കല്പാന്തം

 നമ്മൾ ഏതൊരു കഥയെ പഠനവിധേയമാക്കിയാലും ആ കഥയ്ക്ക് ഒരു കേന്ദ്രം കാണും . ആ കേന്ദ്രത്തിൽ നിന്നാണ് കഥയും കഥാപാത്രങ്ങളും വികാസം പ്രാപിക്കുന്നത് . കഥയുടെ സഞ്ചാരപഥങ്ങളിൽ  ചില ഇടങ്ങൾക്ക് വലിയ പ്രാധാന്യം കാണില്ല . എങ്കിലും കഥയുടെ ഗതി മാറുന്ന വഴിത്താരയിൽ എവിടെ വെച്ചെങ്കിലും ഈ ഇടങ്ങൾക്ക് പ്രാധാന്യം കൈവരും . പിന്നീട് കഥയുടെ പ്രമേയങ്ങൾ തമ്മിൽ ഈ ഇടങ്ങൾ ശക്തമായ ഒരു ബന്ധമുണ്ടാക്കി വായനക്കാരനെ ആകാംക്ഷഭരിതനാക്കും .

പതിനെട്ടു ദിവസത്തെ യുദ്ധം കഴിഞ്ഞു പാണ്ഡവകുടീരങ്ങളിൽ എല്ലാവരും ഉറക്കത്തിലാണ് . ദുര്യോധനൻ തുടയ്ക്ക് അടിയേറ്റ് മരണം കാത്തു കിടക്കുന്ന സ്ഥലമാണ് ദൃശ്യത്തിൽ . അവിടെവെച്ചു അവസാനത്തെ സൈന്യാധിപനായി അശ്വത്ഥാമാവിനെ ദുര്യോധനൻ വാഴിക്കുന്നു . യുദ്ധം തുടങ്ങിയ സമയം കൗരവസേനയുടെ ആദ്യ സൈന്യാധിപൻ 11 അക്ഷൗഹിണി പടയുടെ നായകനായിരുന്നു എങ്കിൽ (ഒരു അക്ഷൗഹിണി രണ്ടേകാൽ ലക്ഷം പേർ വരും പതിനൊന്ന് അക്ഷൗഹിണി ഏകദേശം 25 ലക്ഷം പേർ) കൗരവസേനയുടെ അവസാനത്തെ സൈന്യാധിപനായ അശ്വത്ഥാമാവിൻ്റെ അംഗബലം വെറും മൂന്ന് പേർ .അശ്വത്ഥാമാവ് , കൃപർ , കൃതകർമ്മാവ് .

രാത്രി . അശ്വത്ഥാമാവിനു ഉറങ്ങാൻ പറ്റുന്നില്ല . പകയും പ്രതികാരദാഹവും അയാളുടെ മനസ്സിനെ ചുട്ടുപഴുപ്പിക്കുന്നു. ഇരുട്ടിൻ്റെ മറവിൽ ഒരു മൂങ്ങ വന്നു മുഴുവൻ കാക്കളെയും കൊല്ലുന്ന രംഗം അയാൾ കാണുന്നത് അപ്പോഴാണ്. ഇരുട്ടിൽ ഒരു മൂങ്ങ ഒറ്റയ്ക്ക് മുഴുവൻ കാക്കളെയും കൊന്നെങ്കിൽ ഇരുട്ട് ഒരു വഴിയാണ്. അയാൾക്ക് മുന്നിൽ ഇരുട്ട് വഴി തുറന്നു. രാത്രിയുടെ മറവിൽ മൂവരും പാണ്ഡവരുടെ പടകൂടീരം ലക്ഷ്യമാക്കി നീങ്ങി പടകുടീരത്തിന് തീയിട്ടു . അഗ്നിയിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചവരെ  മുഴുവനും കൊന്നൊടുക്കി.

