ദിവാൻ ശ്രീ : രാജാകേശവദാസ്

 രാജാകേശവദാസ് 

-----an untold story ------------
" It is the beginning of never-ending stories.  "
---------------------------------

വർഷങ്ങൾ മുൻപാണ് , മൂവി ക്യാമറ എൻ്റെ കൈകളുമായി  ഇണങ്ങി വരുന്ന സമയം, അത്യാവശ്യം എഡിറ്റിംഗ് കൂടി പഠിച്ചുകഴിഞ്ഞപ്പോൾ ക്രീയേറ്റീവ് ആയി എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ആഗ്രഹം കലശലായി . ആ ആഗ്രഹം ചെന്നു നിന്നത് കുട്ടനാടിനെ കുറിച്ച് ഒരു ഡോക്യുമെൻ്റെറി ചെയ്യുക എന്ന തീരുമാനത്തിലായിരുന്നു . ഡോക്യുമെൻ്റെറി തയ്യാറാക്കാൻ ഞാൻ കുട്ടനാടിനെ കുറിച്ച് ദീർഘമായ പഠനത്തിൽ ഏർപ്പെട്ടു  . ആ പഠനം രാജാ കേശവദാസ് എന്ന തിരുവിതാംകൂർ ദിവാനായിരുന്ന വ്യക്തിയിൽ കേന്ദ്രീകരിക്കപ്പെടുകയായിരുന്നു .

വെറും ഒരു കണക്കപിള്ളയായി തിരുവിതാംകൂർ രാജ്യത്തുവന്നു രാജാവിൻ്റെയും ജനങ്ങളുടെയും അഭിമാനമായി മാറി, രാജ്യത്തെ ഏറ്റവും ഉയർന്ന പദവിയായ ദിവാൻ  പട്ടം വരെ സ്വന്തമാക്കി , അവസാനം സ്നേഹബഹുമതികളോ രാജ്യം നൽകേണ്ടിയിരുന്ന ആദരസൂചക ബഹുമതികളോ ഒന്നും കിട്ടാതെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന 
രാജാകേശവദാസിൻ്റെ ജീവിതകഥ കരളലിയിപ്പിക്കുന്നതാണ്‌ .
ആത്മഹത്യയോ ? അതോ കൊലപാതകമോ ?... ആരും അനേഷിച്ചില്ല !

കുളച്ചിൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ തടവിലാക്കി പിന്നീട് തിരുവിതാംകൂറിലെ വലിയ കപ്പിത്താനായി  മാറിയ ഡച്ച് നാവികൻ ഡിനലോയിയും(Eustachius Benedictus de Lannoy [1741 Aug 10  to  1777 june 1 ] ) രാജാകേശവദാസും  ഇല്ലായിരുന്നു എങ്കിൽ ടിപ്പുവിൻ്റെ പട തിരുവിതാംകൂർ ദേശത്തും  ഇരച്ചു കയറിയേനേ . (1790 Dec 7 to Dec 12) 

യുദ്ധതന്ത്രം ഇതായിരുന്നു : -     രാജാകേശവദാസിൻ്റെ  നേതൃത്വത്തിൽ 40 ചാവേറുകൾ തിരുവിതാംകൂർ അതിർത്തിയായ ആലുവ പുഴയുടെ തീരത്തു വെച്ച് ടിപ്പുവിനെ തടയുക . അവിടെ കേശവദാസ് പരാജയപ്പെട്ടാൽ ആലപ്പുഴ കടന്ന് ടിപ്പുവിൻ്റെ സൈന്യം തെക്കോട്ട് കടക്കാത്ത വിധത്തിൽ കുട്ടനാട്ടിലേയും ആലപ്പുഴയിലെയും ചതുപ്പു നിലങ്ങളിലിട്ട് ഡച്ചു നാവികനായ ഡിനലോയിആവിഷ്കരിച്ചു വെച്ചിരുന്ന യുദ്ധതന്ത്രത്തിലൂടെ  ടിപ്പുവിനെ വെട്ടി കൊല്ലുക.  അതിനായി ഡിനലോയി ആവിഷ്കരിച്ച യുദ്ധതന്ത്രം ലോകത്തിലെ മറ്റു രാജ്യങ്ങളിലെ യുദ്ധതന്ത്രങ്ങളേക്കാൾ മികവുറ്റതായിരുന്നു . ടിപ്പു കടന്നുവരുവാൻ സാധ്യതയുള്ള വഴികളിലെല്ലാം കാട്ടാനകളെ പിടിക്കുന്ന തരത്തിലുള്ള വലിയ വാരി കുഴികൾ ഉണ്ടാക്കി . ആലപ്പുഴയിലെ കനാലുകൾ മുഴുവൻ ചതികുഴികളാക്കി  രൂപമാറ്റം വരുത്തി . 
ചതിക്കുഴിയിൽ വീഴുന്ന ടിപ്പുവിൻ്റെ സൈന്യത്തെ സമനില വീണ്ടെടുക്കാൻ അനുവദിക്കുന്നതിനു മുൻപ് ചിതറിച്ചു ഓടിക്കുക . ഭൂമിശാസ്ത്രം അറിയാതെ ഓടുന്ന സൈനികരെ കുട്ടനാട്ടിലെ ചതുപ്പുനിലങ്ങളിലേയ്ക്ക് ഓടിച്ചുകയറ്റി വഴി തെറ്റിക്കുക. പതിയിരുന്നാക്രമിച്ചു കൊലപ്പെടുത്തുക . " സൈന്യത്തെ ചിതറിപ്പിച്ച ശേഷം വെട്ടിക്കൊല്ലുന്ന യുദ്ധ തന്ത്രം ".

