സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒരു ബ്രോ പറഞ്ഞതനുസരിച്ചാണ് ഞാനാ അസ്സോസിയേറ്റ് ഡയറക്ടറെ കാണാൻ തീരുമാനിച്ചത്. നിർമാതാവിനെ കിട്ടിയതിനാൽ നല്ലൊരു കഥ അന്വേഷിച്ചു നടക്കുകയാണ് അസ്സോസിയേറ്റ് ഡയറക്ടർ.
ആദ്യ കൂടികാഴ്ചയിലെ അസ്സോസിയേറ്റ് ഡയറക്റ്ററുടെ ജാഡ സഹിക്കാവുന്നതിലും അധികമായിരുന്നു. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി വർക്ക്ഔട്ട് ആകാനുള്ള സാധ്യത കുറവാണെന്ന് ഞാൻ മനസ്സിലാക്കി. പക്ഷെ കൂടിക്കാഴ്ച നടക്കുന്ന സമയത്തു വന്ന ഒരു ഫോൺ കോളിന് അസ്സോസിയേറ്റ് ഡയറക്ടർ കൊടുത്ത മറുപടി ശ്രദ്ധിച്ചിരുന്ന എനിക്ക് അദ്ദേഹത്തിൻ്റെ സംഭാഷണം മതിപ്പുളവാക്കി. ആ സംഭാഷണം ഏകദേശം ഇങ്ങനെയായിരുന്നു.
"എല്ലാ പ്രശസ്ത സംവിധായകരുടെ സിനിമകൾക്കും എന്തെങ്കിലും കുറ്റവും കുറവും കാണും സർ, ആ കുറ്റങ്ങൾ കണ്ടുപിടിക്കാൻ മാത്രം ചിലർ ഇറങ്ങി തിരിച്ചിട്ടുണ്ട്. അവർ കുറ്റങ്ങൾ കണ്ടുപിടിക്കും ,പക്ഷെ പരിഹാരം നിർദ്ദേശിക്കാറില്ല. ചില സംവിധായകർ ചില സമയങ്ങളിൽ ഒട്ടും ബുദ്ധി ഉപയോഗിക്കാതെ സീനുകൾ എടുക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ഒരാളായതുകൊണ്ട് ആ ബുദ്ധിയില്ലായ്‌മയെ ഒരിക്കലും കുറ്റപ്പെടുത്താൻ എനിക്ക് കഴിയില്ല. ഒരു കാര്യത്തിൽ ഞാൻ സാറിന് ഉറപ്പുതരാം , എന്നെങ്കിലും ഞാനൊരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ സർ പറഞ്ഞ സംവിധായകൻ്റെ സിനിമകളിലെ വിഡ്ഢിത്തത്തിൻ്റെ 10 % പോലും എൻ്റെ സിനിമകളിൽ കാണില്ല."
അസ്സോസിയേറ്റ് ഡയറക്റ്റർ ഫോൺ സംഭാഷണം അവസാനിപ്പിച്ചപ്പോൾ എനിക്ക് കഥ പറയാനുള്ള മൂഡ് എവിടെനിന്നോ കിട്ടി . നേരിട്ട് കഥയിലേയ്ക്ക് കടക്കാതെ കഥയിലെ നായക കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന രീതിയാണ് ഞാൻ സ്വീകരിച്ചത് .
*******
ഞാൻ :- ബ്രോ , ഞാൻ പറയാൻ ഉദ്ദേശിക്കുന്ന കഥയുടെ പേര് " നമസ്തേ ലാൽസലാം സഖാവ് ജി " എന്നാണ്
അസ്സോസിയേറ്റ് ഡയറക്റ്റർ :- നമസ്തേ ലാൽസലാം സഖാവ് ജി ? ആദ്യം തന്നെ രാഷ്ട്രീയ സിനിമ എടുത്തു പുലിവാല് പിടിക്കേണ്ടി വരുവോ ?
ഞാൻ :- ഇല്ല , ഇതൊരു കച്ചവടക്കാരൻ്റെ കഥയാണ്. ഇതിനു നമസ്തേ ലാൽസലാം സഖാവ് ജി എന്ന് പേരിടാനുള്ള കാരണം ഞാൻ വിശദമാക്കാം . അപ്പോൾ ഏകദേശ ധാരണ ബ്രോയ്‌ക്കു കിട്ടും .
"നമസ്തേ " BJP പ്രവർത്തകർ പരസ്‌പരം സംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദമാണ് . "ലാൽസലാം" , "സഖാവ് " എന്നിവ സിപിഎം അനുഭാവികളും "ജി "കോൺഗ്രസ്സുകാരും ഉപയോഗിക്കുന്നു.
ഇവിടെ നമ്മുടെ കഥയിൽ ബിജെപിയിലെയും സിപിഎം മ്മിലേയും കോൺഗ്രസ്സിലെയും സമുന്നത നേതാക്കൾ ഇരിക്കുന്ന ഒരു വേദിയാണ് സീനിൽ വരുന്നത് .
അസ്സോസിയേറ്റ് ഡയറക്റ്റർ :- ഇതുവരെ OK !