പത്തൊൻപതാം ദിവസം നേരം വെളുത്തപ്പോൾ പാണ്ഡവ പക്ഷത്തു അവശേഷിച്ചത് 7 പേർ കൗരവ പക്ഷത്തു 3 പേർ . അശ്വത്ഥാമാവിൻ്റെ കൂട്ട കൊലയിലൂടെ ഇല്ലാതായത് പാഞ്ചാല രാജവംശമാണ് .പാഞ്ചാല കുലത്തിൽ പാഞ്ചാലി മാത്രം ബാക്കിയായി. കൂട്ടക്കൊലയിൽ പാഞ്ചാലിയുടെ പുത്രന്മാർ എല്ലാവരും വധിക്കപ്പെട്ടു .പാഞ്ചാല -കുരുവംശ പാരമ്പര്യത്തിൽ നിന്നും പാഞ്ചാലരെയും പാഞ്ചാലരുമായി കൂടിക്കലർന്ന പാണ്ഡവപാരമ്പര്യത്തെയും ഇല്ലാതാക്കുക വഴി കുരുവംശത്തിനു പാഞ്ചാല പാരമ്പര്യത്തിൽ നിന്നും എന്നെന്നേയ്ക്കുമായി മുക്തി ലഭിച്ചു. അശ്വത്ഥാമാവിൻ്റെ കൂട്ടകൊല കഥയുടെ നിർണായകമായ ഒരു പരിവർത്തനത്തെ(ട്വിസ്റ്റ് ) കുറിച്ചിട്ടു . കുരുവംശത്തിന് ഒരേയൊരു അവകാശി ഉറപ്പിക്കപ്പെട്ടു. കൃഷ്ണൻ പരീക്ഷത്തിനെ കുരുവംശ പാരമ്പര്യത്തിൻ്റെ തുടർച്ചയ്ക്കായി പുനർജനിപ്പിക്കുന്നു . ചാപിള്ളയായാണ് പരീക്ഷത്ത് ജനിച്ചത്. അശ്വത്ഥാമാവിൻ്റെ സർവ്വനാശകരമായ ഒരസ്ത്രം പാണ്ഡവ പത്‌നിമാരുടെ ഗർഭത്തിലെ ശിശുക്കളെ മുഴുവൻ കൊന്നൊടുക്കി. പിൻവലിക്കാൻ സാധിക്കാത്ത ആ അസ്ത്രം ഉത്തരയുടെ ഗർഭത്തിലെ കുഞ്ഞിനേയും കൊന്നുകളഞ്ഞു. അത് ചാപിള്ളയായി ജനിച്ചു . അതിനു കൃഷ്ണൻ പുനർജന്മം നൽകി .

ഓരോ നിമിഷവും നാം സുഖത്തെ മാത്രം മോഹിക്കുന്നു . കൊടുംകാറ്റും പേമാരിയും പ്രളയവും അഗ്നിയും മഹാവ്യാധിയും എപ്പോൾ വേണമെങ്കിലും വരാം. ഇപ്പോൾ എത്ര മഴ പെയ്യിക്കാനും ശക്തിയുള്ള ന്യൂനമർദങ്ങൾ നമ്മുടെ കടലുകൾക്ക് സ്വന്തം. ശക്തിയുള്ള മേഘ വിസ്ഫോടനങ്ങൾ നടത്താൻ കെല്പുള്ള ആകാശങ്ങളാണ് നമ്മുടെ തലയ്ക്കു മുകളിലുള്ളത്. കൊടുംകാറ്റും പേമാരിയും പ്രളയവും അഗ്നിയും മഹാവ്യാധിയും ഓരോ നിമിഷവും നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും അതൊന്നും നമ്മളെ ബാധിക്കില്ല എന്നുകരുതാൻ ഓരോ മനുഷ്യനും കഴിയുന്നുണ്ട്. അങ്ങനെ കരുതാൻ ഓരോ മനുഷ്യനും കഴിയണം അല്ലങ്കിൽ ജീവിതം ബാക്കിയില്ല. മറ്റു മനുഷ്യർക്ക് ചുറ്റിനും മഹാദുഃഖങ്ങൾ അലയടിക്കുമ്പോളും അതൊന്നും തൻ്റെ ജീവിതത്തെ ബാധിക്കില്ല എന്നുകരുതാനായില്ലെങ്കിൽ നമുക്ക് നമ്മുടെ ജീവിതം ജീവിച്ചുതീർക്കാനാകില്ല. "കല്പാന്തം" എന്ന എൻ്റെ പുതിയ കഥയുടെ ആശയം മുകളിൽ സൂചിപ്പിച്ച ചിന്തകളാണ്. 

