A Short Film Story
Written by Sanil Kannoth
നാലോ അഞ്ചോ പേരുള്ള സുഹൃത്തുക്കളുടെ ഒരു കൂട്ടം . അതിൽ 35 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ളവർ ഉണ്ട് . ഗ്രാമത്തിലെ റോഡരികിൽ ചന്തയ്ക്ക് സമീപമുള്ള മരത്തണൽ ആണ് ലൊക്കേഷൻ . 360 ആംഗിളിൽ ഫ്രെയിം സെറ്റ് ചെയ്യാവുന്ന ലൊക്കേഷൻ തിരഞ്ഞെടുത്താൽ നല്ലത് . ക്യാമറ ആംഗിൾ ഇടയ്ക്ക് ചേഞ്ച് ചെയ്യുക. കാരണം കഥ നടക്കുന്നത് ഒരു ലൊക്കേഷനിൽ മാത്രമാണ് . സുഹൃത്തുക്കൾ വന്ന കാറും ബൈക്കും സൈക്കിളും ഫ്രെമിൽ വരുത്തുക.
1
സുഹൃത്തുക്കളിൽ ഒരാളുടെ വിവാഹം ഏകദേശം ഉറച്ചിരിക്കുകയാണ്. അതിൻ്റെ സന്തോഷം അയാളുടെ മുഖത്തുണ്ട്. ആ സന്തോഷം സംഭാഷണത്തിൽ കൂടി വരുത്തികൊണ്ട് ആദ്യ ഡയലോഗ് വിവാഹം ഉറപ്പിച്ച സുഹൃത്തിൽ നിന്നും തുടങ്ങുന്നു.
====
സുരേഷ് - അങ്ങനെ ഏഴ് വർഷമായി തുടങ്ങിയ പെണ്ണ് കാഴ്ച്ച അവസാനിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ, 299 മാത്തെ പെണ്ണുകാഴ്ച്ച ചിലപ്പോൾ എൻ്റെ ജീവിതത്തെ അടുത്ത ട്രാക്കിലേക്ക് മാറ്റിയേക്കാം. കല്യാണം കഴിഞ്ഞവർ എനിക്ക് വേണ്ട ഉപദേശം തരുമെന്ന് പ്രതീക്ഷിക്കുന്നു.
ബിജുമോൻ - പെണ്ണുകാണലിൻ്റെ ആധിക്യത്തിൽ ഇവന് ഡിപ്രഷൻ വന്നില്ലായിരുന്നെങ്കിൽ പെണ്ണ് കാണൽ 400 കഴിഞ്ഞു പോയേനേ, പിന്നെ കൊറോണകാലവും ചതിച്ചു.
രാജു - എൻ്റെ കല്യാണക്കുറിയിൽ അടിച്ച പോലെ “വരനും പാർട്ടിയും പുറപ്പെടുന്ന സമയം” എന്നതിന് “വരനും പട്ടിയും പുറപ്പെടുന്ന സമയം” എന്നുതന്നെ തന്നെ ഇവൻറെ കല്യാണക്കുറിയിലും അടിച്ചേക്കണം.
=====
ഈ സമയം സുരേഷിൻറെ ഫോണിലേക്ക് ഒരു വിളി വരുന്നു. ഫോണെടുത്തു നോക്കുന്ന സുരേഷ്
======
സുരേഷ് - പരിചയമില്ലാത്ത നമ്പർ ആണല്ലോ ?
മണിക്കുട്ടൻ(ഗുണ്ടാ ലുക്ക്) - എങ്കിലുറപ്പിച്ചോ , ഇത് നിൻറെ പ്രതിശ്രുത വധു തന്നെ .
=====
മനസ്സിൽ ലഡ്ഡു പൊട്ടുന്ന സുരേഷ്. ഫോണുമായി സുഹൃത്തുക്കളുടെ അടുത്തുനിന്നും ദൂരേയ്ക്ക് പോകാൻ ശ്രമിക്കുന്നു. ആ ശ്രമം തടയുന്ന സുഹൃത്തുക്കൾ.
മണിക്കുട്ടൻ - നിൻറെ പെണ്ണിൻ്റെ സ്വരം ഞങ്ങളും കേൾക്കട്ടെ, ഇവിടെ നിന്ന് സംസാരിച്ചാൽ മതി.
ബലമായി ദൂരേയ്ക്ക് പോകാൻ ശ്രമിക്കുന്ന സുരേഷ്.
മണിക്കുട്ടൻ ഗുണ്ട - ഇവിടെ നിന്ന് സംസാരിച്ചില്ലെങ്കിൽ ആദ്യരാത്രി നിൻറെ കട്ടിലിനടിയിൽ ഞാൻ ഗുണ്ട് വച്ച് പൊട്ടിക്കും , പറഞ്ഞേക്കാം.