ഞാൻ :- ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ബ്രോ മനസ്സിൽ കാണണം . കച്ചവടക്കാരനായി അഭിനയിക്കുന്നത് മോഹൻലാൽ ആണെന്നു കരുതുക. തിങ്ങി നിറഞ്ഞു നിൽക്കുന്ന പുരുഷാരവങ്ങളെ സാക്ഷി നിർത്തി നമ്മുടെ ലാലേട്ടൻ തോൾ ചരിച്ചു സ്റ്റേജിലേക്ക് കടന്നുവരികയാണ്. സ്റ്റേജിനടുത്തെത്തുന്നത് വരെ ലാലേട്ടൻ്റെ ശ്രദ്ധ തിങ്ങി നിറഞ്ഞുനിൽക്കുന്ന ജനക്കൂട്ടത്തിലായിരുന്നു. സ്റ്റേജിൽ കയറിയപ്പോഴാണ് ലാലേട്ടൻ സമുന്നതരായ രാഷ്ട്രീയ നേതാക്കളെ കാണുന്നത്. ബിജെപി നേതാവിനെ ആദ്യം വിഷ് ചെയ്താൽ സിപിഎം നേതാവും കോൺഗ്രസ്സ് നേതാവും പിണങ്ങും . ഇനി സിപിഎം നേതാവിനെ ആദ്യം വിഷ് ചെയ്താൽ ബിജെപി നേതാവിനും കോൺഗ്രസ്സ് നേതാവിനും വിഷമമാകും.
അയാളിലെ കച്ചവടക്കാരൻ ഉണർന്നു. വേദിയിൽ നടുക്കുള്ള കസേരയിൽ സിപിഎം നേതാവാണ് ഇരിക്കുന്നത് . സിപിഎം നേതാവിൻ്റെ വലതുവശം കോൺഗ്രസ്സ് നേതാവും ഇടതുവശം ബിജെപി നേതാവും ഇരിക്കുന്നു.
ലാലേട്ടൻ നടുക്കുള്ള കസേരയിൽ ഇരിക്കുന്ന സിപിഎം നേതാവിന് മുന്നിൽ വന്നു നിക്കുന്നു. കൈകൾ കൂപ്പി തൊഴുന്നു , എങ്കിലും നോട്ടം കോൺഗ്രസ്സ് നേതാവിലാണ്. ബിജെപി നേതാവിനെ ശ്രദ്ധിക്കുക പോലും ചെയ്യാതെ ഡയലോഗ് പറയുന്നു .
"നമസ്തേ .., ലാൽസലാം ..,സഖാവ് ..,ജി .'
ബിജെപി നേതാവിനെ ശ്രദ്ധിച്ചില്ലെങ്കിലും ആദ്യം നമസ്തേ പറഞ്ഞപ്പോൾ ബിജെപി നേതാവിൻ്റെ മുഖത്തു സന്തോഷം വരുന്നു . മൂന്ന് നേതാക്കളും ഒരുപോലെ ഹാപ്പിയാകുന്നു.
അസ്സോസിയേറ്റ് ഡയറക്ടർ ഒന്നിളകിയിരുന്നു.
ബ്രോയ്‌ക്കു ചായയോ ? കാപ്പിയോ ?. വിശദമായി നമുക്ക് കഥ ചർച്ച ചെയ്യണം .
അപ്പോൾ കഥയിലല്ല കാര്യം , കഥ പറയുന്ന രീതിക്കാണ്. അസ്സോസിയേറ്റ് ഡയറക്ടർ തന്ന ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു.
കഥ പറഞ്ഞു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അസ്സോസിയേറ്റ് ഡയറക്ടർ ഇടയ്ക്കു കയറി പറഞ്ഞു .
ബ്രോ , കിഴക്കമ്പലം 20 / 20 സംഭവങ്ങളുമായി ഈ കഥയ്ക്ക് എന്തൊക്കെയോ ചില സാമ്യങ്ങൾ തോന്നുന്നുണ്ട്.
ഞാൻ :- ആ സാദൃശ്യങ്ങൾ പ്രേക്ഷകർക്കും തോന്നണം. പക്ഷെ ആ സംഭവങ്ങളുമായി കഥയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ആദ്യ പകുതി കഴിയുമ്പോൾ പ്രേക്ഷകർക്ക് തോന്നിയാൽ പിന്നെ ക്ലൈമാക്സ് വരെ പ്രേക്ഷകരെ നമുക്ക് രസിപ്പിച്ചു നിർത്താം.
ഞാൻ പതുക്കെ കഥയിലെ പ്രധാന സംഭവങ്ങളിലേക്ക് കടന്നു .
*******
കഥയിലെ നായക കഥാപാത്രമായ കച്ചവടക്കാരനെ പ്രേക്ഷകർക്ക് മനസ്സിലാക്കികൊടുത്ത ശേഷം പിന്നെ നമ്മൾ പ്രേക്ഷകരെ കൊണ്ടുപോകുന്നത് ഒരു ഗ്രാമത്തിലേക്കാണ് . വിചിത്രങ്ങളായ കുറെ ആചാര അനുഷ്ടാനങ്ങൾ ആ ഗ്രാമത്തിലെ ജനങ്ങൾ ഇപ്പോഴും പാലിക്കുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റ് നടക്കുന്ന ദൃശ്യങ്ങളിലൂടെ ആ ഗ്രാമവും, കഥയെ മുന്നോട്ടു കൊണ്ടുപോകേണ്ട ചില കഥാപാത്രങ്ങളെയും നമ്മൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തും.
