൽ അവൻ്റെ പേരിലുള്ള കുടുംബ വീടും 25 സെൻറ് സ്ഥലവും എൻ്റെ പേരിലേയ്ക്ക് എഴുതാൻ വരെ തയ്യാറായതാ, ഞാൻ സമ്മതിച്ചില്ല"

ഭാസ്‌ക്കർ ഭയഭക്തി ബഹുമാനത്തോടുകൂടി കത്രികയുടെ സമീപത്തുചെന്നു 
സ്റ്റൂളിൽ ഇരിക്കുന്ന വിഖ്യാതമായ കത്രികയെ നിരീക്ഷിച്ചു.

"ഞാൻ നോക്കിയിട്ട് ഒരു പ്രത്യേകതയും കത്രികയ്ക്ക് കാണുന്നില്ലല്ലോ പപ്പേട്ടാ, ഈ പഴഞ്ചൻ കത്രികയ്ക്കു വേണ്ടി സ്ഥലവും വീടും നഷ്ടപ്പെടുത്തിയതു മണ്ടത്തരമായെന്നേ ഞാൻ പറയൂ"

പപ്പേട്ടൻ രൂക്ഷമായി ഭാസ്‌കറിനെ നോക്കിയിട്ട് കത്രികയെടുത്തു വെങ്കി മുതലാളിയുടെ മുടി വെട്ടി തുടങ്ങി. ഭാസ്കർ കത്രികയെ പറ്റി പറഞ്ഞത് പപ്പേട്ടന് ഇഷ്ടപ്പെട്ടിട്ടില്ല എന്നകാര്യം മുടി വെട്ടുന്ന രീതിയിൽ നിന്നും വെങ്കി മുതലാളി മനസ്സിലാക്കി. പപ്പേട്ടൻ ദേഷ്യത്തിൽ മുടിവെട്ടൽ തുടർന്നപ്പോൾ വെങ്കി മുതലാളിക്കും ഭയമായി , വീണ്ടും കത്രികയുടെ ആണി ഊരിപ്പോകുമോ എന്നോർത്ത് !.

പപ്പേട്ടനെ തണുപ്പിക്കാനായി വെങ്കിമുതലാളി പറഞ്ഞു 

"എനിക്ക് വയസ്സ് 65 കഴിഞ്ഞു , ഏതെങ്കിലും മുടി നരച്ചോ എന്ന് നോക്കിക്കേ , പങ്കജത്തിൻ്റെ മുടിയുടെ ഉള്ളു നോക്കിക്കേ , ഇപ്പോഴും പങ്കജം നടന്നുപോകുമ്പോൾ പുറകുവശത്തു നിന്ന് നോക്കിയാൽ 35 വയസ്സിനപ്പുറം പറയില്ല. ഈ കത്രിക വെച്ച് മുടി വെട്ടുന്നതുകൊണ്ടാ ഞങ്ങളുടെ മുടിക്ക് ഇപ്പോഴും യുവത്വം നിലനിൽക്കുന്നത്.  ഭാസ്‌ക്കർ വനജയുടേയും ചെമ്പകത്തിൻ്റെയും മുടിയുടെ ഭംഗി നോക്കിക്കേ, നാട്ടുകാർ എന്തൊക്കെ പറഞ്ഞാലും ശരി , എനിക്കി കത്രികയിൽ ഭയങ്കര വിശ്വാസമാ . ഈ കത്രിക വെച്ച് മുടി വെട്ടുന്നതല്ലാതെ വേറേ ഒന്നും ഞങ്ങൾ തലമുടി സംരക്ഷണത്തിനായി ചെയ്യുന്നില്ല"

അമ്മായി അച്ഛൻ്റെ പറച്ചിൽ കേട്ടപ്പോൾ ഭാസ്കറിനും തോന്നി , 
വിശ്വവിഖ്യാതമായ ഈ കത്രികയ്ക്ക് എന്തോ ചില മാന്ത്രിക ശക്തിയുണ്ടെന്ന്!.

*********

അന്ന് രാത്രിയിൽ വനജ മുറിയിൽ വന്നപ്പോൾ അനുഭവപ്പെട്ട മാദക ഗന്ധം ഭാസ്‌കറിൽ വീണ്ടും ലൈംഗിക ചോദനകൾ ഉണർത്തി. ഭാസ്‌ക്കർ പ്രണയ പരവശനായി വനജയെ സമീപിച്ചു. ഒരു ചുംബനത്തിനായി ഭാസ്‌കർ വനജയെ തൻ്റെ കാരവലയത്തിലൊതുക്കി. വനജ പെട്ടെന്ന് തന്നെ കുതറിമാറി ഭാസ്കറിൻ്റെ കരവലയത്തിൽ നിന്നും മോചനം നേടി. 

- ഭാസിയേട്ടാ , എൻ്റെ നൊയമ്പിൻ്റെ കാര്യം ഞാൻ പറഞ്ഞതല്ലേ , ജോലി കിട്ടുന്നതുവരെ എനിക്ക് നോയമ്പ് മുടക്കാൻ പറ്റില്ല !

- എന്നാൽ ജോലി കിട്ടിയിട്ട് നിനക്ക് കല്യാണത്തിന് സമ്മതിച്ചാൽ പോരായിരുന്നോ , എന്തിനാ എൻ്റെ ജീവിതം നശിപ്പിച്ചത് ?

- ഭാസിയേട്ടൻ കുറച്ചുനാള് കൂടി കാത്തിരിക്കണം എന്നുമാത്രമേ ഞാൻ പറഞ്ഞതിന് അർത്ഥമുള്ളൂ !

ഭാസി പെട്ടെന്ന് അലമാര തുറന്നു  ക്യാമറ ബാഗ് എടുത്തു കട്ടിലിൽ വെച്ചു. പേഴ്സ് എടുക്കാനായി വീണ്ടും അലമാര തുറന്നു. അലമാരയിൽ ഒരുപാടു തിരഞ്ഞതിനു ശേഷമാണ് ഭാസ്‌കറിന് പേഴ്സ് കിട്ടിയത്. ഭാസ്കറിൻ്റെ പ്രവർത്തി നോക്കി നിന്ന വനജ പെട്ടെന്ന് ചോദിച്ചു 

- രാത്രി ഇവിടങ്ങളിൽ കടകളൊന്നും തുറക്കില്ല, പിന്നെ പേഴ്സ് എന്തിനാ? , ഭാസിയേട്ടൻ രാത്രി എങ്ങും പോകണ്ട, അച്ഛനും അമ്മയുമൊക്കെ അറിയും , പിന്നെ ഞാൻ മറുപടി പറയാൻ നിക്കണം.

-അനുഭവിക്കാത്ത രസങ്ങളോർത്തു നെടുവീർപ്പിടാനൊന്നും ഇനി ഞാനില്ല, ആ രസങ്ങളൊക്കെ പകർന്നുതരാൻ ഏതെങ്കിലും പെണ്ണ് തയ്യാറായാൽ പൈസക്ക് ബുദ്ധിമുട്ട് വരരുതല്ലോ ! അതിനാ ഈ പേഴ്സ് !

ഭാസ്‌കർ പേഴ്സ് വനജയുടെ നേരെ ഉയർത്തി കാണിച്ച ശേഷം പോക്കറ്റിൽ വെച്ചു , ശേഷം ക്യാമറയുമായി മുറിക്കു പുറത്തിറങ്ങി. 