പേടിക്കുന്ന സുരേഷ് കൂട്ടുകാരുടെ മുന്നിൽ വെച്ച് ഫോണെടുക്കുന്നു.
മണിക്കുട്ടൻ ബലമായി സുരേഷിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി സ്‌പീക്കർമോഡിൽ ഇടുന്നു.
ഫോണിൽ ഒരു പെൺകുട്ടിയുടെ സ്വരം
സുരേഷ് - ഹലോ
പെൺകുട്ടി - ഇത് പാസ്റ്ററുടെ നമ്പർ അല്ലെ ?
സുരേഷ് - പാസ്റ്ററോ ? ഏത് പാസ്റ്റർ
സംശയത്തിൽ നിക്കുന്ന സുഹൃത്തുക്കൾ
പെട്ടെന്ന് അതുവരെ ഒന്നും മിണ്ടാതിരുന്ന ജോസ് ഇടയ്ക്ക് കയറി സംസാരിക്കുന്നു.
ജോസ് - അതെ പാസ്റ്റർ ജോസ് ആണ് സംസാരിക്കുന്നത് .
പെൺകുട്ടി - പാസ്റ്റർ തോമസില്ലേ ?
പതറുന്ന ജോസ്
ജോസ് - പാസ്റ്റർ തോമസ് പുറത്തു പോയിരിക്കുകയാണ്. കുട്ടി എന്ത് പ്രശ്‍നം ഉണ്ടെങ്കിലും എന്നോട് പറഞ്ഞോ ! , ഞാൻ പരിഹാരം ഉണ്ടാക്കാം .
പെൺകുട്ടി (കരഞ്ഞുകൊണ്ട്) - പാസ്റ്ററച്ചൻ കൂടി പറഞ്ഞിട്ടല്ലേ ഞാൻ കുഞ്ഞുമോനെ പ്രമിച്ചത് . ഇപ്പോൾ കുഞ്ഞുമോന് എന്നെ ഇഷ്ടമില്ല. ഞാൻ കെട്ടിതൂങ്ങി ചാകാൻ പോകുവാ. 5 മിനിറ്റിനുള്ളിൽ എൻ്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ ഞാൻ ചാകും . നിങ്ങൾ എല്ലാവരും കുടുങ്ങും . ഞാൻ കഴുത്തിൽ കയറിട്ടു നിക്കുവാ.
നിശബ്ദത
ജോസ് - കുടുങ്ങുമോ ? ഞങ്ങൾ എങ്ങനെ കുടുങ്ങും
പെൺകുട്ടി - ഞാൻ മരണത്തിനു തൊട്ടു മുൻപ് വിളിച്ചിരിക്കുന്നത് ഈ ഫോണിലേക്കാണ്
പെട്ടെന്നു ഫോൺ കട്ടാകുന്നു
ജോസ് - ഇതേതോ പ്രേമ തകർച്ച ബാധിച്ച പെൺകുട്ടിയാ , അത് മിക്കവാറും തൂങ്ങി ചാകും.
മണിക്കുട്ടൻ - ആ പെൺകൊച്ചു പാസ്റ്റർ ആണെന്ന് കരുതി അവസാനം വിളിച്ചത് സുരേഷിന്റെ ഫോണിലേയ്ക്കാ , പോലീസ് ആദ്യം പൊക്കുന്നതു സുരേഷിനെ ആയിരിക്കും. കല്യാണം മുടങ്ങാൻ ആ ഒരു കാരണം മതി. സത്യാവസ്ഥയൊക്കെ പിന്നയേ തിരക്കു .
ബിജുമോൻ - അപ്പൊ സുരേഷിന്റെ ഈ കല്യാണവും മുടങ്ങുവോ ?
സുരേഷിന്റെ മുഖഭാവം
സുരേഷ് (ദേഷ്യത്തിൽ ) ഈ കല്യാണം മുടങ്ങിയാൽ പാസ്‌റ്റർ ജോസ് ആണെങ്കിലും കീരിക്കാടൻ ജോസ് ആണെങ്കിലും കൊന്നിരിക്കും ! അയ്യപ്പ സ്വാമിയാണെ സത്യം ! എന്നിട്ട് ഞാനും ചാകും (കരച്ചിൽ )
കരയുന്ന സുരേഷ് ,
ജോസിന്റെ മുഖഭാവം
സുരേഷിന്റെ കരച്ചിൽ കേട്ട് മനസ്സലിയുന്ന കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആദർശ് .ആദർശ് സുരേഷിനെ സമാധാനിപ്പിക്കുന്നു .
