റാറ്റ് ടെറിയർ - A dog story
------------------------------------
വീടിനു പുറകുവശത്തെ വിശാലമായ പറമ്പിൽ മുഴുവൻ കൃഷിയാണ് . തെങ്ങും വാഴയും ഇടതൂർന്നു വളർന്നുനിക്കുന്ന പറമ്പിൽ ഇടവിളയായി ചേമ്പും ചേനയും നല്ല ഭംഗിയിൽ നട്ടു വളർത്തിയിട്ടുണ്ട് . പറമ്പിൽ കരിയിലകൾ കൂടികിടക്കാൻ ഞാൻ അനുവദിക്കാറില്ല , എല്ലാം അപ്പപ്പോൾ കൂട്ടിയിട്ടു കത്തിക്കും . അതുകൊണ്ടു പറമ്പിൽ ചെല്ലിയുടെ ആക്രമണം കുറവാണ് . മുട്ടയിട്ടു പെരുകാനുള്ള അവസരം ചെല്ലികൾക്ക് കിട്ടാറില്ല . സ്ഥലത്തിൻ്റെ ഒരു മൂലയിൽ പോലും ചവറുകൾ കൂടികിടക്കാൻ അനുവദിക്കാത്തതുകൊണ്ട് പറമ്പ് നല്ല വൃത്തിയിലും വെടുപ്പിലും കിടന്നു . വീട്ടിലെ കണ്ടൻപൂച്ച തൻ്റെ ദേഹം നക്കിത്തുടച്ചു വൃത്തിയാക്കി വയ്ക്കുന്നപോലെ ഞാൻ എൻ്റെ കൃഷിയിടവും നല്ല വൃത്തിയിലും വെടുപ്പിലും ഇട്ടു .
ആ സമയത്താണ് ആറു മാസം കൊണ്ട് വിളവെടുക്കാൻ പറ്റുന്ന മരച്ചീനി കമ്പുമായി ഹരി വീട്ടിലെത്തിയത് . എനിക്ക് യാതൊരു താല്പര്യവും ഇല്ലായിരുന്നു , ഇടവിളയായി കപ്പ കമ്പു കൂടി നട്ടുകൊടുക്കാൻ . പിന്നെ ഹരി എന്ന സുഹൃത്തിനെ പിണക്കണ്ട എന്നുകരുതി 250 ചുവടു മരച്ചീനി കൂടി ഇടവിളയായി നട്ടു കൊടുത്തു .വീട്ടിൽ പത്തിലധികം പൂച്ചകൾ ഉള്ളതുകൊണ്ട് എലികൾ മരച്ചീനിയെ ആക്രമിക്കാൻ വരില്ല എന്ന എൻ്റെ കണക്കുകൂട്ടലിനെ തെറ്റിച്ചുകൊണ്ട് പറമ്പിൽ എലികളുടെ ആക്രമണം കണ്ടുതുടങ്ങി . ചുറ്റുമതിൽ ഉള്ള പറമ്പായിട്ടുപോലും എലികൾ എവിടെ നിന്നൊക്കെയോ എത്തി പറമ്പിൽ ആധിപത്യം സ്ഥാപിച്ചു . ഉറങ്ങി കിടന്ന പൂച്ചയുടെ മുകളിൽ കൂടി എലി ഓടിയിട്ടും ഒറ്റ എലിയെ പോലും പൂച്ച പിടിച്ചില്ല . പൂച്ചകൾക്ക് വയർ നിറച്ചു ഭക്ഷണം കൊടുത്തു വളർത്തിയതിൻ്റെ ശിക്ഷ ഞങ്ങൾ എലി ശല്യത്തിൽ കൂടി അനുഭവിച്ചുതുടങ്ങി . മനുഷ്യൻ ഒഴിച്ച് ബാക്കി മൃഗങ്ങൾ എല്ലാം വയർ നിറഞ്ഞാൽ മറ്റുള്ളവർക്ക് ശല്യമാകാതെ എവിടെയെങ്കിലും കിടന്നു ഉറങ്ങുകയാണ് പതിവ് . ഞാനും അങ്ങനെതന്നെയാണ് കരുതിയത് , റാറ്റ് ടെറിയർ ഇനത്തിൽ പെട്ട മുന്തിയ ഇനം അമേരിക്കൻ പട്ടിയെ വീട്ടിൽ കൊണ്ടുവരുന്നതിന് തൊട്ടു മുൻപ് വരെ .
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സുഹൃത്ത് വിളിച്ചപ്പോളാണ് പറമ്പിൽ എലികൾ ആധിപത്യം ഉറപ്പിച്ചതിനെ പറ്റി വളരെയേറെ സങ്കടത്തോടെ ഞാൻ പറഞ്ഞത്. അവനാണ് അമേരിക്കയിൽ കൃഷിക്കാർ എലികളെ കൊല്ലാൻ വേണ്ടി വളർത്തുന്ന റാറ്റ് ടെറിയർ എന്നയിനം നായകളെ കുറിച്ച് എന്നോട് പറയുന്നത് . അവൻ്റെ മൂന്നാറുള്ള ഫാമിൽ രണ്ടു പെൺ റാറ്റ് ടെറിയർ ഇനത്തിൽ പെട്ട നായകൾ ഉണ്ട് . ബാംഗ്ലൂരിലുള്ള അവൻ്റെ കൂട്ടുകാരൻ്റെ ഫാമിൽ നിന്നും ഒരു ആൺ റാറ്റ് ടെറിയരെ കൂടി വാങ്ങാൻ ഇരിക്കുകയാണ് . അപ്പോൾ അമേരിക്കയിലുള്ള സുഹൃത്ത് തന്നെ ഒരു നിർദ്ദേശം വെച്ചു - നീ ബാംഗ്ലൂർ ചെന്ന് പട്ടിയെ എടുത്തു നിൻ്റെ വീട്ടിൽ വളർത്തിനോക്കൂ , ഒരാഴ്ച കൊണ്ട് അവൻ എലികളെ മുഴുവൻ കൊന്നുതരും. ഞാൻ നാട്ടിൽ വരുമ്പോൾ പട്ടിയെ മൂന്നാറിൽ കൊണ്ടുവന്നു തന്നാൽ മതി .- ആ നിർദ്ദേശം എനിക്ക് സ്വീകാര്യമായി തോന്നി . റാറ്റ് ടെറിയരെ പറ്റി കൂടുതൽ അറിയാൻ ഗൂഗിൾ ചെയ്തുനോക്കിയ ഞാൻ സുഹൃത്ത് പറഞ്ഞ കാര്യങ്ങൾ സത്യം ആണെന്നു മനസിലാക്കി . യൂ ട്യൂബിൽ റാറ്റ് ടെറിയർ ഇനത്തിൽ പെട്ട നായയെ പറ്റിയുള്ള വിഡിയോ കൂടി കണ്ടപ്പോൾ ബാംഗ്ലൂർ കിടക്കുന്ന പട്ടിയെ എത്രയും പെട്ടെന്ന് വീട്ടിൽ എത്തിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു . അങ്ങനെ ഞാനും ഹരിയും കൂടി കാറിൽ ബാംഗ്ലൂർക്കു യാത്രയായി.
