![]() |
ചേർത്തല ദേവി ക്ഷേത്രം താഴെയുള്ള ചിത്രത്തിൽ കാണുന്ന കരികൽ കുറ്റി മുകളിലെ ചിത്രമെടുക്കാൻ ക്യാമറ സെറ്റ് ചെയ്‌ത സ്ഥലത്തിന് സമീപം സ്ഥിതി ചെയ്യുന്നു. |
ചേർത്തല ദേവി ക്ഷേത്ര പരിസരത്തു ഇപ്പോഴും സ്ഥിതി ചെയ്യുന്ന ഒരു കരി കല്ലിൻ്റെ കുറ്റിയാണ് ചിത്രത്തിൽ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കരികല്ലിൽ തിരുവിതാംകൂർ രാജ്യത്തിൻ്റെ ശംഖ് മുദ്രയുടെ താഴെ രേഖപ്പെടുത്തിയിരിക്കുന്നത് "പൂരപ്പാട്ടതിരകം" എന്നാണ്. ചേർത്തല പൂരത്തോടനുബന്ധിച്ചു പൂരപ്പാട്ട് (തെറി പ്പാട്ട്) പാടുന്ന കലാകാരൻമാർക്ക് ഈ കല്ല് സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിൻ്റെ അതിർത്തി ഭേദിച്ച് അമ്പലത്തിനടുത്തു പൂരപ്പാട്ട് പാടുന്നതിന് അധികാരം ഇല്ലായിരുന്നു. അതായത് പൂരപ്പാട്ട് എന്ന കലാരൂപം അരങ്ങേറുന്ന സ്ഥലത്തിൻ്റെ അതിർത്തി ആയിരുന്നു "പൂരപ്പാട്ടതിരകം".
പൂരപ്പാട്ട് നിരോധനത്തിന് മുൻപുള്ള ചേർത്തല പൂരത്തിൻ്റെ പ്രസിദ്ധിക്ക് കാരണമായി തീർന്നത് പൂരത്തിന് മൂന്നുനാൾ വിശാലമായ പൂര തെരുവിൽ പാടുന്ന തെറി പാട്ടായിരുന്നു. പൂരം നടക്കുന്ന മൂന്നുദിവസം അമ്പലത്തിനു ചുറ്റുമുള്ള വിശാലമായ പൂരത്തെരുവിലാണ് പൂരപ്പാട്ട് എന്നുവിളിക്കുന്ന തെറിപ്പാട്ട് അരങ്ങേറുക. ആ ദിവസങ്ങളിൽ പൂരത്തെരുവിൽ നിന്നുകൊണ്ട് പൂരപ്പാട്ട് രൂപത്തിൽ ആരെ വേണമെങ്കിലും തെറി പറയാം. നാടുവാഴി എന്നോ പ്രമാണി എന്നോ രാജാവെന്നോ വേർതിരിവില്ലാതെ ആരെ എന്ത് പോക്രിത്തരം വേണമെങ്കിലും പറയാം. ആ പറച്ചിൽ പൂരപ്പാട്ട് രൂപത്തിൽ വേണമെന്ന് മാത്രം, ആരും ചോദിക്കാൻ വരില്ല.
ചേർത്തല, വൈക്കം , അമ്പലപ്പുഴ എന്നീ താലൂക്കുകളിലെ കള്ളു മുഴുവൻ പൂരം തുടങ്ങുന്നതിനു ആഴ്ചകൾക്കു മുൻപു തന്നെ ശേഖരിച്ചു തുടങ്ങും. "ധർമ്മ കള്ള്" അന്നത്തെ കാലത്തു ചേർത്തല അമ്പലത്തിൽ പൂരം നാളിലെ ഒരു വഴിപാടായിരുന്നു. ക്ഷേത്രത്തിനു കിഴക്കു വശത്തുള്ള വലിയ തടി പാത്രത്തിൽ ധർമ്മ കള്ള് നിറച്ചു വെച്ചിരിക്കും. ആവശ്യക്കാർക്ക് തടി പാത്രത്തിൽ നിന്നും കോരി കൊടുക്കാൻ ഒരു ക്ഷേത്രജീവനക്കാരനും കാണും. അക്ഷയ പാത്രം തന്നെയായിരുന്നു ഈ ധർമ്മ കള്ളൊഴിക്കുന്ന തടി പാത്രം. പാത്രം ഒഴിച്ചിടാൻ ദേവി ഭക്തരായ കുടിയന്മാർ ഒരിക്കലും സമ്മതിച്ചില്ല. ധർമ്മകള്ളു തീരുന്നതിനനുസരിച്ചു തടി പാത്രം നിറഞ്ഞുകൊണ്ടേയിരിക്കും.
കള്ളു മുഴുവൻ കുടിച്ചു പൂരദിവസം പൂരത്തെരുവിൽ തെറിപ്പാട്ട് പാടുന്ന പൂര കുടിയൻമാരുടെ ആക്ഷേപ ഹാസ്യങ്ങൾക്ക് കഥാപാത്രമാകുന്നത് ഉയർന്ന ഉദ്യോഗസ്ഥ പ്രമാണിമാരും സ്ഥലത്തെ പ്രധാന മാന്യ വ്യക്തികളും ആയിരിക്കും. ജനങ്ങളോട് ധാരാളം ക്രൂരതകൾ കാണിക്കുന്ന ഉയർന്ന തിരുവിതാംകൂർ പോലീസ് ഉദ്യോഗസ്ഥരേയും അഴിമതി നടത്തി ധാരാളം സ്വത്തുക്കൾ സമ്പാദിച്ച ഉദ്യോഗസ്ഥ പ്രമുഖരേയും പൂര സാഹിത്യകാരൻമാർ പൂരത്തെരുവിലിട്ടു പൂരപ്പാട്ടിലൂടെ വറുത്തു പൊരിച്ചു. പൂര സാഹിത്യകാരന്മാർ പാടുന്ന തെറിപ്പാട്ടിനും ഒരു ഇതിവൃത്തം ഉണ്ടായിരുന്നു. കഥാ രൂപത്തിൽ പാടുന്ന ഈ പാട്ടിലെ കഥാപാത്രങ്ങൾ സങ്കല്പികങ്ങൾ അല്ലായിരുന്നു. ഉദാഹരണമായി നാട്ടിലെ ഒരു പ്രമാണിയായ പകൽ മാന്യൻ ഏതൊക്കെ വീടുകളിൽ രഹസ്യ ബന്ധത്തിന് പോയി. എത്ര അടി കിട്ടി. ഏതൊക്കെ സ്ത്രീകളുമായി രഹസ്യ ബന്ധമുണ്ട്, അതിൽ ഈ പ്രമാണിയുടെ ജാര സന്തതി ഏതാണ്. തുടങ്ങിയ കാര്യങ്ങൾ തെളിവുകൾ നിരത്തിയാണ് പൂരപ്പാട്ടിൽ അവതരിപ്പിക്കുക. ഉദ്യോഗസ്ഥ പ്രമാണി നടത്തിയ വൻ അഴിമതിയുടെ കഥയും ഒരു വർഷത്തിലെ പൂരപ്പാട്ടിന് ഇതിവൃത്തം ആയിട്ടുണ്ട്. അതുകൊണ്ട് പിറ്റേ വർഷം മുതൽ തിരുവിതാംകൂറിലെ രഹസ്യ പോലീസ് പൂരത്തെരുവിൽ കറങ്ങി നടന്ന് രഹസ്യ വിവരങ്ങൾ പൂരപ്പാട്ടിൽ നിന്നും ചോർത്തി എടുത്തിരുന്നു എന്നും പറയപ്പെടുന്നു. അതുകൊണ്ട് അഴിമതി നടത്തിയിരുന്ന ഉദ്യോഗസ്ഥ പ്രമാണിമാർക്ക് പൂരച്ചട്ടമ്പികളെ ഭയമായിരുന്നു. പൂരം കഴിഞ്ഞു എന്തെങ്കിലും കുറ്റം ആരോപിച്ചു പൂരചട്ടമ്പികളെ പിടികൂടി പകരം വീട്ടാമെന്നുവെച്ചാൽ പൂരച്ചട്ടമ്പി പിന്നെ ശപഥം ചെയ്തു കളയും - "അടുത്ത പൂരത്തിന് കണ്ടുകൊള്ളാം" എന്ന രീതിയിൽ. അതുകൊണ്ടുതന്നെ പൂരം കഴിഞ്ഞും പൂരച്ചട്ടമ്പികൾ നെഞ്ചു വിരിച്ചുനിന്നു ഉദ്യോഗസ്ഥ പ്രമാണിമാരെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.
