cocktail

കോവിഡ് തീവ്ര മേഖലയിലുള്ള ഒരു വിവാഹ വീട് .വിവാഹം നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നു . കോവിഡ് പശ്ചാത്തലത്തിൽ വിവാഹം എങ്ങനെ നടത്തണം എന്ന് തീരുമാനിക്കാനായി കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുകൂടി. വളരെ വലിയ കുടുംബം ആയതിനാൽ ബന്ധുമിത്രാദികളുടെ പല ശാഖകളും ഒഴിവാക്കി പരമാവധി 50 പേരെ വെച്ച് വിവാഹം നടത്താൻ തീരുമാനിച്ചു. 1600 -2000 ആളുകൾ പങ്കെടുത്തിരുന്ന പല കല്യാണങ്ങളും ആ കുടുംബം ആഘോഷമായി തന്നെ കൊണ്ടാടിയിരുന്നു, ആ സ്ഥാനത്താണ് വെറും 50 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു കല്യാണം.

വിവാഹതലേന്ന് പന്തൽ ആളൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെ കിടിക്കുന്നു . ചെറുക്കൻ വീട്ടിൽ നിന്ന് നാത്തൂനും മൂന്നുപേരും കൂടി വന്നു പെണ്ണിന് കല്യാണ ഡ്രസ്സ് കൊടുത്തിട്ടുപോയി. ഞങ്ങൾ ബന്ധുക്കൾ എല്ലാവരും പന്തലിൽ ബോറടിച്ചു സാമൂഹിക അകലം പാലിച്ചു കൊണ്ട് ഇരിക്കുകയാണ്. ഒന്നും ചെയ്യാനില്ല, ആരെയും സ്വീകരിക്കണ്ട. എൻ്റെ കുട്ടിക്കാലത്തു പനിനീര് തളിച്ച് അതിഥികളെ പന്തലിൽ കയറ്റിയിരുന്ന പോലെ രണ്ടുപേർ മാസ്ക് ധരിച്ചു സാനിറ്റൈസറുമായി ഗേറ്റിനു വെളിയിൽ അതിഥികളെ കാത്തു നിക്കുന്നു. ആരും വരുന്നില്ല. സാനിറ്റൈസറും പിടിച്ചു നിൽക്കുന്നവർക്കും ബോറടിച്ചുതുടങ്ങി.

വൈകിട്ട് 7.30 ആയപ്പോൾ എൻ്റെ ഫോണിലേയ്ക്ക് ഒരു കൂട്ടുകാരൻ വിളിച്ചു.

ഞാൻ : -  സാധനം ഇരിപ്പുണ്ട് , കൊറോണ ആയതുകൊണ്ടാ വിളിക്കാഞ്ഞത് .

കൂട്ടുകാരൻ : -  അത് കുഴപ്പമില്ലടാ , മദ്യം കഴിക്കുന്നതിനുമുമ്പ് മദ്യം ഉപയോഗിച്ചുതന്നെ ഗ്ലാസ് കഴുകിയാൽ മതി. കൊറോണ പറപറക്കും. പിന്നെ മദ്യം കഴിക്കുമ്പോൾ മാത്രം മാസ്ക് മാറ്റിയാൽ മതി.

ഞാൻ ഫുൾ ബോട്ടിലെ റമ്മുമായി അനിയൻ വയ്ക്കുന്ന വീടിൻ്റെ ഉമ്മറത്തെത്തിയപ്പോൾ കൂട്ടുകാരൻ അവിടെ ഹാജറുണ്ട്.

കൂട്ടുകാരൻ പറഞ്ഞ രീതിയിൽ 10 ml  മദ്യം ഉപയോഗിച്ച് ഗ്ലാസ് അണുവിമുക്തമാക്കിയ ശേഷം ഞങ്ങൾ രണ്ടുപേരും ഓരോ പെഗ് കഴിച്ചു. 500 മീറ്റർ ചുറ്റളവിൽ എവിടെ കുപ്പി പൊട്ടിച്ചാലും മണത്തറിയുന്ന കൂട്ടുകാരനും എത്തി . പുറകെ അനിയനും എത്തി .താമസിയാതെ മറ്റുപലരും എത്തി. ഓരോ പെഗ് ഒഴിക്കുന്നതിനുമുമ്പ് 10 ml മദ്യം നഷ്ടപെടുത്തികൊണ്ട് ഞങ്ങൾ ഗ്ലാസ് അണുവിമുക്തമാക്കി കൊണ്ടിരുന്നു. റം തീർന്നപ്പോൾ അനിയൻ ഒരു ഫുൾ ബോട്ടിൽ  ബ്രാണ്ടിയുമായി വന്നു. ബ്രാണ്ടി ഉപയോഗിച്ചും ഗ്ലാസ്സുകൾ ഞങ്ങൾ അണുവിമുക്തമാക്കി. ബ്രാണ്ടിക്കു പുറകെ  ഒരു ബോട്ടിൽ വിസ്കിയും വോഡ്കയും കൂടിവന്നു. അവസാനമായപ്പോൾ ഗ്ലാസ് അണുവിമുക്തമാക്കാൻ ഉപയോഗിച്ച മദ്യം ശേഖരിച്ച ചില്ലു പാത്രം മദ്യമിശ്രിതം കൊണ്ട്  നിറഞ്ഞു. 5 പെഗിനടുത്തു വരുന്ന മദ്യമിശ്രിതം  നഷ്ട്ടപെടുത്താൻ പലർക്കും മടിയായിരുന്നു , കൊറോണ പേടി കാരണം അതുപയോഗിക്കാൻ ഞാൻ സമ്മതിച്ചില്ല. ഗ്ലാസ് അണുവിമുക്തമാക്കിയ ശേഷം ശേഖരിച്ചു വെച്ചിരുന്ന മദ്യമിശ്രിതം കളയാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു . അപ്പോഴാണ് ഒരു കൂട്ടുകാരൻ വൈകി വന്നത്. അവനു ഒരു പെഗ് കൊണ്ട് തൃപ്തി പെടേണ്ടി വന്നു.അവൻ ആ മദ്യമിശ്രിതം കളയാൻ സമ്മതിച്ചില്ല.