പ്രധാന കഥാപാത്രങ്ങൾ ഒരു കെട്ടിട നിർമ്മാണ തൊഴിലാളിയും അദ്ദേഹത്തിൻ്റെ കുടുംബവുമാണ്. എല്ലാ ദിവസവും പണിക്കുപോകുകയും കിട്ടുന്നതിൽ പകുതി മദ്യം വാങ്ങാനായി ചിലവിടുകയും ചെയ്യുന്ന ഒരു കഥാപാത്രം. രണ്ടു പെൺകുട്ടികളുടെ വിദ്യാഭ്യാസവും കുടുംബ ചിലവുകളും നടത്തിക്കൊണ്ടുപോകാൻ പാടുപെടുന്ന കെട്ടിട നിർമ്മാണ തൊഴിലാളിയുടെ ഭാര്യയും പ്രധാന കഥാപാത്രമാണ്.
അസ്സോസിയേറ്റ് ഡയറക്ടർ :- ഇത്രയും OK ആണ് ബ്രോ .
ഓണവും ക്രിസ്തുമസും വിഷുവും ഒന്നുമല്ല ആ ഗ്രാമത്തിലെ ജനങ്ങൾ കൂടുതലായി ആഘോഷിക്കുന്നത് . ഗ്രാമത്തിലെ ദേവി ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവമാണ്. കൊടിയേറ്റ് നടന്ന് 21 - മത്തെ ദിവസം കൂട്ടക്കളം നടക്കുമ്പോൾ ഗ്രാമത്തിലെ എല്ലാ വീട്ടുകാരും വിരുന്നുകാരെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കും. ക്ഷേത്രത്തിൻ്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ചെറു റോഡുകളുടെ സൈഡിലും നാൽകവലകളിലും താത്കാലിക കടകൾ ഉയരും. ബീഫും ചിക്കനും കടൽ മത്സ്യങ്ങളും കായൽ മത്സ്യങ്ങളും വിൽക്കുന്ന കടകൾ ആയിരിക്കും കൂടുതലും. വിഭവ സമൃദ്ധമായ സദ്യയൊരുക്കി ഗ്രാമവാസികൾ വിരുന്നുകാരെ കാത്തിരിക്കും. ആ ദിവസം മദ്യം എല്ലാ വീടുകളിലേയും പ്രധാന വിഭവമാണ്.
ഉത്സവം തീരാൻ രണ്ടുദിവസം ബാക്കിയുള്ളപ്പോൾ തന്നെ നമ്മുടെ കെട്ടിട നിർമ്മാണ തൊഴിലാളിയുടെ വീട്ടിൽ കെയിസ് കണക്കിന് മദ്യം സ്റ്റോക്ക് ചെയ്‌തിട്ടുണ്ടാകും. കൂട്ടുകാരേയും ബന്ധു ജനങ്ങളേയും സൽക്കരിക്കാൻ.
പക്ഷെ ,ഉത്സവം തുടങ്ങി കഴിഞ്ഞാൽ കെട്ടിട നിർമ്മാണ തൊഴിലാളിയുടെ ഭാര്യക്കും രണ്ടു പെൺ മക്കൾക്കും അമ്പലത്തിൽ പോകാനോ ഉത്സവത്തിൽ പങ്കെടുക്കാനോ ഒരിക്കലും കഴിയാറില്ലായിരുന്നു. അവർ വിരുന്നുകാർക്കും കുടിയനായ കുടുംബ നാഥൻ്റെ കൂട്ടുകാർക്കും വിരുന്നൊരുക്കാൻ വീട്ടിൽ തന്നെ വേണം എന്നുള്ളത് കെട്ടിട നിർമ്മാണ തൊഴിലാളിക്ക് നിർബന്ധമായിരുന്നു. ഇങ്ങനെ പോയാൽ ആരോഗ്യമുള്ള കാലത്ത് ഒരിക്കലും അമ്പലത്തിൽ ചെന്ന് ദേവിയുടെ ഉത്സവം കാണാൻ കഴിയില്ല എന്നുമനസ്സിലാക്കി കുടിയൻ്റെ ഭാര്യ ദേവിയുടെ തിരുമുൻപിൽ ചെന്ന് തൻ്റേയും കുട്ടികളുടെയും ദുരിത ജീവിതം തുറന്നുപറഞ്ഞു .
അത് ഏകദേശം ഇങ്ങനെയായിരുന്നു.
" എൻ്റെ കണിച്ചുകുളങ്ങര അമ്മേ , കല്യാണം കഴിഞ്ഞു ഇത്രയും കാലത്തിനിടയ്ക്ക് ഒരിക്കൽ പോലും എനിക്ക് ഉത്സവ ദിവസം അമ്മയെ വന്നു കാണാനോ ഉത്സവത്തിൽ പങ്കെടുക്കാനോ കഴിഞ്ഞിട്ടില്ല. അതിലൊന്നും എനിക്ക് പരാതിയില്ല. പക്ഷെ എൻ്റെ കെട്ടിയോന് മദ്യം ഇല്ലാതെ ഒരു ദിവസം പോലും കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാ . അങ്ങേർക്കെന്തെങ്കിലും പറ്റിയാൽ ഞാനും രണ്ടു പെൺകുട്ടികളും അനാഥരായി പോകും. അതുകൊണ്ട് അടുത്ത ഉത്സവത്തിന് മുൻപ് എൻ്റെ കെട്ടിയോൻ്റെ കുടി നീ നിർത്തിച്ചില്ലങ്കിൽ , അടുത്ത കൂട്ടക്കളം കഴിഞ്ഞു ഗരുഡൻ നിൻ്റെ മുൻപിൽ കുംബിടുമ്പോൾ ഞാനും എൻ്റെ രണ്ടു പെൺമക്കളും ഈ ഭൂമിയിൽ കാണില്ല. അങ്ങനെ സംഭവിച്ചാൽ അതിനുത്തരവാദി ഇത്രയും നാൾ എൻ്റെ സങ്കടങ്ങളിൽ കൂട്ടായ ഈ അമ്മ മാത്രമായിരിക്കും. ഓർത്തോ ? !".