പക്ഷെ അതിൻ്റെ ആവശ്യം ഉണ്ടായില്ല , സ്വയം ചാവേറാകാൻ തയ്യാറായി 40 പടയാളികൾക്കൊപ്പം യുദ്ധമുഖത്തേയ്‌ക്ക്‌ പോയ കേശവദാസ് തന്നെ ടിപ്പുവിനെ തുരത്തി .  ടിപ്പുവിൻ്റെ സൈന്യം ആലുവ പുഴ കടക്കുന്ന സമയം പുഴയിൽ വലിയൊരു വെള്ളപൊക്കം ഉണ്ടായി . രാജാ  കേശവദാസ് ഏർപ്പാടാക്കിയ മലയരയന്മാർ തടയണ കെട്ടി നിർത്തിയ വെള്ളത്തെ തുറന്നു വിടുകയായിരുന്നു. ടിപ്പുവിൻ്റെ പടയും പടക്കോപ്പുകളും കുതിരകളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ടിപ്പുവിന് മൈസൂരിലേക്ക് മടങ്ങേണ്ടി വന്നു. പൂർവാധികം ശക്തനായി തിരിച്ചുവരും എന്നു പ്രഖ്യാപിച്ചുകൊണ്ട് ടിപ്പു മടങ്ങി . 

യുദ്ധം ജയിച്ചു തിരുവിതാംകൂർ രാജ്യത്തുചെന്ന കേശവദാസിനും പടയാളികൾക്കും രാജകീയ സ്വീകരണം തന്നെ ലഭിച്ചു. രാജാകേശവദാസ് എല്ലാ ജനങ്ങൾക്കും സ്വീകാര്യനായ വ്യക്തിയായി മാറി. രാജാവിന് തൊട്ടു താഴെയുള്ള പ്രഥമ പൗരനിലേയ്ക്ക് ദിവാൻ പട്ടം നൽകികൊണ്ട് രാജാവ് കേശവദാസിൻ്റെ കഴിവിനെ അംഗീകരിച്ചു. ദിവാൻ ആയി സ്ഥാനക്കയറ്റം കിട്ടിയിട്ടും കേശവദാസ് സർവ്വ സൈന്യാധിപനായി തന്നെ നിലകൊണ്ടു സൈനിക തന്ത്രങ്ങൾ ആവിഷ്കരിച്ചുകൊണ്ടിരുന്നു. ടിപ്പു തിരിച്ചുവരും എന്നുതന്നെ കേശവദാസ് ഉറച്ചു വിശ്വസിച്ചു. ലിനനോയി ആവിഷ്കരിച്ചുവെച്ചിരുന്ന തന്ത്രങ്ങൾ കൂടാതെ കേശവദാസും പുതിയ തന്ത്രങ്ങൾ മെനഞ്ഞു. 

ആലപ്പുഴയെ തിരുവിതാം കൂറിൻ്റെ പ്രധാന സൈനിക കേന്ദ്രമാക്കി മാറ്റാൻ രഹസ്യ ധാരണയായി. ഒരുപാടു ചതുപ്പുനിലങ്ങളും ആറുകളും കായലുകളും ഉള്ള ആലപ്പുഴയുടെ അതിർത്തി മറികടന്ന് ഒരു ശത്രുവും തിരുവിതാംകൂറിൽ പ്രവേശിക്കാൻ സാധിക്കാത്ത വിധത്തിലുള്ള സൈനിക താവളമായി ആലപ്പുഴയെ കേശവദാസ് മാറ്റിയെടുത്തു. അതും വളരെ രഹസ്യമായി. പുറമേയ്ക്ക് ആലപ്പുഴ തിരുവിതാംകൂർ രാജ്യത്തിൻ്റെ വാണിജ്യതലസ്ഥാനമായി തന്നെ അറിയപ്പെട്ടു തുടങ്ങി. 