വൈകി വന്ന കൂട്ടുകാരൻ ഗ്ലാസ് അണുവിമുക്തമാക്കിയ ശേഷം കളയാൻ വെച്ചിരുന്ന മദ്യ മിശ്രിതം വെച്ച് കോക്ക് ടൈൽ ഉണ്ടാക്കാൻ സ്വയം തീരുമാനമെടുത്തു. അവൻ്റെ നിർദ്ദേശ പ്രകാരം നാരങ്ങയും പച്ചമുളകും കുരുമുളകും വെള്ളരിക്കയും ഉപ്പും സബോളയും ഞങ്ങൾ എത്തിച്ചുകൊടുത്തു. അവൻ ഈ സാധനങ്ങൾ വെച്ച് ഉഗ്രൻ കോക്ക് ടൈൽ ഉണ്ടാക്കി.  ഉണ്ടാക്കിയ കോക്ക് ടൈൽ ഒരു ഗ്ലാസ് കുടിച്ചശേഷം അവൻ ഒരു ഡയലോഗ് കാച്ചി.

" ഹാ ..ഇത്രയും രുചിയുള്ള മദ്യം ഞാൻ ജീവിതത്തിൽ കഴിച്ചിട്ടില്ല "

അവൻ്റെ ഡയലോഗ് അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും കോക്ക് ടൈൽ കഴിക്കാനുള്ള ഒരു പ്രചോദനം ഉണ്ടാക്കി. എല്ലാവരും അവൻ ഉണ്ടാക്കിയ കോക്ക് ടൈലിൻ്റെ രുചിയെ പുകഴ്ത്തി. അവസാനം ഞാൻ ഒഴികെ എല്ലാവരും ആ കോക്ക് ടൈലിൻ്റെ രുചി നുകർന്നു . മദ്യം മിക്സ് ചെയ്താൽ തലവേദന വരുന്നതുകൊണ്ട് മാത്രം ഞാൻ കഴിച്ചില്ല.

ഇവിടെ ആരൊക്കെയാണ് കുറ്റക്കാർ ?

ഈ കൊറോണ കാലത്തു മദ്യ ഷോപ്പുകൾ തുറന്നുകൊടുത്ത സർക്കാരോ ?

2 പെഗ് കഴിച്ചുകഴിഞ്ഞപ്പോൾ സാമൂഹിക അകലം മറന്ന സുഹൃത്തുക്കളോ ? 

ഇവിടെ നമുക്ക് ഡാർവിൻ്റെ സിദ്ധാന്തം കടമെടുക്കാം. "only the fittest will  survive".അർഹതയുള്ളതേ അതിജീവിക്കൂ , അതിനോടേ പ്രകൃതിയും കരുണ കാണിക്കൂ .നമുക്കും അർഹതയ്ക്കായി ശ്രമിക്കാം. അതിനായി ഈ മഹാമാരിയെ തുടച്ചു നീക്കാനായി നമുക്ക് നമ്മുടെ വ്യക്തി സ്വാത്രന്ത്യത്തെ കുറച്ചു നാളേയ്‌ക്കെങ്കിലും ബലി കൊടുക്കാം. നമ്മുടെ വെക്തി സ്വാതന്ത്ര്യം ഒരിക്കലും സമൂഹത്തിൻ്റെ സ്വാതന്ത്ര്യത്തിലേയ്ക്ക് കടന്നുകയറാതിരിക്കട്ടെ ! .

സ്നേഹത്തോടെ 

സനിൽ കണ്ണോത്ത് .


No comments:

Post a Comment