ആദർശ് - അണ്ണൻ കരയല്ലേ , ഈ പ്രശ്നത്തിന് ഞാൻ പരിഹാരമുണ്ടാക്കും. അണ്ണൻ ഫോൺ തന്നേ
പ്രതീക്ഷയോടു കൂടി ആദർശിന് ഫോൺ കൈമാറുന്ന സുരേഷ്
ആദർശ് ആത്മഹത്യ ചെയ്യാൻ ഒരുങ്ങി നിക്കുന്ന പെൺകുട്ടിയുടെ ഫോണിലേക്ക് വിളിക്കുന്നു.
പെൺകുട്ടി - കരഞ്ഞുകൊണ്ട് - ഹാലോ
ആദർശ് - കുട്ടി ഒരു കാര്യം മനസ്സിലാക്കണം , നേരത്തെ കുട്ടിയോട് സംസാരിച്ചത് പാസ്റ്റർ ജോസ് അല്ല . എൻ്റെ ബോസ് ആണ് . ജോസേട്ടൻ . വലിയ ക്യാമറ മാൻ ആണ് . ഞാൻ ജോസേട്ടന്റെ അസിസ്റ്റൻറ് ആദർശ് .
മണിക്കുട്ടൻ ഗുണ്ട - ലൈറ്റ് ബോയ് എന്ന് പറയടാ !
ആദർശ് - കുട്ടി സുരേഷ് ഏട്ടനെ ചതിക്കരുത്.
പെൺകുട്ടി - ഞാൻ എന്തിനാ സുരേഷ് ഏട്ടനെ ചതിക്കുന്നത് , ഒരിക്കലും ഇല്ല
ആദർശ് - എങ്കിൽ കുട്ടി ഒരുപകാരം കൂടി ചെയ്യണം. ഒരാഴ്ച്ച കഴിഞ്ഞേ കുട്ടി ആത്മഹത്യ ചെയ്യാവൂ. അല്ലങ്കിൽ സുരേഷേട്ടന്റെ കല്യാണം മുടങ്ങും. കല്യാണം മുടങ്ങിയാൽ സുരേഷേട്ടൻ ജോസേട്ടനെ കൊല്ലും എന്നിട്ട് സുരേഷേട്ടനും ചാകും. രണ്ടു മരണം ഒഴിവാക്കണമെങ്കിൽ കുട്ടി വിചാരിക്കണം. ദയവു ചെയ്‌തു കുട്ടി ഒരാഴ്ച്ച കഴിഞ്ഞു ആത്മഹത്യ ചെയ്‌താൽ മതി.
പെൺകുട്ടി - ദേഷ്യത്തിൽ , പോടാ ചെക്കാ , ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാൽ ചെയ്തിരിക്കും ഉറപ്പ് .
ഫോൺ കട്ടാകുന്നു . തിരിച്ചു വിളിക്കാൻ ശ്രമിക്കുന്ന ആദർശ് . ഫോൺ സ്വിച്ച് ഓഫ് ആണെന്നുള്ള സന്ദേശം കേൾക്കുന്നു.
നിശബ്ദത
ബിജുമോൻ - സുരേഷേ , നീ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു അടുപ്പമുണ്ടാക്കാൻ ശ്രമിക്ക് . എന്നിട്ട് കാര്യങ്ങളെല്ലാം അവളോട് തുറന്നു പറയ് .
സുരേഷ് - അതിനു മായയുടെ നമ്പർ എനിക്കറിയില്ല
മണിക്കുട്ടൻ ഗുണ്ട - അപ്പൊ ഈ കല്യാണം മുടങ്ങും , ഉറപ്പാ !
സീൻ ഡാർക്കാകുന്നു
2
അതെ ലൊക്കേഷൻ , next sunday , costume ചേഞ്ച് ആകുന്നു. സുഹൃത്തുക്കൾ എല്ലാവരും പഴയപോലെ ഒത്തുകൂടുന്നു. ഫ്രെമിൽ വരുന്ന ചലിക്കുന്ന സാധനങ്ങളുടെ പൊസിഷൻ ചേഞ്ച് ചെയ്യുക .
ബിജു - മായയുടെ നമ്പർ കിട്ടിയോ ?
സുരേഷ് - ഇല്ല , ബ്രോക്കർ വാങ്ങി തരാമെന്നു പറഞ്ഞു . കിട്ടിയില്ല .
ബിജു - ആദർശ് എല്ലാദിവസവും ആ പെൺകുട്ടിയുടെ നമ്പറിലോട്ടു വിളിക്കുന്നുണ്ട് . ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആണ് .
ആദർശ് - ഇനി പ്രശ്നമൊന്നും ഉണ്ടാകാൻ വഴിയില്ല , എന്തെങ്കിലും സീൻ ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോലീസ് അണ്ണനെ വിളിച്ചേനേ !
പെട്ടെന്ന് സൈക്കിളിൽ പാഞ്ഞു വരുന്ന ഗുണ്ടാ മണിക്കുട്ടൻ . മണിക്കുട്ടന്റെ പോക്കറ്റിൽ മൊബൈൽ റിങ് ചെയ്യുന്ന ശബ്ദം .