പുലർച്ചെ ഞങ്ങൾ ബാംഗ്ലൂർ എത്തി . ബാംഗ്ലൂർ ഈസ്റ്റിലുള്ള സുലികുണ്ടി വില്ലേജിൽ ദില്ലി പബ്ലിക് സ്കൂളും കഴിഞ്ഞു വീണ്ടും അര മണിക്കൂറോളം ഡ്രൈവ് ചെയ്തു ഞങ്ങൾ അമേരിക്കയിലുള്ള സുഹൃത്തു പറഞ്ഞ ഫാം ഹൗസിലെത്തി .ആ ഫാം ഹൗസ് കണ്ടപ്പോൾ തന്നെ എൻ്റെ മനസ്സ് നിറഞ്ഞു . ഞാൻ മനസ്സിൽ പ്ലാൻ ചെയ്തു വെച്ചിരുന്ന പോലുളള ഒരു ഫാംഹൗസ് . അതുപോലൊരു ഫാംഹൗസ് എനിക്കും ഉണ്ടാക്കണം എന്ന ചിന്ത എന്നിൽ ദൃഢമാകാൻ തുടങ്ങി . ഞാൻ ആ ഫാം ഹൗസ് മുഴുവൻ ചുറ്റി നടന്നു കാണാനുള്ള അനുവാദം ഫാമിൻ്റെ ഉടമസ്ഥനിൽ നിന്നും വാങ്ങി . അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ആ നല്ല മനുഷ്യൻ എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് പറഞ്ഞു മനസിലാക്കി തന്നു . എൻ്റെ എഴുത്തിനു പ്രചോദനമാകുന്ന എന്തെങ്കിലും ആ ഫാം ഹൗസിൽ ഉണ്ടാകുമോ എന്നറിയാൻ ഞാൻ ഫാം ഹൗസ് മുഴുവൻ ചുറ്റി നടന്നു . ആ സമയം മനസ്സ് ഏകാന്തത ഇഷ്ടപ്പെട്ടു തുടങ്ങിയത് ഞാൻ അറിഞ്ഞു . എഴുതാനുള്ള മൂഡ് ഇപ്പോൾ തോന്നിക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ഫാം ഹൗസിൽ ചുറ്റിനടന്നു . എഴുതാനുള്ള മൂഡ് വന്നാൽ പിന്നെ ഞാൻ പരിസരം മറക്കും . മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കില്ല . സത്യത്തിൽ സർഗ്ഗാല്മകമായ എഴുത്തിൻ്റെ ഉറവിടം എവിടെയാകും. വായനയാണോ അതോ അനുഭവമാണോ എന്നെ എഴുതാൻ പ്രേരിപ്പിക്കുന്ന ഘടകം, അതോ വെറും പ്രചോദനമോ ? . ബാംഗ്ലൂരിലെ ഫാം ഹൗസ് എന്നെ പ്രചോദിപ്പിച്ചതുപോലെ മറ്റുള്ള എഴുത്തുകാരുടെ എഴുത്തും എന്നെ പ്രചോദിപ്പിക്കുന്നുണ്ടാകാം . അല്ലെങ്കിൽ അവരെ പോലെ പ്രശസ്തിയിലേക്ക് പറന്നുയരാനുള്ള മനസ്സിൻ്റെ നിഗൂഡമായ ആഗ്രഹ ചിന്തകളാകാം എന്നെയും കലാ പ്രവർത്തനങ്ങളിലേയ്ക്ക് നയിക്കുന്നത് .
അന്ന് രാത്രി 8 മണിയോട് കൂടി നഗരത്തിലെ ട്രാഫിക് ബ്ലോക്ക് കുറഞ്ഞതായി ഫാം ഉടമ ഞങ്ങളെ അറിയിച്ചു . ഞങ്ങൾ അപ്പോൾ തന്നെ തിരിച്ചുപോരാൻ തയ്യാറായി . ഫാം ഉടമ പുതിയ ഒരു പ്ലാസ്റ്റിക് കയർ കൊണ്ടുള്ള പട്ടി തുടലുമായി ഞങ്ങളുടെ കാറിനടുത്തെത്തി ." റാറ്റ് -05 come here "എന്ന് പറഞ്ഞു നിമിഷങ്ങൾക്കുള്ളിൽ ഒരു പട്ടി കാറിനടുത്തെത്തി . തുടലിൽ പൂട്ടി പട്ടിയെ എൻ്റെ കൈയിൽ തന്നു . ഇവിടെ ഒരുപാടു പട്ടികൾ ഉള്ളതുകൊണ്ട് ഓരോ പട്ടിയേയും ഓരോ നമ്പർ ഇട്ടാ വിളിക്കുന്നത് . നിങ്ങളും ഇവനെ "റാറ്റ് 05 " എന്നു തന്നെ വിളിച്ചാൽ മതി . കൂട്ടത്തിൽ ഏറ്റവും സ്നേഹവും അനുസരണയും ഉള്ളത് റാറ്റ് 05 എന്ന ഈ പട്ടിക്കാ . ഞങ്ങളും അവനെ റാറ്റ് 05 എന്ന് തന്നെ വിളിക്കാൻ തീരുമാനിച്ചു .
ഞങ്ങൾ റാറ്റ് -05 എന്നു വിളിപ്പേരുള്ള പട്ടിയുമായി നാട്ടിലേയ്ക്ക് തിരിച്ചു . ഹൊസൂർ കഴിഞ്ഞപ്പോൾ പട്ടി കാറിൽ കിടന്നു ബഹളമുണ്ടാക്കാൻ തുടങ്ങി . മൂത്രമൊഴിക്കാനായിരിക്കും എന്നുകരുതി ഞങ്ങൾ കാർ നിർത്തി . കാറിനു വെളിയിലിറക്കി പട്ടിയെ മൂത്രമൊഴിപ്പിക്കനായി ഞാൻ റോഡിൻ്റെ ഓരത്തേയ്ക്കു കൊണ്ടുപോയി . പെട്ടെന്നാണ് അവൻ എന്തോ കണ്ടു കുരച്ചു മുന്നോട്ടു ചാടിയത് . റാറ്റ് -05 ൻ്റെ ചാട്ടത്തിൻ്റെ ശക്തിയിൽ തുടൽ എൻ്റെ കൈയിൽ നിന്നും വിട്ടുപോയി . നിമിഷനേരം കൊണ്ട് പട്ടി അപ്രത്യക്ഷനായി. ഞാനും ഹരിയും എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്നുപോയി . ഞങ്ങൾ "rat -05 come here " എന്നുറക്കെ വിളിക്കുന്നുണ്ട് . പട്ടിയുടെ ഒരു പ്രതികരണവും ഇല്ല . ആ വിജനമായ സ്ഥലത്തു സ്ഥലപരിചയം പോലുമില്ലാത്ത ഞങ്ങൾ എങ്ങനെ പട്ടിയെ നോക്കി പോകും . ആ സ്ഥലത്തു രാത്രി കൂടുതൽ സമയം തങ്ങുന്നത് സുരക്ഷിതമല്ലാത്തതിനാൽ കുറച്ചുസമയം കൂടി റാറ്റ് -05 നെ കാത്തുനിക്കാൻ ഞങ്ങൾ തീരുമാനിച്ചു . പത്തുമിനിറ്റ് തികഞ്ഞില്ല അപ്പോഴേയ്ക്കും റാറ്റ് 05 തിരിച്ചുവന്നു . വായിൽ വലിയ ഒരു എലിയുമായി . ഞങ്ങളുടെ മുന്നിലിട്ട് അവൻ എലിയെ രണ്ടു കഷണമാക്കി വിഴുങ്ങി കളഞ്ഞു ഡോർ തുറന്നയുടൻ അവൻ ചാടി കാറിൽ കയറി . രാവിലെ ഞങ്ങൾ വീട്ടിലെത്തി .
വീടിൻ്റെ ഗേറ്റ് പൂട്ടിയ ശേഷം ഞാൻ റാറ്റ് 05 നെ കാറിൽ നിന്നും ഇറക്കി . പരിസരം മുഴുവൻ വീക്ഷിച്ച ശേഷം അടുക്കള മുറ്റത്തു കിടന്ന പൂച്ചകളെ എല്ലാം ഓടിച്ചു മരത്തിൽ കയറ്റിക്കൊണ്ടാണ് അവൻ അവൻ്റെ ജോലി ആരംഭിച്ചത് . കൃഷിയിടത്തിലേക്ക് കടന്ന അവൻ എലികളുടെ മാളങ്ങൾ തുരന്നു ചെന്ന് എലികളെ കൊന്നൊടുക്കി . റാറ്റ് 05 ൻ്റെ എലിപിടുത്തം നാട്ടിൽ സംസാര വിഷയമായി . ചൊരി മണലിൽ എലിയുടെ മാളം മാന്തി വലുതാക്കാൻ അവനു നിഷ്പ്രയാസം കഴിഞ്ഞു . കുലയ്ക്കാൻ പാകമായി നിന്ന രണ്ടു ഏത്തവാഴയുടെ അടിയിൽ കൂട് വെച്ച് താമസിച്ചിരുന്ന തുരപ്പനെലിയുടെ കുടുംബത്തെ റാറ്റ് 05 മാളം തകർത്തു ചെന്ന് കൊന്നൊടുക്കി കളഞ്ഞു . ഒരെലിയെ പോലും ബാക്കി വയ്ക്കാതെ കൊന്നൊടുക്കി കളഞ്ഞ ആ ഓപ്പറേഷൻ വൻ വിജയമായി എങ്കിലും രണ്ടു ഏത്തവാഴകളും റാറ്റ് 05 മാന്തി നിലത്തിട്ടു കളഞ്ഞു .