മഹാഭാരതത്തിൽ അഗ്നിപ്രളയം തുടർകഥയാണ് . അരക്കില്ലം , ഖാണ്ഡവദഹനം , അശ്വത്ഥാമാവിൻ്റെ പടകുടീരം ചുട്ടെരിക്കൽ , ഗാന്ധാരിയേയും ധൃതരാഷ്ട്രരേയും കുന്തിയെയും വിദൂരരേയും വിഴുങ്ങിയ വനാഗ്നി , സർപ്പസത്രവേദിയിൽ പാമ്പുകളെ കൊന്നൊടുക്കിയ യാഗാഗ്നി . കഥാഗതിയെ മുന്നോട്ടു നയിക്കുന്നത് ഈ അഗ്നിപ്രളയങ്ങളാണോ എന്നു ചിലർക്കെങ്കിലും തോന്നിയേക്കാം. മുനിയുടെ ശാപം മൂലം തക്ഷകൻ പരീക്ഷത്തിനെ കൊന്നു. അച്ഛനെ കൊന്ന തക്ഷകനോടുള്ള പ്രതികാരമായി പരീക്ഷത്തിൻ്റെ മകൻ ജനമേജയൻ സർപ്പസത്രം നടത്തുന്നു.  സർപ്പസത്രത്തിലെ അഗ്നിപ്രളയത്തിൽ സർപ്പങ്ങൾ കൂട്ടത്തോടെ വന്നൊടുങ്ങുന്നു. അങ്ങനെ സർപ്പസത്രവേദി മഹാഭാരത കഥയിലെ അവസാനത്തെ അഗ്നിപ്രളയമായി മാറുന്നു .

നമ്മുടെ ഭൂമിയെ ഉറപ്പിച്ചുനിർത്തുന്നത് സൂര്യനാണ് . അപ്പോൾ സൂര്യനെ ഉറപ്പിച്ചുനിർത്തുന്നത് ആരാണ് ?. ഭൂമിയിലുള്ളതു പോലുള്ള പ്രകൃതി ക്ഷോഭങ്ങൾ സൂര്യനിലും ഉണ്ടാകുമോ ?. ഭൂമിയെ ഉപേക്ഷിച്ചു മോക്ഷം തേടി പോയ ഒരു ആത്മാവിലൂടെയാണ് കല്പാന്തം എന്ന കഥ വികാസം പ്രാപിക്കുന്നത്. ആ ആത്മാവ് വഴിയിലെവിടെയോ വെച്ച് ഒരു നക്ഷത്രത്തെ കണ്ടുമുട്ടുന്നു. സൂര്യൻ്റെ 50 ഇരട്ടി വലിപ്പമുള്ള ആ നക്ഷത്രം സൂര്യൻ്റെ ഭ്രമണപഥം ഭേദിച്ച് അകത്തുകടക്കുന്നത്  ആത്മാവ് കാണുന്നു. ആ വലിയ നക്ഷത്രം സുര്യനെ വിഴുങ്ങുന്നതിന് ആത്മാവ് സാക്ഷിയാകുന്നു. പിന്നെ നടന്നത് ഒരു അഗ്നിപ്രളയമാണ് . ഭീമാകാരനായ നക്ഷത്രത്തിൻ്റെ ചൂടിൽ സൂര്യൻ്റെ ഭ്രമണപഥത്തിലെ ഗ്രഹങ്ങൾ ചുട്ടു ചാമ്പലാകാൻ തുടങ്ങുന്നു. അതിനകം ഭൂമിയുടെ പലപല കോണിൽ നിന്നും പലതരം റോക്കറ്റുകൾ ശൂന്യാകാശത്തിലേയ്ക്ക് യാത്രയായി തുടങ്ങിയിരുന്നു.