ഭാസ്കറിൻ്റെ  പോക്ക് നോക്കി വാ പൊളിച്ചു നിക്കുന്ന വനജ 

ഭാസ്‌ക്കർ ഉമ്മറത്തെത്തിയപ്പോൾ വെങ്കി മുതലാളി അത്താഴം കഴിഞ്ഞുള്ള രാത്രി നടത്തിലാണ്.

- അച്ഛാ എനിക്ക് നിലവിൽ കുളിച്ചു നിക്കുന്ന കായലിൻ്റെ ഫോട്ടോകൾ എടുക്കണം. ഷിബു ചേട്ടൻ ഇപ്പോൾ വള്ളവുമായി വരാമെന്നു പറഞ്ഞിട്ടുണ്ട്.

-ഞാൻ വാതിൽ പൂട്ടി താക്കോൽ ചെത്തിയുടെ ചുവട്ടിൽ ഇട്ടേക്കാം, മോൻ വരുമ്പോൾ ആരേയും വിളിക്കാൻ നിക്കണ്ട, താക്കോലെടുത്തു വാതിൽ തുറന്നു അകത്തുകയറിയാൽ മതി. 

നല്ല അമ്മായിഅച്ചൻ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഭാസ്‌ക്കർ ഷിബുവിനെ മൊബൈലിൽ വിളിച്ചുകൊണ്ടു കടവിലേയ്ക്ക് നടന്നു.

*******

പപ്പേട്ടനും ഷിബുവും ഭാസ്ക്കറും കൂടി വള്ളം കായലിനു നടുവിൽ നങ്കൂരമുറപ്പിച്ച ശേഷം രണ്ടാമത്തെ പെഗ്ഗിലേയ്ക്ക് കടക്കുന്ന സമയത്താണ് പപ്പേട്ടൻ ഭാസ്‌കറിനോട് ആ ചോദ്യം ചോദിച്ചത്.

- ഞാനൊരു കാര്യം ചോദിച്ചാൽ മോൻ ദേഷ്യപ്പെടരുത് , ഉറപ്പ് പറഞ്ഞാൽ മാത്രമേ ഞാനാ കാര്യം ചോദിക്കൂ ! പപ്പേട്ടനെ കൊണ്ട് പരിഹാരമുണ്ടാകാവുന്ന പ്രശ്നമാണെങ്കിൽ പപ്പേട്ടൻ പരിഹാരമുണ്ടാക്കി തരും. 

ഭാസ്‌ക്കർ കൊടുത്ത ഉറപ്പിൽ പപ്പേട്ടൻ കാര്യം ചോദിച്ചു.

-വെങ്കി മുതലാളിയുടെ കുടുംബത്തിലെ ഒരു പെണ്ണും പുറത്താകുന്ന സമയത്തു വിശേഷപ്പെട്ട കത്രിക വെച്ച് മുടി മുറിക്കണം എന്ന് പറഞ്ഞു എന്നെ സമീപിക്കാറില്ല, പ്രത്യേകിച്ച് നോയമ്പും വ്രതവും മുടങ്ങാതെ എടുക്കുന്ന വനജ.  കൂടുതൽ ഞാൻ പറയണ്ടല്ലോ ,എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്‍നം. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ആരും ഇങ്ങനെ രാത്രി സഞ്ചാരത്തിന് ഇറങ്ങാറില്ല , എന്തിനും ഈ പപ്പേട്ടൻ പരിഹാരം ഉണ്ടാക്കി തരും , തീർച്ച.

ഇനിയും കള്ളങ്ങൾ പറഞ്ഞു പിടിച്ചു നിക്കാൻ പറ്റില്ല എന്ന് ഭാസ്‌ക്കർ മനസ്സിലാക്കി , അവൻ എല്ലാ കാര്യങ്ങളും പപ്പേട്ടനോടും ഷിബുവിനോടും പറഞ്ഞു.

കല്യാണം കഴിഞ്ഞിട്ടും ഒരു പെണ്ണിനെ അറിയാൻ കഴിയാത്ത , എന്തിന് ഒന്ന് ഉമ്മ വയ്ക്കാൻ പോലും സാധിക്കാത്ത ഭാസ്‌കറിനോട് പപ്പേട്ടന് സഹതാപം തോന്നി. വനജയെ ബലാത്കാരമായി കീഴ്പെടുത്താൻ ശ്രമിക്കാതിരുന്നതിന് ഷിബു ഭാസ്‌കറിനോട് ദേഷ്യപ്പെട്ടു. ഭാസ്കറിന് കരച്ചിൽ വന്നു. കരച്ചിലിനിടയിൽ ഭാസ്‌ക്കർ പറഞ്ഞു. 

-കല്യാണം കഴിഞ്ഞിട്ട് ഒരു പെണ്ണിനെ ബലാത്കാരമായി കീഴ്പെടുത്തണം എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ബലാത്സംഗം പരിശീലിപ്പിക്കുന്ന വല്ല ട്രെയിനിങ് സ്കൂളിലും പോകുമായിരുന്നു. പക്ഷെ അങ്ങനെയൊന്ന് ഇല്ലല്ലോ പപ്പേട്ടാ !. 

ഭാസ്‌ക്കർ കണ്ണീർ വാർത്തു. ഭാസിയുടെ കരച്ചിൽ കണ്ടപ്പോൾ പപ്പേട്ടനും സങ്കടമായി. ആ സങ്കടം സഹിക്കാൻ വയ്യാതെ പപ്പേട്ടൻ ഒരു ലാർജ് ഒറ്റവലിക്ക് കുടിച്ചുതീർത്തു. കരച്ചിലിനിടയിൽ ഭാസ്‌കർ വീണ്ടും പപ്പേട്ടനോട് ചോദിച്ചു.

-എനിക്ക് വനജയെ ബലാത്സംഗം ചെയ്യണം . എന്നെ ബലാത്സംഗം പരിശീലിപ്പിക്കുന്ന വല്ല കളരിയിലും കൊണ്ടുപോകുമോ പപ്പേട്ടാ ? 

ഭാസ്കറിൻ്റെ കരച്ചിൽ ഷിബുവിനെയും വിഷമിപ്പിച്ചു കളഞ്ഞു. മൂന്നുപേരും മദ്യ ലഹരിയിൽ ആയിരുന്നെങ്കിലും ഷിബു സീരിയസ് ആയി പപ്പേട്ടനോട് ചോദിച്ചു. 

-അങ്ങനെ ബലാത്സംഗം പരിശീലിപ്പിക്കുന്ന വല്ല കളരിയും ഈ ലോകത്തുണ്ടാകുമോ പപ്പേട്ടാ , എവിടെയുണ്ടെങ്കിലും ഭാസിയെ ഞാനവിടെ കൊണ്ടുപോയിരിക്കും . 

അങ്ങനെയൊരു പരിശീലന കളരി ഇവിടുണ്ട്. ഞാൻ നിന്നെ അവിടെ കൊണ്ടുപോയിരിക്കും. അതുമാത്രമല്ല ലോകത്ത്‌ ഒരുപെണ്ണും പകർന്നുതരാത്ത സുഖങ്ങൾ അവൾ നിനക്ക് പകർന്നുതരും. മുഖ സൗന്ദര്യത്തിലും ഉടലഴകിലും വനജയേക്കാൾ ഒരുപടി മുന്നിൽ നിക്കും അവൾ.