ചേർത്തല പൂരം മദ്യത്തിൻ്റെ പൂരമായിരുന്നു, എങ്കിലും മദിരാക്ഷിമാർക്ക് പൂരത്തെരുവിൽ സ്ഥാനമില്ലായിരുന്നു. പൂരം തികച്ചും പുരുഷൻമാരുടെ ഉത്സവമായിരുന്നു. പൂരം നാളിൽ പുരുഷന്മാർ ബ്രഹ്മചര്യം പാലിക്കണമെന്ന അലിഖിത നിയമം തന്നെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തെറിപ്പാട്ട് ഉത്സവത്തിനിടയ്ക്ക് നടക്കുന്ന സാധാരണ ഉത്സവ ചടങ്ങുകളിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായതായി രേഖകൾ പറയുന്നില്ല. മറ്റു തിരുവിതാം കൂർ ക്ഷേത്രങ്ങളിൽ നടന്ന ചില ഉത്സവങ്ങളിൽ സ്ത്രീകൾക്ക് മാനഹാനി നേരിട്ടപ്പോൾ ചേർത്തല പൂരത്തിൽ പങ്കെടുത്ത സ്ത്രീകൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല എന്നതിനു പ്രധാന കാരണം പൂരം നാളിൽ പുരുഷന്മാർ എടുക്കുന്ന ബ്രഹ്മചര്യ വ്രതം തന്നെയായിരുന്നിരിക്കണം.
സ്ഥലത്തെ നല്ലവരായ ഉദ്യോഗസ്ഥ പ്രഭുക്കളേയും പ്രമാണിമാരേയും പൂര ചട്ടമ്പികൾ വെറുതെ വിട്ട ചരിത്രവും ചേർത്തല പൂരത്തിനുണ്ട്. പക്ഷെ സ്ഥലത്തെ പകൽ മാന്യന്മാർ അതുവരെ ഉണ്ടാക്കിയെടുത്ത ഇമേജ് മുഴുവൻ ഓരോ വർഷവും പൂരം കഴിയുന്നതോടെ ചീട്ടുകൊട്ടാരം പോലെ തകർന്നു കൊണ്ടിരുന്നു ,അതുകൊണ്ടു തന്നെ പൂരം നിരോധിക്കാൻ പരാതി കൊടുത്തവരിൽ സ്ഥലത്തെ പകൽ മാന്യൻമാരാണ് മുന്നിൽ നിന്നത്.
*** *** ***
"തെറി പാട്ടു നിരോധന വിളംബരം" ഞെട്ടലോടെയാണ് തെറി പാട്ടനുകൂലികളായ പൂര പ്രേമികൾ ശ്രവിച്ചത്. പൂരപ്പാട്ട് നിരോധിക്കാൻ മുഖ്യ കാരണമായി പറഞ്ഞത് അമ്പലത്തിനു സമീപത്തു താമസിക്കുന്ന അന്തസ്സും ആഭിജാത്യവും ഉള്ള പ്രമാണിമാർ പൂരകാലത്തു വീട് വിട്ടു പോകേണ്ട അവസ്ഥ ഉണ്ടാകുന്നു എന്ന കാരണം പറഞ്ഞായിരുന്നു. ടൗണിൽ താമസിച്ചിരുന്ന ക്രിസ്സ്ത്യാനികളും പൂരപ്പാട്ട് നിരോധിച്ചുകാണാൻ ആഗ്രഹിച്ചിരുന്നു.
താമസിയാതെ തെറിപ്പാട്ട് അനുകൂലികളായ പ്രമാണിമാർ തിരുവന്തപുരത്തെത്തി. ഉദ്യോഗസ്ഥ പ്രമാണിമാരുടെ ഉത്തരവിൽ നിരോധിച്ച "പൂരപ്പാട്ട് നിരോധനം" രാജസ്ഥാനത്തു നിന്ന് തന്നെ അഴിപ്പിച്ചു. രാജ്ജിയെ പ്രീണിപ്പിച്ചും പ്രസാദിപ്പിച്ചും ദേവികോപ ഭീഷിണി പ്രയോഗിച്ചും തെറിപ്പാട്ട് അനുകൂലികളായ പ്രമാണിമാർ കാര്യം സാധിച്ചു. തെറിപ്പാട്ട് തുടരാൻ അനുവദിച്ചുള്ള ഉത്തരവുമായി അവർ ചേർത്തലയിലെത്തി. തെറിപ്പാട്ടനുകൂലികൾക്കു ആ വർഷം പൂരത്തിന് ഒരുങ്ങാൻ അധികം സമയം കിട്ടിയില്ല. എങ്കിലും അതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും നല്ല പൂരം ആ വർഷം തെറിപ്പാട്ട് അനുകൂലികളായ പ്രമാണിമാർ നടത്തി. വെടിക്കെട്ടിലും കെട്ടു കാഴ്ച്ചകളിലും സന്നാഹങ്ങളിലും സംഭവിച്ച പോരായ്‌മ തെറിപ്പാട്ട് അഭിഷേകം കൊണ്ടവർ പരിഹരിച്ചു.