ഒരുപാടു ചതുപ്പുകളുള്ള യുദ്ധസമയത്തു കിടങ്ങുകൾ വേഗത്തിൽ തീർക്കാൻ സാധ്യതയുള്ള ഒരു പ്രദേശത്തെ കിടങ്ങുകളുടെ അറയാക്കി മാറ്റി . ആ പ്രദേശം ഇപ്പോൾ കിടങ്ങറ എന്നപേരിൽ അറിയപ്പെടുന്നു. (പ്രായം ചെന്ന ഒരു മാന്യ വ്യക്തി പറഞ്ഞുതന്ന അറിവാണ് ). കൂടാതെ ഇതിനടുത്തുള്ള പ്രദേശത്തെ കായൽ മടകെട്ടി തിരിച്ചു വെള്ളം പറ്റിച്ചു അതിനുള്ളിൽ ഒഴുകി നടക്കുന്ന ഒരു ചലിക്കുന്ന കൊട്ടാരം പണിയുന്നതിനും കേശവദാസും ലിനനോയിയുടെ കൂടെ തടവിലാക്കി പിന്നീട് തിരുവിതാംകൂർ സൈന്യത്തിൻ്റെ ഭാഗമായ സൈനികനും കൂടി പദ്ധതി തയ്യാറാക്കിയിരുന്നു. യുദ്ധസമയത്തു ഇതാണ് തിരുവിതാംകൂർ എന്നരീതിയിൽ ടിപ്പുവിനെ തെറ്റിദ്ധരിപ്പിക്കുക. യുദ്ധസമയത്തു കൊട്ടാരത്തിലേയ്ക്ക് ഇരച്ചുകയറുന്ന ടിപ്പുവിൻ്റെ സൈന്യത്തെ മടപൊട്ടിച്ചു വെള്ളപൊക്കമുണ്ടാക്കി വെള്ളത്തിലിട്ടു വെട്ടിക്കൊല്ലുന്ന യുദ്ധതന്ത്രം കേശവദാസ് തയ്യാറാക്കി വെച്ചു.

പക്ഷെ തയ്യാറാക്കി വെച്ച മിഷൻ ഒന്നും തന്നെ പ്രാവർത്തികമാക്കേണ്ടി വന്നില്ല. 1799 മെയ് 4 ന് ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ ടിപ്പു എന്ന ധീരനായ പോരാളി വീരചരമം പുൽകി. പതുക്കെ ആലപ്പുഴ വാണിജ്യ തലസ്ഥാനമായി മാറിത്തുടങ്ങി . ബാക്കി ചരിത്രത്തിലുണ്ട്. ചരിത്രം ചിലപ്പോൾ നിഗൂഢമാണ്, ചിലപ്പോൾ രസകരമാണ്, ചിലപ്പോൾ ശുദ്ധ അസബന്ധമാണ്. മുകളിൽ സൂചിപ്പിച്ചതൊക്കെ ശുദ്ധഅസബന്ധമാണ് എന്നരീതിയിൽ ആരെങ്കിലും പറഞ്ഞാൽ തെളിവുകൾ നിരത്തി സമർഥിക്കാൻ എനിക്ക് കഴിയില്ല. നിങ്ങൾ പറഞ്ഞതും അംഗീകരിക്കാനേ എനിക്ക് കഴിയൂ . ഞാൻ ഗവേഷണം നടത്തിയ തിരുവിതാംകൂർ ചരിത്ര ഗ്രന്ഥങ്ങളിലൊന്നും ഇതിനെ പറ്റി സൂചനകളില്ല. പക്ഷെ വാ മൊഴിയായി ഈ കഥകൾ പാടി നടക്കുന്നവർ ഇപ്പോഴും ആലപ്പുഴയിലും കന്യാകുമാരിയിലും ഉണ്ട്. അവർ എനിക്കായി പകർന്നു നൽകിയ കഥകൂട്ടുകളും  കൂടി ചേർന്നപ്പോൾ ഈ സംഭവം സിനിമയ്ക്ക് പറ്റുന്ന നല്ലൊരു തിരക്കഥയായി മാറി. ആ കഥ പറയാൻ ഞാൻ സംവിധായകനെ കാണാൻ പോയി. അത് ഇതിനേക്കാൾ രസമുള്ള ഒരു സംഗതിയായിരുന്നു . .