-ആരുടെ കാര്യമാ പപ്പേട്ടൻ പറഞ്ഞുവരുന്നത് . പപ്പേട്ടൻ്റെ വാക്കുകൾ ഷിബുവിനെ ആവേശം കൊള്ളിച്ചു.

-സുശീലയുടെ കാര്യം, എൻ്റെ സ്വന്തം രാജകുമാരിയുടെ കാര്യം!.

സുശീലയുടെ കാര്യം പറഞ്ഞപ്പോൾ പപ്പേട്ടൻ്റെ ഒട്ടിയ കവിളിലും കണ്ണുകളിലും കണ്ട തിളക്കം രാത്രിയിലെ നിലാവെളിച്ചത്തിൽ ഭാസ്‌ക്കർ വ്യക്തമായി കണ്ടു.

മദ്യം ഇതിനകം ഭാസ്‌കറിൻ്റെ തലച്ചോറിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സുശീലയെ പറ്റിയുള്ള പപ്പേട്ടൻ്റെ വിവരണം അവനെ ഉന്മാദിയാക്കി മാറ്റി.
ഭാസ്‌ക്കർ കാമാർദ്രനായ , പ്രണയ പരവശനായ കാമുകനായി മാറി. ഉന്മാദാവസ്ഥയിൽ ഭാസ്കർ പപ്പേട്ടനോട് അപേക്ഷിച്ചു.

-എനിക്ക് പോണം പപ്പേട്ടാ , എന്നെ കൊണ്ടുപോണം , എനിക്ക് ഈ രാത്രി തന്നെ എല്ലാ സുഖങ്ങളും അനുഭവിക്കണം.

ഷിബുകുട്ടാ , വള്ളം നേരേ ഹൂറികടവിലിലേയ്ക്ക് വിട്ടോ , കുപ്പിയിൽ ബാക്കിയുള്ളത് ഹൂറികടവിൽ ചെന്നിട്ട് കഴിക്കാം .

പക്ഷെ ഷിബു ഒരു ആശയകുഴപ്പത്തിലായിരുന്നു. ഷിബു പറഞ്ഞു 

-പപ്പേട്ടാ ഒരു രാത്രിക്ക് സുശീല വാങ്ങുന്നത് 10,000 രൂപയാ. ആലപ്പുഴ ബസ്സ്റ്റാൻഡ് പരിസരത്തു കറങ്ങിയാൽ സുശീലയേക്കാൾ പ്രായം കുറഞ്ഞതിനെ 1,000 രൂപയ്ക്ക് കിട്ടും. ഞാൻ കറക്കിയെടുത്തു വള്ളത്തിൽ എത്തിച്ചുതരാം. കായലിൻ്റെ നടുക്ക് കൊണ്ടുപോയി കാര്യം നടത്തി വെളുപ്പിന് ജെട്ടിയിൽ ഇറക്കി വിട്ടാൽ മതി. ആരും അറിയില്ല. ഹൂറി കടവിൽ നമ്മുടെ വള്ളം കിടക്കുന്നത് ആരെങ്കിലും കണ്ടാൽ നമ്മൾ ആരോടൊക്കെ സമാധാനം പറയണം. 

പപ്പേട്ടൻ പിന്നെയും നിർബന്ധിച്ചു, സുശീലയ്ക്ക് വേണ്ടി.

-ഭാസി കുഞ്ഞിൻ്റെ നിലയ്ക്കും വിലയ്ക്കും ചേർന്ന ഒരു പെണ്ണിനെ തന്നെ നമ്മൾ കണ്ടെത്തണ്ടേ ? അതാ സുശീലയെ തന്നെ വിളിക്കാൻ പറഞ്ഞത്.

-ഞാൻ ആലപ്പുഴ ടൗണിൽ ഒന്ന് തിരയട്ടെ , ഭാസി കുഞ്ഞിൻ്റെ നിലയ്ക്കും വിലയ്ക്കും ചേർന്ന ഒരു പെണ്ണിനെ കിട്ടിയില്ലയെങ്കിൽ നമുക്ക് ഹൂറി കടവിൽ തന്നെ വള്ളം അടുപ്പിക്കാം.

ഷിബു പറഞ്ഞതിനോട് പപ്പേട്ടനും യോജിക്കേണ്ടിവന്നു. അല്ലെങ്കിലും ചില കാര്യങ്ങളിൽ ഷിബു അങ്ങനെയാണ്. മറ്റുള്ളവർ പറയുന്നത് കാര്യമാക്കാതെ  ഷിബു സ്വയം തീരുമാനമെടുത്തുകളയും. പപ്പേട്ടനും ആ സമയം നിശ്ശബ്ദനാകാനേ കഴിഞ്ഞുള്ളു .

ഷിബു  ബോട്ട് ജെട്ടിക്ക് സമീപം വള്ളം അടുപ്പിച്ചു. പപ്പേട്ടനെ വള്ളത്തിൽ തന്നെയിരുത്തി ഷിബുവും ഭാസ്‌കറും രാത്രി സഞ്ചാരികളായ സുന്ദരികളെ തേടിയിറങ്ങി. ഒരുപാടു നേരത്തെ തിരച്ചിലിനൊടുവിൽ ഷിബു മനസ്സിൽ ഉദ്ദേശിച്ച ആളെ തന്നെ കണ്ടെത്തി. 22 വയസ്സുള്ള സേതുലക്ഷ്‌മി എന്ന സുന്ദരിയെ. ഒറ്റനോട്ടത്തിൽ തന്നെ സേതുവിനെ ഭാസ്കറിന് ഇഷ്ടമായി, അത് ഭാസ്കറിൻ്റെ കണ്ണുകളിൽ നിന്നും ഷിബു വായിച്ചെടുത്തു.

*******

ഇപ്പോൾ കായലിൻ്റെ ഒത്ത നടുക്ക് ,ഷിബുവിൻ്റെ ചരക്കു വള്ളത്തിൽ ഭാസ്‌കറും സേതു ലക്ഷ്മിയും പപ്പേട്ടനും ഷിബുവും മാത്രം. 

സേതു ലക്ഷ്‌മിയുമായുള്ള  ഭാസ്കറിൻ്റെ ആദ്യ സംഗമത്തിന് സാക്ഷികളാവാൻ ആകാശത്തു പൂർണ്ണ ചന്ദ്രൻ പ്രത്യക്ഷപ്പെട്ടു, കൂടെ കുറെ നക്ഷത്രങ്ങളും. കായൽ പരപ്പിൽ പൂർണ്ണ ചന്ദ്രൻ്റെ നിലാ വെളിച്ചം പരന്നു. കായലിൻ്റെ വിശാലമായ ക്യാൻവാസിൽ ഏതോ ചിത്രകാരൻ വരച്ചിട്ട ആകാശത്തിൻ്റെ രേഖാചിത്രം പോലെ കായലിൽ കണ്ട പൂർണ്ണ ചന്ദ്രൻ്റെ പ്രതിബിംബം നോക്കി ഭാസ്‌കർ നിന്നു. ഭാസ്‌കറിനോട് ചേർന്ന് സേതുലക്ഷ്മിയും. പെട്ടെന്ന് ഒരു വലിയ മൽസ്യം കായലിൻ്റെ മേൽപ്പരപ്പിൽ വന്നു മറിഞ്ഞു. മൽസ്യം ഉണ്ടാക്കിയ ഓളങ്ങൾ കായലിൽ കണ്ട ചന്ദ്രൻ്റെ പ്രതിബിംബത്തെ മറച്ചുകളഞ്ഞു. 