കെട്ടിട നിർമ്മാണ തൊഴിലാളിയുടെ ഭാര്യ മനമുരുകി ദേവിയുടെ തിരുനടയിൽ നിന്ന് പ്രാർത്ഥിച്ച പ്രാർത്ഥന ഫലിച്ചു.
കെട്ടിട നിർമ്മാണ തൊഴിലാളിയുടെ കള്ളുകുടി മാത്രമല്ല, ആ ഗ്രാമത്തിലുള്ള മുഴുവൻ കള്ളുകുടിയൻ മാരുടെയും ഷാപ്പ് കോൺട്രാക്ടറുടെയും മനസ്സമാധാനം തകർക്കുന്ന സംഗതികളാണ് പിന്നീട് അരങ്ങേറിയത്.
പിറ്റേന്ന് കൂട്ടക്കളം ,സമാപന ഉത്സവ ദിവസം രാവിലെ.
കള്ളുകുടിയനായ കെട്ടിട നിർമ്മാണ തൊഴിലാളി കിലോ കണക്കിന് ഇറച്ചിയും മീനുമായി വീട്ടിലെത്തി. ഭാര്യയും മക്കളും അതൊക്കെ പാകപ്പെടുത്തുന്ന തിരക്കിലായി. മുറ്റത്തു കെട്ടിയ താൽക്കാലിക പന്തലിൽ കുടിയന്മാരുടെ സുഹൃത്തുക്കളും ബന്ധു ജനങ്ങളും എത്തിത്തുടങ്ങി. ആദ്യത്തെ പെഗ് കഴിച്ചുകൊണ്ട് കെട്ടിടനിർമ്മാണ തൊഴിലാളി മദ്യപാന സദസ്സ് ഉൽഘാടനം ചെയ്തു.
അടുക്കളയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയുടെ ഭാര്യ ഇറച്ചിക്കറി വേവിക്കുന്ന തിരക്കിലാണ്. ഈ സമയം അടുപ്പിനോട് ചേർന്നുള്ള ഭിത്തിയിൽ രണ്ടു പല്ലികളും ഒരു വലിയ എട്ടുകാലിയും തമ്മിൽ ഭയങ്കരമായ വഴക്ക് നടക്കുന്നുണ്ടായിരുന്നു. പല്ലികളും എട്ടുകാലിയും തമ്മിലുള്ള വഴക്ക് ഈ സ്ത്രീ കാണുന്നുണ്ടെങ്കിലും ഭക്ഷണം പാകം ചെയ്യേണ്ടുന്ന തിരക്ക് കാരണം എട്ടുകാലിയെ ശ്രദ്ധിക്കാതെ അവർ ജോലി തുടർന്നു. ചോറു വെന്തിരുന്ന കലത്തിൽ നിന്നും വെള്ളം ഊറ്റി കളയാൻ തുടങ്ങിയപ്പോഴാണ് ഒരു പല്ലിയും എട്ടുകാലിയും ഇറച്ചിക്കറി വേകുന്ന പാത്രത്തിൽ വീഴുന്നത്. ചോറിലെ വെള്ളം ഊറ്റി കളയുന്ന തിരക്കിലായതുകൊണ്ട് ഇറച്ചിക്കറിയിൽ വീണ പല്ലിയേയും എട്ടുകാലിയേയും അവർക്ക് പെട്ടെന്ന് എടുത്തുകളയാൻ കഴിഞ്ഞില്ല. ചോറിൻ കലം നേരെ വെച്ചശേഷം ഇറച്ചിക്കറിയിൽ വീണ പല്ലിയേയും എട്ടുകാലിയേയും പുറത്തെടുത്തപ്പോഴേയ്ക്കും അവ വെന്തു ഇറച്ചിക്കറിയിൽ ലയിച്ചു ചേർന്നിരുന്നു. എന്തു ചെയ്യുമെന്നറിയാതെ പകച്ചുനിന്ന കുടിയൻ്റെ ഭാര്യയ്ക്ക് പല്ലിയുടെ അസ്ഥികൂടം മാത്രം ഇറച്ചിക്കറിയിൽ നിന്നും കിട്ടി. എട്ടുകാലിയുടെ ഭാഗങ്ങൾ ഇതിനകം കറിയിൽ ലയിച്ചു ചേർന്നിരുന്നു. അവർ ധർമ്മ സങ്കടത്തിലായി. ഇനി വെന്ത ഇറച്ചിക്കറി കളഞ്ഞു പുതിയത് വയ്ക്കാനുള്ള സമയമില്ല. പുറത്തുള്ള കുടിയന്മാരാണെങ്കിൽ ഇറച്ചിക്കറി വെന്തോ വെന്തോ എന്ന് ഓരോ മിനിറ്റ് ഇടവിട്ട് ചോദിച്ചുകൊണ്ടിരിക്കുകയാണ്.