തെറിപ്പാട്ട് അനുകൂലികളായ പ്രമാണിമാരുടെ ശിങ്കിടികളായ പൂരപ്പാട്ട് സാഹിത്യകാരന്മാർ പൂര ചട്ടമ്പികളെ അതിഗംഭീരമായ ഒരു പൂരപ്പാട്ട് പഠിപ്പിച്ചു. വെടിക്കെട്ടിനും കെട്ടു കാഴ്ചയ്ക്കും ലഭിക്കാതിരുന്ന സ്വീകാര്യത ആ പൂരപ്പാട്ടിന് ലഭിച്ചു. മദ്യം കൊണ്ട് മയപ്പെട്ട ആയിരക്കണിക്കിന് നാവുകൾ ആ പൂരപ്പാട്ട് ഏറ്റുപാടി. ആയിരക്കണക്കിന് നാവുകൾ ഏറ്റു പാടിയ തെറിപ്പാട്ടിൽ , തെറി പാട്ടു വിരോധികളായ പ്രമാണിമാരുടെ നാവുകൾ മുങ്ങിപോയി. പൂരത്തിന് പതിവ് ഉരുക്കൾക്കു പുറമേ രണ്ടു ചെറിയ ഉരുക്കൾ കൂടി പ്രത്യക്ഷമായി. ഒരു സ്ത്രീയുടേയും പുരുഷൻ്റെയും കോലങ്ങൾ ആയിരുന്നു അവ. തെറിപ്പാട്ട് വിരോധികളുടെ പ്രതിനിധ്യമാണ് ആ കോലങ്ങൾക്ക് ഉണ്ടായിരുന്നത്. തെറിപ്പാട്ട് നിരോധിക്കാൻ മുൻകൈ എടുത്ത പകൽ മാന്യനായ ഒരു പ്രമുഖ വ്യക്തിയുടെയും അദ്ദേഹത്തിൻ്റെ വെപ്പാട്ടിയുടെയും പേരുകളായിരുന്നു ആദ്യമായി പ്രത്യക്ഷപ്പെട്ട സ്ത്രീയുടേയും പുരുഷൻ്റെയും കോലങ്ങൾക്കിട്ടത്. ആ കോലങ്ങൾക്കടുത്തു നിന്ന് പൂരപ്പാട്ട് പാടിയ കലാകാരൻമാർ പൂരതെരുവിൽ കൂടിയ മിക്ക ആളുകളുടെയും ശ്രദ്ധാ കേന്ദ്രമായി. സാധാരണ പൂരത്തെരുവിൽ ഒരുപാടു പൂരപ്പാട്ട് സംഘക്കാർ പല കോണുകളിൽ നിന്നു കൊണ്ട് പൂരപ്പാട്ട് പാടുമായിരുന്നു. ചില പൂരപ്പാട്ടു സംഘം ഒരു സ്ഥലത്തു തന്നെ നിൽക്കാതെ തെരുവിലൂടെ നടന്നുകൊണ്ടു പൂരപ്പാട്ടുകൾ പാടി കൊണ്ടിരിക്കും . ഇവിടെ സ്ത്രീയുടേയും പുരുഷൻ്റെയും കോലങ്ങൾക്കടുത്തു നിന്നുകൊണ്ട് പാടുന്ന പാട്ടിനു ആസ്വാദകർ കൂടുതലായിരുന്നു. ഒരു ഷക്കീല സിനിമ നൽകുന്ന സുഖം ആ പൂരപ്പാട്ട് ആസ്വാദകർക്ക് നൽകിയിരിക്കണം.
*** *** ***
ദേവി കോപമുണ്ടാകും എന്ന കാരണം പറഞ്ഞുകൊണ്ട് തെറിപ്പാട്ട് വിരോധികൾ വെറുതെയിരുന്നില്ല. അവർ തിരുവനന്തപുരത്തെത്തി മഹാറാണിയെ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തി. വലിയ എതിർപ്പുകൾ ഉയർന്നിട്ടും മഹാറാണി സേതുലക്ഷ്‌മി ഭായി പൂരപ്പാട്ട് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. പൂരം നിരോധിച്ചതിലുള്ള പ്രതിഷേധമായി മൂന്നുനാലു കൊല്ലം ജനങ്ങൾ പൂരം ബഹിഷ്ക്കരിച്ചു. തെറിപ്പാട്ട് നിരോധന നിയമം പാസ്സാക്കിയവർക്ക് ദേവീകോപമുണ്ടാകുന്നതു കാണാൻ തെറിപ്പാട്ട് അനുകൂലികൾ കാത്തിരുന്നു. തെറിപ്പാട്ട് ഇല്ലാതെ പൂരം നടത്താൻ സർക്കാരും പൂരപ്പാട്ട് വിരോധികളും ശ്രമം നടത്തിയെങ്കിലും ജനങ്ങളും പൂരപ്പാട്ട് അനുകൂലികളും സഹകരിച്ചില്ല. പൂരത്തിന് എഴുന്നള്ളിച്ചിരുന്ന കെട്ടുകാഴ്ചകളും അന്നങ്ങളും പൂരപ്പാട്ട് അനുകൂലികളായ കുടുംബ പ്രമാണിമാരുടെ കൈവശം ആയിരുന്നു. അവർ പൂരപ്പാട്ട് ഇല്ലാത്ത പൂരത്തിനായി കെട്ടുകാഴ്ച്ചകളും അന്നങ്ങളും തേർ തട്ടുകളും വിട്ടുകൊടുക്കാൻ തയ്യാറായില്ല. സർക്കാർ ക്ഷേത്രമായതുകൊണ്ട് രണ്ടുമൂന്നു വർഷത്തെ പൂരം ചടങ്ങുകൾ മാത്രമായി ക്ഷേത്രജീവനക്കാർ തന്നെ നടത്തി . നോക്കാനാളില്ലാതെയും കെട്ടിമേയാതെയും കിടന്ന അന്നപൂരകൾ നശിച്ചു തുടങ്ങി.
പതുക്കെ ജനങ്ങൾ തെറിപ്പാട്ട് കലാരൂപം മറന്നു കൊണ്ട് വീണ്ടും പൂരത്തിന് സഹകരിച്ചു തുടങ്ങി. പിന്നീട് നടത്തിയ പൂരങ്ങൾക്ക് യാതൊരു പകിട്ടും ഉണ്ടാക്കിയെടുക്കാൻ പൂരപ്പാട്ടു വിരോധികളായ പ്രമാണിമാർക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്‌തവം. പൂരപ്പാട്ടിനേയും കെട്ടുകാഴ്ചകളേയും വെല്ലുന്ന ഒരു കലാരൂപം അണിനിരത്തി പൂരം നടത്തുന്നതിൽ തെറിപ്പാട്ട് നിർത്തലാക്കിയ പ്രമാണിമാർ പരാജയപെട്ടു പോയി. തൃശ്ശൂർ പൂരത്തിൻ്റെ മാതൃക പിന്തുടർന്നുകൊണ്ട് കുറെ ആനകളെ നിരത്തി നിർത്തിയെങ്കിലും പൂരം നടത്തി തുടങ്ങിയിരുന്നെങ്കിൽ ക്ഷേത്രത്തിനു സ്വന്തമായിരുന്ന പൂരത്തെരുവുകൾ നഷ്ടമാകാതെ ഇപ്പോഴും ജനങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയുമായിരുന്നു. പൂരം നടത്താതെ ഉപയോഗ ശൂന്യമായ പൂരത്തെരുവുകൾ പലരും കൈയേറി തുടങ്ങി. തിരുവിതാംകൂർ കൊട്ടാരവുമായി നേരിട്ട് ബന്ധമുള്ളവർ പൂരത്തെരുവിൻ്റെ ഭാഗങ്ങൾ സ്വന്തം പേരിലുമാക്കി.