കായലിൻ്റെ ഒത്ത നടുക്ക് ,വലിയ വള്ളത്തിൽ , തനിക്ക് വഴങ്ങാൻ തയ്യാറായി ഒരു പെൺകുട്ടി നിൽക്കുമ്പോൾ എങ്ങനെ അവളിൽ യഥാർത്ഥ പ്രേമം ഉണ്ടാക്കിയെടുക്കും എന്നതിനെപ്പറ്റിയാണ് ഭാസ്‌ക്കർ ചിന്തിച്ചത്. ഭാസ്കറിന് കുട്ടികാലത്തെപ്പോഴോ പ്രേമത്തെ കുറിച്ചു ചോദിച്ചപ്പോൾ മുത്തച്ഛൻ പറഞ്ഞുകൊടുത്ത വാചകങ്ങളാണ് അപ്പോൾ ഓർമ്മ വന്നത്. കുട്ടികാലത്തെന്നോ കളിച്ചു ക്ഷീണിച്ച അവൻ വെള്ളം കുടിക്കാനായി അടുക്കളയിൽ ചെല്ലുമ്പോൾ അമ്മയും ചെറിയമ്മയും തമ്മിൽ പ്രേമത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. പ്രേമമെന്ന വാക്ക് ഭാസ്‌ക്കർ ആദ്യമായി കേൾക്കുന്നത് അന്നാണ്. അയൽവക്കത്തെ ചേട്ടനും ചേച്ചിയും തമ്മിൽ പ്രേമമാണെന്ന് അമ്മയോട് പറഞ്ഞ ചെറിയമ്മയോട് അവൻ ചോദിച്ചു .

-എന്താ ചെറിയമ്മേ പ്രേമം ?

-പോടാ അവിടുന്ന് , മോട്ടേന്ന് വിരിഞ്ഞില്ല ,അതിനുമുൻപ്‌ പ്രേമം എന്താണെന്ന് അറിയാൻ വന്നിരിക്കുന്നു !

അമ്മ അവനെ തല്ലാൻ കൈ ഓങ്ങിയപ്പോഴേ അവൻ ചാടി പുറത്തിറങ്ങി. അവൻ നേരെ അപ്പൂപ്പൻ്റെ അടുത്താണ് ഓടി എത്തിയത്. 

-അപ്പൂപ്പാ , എന്താണ് പ്രേമം ?

മുത്തച്ഛൻ അവൻ്റെ കണ്ണുകളിൽ നോക്കി പറഞ്ഞു 

-രണ്ടാത്മാക്കൾ ഒന്നായി തീരുന്നതാണ് യഥാർത്ഥ പ്രേമം !

-അപ്പുറത്തെ ചേട്ടനും ചേച്ചിയും തമ്മിൽ പ്രേമമാണെന്ന് ചെറിയമ്മ പറഞ്ഞല്ലോ !

-ഒരാൾക്ക് രണ്ടു ആത്മാവുണ്ട് ഭാസിക്കുട്ടാ ! , ജീവാത്മാവും പരമാത്മാവും. ജീവാത്മാവാണ് പുറത്തു പ്രകൃതിയിൽ നടക്കുന്ന കാര്യങ്ങൾ പരമാത്മാവിനെ അറിയിക്കുന്നത്. അതായത് ജീവാത്മാവ് ഉണ്ടെങ്കിലേ പരമാത്മാവ് പ്രവർത്തിക്കു. നീ നിൻ്റെ കൂട്ടുകാരനെ മനസ്സിലാക്കുന്നത് ജീവാത്മാവിലൂടെയാണ്. നീ പറഞ്ഞ ചേട്ടനും ചേച്ചിയും ആദ്യം മനസ്സിലാക്കിയത് ജീവാത്മാവിലൂടെ തന്നെയാണ്. പിന്നീട് ഇവരുടെ പരമാത്മാക്കൾ തമ്മിൽ ചില കാര്യങ്ങളിലുള്ള സാദൃശ്യങ്ങൾ ചേട്ടനും ചേച്ചിയും പരസ്‌പരം മനസ്സിലാക്കാൻ തുടങ്ങുന്നിടത്തു പ്രേമം മൊട്ടിടുന്നു . ജീവാത്മാവ് എത്രയൊക്കെ ശ്രമിച്ചാലും ചേട്ടൻ്റെയും ചേച്ചിയുടേയും പരമാത്മാക്കൾ പരസ്‌പരം അകലാൻ കൂട്ടാക്കില്ല. അപ്പോൾ ചേച്ചിയുടെ ജീവാത്മാവും പരമാത്മാവും തമ്മിൽ സംഘർഷം  ഉണ്ടാകുന്നു. ഈ സംഘർഷത്തിനിടയ്ക്കും ചേട്ടനും ചേച്ചിയും തമ്മിൽ പരസ്പരം കണ്ടുമുട്ടുകയും ഒന്നായി ചേരാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെയാണ് പ്രേമം എന്നു വിളിക്കുന്നത്. 

അന്ന് മുത്തച്ഛൻ പറഞ്ഞ കാര്യങ്ങളൊന്നും ഭാസ്‌കറിന് മനസ്സിലായില്ല. അവൻ മുത്തച്ഛൻ പറഞ്ഞ വാക്കുകളുടെ അർഥം ഇപ്പോൾ മനസ്സിലാക്കിയെടുക്കുവാൻ നോക്കി. തനിക്ക് വഴങ്ങാൻ തയ്യാറായി നില്ക്കുന്ന പെൺകുട്ടിയുടെ സമീപം നിന്നപ്പോഴും ഭാസ്‌കറിന് മനസ്സിലായില്ല , എങ്ങനെ യഥാർത്ഥ പ്രേമം 
ഉണ്ടാക്കിയെടുക്കണമെന്ന് ,  നിസ്സഹായനായി അവൻ ആ പെൺകുട്ടിയുടെ കണ്ണുകളിലേയ്ക്ക് നോക്കി. അവൻ്റെ നോട്ടം ആ പെൺകുട്ടിയുടെ ഹൃദയത്തിൽ കൊണ്ടതുപോലെ അവളുടെ ചുണ്ടുകൾ ചെറുതായി ഒന്ന് ചലിച്ചു. മൗനത്തിൽ പൊതിഞ്ഞ ഒരു ചെറു പുഞ്ചിരി അവളുടെ ചുണ്ടിൽ വിടർന്നതുപോലെ അവനു തോന്നി. അവൻ പോലുമറിയാതെ അവൻ, അവൻ്റെ കൈകൾ അവളുടെ തോളുകളിൽ വെച്ചു. അവൾ ചുണ്ടുകൾ വിടർത്തി മുഖം അല്‌പം ഉയർത്തി നിന്നു. അവനാ ചുണ്ടുകളിൽ ആദ്യ ചുംബനം നൽകി. രണ്ടാത്മാക്കളുടെ മനസ്സിൽ മുള പൊട്ടിയ ലിപിയില്ലാത്ത , വാക്കുകളില്ലാത്ത ഒരു ഭാഷയിൽ അവർ പരസ്‌പരം ആശയവിനിമയം നടത്താൻ തുടങ്ങി. ആ ഭാഷയ്ക്ക് മനുഷ്യനുണ്ടായ കാലത്തോളം പഴക്കമുണ്ടായിരുന്നു. ഒരു പക്ഷേ, ഇതായിരിക്കുമോ പ്രപഞ്ചത്തിലെ പക്ഷി മൃഗാദികൾ പ്രണയ സല്ലാപങ്ങളിൽ ഏർപ്പെടുമ്പോൾ ഉപയോഗിക്കുന്ന ഭാഷ. 