റാറ്റ് -05 വീട്ടിൽ വന്നു നാലഞ്ച് ദിവസം കഴിഞ്ഞാണ് കുളത്തിൻ്റെ ഇറക്കിനുള്ള എലിമാളം അവൻ്റെ ശ്രദ്ധയിൽ പെട്ടത് . മാളം കാണേണ്ട താമസം റാറ്റ് 05 അവൻ്റെ ജോലി തുടങ്ങി . മാളത്തിൽ കയറാൻ അവൻ എലിമാളം വലുതാക്കി തുടങ്ങി . റാറ്റ് 05 മാന്തിയിടുന്ന മണ്ണ് മുഴുവൻ നേരേ കുളത്തിലേക്കാണ് വീഴുന്നത് . പണിക്കാരെ നിർത്തി കുളം വൃത്തിയാക്കി മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ട് മൂന്ന് മാസം ആകുന്നതേയുള്ളൂ . അവൻ എലിമാളം വലുതാക്കുന്ന പ്രവർത്തി കണ്ട് കുളം മുഴുവനായി മൂടികളയുമോ എന്നുപോലും ഞാൻ ഭയന്നു . സന്ധ്യ കഴിഞ്ഞിട്ടും അവൻ എലിമാളം വലുതാക്കുന്ന ജോലി നിർത്തിയില്ല . നേരം ഇരുട്ടിയപ്പോൾ കുളത്തിനു സമീപമുള്ള ഗേറ്റ് പൂട്ടി ഞാൻ വീട്ടിലേയ്ക്കു പോന്നു .
പിറ്റേന്ന് കാലത്തു റാറ്റ് 05 ചെയ്തിരുന്ന ജോലി എവിടം വരെയായി എന്നറിയാനായി ഞാൻ കുളക്കരയിലെത്തി . അവനെ അവിടെയെങ്ങും കാണാനില്ല . ഞാൻ റാറ്റ് 05 come here എന്ന് ഉറക്കെ വിളിച്ചുകൊണ്ട് പറമ്പുമുഴുവൻ അവനെ തിരക്കി നടന്നു . ഇനി പാമ്പു വല്ലതും...., ഞാൻ വീണ്ടും പറമ്പു മുഴുവൻ അവനെ നോക്കി നടന്നു . കുളത്തിനു സമീപത്തെ ഗേറ്റ് തുറന്നുഞാൻ പുറത്തിറങ്ങി . പുറത്തെ ആൾതാമസമില്ലാത്ത വീടിനു സമീപം എത്തിയപ്പോൾ റാറ്റ് 05 ഒരു പെൺപട്ടിയുമായി പ്രണയ കേളികളിൽ ഏർപ്പെട്ടു നിക്കുന്ന പ്രവർത്തികണ്ടു ഞാൻ ഞെട്ടി തരിച്ചുപോയി . എല്ലാ വിലകൂടിയ പ്രതിരോധ കുത്തിവെപ്പുകളും എടുത്ത മറ്റു പട്ടികളുമായി സമ്പർക്കമില്ലാതെ വളർന്ന പട്ടിയാണ് വേലി ചാടി പെണ്ണുപിടിക്കാൻ ഇറങ്ങിയിരിക്കുന്നത് . എനിക്ക് ദേഷ്യം വന്നു . മൃഗങ്ങൾ ആയാൽ പോലും പ്രണയകേളികളിൽ ഏർപ്പെടുമ്പോൾ ശല്യപ്പെടുത്താൻ ഇഷ്ടപെടാത്തതിനാൽ അവരുടെ പ്രണയകേളികൾ തീരാൻ ഞാൻ കാത്തുനിന്നു . എങ്കിലും ഇവനെങ്ങനെ പുറത്തിറങ്ങി എന്നറിയാൻ എനിക്കാകാംക്ഷ ഉണ്ടായി . അപ്പോഴാണ് ഗേറ്റിനു പുറത്തു രണ്ടുമീറ്ററോളം മാറി പുതിയതായി നിർമിച്ച ഒരു തുരങ്കം എൻ്റെ ശ്രദ്ധയിൽ പെട്ടത് . റാറ്റ് 05 എലിയെ പിടിക്കാനായി കുളത്തിൻ്റെ ഇറക്കിൽ നിന്നും നിർമ്മിച്ചുവന്ന തുരങ്കമാണ് മതിലിനു വെളിയിൽ അവസാനിച്ചത് . അതിലൂടെയാണ് അവൻ വെളിയിൽ ഇറങ്ങിയത് .
പ്രണയകേളികൾ അവസാനിപ്പിച്ച റാറ്റ് 05 അവൻ നിർമ്മിച്ച തുരങ്കത്തിൽ കൂടിത്തന്നെ മതിൽകെട്ടിനുള്ളിലെത്തി . അവൻ തുരങ്കത്തിൽ കയറിയ പുറകെ അവൻ്റെ കാമുകി പെൺപട്ടിയും തുരങ്കത്തിലൂടെ മതിൽകെട്ടിലെത്തി . മറ്റു പട്ടികൾ ആ തുരങ്കം ഉപയോഗിക്കാതിരിക്കാൻ മണ്ണും ചുള്ളിക്കമ്പും ഇട്ടു ഞാൻ തുരങ്കം അടച്ചുകളഞ്ഞു . ഗേറ്റ് അകത്തുനിന്നും അടച്ചു ഞാൻ വീടിനുസമീപം എത്തിയപ്പോൾ മുറ്റത്തുനിന്ന് പല്ലുതേയ്ക്കുന്ന അച്ഛൻ്റെ കാൽച്ചുവട്ടിൽ കിടക്കുന്ന പെൺപട്ടിയെയാണ് കാണുന്നത് . അച്ഛനുമായി പെൺപട്ടി പെട്ടെന്ന് ഇണങ്ങിയതിൽ എനിക്കതിശയം തോന്നി . ഞാൻ പെൺപട്ടി മതിലിനകത്തു വരാനുള്ള കാരണം വിശദീകരിച്ചു . അപ്പോൾ അച്ഛൻ :
" അവൾ ഇനി റാറ്റ് 05 ൻ്റെ കൂടെ വളരട്ടെടാ , അവനും ഒരു കൂട്ട് വേണ്ടേ , ഞാൻ ഷാപ്പിൽ വെച്ച് എല്ലാദിവസവും ഇവൾക്ക് ഓരോ ചിക്കൻ പീസ് വാങ്ങി കൊടുക്കും . അതിൻ്റെ സ്നേഹമാ ഇവൾ കാണിക്കുന്നത് "
കുട്ടിക്കാലത്തു ഞങ്ങൾക്ക് ഒരു നാരങ്ങാ മുട്ടായി പോലും വാങ്ങിക്കൊണ്ടു വരാത്ത അച്ഛനാണ് എല്ലാദിവസവും ഷാപ്പിലെ പട്ടിക്ക് ചിക്കൻ പീസ് വാങ്ങികൊടുക്കുന്നത് . എനിക്കാ പട്ടിയോട് അസൂയ തോന്നി . എന്തായാലും ആ പെൺപട്ടിയെ മതിലിനകത്തിട്ടു വളർത്താൻ തന്നെ ഞാൻ തീരുമാനിച്ചു . അതിനുമുൻപ് എനിക്കു രണ്ടുകാര്യങ്ങളിൽ വ്യക്തത വരുത്തണമായിരുന്നു . റാറ്റ് 05 വുമായി ബന്ധപ്പെടുന്നതിനുമുൻപ് വന്നുകയറിയ പെൺപട്ടി വേറെ ആൺപട്ടികളിൽ നിന്നും ഗർഭിണി ആയിട്ടുണ്ടോ എന്നെനിക്കറിയണമായിരുന്നു . ഞാൻ പെൺപട്ടിയുമായി നഗരത്തിലെ പട്ടികളുടെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തി . പരിശോധനയിൽ പെൺപട്ടി ഗർഭിണിയല്ല എന്ന് പട്ടി ഡോക്ടറിൽ നിന്നും അറിഞ്ഞ ഞാൻ സന്തുഷ്ടനായി . അവൾ മുന്തിയഇനം അമേരിക്കൻ പട്ടിയുടെ കാമുകിയാണെന്നറിഞ്ഞ എനിക്ക് അഭിമാനം തോന്നി . അവൾക്കു വേണ്ടി മുന്തിയഇനം പ്രതിരോധ കുത്തിവെപ്പുകൾ തന്നെ ഞാൻ എടുപ്പിച്ചു . ആ ആശുപത്രിയിലെ നേഴ്സ് തന്നെ അവളെ കുളിപ്പിച്ച് നഖം മിനുക്കി സുന്ദരിയാക്കി . അങ്ങനെ ഷാപ്പിൽ തെണ്ടിത്തിരിഞ്ഞു നടന്നു വളർന്ന പെൺപട്ടി റാറ്റ് ടെറിയർ ഇനത്തിൽ പെട്ട മുന്തിയഇനം അമേരിക്കൻ പട്ടിയുടെ കാമുകിയായി വീട്ടിലെത്തി . അച്ഛൻ അവളെ മിക്കി എന്നു വിളിക്കുന്നതുകേട്ട് എല്ലാവരും അവളെ മിക്കി എന്ന് വിളിച്ചു . പതുക്കെ മിക്കി വീട്ടിലെ ഒരംഗമായി മാറി .