ചേർത്തല പൂരത്തെപ്പറ്റി പഠനം നടത്തിയ K N ദാമോദരൻ നായർ തൻ്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. "അക്കാലത്തെ ചേർത്തല തെരുവിനെ പറ്റി ഇന്ന് സങ്കൽപ്പിക്കുകയേ നിവൃത്തിയുള്ളൂ. ഉത്സവത്തിൻ്റെ വ്യാപ്‌തി ചുരുങ്ങുകയും രൂപം മാറുകയും ചെയ്‌തതോടെ പൂരത്തെരുവിൻ്റെ ആകാരവും വ്യാപ്തിയും ചുരുങ്ങി പോയി. റോഡുകളും വൃക്ഷങ്ങളും കെട്ടിടങ്ങളും തെരുവിന് തിരിച്ചറിയാനാകാത്ത വിധം രൂപമാറ്റവും സങ്കോചവും വരുത്തുകയും ചെയ്തു. അക്കാലത്തു തെരുവ് ദേവിക്ഷേത്രം മുതൽ തെക്കോട്ട് ഏതാണ്ട് ഒരു മൈൽ നീളത്തിലും മുക്കാൽ ഫർലോങ് വീതിയിയിലും വ്യാപിച്ചു കിടന്നിരുന്നു. മുഴുവൻ തൂവെള്ള മണലാണ്. വേനൽക്കാലത്തു പകലുച്ച നേരത്തു മരുഭൂമി പോലെ പേടിപ്പെടുത്തുകയും സഞ്ചാരികളെ ഹരം കൊള്ളിക്കുകയും ചെയ്‌ത തെരുവ് , നിലാവുള്ള രാത്രികളിൽ ഒരു പാൽ കടലിൻ്റെ കീറ് പോലെ തോന്നിച്ചു. നിലാവുള്ള രാത്രികളിൽ തെരുവിൽ വിശ്രമിക്കുകയും വിഹരിക്കുകയും ചെയ്തവരെ ചേർത്തല പൂരത്തെരുവ് ആനന്ദ നിർവൃതിയിൽ ആറാടിച്ചിരുന്നു. വൈകുന്നേരങ്ങളിലും രാത്രിയുടെ ആരംഭത്തിലും ലോകത്തിലെ ഏതു പ്രസിദ്ധ കടൽ തീരങ്ങളേയും വെല്ലുവിളിക്കുവാൻ കഴിയുമാറ് ചേതോഹരമായിരുന്നു ആക്കാലത്തെ ചേർത്തല തെരുവ്" -
*** *** ***
പടയണിക്കും വേലയ്ക്കും കെട്ടി എഴുന്നള്ളിക്കുന്ന ഉരുക്കൾ ഉപയോഗിക്കാതെ നശിച്ചു തുടങ്ങി. പൂരത്തിൻ്റെ പ്രധാന ആകർഷണം കെട്ടു കാഴ്ചകൾ ആയിരുന്നു. അവയുടെ ഉടലുകളും തേർതട്ടും വലിപ്പമുള്ള തേരിൻ്റെ ചക്രങ്ങളും സൂക്ഷിച്ചിരുന്ന അന്ന പുരകൾ കെട്ടാതെയും ഓല മേയാതെയും നശിച്ചു. അല്ലങ്കിൽ തന്നെ അന്നപുരയുടെ നാശം അനിവാര്യമായിരുന്നു. കാരണം മരുമക്കത്തായ സമ്പ്രദായം പതുക്കെ മാറി വരുന്ന സമയം കൂടിയായിരുന്നു. പല സമ്പന്ന കൂട്ടുകുടുംബങ്ങളും ഭാഗം വെച്ചു പിരിഞ്ഞു തുടങ്ങി. പിന്നീട് അന്നപൂരകളുടെ സംരക്ഷണം ഏറ്റെടുക്കുവാൻ ആരും തയ്യാറായില്ല.
പൂരപ്പാട്ട് നിരോധിച്ചതോടു കൂടി പൂരച്ചട്ടമ്പികളുടെ കഷ്ടകാലം തുടങ്ങി. ഒറ്റയ്ക്ക് കിട്ടുന്ന പൂരചട്ടമ്പികളെ പൂരപ്പാട്ട് വിരോധികൾ കൈകാര്യം ചെയ്‌തു തുടങ്ങി. പൂരപ്പാട്ട് നിരോധനത്തിന് മുൻപ് പുലികളെ പോലെ നടന്നവർ എലികളെപോലെ മാളത്തിൽ ഒളിക്കേണ്ട അവസ്ഥ വന്നു. പൂരപാട്ട് വിദഗ്ദ്ധരായ പലരും ചേർത്തല ടൗൺ വിട്ട് അർത്തുങ്കൽ , തൈക്കൽ , കണിച്ചുകുളങ്ങര പ്രദേശങ്ങളിലേയ്ക്ക് മാറി താമസിക്കേണ്ടി വന്നു. അതിൽ പല പൂരപ്പാട്ട് വിദഗ്ദ്ധരും പാവപ്പെട്ടവരായിരുന്നു. അക്ഷരാഭ്യാസം പോലുമില്ലാത്ത അവരെ പൂരപ്പാട്ട് പഠിപ്പിച്ചു പൂരത്തെരുവിലേയ്ക്ക് ഇറക്കി വിട്ടത് നാട്ടിലെ സവർണ്ണ ജാതിയിൽ പെട്ട ചില പ്രമാണിമാർ തന്നെയായിരുന്നു. കുടുംബക്കാർ തമ്മിലുള്ള ശത്രുത പൂരപ്പാട്ടിലൂടെ തീർക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. പൂരപ്പാട്ട് നിരോധനത്തോട് കൂടി ബലിയാടായതു പാവപ്പെട്ട പൂരപ്പാട്ട് കലാകാരൻമാർ മാത്രമായിരുന്നു.
പൂരം നിരോധനം നടന്ന കാലഘട്ടം ഈഴവരാദി പിന്നോക്കകാരുടെ പുരോഗമനം നടന്ന കാലഘട്ടം കൂടിയായിരുന്നു. കച്ചവടത്തിലൂടെ ഈഴവർ കൂടുതൽ ധനം സമ്പാദിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത് . ഈഴവർ നേതൃത്വം കൊടുത്തിരുന്ന ക്ഷേത്രങ്ങളിൽ അവർ അന്നവും ചാടും വലിച്ചുകൊണ്ട് ഉത്സവം നടത്തുന്ന സമ്പ്രദായം സ്ഥാപിച്ചു. ചേർത്തല പൂരത്തിന് ഉപയോഗിച്ചിരുന്ന അന്നങ്ങൾ പലതും ഈഴവരാദി പിന്നോക്കക്കാർ നേതൃത്വം കൊടുക്കുന്ന ക്ഷേത്രങ്ങളിൽ സ്ഥാനം പിടിച്ചു തുടങ്ങി. പൂരപ്പാട്ടിനു നിരോധനം ഉണ്ടായിരുന്നതു കൊണ്ടായിരിക്കാം പൂരപ്പാട്ട് സമ്പ്രദായം തിരിച്ചുകൊണ്ടുവരുവാൻ ശ്രമിക്കാതിരുന്നത്. അന്നവും ചാടും നിലനിന്നതുപോലെ പൂരപ്പാട്ട് പ്രസ്ഥാനം നിലനിന്നു പോയിരുന്നെങ്കിൽ കുത്തിയോട്ട പാട്ടു പോലെയോ ഞാറ്റു പാട്ടു പോലെയോ നാടോടി പാട്ടു പോലെയോ ഇന്നും പൂരപ്പാട്ടിനും കുറച്ചു ആസ്വാദകരെങ്കിലും കണ്ടേനേ !.