***
ഭാസിയുടെ മുത്തച്ഛൻ പറഞ്ഞതുപോലെ ജീവാത്മാവ് ഉപയോഗിക്കുന്ന ഭാഷയ്ക്ക് മാത്രമേ ലിപിയും വാക്കുകളും ഉള്ളൂ . പരമാത്മാവ് ഉപയോഗിക്കുന്ന ഭാഷയ്ക്ക് ലിപിയും വാക്കുകളുമില്ല. ഒരു പരമാത്മാവിന് മാത്രമേ മറ്റൊരു ജീവാത്മാവിൽ വസിക്കുന്ന തൻ്റെ തന്നെ ഭാഗമായ പരമാത്മാവിനോട് ഈ രീതിയിൽ ആശയ വിനിമയം നടത്താൻ സാധിക്കു. അത് തന്നെയാകും യഥാർത്ഥ പ്രേമം !.

***

ഭാസ്‌കറും സേതുവും പരിസരം മറന്നു പ്രണയ ലീലകൾ ആടാൻ തുടങ്ങിയപ്പോൾ ഷിബു ഇടപെട്ടു. 

-ഞാൻ നിങ്ങൾക്കായി ഒരു മണിയറ ഈ വള്ളത്തിൽ ഒരുക്കുന്നുണ്ട്. അതിൽ കയറിയിട്ട് മതി ശാന്തിമുഹൂർത്തം ആഘോഷിക്കുന്നത്.

ശാന്തിമുഹൂർത്തത്തിൻ്റെ സമയമൊക്കെ എപ്പോഴേ കഴിഞ്ഞു ഷിബു ചേട്ടാ !

സേതുലക്ഷ്‌മി :-  ശാന്തി മുഹൂർത്തം ആഘോഷിക്കാനാണോ എന്നെ വിളിച്ചത്. എന്താ ഈ ശാന്തി മുഹൂർത്തം. 

-അതൊക്കെ ശാന്തി മുഹൂർത്തം കഴിയുമ്പോൾ ഭാസിക്കുഞ്ഞു തന്നെ മോളോട് പറഞ്ഞുതരും. 

ഇതു പറഞ്ഞുകൊണ്ട്‌ ഷിബു തൻ്റെ വള്ളത്തിൻ്റെ ഒരു ഭാഗം സ്റ്റീൽ പൈപ്പും തറപ്പോളയും ഉപയോഗിച്ച് ഒരു കൂടാരം പോലെയാക്കി. കൂടാരത്തിൽ വള്ളത്തിൽ കിടന്ന പലകകൾ അടുക്കി കട്ടിൽ പോലെയാക്കി. ഭാസ്ക്കറും സേതുവും കൂടാരത്തിനുള്ളിലേയ്ക്ക് നുഴഞ്ഞു കയറി. പപ്പേട്ടനും ഷിബുവും വള്ളത്തിൻ്റെ മറുഭാഗത്തേയ്ക്ക് നീങ്ങിയിരുന്നു. ഷിബു ഗ്ലാസിൽ മദ്യം പകർന്നു പപ്പേട്ടന് നൽകി. ഗ്ലാസ് വാങ്ങിക്കൊണ്ടു പപ്പേട്ടൻ പറഞ്ഞു .

-ഷിബു ,ഭാസി ഇറങ്ങുമ്പോൾ ഞാൻ കയറും ! അവളെ കണ്ടപ്പോഴേ ഞാൻ മോഹിച്ചുപോയി.

നടക്കില്ല പപ്പേട്ടാ ! ഒരു രാത്രി സേതു ഒരാൾക്കു മാത്രമേ വഴങ്ങൂ . ആ ഉറപ്പ് അവൾക്ക് കൊടുത്തതിനു ശേഷമാ അവളെ ഞാൻ വള്ളത്തിൽ കയറ്റിയത്. ആ ഉറപ്പ് എനിക്ക് പാലിക്കണം. നാളെ നമുക്ക് മൂന്നുപേർക്കും വഴങ്ങുന്ന പെണ്ണിനെ കണ്ടു കച്ചവടം ഉറപ്പിക്കാം.

പപ്പേട്ടൻ :- പൈസ കൂടുതൽ കൊടുത്താൽ വഴങ്ങാത്ത ഒരു പെണ്ണും ഇപ്പോൾ ഫീൽഡിൽ ഇല്ലടാ !

-ഇത് വേറേ ജാതി പെണ്ണാ പപ്പേട്ടാ , കൂടെ കിടക്കേണ്ടുന്ന ആളിനെ കണ്ടിഷ്ടപ്പെട്ട ശേഷമേ ഇവൾ കച്ചവടം ഉറപ്പിക്കൂ !

ഇതെന്തു ജാതി പെണ്ണടാ ! ? , പപ്പേട്ടൻ അത്ഭുതപ്പെട്ടു.

-ഇതാ പപ്പേട്ടാ ന്യൂ ജനറേഷൻ പെണ്ണ് , ഇവൾ ഒരിക്കലും പപ്പേട്ടൻ്റെ സുശീലയെ പോലല്ല , മനസ്സിലാക്ക് !

ഷിബു ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് കുടിച്ചു തീർത്തശേഷം കപ്പലണ്ടി പാക്കറ്റിൽ നിന്നും ഒരുപിടി കപ്പലണ്ടി എടുത്തു വായിലിട്ടു ചവച്ചു.ഷിബു വായിലിട്ടു ചവച്ച കപ്പലണ്ടിയിൽ ഒന്നുരണ്ടു കപ്പലണ്ടി കനച്ചതായിരുന്നു. കനച്ച കപ്പലണ്ടിയുടെ ചുവ ഇഷ്ടപ്പെടാതെ ഷിബു വായിൽ കിടന്ന കപ്പലണ്ടി മുഴുവനും കായലിലേയ്ക്ക് തുപ്പി. ഷിബു കായലിലേയ്ക്ക് തുപ്പിയ കപ്പലണ്ടി തിന്നാൻ വലിയ കരിമീനുകൾ വന്നു. ഷിബുവിലെ മീൻപിടുത്തക്കാരൻ പെട്ടെന്ന് കർമ്മ നിരതനായി. ഷിബു പപ്പേട്ടനെ വിളിച്ചു .

പപ്പേട്ടാ ..നല്ല മുഴുത്ത കരിമീനുകൾ !

