ചില നായർ -ഈഴവ സാമ്യങ്ങൾ

 A  Silent  Entry  To  19'th  Century

==========================

നായരും ഈഴവരും ഒന്നായിരുന്നു എന്നും നമ്പൂതിരിമാരുടെ ആഢ്യത്വത്തേയും ആധിപത്യത്തേയും സമ്മതിച്ചുകൊണ്ട് അവരുടെ കൂടെ നിന്നവർ നായരാദി സവർണ്ണൻ ആയി എന്നും അതിനു വഴിപ്പെടാതെ അകന്നു മാറിയവർ അവർണ്ണരായ ഈഴവാദികളും ആയി എന്ന ചില നിഗമനങ്ങൾ ചരിത്രപുസ്തകങ്ങളിൽ നമുക്ക് വായിച്ചെടുക്കാം. 

ഈ രണ്ടു ജാതികളും തമ്മിൽ ആചാരങ്ങളിൽ ഒരുപാടു സാദൃശ്യങ്ങൾ ഉണ്ട്.  ഈ ജാതികൾ തമ്മിൽ ഇത്രയധികം പൊരുത്തങ്ങൾ ഉണ്ടായിട്ടും എങ്ങനെ ഒന്ന് മേൽജാതിയും മറ്റൊന്ന് കീഴ് ജാതിയുമായി ?

ജാതിയെ സൂചിപ്പിക്കുന്ന ചില അടയാളങ്ങളോ പേരുകളോ ഒഴിവാക്കിയാൽ നായരേയും ഈഴവനെയും തിരിച്ചറിയുക ബുദ്ധിമുട്ടാണ്. സവർണ്ണൻ മാരിൽ നായർ ഏറ്റവും താഴെയാണെങ്കിൽ അവർണ്ണൻ മാരിൽ ഈഴവൻ ഏറ്റവും മുകളിലാണ്.  പത്തൊൻപതാം നൂറ്റാണ്ടിനു മുമ്പുള്ള കാര്യങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ജാതി വ്യവസ്ഥയിൽ അവർണ്ണൻ , സവർണ്ണൻ എന്ന വേർതിരിവ് ഇല്ലായിരുന്നു എങ്കിൽ ഈ ജാതികൾ ഒരേ ഗണത്തിൽ വരുമായിരുന്നു.

ഈഡിക എന്നോരുജാതി തെലുങ്കിലുണ്ട് , കള്ളുണ്ടാക്കുകയാണ് അവരുടെ കുലത്തൊഴിൽ. അവരുടെ പുരോഹിതൻ ബ്രാഹ്മണനാണ്, ഇതെങ്ങനെ സംഭവിച്ചു?

പത്തൊമ്പതാം നൂറ്റാണ്ടിൽ നായരും ഈഴവരും  ക്ഷേത്രങ്ങളുടെ അവകാശികളോ അധികാരികളോ ആയിരുന്നതിന് പല തെളിവുകളും ഉണ്ട് . കാലക്രമേണ ഈഴവ കുടുംബങ്ങൾക്കുണ്ടായ അവകാശങ്ങൾ പലതും ഇല്ലാതായി. ഇതെങ്ങനെ സംഭവിച്ചു? 

പത്തൊൻപതാം നൂറ്റാണ്ടിനു മുൻപുള്ള ഒന്നുരണ്ടു വിചിത്ര സംഭവങ്ങൾ നോക്കുക.

1 .  അമ്പലപ്പുഴ താലൂക്കിൽ കോഴിമുക്ക് പകുതിയിൽ പതാരശ്ശേരി എന്ന ഈഴവ കുടുംബവും അതിനു പടിഞ്ഞാറായി മുണ്ടേലി എന്നൊരു നായർ കുടുംബവും ഉണ്ട്. ഈ കുടുംബങ്ങളിൽ ഏതെങ്കിലും ഒന്നിൽ മരണം നടന്നാൽ രണ്ടു കുടുംബങ്ങളും ഒരുപോലെ പുല ആചരിക്കാറുണ്ടായിരുന്നു. (1914 , മനോരമയിലും മിതവാദിയിലും പ്രസിദ്ധീകരിച്ചത് )

2 .   വൈക്കം താലൂക്കിൽ വെച്ചൂർ പകുതിയിൽ കോട്ടയ്ക്കൽ എന്ന ഈഴവകുടുംബവും തൃപ്പൂണിത്തുറ മാളികയ്ക്കൽ എന്ന നായർ കുടുംബവും ഇതുപോലെ പുല ആചരിച്ചിരുന്നു. ഇതുപോലെ കണ്ണൂരിലെ ചാലാട്ട് ദേശത്തെ മാടത്തങ്കണ്ടി എന്ന തിയ്യ കുടുംബവും വെള്ളുവ എന്ന നായർ കുടുംബവും.