എന്ത്ചെയ്യും എന്നറിയാതെ പകച്ചുനിന്ന ആ സ്ത്രീ തൻ്റെ ആത്മ മിത്രമായ കൂട്ടുകാരിയെ വിളിച്ചു സങ്കടം പറഞ്ഞു.
"നീ അല്പം മഞ്ഞൾപൊടി കൂടുതൽ ചേർത്ത് ഇറച്ചിക്കറി വിളമ്പി കൊടുക്കാൻ നോക്ക്. ആരും ചത്തുപോകുന്ന വിഷമൊന്നും ഇറച്ചിയിൽ ഇല്ല അത് 100 % ഉറപ്പ്. വേണമെങ്കിൽ അല്പം തുളസി നീരുകൂടി പിഴിഞ്ഞ് ഇറച്ചിക്കറിയിൽ ചേർത്തോ . നീ സമാധാനമായിട്ടിരിക്കടീ , എട്ടുകാലി വിഷത്തേക്കാൾ കൂടിയ വിഷമാ ഇപ്പോൾ നിൻ്റെ കെട്ടിയവൻ്റെയും കൂട്ടുകാരുടേയും വയറ്റിൽ കടക്കുന്നത്. അതുകൊണ്ട് കുട്ടികൾക്ക് കൊടുക്കുന്നതിനുമുമ്പ് നീ ഇറച്ചിക്കറി കുടിയന്മാർക്ക് വിളമ്പാൻ നോക്ക് "
കൂട്ടുകാരി പറഞ്ഞ ഉറപ്പിൽ തുളസിനീര് പിഴിഞ്ഞൊഴിച്ചു മഞ്ഞൾപൊടി കൂടുതൽ ചേർത്ത് കുടിയൻ്റെ ഭാര്യ ഇറച്ചിക്കറി തയ്യാറാക്കി. സകല ദൈവങ്ങളേയും വിളിച്ചു പ്രാർത്ഥിച്ച ശേഷം ആ ഇറച്ചിക്കറി കുടിയന്മാരായ വിരുന്നുകാർക്ക് തന്നെ ആ സ്ത്രീ ആദ്യം വിളമ്പി.
മദ്യം കഴിക്കാത്ത വിരുന്നുകാർക്ക് ഇറച്ചിക്കറി ദോഷം ചെയ്തില്ല. പക്ഷെ മദ്യം ഉപയോഗിച്ചശേഷം ഇറച്ചിക്കറി കൂട്ടിയവരുടെ ദേഹം ചൊറിഞ്ഞു തടിച്ചുതുടങ്ങി. മദ്യത്തിൻ്റെ കൂടെ ഇറച്ചിക്കറി കൂട്ടിയവരുടെ ചൊറിച്ചിൽ അസഹ്യമായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ നമ്മുടെ കുടിയൻ്റെ ചൊറിച്ചിൽ കണ്ടുനിക്കാൻ പോലും കഴിയില്ലായിരുന്നു. ആ ചൊറിച്ചിൽ കണ്ടുനിക്കാൻ കഴിയാതെ കുടിയൻ്റെ മൂത്ത ചേച്ചിയാണ് പറഞ്ഞത് ഉപ്പു വെള്ളത്തിൽ കിടക്കാൻ. പെട്ടെന്ന് ഉപ്പുവെള്ളം ഉണ്ടാക്കാൻ പ്രയാസമായതുകൊണ്ട് മൂത്ത അളിയൻ കെട്ടിട നിർമ്മാണ തൊഴിലാളിയെ കടപ്പുറത്തെത്തിച്ചു. വലിയ കെട്ടിടത്തിനുമുകളിൽ കയറുമ്പോൾ അരയിൽ കെട്ടുന്ന കയറും ബെൽറ്റും ധരിച്ചു കയറിൻ്റെ അറ്റം മൂത്ത അളിയനെ ഏൽപ്പിച്ചശേഷം , ചൊറിച്ചിൽ സഹിക്കാതെ കെട്ടിട നിർമ്മാണ തൊഴിലാളി കടലിലേയ്ക്ക് എടുത്തുചാടി.
ചൊറിച്ചിലുമായി ബന്ധപ്പെട്ട് ഒരുപാടു നർമ്മ മുഹൂർത്തങ്ങൾ തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരക്കഥ വിശദമായി വായിക്കുമ്പോൾ ആ സീനുകൾ പറഞ്ഞാൽ പോരെ ?
അത് മതി ബ്രോ , ബ്രോ വേഗം ബാക്കി പറയ് ,
കഥ കേൾക്കാനുള്ള അസ്സോസിയേറ്റ് ഡയറക്ടറുടെ തിരക്ക് കണ്ടപ്പോൾ എനിക്കും ഉത്സാഹമായി.