മണിക്കുട്ടൻ - എടാ ഞാൻ ആ പെങ്കൊച്ചിന്റെ നമ്പറിലോട്ടു വിളിച്ചു. റിങ് അടിച്ചപ്പോൾ ഞാൻ കട്ട് ചെയ്തു. ഇപ്പൊ ആ കൊച്ചു തുരു തുരെ വിളിച്ചോണ്ടിരിക്കുവാ
ഫോൺ ആദർശിന് കൊടുക്കുന്ന മണിക്കുട്ടൻ
മണിക്കുട്ടൻ - നീ സംസാരിക്ക്
ആദർശ് - ഹാലോ
പെൺകുട്ടി - ആരാ ?
ആദർശ് - കുട്ടി ഇതുവരെ ആത്മഹത്യ ചെയ്തില്ലേ ?
പെൺകുട്ടി - ചെയ്‌തു , ഇപ്പോൾ നീ സംസാരിക്കുന്നത് എൻ്റെ പ്രേതത്തോടാ
പെട്ടെന്ന് ഒരൊച്ച കേൾക്കുന്നു , കൂട്ടത്തിൽ അയ്യോ എന്ന ശബ്ദവും
മണിക്കുട്ടൻ ഗുണ്ട ബോധം കേട്ടു താഴെ കിടക്കുന്ന സീൻ
മണിക്കുട്ടനെ പരിചരിക്കുന്ന സുഹൃത്തുക്കൾ
മുഖത്ത് വെള്ളം തളിക്കുമ്പോൾ ബോധം തെളിയുന്ന മണിക്കുട്ടൻ
പേടിച്ചു നിലവിളിക്കുന്ന മണിക്കുട്ടൻ
മണിക്കുട്ടൻ - എൻ്റെ മൊബൈലിൽ പ്രേത ബാധ ഉണ്ടേ ! , എൻ്റെ മൊബൈലിലെ ബാധ ഒഴിയാൻ ഞാൻ എന്ത് ചെയ്യുമെടാ !
ദേഷ്യത്തിൽ മണിക്കുട്ടനെയും മൊബൈലിലും മാറി മാറി നോക്കുന്ന ആദർശ് .
ആദർശ് - കോപ്പ് , ഈ പേടിച്ചുതൂറി ഗുണ്ടയുടെ ബലത്തിലാണല്ലോ പ്ലസ് ടു പിള്ളാരെയൊക്കെ ഞാൻ പേടിപ്പിച്ചു നിർത്തിയിരിക്കുന്നത്.
ആദർശ് മണിക്കുട്ടൻറെ ഫോണിലേക്ക് വിളിച്ച പെൺകുട്ടിയുടെ നമ്പർ സേവ് ചെയ്യാൻ ശ്രമിക്കുന്നു . “മൊബൈൽ പ്രേതം “ എന്ന പേരിൽ ആ കുട്ടിയുടെ നമ്പർ സേവ് ചെയ്യുന്ന ആദർശ് .
ആദർശ് - പേന കത്തികൊണ്ട് ഹരി ശ്രീ കുറിച്ച ഗുണ്ടയാണ് നിലത്തു കിടക്കുന്നത് .
ഫോൺ നിലത്തിരിക്കുന്ന മണിക്കുട്ടന് കൊടുക്കുന്ന ആദർശ്
ആദർശ് - മൊബൈൽ പ്രേതം അണ്ണനെ ഇനിയും വിളിക്കും , സൂക്ഷിച്ചോ !
പെട്ടെന്ന് സുരേഷിൻറെ ഫോണിലേക്ക് ഒരു പെൺകുട്ടി വിളിക്കുന്നു .
സുരേഷ് - ഹലോ
പെൺകുട്ടി - സുരേഷേട്ടനല്ലേ ?
സുരേഷ് - അതെ
പെൺകുട്ടി - ഞാൻ മായ
സന്തോഷത്തിൽ ഫോണിൽ സംസാരിച്ചുകൊണ്ടു ദൂരേയ്ക്ക് മാറുന്ന സുരേഷ് .
താഴെ കിടന്നുകൊണ്ട് സുരേഷിനെ ശ്രദ്ധിക്കുന്ന മണിക്കുട്ടൻ
പെട്ടെന്ന് മണിക്കുട്ടൻറെ ഫോൺ റിങ് ചെയ്യുന്നു .
മണിക്കുട്ടൻ ഫോണിൽ നോക്കി അലറി വിളിക്കുന്നു .
കാളിങ് “മൊബൈൽ പ്രേതം “ എന്ന് ഫോൺ ഡിസ്‌പ്ലേയിൽ തെളിയുന്നു .
==========
തുടരും ..
No comments:
Post a Comment