3 .   ചേർത്തല മുഹമ്മ ചീരപ്പൻചിറ കുടുംബവും പന്തളം രാജകുടുംബവും ആയുള്ള ബന്ധവും തുടർന്ന് ശബരിമല അമ്പലത്തിൽ ഈ കുടുംബത്തിനുണ്ടായ അധികാരവകാശങ്ങളെ കുറിച്ചുള്ള സുപ്രീം കോടതി വിധിയും.

ഒരുപാടു സാമ്യങ്ങൾ ഇനിയുമുണ്ട് , അതൊക്കെ എങ്ങനെ വന്നതായാലും ഒരു ചരിത്രന്വേഷിയുടെ ചിന്തകൾക്ക് ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത കാര്യങ്ങളാണ് മുകളിൽ സൂചിപ്പിച്ചത്. ഈ സാമ്യതയുടെ പൊരുൾ അന്വേഷിച്ചുപോയാൽ നാലാം നൂറ്റാണ്ടിൽ ശ്രീലങ്കയിൽ നിന്നും കേരളത്തിലേയ്ക്കു കുടിയേറിയ ഒരു വംശപരമ്പരയിൽ ചെന്നുനിക്കും

ബുദ്ധമത പ്രചാരണത്തിനായി ശ്രീലങ്കയിൽ നിന്നും ചെറിയ സംഘങ്ങൾ ഇവിടെ വന്നിരിക്കണം. മതപ്രചാരണത്തിനൊപ്പം കൃഷിയിൽ അവർ നാട്ടുകാരെ സഹായിച്ചിരിക്കണം. ബുദ്ധഭിക്ഷുക്കളിൽ പലരും നല്ല വൈദ്യൻ മാർ കൂടിയായിരുന്നു. ഈഴവർക്ക്‌ വൈദ്യത്തിലുള്ള സാമർഥ്യം ബുദ്ധഭിക്ഷുക്കളിൽ നിന്നും കിട്ടിയതായിരിക്കാം.

നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ബുദ്ധമതത്തിൻ്റെ ഭാഗമായ വൈദ്യശാസ്ത്രവും സംസ്‌കൃതഭാഷയും ഇവിടെ ഈഴവർ അഭ്യസിച്ചു തുടങ്ങി. അതുകൊണ്ടാകാം ഈഴവജാതിയിൽ മഹാവൈദ്യന്മാരും പണ്ഡിതൻ മാരും പിറവികൊണ്ടത്. ഇതല്ലാതെ ഈ അവർണ്ണ ജാതിക്ക് പത്തൊമ്പതാം നൂറ്റാണ്ടിൽ ഈ സൗഭാഗ്യങ്ങൾ നേടാൻ മറ്റൊരു മാർഗ്ഗവും നമുക്കു കണ്ടെത്താൻ കഴിയില്ല.

ബുദ്ധമതത്തെ ഹൈന്ദവതയാണ് തകർത്തുകളഞ്ഞത് എന്ന വാദം ചരിത്രകാരന്മാർ ഉന്നയിക്കുന്നുണ്ട്. ആര്യാധിനിവേശം പൂർണമായ ശേഷം സമൂഹത്തിൽ അധികാരത്തിനായി ജാതിവ്യവസ്ഥ ശക്തമായി. ആര്യനിസം ഹൈന്ദവഇസമായി മാറിക്കഴിഞ്ഞപ്പോൾ ബുദ്ധമതത്തെ പൂർണമായി ഇല്ലാതാക്കാനായിരുന്നു ഹൈന്ദവത ശ്രമിച്ചത്. ബുദ്ധമതക്കാരുടെ കൈയിലുണ്ടായിരുന്ന വൈദ്യപരമ്പര്യം ഹൈന്ദവ പാരമ്പര്യത്തിലേയ്ക്ക് വഴിമാറിയത് ആര്യാധികാര പ്രയോഗത്തിലൂടെയാണ്. ആലപ്പുഴയിലും മറ്റും കിണർ കുഴിക്കുമ്പോഴും JCB ഉപയോഗിച്ചപ്പോഴും ലഭിച്ച ബുദ്ധപ്രതിമകൾ ആര്യൻ ആക്രമണത്തിൻ്റെ ബാക്കി പത്രമാകാം. 

പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ ഒരു വലിയ സമുദായമായിരുന്നു ഈഴവർ. ഈഴ ദേശത്തു (സിംഹള) നിന്നും വന്നതുകൊണ്ടാണ് ഈ നാമധേയം വന്നതെന്നും പറയപെടുന്നുണ്ട്. സംസ്കാരത്തിൽ അവർ ആർക്കും പുറകിലല്ലായിരുന്നു. ജാതിവ്യവസ്ഥ ഇല്ലാതിരുന്ന കേരളത്തിൽ ജാതിഭേദം നടപ്പാക്കിയത് ആര്യന്മാർ ആയിരുന്നു എന്നുള്ളത് മിക്ക ചരിത്രകാരന്മാരും സമ്മതിക്കുന്ന കാര്യമാണ്. നമ്പൂതിരിമാർ അവരോടു ചേർന്നു നിന്നവരെ സവർണ്ണൻ എന്നും അകന്നു നിന്നവരെ അവർണ്ണൻ എന്നും വിളിച്ചു തുടങ്ങി. സവർണ്ണ സമുദായങ്ങളെ വിവാഹം കൊണ്ടു നമ്പൂതിരിമാർ കൂടുതൽ അടുപ്പിച്ചു. പരിശ്രമശീലരായ അവർണ്ണർ അത്തരം കൂട്ടുകെട്ടിനൊന്നും സന്നദ്ധത പ്രകടിപ്പിച്ചില്ല. തന്മൂലം ക്ഷേത്രപ്രവേശനം മുതലായവയ്ക്ക് അവർണ്ണർക്ക് അധികാരമില്ലെന്ന് ബ്രാഹ്മണർ വിധിച്ചു. രാജാക്കന്മാർ ബ്രാഹ്മണരുടെ ഹിതാനുവർത്തികൾ ആയിരുന്നതുകൊണ്ട് ബ്രാഹ്മണരുടെ വിധികൾ പിന്നീട് രാജകല്പനകൾ ആയിമാറി.

"ഹോർത്തൂസ് ഇൻഡിക്കൂസ് മലബാറിക്കൂസ്" എന്ന പുസ്തകം 1673 -1677 വർഷത്തിൽ ഡച്ചു ഗവർണർ ഹെൻറി കാൻ റീഡ് എഴുതിച്ചതാണ്. ഇതിനു നിയോഗിച്ചത് ഈഴവ വൈദ്യനായ ഇട്ടി അച്യുതനെയാണ് . സഹായികളായത് സാരസ്വത ബ്രാഹ്മണരായ രംഗഭടൻ , വിനായക പണ്ഡിതൻ , ആര്യഭടൻ എന്നിവരാണ്. 

1893 ൽ  എഴുതാനാരാഭിച്ച 1906ൽ  പ്രസിദ്ധീകരിച്ച ആലപ്പുഴയിലെ തയ്യിൽ കുമാരൻ കൃഷ്ണൻ വൈദ്യൻ്റെ ആയിരത്തിൽ പരം പേജുള്ള ഔഷധ നിഘണ്ടു ആണ് മറ്റൊരു ഈഴവ കുടുംബത്തിൻ്റെ സംഭാവന .  ഈഴവ വൈദ്യൻ മാരുടെ വൈദ്യ ഗ്രന്ഥങ്ങൾ ഇനിയും ഒരുപാടുണ്ട്. സംസ്‌കൃത വിദ്യഭ്യാസം കേരളത്തിൽ ജാതി മതത്തിൽ അധിഷ്ഠിതമായ കാലത്താണ് ഇത്രയും വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ ഈഴവ കുടുംബങ്ങളിൽ നിന്നും ഉണ്ടായത് .