മദ്യത്തിൻ്റെ അളവ് ശരീരത്തുനിന്നു പൂർണ്ണമായി മാറിയപ്പോൾ എല്ലാവർക്കും ചൊറിച്ചിലിനു ശമനമുണ്ടായി. പക്ഷെ വീണ്ടും മദ്യം ഉപയോഗിച്ചപ്പോൾ ചൊറിച്ചിൽ തിരിച്ചുവന്നു. കുടിയന്മാർ ഒത്തുകൂടി. ചൊറിച്ചിൽ വരാനുള്ള കാര്യത്തെക്കുറിച്ചു വിശദമായി ചർച്ച ചെയ്‌തു . കെട്ടിട നിർമ്മാണ തൊഴിലാളിയുടെ വീട്ടിൽനിന്നും ഇറച്ചിക്കറി കഴിച്ച ശേഷമാണ് ചൊറിച്ചിൽ തുടങ്ങിയത് എന്ന കാര്യം കുടിയന്മാർ മനസ്സിലാക്കി. അതിനുശേഷം എപ്പോഴൊക്കെ മദ്യം കഴിച്ചോ , അപ്പോഴൊക്കെ ചൊറിച്ചിലും തിരിച്ചുവന്നു. കുടിയന്മാർ ഒരുമിച്ചു ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു.
മദ്യത്തിൻ്റെ അലർജി കൊണ്ടാണ് നാട്ടിലെ പ്രധാന കുടിയൻ മാരുടെ ദേഹം ചൊറിഞ്ഞു തടിക്കുന്നത് എന്ന ഭീകര സത്യം ഞെട്ടലോടെയാണ് കുടിയന്മാർ ഡോക്ടറുടെ അടുത്തുനിന്നും അറിഞ്ഞത് . ഡോക്ടർ കൊടുത്ത മരുന്നൊന്നും കുടിയന്മാർക്ക് ഫലിച്ചില്ല. മദ്യം ഉപയോഗിക്കാതിരിക്കുക എന്ന കാര്യം മാത്രമേ ഈ ചൊറിച്ചിലിനു പ്രതിവിധിയായുള്ളു. ആദ്യമൊക്കെ മദ്യം ഒഴിവാക്കാൻ പലർക്കും മടിയായിരുന്നു. ചൊറിച്ചിലിൻ്റെ ഭീകരത ഓർക്കുമ്പോൾ മദ്യം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്നു പല കുടിയന്മാർക്കും തോന്നിത്തുടങ്ങി. പതുക്കെ കെട്ടിട നിർമ്മാണ തൊഴിലാളിയും മദ്യം ഒഴിവാക്കാൻ തുടങ്ങി.
നാട്ടിലെ പ്രധാനപ്പെട്ട 25 ൽ അധികം കുടിയന്മാർ കള്ളുകുടി നിർത്തിയ കാര്യം ഞെട്ടലോടെയാണ് ഷാപ്പ് കോൺട്രാക്ടർ കേൾക്കുന്നത്. വരുമാനം കൂടുതലുള്ള ഒരു ഷാപ്പ് നിലനിർത്തികൊണ്ടുപോകുന്ന കുടിയന്മാരാണ് ഒറ്റയടിക്ക് ഒരുമിച്ചു കള്ളുകുടി നിർത്തുന്നത്. കോൺട്രാക്ടർക്ക് സഹിക്കാവുന്ന സംഗതി ആയിരുന്നില്ല പ്രധാന കുടിയന്മാരുടെ കള്ളുകുടി നിർത്തൽ .
കുടിയന്മാരുടെ ഒരുമിച്ചുള്ള കുടിനിർത്തലിനെ കുറിച്ചറിയാൻ കോൺട്രാക്ടർ ഇറങ്ങി . സ്ഥലത്തെ പ്രധാന ജ്യോതിഷ പണ്ഡിതൻ്റെ അടുത്തുതന്നെ കോൺട്രാക്ടർ എത്തി.
കവടി നിരത്തി ജ്യോതിഷ പണ്ഡിതൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ തന്നെ കോൺട്രാക്ടറുടെ സമനില തെറ്റി.
"കുടിക്കാൻ ആളെ കിട്ടാതെ ഷാപ്പുകളും ബാറുകളും പൂട്ടി ഇടേണ്ട അവസ്ഥ വരും. അങ്ങനെ ഷാപ്പുകൾ പൂട്ടിക്കാനായി ഒരാൾ അവതരിച്ചിട്ടുണ്ട്. അയാൾ ഈ നാട്ടിൽ എത്തിക്കഴിഞ്ഞു. ബാക്കിയുള്ള കുടിയന്മാരെ കൂടി അയാൾ മദ്യ വിരോധികളാക്കി മാറ്റും."
ജ്യോത്സ്യൻ്റെ വാക്കുകൾ കേട്ട് ശ്വാസം എടുക്കാൻപോലും മറന്ന് ഉമിനീർ വറ്റിയ തൊണ്ടയുമായി ഷാപ്പ് കോൺട്രാക്ടർ നിശ്ചലനായി ഇരുന്നു. അവസാനം ചിതറിയ ശബ്ദത്തിൽ അയാൾ ജോത്സ്യനോട് ചോദിച്ചു.
"ഇതിനു പ്രതിവിധി ഒന്നുമില്ലേ ജോത്സ്യരെ ?"
അയാളെ തടയുക . കൂടുതൽ മദ്യ വിരോധികളെ സൃഷ്ഠിക്കാൻ കഴിവുള്ള മരുന്നിൻ്റെ കൂട്ട് കണ്ടുപിടിക്കുന്നതിനുമുമ്പ് അയാളെ തടയുക.
അയാൾ ആരാണ് ? എന്നറിയാതെ എങ്ങനെ തടയും ജോത്സ്യരെ ?
