കഥ നടക്കുന്നത് നൂറ്റാണ്ടുകൾക്ക് മുൻപാണ് , അതായത് മാർത്താണ്ഡ വർമ്മ തിരുവിതാംകൂർ രാജ്യം സ്ഥാപിക്കുന്നതിനും നൂറ്റാണ്ടുകൾ മുൻപ്. ആ കാലത്തു തെക്ക് തമിഴ്‌നാടിനോട് ചേർന്ന് കിടന്നിരുന്ന ഒരു നാട്ടുരാജ്യത്തു വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ പാർപ്പിച്ചിരുന്നത് നാലുചുറ്റും വലിയ മതിൽക്കെട്ടുകൾ ഉള്ള വിശാലമായ ഒരു പറമ്പിലായിരുന്നു. ഈ മതിലിനു ചുറ്റും ആയുധധാരികളായ സൈനികർ 24 മണിക്കൂറും കാവൽ നിന്നിരുന്നു. കുറ്റം ചെയ്‌തു ശിക്ഷിക്കപ്പെട്ടു ആ പറമ്പിനകത്തു പ്രവേശിച്ചവരാരും ജീവനോടെ പുറത്തുവന്നില്ല . അതുകൊണ്ട് ആ പറമ്പിനു സമീപം പോകാൻ പോലും നാട്ടുകാർക്ക് ഭയമായിരുന്നു. നാട്ടുകാർ ഈ പറമ്പിനെ "കുറ്റവാളി പറമ്പ് " എന്ന് വിളിച്ചു .
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സ്ത്രീയേയും പുരുഷനേയും ഒരുമിച്ചാണ് കുറ്റവാളി പറമ്പിൽ ഇട്ടിരുന്നത് . വധശിക്ഷ നടപ്പിൽ വരുന്ന ദിവസം വരെ കുറ്റവാളികൾക്ക് ഈ പറമ്പിൽ സർവ സ്വാതന്ത്ര്യവും രാജാവ് അനുവദിച്ചു കൊടുത്തിരുന്നു . കുറ്റവാളി പറമ്പിലെത്തിയ ആരും തന്നെ പിന്നീട് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നില്ല, അതുകൊണ്ടു തന്നെ ഈ പറമ്പിലെത്തുന്ന ഓരോ കുറ്റവാളിയും അവരുടെ ശേഷിച്ച ഏതാനും ദിവസങ്ങൾ സർവ്വ സ്വാതന്ത്ര്യത്തോടെ അനുഭവിച്ചു തീർത്തു. അവിടെ അവർ അവരുടേതായ ചില നിയമങ്ങൾ ഉണ്ടാക്കിയെടുത്തു. ആ നിയമങ്ങൾ കുറ്റവാളി പറമ്പിലെത്തിയ ഓരോ കുറ്റവാളിയും പാലിക്കാൻ തുടങ്ങി.
വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കുറ്റവാളി പറമ്പിലെത്തിയവർ ഏറ്റവും കൂടുതൽ മാനസിക പീഡനം അനുഭവിച്ചിരുന്നത് തങ്ങളിലൊരാളെ തൂക്കി കൊല്ലുന്ന സമയത്താണ്. വധശിക്ഷ നടപ്പാക്കുന്നത് കുറ്റവാളിപറമ്പിൽ വെച്ച് എല്ലാ കുറ്റവാളികളുടെയും മുന്നിലാണ്. കുറ്റവാളികൾ വധശിക്ഷ നടപ്പാക്കുന്നത് കണ്ടിരിക്കണം എന്നുള്ളത് രാജാവിന് നിർബന്ധമായിരുന്നു. തൂങ്ങിയ ശവശരീരം ഏറ്റെടുക്കാൻ ബന്ധുക്കൾ ആരും വന്നില്ലെങ്കിൽ അത് മറവു ചെയ്യേണ്ടുന്ന ജോലിയും കുറ്റവാളികളുടേതായിരുന്നു. കുറ്റവാളി പറമ്പിൽ തന്നെ ഓരോ ശവശരീരവും മറവ് ചെയ്യപ്പെട്ടു.