മദ്യലഹരിയിൽ മനോരാജ്യത്തിൽ മുഴുകിയിരുന്ന പപ്പേട്ടൻ അപ്പോഴാണ് മീനുകളെ ശ്രദ്ധിക്കുന്നത്.

ഗ്യാസ് അടുപ്പു കൂടി വള്ളത്തിൽ എടുത്തു വെച്ചിരുന്നെങ്കിൽ ഇപ്പോൾ തന്നെ വറുത്തെടുക്കാമായിരുന്നു. അടുപ്പ് ഇല്ലാതെ മീൻ കീട്ടിയിട്ട് എന്താ കാര്യം.

പപ്പേട്ടൻ മീനുകളിൽ അധികം താൽപ്പര്യം കാണിക്കാതെ വീണ്ടും മനോരാജ്യത്തിൽ മുഴുകി. ഷിബു അപ്പോഴേയ്ക്കും വല വീശി കഴിഞ്ഞിരുന്നു.

*******

ഭാസ്‌കറിൻ്റെ നെഞ്ചിൽ ഇപ്പോൾ സേതു തളർന്നു കിടന്നു മയങ്ങുകയാണ്. ഭാസി സേതുവിൻ്റെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് അലസമായി കിടക്കുന്നു. പതുക്കെ പതുക്കെ സേതുവിൻ്റെ ശ്വാസഗതി സാധാരണ നില കൈവരിക്കുന്നത് ഭാസി അറിയുന്നുണ്ടായിരുന്നു. പരസ്‌പരം ഒന്നായി തൻ്റെ ശരീരത്തിനോട് ചേർന്ന് കിടക്കുന്ന സേതുവിൻ്റെ ശരീരം പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ് അവന് പകർന്നു കൊടുത്തത്. ഭാസിയെ സംബന്ധിച്ചു അത് ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. 

നിൻ്റെ പേരെന്താണ് ?

തൻ്റെ നെഞ്ചിൽ ചേർന്നുകിടക്കുന്ന സേതുവിനോട് അവൻ ചോദിച്ചു 

-എന്നെ കൊണ്ടുവരുവാൻ  ഓട്ടോയുമായി ഷിബുച്ചേട്ടൻ്റെ കൂടെ വീട്ടിൽ വന്നപ്പോഴും ഓട്ടോയിൽ ഒരുമിച്ചിരുന്നു യാത്ര ചെയ്‌തപ്പോഴും പേര് ചോദിയ്ക്കാൻ തോന്നിയില്ലല്ലോ , അതുകൊണ്ട് ഇപ്പോൾ പേര് പറയാൻ മനസ്സില്ല .

സേതു പ്രേമപൂർവ്വം പരിഭവിച്ചു .

-ഞാൻ ആദ്യമായി അറിഞ്ഞ പെണ്ണാണ് നീ , ഇനി ഒരിക്കലും നിന്നെ മറക്കാൻ എനിക്ക് കഴിയില്ല , അതുകൊണ്ട് ഒരു പേരിലൂടെയെങ്കിലും എനിക്ക് നിന്നെ ഓർക്കണം !

:- ഷിബുച്ചേട്ടൻ പറഞ്ഞത് കല്യാണം കഴിഞ്ഞ ആളാണ് എന്നാണല്ലോ ? കല്യാണം കഴിഞ്ഞതുകൊണ്ടാ ഞാൻ കൂടെ വരാൻ സമ്മതിച്ചത്.

-കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച ആകുന്നു. എൻ്റെ ഭാര്യ ഇതുവരെ ഒന്നിനും സമ്മതിച്ചിട്ടില്ല , ഇനി സമ്മതിക്കും എന്നും തോന്നുന്നില്ല , അവൾ ജോലി കിട്ടാൻ വേണ്ടി എന്തോ വലിയ നൊയമ്പിലാ , ജോലി കിട്ടിയിട്ടേ പരസ്‌പരം ബന്ധപ്പെടു , അതവൾ എന്നോട് തുറന്നു പറഞ്ഞു.

ഭാസി എല്ലാ കാര്യങ്ങളും സേതുവിനോട് തുറന്നു പറഞ്ഞു. അവൻ്റെ നെഞ്ചിൽ തല ചായ്ച്ചുവെച്ചു കൊണ്ട് ഭാസി പറഞ്ഞത് മുഴുവനും സേതു ശ്രദ്ധാപൂർവം കേട്ടു.

:-  എൻ്റെ പേര് സേതു ലക്ഷ്‌മി , ഏട്ടൻ ഇഷ്ടമുള്ളത് വിളിച്ചോ , സേതുവെന്നോ ലക്ഷ്മിയെന്നോ . അല്ലങ്കിൽ ഏട്ടൻ എന്നെ ഒന്നും വിളിക്കണ്ട , അതാ നല്ലത്.

ഭാസി സേതുവിനെ ഇറുകി പുണർന്നുകൊണ്ട് പറഞ്ഞൂ 

-ഒരിക്കലും മറക്കില്ല നിന്നെ , എനിക്ക് കാണണമെന്ന് തോന്നുമ്പോഴൊക്കെ ഞാൻ വിളിക്കും , വരണം !.

അവൻ അവളുടെ കണ്ണുകളിലേയ്ക്ക് തന്നെ ഉറ്റുനോക്കി അവളുടെ മറുപടിക്ക് കാതോർത്തു.

മറുപടിയായി സേതു അവൻ്റെ മുഖവും ചുണ്ടും ഉമ്മകൾ കൊണ്ട് മൂടി. ശേഷം സേതു മറുപടി പറയാൻ ഒരുങ്ങുമ്പോഴാണ് വള്ളത്തിൻ്റെ  അങ്ങേ തലയ്ക്കൽ നിന്നും ഉച്ചത്തിലുള്ള വിളി കേട്ടത്.

-കഴിഞ്ഞില്ലേ ഭാസിക്കുട്ടാ , ഒരു പെഗ് മണിയറയിലേക്ക് തരാനായിരുന്നു .

:- ഒന്ന് പോരാ ഷിബുച്ചേട്ടാ , ഞങ്ങൾ രണ്ടു പേരില്ലേ , നല്ലോണം മധുരം ചേർത്ത് രണ്ട് ലാർജ് തന്നെ ആയിക്കോട്ടേ , ഇന്നെൻ്റെ ശാന്തി മുഹൂർത്തം ആഘോഷിക്കുവല്ലേ !

ഭാസി വള്ളത്തിൽ ചാരി ഇരുന്നുകൊണ്ട് പറഞ്ഞു. ഭാസിയുടെ തോളിൽ തലചായ്ച്ചു സേതു ഇരുന്നു. 

-ഇപ്പോഴാ ശാന്തിമുഹൂർത്തം എന്താണ് എന്നുള്ള കാര്യം എനിക്ക് മനസ്സിലായത്. 

ഭാസി അവളെ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു - ഞങ്ങളുടെ സമുദായത്തിന് ശാന്തിമുഹൂർത്തം വളരെ വിശേഷപ്പെട്ട ചടങ്ങാണ്. 

:- എന്നിട്ടാണോ ഞാനുമായി ശാന്തിമുഹൂർത്തം നടത്തിയത്. 

ഷിബു രണ്ടു ഗ്ലാസ്സുകൾ മണിയറയ്ക്കുള്ളിലേയ്ക്ക് നീട്ടി . 