മിക്കിയും റാറ്റ് 05 വും മിക്കദിവസങ്ങളിലും പ്രണയകേളികളിൽ ഏർപ്പെട്ടു . അവരുടെ പ്രണയകേളികൾ കണ്ടു ഞാൻ സന്തോഷിച്ചു . അമേരിക്കയിലുള്ള സുഹൃത്ത് വരുമ്പോൾ റാറ്റ് 05 നെ മൂന്നാറിലുള്ള ഫാമിൽ കൊണ്ടുപോയാലും മിക്കിയിലൂടെ അവൻ്റെ സ്വഭാവ സവിശേഷതകൾ ഉള്ള പട്ടികൾ ജനിക്കുമല്ലോ എന്നോർത്തായിരുന്നു ഞാൻ സന്തോഷിച്ചത് . പക്ഷെ ആ സന്തോഷത്തിന് അധികം ആയുസ്സ് ഇല്ലായിരുന്നു .
2
സ്വീഡനിൽ നിന്നും വന്ന സഞ്ചാരിയുമായി ഒരു ദീർഘദൂര യാത്ര കഴിഞ്ഞു ഹരി വീട്ടിൽ വന്ന ദിവസമാണ് അവൻ മിക്കിയെ കാണുന്നത് . കള്ളുഷാപ്പിൽ കിടന്നുവളർന്ന ചാവാലിപ്പട്ടിയെ മതിൽ കെട്ടിനുള്ളിൽ റാറ്റ് 05 നു ഒപ്പമിട്ടു വളർത്തിയതിന് ഹരി എന്നെ തല്ലിയില്ല എന്നേയുള്ളു . അവൻ ദേഷ്യം മുഴുവൻ വാക്കുകളിലൂടെ തീർത്തു . ഞാൻ അവനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കുറെ സമയമെടുത്തു . രണ്ടു മാസത്തിനുള്ളിൽ റാറ്റ് 05 നെ മൂന്നാറിലുള്ള ഫാമിലേയ്ക്ക് കൊണ്ടുപോകും ,അതിനുമുൻപ് റാറ്റ് 05 ൻ്റെ സ്വഭാവമുള്ള ഒന്നുരണ്ടു പട്ടികൾ എനിക്കുവേണം, അതിനുവേണ്ടിയാണ് ഞാൻ റാറ്റ് 05 നെ മിക്കിയുടെ കൂടെ കിടക്കാൻ അനുവദിച്ചത് .
എടാ ..അതിനു മിക്കി എന്ന ഈ ചാവാലിപ്പട്ടി ഒരിക്കലും പ്രസവിക്കില്ല . ഇവളെ പഞ്ചായത്തുകാർ പിടിച്ചു മൃഗാശുപത്രിയിൽ കൊണ്ടുപോയി വന്ധ്യംകരണ ശാസ്ത്രക്രിയ ചെയ്തു തിരിച്ചു കള്ളുഷാപ്പിൻ്റെ പടിക്കൽ കൊണ്ടിറക്കുന്നത് ഞാൻ എൻ്റെ കണ്ണു കൊണ്ട് കണ്ടതാ . മിക്കി ഇനി ഒരിക്കലും പ്രസവിക്കില്ല എന്ന ഹരിയുടെ പറച്ചിൽ അന്നത്തെ എൻ്റെ മൂഡ് മുഴുവൻ നശിപ്പിച്ചു . ഒന്നും ചെയ്യാൻ കഴിയാതെ ഞാൻ കൃഷിയിടത്തിലെ മാവിൽ ചുവട്ടിൽ മലർന്നു കിടന്നു . അലസമായ ആ കിടപ്പിൽ മിക്കിയും റാറ്റ് 05 വും വീണ്ടും എൻ്റെ മുന്നിൽ വന്നു പ്രണയകേളികൾ ആടാൻ തുടങ്ങി . റാറ്റ് 05 എന്ന മുന്തിയ ഇനം പട്ടിയുടെ ബീജങ്ങൾ മിക്കിയുടെ ഗർഭപാത്രത്തിൽ ഒരിക്കലും ഇടം പിടിക്കില്ല എന്നറിഞ്ഞ ഞാൻ അവരെ ശല്യപ്പെടുത്താതെ പതുക്കെ എണീറ്റു വീട്ടിലേയ്ക്കു നടന്നു .
ഒരു മാസം കഴിഞ്ഞപ്പോൾ അമേരിക്കയിലുള്ള സുഹൃത്ത് നാട്ടിൽ വന്നു . ഞാൻ റാറ്റ് 05 നെ മൂന്നാറിലുള്ള ഫാമിൽ കൊണ്ടുചെന്നാക്കി . തിന്നും ഉറങ്ങിയും വീട്ടിൽ കഴിഞ്ഞിരുന്ന മിക്കി എന്ന പെൺപട്ടി ഒരു ബാധ്യതയായി മാറി. വീട്ടിലേയ്ക്കു ആരെങ്കിലും ഗേറ്റ് തുറന്നു വന്നാൽ പോലും മിക്കി ഒന്നുകുരയ്ക്കുക പോലും ചെയ്യാതെ എപ്പോഴും കിടന്നുറങ്ങി .
ആ സമയത്താണ് അച്ഛൻ സർവീസിൽ നിന്നും റിട്ടയർ ആയത് . ഇത്രയും നാൾ കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ടു ഇനി വിശ്രമജീവിതമാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന പ്രഖ്യാപനവുമായി റിട്ടയർ ചെയ്ത ദിവസം അച്ഛൻ വന്നു കയറി .ഒന്നും ചെയ്യാതെ ചീട്ടുകളിച്ചും കള്ളുകുടിച്ചും വിശ്രമജീവിതം ആഘോഷിക്കുക എന്നതാണ് ആ പ്രഖ്യാപനത്തിൻ്റെ അർത്ഥം എന്ന് ആദ്യനാളുകളിൽ അമ്മയ്ക്ക് മനസിലായില്ല .