*** *** ***
അങ്ങനെയിരിക്കേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അതീവ സുന്ദരിയായ ഒരു യുവതി കുറ്റവാളി പറമ്പിലെത്തി. ആ യുവതിയെ ആദ്യമായി പ്രാപിക്കുന്നതിന് പുരുഷ കുറ്റവാളികൾക്കിടയിൽ ഒരു മത്സരം ഉടലെടുത്തു. ആ മത്സരം കുറ്റവാളി പറമ്പിലെ നിയമങ്ങൾക്ക് എതിരായിരുന്നു. അതിനാൽ പുതിയൊരു നിയമം കുറ്റവാളികൾക്കിടയിൽ ഉടനടി ഉണ്ടായി. " അടിച്ചു ജയിക്കുന്നവൻ ആദ്യം " . 30 ദിവസത്തിലധികം ജീവിതം നീട്ടിക്കിട്ടാൻ സാധ്യതയില്ലാത്ത ആൺ കുറ്റവാളികൾ തമ്മിൽ ഒരു യുവതിയെ പ്രാപിക്കാനായി പൊരിഞ്ഞ യുദ്ധം തന്നെ നടന്നു . അതിൽ ജയിച്ച കരുത്തൻ കുറ്റവാളി പറമ്പിലെ മുഴുവൻ സ്ത്രീ - പുരുഷ പ്രജകളുടെയും മുന്നിലിട്ട് സുന്ദരിയായ യുവതിയെ ബലാൽസംഗം ചെയുന്നു. അതുകണ്ടുനിന്ന ഞരമ്പ് രോഗികളായ പുരുഷ കുറ്റവാളികളിൽ ചിലരും യുവതിയെ അപ്പോൾ തന്നെ പീഡനത്തിന് ഇരയാക്കി. അതിനും ഒരു കാരണമുണ്ടായിരുന്നു.
ഏകദേശം ആറ് ഏക്കറിലധികം വലിപ്പമുള്ള വിശാലമായ കുറ്റവാളി പറമ്പ് ഒരു വിചിത്ര ലോകമാണ്. ആ പറമ്പിൽ കുറ്റവാളികൾക്ക് താമസിക്കാൻ യാതൊരു സൗകര്യവും രാജാവ് ഏർപ്പെടുത്തിയിട്ടില്ല. കുറ്റവാളികളായവർ മഴയും വെയിലും കൊണ്ട് കുറ്റവാളി പറമ്പിൽ തന്നെ കഴിഞ്ഞു കൊള്ളണം. ഭക്ഷണം ആ പറമ്പിൽ നിന്നുതന്നെ കണ്ടെത്തി കഴിച്ചുകൊള്ളണം. തീയും ഭക്ഷണം പാകം ചെയ്യാനുള്ള മൺപാത്രങ്ങളും കാവൽക്കാർ കുറ്റവാളികൾക്ക് നൽകി. എപ്പോഴെങ്കിലും രാജാവിന് ദയ തോന്നിയാൽ ജീവനുള്ള ആടിനെയോ കോഴിയേയോ കുറ്റവാളി പറമ്പിലേയ്ക്ക് കയറ്റിവിടും. കുറ്റവാളികൾ ചേർന്ന് ജീവികളെ തല്ലിക്കൊന്ന് അതിനെ ചുട്ടുതിന്നും. ശേഷം യുവാക്കളും യുവതികളുമായ കുറ്റവാളികൾ പറമ്പിലെ വിശാലമായ കുളത്തിലിറങ്ങി രാസ ലീലകളിൽ ഏർപ്പെട്ടുകൊണ്ട് തങ്ങളുടെ മരണത്തെ കുറിച്ചോർക്കാതെ ശേഷിച്ച ജീവിതം ജീവിച്ചു തീർത്തു.