2

ഞാൻ സംവിധായകനോട് കഥ പറഞ്ഞു. കഥ കേട്ട ശേഷം അദ്ദേഹം പറഞ്ഞു .

ടിപ്പുവിനെ മൈസൂർ വെച്ച് നടന്ന യുദ്ധത്തിൽ ബ്രിട്ടീഷുകാർ കൊന്നു എന്നകാര്യം ചരിത്രം വായിച്ച എല്ലാവർക്കും അറിയാം. അങ്ങനെയൊരു ചരിത്ര സംഭവത്തിൻ്റെ ഗതിയെ തന്നെ മാറ്റിമറിച്ചുകൊണ്ട് ടിപ്പുവിനെ ആലപ്പുഴയിലെ കായൽ നിലങ്ങളിലിട്ട് വെട്ടിക്കൊന്നു എന്ന രീതിയിൽ കഥപറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ല. നിൻ്റെ കഥപറച്ചിൽ രീതി നല്ലതാണ്. ഇതിനേക്കാൾ നന്നായി ഈ കഥ പറയാനും പറ്റില്ല. പക്ഷെ നീ എഴുതിവെച്ചിരിക്കുന്ന ഫ്രയിമുകൾ സൃഷ്‌ടിച്ചെടുക്കാൻ വേണ്ടി വരുന്ന ഭീമമായ ചിലവ്, സിനിമ ഒരു കച്ചവടമാണ്. ഇത് വിറ്റുപോയില്ല എങ്കിൽ എല്ലാവരും പണി മേടിക്കും.
ഒരുപാടു നഷ്ട്ടം വരുത്തിയ സിനിമയുടെ കഥാകൃത്തെന്ന പേര് ആദ്യം തന്നെ നിൻ്റെ പേരിൽ ചാർത്തി കിട്ടണോ ? സംവിധായകൻ വളരെ പരുക്കൻ രീതിയിൽ തന്നെയാണ് എന്നോട് സംസാരിച്ചത്. 

ഞാൻ പറഞ്ഞു :- വേണ്ട!

ഈ കഥ ജനങ്ങൾ സ്വീകരിക്കും . ജനങ്ങൾ വിശ്വസിക്കുന്ന രീതിയിൽ നീ കഥയെ മാറ്റിയെടുത്താൽ . ഏതു രീതിയിൽ മാറ്റണം എന്നൊന്നും ചോദിക്കരുത്. വിശ്വസിക്കുന്ന രീതിയിൽ കഥ മാറ്റികൊണ്ടുവന്നാൽ തീർച്ചയായും ഞാൻ കേൾക്കാം.

ഞാൻ സംവിധായകൻ്റെ അപ്പാർട്മെന്റിൽ നിന്നും ഇറങ്ങി ലിഫ്റ്റിനടുത്തെത്തുമ്പോൾ ഒരു വൃദ്ധനും സ്ത്രീയും ലിഫ്റ്റ് വെയിറ്റ് ചെയ്തു നിക്കുന്നുണ്ടായിരുന്നു. വൃദ്ധൻ എന്നെ അടിമുടിയൊന്നു നോക്കി , പിന്നെ ഉറക്കെയുള്ള ആത്മഗതമാണ്.

വൃദ്ധൻ : ങ് ..., അങ്ങനെ അയിത്തം തിരിച്ചുകൊണ്ടുവന്ന കൊറോണയ്ക്കു നന്ദി. പണ്ടുകാലത്തു അയിത്താചാരം നിർത്തലാക്കാൻ എന്തൊക്കെ പ്രക്ഷോഭങ്ങളാ ഈ കൊശവന്മാർ നടത്തിയത് .

സ്ത്രീ : (ദേഷ്യത്തിൽ) ഒന്ന് മിണ്ടാതിരിക്..അച്ഛാ, മറ്റുള്ളവർ അടുത്തുണ്ട് എന്ന ബോധം പോലുമില്ല.(എന്നെ നോക്കി) സോറി ..സോറി അച്ഛന് ന്യൂറോയുടെ അസുഖം തുടങ്ങിയതിൽ പിന്നെ ഇങ്ങനാ, എപ്പോഴും പഴയ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കും.

അതിശക്തമായി പ്രതികരിക്കാനാണ് എനിക്കപ്പോൾ തോന്നിയത്. ആ സമയം 
മനസ്സ് പ്രക്ഷുബ്ധമായി പലതരം സങ്കീർണ്ണതകളിലൂടെ കടന്നുപോയി. അതിൻ്റെ പ്രതിഫലനം എൻ്റെ മുഖത്തും പ്രകടമായി. അതു കണ്ടിട്ടാകാം ആ സ്ത്രീ വീണ്ടും എന്നോട് സോറി പറഞ്ഞുകൊണ്ടിരുന്നു.