റിട്ടയർ ചെയ്ത് ശേഷം അച്ഛൻ്റെ ഒരു ദിവസം തുടങ്ങുന്നത് രാവിലെയുള്ള നടത്തത്തോടെയാണ് . കൂടെ നിഴൽ പോലെ മിക്കിയും കാണും . ചായകുടി കഴിഞ്ഞു പത്രപാരായണവും പ്രഭാതഭക്ഷണവും കഴിഞ്ഞാൽ അച്ഛൻ വീടിനു സമീപമുള്ള കവലയിലേയ്ക്ക് പോകും . മിക്കിയും കൂടെ കാണും . ആ കവലയ്ക്കു സമീപമാണ് സ്ഥലത്തെ പ്രധാന കള്ളുഷാപ്പ് സ്ഥിതി ചെയ്യുന്നത് . ഷാപ്പിനു സമീപം തന്നെ ഒരു ചീട്ടുകളി സ്ഥലമുണ്ട് . അവിടെയിരുന്നു ചീട്ടു കളിക്കുമ്പോളും മിക്കി അച്ഛനെ മുട്ടിയുരുമ്മി സമീപം തന്നെ കാണും . ഉച്ചയ്ക്ക് ഷാപ്പിൽ മധുരക്കള്ളു വരുമ്പോൾ അച്ഛൻ ഷാപ്പിൽ പോയി കള്ളുകുടിക്കും . ഉച്ചയൂണിനു സമയമാകുമ്പോൾ അച്ഛൻ വീട്ടിൽ വരും . കൂടെ മിക്കിയും കാണും .വിശാലമായ ഒരു കുളി കഴിഞ്ഞു ഉച്ചയൂണും കഴിഞ്ഞു അച്ഛൻ ഉമ്മറത്ത് ഒരു തോർത്ത് വിരിച്ചു ഉച്ചയുറക്കം തുടങ്ങും . അപ്പോഴും മിക്കി അച്ഛൻ കിടക്കുന്നതിനടുത്തായി അച്ഛനൊപ്പം കിടക്കും . നാലുമണിക്ക് അച്ഛൻ എണീറ്റ് കവലയിലുള്ള തുളസി ചേച്ചിയുടെ കടയിൽ ചായ കുടിക്കാൻ പോകും . അപ്പോഴും മിക്കി അച്ഛനെ അനുഗമിക്കും . ചായക്കടയിൽ ചെല്ലുമ്പോഴേ അച്ഛൻ ഒരു പരിപ്പുവട മിക്കിക്കു വാങ്ങി കൊടുക്കും . അച്ഛൻ ചായകുടിച്ചിറങ്ങുന്നതുവരെ മിക്കി ആ പരിപ്പുവടയും തിന്നു അച്ഛനെ കാത്തു ചായക്കടയുടെ പുറത്തു കിടപ്പുണ്ടാകും . റിട്ടയർ ചെയ്ത് ശേഷം അച്ഛന് സമയം പോകാൻ SNDP യൂണിയനും കണിച്ചുകുളങ്ങര ദേവസ്വം കമ്മറ്റിയും ഉണ്ടായിട്ടും അച്ഛൻ ആ വഴിക്കൊന്നും പോയില്ല . അച്ചൻ്റെ കൂട്ടുകാർ SNDP യുടെയോ ദേവസ്വത്തിൻ്റെയോ ഏതെങ്കിലും സ്ഥാനം ഏറ്റെടുക്കാൻ നിർബന്ധിച്ചെങ്കിലും അച്ഛൻ അതൊക്കെ സ്നേഹപൂർവ്വം നിരസിച്ചു . ആദ്യത്തെ സ്ട്രോക്ക് വരുന്നതിൻ്റെ മുൻപുള്ള ദിവസം വരെ ആരും നിയന്ത്രിക്കുന്നത് ഇഷ്ടപ്പെടാതെ ഉപാധികളില്ലാത്ത ഒരുതരം സ്വാത്രന്ത്യത്തോടെ തന്നെ അച്ഛൻ തൻ്റെ റിട്ടയർമെന്റ് ജീവിതം ആഘോഷിച്ചു തീർത്തു .
ഇനി കഥയിലേയ്ക്ക് വരാം
മിക്കിയും അച്ഛനും തമ്മിൽ വല്ലാത്തൊരാത്മബന്ധം ഇതിനിടയിൽ ഉടലെടുത്തിരിക്കണം .ഒരുദിവസം ഉച്ചയൂണ് കഴിഞ്ഞു അച്ഛൻ സിറ്റ്ഔട്ടിൽ കിടന്നുറങ്ങുകയാണ് . മിക്കിയും അടുത്തുണ്ട് . ആ ദിവസം അച്ഛൻ സാധാരണയിൽ കൂടുതൽ മദ്യപിച്ചിരുന്നു . മലർന്നു കിടന്നുറങ്ങി കൊണ്ടിരുന്ന അച്ഛൻ ചരിഞ്ഞു കിടന്നപ്പോൾ കൈ അറിയാതെ മിക്കിയുടെ വയിറ്റത്തു എടുത്തുവെച്ചു . തൻ്റെ യജമാനൻ്റെ ചൂട് കൂടുതൽ കിട്ടാൻ മിക്കി അച്ഛനോട് ഒന്നുകൂടി ചേർന്ന് കിടന്നു . വളരെ റൊമാന്റിക് ആയ കണ്ണുകളിലൂടെ ആ കാഴ്ച് വീക്ഷിക്കുകയാണെങ്കിൽ ഒരു ഭർത്താവ് ഭാര്യയെ സ്നേഹപൂർവ്വം കെട്ടിപിടിച്ചു ഉറങ്ങുകയാണെന്നേ തോന്നൂ . അപ്പോൾ എൻ്റെ പുറകിൽ നിന്ന് ഈ കാഴ്ച വീക്ഷിച്ചുകൊണ്ടിരുന്ന അമ്മയിൽ നിന്ന് അതിനു സമാനമായ ഒരു വാചകം കൂടി വന്നു . " കല്യാണം കഴിഞ്ഞു ഈ നാളിനിടയ്ക്ക് ഈ മനുഷ്യൻ എന്നെ ഇതുപോലെ കെട്ടിപിടിച്ചു ഉറങ്ങിയിട്ടില്ല " ഒരു നെടുവീർപ്പിട്ടു അമ്മ അടുക്കളയിലേയ്ക്ക് പോയി . കുറച്ചു സമയം കഴിഞ്ഞപ്പോൾ അമ്മയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് ഞാൻ ഹാളിലേക്ക് ചെന്നത് . അപ്പോൾ ഞങ്ങൾ കണ്ട കാഴ്‌ച സഹിക്കാവുന്നതിനും അപ്പുറമായിരുന്നു . അച്ഛൻ കൈകൾ രണ്ടും മടക്കി തലയിണയാക്കി മലർന്നു കിടക്കുകയാണ് . മിക്കി അച്ഛന് സമീപം ഇരുന്നു അച്ഛൻ്റെ കഷത്തിലെ വിയർപ്പും ഉപ്പും നക്കി തിന്നുന്നു . അമ്മ ദേഷ്യം സഹിക്കാൻ പറ്റാതെ വന്നു ചൂലുകൊണ്ടു മിക്കിയെ തല്ലി ഓടിച്ചു , അവൾ കരഞ്ഞുകൊണ്ട് തൻ്റെ കൂട്ടിൽ പോയി കിടന്നു . ഞാൻ ചെന്ന് മിക്കിയുടെ കൂടടച്ചു കുറ്റിയിട്ടു . അമ്മ പെട്ടെന്ന് തന്നെ അച്ഛനെ വിളിച്ചുണർത്തി കാര്യം പറഞ്ഞു . പട്ടി നിങ്ങളെ നക്കുന്നതു ഞാൻ കണ്ടതാണ് വേഗം നല്ലവണ്ണം സോപ്പിട്ടു കുളിക്കാൻ പറഞ്ഞ അമ്മയോട് കുത്തിവെപ്പെടുത്ത പട്ടിയാണ് ഒരു കുഴപ്പവും വരില്ല എന്ന് പറഞ്ഞിട്ട് അച്ഛൻ വീണ്ടും കിടന്നുറങ്ങി കളഞ്ഞു .
ഈ വീട്ടിൽ ഞാനും പട്ടിയും ഒരുമിച്ചു താമസിക്കുന്ന പ്രശ്നമില്ല . നീ എത്രയും വേഗം പട്ടിയെ ഈ വീട്ടിൽ നിന്നും എവിടെയെങ്കിലും കൊണ്ടുപോയി കളയണം . അല്ലങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും . അമ്മയുടെ ഈ പറച്ചിൽ അപ്പോഴത്തെ ദേഷ്യം കൊണ്ടായിരിക്കും എന്നാണ് ഞാൻ കരുതിയത് .പക്ഷെ അമ്മ തൻ്റെ നിലപാടിൽ ഉറച്ചു നിന്നു . ഒന്നുകിൽ ഞാൻ അല്ലങ്കിൽ പട്ടി . അതിൽ അമ്മയെ കുറ്റപ്പെടുത്താനും എനിക്ക് കഴിഞ്ഞില്ല , കാരണം അമ്മ ജോലി കിട്ടി ആലപ്പുഴ മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്യുന്ന സമയത്തു അമ്മകൂടുതൽ കേൾക്കുന്നത് ആ സമയം പേ വിഷ ബാധയേറ്റു മെഡിക്കൽ കോളേജ് സെല്ലിൽ കിടക്കുന്ന ഒരാളുടെ കഥകളാണ് . അയാൾ സെല്ലിൽ കിടന്നു കാണിച്ച പരാക്രമങ്ങൾ അമ്മയുടെ മനസ്സിൽ ഇപ്പോഴും ആഴത്തിൽ പതിഞ്ഞു കിടപ്പുണ്ട് എന്നുഞാൻ മനസ്സിലാക്കി .