"കൊല്ലാൻ കൊണ്ടുവന്നവന് ഇല്ലം വേണ്ട " എന്ന ചൊല്ല് കുറ്റവാളി പറമ്പിലെ ജീവിതരീതികളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതായിരിക്കണം. "ഇല്ലം" എന്ന് പറഞ്ഞാൽ "വീട്" എന്നാണല്ലോ അർത്ഥം. അപ്പോൾ കൊല്ലാൻ ഇട്ടിരിക്കുന്നവന് വീടിൻ്റെ ആവശ്യം ഇല്ല , മഴയും വെയിലും കൊണ്ട് കിടക്കട്ടെ എന്ന് രാജാവ് തീരുമാനിച്ചു. പിന്നീട് വന്ന രാജാവ് കുറ്റവാളി പറമ്പിലെ രീതികൾ നിരോധിച്ച ശേഷം ഈ ചൊല്ലിലും മാറ്റം വന്നു. അതായത് "കൊല്ലാൻ കൊണ്ടുവന്നവന് ഇല്ലം വേണ്ട " എന്ന ചൊല്ല് കാലക്രമത്തിൽ "കൊല്ലം കണ്ടവന് ഇല്ലം വേണ്ട " എന്ന രീതിയിൽ മാറി. ഇതല്ലാതെ കൊല്ലം കണ്ടവന് ഇല്ലം വേണ്ടതാകാൻ എന്താണ് കാരണം ?
വധ ശിക്ഷ വിധിച്ചു കുറ്റവാളി പറമ്പിലെത്തിയ ഒരു കുറ്റവാളിയും ജീവനോടെ പുറത്തിറങ്ങിയ ചരിത്രം അതുവരെ ഉണ്ടായിട്ടില്ലായിരുന്നു. പക്ഷെ സുന്ദരിയായ ഒരു യുവതി മാത്രം കുറ്റവാളി പറമ്പിൽ നിന്നും പുറത്തുവന്നു. കുറ്റവാളി പറമ്പിൽ പുതിയ നിയമം ഉടലെടുക്കുന്നതിന് (അടിച്ചു ജയിക്കുന്നവൻ ആദ്യം) കാരണക്കാരിയും ഈ യുവതി ആയിരുന്നു. "കുറ്റവാളി പറമ്പ്" ഈ യുവതിയുടെ കഥ തന്നെയാണ്.
യുവതി കുറ്റവാളി പറമ്പിൽ എത്തി അടുത്തദിവസം കാണുന്നത് എല്ലാ പുരുഷ കുറ്റവാളികളേയും അടിച്ചു തോൽപ്പിച്ച ശേഷം എല്ലാവരുടേയും മുന്നിലിട്ട് തന്നെ ബലാത്സംഗം ചെയ്‌ത കരുത്തനായ പുരുഷനെ തൂക്കിലേറ്റുന്നതാണ്. കുറ്റവാളി പറമ്പിലെത്തിയ ദിവസം തന്നെ യുവതിക്ക് അഞ്ചിലധികം പുരുഷന്മാരുടെ പീഡനം ഏൽക്കേണ്ടി വരുന്നുണ്ട്. അത് യുവതിക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. പക്ഷെ തനിക്ക് മണിക്കൂറുകൾ മാത്രം പരിചയമുള്ള , പീഡനത്തിലൂടെയാണെങ്കിലും താൻ അറിഞ്ഞ കരുത്തനായ പുരുഷൻ തൻ്റെ മുന്നിൽ പിടഞ്ഞു മരിക്കുന്നത് കണ്ടുനിന്നത് അവൾക്ക് ഒരു ഷോക്കായിരുന്നു. 28 ദിവസം കഴിഞ്ഞാൽ താനും ഇതുപോലെ പിടഞ്ഞു മരിക്കും. ഇനി ഒരു മോചനമില്ല എന്നുതന്നെ അവൾ കരുതി. അതുകൊണ്ടുതന്നെ കുറ്റവാളി പറമ്പിലെ രീതികളുമായി അവൾ പൊരുത്തപ്പെട്ടു. സ്വന്തം ഭർത്താവ് അവളുടെ മനസ്സിൽ ഏല്പിച്ച മുറിവ് അത്രയ്ക്ക് വലുതായിരുന്നു. അവൾ സഹകരിച്ചു തുടങ്ങിയപ്പോൾ അവളുടെ ഇഷ്ടങ്ങൾ സാധിച്ചുകൊടുക്കാൻ പുരുഷകുറ്റവാളികൾ തമ്മിൽ മത്സരിച്ചു. മരിക്കുന്നതിന് തൊട്ടു മുൻപ് വരെയുള്ള അവളുടെ എല്ലാ ഇഷ്ടങ്ങളും സാധിച്ചുകൊടുക്കാൻ എല്ലാവരും ഒരുമിച്ചു മത്സരിച്ചു. പക്ഷെ വിധി അവൾക്കു ഒരുക്കി വെച്ചത് മറ്റൊന്നായിരുന്നു .