വൃദ്ധനെ ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ചു. വൃദ്ധന് ഏകദേശം 80 വയസ്സിനു മുകളിൽ പ്രായം കാണണം. അപ്പോൾ ഒരു 160 വർഷത്തെ ചരിത്രം വൃദ്ധമനസ്സിൽ പതിഞ്ഞു കിടപ്പുണ്ടാകും. എൻ്റെ രാജാ കേശവദാസ് എന്ന കഥയെ മുന്നോട്ടു കൊണ്ടുപോകാനുള്ള എന്തെങ്കിലും ലിങ്കുകൾ വൃദ്ധനിൽ നിന്നും കിട്ടാതിരിക്കില്ല.ഒരു പക്ഷെ വൃദ്ധനും ഒരു നിമിത്തമാകാം. ഇനി പരുഷമായി ഉറക്കെ ഒന്നും പറയരുത്, ഒരു ചെറു പുഞ്ചിരിയുമായി വൃദ്ധനെ കൈയിലെടുക്കണം. ഞാൻ തീരുമാനിച്ചു കഴിഞ്ഞു.

ഞങ്ങൾ ലിഫ്റ്റിൽ കയറി 

ഞാൻ : ഞാൻ അനിൽ മേനോൻ , തിരുവിതാം കൂർ രാജകുടുംബത്തിലെ സേതുലക്ഷ്മി ഭായിയുടെ തായ്‌വഴിയിൽ പെട്ട .........ആളുടെ മകളുടെ മകൻ്റെ മകനാ !

വൃദ്ധൻ്റെ മുഖത്ത് പെട്ടെന്നൊരു പ്രകാശം പരന്നു. കൊറോണയുടെ അകലം പോലും മറന്നുകൊണ്ട് അദ്ദേഹം എൻ്റെ രണ്ടു കൈകളും ചേർത്തു പിടിച്ചു.   പിന്നെ നടന്നത് വിശദമായ ഒരു പരിചയപ്പെടൽ ആയിരുന്നു. കേശവദാസിൻ്റെ പ്രേതം മനസ്സിൽ കയറികൂടിയതിൽ പിന്നെ തിരുവിതാംകൂർ രാജകുടുബ ചരിത്രം അരച്ചു കലക്കി കുടിച്ചുകൊണ്ടിരുന്ന എനിക്ക് വൃദ്ധനെയും സ്ത്രീയെയും കള്ളങ്ങൾ പറഞ്ഞു വിശ്വസിപ്പിക്കാൻ വലിയ പ്രയാസം ഉണ്ടായില്ല. 

വൃദ്ധൻ : സേതു പാർവതി ഭായിയെ പോലല്ലായിരുന്നു സേതു ലക്ഷ്മി ഭായി . അവർ ഒരുപാടു നവോത്ഥന ചിന്തകൾക്ക് ഉടമയായിരുന്നു.

ഞാൻ : എൻ്റെ അച്ഛൻ്റെ അമ്മ കല്യാണം കഴിച്ചത് ഒരു ക്രിസ്ത്യാനിയെയാ, അച്ഛൻ കല്യാണം കഴിച്ചത് നായർ സ്ത്രീയെ,  രാജാവായിരുന്ന ഞങ്ങളുടെ മുതുമുത്തശ്ശി ബാംഗ്ലൂർ വന്നശേഷം തൻ്റെ മക്കളെ എല്ലാവരെയും ഓരോ സ്വതന്ത്ര രാജ്യങ്ങൾ ആക്കി തന്നെ വളർത്തി. 

വൃദ്ധൻ്റെ മുഖത്തെ സന്തോഷം ഇല്ലാതാക്കുന്നത് ഞാൻ ശ്രദ്ധിച്ചു . ആ സ്ത്രീ എൻ്റെ നമ്പർ ചോദിക്കുന്നതിനുമുമ്പേ ഞാൻ അവരുടെ നമ്പർ എഴുതിവാങ്ങി.
വൃദ്ധൻ ആസ്റ്റർ മെഡിസിറ്റിയിൽ ചെക്കപ്പിന് ഇറങ്ങിയതായിരുന്നു. എന്നെ വൈറ്റില ഹബ്ബിൽ വിട്ടിട്ട് അവർ യാത്ര പറഞ്ഞുപോയി.