കെട്ടിടനിർമ്മാണ തൊഴിലാളിയുടെ ഭാര്യ ഉണ്ടാക്കിയ ഇറച്ചിക്കറി കഴിച്ചവർക്കൊക്കെ ഇനി ഒരിക്കലും മദ്യം ഉപയോഗിക്കാൻ കഴിയില്ല. പിന്നീട് മദ്യം ഉപയോഗിച്ചവരൊക്കെ ചൊറിഞ്ഞു വശം കെട്ടു. കെട്ടിട നിർമ്മാണ തൊഴിലാളിയുടെ ഭാര്യ ഇറച്ചിക്കറിയിൽ എന്തോ ചേർത്തിട്ടുണ്ട് എന്നാണ് ഇപ്പോൾ നാട്ടിലെ സംസാരം. അത് കൈവിഷമാണോ വേറെ എന്തെങ്കിലും മരുന്നിൻ്റെ കൂട്ടണോ എന്ന കാര്യം അറിയില്ല. അതിൻ്റെ കാരണം അറിയാൻ അവൻ തീർച്ചയായും വരും.
ജ്യോത്സ്യൻ്റെ പറച്ചിൽ കേട്ട് ഷാപ്പ് കോൺട്രാക്ടർക്ക് ദേഷ്യം വന്നു .
ജോത്സ്യര് ഇടയ്ക്കിടയ്ക്ക് പറയുണ്ടുണ്ടല്ലോ ,അവൻ വരും അവൻ വരുമെന്ന്. ആരാണ് ഈ അവൻ . ആദ്യം അത് വിശദമാക്ക് ?
ജോത്സ്യർ :- വടക്കേ ഇന്ത്യയിലെ വലിയ ഔഷധ നിർമ്മാണ കമ്പിനിയുടെ ഉടമ കെട്ടിട നിർമ്മാണ തൊഴിലാളിയുടെ ഭാര്യയെ അന്വേഷിച്ചു വന്നിട്ടുണ്ട്. മദ്യം ഉപയോഗിക്കുമ്പോൾ ദേഹം ചൊറിഞ്ഞു തടിക്കുന്ന മരുന്ന് എങ്ങനെ ഉണ്ടാക്കി എന്നറിയാൻ.
ഷാപ്പ് കോൺട്രാക്ടർക്ക് അത്ഭുതമായി
ഇതൊക്കെ ജോത്സ്യർ കവടി നിരത്തി പ്രശ്‍നം വെച്ചപ്പോൾ കണ്ടതാണോ ?
ജോത്സ്യർ : കവടി നിരത്തുമ്പോൾ കാണുന്ന കാര്യങ്ങൾ ഇത്ര ഉറപ്പിൽ ഞാൻ പറയില്ല. ഞാൻ വീട്ടിൽ നിന്നും വരുന്ന വഴിക്കാണ് കെട്ടിട നിർമ്മാണ തൊഴിലാളിയുടെ വീട്. വില കൂടിയ കാറുകൾ കിടക്കുന്നതു കണ്ടപ്പോൾ കാര്യം തിരക്കി അറിഞ്ഞതാണ്. കെട്ടിട നിർമ്മാണ തൊഴിലാളിയുടെ കുടി നിർത്താൻ ഭാര്യ ഇറച്ചിക്കറിയിൽ ചേർത്ത ഔഷധ കൂട്ടിൻ്റെ രഹസ്യം മരുന്ന് നിർമ്മാണ കമ്പിനിക്ക് കിട്ടിയാലുള്ള അവസ്ഥ ഞാൻ പറയണ്ടല്ലോ? ഇവിടുത്തെ ഷാപ്പുകളും ബാറുകളും പൂട്ടിപോകാൻ പിന്നെ അധിക നാളുകൾ വേണ്ടി വരില്ല . എന്നെയും കൂടി ബാധിക്കുന്ന പ്രശ്നമായി അതു മാറും.
ഷാപ്പ് കോൺട്രാക്ടർ :- ഷാപ്പുകളും ബാറുകളും പൂട്ടിപോയാൽ ജോത്സ്യരെ എങ്ങനെ ബാധിക്കാനാ ?
എടോ, ബാറുകളും ഷാപ്പുകളും ഉള്ളതുകൊണ്ടാ കുടുംബത്തു പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കുടുംബം മുഴുവൻ പ്രശ്ന ബാധിത സ്ഥലങ്ങൾ അല്ലാതായാൽ പിന്നെ എന്നെ തിരക്കി സ്ത്രീ ജനങ്ങൾ വരുമോ ? അവരാ എന്നെ നിലനിർത്തി കൊണ്ടുപോകുന്നത്.
അതുകൊണ്ട് എന്തു വില കൊടുത്തും ഔഷധ നിർമ്മാണ കമ്പിനിയുടെ ഉടമയെ തടയണം.
ജോത്സ്യരുടെ വീട്ടിൽ നിന്നും ഷാപ്പ് കോൺട്രാക്ടർ നേരേ പോയത് കെട്ടിട നിർമ്മാണ തൊഴിലാളിയുടെ വീട്ടിലേക്കാണ്. വില കൂടിയ രണ്ടുമൂന്നു കാറുകൾ കെട്ടിട നിർമ്മാണ തൊഴിലാളിയുടെ വീട്ടുമുറ്റത്തു കാണുന്ന കോൺട്രാക്ടർ കാറിൽ നിന്നുമിറങ്ങി സംശയിച്ചു നിക്കുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയുടെ വീട്ടിൽ നിന്നുമിറങ്ങി വരുന്ന അപരിചിതനായ വ്യക്തിയെ ഷാപ്പ് കോൺട്രാക്ടർ കാണുന്നു.