*** *** ***
നളചരിതം കഥയിലെ ദമയന്തിയെപ്പോലെ സുന്ദരിയായ യുവതിയുടെ അച്ഛനും അമ്മയും പാചകകലയിൽ വിദഗ്‌ധരായിരുന്നു. രണ്ടുപേരുടെയും കഴിവ് ഒരുമിച്ചു കിട്ടിയത് ഏറ്റവും ഇളയ സന്താനമായ യുവതിക്കായിരുന്നു. കഥയിലെ സുന്ദരിയായ യുവതിയുടെ ഭർത്താവിന് ഒരു രഹസ്യ കാമുകി ഉണ്ടായിരുന്നു എന്ന കാര്യം യുവതി അറിയുന്നത് വൈകിയ വേളയിലാണ്. ഭർത്താവിനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന യുവതിക്ക് ഈ സംഭവം സഹിക്കാൻ കഴിഞ്ഞില്ല. ഭർത്താവിൻ്റെ കാമുകിയും യുവതിയും തമ്മിലുള്ള വഴക്ക് കാമുകിയുടെ മരണത്തിലാണ് കലാശിച്ചത്. ഭർത്താവ് തന്നെ സ്വന്തം ഭാര്യക്കെതിരെ മൊഴി കൊടുത്തു. സ്വന്തം ഭർത്താവിൻ്റെ മൊഴിയാണ് യുവതിയെ കുറ്റവാളി പറമ്പിലെത്തിച്ചത്.
കുറ്റവാളി പറമ്പിൽ എത്തുന്ന ദിവസം തന്നെ കാവൽക്കാർ കുറ്റവാളികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള മൺ കലവും മറ്റു സാധന സാമഗ്രികളും നൽകിയിരുന്നു , പക്ഷെ മിക്ക കുറ്റവാളികളും ഭക്ഷണം പാകം ചെയ്തു കഴിക്കാറില്ല. അവർ വൃക്ഷങ്ങളിൽ നിന്നുള്ള പഴങ്ങളും കിഴങ്ങുകളും തിന്നു വിശപ്പടക്കി. ദാഹം തോന്നുമ്പോൾ കുളത്തിലെ വെള്ളം കോരി കുടിച്ചു.
യുവതിക്ക് പാചകം ചെയ്യാത്ത ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഈ കാര്യങ്ങൾ മനസ്സിലായപ്പോൾ പുരുഷ കുറ്റവാളികൾ അവൾക്കുവേണ്ടി കുളത്തിലിറങ്ങി മീനുകളെ പിടിച്ചു. മരത്തിലിരുന്ന കുരങ്ങിനെ എറിഞ്ഞു വീഴ്ത്തി അതിൻ്റെ ഇറച്ചി അവൾക്കു മുന്നിൽ വെച്ചു വിനീത വിധേയരായി നിന്നു. യുവതി പറമ്പിൽ നിന്നും ശേഖരിച്ച സാധന സാമഗ്രികൾ ഉപയോഗിച്ച് പാചകം ആരംഭിച്ചു. ഈ സമയത്താണ് രാജാവ് നാട് ചുറ്റാനിറങ്ങിയത് . യുവതിയുടെ പാചകപാത്രത്തിൽ നിന്നും ഉയർന്ന രുചിയുടെ ഗന്ധം രാജാവിൻ്റെ മൂക്കിലും എത്തി. യുവതിയുടെ പാചകം തീരാൻ രാജാവും പരിവാരങ്ങളും കുറ്റവാളി പറമ്പിൽ കാത്തിരുന്നു. ഭക്ഷണം രുചിച്ചുനോക്കിയ മന്ത്രി അത്ഭുതപ്പെട്ടുപോയി. ഇത്രയും രുചികരമായ ഭക്ഷണം മന്ത്രി ജീവിതത്തിൽ കഴിച്ചിട്ടില്ലായിരുന്നു. നാട്ടുനടപ്പനുസരിച്ചു രാജാവിന് യുവതി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ സാധിച്ചില്ല. ഇതിനകം യുവതി ഉണ്ടാക്കിയ ഭക്ഷണത്തിൻ്റെ മണം രാജാവിനെ ഒരു കൊതിയനാക്കി മാറ്റിയിരുന്നു. അന്ന് വൈകുന്നേരമായപ്പോൾ യുവതിയെ കൊട്ടാരത്തിലെത്തിക്കാനുള്ള ഉത്തരവ് രാജാവിറക്കി. വധശിക്ഷ വിധിച്ചു കുറ്റവാളിപറമ്പിൽ അടച്ചിട്ട യുവതിയെ ഭടൻമാർ രാജാവിന് മുന്നിലെത്തിച്ചു. രാജാവിൻ്റെ ഉത്തരവനുസരിച്ചു യുവതി കൊട്ടാരത്തിലുള്ളവർക്കായി സദ്യയൊരുക്കി. അത്രയും രുചികരമായ ഭക്ഷണം ഇതിനുമുൻപ് രാജാവും പരിവാരങ്ങളും കഴിച്ചിട്ടില്ലായിരുന്നു. യുവതിക്ക് അറിയാവുന്ന രുചിക്കൂട്ടുകൾ താളിയോലകളിൽ പകർത്താൻ പണ്ഡിതർ എത്തി. യുവതിയോട് അറിയാവുന്ന എല്ലാ രുചിക്കൂട്ടുകളും പണ്ഡിതരോട് പറയാൻ മന്ത്രി ഉത്തരവിട്ടു. യുവതി തയ്യാറായില്ല. ഇതിനകം മരണത്തെ മനസ്സാ വരിച്ച യുവതി മന്ത്രിയുടെ ഉത്തരവ് പുശ്ചിച്ചു തള്ളി. യുവതി എല്ലാവരോടുമായി പറഞ്ഞു.
"എൻ്റെ രുചിക്കൂട്ടുകൾ എൻ്റെ മരണത്തോടെ ഇല്ലാതാകണം" രാജാവ് പറഞ്ഞാൽ പോലും അത് താളിയോലകളിലേയ്ക്ക് ഞാൻ പകർത്തി തരില്ല. രാജാവിൻ്റെ ഉത്തരവ് ധിക്കരിച്ചു എന്ന കുറ്റം കൂടി ചുമത്തി എത്രയും പെട്ടെന്ന് എന്നെ തോക്കിലേറ്റാൻ കരുണ കാണിക്കണം. അത്രയ്ക്ക് ഞാൻ ഈ രാജ്യത്തെ വെറുക്കുന്നു. എൻ്റെ ഭാഗം കേൾക്കാതെ എന്നെ തൂക്കി കൊല്ലാൻ വിധിച്ച രാജാവ് എന്ത് നീതിയാണ് നടപ്പാക്കിയത്.
രാജാവും യുവതിയും തമ്മിൽ തർക്കമായി, ഒടുവിൽ രാജാവിന് ബോധ്യമായി യുവതി അറിഞ്ഞുകൊണ്ട് ചെയ്‌ത കൊലപാതകമല്ല . പിറ്റേന്ന് തന്നെ രാജാവ് യുവതിയുടെ ഭർത്താവിനേയും ഭർത്താവിൻ്റെ കാമുകിയെയും വിളിപ്പിച്ചു. രാജസഭയിൽ വെച്ച് രാജാവ് യുവതിയെ കുറ്റ വിമുക്തയാക്കി. യുവതിയെ സ്വീകരിക്കാനും കാമുകിയെ ആറ് മാസം തടവിലിടാനും രാജാവ് വിധിച്ചു.
കുറ്റവാളി പറമ്പിൽ എത്തുന്നതുവരെ പതിവ്രതയായി ജീവിച്ച അഭിമാനിയായ ആ യുവതി ഭർത്താവിൻ്റെ കൂടെ പോകാൻ തയ്യാറായില്ല. അവൾ തനിക്ക് കുറ്റവാളി പറമ്പിൽ വെച്ച് നേരിടേണ്ടി വന്ന ശാരീരിക പീഡനങ്ങൾ രാജസഭയിൽ വെച്ച് തുറന്നുപറഞ്ഞു. ശേഷം തന്നെ എത്രയും പെട്ടെന്ന് കൊന്നുതരുവാൻ രാജാവിനോട് അപേക്ഷിച്ചു.
രാജാവ് ധർമ്മ സങ്കടത്തിലായി.