ഞാൻ ഹബ്ബിലേയ്ക്ക് നടന്നു. ഒരുപാടു നുണകൾ പറഞ്ഞു വൃദ്ധനെ പറ്റിച്ചതിലും വൃദ്ധൻ്റെ ഒരു കോടിക്ക് മുകളിൽ വില വരുന്ന ആഡംബര കാറിൽ എനിക്ക് ലിഫ്റ്റ് തരുന്ന രീതിയിൽ ആ ബന്ധത്തെ വളർത്തിയതിലും എനിക്ക് തെല്ലും കുറ്റബോധം തോന്നിയില്ല. കോറോണയെ അയിത്തം തിരിച്ചുകൊണ്ടുവന്നതിനോട് ഉപമിച്ച വൃദ്ധനോടുള്ള എൻ്റെ മധുര പ്രതികാരം തന്നെയായിരുന്നു ആ നുണപറച്ചിൽ. ഞാൻ മൊബൈലിൽ അനിൽ മേനോൻ എന്ന എൻ്റെ സുഹൃത്തിനെ വിളിച്ചു. അനിൽ പെട്ടെന്ന് തന്നെ ഫോണെടുത്തു.

അനിൽ :  പറ മൊതലാളി, ഒരു കാര്യവും ഇല്ലാതെ മൊതലാളി വിളിക്കില്ലല്ലോ?

"മൊതലാളി" എന്ന വിളി കേട്ടപ്പോൾ വായിൽ ആദ്യം വന്നത് നല്ല തെറിയാണ്, എങ്കിലും ഞാനതു വിഴുങ്ങി.

ഞാൻ :-  നീ "മുതലാളി " എന്ന വാക്കിൻ്റെ അർത്ഥം മാറ്റണം എന്നു പറഞ്ഞുകൊണ്ട് ഗസറ്റിൽ ഒരു വിഞ്ജാപനം കൊടുക്കാൻ പോകുന്നു എന്നകാര്യം ശരിയാണോ ?

അനിൽ :-  (കൺഫ്യൂഷൻ) അതെന്താ നീ അങ്ങനെ ചോദിച്ചത് ?

അതിനു നീ ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ട കാര്യമില്ല , എന്നെപോലുള്ളവരെ  മുതലാളി..മുതലാളി എന്നുതന്നെ എപ്പോഴും വിളിച്ചാൽ മതി. മുതലാളി എന്ന വാക്കിൻ്റെ അർഥം തനിയെ മാറിക്കോളും .

അനിൽ :-  ഓ..എനിക്കിപ്പോഴാ കത്തിയത് .

എന്നെ മുതലാളി എന്നുവിളിച്ചാൽ യഥാർത്ഥ മുതലാളിയെ നീ എന്തുവിളിക്കും? ദരിദ്രവാസി എന്നോ ?.  

അനിൽ :-  അല്ല നീ ആലോചിച്ചുനോക്ക് ...നമ്മൾ പഠിക്കുന്ന കാലത്തു പൊളി സിനിമ എന്നുപറഞ്ഞാൽ ചീത്ത സിനിമ എന്നല്ലായിരുന്നോ അർഥം . ഇപ്പോൾ പൊളി സിനിമ എന്നുപറഞ്ഞാൽ സൂപ്പർ ഹിറ്റ് സിനിമ എന്നല്ലേ  അർത്ഥമാക്കുന്നത് . അതുപോലെ പൊളി ലുക്ക് ,പൊളി വണ്ടി , പൊളി സാധനം . എല്ലാം നല്ല സാധനം എന്നുതന്നെയല്ലേ  അർത്ഥമാക്കുന്നത് . അതുപോലെ കുറേനാൾ കഴിയുമ്പോൾ ദരിദ്രവാസി എന്നുപറഞ്ഞാൽ കോടീശ്വരൻ എന്നാകും അർഥം .

അപ്പോൾ എന്നെ മുതലാളി എന്ന് നീ ആക്കി വിളിച്ചതാണല്ലേ ?

അവനു കൂടുതൽ കത്തി വയ്ക്കാൻ അവസരം കൊടുക്കാതെ ഞാൻ കാര്യം പറഞ്ഞു.  കൊറോണ അയിത്തത്തിൻ്റെ കാര്യം പറഞ്ഞപ്പോൾ വൃദ്ധനെ കെട്ടിപിടിച്ചു അഞ്ചു മിനിറ്റ് നീണ്ടുനിക്കുന്ന ഫ്രഞ്ച് കിസ്സ് കൊടുക്കാതിരുന്നതിന് അവൻ എന്നോട് ദേഷ്യപ്പെട്ടു . ഞാൻ വൃദ്ധനെ വീണ്ടും ബന്ധപ്പെടാനുള്ള പദ്ധതി അനിലിനോടു വിശദീകരിച്ചുകൊണ്ട്‌ ആലപ്പുഴയ്ക്കുള്ള ബസ്സിൽ കയറിപറ്റി .