ഷാപ്പ് കോൺട്രാക്ടർക്ക് അപരിചിതനായ തോന്നിയ വ്യക്തി നമ്മൾ കഥയുടെ ആദ്യഭാഗത്തു പരിചയപ്പെട്ട കച്ചവടക്കാരനായ നായക കഥാപാത്രമാണ്. കച്ചവടക്കാരനായ നായക കഥാപാത്രത്തിൻ്റെ രണ്ടാമത്തെ എൻട്രി ഇവിടെ തുടങ്ങും .
വലിയൊരു ഔഷധ നിർമ്മാണ കമ്പിനിയുടെ ഉടമ കൂടിയായ കച്ചവടക്കാരനായ നായക കഥാപാത്രം മദ്യം ഉപയോഗിക്കുമ്പോൾ ചൊറിഞ്ഞു തടിക്കുന്ന മരുന്നിൻ്റെ രഹസ്യ കൂട്ട് അറിയാൻ കെട്ടിട നിർമ്മാണ തൊഴിലാളിയുടെ ഭാര്യയെ സമീപിക്കുന്നു.
ചൊറിച്ചിലിനു ചികിത്സ തേടി കുടിയന്മാർ സമീപിച്ച ഡോക്ടറും കച്ചവടക്കാരനായ നായക കഥാപാത്രത്തെ സഹായിക്കാൻ എത്തുന്നു.
ഇവിടെ വില്ലനായി ഷാപ്പ് കോൺട്രാക്ടർ ഉദയം ചെയ്യുമ്പോൾ ചിത്രത്തിൻ്റെ ആദ്യ പകുതി കഴിയും. ഔഷധക്കൂട്ട് നായകൻ്റെ കൈയിലെത്താതിരിക്കാൻ ശ്രമിക്കുന്ന ഷാപ്പ് കോൺട്രാക്ടർ . ഇതിനിടയിൽ സംഭവിക്കുന്ന രസകരമായ മുഹൂർത്തങ്ങളിലൂടെ സിനിമ ശുഭകരമായി പര്യവസാനിക്കും.
*********
കഥയുടെ ഏകദേശ രൂപം അസ്സോസിയേറ്റ് ഡയറക്ടർക്ക് ബോധ്യപ്പെട്ടുകാണും എന്ന വിശ്വാസത്തിൽ ഞാൻ അദ്ദേഹത്തിൻ്റെ കണ്ണുകളിലേയ്ക്ക് നോക്കി.
മൊത്തത്തിൽ നോക്കുമ്പോൾ പ്രേക്ഷകർക്ക് ബോറടി തോന്നാത്ത രീതിയിൽ ചേരുവകളൊക്കെ ചേർക്കാവുന്ന കഥയാണ്. പക്ഷെ ഇതിൻ്റെ ക്ലൈമാക്സിനെ പറ്റി ബ്രോ ഒന്നും പറഞ്ഞില്ല.
ഞാൻ :- ഏകദേശം 80 സീനുകൾക്കുള്ളിൽ നിന്നുകൊണ്ട് ഈ കഥ ഭംഗിയായി പറയാൻ കഴിയും എന്ന ആത്മ വിശ്വാസം എനിക്കുണ്ട്. ക്ലൈമാക്സ് അല്പം വെത്യസ്തമാണ്. തിരക്കഥ പൂർണ്ണമായി വായിക്കുമ്പോൾ മാത്രമേ ക്ലൈമാക്സ് ബ്രോയ്ക്ക് സുഖകരമായി തോന്നൂ. തിരക്കഥ മുഴുവനായി വായിക്കുമ്പോൾ ക്ലൈമാക്സ് പറയാം . അതിനുമുൻപ് കഥ നിർമ്മാതാവിന് ഇഷ്ടപ്പെടണം , ഈ കഥ വിറ്റു പോകുമോ എന്ന കാര്യം വിതരണക്കാരൻ തീരുമാനിക്കണം. ഇത് ബ്രോയുടെ ആദ്യ സിനിമയല്ലേ ? വിജയിക്കും എന്നുറപ്പുണ്ടെങ്കിൽ ഈ കഥ ഉപയോഗിക്കാം. സിനിമയുടെ വിജയത്തിന് എന്ത് തിരത്തലിനും എനിക്ക് സമ്മതമാണ്.
ക്ലൈമാക്സ് പറയാത്തതിൻ്റെ നീരസമാണോ ? അതോ വിറ്റു പോകാൻ സാധ്യതയില്ലാത്ത ഒരു കഥ കേൾക്കാൻ ഒരു മണിക്കൂർ കളഞ്ഞതിൻ്റെ വിഷമമായിരുന്നോ അസ്സോസിയേറ്റ് ഡയറക്ടറുടെ മനസ്സിൽ എന്നറിയാതെ അദ്ദേഹത്തിൻ്റെ മുറിയിൽ നിന്നും ഞാൻ പുറത്തിറങ്ങി.
*******
No part of this story content, idea may
reproduced without written permission of the Author.
For information regarding permission, write to
Sanil kannoth
email: sanilkannoth@gmail.com, eskayscript@gmail.com
No comments:
Post a Comment