വൈദ്യം, ജോതിഷം, സംസ്‌കൃതം എന്നിവയിൽ പാണ്ഡിത്യം നേടിയ നിരവധി ഈഴവ കുടുംബങ്ങളെ കേരളത്തിലെ മിക്ക ഗ്രാമങ്ങളിലും പത്തൊൻപതാം നൂറ്റാണ്ടിൽ  കാണാമായിരുന്നു. തീണ്ടൽ ജാതി ആയിരുന്നിട്ടും ഇവർ എങ്ങനെ ഈ കാര്യങ്ങളിൽ അഗ്രഗണ്യരായി ? . 

നമ്പൂതിരിമാരുടെ കാലഘട്ടത്തിനു മുൻപ് കേരളത്തിൽ ജൈന - ബുദ്ധ മതങ്ങൾക്ക് നല്ല പ്രചാരണവും ആദരവും ലഭിച്ചിരുന്നു എന്നതിന് ധാരാളം തെളിവുണ്ട്. ബുദ്ധമതവും വൈദ്യശാസ്ത്രവും തമ്മിലുള്ള ബന്ധം നോക്കുക .  ബുദ്ധവിദ്യ പീഠങ്ങളിൽ നിന്നും വിദ്യ അഭ്യസിക്കുകയും മഹാ പണ്ഡിതരായി പുറത്തുവരികയും ചെയ്തവർ പിന്നീട് ബ്രാഹ്മണ മേധാവിത്വത്തോടെ(ആര്യ മേധാവിത്വത്തോടെ) അധഃകൃതരായി മാറി. ജൈന - ബുദ്ധ മതങ്ങൾ ക്ഷയിക്കുകയും അവരോട് കൂറ് പുലർത്തിയിരുന്ന സമുദായങ്ങളെ കിഴിഞ്ഞ ജാതിക്കാരായി ഗണിക്കുകയും ചെയ്തു. 

ബുദ്ധകൃതികളാണ്  അഷ്ടാംഗ ഹൃദയവും അമരകോശവും. തകഴി , തിരുവിഴ , ഏറ്റുമാനൂർ , മണ്ണാറശാല , പനച്ചിക്കൽ മുതലായ ക്ഷേത്രങ്ങളിൽ നടന്നുവരുന്ന ചികിത്സ പദ്ധതി ബുദ്ധകാല സ്മരണകൾ ഉളവാക്കുന്നുണ്ട്. 

പടിഞ്ഞാറൻ കാഴ്ചപ്പാടിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന തെറ്റായ ഒരു കാഴ്ചപ്പാടാണ് ബുദ്ധൻ ദൈവത്തിൻ്റെ പ്രതിരൂപമാണ് എന്നുള്ളത്. പരമമായ സൃഷ്ടവായ ദൈവത്തെ പറ്റിയോ അതീന്ദ്രിയ ജ്ഞാനത്തെ പറ്റിയോ ബുദ്ധമതത്തിൽ പഠിപ്പിക്കുന്നില്ല. ബുദ്ധമതത്തിൽ ബോധോദയത്തിനു വേണ്ടി പരമമായ സത്തയെ അല്ലെങ്കിൽ ദൈവത്തെ ആശ്രയിക്കുന്നില്ല. ബുദ്ധമതപ്രകാരം ലോകസൃഷ്ടി ദൈവത്തിൽ നിന്നല്ല,മറിച്ച് അതിൻ്റെ കാരണങ്ങൾ കാലങ്ങളായി മറഞ്ഞുകിടക്കുകയാണ് എന്നേ പറയുന്നുള്ളൂ. തൻ്റെ ബോധത്തിൽ തെളിഞ്ഞ കാര്യങ്ങൾ മാത്രമേ ബുദ്ധൻ അനുയായികളുമായി പങ്കുവെച്ചുള്ളു. അനുയായികളെ കൈയിലെടുത്തു സ്വയം ദൈവമായി മാറാൻ ബുദ്ധൻ ഒരിക്കലും ശ്രമിച്ചിരുന്നില്ല. 