ഭാസി മദ്യം ഒന്ന് സിപ്പ് ചെയ്‌ത ശേഷം ഗ്ലാസ് സേതുവിൻ്റെ ചുണ്ടോടടുപ്പിച്ചു.

സേതു പറഞ്ഞു - മദ്യത്തിൻ്റെ  രുചി ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ ഞാൻ കുടിക്കില്ല , എന്നെ നിർബന്ധിക്കരുത്.

സേതു മദ്യം ഒരു സിപ്പ് കഴിച്ചു. ഭാസ്‌കർ മദ്യം പകുതി കഴിച്ച ശേഷം ഗ്ലാസ് സേതുവിനെ ഏൽപ്പിച്ചു. സേതു പതുക്കെ സിപ്പ് ചെയ്‌തു കഴിച്ചുതുടങ്ങി. ശേഷം രണ്ടാമത്തെ ഗ്ലാസ്സിലുണ്ടായിരുന്ന മദ്യവും പകുതി കഴിച്ച ശേഷം ഭാസ്‌ക്കർ സേതുവിന്‌ നേരേ നീട്ടി. സേതു രണ്ടാമത്തെ ഗ്ലാസിലെ മദ്യവും കുടിച്ചുതീർത്തു. വല്ലാത്തൊരാലസ്യം സേതുവിനെ ബാധിച്ചു. അവൾ ഭാസ്കറിൻ്റെ മടിയിലേക്ക് കിടന്നു. ഭാസി അവളുടെ നഗ്നമേനിയിൽ വിരലുകൾ ഓടിച്ചുകൊണ്ട് അലസമായി ഇരുന്നു.

കായൽ കാറ്റ് വള്ളത്തിൻ്റെ മുകളിൽ വിരിച്ചിരുന്ന ടാർപോളിൻ ഷീറ്റിനെ തട്ടി കടന്നുപോയി. ഷീറ്റ് വള്ളത്തിലടിച്ചു ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. മൊബൈൽ വെളിച്ചത്തിൽ സേതുവിൻ്റെ നഗ്നമേനിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഭാസ്‌കർ വള്ളത്തിലിരുന്നു. ആ സമയം അവളുടെ കണ്ണുകൾ അവനെ കൊത്തി വലിക്കുകയായിരുന്നു. അവളുടെ ചുണ്ടുകൾ അവൻ്റെ ചുണ്ടുകളെ ക്ഷണിച്ചുകൊണ്ട് അല്‌പം തുറന്നിരുന്നു. ലിപിയില്ലാത്ത ഭാഷകളിലൂടെ അവർ വീണ്ടും ആശയവിനിമയം നടത്തി. പതുക്കെ പതുക്കെ അവളുടെ കണ്ണുകൾ അടഞ്ഞു. സേതു ഉറക്കത്തിലേയ്ക്ക് വഴുതി വീണു.

ഭാസി കണ്ണുകളടച്ചു മനോരാജ്യത്തിൽ മുഴുകി. അവൻ വനജയെ കുറിച്ചോർത്തു. കല്യാണം കഴിഞ്ഞതുകൊണ്ട് ഭാസി എന്നും വനജയുടെ മാത്രമായിരിക്കും എന്ന അവകാശബോധത്തിൽ നിന്നുകൊണ്ട്, "എൻ്റെ" എന്ന അവകാശത്തിൽ വനജ ഭാസിയെ പ്രേമിക്കുന്നുണ്ടാകും. പക്ഷെ ആ പ്രേമം ഭാസിയിൽ എങ്ങനെയാണ് അനുഭവവേദ്യമാകുക എന്ന് വനജ ചിന്തിച്ചിട്ടുണ്ടാകുമോ ?.  എന്നാൽ ഇപ്പോൾ ഈ കായലിനു നടുവിൽ പൂർണ്ണചന്ദ്രനും നക്ഷത്രങ്ങളും സാക്ഷി നിൽക്കേ പ്രേമത്തിൻ്റെ വേറൊരു ഭാവം ഭാസി തിരിച്ചറിഞ്ഞു, തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള പ്രേമം. സേതുവിന്‌ ചിലപ്പോൾ ഈ പ്രേമവും അഭിനയമാകും, അത് അവളുടെ തൊഴിലിൻ്റെ രീതിയാകാം. എങ്കിലും സേതു തന്നോട് കാണിച്ച സ്നേഹം മുഴുവനും അഭിനയമാകുമോ ?. ഭാസി തൻ്റെ ജീവിതത്തിൽ അല്പം മുൻപ് സംഭവിച്ച കാര്യങ്ങൾ റീവൈൻഡ് ചെയ്തുനോക്കി. പരസ്‌പരം കണ്ണുകൾ ഇടഞ്ഞപ്പോൾ സേതുവിൻ്റെ കണ്ണുകളിൽ കണ്ട തിളക്കം എങ്ങനെ അഭിനയമാകും, അതൊരിക്കലും അഭിനയമാകാൻ വഴിയില്ല. അവളുടെ ശ്വാസഗതി മാറി മറിഞ്ഞത് എങ്ങനെ അഭിനയമാകും. ഓരോന്നും ആലോചിച്ചിരുന്നപ്പോൾ ഭാസിക്കും ഉറക്കം വരാൻ തുടങ്ങി. അവൻ സേതുവിനെ വിളിച്ചുനോക്കി. അവളും നല്ല ഉറക്കത്തിലാണെന്നു കണ്ടപ്പോൾ ഭാസി സേതുവിനോട് ചേർന്നുകിടന്നു. അവളെ കെട്ടി പിടിച്ചുകൊണ്ട് !.

*********

കിഴക്ക് വെള്ളകീറി . കാക്കകൾ കരയുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് പപ്പേട്ടൻ ഉണർന്നത്. പപ്പേട്ടൻ ചാടി എണീറ്റു. അല്‌പസമയം കഴിഞ്ഞു ബോധം നല്ലവണ്ണം തെളിഞ്ഞപ്പോളാണ് തൻ്റെ കാൽച്ചുവട്ടിൽ വള്ളത്തിൽ കിടന്നുറങ്ങുന്ന ഷിബുവിനെ പപ്പേട്ടൻ കാണുന്നത്. പപ്പേട്ടൻ ഷിബുവിനെ വിളിച്ചുണർത്തി.

-എടാ ഷിബു , നേരം വെളുക്കുന്നതിനുമുമ്പ് പെണ്ണിനെ കരയ്‌ക്കെത്തിക്കണം. അല്ലെങ്കിൽ നമ്മൾ രണ്ടും നാറും. നീ വള്ളം എടുക്ക് ,എന്നിട്ട് എന്നെ കരയിലേക്ക് ആക്കിയേക്ക് !