ഭൂമിയിൽ മനുഷ്യൻ പിറവിയെടുത്ത കാലം മുതൽ മനുഷ്യൻ കണ്ടുപിടിച്ച ശാസ്ത്രസത്യങ്ങൾ അടക്കം ചെയ്ത പേടകവും വഹിച്ചുകൊണ്ട് ഒരു റോക്കറ്റും ശൂന്യതയിലേക്ക് യാത്രയായി. ശാസ്ത്രസത്യങ്ങൾ അടക്കം ചെയ്ത പേടകം കൂടാതെ മറ്റു ജീവികളുടെയും സസ്യങ്ങളുടേയും ജനിതക ഘടകങ്ങൾ കൂടി ആ റോക്കറ്റിൽ ഉണ്ടായിരുന്നു .കൂടാതെ ഈ ജനിതക ഘടകങ്ങൾ കൂട്ടിയിണക്കി പുതിയ ജീവനെ സൃഷ്ഠിക്കാൻ കഴിവുള്ള 5 ശാസ്ത്രജ്ഞന്മാരും . തങ്ങൾ ജീവിച്ചിരുന്ന ഭൂമി ഒരു അഗ്നിഗോളമായി ചുട്ടുചാമ്പലാകുന്നത് ഈ 5 ശാസ്ത്രജ്ഞന്മാരും റോക്കറ്റിലിരുന്നു കാണുന്നു.  ഇനി ഭൂമിയിൽ ഒരു ലാൻഡിംഗ് സാധ്യമല്ല എന്ന യഥാർഥ്യം അവർ വേദനയോടെ മനസിലാക്കി. ജീവിതം സാധ്യമായേക്കാവുന്ന ഏതെങ്കിലുമൊരു ഗ്രഹം ഈ പ്രപഞ്ചത്തിൽ കണ്ടുപിടിക്കാൻ ഈ 5 ശാസ്ത്രജ്ഞർക്ക് കഴിയുമോ ?. 
മനുഷ്യകുലത്തോടുള്ള കൂറ് അപ്പോഴും ഉപേക്ഷിച്ചിട്ടില്ലാത്ത ആത്മാവ് റോക്കറ്റിലുള്ള ശാസ്ത്രജ്ഞർക്ക് വഴികാട്ടി ആകുന്നിടത്ത് കല്പാന്തത്തിൻ്റെ ഒന്നാം ഭാഗം അവസാനിക്കും. 

തൽക്കാലം വിട , ദൈവം ഇനിയും എന്നിൽ അനുഗ്രഹവർഷം ചൊരിഞ്ഞാൽ ഈ കഥ കൂടുതൽ വിശദമായി നിങ്ങൾക്കു സ്‌ക്രീനിൽ കാണാം. സങ്കല്പത്തിൽ ചിറകേറി യാത്രയായ എൻ്റെ ഭ്രാന്തൻ ഭാവനയുടെ ലോകത്താണ് ഞാൻ. ഒരു തിരുത്തൽ ആവശ്യമെങ്കിൽ തീർച്ചയായും ഞാൻ തിരിഞ്ഞു നടക്കും. വീണ്ടും ഒന്നിൽ നിന്നും തുടങ്ങും. അതിനെ പൂർണ്ണതയ്ക്ക് വേണ്ടിയുള്ള തിരുത്തിയെഴുത്ത്, എന്ന് വേണമെങ്കിൽ വിളിക്കാം. തട്ടാൻ പൊന്നുരുക്കി കലർപ്പ് കളയുന്നതുപോലെ ഈ കഥയും ഞാൻ മനസ്സിൽ  ഊതി ഉരുക്കി കലർപ്പ് കളഞ്ഞുകൊണ്ടിരിക്കുന്നു. കാരണം യാഥാർഥ്യം എപ്പോഴും സങ്കല്പത്തിന് ഇപ്പുറമാണ്. സങ്കല്പത്തിന് അപ്പുറമുള്ള യാഥാർഥ്യത്തിൽ എപ്പോഴും കലർപ്പ് അവശേഷിക്കും.

സ്നേഹപൂർവ്വം ,സനിൽ .


















No comments:

Post a Comment