*** *** ***
പൂര നിരോധനത്തിന് ശേഷം തെറിപ്പാട്ട് വിരോധികൾ പൂരച്ചട്ടമ്പികൾക്ക് നിരോധനം ഏർപ്പെട്ടുത്തി. പകൽ വെളിച്ചത്തിൽ ടൗണിൽ പൂരച്ചട്ടമ്പികളെ കണ്ടാൽ തല്ലി ഓടിക്കുന്ന സ്ഥിതിയുണ്ടായി. പല പൂരപ്പാട്ട് കലാകാരൻമാരും കുടുംബസമേതം ചേർത്തല ക്ഷേത്രപരിസരം വിട്ടു ദൂരേയ്ക്ക് മാറി താമസിച്ചു. അവിടേയും ചങ്കുറപ്പുള്ള ചില ചട്ടമ്പികൾ പിടിച്ചു നിന്നു. നിരോധനശേഷവും ഇവർ സംഘമായി ക്ഷേത്രപരിസരത്തു വന്ന് തെറിപ്പാട്ട് പാടി തെറിപ്പാട്ട് വിരോധികളെ ഞെട്ടിച്ചു. പൂരചട്ടമ്പികളായ വണ്ട് പവിത്രനും , തേരാളി പരമുവും, പകലാശാനും ഉള്ളു ഹരിയും പൊന്നൻ പശയുമായിരുന്നു ആ തെറിപ്പാട്ട് സംഘത്തിൻ്റെ നേതാക്കൾ.
******
ഇടയ്ക്കു മിന്നൽ പോലെ ചേർത്തല തെരുവിൽ വന്നു പൂരപ്പാട്ട് പാടി ഒളിവിൽ പോകുന്ന ഈ പൂര ചട്ടമ്പികൾക്ക് ഒരു രക്ഷകൻ അവതരിക്കുന്നു. ചേർത്തല ദേവീക്ഷേത്രത്തിന് തെക്കുവശത്തുള്ള കണിച്ചുകുളങ്ങര ദേവി ക്ഷേത്രം പതുക്കെ അറിയപ്പെട്ടു വരുന്നതേയുള്ളു. ഈ ക്ഷേത്രത്തിലെ നടത്തിപ്പുകാരനായ ഒരു കരപ്രമാണി ചേർത്തല പൂരത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന അന്നങ്ങളും തേർതട്ടും മറ്റു കെട്ടുകാഴ്ചകളും വിലയ്‌ക്കെടുക്കാൻ പൂരചട്ടമ്പികളുടെ നേതാക്കളായ വണ്ട് പവിത്രനെയും തേരാളി പരമുവിനെയും സമീപിക്കുന്നു. ചേർത്തലയിലെ ഒരു പ്രബല നായർ കുടുംബക്കാരുടെ അധീനതയിൽ ഉണ്ടായിരുന്ന അന്നവും തേരും മറ്റു കെട്ടുകാഴ്ചയ്ക്കുള്ള ഉപകരണങ്ങളും പരമുവും പവിത്രനും ഇടനില നിന്ന് കച്ചവടമാക്കി പ്രമാണിക്ക് കൊടുക്കുന്നു. കണിച്ചുകുളങ്ങരയിലെ പ്രബലനായ കച്ചവട പ്രമാണി വിലയ്‌ക്കെടുത്തത് അന്നവും തേരും മാത്രമായിരുന്നില്ല. ചേർത്തല പൂരം നടക്കുമ്പോൾ പൂരത്തെരുവിനെ നിയന്ത്രിച്ചു നിർത്തിയിരുന്ന പൂരച്ചട്ടമ്പികളുടെ നേതാക്കളെ കൂടിയായിരുന്നു.
"ആടിയ കാലും പാടിയ വായും അടങ്ങിയിരിക്കില്ല" എന്ന പഴം പുരാണത്തെ ഒന്നുകൂടി ഉറപ്പിച്ചുകൊണ്ട് തേരാളി പരമുവും, പകലാശാനും പൊന്നൻ പശയും വണ്ട് പവിത്രനും ഉള്ളുഹരിയും കണിച്ചുകുളങ്ങര തെരുവിലെത്തുന്നു. വൈദ്യുതി എന്താണെന്നു പോലും ജനങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാലം . കര പ്രമാണി ക്ഷേത്ര ഉത്സവത്തിൻ്റെ ചുമതല ഈ അഞ്ചു പേരെ ഏൽപ്പിക്കുന്നു. ഉത്സവദിവസം രാത്രി പെട്രോൾ മാക്സും നിലാത്തിരികളും നിർത്താതെ കത്തിച്ചു കൊണ്ട് പൂരച്ചട്ടമ്പികൾ ക്ഷേത്രപരിസരത്തെ പകൽ പോലെയാക്കി. അന്നങ്ങളും കെട്ടുകാഴ്ചകളും നിരന്ന ക്ഷേത്ര തെരുവ് നിലാ തിരി വെളിച്ചത്തിൽ കണ്ട ജനങ്ങൾ ആഹ്ളാദ ഭരിതരായി. നില അമിട്ടുകളും ഏലി വാണങ്ങളും മാല പടക്കങ്ങളും നിർത്താതെ പൊട്ടിച്ച ദീപാരാധന കഴിഞ്ഞുള്ള രാത്രി വെടിക്കെട്ട് , ഗ്രാമം അതുവരെ കാണാത്ത ഉത്സവരാത്രികൾ ഗ്രാമവാസികൾക്ക് സമ്മാനിച്ചു. ആ ഉത്സവം ഒരു തുടക്കമായിരുന്നു. ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളമാകുന്നതുപോലെ ചേർത്തല പൂരപാട്ടു നിരോധനം കൊണ്ട് ചേർത്തല തെരുവിനും ചേർത്തല പൂരത്തിനും വന്നുചേർന്ന ചുരുക്കം കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ പ്രശസ്തിക്ക് കാരണമായി മാറി. പൂരച്ചട്ടമ്പികൾ കണിച്ചുകുളങ്ങര ഗ്രാമത്തിൻ്റെ സ്വന്തം ചട്ടമ്പികളായി മാറി കൊണ്ട് പിന്നീട് വന്ന ഉത്സവ കാഴ്ചകൾക്ക് കൊഴുപ്പുകൂട്ടി.
കഥ ഇവിടെ തുടങ്ങുകയാണ് . " പൂര ചട്ടമ്പികൾ".