"ഒന്നുകിൽ ഞാൻ അല്ലങ്കിൽ പട്ടി" എന്ന അമ്മയുടെ പറച്ചിലിന് ഒരു തീരുമാനം കൊടുക്കാൻ കഴിയാതെ ഞാൻ ധർമ്മസങ്കടത്തിലായി . ഇതിനകം കല്യാണം കഴിച്ചയച്ച എൻ്റെ കൂടപ്പിറപ്പിനെ വിളിച്ചു അഭിപ്രായം ചോദിയ്ക്കാൻ ഞാൻ തീരുമാനിച്ചു . " നീ ആ ചാവാലി പട്ടിയെ എവിടെയെങ്കിലും കൊണ്ടുപോയി കളയാൻ നോക്ക് , അമ്മയ്ക്ക് വാശി കയറിയാൽ നിന്നെക്കാൾ വാശിയാ..അറിയാല്ലോ ?..അമ്മയുടെ തനി സ്വഭാവമാ നിനക്കും കിട്ടിയിരിക്കുന്നത് , അപ്പോൾ ആ വാശി എത്രത്തോളം ഉണ്ടാകും എന്ന് ഞാൻ പറയണ്ടല്ലോ ." അവളുമായി സംസാരിച്ചു ഫോൺ വെച്ചപ്പോൾ തന്നെ മിക്കി എന്ന പെൺപട്ടിയെ നാടു കടത്താൻ ഞാൻ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.
ഞാൻ ഹരിയെ വിളിച്ചു കാര്യം പറഞ്ഞു . തോപ്പുംപടി പാലത്തിനും നേവിയുടെ എയർ പോർട്ടിനും ഇടയിലായി കാടു പിടിച്ചു കിടക്കുന്ന ഒരു സ്ഥലമുണ്ട് . ഫ്ലാറ്റിലെ കുട്ടികൾ പട്ടിയെ വേണം എന്നുപറഞ്ഞു വാശി പിടിക്കുമ്പോൾ മുന്തിയ ഇനം പട്ടിയെ തന്നെ മാതാപിതാക്കൾ വാങ്ങി കൊടുക്കും . കുറച്ചുനാൾ പട്ടിയെ വളർത്തി കഴിയുമ്പോൾ പട്ടി എന്ന ജീവനുള്ള കളിപ്പാട്ടത്തെ കുട്ടിക്ക് മടുക്കും . പിന്നെ വലുതാകുംതോറും പട്ടിയെ ഫ്‌ളാറ്റിൽ വളർത്താനുള്ള ബുദ്ധിമുട്ടു കാരണം പലരും പട്ടിയെ കൊണ്ടുപോയി നടതള്ളുന്നതു എയർ പോർട്ടിനു സമീപമുള്ള ഈ കുറ്റി കാട്ടിലാണ് . അവിടെ തന്നെ മിക്കിയെ കൊണ്ടുപോയി കളയാം അവിടാകുമ്പോൾ പട്ടി ഒരിക്കലും മണം പിടിച്ചു വീട് വരെ എത്തില്ല . ഹരി പറഞ്ഞതിനോട് ഞാനും യോജിച്ചു .
പിറ്റേന്ന് ഉച്ചയ്ക്ക് അച്ഛൻ ഉറക്കമായപ്പോൾ ഞാനും ഹരിയും വളരെ തന്ത്രപൂർവ്വം മിക്കിയെ കാറിൽ പിടിച്ചു കയറ്റി . പകൽ പട്ടിയുമായി എയർ പോർട്ടിനടുത്തുള്ള കുറ്റികാട്ടിൽ ചെല്ലുന്നതു റിസ്ക് ആയതിനാൽ നേരം ഇരുട്ടുന്നതുവരെ കാത്തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു .ഞങ്ങൾ മിക്കിയുമായി മറൈൻ ഡ്രൈവിലെത്തി . അപ്പോൾ ഈവനിംഗ് വാക്കിനായി പലരും മുന്തിയ പട്ടികളുമായി മറൈൻ ഡ്രൈവിലെ നടപ്പാതയിലുണ്ട്(walk way). ഞങ്ങൾ GCDA കോംപ്ലെക്സിൻ്റെ വടക്കുവശമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്തു .മിക്കിയുമായി ഞങ്ങൾ മറൈൻ ഡ്രൈവ് നടപ്പാതയിൽ എത്തി. മിക്കിയെ കണ്ട് പല മുന്തിയ ഇനം ആൺ പട്ടികളും റൊമാന്റിക് ആകുന്നതു എനിക്കതിശയം ഉണ്ടാക്കി . ആ സമയം അവിടെ ഉണ്ടായിരുന്ന പല മുന്തിയ പെൺപട്ടികളോടും തോന്നിക്കാത്ത ഒരു ഇഷ്ട്ടം മറ്റ് ആൺപട്ടികൾ മിക്കിയോട് കാണിക്കുന്നത് എനിക്ക് ഗവേഷണത്തിനുള്ള ഒരു വിഷയമായി . മറ്റു പെൺ പട്ടികളുടെ ശരീരത്തിനില്ലാത്ത എന്ത് പ്രത്യേകതയാണ് മിക്കിയുടെ ശരീരത്തിലുള്ളത് . മറ്റു പെൺപട്ടികളെ എല്ലാദിവസവും ഷാംപൂ ഇട്ടു കുളിപ്പിക്കുന്നതാകും ഒരു കാരണം . ആ ദിവസം കൂടി നോക്കുമ്പോൾ ഞാൻ മിക്കിയെ കുളിപ്പിച്ചിട്ടു ഒരു മാസം ആയി കാണണം . മിക്കിയുടെ ശരീരത്തിൻ്റെ മണം ആൺ പട്ടികൾക്ക് പെട്ടെന്ന് കിട്ടുന്നുണ്ടാകും . അതാകും മറ്റു പെൺ പട്ടികളെകാൾ ആൺ പട്ടികൾക്ക് മിക്കിയുടെ ശരീരം ആകർഷകമായത് .
നേരം ഇരുട്ടിയപ്പോൾ തോപ്പും പടിക്കും നേവൽ എയർപോർട്ടിനും ഇടയ്ക്കുള്ള കുറ്റികാട്ടിൽ മിക്കിയെ ഉപേക്ഷിച്ചു ഞങ്ങൾ വീട്ടിലെത്തി . ഞങ്ങൾ വരുമ്പോൾ അച്ഛൻ ഞങ്ങളെ നോക്കി സിറ്റ്ഔട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു .
പിറ്റേന്ന് നേരം പുലർന്നത് പുതിയ പ്രശ്നങ്ങളിലേയ്ക്കായിരുന്നു .