വീട്ടിൽ വന്ന ഞാൻ കഥ പൊളിച്ചെഴുതാൻ തന്നെ തീരുമാനിച്ചു . എഴുതിക്കൊണ്ടിരുന്ന പെർഫ്യൂം സെല്ലർ എന്ന കഥ ഞാൻ മാറ്റിവച്ചു . രാജാ കേശവദാസിൻ്റെ പ്രേതം വീണ്ടും എന്നിൽ കയറിക്കൂടി .പക്ഷെ എങ്ങനെ മാറ്റി എഴുതും . ചിന്തകൾ മാറിപ്പോകുന്നു എന്നുതോന്നിയപ്പോൾ പല വാട്ട്അപ്പ് ഗ്രൂപ്പുകളിൽ നിന്നും ഫെയ്‌സ് ബുക്കിൽ നിന്നും ഞാൻ എക്സിറ്റ് ആയി. പലരീതിയിൽ മാറ്റി എഴുതിയിട്ടും തൃപ്‌തി വരാതെ ഇരുന്ന സമയത്താണ് പമേല ലോത് സ്പിക്കിൻ്റെ (Pamela Lothspeich) നവപുരാണ സാഹിത്യത്തെ( Neo- Puranik Literature) കുറിച്ചുള്ള ഒരു ആർട്ടികൾ വായിക്കുന്നത്. നവപുരാണ സാഹിത്യത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട ഞാൻ രാജാകേശവദാസ് എന്ന കഥയെ ആ രീതിയിൽ തന്നെ മാറ്റിയെഴുതാൻ തീരുമാനിച്ചു. അതായത് റിയലിസത്തിൻ്റെയും ചരിത്രപരമായ യുക്തിബോധത്തിൻ്റെയും ഇടയിലൂടെയുള്ള ഒരു സഞ്ചാരം. ലളിതമായി പറഞ്ഞാൽ ഒരു പുരാണ കഥാസന്ദർഭത്തെ സമകാലീന കഥാസന്ദർഭവുമായി കൂട്ടിയിണക്കി കഥ പറയുന്ന രീതി. എന്നാൽ രണ്ട്‌ കഥാ സന്ദർഭങ്ങളും തമ്മിൽ ഒരിക്കലും ചേർന്ന് നിക്കുന്നില്ല .

മാറ്റിയെഴുതിയ ഇരുപതോളം സീനുകൾ ഞാൻ സംവിധായകന് അയച്ചു. പിറ്റേദിവസം തന്നെ അദ്ദേഹം മറുപടി ഇട്ടു.  " ഈ രീതിയിൽ തന്നെ മുന്നോട്ടു പോകുക". നല്ല രീതിയിൽ എഴുത്തു മുന്നോട്ടു പോകുന്ന സമയത്താണ് അമ്മയുടെ നാട്ടിൽ ഒരു വ്യക്തി ആത്മഹത്യ ചെയ്തത്. മരിച്ച വെക്തിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഞാനും അമ്മയും കൂടി യാത്രയായി. തിരക്കുകൾക്കിടയ്ക്ക് മരിച്ച ആളുടെ ഭൗതിക ശരീരം നോക്കി നിന്ന എനിക്ക് രാജാ കേശവദാസ് മരിച്ചുകിടക്കുന്നതായാണ് തോന്നിയത്. 

മരിച്ച വീടുകൾ സന്ദർശിക്കുമ്പോൾ മരിച്ച ആളുടെ ബന്ധുക്കൾ അബോധാവസ്ഥയിൽ കരച്ചിലിനിടയിൽ നടത്തുന്ന ചില പറച്ചിലുകൾക്ക് എപ്പോഴും ഞാൻ കാതോർക്കുമായിരുന്നു. ഇവിടെ മരിച്ച വെക്തിയുടെ ഭൗതിക ശരീരം നോക്കി നിന്ന എനിക്ക് ആരും പറയുന്നത് കേൾക്കാൻ സാധിച്ചില്ല. എൻ്റെ കണ്ണിൽ ഇരുട്ട് വന്നു മൂടി. ആരോടും ഒന്നും പറയാതെ ഞാനവിടെ നിന്നും ഇറങ്ങി. പാടത്തിനു നടുവിലൂടെയുള്ള വഴിയിലൂടെ നടന്നു നടപ്പാലവും കടന്നുഞാൻ റോഡിലെത്തി . കത്തുന്ന വെയിലിൽ പാടത്തുകൂടി നടന്നതിനാൽ കാർ സ്റ്റാർട്ട് ചെയ്തു AC ഓൺ ആക്കി . ആ സമയം കാറിലെ FM റേഡിയോയും കൂടി ഓൺ ആയി.  റേഡിയോയിൽ നിന്നും കേട്ട കൃത്രിമഭാഷയിൽ സംസാരിക്കുന്ന ആ  റേഡിയോ ജോക്കിയുടെ ശബ്ദം എന്നെ അത്ഭുതപ്പെടുത്തികളഞ്ഞു. 