പിറ്റേന്ന് സഭ കൂടിയപ്പോൾ യുവതിയെ വിചാരണ ചെയ്‌ത ന്യായാധിപനെ രാജാവ് സഭയിൽ വിളിച്ചുവരുത്തി പരസ്യമായി ശാസിച്ചു. ശേഷം യുവതിയോട് പറഞ്ഞു.
"നീ അനുഭവിക്കേണ്ടി വന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഞാനും കാരണക്കാരനാണ് . പ്രായശ്ചിത്തം ചെയ്യാൻ എനിക്ക് അവസരം വേണം. അതുകൊണ്ട് ഞാൻ എൻ്റെ ശരീരം നിന്നെ ഏൽപ്പിക്കുകയാണ്. എനിക്കായി നല്ല ഭക്ഷണം ഉണ്ടാക്കി നിനക്കെൻ്റെ ശരീരം നന്നായി നോക്കാൻ കഴിയുമെങ്കിൽ ഇനിയുള്ള കാലം എൻ്റെ പാചകക്കാരിയായി നിനക്ക് കൊട്ടാരത്തിൽ കഴിയാം"
യുവതി രാജാവിൻ്റെ മുഖ്യ പാചകക്കാരിയായി മാറി.പക്ഷെ പുതിയ പ്രതിസന്ധികൾ യുവതിയുടെ ജീവിതത്തിൽ വന്നു തുടങ്ങി. യുവതി ഗർഭിണിയായി. തൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിൻ്റെ അച്ഛൻ ആരെന്ന് യുവതിക്കും സംശയമായി. കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ ഭർത്താവിൻ്റെ വീട്ടിൽ നിന്നും അനുഭവിച്ച പീഡനം. ഒരു കുഞ്ഞിക്കാല് കാണാൻ കാത്തിരുന്ന നാളുകൾ. കുഞ്ഞുണ്ടാകാത്തത് തൻ്റെ കുഴപ്പമാണെന്നു പറഞ്ഞുനടക്കുന്ന ഭർത്താവ് . ഇപ്പോൾ കുറ്റവാളി പറമ്പിൽ വെച്ച് ഒരുപാടു പുരുഷ കുറ്റവാളികളാൽ പീഡിപ്പിക്കപ്പെട്ടു ഗർഭിണിയായപ്പോൾ സ്വന്തം ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞു യുവതിക്ക് ബാധ്യതയായി. തൻ്റെ ധർമ്മസങ്കടങ്ങൾ മുഴുവനും യുവതി രാജാവിനോട് പറഞ്ഞു. ലൈംഗികമായി ബന്ധപ്പെട്ട എല്ലാ യുവാക്കളേയും ഒന്നുകൂടി കാണുന്നതിന് രാജാവ് യുവതിയെ അനുവദിച്ചു. യുവതി വീണ്ടും കുറ്റവാളി പറമ്പിലെത്തി.
അവിടെയും വിധി എതിരായിരുന്നു. യുവതിയുമായി ബന്ധപ്പെട്ട എല്ലാവരും ഇതിനകം തൂക്കിലേറ്റപ്പെട്ടിരുന്നു. യുവതിയുടെ സമനില തെറ്റി. അവിടെയും രാജാവ് യുവതിയുടെ രക്ഷയ്‌ക്കെത്തി. മാണ്ഡൂക്യോപനിഷത്തിൽ അഗാധ പാണ്ഡിത്യമുള്ള ഒരു ഋഷിവര്യനെ രാജാവ് യുവതിയുടെ ചികിത്സയ്ക്കായി നിയോഗിച്ചു. മനുഷ്യമനസ്സിനെ അതി സൂക്ഷ്‌മമായി അപഗ്രഥിച്ചു വെച്ചിരിക്കുന്ന ഉപനിഷത്താണ് മണ്ഡൂക്യം. യുവതി പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു.
***** ***** *****
ഇതുവരെ ഞാൻ നിങ്ങളോടു പറഞ്ഞത് 250 പേജിലധികം വരുന്ന കഥയുടെ ചുരുക്കെഴുത്താണ്. ഒരു ക്യാമറയുടെ പരിധിയിൽ നിൽക്കുന്ന രീതിയിൽ ഏകദേശം 85 സീനുകളിലും ഈ കഥ ഡിസൈൻ ചെയ്‌തിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം.
No comments:
Post a Comment