*** *** ***
വിവരങ്ങൾ ശേഖരിച്ചതിന് കടപ്പാട് K ,N ദാമോദരൻ നായർക്ക് , പുസ്തകം - ചേർത്തല പൂരം(പഠനം) , MEMOIR , Survey of Travancore and Cochin (1816 -1820 ) by Lieutenants Ward and Conner . പിന്നെ കണിച്ചുകുളങ്ങര , മാരാരിക്കുളം , ചേർത്തല മേഖലകളിൽ ജീവിച്ചിരുന്ന ,ഇന്നും ജീവിച്ചിരിക്കുന്ന, ഞാൻ എക്കാലത്തും നന്ദിയോടെ മാത്രം ഓർക്കാനാഗ്രഹിക്കുന്ന ചില പ്രായം ചെന്ന ചില വ്യക്തികൾക്ക്,
2
പൂര ചട്ടമ്പികൾ
അനേകം പേരുടെ അദ്ധ്വാനവും ഒരുമിച്ചു നിന്നുള്ള പ്രയത്നവും കൊണ്ടുമാത്രമേ അന്നവും ഭീമനും ഉയർത്തി നിർത്താനും ചാടിൽ ഉറപ്പിച്ചു നിർത്താനും കഴിയൂ. അതിനു വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി മുന്നിൽ നിക്കുന്നത് ഉള്ളൂ ഹരിയും പകലാശാനും കൂടിയാണ്. പകലാശാൻ കണക്കിൽ മിടുക്കനായതുകൊണ്ട് നാട്ടുപ്രമാണി വേറൊരു ജോലി കൂടി ഏൽപിച്ചുകൊടുത്തു. പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാട്. അന്ന് ബാങ്കുകൾ നിലവിൽ വന്നിരുന്നില്ല, പലയിടങ്ങളിലും ക്ഷേത്രങ്ങൾ ആയിരുന്നു ബാങ്കിൻ്റെ സ്ഥാനം കൈയടക്കിയിരുന്നത്. simple mortgage deed വഴിയാണ് പൈസ ആവശ്യക്കാർക്ക് കൊടുത്തിരുന്നത്. അതായതു പൈസ ആവശ്യമുള്ള വ്യക്തിയുടെ പറമ്പിൽ നിൽക്കുന്ന തെങ്ങുകൾ ഈടു വാങ്ങിക്കൊണ്ടു ലോൺ അനുവദിക്കും. ഈ തെങ്ങിൽ നിന്നുള്ള ആദായം മുഴുവൻ ക്ഷേത്ര അധികാരി ലോൺ അടച്ചുതീരുന്നത് വരെ എടുത്തുകൊണ്ടിരിക്കും. അധികാരിക്ക് ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം വർഷാവസാനം തിരുവിതാംകൂർ സർക്കാരിലേക്ക് അടച്ചാൽ മതിയാകും. അതുവരെ ഈ പൈസ ക്ഷേത്ര അധികാരിയുടെയും പകലാശാൻ്റെയും കൈകളിലൂടെ കറങ്ങി ലാഭം ഉണ്ടാക്കിക്കൊണ്ടിരിക്കും. അങ്ങനെയിരിക്കുമ്പോളാണ് പകലാശാൻ ഈടായി വാങ്ങിയ ( simple mortgage deed) 10 കായ് ഫലമുള്ള തെങ്ങുകൾ പകലാശാൻ അറിയാതെ വീട്ടുകാരത്തി തേരാളി പരമുവിന് ചെത്താൻ കൊടുക്കുന്നത്.
കല്ലിനുമുണ്ടൊരു കഥപറയാൻ - 2
"പെരിപ്ലസ് ഓഫ് ദി എറീത്രിയൻ സീ" ( Periplus of The Erythraean Sea ) എന്ന പുസ്‌തകം ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ട ഒരു സഞ്ചാര രേഖയാണ്. ചെങ്കടൽ വഴി ഇന്ത്യൻ തീര പ്രദേശങ്ങളിലേയ്ക്കുള്ള സഞ്ചാരത്തെയും അവിടങ്ങളിലെ കച്ചവട സാധ്യതകളെ കുറിച്ചുമാണ് ഇതിൽ വിവരിക്കുന്നത്. ഈ പുസ്തകത്തിൻ്റെ രചയിതാവ് അജ്ഞാതനാണെങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ഭാഗങ്ങളായ ചെങ്കടലും പേർഷ്യൻ ഉൾക്കടലും അറബികടലുമാണ് ആ പുസ്തകത്തിൽ വിവരിക്കുന്ന സമുദ്രങ്ങൾ. ഈ പുസ്തകത്തിൽ മുസിരീസ്സ് തുറമുഖത്തെ "ഐശ്വര്യത്തിൻ്റെ ഔന്നത്യം " എന്ന് വിശേഷിപ്പിക്കുന്നുണ്ട്. മുസിരീസ്സ് തുറമുഖം അറബികളേയും ജൂതരെയും ചൈനക്കാരേയും തുറന്ന കൈകളോടെ രണ്ട് കൈയും നീട്ടി സ്വീകരിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും മഹത്തായ വാണിജ്യ കേന്ദ്രം എന്ന പേരുസമ്പാദിച്ചു. ക്രിസ്തുവിനു മുൻപ് 69 -)o നൂറ്റാണ്ടിൽ ഈജിപ്റ്റിലെ ക്ലിയോപാട്ര കേരളത്തിലേയ്ക്ക് തൻ്റെ കപ്പലുകൾ അയയ്ക്കുകയും വ്യാപാര ബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌തതായി രേഖകളുണ്ട്. സോളമൻ രാജാവ് ചേര സാമ്രാജ്യവുമായി BC 1015 നും 996 നും ഇടയ്ക്ക് വ്യാപാരം നടത്തിയിരുന്നതായി പഴയ നിയമത്തിലെ രാജാക്കൻമാരുടെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ഈ വ്യാപാരങ്ങളെല്ലാം നടന്നത് മുസരീസ്സ് (ഇന്നത്തെ കൊടുങ്ങല്ലൂർ) തുറമുഖം വഴിയായിരുന്നു. പൗരാണിക കാലത്തു ഇന്ത്യയിലേയ്ക്കുള്ള പ്രവേശന കവാടം മുസ്സിരിസ് ആയിരുന്നു എന്നത് ചില പ്രാചീന യവന കൃതികളിൽ പ്രതിപാദിക്കുന്നുണ്ട്. മുസരീസ്സ് തുറമുഖത്തിൻ്റെ തകർച്ചയ്ക്ക് ശേഷമാണ് സാമൂതിരിയുടെ കോഴിക്കോട് തുറമുഖം ഉദയം കൊള്ളുന്നത്. ഒരുപക്ഷേ മുസിരീസ്സ് തുറമുഖവും നഗരവും തകർന്നില്ലായിരുന്നെങ്കിൽ സാമൂതിരി രാജ്യം ഇത്രകണ്ട് പ്രശസ്തമാകില്ലായിരുന്നു.
മുസിരീസ്സ് തുറമുഖത്തിൻ്റെ നാശത്തിന് കാരണമായത് പതിനാലാം നൂറ്റാണ്ടിൽ കേരളത്തിലുണ്ടായ ഒരു മഹാപ്രളയമാണ്. മുസിരീസ്സ് തുറമുഖവും ചേർത്തല പൂരവും തമ്മിൽ എന്ത് ബന്ധം എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ഞാൻ പറഞ്ഞുവരുന്നത് ചേർത്തല ക്ഷേത്രവും പണ്ടത്തെ മുസരീസ്സ് പട്ടണവും അൽപ്പമെങ്കിലും ബന്ധമുണ്ടാകാൻ സാധ്യതയുള്ള ഒരു കാര്യമാണ്. ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ തെറ്റാണ് എന്നാണ് നിങ്ങൾക്ക് തോന്നുന്നതെങ്കിൽ തെളിവുകൾ നിരത്തി പറഞ്ഞ കാര്യങ്ങൾ സമർത്ഥിക്കാനും എൻ്റെ പക്കൽ തെളിവുകൾ ഇല്ല.
മുസിരീസ്സ് തുറമുഖം (ഇന്നത്തെ കൊടുങ്ങല്ലുർ) അതിൻ്റെ സുവർണ്ണ ദിശയിൽ നിൽക്കുന്ന സമയത്താണ് കേരളത്തിൽ 14 - )൦ നൂറ്റാണ്ടിൽ ഒരു മഹാ പ്രളയം ഉണ്ടാകുന്നത്. ആ കൊടും പ്രളയത്തിൽ പെരിയാറിൽ ഉണ്ടായ വെള്ളപൊക്കം മുസരീസ്സിൻ്റെ സർവ്വ നാശത്തിലാണ് കലാശിച്ചത്. നദികൾ വഴിമാറി ഒഴുകി. കരയായിരുന്ന ഭാഗങ്ങൾ മുഴുവനും കടലായി. കിലോമീറ്ററുകളോളം നീളത്തിൽ വ്യാപിച്ചുകിടന്നിരുന്ന മുസരീസ്സ് പട്ടണവും ആ പട്ടണത്തിൽ ഉണ്ടായിരുന്ന മനുഷ്യ നിർമ്മിതികളും പ്രളയത്തിൽ ഒലിച്ചുപോയി. കരയായി ഉണ്ടായിരുന്ന മണ്ണും കൂടി മഹാപ്രളയം അറബിക്കടലിൽ എത്തിച്ചു. ആ മഹാപ്രളയം അവസാനിച്ചപ്പോഴേയ്ക്കും മുസരീസ്സ് എന്ന ഇന്ത്യയിലെ ഏറ്റവും വികസിതമായ വാണിജ്യ നഗരത്തെ പൂർണ്ണമായി തന്നെ അറബിക്കടൽ വിഴുങ്ങിയിരുന്നു.