"ഞാനിപ്പോൾ നിക്കുന്നത് വള്ളം കളിയുടെ നാടായ ആലപ്പുഴയിലാണ്. രാജാ കേശവദാസിൻ്റെ സ്വന്തം ആലപ്പുഴയിൽ, ആലപ്പുഴ പട്ടണത്തിൽ നിന്നുകൊണ്ട് അതിമധുര ഗാനങ്ങൾ വിളമ്പാൻ നിങ്ങളോടൊപ്പം ഞാൻ  R J ......" 

കഥയെഴുത്തിൻ്റെ മാനസികാവസ്ഥയിൽ ഇരുന്നതുകൊണ്ടാണോ  എനിക്കങ്ങനെ തോന്നിയത്. അതോ ആരോ കാണിച്ചുതന്ന അടയാളമായി ഈ സംഭവങ്ങളെ വിശകലനം ചെയ്യണോ ?. മരിച്ച വക്തിയെ പോലെ രാജ കേശവദാസും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നോ ആ കാഴ്ചയുടെ അർഥം ?. 

താൻ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച രാജ്യത്തിൻ്റെ ഒരുഭാഗം കൊച്ചി രാജ്യത്തിന് തീറെഴുതി കൊടുത്തിരിക്കുന്നു എന്ന കള്ള ഉടമ്പടിയുമായി പോയ ദൂതനെ പിടികൂടി തിരുവിതാംകൂർ രാജാവിന് മുന്നിലെത്തിച്ച രാജാകേശവദാസിനെ സംശയത്തിൻ്റെ  നിഴലിൽ നിർത്തിയ രാജാവിനെ നമ്മൾ എന്ത് പേരിട്ടു വിളിക്കണം. അവസാനം രാജ്യദ്രോഹിയായി മുദ്രകുത്തപെടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ തന്നെ ജീവനു തുല്യം സ്നേഹിച്ച മുൻ രാജാവിനോട് മാപ്പു പറഞ്ഞു കൊണ്ട് , യാതൊരു തെറ്റും ചെയ്യാത്ത തന്നെ അപമാനിച്ചവരെ ശിക്ഷിക്കേണ്ട ചുമതല പത്‌മനാഭ സ്വാമിയെ ഏല്പിച്ചു അഭിമാനിയായ ആ മനുഷ്യൻ സ്വയം ജീവൻ വെടിഞ്ഞു കൊണ്ട് യാത്രയായതാകാം .

മരിച്ച വെക്തിയുടെ സ്ഥാനത്തു രാജാകേശവദാസിനെ എനിക്ക് കാണിച്ചുതന്ന ആ കാഴ്ചയെ, കാറിൽ ഇരുന്നപ്പോൾ രാജാകേശവദാസിനെ വീണ്ടും കേൾപ്പിച്ച ആ റേഡിയോ ജോക്കിയെ , അതിനെ എന്തുപേരിട്ടു വിളിക്കണം ? 

എഴുത്തുകാർ ഇതിനെ പ്രചോദനം എന്നുതന്നെ വിളിക്കും . നിങ്ങൾ ഒരു ദൈവവിശ്വാസി ആണെങ്കിൽ ഇതിനെ എപ്പിഫാനിയായി (epiphany) അല്ലെങ്കിൽ ദൈവത്തിൽ ലയിച്ചുചേരുന്ന ഒരു പ്രതിഭാസമായി കണക്കാക്കാം . മനഃശാസ്ത്രജ്ഞൻ ഇതിനെ സൈക്കാഡിലിക് നിമിഷങ്ങൾ (psychedelic movement) എന്നുതന്നെ വിളിക്കും. ഞാൻ ഇതിനെ അദൃശ്യ ശക്തിയുടെ കടന്നുകയറ്റം എന്നുപറയും. പിന്നീടുള്ള എഴുത്തുസമയത്തു എൻ്റെ ബോധമണ്ഡലത്തെ സ്വാധീനിച്ചു കൊണ്ട്  എഴുത്തിനെ വഴിതിരിച്ചു വിടുന്ന ഏതോ അദൃശ്യ പ്രേരണ. 
----------------------------------

കൂടുതൽ വായനയ്ക്ക്
 https://eskaymedia.blogspot.com
  


 

















 











 






No comments:

Post a Comment