ഷിബു പെട്ടെന്ന് തന്നെ ഭാസിയെയും സേതുവിനേയും വിളിച്ചുണർത്തി. ഇരുട്ട് അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല. വള്ളം പപ്പേട്ടൻ്റെ കടവിൽ അടുത്തപ്പോഴേയ്ക്കും സേതു ഭാസി ഇട്ടിരുന്ന ബനിയനിൽ തൻ്റെ മുഖവും ദേഹവും നല്ലവണ്ണം തുടച്ചു. മണിയറയിലേയ്ക്ക് കയറിയപ്പോൾ ഊറി മടക്കി വെച്ചിരുന്ന ചുരിദാർ എടുത്തു ധരിച്ചു. ഭാസി മണിയറ ഒരുക്കാൻ വെള്ളത്തിനു മീതേ ഇട്ടിരുന്ന ടാർപോളിൻ ഷീറ്റ് മടക്കി വയ്ക്കാൻ തുടങ്ങി. ഷീറ്റ് മടക്കാൻ സേതു കൂടി ഭാസിയെ സഹായിച്ചു. സഹായിക്കുന്നതിനിടയിൽ സേതു ഭാസിയോടു പറഞ്ഞു. 

-വീട്ടിൽ ചെന്നയുടനെ ബനിയൻ വെള്ളത്തിൽ മുക്കി ഇട്ടേക്കണം. ബനിയനിൽ എൻ്റെ മണമുണ്ട്. ഇല്ലെങ്കിൽ വനജ പെട്ടെന്നു മനസ്സിലാക്കിയെടുക്കും.

:- അവൾ മനസ്സിലാക്കുമെങ്കിൽ മനസ്സിലാക്കട്ടെ , ജീവിതകാലം മുഴുവൻ ഞങ്ങൾ ഒരുമിച്ചുകാണും എന്ന് എനിക്കിപ്പോൾ യാതൊരുറപ്പുമില്ല.

-അങ്ങനൊന്നും ഏട്ടൻ  ഇപ്പോൾ ചിന്തിക്കണ്ട, എങ്ങനെ വനജയുടെ നോയമ്പ് മുടക്കണം എന്നതിനെപ്പറ്റി ഞാൻ ഏട്ടനൊരു ക്ലാസ് തരുന്നുണ്ട്. ഞങ്ങളുടെ ജാതിക്കാർക്ക് ഒരു പ്രത്യേകതയുണ്ട് , പാരമ്പര്യമായിട്ടു തന്നെ ഞങ്ങളുടെ ജാതിയിലെ പെൺകുട്ടികൾക്ക് അമ്മുമ്മമാർ ലൈംഗിക കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കും. എങ്ങനെ ലൈംഗിക അവയവങ്ങളുടെ സൗന്ദര്യം നിലനിർത്തണം എന്നുള്ളതും സിലബസ്സിൽ ഉള്ള വിഷയമാണ്. 

അവർ തമ്മിലുള്ള സംസാരം അവസാനിക്കുന്നതിനുമുമ്പ് വള്ളം ജെട്ടിക്ക് സമീപമെത്തി. തെരുവ് വിളക്ക് കത്താതെ നിന്ന ഒരു പോസ്റ്റിനു സമീപം ഷിബു വള്ളം അടുപ്പിച്ചു. സേതുവും ഭാസിയും വള്ളത്തിൽ നിന്നും കരയിലിറങ്ങി. വള്ളത്തിലിരുന്നു തന്നെ ഷിബു ഓട്ടോക്കാരനെ വിളിച്ചു. പിരിയാൻ പോകുകയാണെന്നറിഞ്ഞപ്പോൾ സേതുവിനും ഭാസിക്കും പറഞ്ഞറിയിക്കാനാവാത്ത വിഷമമുണ്ടായി. സേതു ഭാസിയുടെ അടുത്തേയ്ക്ക് നീങ്ങി നിന്നു. ഭാസി സേതുവിനെ കെട്ടിപിടിച്ച് ഉമ്മവെച്ചു.  വള്ളത്തിലിരുന്ന് ആ ഉമ്മ വയ്ക്കൽ കണ്ട ഷിബു ഞെട്ടി വിറച്ചു.  ആ ഞെട്ടലിൽ വിറച്ച ശബ്ദത്തിൽ ഭാസി വിളിച്ചുപറഞ്ഞു.

- നേരം വെളുത്തു ആൾക്കാരൊക്കെ നടക്കാനിറങ്ങുന്ന സമയമാ, വേണ്ടാതീനം കാണിക്കാതെ ഭാസിക്കുഞ്ഞേ ! , വെങ്കി മുതലാളിയുടെ മരുമോനെ അറിയാവുന്ന ആരെങ്കിലുമൊക്കെ നടക്കുന്നവരുടെ കൂട്ടത്തിൽ കാണാതിരിക്കില്ല.

പോസ്റ്റിനു സമീപം ഓട്ടോ വന്നുനിന്നു. ഷിബു ഒരു കിറ്റ് വള്ളത്തിൽ നിന്നും എടുത്ത് സേതുവിന്‌ നേരേ നീട്ടി കൊണ്ട് പറഞ്ഞു .

- നിങ്ങൾ മണിയറയിൽ ആയ സമയത്തു ഞാൻ വല വീശി പിടിച്ചതാ. ഈ മീനുകളിൽ ഞാനെൻ്റെ സ്നേഹം നിറച്ചു വെച്ചിട്ടുണ്ട്. മീൻ വെട്ടി കഴുകുമ്പോൾ എൻ്റെ സ്നേ,ഹം കഴുകി കളയാതെ വേണം മീൻ വെട്ടി ചട്ടിയിലിടാൻ !

സേതു മീൻ വാങ്ങി കൊണ്ട് പറഞ്ഞു.

എത്ര നാളായി ഞാൻ ഷിബുചേട്ടനോട് പറയുന്നു. സ്ഥലവും സമയവും ഉറപ്പിച്ചിട്ട് എന്നെ വിളിക്കാൻ, ഞാനും കാത്തിരിക്കുവാ ഷിബുച്ചേട്ടൻ്റെ വിളി പ്രതീക്ഷിച്ചു കൊണ്ട് !

-ഞാൻ എത്ര പേരുടെ കണ്ണ് വെട്ടിക്കണം സേതുവേ , പറന്നു പോകുന്ന കാക്കയ്ക്ക് വരെ ഷിബു എന്ന പേരറിയാം .

ഓട്ടോ സേതുവിനെയും കൊണ്ട് പറന്നപ്പോൾ ഭാസി പറഞ്ഞു.

സേതുവിനെ ഒറ്റയ്ക്ക് വിട്ടത് ശരിയായില്ല , നമുക്കവളെ വീട്ടിൽ കൊണ്ടുചെന്ന് വിട്ടിട്ട് വന്നാൽ മതിയായിരുന്നു. 

ഭാസിയുടെ പറച്ചിൽ ഷിബുവിനെ ദേഷ്യം പിടിപ്പിച്ചു.

ഭാസിക്കുഞ്ഞു സേതുവുമായി കൂടുതൽ ആത്മബന്ധമൊന്നും ഉണ്ടാക്കി വയ്ക്കരുത്. അവൾക്ക് ഭാസികുഞ്ഞിനെ പോലെ ഒരുപാടു പേരുമായി ആത്മബന്ധമുണ്ട്. ഇടയ്ക്ക് ഓർമ്മിക്കാൻ സുഖമുള്ള ഒരോർമ്മ മാത്രമായിരിക്കണം സേതു ലക്ഷ്‌മി. 

*********

ഒരു ത്രികോണ പ്രണയ കഥ  

[  what is legal love, and what is illegal love. But , there is no love, a person in the middle and who like attention. ]

കഥ തുടരും ....









































































 

















































































\\\








 























No comments:

Post a Comment