3
രാവിലെ അമ്മ പറഞ്ഞാണ് ഞാൻ അറിഞ്ഞത് അച്ഛൻ രാത്രി ഭക്ഷണമൊന്നും കഴിക്കാതെയാണ് കിടന്നുറങ്ങിയതെന്ന് . രാവിലെ ഞാൻ എണീറ്റപ്പോൾ നീ മിക്കിയെ എവിടെയാടാ കൊണ്ടുപോയി കളഞ്ഞത് എന്നുമാത്രം ചോദിച്ചു . ആലപ്പുഴ ബീച്ചിൽ ലൈറ്റ് ഹൗസിന് മുൻപിൽ എത്തിയപ്പോൾ കാർ തുറന്നു മിക്കിയെ പുറത്തിറക്കി എന്നൊരു നുണ ഞാൻ പറഞ്ഞു . അപ്പോൾ തന്നെ കുളിച്ചൊരുങ്ങി മിക്കിക്കുള്ള ഭക്ഷണവുമായി അച്ഛൻ ആലപ്പുഴയ്ക്ക് വണ്ടി കയറി . തിരിച്ചു വന്ന അച്ഛൻ അന്നും ഭക്ഷണമൊന്നും കഴിച്ചില്ല . അമ്മയ്ക്ക് അപ്പോഴേയ്ക്കും ആധി കയറി തുടങ്ങിയിരുന്നു . ഭക്ഷണമൊന്നും കഴിക്കാതെ അസുഖം വല്ലതും വരുത്തിവയ്ക്കുമോ എന്നോർത്തു അമ്മയ്ക്ക് സ്വസ്ഥത നഷ്ടപ്പെട്ടു . പിറ്റേന്ന് രാവിലെ അമ്മ എന്നെ വിളിച്ചു കാര്യം പറഞ്ഞു . എടാ സ്വന്തം അച്ഛൻ മരിച്ചിട്ടു പോലും കരയാത്ത ആളാ , മിക്കി ഭക്ഷണമൊന്നും കഴിക്കാതെ കിടക്കുകയായിരിക്കും എന്ന് പറഞ്ഞു രാത്രിയിൽ കുത്തിയിരുന്നു പൊട്ടി കരഞ്ഞത് . നീ എങ്ങനെയെങ്കിലും മിക്കിയെ തിരിച്ചുകൊണ്ടുവന്നു കൊടുക്കണം . അത് അത്രവേഗം നടക്കുന്ന സംഗതിയല്ല എന്ന കാര്യം ഞാൻ അമ്മയോട് പറഞ്ഞു . മിക്കിയെ കൊണ്ടുപോയി കളഞ്ഞ കുറ്റികാട്ടിൽ ഉള്ളത് ജഗജില്ലികളായ ആൺ പട്ടികളാ, അവറ്റകളുടെ ഇടയിൽ നിന്നും മിക്കി എന്ന പെൺപട്ടിയെ തിരിച്ചെടുക്കുന്ന കാര്യം അത്ര എളുപ്പമല്ല . അമ്മ ആ വിഷയത്തെ കുറിച്ച് ആലോചിക്കണ്ട, കുറച്ചുനാൾ കൂടി കഴിയുമ്പോൾ അച്ഛൻ തനിയെ ഇര എടുത്തു തുടങ്ങിക്കോളും . ഈ പാമ്പൊക്കെ ഇര എടുത്തുകഴിഞ്ഞാൽ പിന്നെ ഒന്നുരണ്ടുമാസം ഇര എടുക്കാതെ കിടന്നാലും ഒരു കുഴപ്പവും പറ്റാറില്ല . ഞാൻ പറഞ്ഞ ഉപമ അമ്മയ്ക്ക് ഇഷ്ടപെട്ടില്ല ,അമ്മ എന്നെ തല്ലാൻ വന്നു .
പക്ഷെ അച്ഛൻ ഉപവാസം നിർത്തിയില്ല . രാവിലെ അമ്മ 5000 രൂപ എടുത്തു എൻ്റെ കൈയിൽ പിടിപ്പിച്ചു . നീ എങ്ങനെയെങ്കിലും ആ പട്ടിയെ തിരിച്ചുകൊണ്ടുവന്നു കൊടുക്കണം . സ്വന്തം ഭാര്യയോടും മക്കളോടും സ്നേഹം കാണിക്കാൻ അറിയത്തില്ല , ആ പട്ടിക്കെങ്കിലും വാരിക്കോരി സ്നേഹം കൊടുക്കട്ടെ . എന്നെകൊണ്ട് എന്തെങ്കിലും പറയിപ്പിക്കാൻ അനുവദിക്കാതെ അമ്മ മുറിയിൽ കയറി വാതിലടച്ചു കളഞ്ഞു .
ഹരിയെ വിളിച്ചു കാര്യങ്ങൾ മുഴുവൻ ഞാൻ അവതരിപ്പിച്ചു . അപ്പോഴാണ് ഹരിക്ക് ഒരു കാര്യം ഓർമ്മ വന്നത് . രണ്ടു വർഷം മുൻപ് ഹരിയും പനത്തറവെളിയൻ സന്തോഷും വില്ലിങ്ടൺ ഐലൻഡിൽ ഒരു ട്രാവൽ ഏജൻസിയിൽ ടൂറിസ്റ്റ് ടാക്സി ഓടിച്ചിരുന്നു . ഐലൻഡിൽ തന്നെയുള്ള രണ്ടു യുവാക്കൾ ദിവസവും ട്രാവൽ ഏജൻസിയിൽ വന്നിരിക്കും . മിക്ക ദിവസങ്ങളിലും ഞാനും ട്രാവൽ ഏജൻസിയിൽ ചെല്ലുന്നത്‌കൊണ്ട് ഈ യുവാക്കളുമായും ഞാൻ നല്ല കൂട്ടായി . യുവാക്കൾക്ക് പ്രത്യകിച്ചു പറയാൻ പണിയൊന്നുമില്ല . എന്നാലും എന്തെങ്കിലും തരികിട പരിപാടിയൊക്കെ ചെയ്തു ചിലവിനുള്ള പൈസ ഒപ്പിക്കും . ഇടയ്ക്ക് ഇവർ വട്ട ചിലവിനുള്ള പൈസ ഒപ്പിക്കുന്നത് എയർ പോർട്ടിന് സമീപം കുറ്റികാട്ടിൽ കൊണ്ടുവന്നു കളയുന്ന നല്ലയിനം നായകളെ കണ്ടെത്തി പിടിച്ചെടുത്തു വേറേ ആർക്കെങ്കിലും മറിച്ചു വിറ്റാണ് .അന്ന് അവർക്കത് നല്ല വരുമാനമാർഗമായിരുന്നു . അതുകൊണ്ടു മിക്കിയെ തിരിച്ചെടുക്കാൻ ഐലണ്ടിലുള്ള സെൽവനെയും ഗിരിയേയും ബന്ധപ്പെടാൻ ഞങ്ങൾ തീരുമാനിച്ചു . സെൽവൻ ഐലൻഡിൽ തന്നെയുള്ള ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്നതുകൊണ്ട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയില്ല .
ഞങ്ങൾ സെൽവനെ കണ്ടു കാര്യം പറഞ്ഞു . അവർ ഇപ്പോൾ പട്ടിയെ പിടിച്ചെടുത്തു മറിച്ചു വിൽക്കുന്ന പണി ചെയ്യുന്നില്ല , അതുകൊണ്ടു ഇപ്പോൾ ആ കുറ്റികാടിൻ്റെ അവസ്ഥയെ കുറിച്ചു വലിയ പിടിയില്ല . ഈ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഞാൻ 3000 രൂപയെടുത്തു സെൽവന് കൊടുത്തു, കൂടെ മിക്കിയുടെ ഒന്നുരണ്ടു ഫോട്ടോയും .
ഈ പട്ടി വീട്ടിൽ നിന്നും പോയതിൽ പിന്നെ ഭയങ്കര ഐശ്വര്യകേടാ , അതുകൊണ്ട് സെൽവൻ എങ്ങനെയെങ്കിലും പട്ടിയെ കണ്ടെത്തി തരണം .
ഡിംപിളിയേട്ടൻ ധൈര്യമായി പൊക്കോ , രണ്ടുദിവസത്തിനുള്ളിൽ പട്ടിയെ ഞങ്ങൾ കണിച്ചുകുളങ്ങരയിലെ വീട്ടിൽ എത്തിച്ചിരിക്കും . സെൽവൻ്റെ വാക്ക് കേട്ട് ഞങ്ങൾ തിരിച്ചുപോന്നു .
പിറ്റേദിവസം സെൽവൻ വീട്ടിലെ ലാൻഡ് ഫോണിൽ വിളിച്ചു . ഡിംപിളിയേട്ടാ...പട്ടിയെ തിരിച്ചെടുക്കുന്ന കാര്യം നടക്കുമെന്ന് തോന്നുന്നില്ല . രണ്ടു ഡോബർമാൻ നായകളുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ ആ കുറ്റിക്കാട് സ്ഥിതി ചെയ്യുന്ന സ്ഥലം . ആ പട്ടികളുടെ നിയന്ത്രണത്തിലുള്ള കുറ്റികാട്ടിൽ നിന്നും ഒരു പെൺപട്ടിയെ കടത്തിക്കൊണ്ടു വരിക എന്നത് റാവുത്തരുടെ വിയറ്റ്നാം കോളനിയിൽ നിന്നും ഒരു പെൺകുട്ടിയെ കടത്തുന്നതിനേക്കാൾ പാടാ .., ഗിരിയുടെ കൈ ഡോബർമാൻ കടിച്ചുപറിച്ചു കളഞ്ഞു . അതുകൊണ്ടു പൈസ തിരിച്ചുതരില്ല , ഗിരിക്ക് റാബിസിനുള്ള കുത്തിവെപ്പ് എടുക്കണം അതുകൊണ്ടാ . വീട്ടിലെ ലാൻഡ്‌ഫോണിനു എക്സ്റ്റൻഷൻ ഉള്ളതുകൊണ്ട് ഞാനും സെൽവനും തമ്മിലുള്ള സംഭാഷണം അച്ഛൻ കേൾക്കുന്നുണ്ടായിരുന്നു .