പതിനാലാം നൂറ്റാണ്ടിലെ പ്രളയത്തിന് മുൻപ് ഇപ്പോൾ ചേർത്തല ഉൾപ്പെടുന്ന കരപ്പുറം എന്ന പ്രദേശം മുഴുവൻ കടലായിരുന്നു. കോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ചില പ്രദേശങ്ങൾ ആയിരുന്നു അന്ന് അറബിക്കടലിൻ്റെ കിഴക്കേ അതിർത്തി.
മുസരീസ്സ് തുറമുഖത്തെ തകർത്തുകൊണ്ട് നദികൾ കലി തുള്ളി കുത്തിയൊലിപ്പിച്ചു കടലിലെത്തിച്ച മുസരീസ്സ് നഗരത്തിലെ മണ്ണ് മുഴുവനും അറബിക്കടൽ കൊണ്ടുവന്നു നിക്ഷേപിച്ചത് കൊച്ചിക്കും തെക്കുള്ള ഇപ്പോൾ കരപ്പുറം എന്ന പേരിലറിയപ്പെടുന്ന ചേർത്തല കൂടി ഉൾപ്പെടുന്ന പ്രദേശത്തായിരുന്നു. പതിനാലാം നൂറ്റാണ്ടിലെ മഹാപ്രളയത്തിൻ്റെ ബാക്കിപത്രമായി കൊച്ചിക്കു തെക്ക് അറബിക്കടലിനും വേമ്പനാട്ട് കായലിനും ഇടയിൽ നീളത്തിൽ ഒരു കരഭൂമി രൂപമെടുത്തു. ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന ഒട്ടുമിക്ക കരഭൂമിയും രൂപമെടുക്കുന്നത് പതിനാലാം നൂറ്റാണ്ടിൽ മുസരീസ്സ് തുറമുഖത്തെ തകർത്തെറിഞ്ഞ മഹാപ്രളയത്തിനു ശേഷമാണ്. ഈ അടുത്തകാലത്ത് കരപ്പുറത്തെ ചില പ്രദേശങ്ങൾ ഖനനം ചെയ്തപ്പോൾ കിട്ടിയ കപ്പലിൻ്റെ അവശിഷ്ടങ്ങളും JCB ഉപയോഗിച്ച് മണ്ണ് മാറ്റിയപ്പോൾ കിട്ടിയ വിഗ്രഹവും പതിനാലാം നൂറ്റാണ്ടിലെ പ്രളയത്തിൽ ഒലിച്ചു വന്നവയാണ്.
ഇന്നത്തെ കൊടുങ്ങല്ലൂർ ആണ് പണ്ട് മുസരീസ് എന്നപേരിൽ അറിയപ്പെട്ടിരുന്നത്. പതിനാലാം നൂറ്റാണ്ടിലെ പ്രളയം തകർത്തെറിഞ്ഞ മുസരീസ്സ് പട്ടണത്തിൻ്റെ വിസ്‌തൃതി എത്രത്തോളമുണ്ട് എന്നതിനെക്കുറിച്ചു രേഖകളില്ല. ഒരുപക്ഷെ അന്നത്തെ പ്രളയത്തിൽ സൂക്ഷിച്ചു വെച്ചിരുന്ന ചരിത്ര രേഖകളും നശിച്ചു പോയിരിക്കാം. കൊടുങ്ങല്ലുർ ഭഗവതി ക്ഷേത്രവും ചേർത്തല ഭഗവതി ക്ഷേത്രവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് എനിക്കറിവില്ല, മുസ്സിരിസ്സിനെ(ഇന്നത്തെ കൊടുങ്ങല്ലൂർ) തകർത്ത പ്രളയത്തിൽ പണ്ടുണ്ടായിരുന്ന കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവും വെള്ളപ്പാച്ചിലിൽ ഒഴുക്കി അറബിക്കടലിൽ എത്തിയിട്ടുണ്ടാകുമോ എന്നതിനും തെളിവുകൾ ഒന്നുമില്ല. പതിനാലാം നൂറ്റാണ്ടിലെ പ്രളയശേഷം പുതുക്കി പണിതതാണോ ഇപ്പോഴുള്ള കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം എന്നതിനെക്കുറിച്ചും ഞാൻ അറിവില്ലാത്തവനാണ്. എന്നെ അസ്വസ്ഥനാക്കിയിരുന്ന ചില കാര്യങ്ങൾ ഞാൻ നിങ്ങളുമായി പങ്കു വച്ചു എന്നുമാത്രം. ആ ചരിത്രത്തിൻ്റെ യാഥാർഥ്യം എന്തായിരിക്കും എന്നതിനെകുറിച്ചോർത്തപ്പോളുള്ള അസ്വസ്ഥയായി അതിനെ കണ്ടാൽ മതി. ചരിത്രം ചിലപ്പോഴൊക്കെ അങ്ങനെയാണ് നമ്മുടെ ചിന്തകളെ വട്ടം ചുറ്റിച്ചുകളയും. നാളുകൾ കഴിഞ്ഞു ചില പഠനങ്ങൾ വായിക്കുമ്പോൾ പറഞ്ഞത് ശുദ്ധ മണ്ടത്തരവും ആയി മാറിയിട്ടുണ്ടാകും. എന്നുകരുതി നമുക്ക് പറയാനുള്ളത് പറയാതിരിക്കുന്നതിൽ കാര്യമില്ല, തെറ്റുകളിൽ നിന്നാണ് ശരി ഉണ്ടാകുന്നത് . എന്തായാലും കരപ്പുറത്തിൻ്റെ അഞ്ഞൂറ് വർഷങ്ങളെ കുറിച്ച് ഇപ്പോൾ അതി വിപുലമായ ഒരു പഠനം നടക്കുന്നുണ്ട്. നൂറോളം പ്രബന്ധങ്ങളാണ് ആ കൂട്ടായ്‌മ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ആ പഠനങ്ങൾ പുസ്തകങ്ങളായി മാറുമ്പോൾ കൂടുതൽ കാര്യങ്ങൾ ഈയുള്ളവനും അറിയാൻ കഴിഞ്ഞേക്കും. എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ മുതൽ കൊടുങ്ങല്ലൂർ വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങൾ ഇപ്പോൾ മുസരീസ് പൈതൃക സംരക്ഷണ മേഖലയാണ്.