പിറ്റേന്ന് കാലത്ത് ഹരിയുടെ ട്രാവലറിൽ ചീട്ടുകളി കമ്പിനിയിലെ നാലുപേരും അച്ഛനും കൂടി മിക്കിയെ കണ്ടുപിടിക്കാൻ എറണാകുളത്തിനുപോയി എന്ന് ഹരിയുടെ പെങ്ങൾ ഫോണിൽ വിളിച്ചു പറയുമ്പോളാണ് ഞാൻ അറിയുന്നത്.
പിന്നീട് എറണാകുളത്തു നടന്ന കാര്യങ്ങൾ ഹരി പറഞ്ഞാണ് ഞാൻ അറിയുന്നത് . ഹരി ട്രാവലർ എയർ പോർട്ടിനു സമീപമുള്ള കുറ്റികാടിനു സമീപം നിർത്തുന്നു . ആരും ട്രാവലറിൽ നിന്നും ഇറങ്ങുന്നില്ല . ട്രാവലറിൽ ഇരുന്നു തന്നെ അച്ഛൻ മിക്കിയെ വിളിക്കുന്നു . അച്ഛൻ്റെ ശബ്ദം കേൾക്കേണ്ട താമസം മിക്കി കുറ്റികാട്ടിൽ എവിടെയോ നിന്ന് പാഞ്ഞു ട്രാവലറിന് സമീപം എത്തി . മിക്കി വന്നതിനുപുറകേ രണ്ടു ഡോബർമാൻ നായകളും എത്തി . ചീട്ടുകളി കമ്പിനിയിലെ ഒരുവൻ ഇറച്ചിയിൽ എന്തോ മരുന്ന് പുരട്ടി നായകൾക്കു ഇട്ടു കൊടുത്തു .ഡോബർമാനുകളും മിക്കിയും ഇറച്ചി തിന്നു തീർത്തു . നിമിഷങ്ങൾക്കുള്ളിൽ മൂന്ന് നായകളും മയങ്ങി വീണു . ചീട്ടുകളി കമ്പിനി മിക്കിയെ ട്രാവലറിലേയ്ക്ക് ഇടാൻ ഇറങ്ങിയ കൂട്ടത്തിൽ രണ്ടു ഡോബർമാൻ നായകളെയും ട്രവലറിൽ എടുത്തിട്ടു . പട്ടികൾ മയക്കം വിട്ടു ഉണരുന്നതിനു മുൻപ് അവർ ഡോബർമാൻ നായകളുടെ കാലുകൾ ബന്ധിച്ചിരുന്നു . അങ്ങനെ നാട് കടത്തപെട്ട മിക്കിയുടെ കൂടെ രണ്ടു ഡോബർമാൻ നായകളും നാട്ടിലെ കള്ളു ഷാപ്പിനു മുന്നിൽ ലാൻഡ് ചെയ്തു. ഡോബർമാൻ നായകളെ നല്ല വിലയ്ക്ക് തന്നെ ചീട്ടുകളി കമ്പിനി കണിച്ചുകുളങ്ങരയിലുള്ള ഒരു മുതലാളിക്കു വിറ്റു .
പക്ഷെ അണിയറയിൽ ചീട്ടുകളി കമ്പിനി ഞങ്ങളെ ഞെട്ടിക്കുന്ന ഒരു സംഭവം തയാറാക്കി കൊണ്ടിരിക്കുകയായിരുന്നു . " ഒരു ഫ്ളക്സ് ബോർഡ് ". പിറ്റേന്ന് രാവിലെ ഒരു ഫ്ളക്സ് ബോർഡ് കള്ളു ഷാപ്പിനു മുന്നിൽ ഉയർന്നു. മിക്കിയുടെ ഫോട്ടോ വെച്ചിറക്കിയ ആ ഫ്ളക്സ് ബോർഡിലെ വാചകങ്ങൾ വായിച്ചു ഞാനും ഹരിയും ചിരിച്ചു മറഞ്ഞു . ഫ്രണ്ട്‌സ് എന്ന സിനിമയിൽ വീപ്പയിൽ വീണ ജനാർദ്ദനനെ കണ്ടു ശ്രീനിവാസൻ ചിരിക്കുന്നതുപോലെ ഹരിക്കു ചിരി നിർത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല.
"എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു ഷാപ്പിൻ്റെ ഓമന മകളായി തിരിച്ചുവന്ന മിക്കി എന്ന വീരനായിക ഇനി ലേഡി ബോണ്ട് -007 എന്ന പേരിൽ അറിയപ്പെടും . ദയവായി ഈ പട്ടിയെ ഇനിയാരും മിക്കി എന്ന് വിളിക്കരുത് - ലേഡി ബോണ്ട്-007 എന്ന് തന്നെ വിളിക്കുക " ഇതായിരുന്നു ഫ്ലെക്സിൽ അച്ചടിച്ച വാചകങ്ങൾ .
മൂന്നാറിൽ സുഖമായി വാഴുന്ന റാറ്റ് 05 നെ ഓർക്കാൻ നമുക്കൊരു ലേഡി ബോണ്ട് 007 ഉണ്ടല്ലോ എന്ന് പറഞ്ഞു ഹരി വീണ്ടും ചിരി തുടങ്ങി .
പണ്ട് രാജാ കേശവദാസ് ആലുവ പുഴയുടെ തീരത്തു വെച്ചു നടന്ന യുദ്ധത്തിൽ ടിപ്പുവിനെ(ടിപ്പു സുൽത്താൻ) തുരത്തിയോടിച്ച ശേഷം ഒരു പ്രഖ്യപനം നടത്തി. - " ഞാൻ എൻ്റെ വളർത്തു പട്ടിയുടെ പേര് ടിപ്പു എന്ന് പുനർനാമകരണം ചെയ്യുന്നു . ഇനി മുതൽ എൻ്റെ പട്ടി ടിപ്പു എന്ന പേരിൽ അറിയപ്പെടും " ഇതായിരുന്നു ആ പ്രഖ്യപനം. തങ്ങളുടെ പ്രിയപ്പെട്ട പടനായകൻ്റെ പ്രഖ്യപനം സൈനികർക്കെല്ലാം പ്രചോദനമായി . എല്ലാ സൈനികരും തങ്ങളുടെ വീടുകളിലെ പട്ടികളുടെ പേര് ടിപ്പു എന്നാക്കി കളഞ്ഞു . സൈനികരുടെ ഈ പ്രവർത്തി സൈനികരുടെ അയൽവാസികൾക്ക് പ്രചോദനമായി. അയൽ വാസികൾ മുഴുവൻ തങ്ങളുടെ വളർത്തുപട്ടിക്ക് ടിപ്പു എന്ന് പുനർ നാമം ചെയ്തു കളഞ്ഞു . ഞാൻ പറഞ്ഞ കാര്യം കള്ളമല്ല , നിങ്ങൾ ഒരു ഗവേഷണം നടത്തിനോക്കു, പണ്ടത്തെ തിരുവിതാംകൂർ ദേശം ഉൾപ്പെടുന്ന പ്രദേശത്തുള്ള പട്ടികൾക്ക് ഇപ്പോഴും ടിപ്പു എന്ന് തന്നെയാണ് പേര് .
കള്ളു ഷാപ്പിനു മുന്നിൽ പൊങ്ങിയ മിക്കിയുടെ ഫ്ളക്സ് ബോർഡിലെ വാചകങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നാട്ടിലെ പെൺ പട്ടികളുടെയെല്ലാം പേര് " ലേഡി ബോണ്ട് -007 " എന്നാക്കി മാറ്റി കളയുമോ എന്ന എൻ്റെ പറച്ചിൽ കേട്ട് ഹരി വീണ്ടും ചിരി തുടങ്ങി .
ഹരിയുടെ ചിരിയുടെ ഒച്ചയ്ക്ക് ഇടയ്ക്കിടയ്ക്ക് വരുന്ന ഏറ്റകുറച്ചിലുകൾ മൂലം സൃഷ്ടിക്കപ്പെട്ട തമാശകൾ എന്നെ വീണ്ടും വീണ്ടും ചിരിപ്പിച്ചു കൊണ്ടിരുന്നു .
-------sanil kannoth --------
കഥയിലെ ഞാനും കഥാപാത്രങ്ങളും സങ്കല്പികമാണ് .
.
No comments:
Post a Comment