പതിനാലാം നൂറ്റാണ്ടിലെ മഹാപ്രളയം കഴിഞ്ഞു പിന്നെയും നൂറ്റാണ്ടുകൾ കഴിഞ്ഞാണ് വില്വമംഗലത്തു സ്വാമിയാർ ചേർത്തല വഴി വരുന്നത്. പതിനേഴാം നൂറ്റാണ്ടിലാണ് വില്വമംഗലത്തു സ്വാമിയാർ ജീവിച്ചിരുന്നത്. അദ്ദേഹം ഇപ്പോൾ ചേർത്തല ദേവി ക്ഷേത്രം നിൽക്കുന്ന സ്ഥലത്തു വിശ്രമത്തിനായി താമസിക്കുന്നു. അവിടെ വെച്ച് വില്വമംഗലത്തു സ്വാമിയാർക്ക് ഒരു ദേവി വിഗ്രഹം കിട്ടുന്നു. അദ്ദേഹം വിഗ്രഹത്തെ കിട്ടിയ സ്ഥലത്തു തന്നെ പ്രതിഷ്ഠിക്കാൻ ഒരുങ്ങുന്നു. വില്വമംഗലത്തു സ്വാമിയാർ ചേർത്തല ഭഗവതിയെ പ്രതിഷ്ഠിക്കുന്ന സമയത്തു പ്രതിഷ്ട ചെളിയിൽ താണു കൊണ്ടിരുന്നപ്പോൾ അറിയാതെ നാക്ക് വിട്ടുകളഞ്ഞ ഒരു വാക്കാണ് ചേർത്തല തെറിപ്പാട്ടിന് ബീജമായത്. അന്നത്തെകാലത്തു ദേഷ്യം വരുമ്പോൾ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണ് വില്വമംഗലത്തു സ്വാമിയാർ പ്രതിഷ്ട സമയത്തു ഉപയോഗിച്ചതെങ്കിലും ആ വാക്കിൽ നിന്ന് പിന്നീട് പൂരപ്പാട്ട് എന്ന പ്രസ്ഥാനം തന്നെ ഉടലെടുത്തു. വില്വമംഗലത്തു സ്വാമിയാർ ഉപയോഗിച്ച സംബോധന ചേർത്തല ഭഗവതിയുടെ ഓമന പേരായി തീർന്നു. കൊടുങ്ങല്ലുർ ഭരണിക്ക് പാടുന്ന പാട്ടും ചേർത്തല പൂരപ്പാട്ടും തമ്മിൽ ചില ബന്ധങ്ങൾ ഇതിനെപറ്റി പഠനം നടത്തുന്ന ചിലർ കണ്ടെത്തിയിട്ടുണ്ട്.
മുസരീസിനെ തകർത്തുകൊണ്ട് ഒഴുകി വന്ന പ്രളയജലത്തിൽ മുസരീസ്സ് എന്ന നഗരത്തിലെ പല മനുഷ്യ നിർമ്മിതികളും നിശ്ശേഷം തകർന്ന് അറബിക്കടലിൽ എത്തിയിട്ടുണ്ട്. അങ്ങനെയുള്ള പല നിർമ്മിതികളേയും അറബിക്കടൽ മണ്ണിനൊപ്പം കരപ്പുറം എന്ന ദേശത്തുകൊണ്ടുവന്നു നിക്ഷേപിച്ചിട്ടുണ്ടാകാം. പ്രളയമണ്ണിനോടൊപ്പം കൊടുങ്ങല്ലുർ ദേശത്തുണ്ടായിരുന്ന ഏതോ ഒരു ക്ഷേത്രത്തിലെ ദേവി വിഗ്രഹവും ചേർത്തല ദേശത്തു നിക്ഷേപിക്കപ്പെട്ടിരിക്കാം. കടൽ മാറി കര തെളിഞ്ഞപ്പോൾ കരപ്പുറം എന്ന ദേശത്തും ജനജീവിതം സാധ്യമായി. പതുക്കെ വില്വമംഗലത്തു സ്വാമിയാർ പ്രതിഷ്ട നടത്തിയ ചേർത്തല ഭഗവതിക്കും പുതിയ ആചാര അനുഷ്ടാനങ്ങൾ ഉണ്ടായി. അതിന് കൊടുങ്ങല്ലുർ ദേശത്തുണ്ടായിരുന്ന ഒരു ക്ഷേത്രത്തിലെ ചില ആചാരവുമായി എങ്ങനെ ബന്ധമുണ്ടായി.
*** *** ***
പൂരച്ചട്ടമ്പികളുടെ നേതാക്കളായ വണ്ട് പവിത്രനും തേരാളി പരമുവിനും പകലാശാനും ഉള്ളു ഹരിയ്ക്കും പൊന്നൻ പശയ്ക്കുമൊക്കെ ഈ ഇരട്ടപ്പേരുകൾ കിട്ടുന്നത് ചേർത്തല പൂരത്തെരുവിൽ നിന്നാണ്. ആ കഥയും രസകരമാണ്.
പൂരനാളുകളിൽ അന്നത്തിൻ്റെ ഉടലാകെ പൊതിയാൻ നിറയെ പച്ച വണ്ടിൻ്റെ തോടുകൾ ആവശ്യമായി വരും. രാത്രികാലത്തു വളരെ അപൂർവമായി മാത്രം നമ്മുടെ വീടുകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ജീവിയാണ് മനോഹരമായ പച്ച തോടുള്ള പച്ച വണ്ടുകൾ. നിറയെ പച്ച വണ്ടിൻ്റെ തോടുകൾ ഒട്ടിച്ച അന്നത്തിൻ്റെ കുഞ്ചുകം രാത്രി നിലത്തിരി വെളിച്ചത്തിൽ തിളങ്ങുന്നത് മനോഹര കാഴ്ചയാണ്. പൂരനാളുകളിൽ ചാക്ക് കണക്കിന് പച്ച വണ്ടുകളെ പൂരത്തെരുവിൽ എത്തിക്കുന്നത് വണ്ട് പവിത്രനാണ്. ഈ പച്ചവണ്ടുകളുടെ തോടുകൾ ഇളകി പോകാതെ പ്രത്യേക തരം പശക്കൂട്ടുകൾ ഉണ്ടാക്കി അന്നത്തിൻ്റെ കുഞ്ചുകത്തിൽ ഒട്ടിക്കുന്നത് "പൊന്നൻ പശ" എന്ന് ഇരട്ടപ്പേരുള്ള പൊന്നാനാണ്.
പച്ചവണ്ടിൻ്റെ കഥ ഞാൻ ആദ്യം കേൾക്കുന്നത് ചേർത്തല ദേവി ക്ഷേത്ര പരിസരത്തു നിന്ന് തന്നെയാണ്. മിക്ക ദിവസങ്ങളിലും ദീപാരാധന സമയത്തു തെരുവിൽ ചില വെടി പറച്ചിൽ സംഘങ്ങൾ കൂടിയിരുന്നു സംസാരിക്കുന്നത് കാണാം. ഇടയ്ക്കൊക്കെ ഈ കൂട്ടങ്ങളിൽ ചർച്ചയ്ക്കു വരുന്ന സംഭവങ്ങൾ തർക്കങ്ങളിൽ കലാശിക്കാറുണ്ട്. പച്ച വണ്ടിൻ്റെ കഥയും ആരും വിശ്വസിച്ചില്ല. "ചേർത്തല പൂരം" എന്ന പുസ്തകത്തിലും ഈ പച്ചവണ്ടിനെ പറ്റി പരാമർശിക്കുന്നുണ്ട്. അതുകൊണ്ടാണ് "പൂരച്ചട്ടമ്പികൾ" എന്ന കഥയിലെ ഒരു കഥാപാത്രത്തിന് ധൈര്യപൂർവ്വം ഞാൻ "വണ്ട് പവിത്രൻ" എന്ന പേര് കൊടുത്തത്.
No comments:
Post a Comment