ഹൈന്ദവ സംസ്കാരത്തിലും ബുദ്ധമതത്തിൽ നിന്നും കടം കൊണ്ട ചില ചിന്തകളുണ്ട്. " ഞാൻ തന്നെയാണ് നീ ". "അഹം ബ്രഹ്മാസി". "തത്വമസി " മുതലായവ. ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ ബുദ്ധമതത്തിൽ ഈശ്വരവിശ്വാസികളും നിരീശ്വരവിശ്വാസികളും ഉണ്ടായി. അതിനു കാരണക്കാരൻ ശ്രീബുദ്ധൻ തന്നെയായിരുന്നു. ദൈവം ഇല്ല എന്നുതന്നെ ബുദ്ധൻ ശിഷ്യരോട്‌ പറഞ്ഞു. ഓരോരുത്തരുടെയും ഉള്ളിലുള്ള പരമമായ സത്തയെ സ്വയം കണ്ടെത്തിയെടുക്കാനുള്ള ഉപദേശങ്ങളാണ് ബുദ്ധൻ ശിഷ്യർക്കായി പകർന്നുകൊടുത്തത്.

" പ്രതിവിപ്ലവത്തിൻ്റെ ദാർശനിക പ്രതിരോധം " എന്ന B R അംബേദ്കറുടെ പ്രബന്ധം ശ്രദ്ധിക്കുക .  പുഷ്യമിത്ര സുംഗൻ  മൗര്യഭരണത്തെയും ബൗദ്ധധർമ്മത്തേയും അട്ടിമറിച്ചുകൊണ്ട് BCE രണ്ടാം ശതകത്തിൽ ബ്രാഹ്മണാധിപത്യം പുനഃസ്ഥാപിച്ചതിനെയാണ് പ്രതിവിപ്ലവം എന്ന് അംബേദ്‌കർ വിശേഷിപ്പിക്കുന്നത്. വർണ്ണ ധർമ്മത്തേയും ബ്രാഹ്മണ പൗരോഹിത്യത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് BCE 6 - 5  നൂറ്റാണ്ടുകളിൽ ബുദ്ധമതം ഉയർന്നുവന്നത്. മൗര ഭരണം ബുദ്ധധർമ്മത്തെ പിന്തുണച്ചു. അശോകൻ്റെ കാലമായപ്പോൾ ബുദ്ധമതം ഇന്ത്യയിലുടനീളം പടർന്നു പന്തലിച്ചു. (page  714 ). 

അവലംബം(Referance) :- 


1 .എൻ്റെ നിഗമനങ്ങളുടെ സൂത്രരൂപം , ഹിന്ദുമതവും സംസ്കാരവും ,    പൂത്തേഴത്തു രാമൻ മേനോൻ. 
2 .പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം,പി .ഭാസ്കരനുണ്ണി  .
3 .ബുദ്ധമതവും ഈഴവരും , V R .പരമേശ്വരൻ പിള്ള , 
4 .ബുദ്ധമതവും കേരളവും , V V നാണു.
 

ഗവേഷണ വിഷയം 

-------------------------------

1 . മാർക്സിൻ്റെ(karl marx ) കമ്മ്യൂണിസ്റ്റ് ആശയങ്ങളിലെ ചില ചിന്തകൾക്ക് ബുദ്ധമതത്തിലെ ചില ആശയങ്ങളുമായുള്ള സാമ്യം പരിശോധിക്കുക . 

2 . മാർക്സിൻ്റെ ചില ആശയങ്ങൾ ബുദ്ധമതത്തിൽ നിന്നും കടം കൊണ്ടിട്ടുണ്ടോ എന്നുള്ള കാര്യം വിശദമായ ഒരു പഠനത്തിലൂടെ സമർഥിക്കുക .

3 . കേരളത്തിൽ മാർക്സിൻ്റെ ചിന്തകൾക്ക് വേരോട്ടം ഉണ്ടായ ജാതി ഏതെന്നു പരിശോധിക്കുക .

4 . അവർ ഏതു ദേശത്തുനിന്നും കുടിയേറി എന്നും അവിടെ അവരുടെ പൂർവികർ വിശ്വസിച്ചിരുന്ന ജാതി ചിന്തകൾ ഏതെന്നും അവരുടെ പൂർവികരുടെ ചരിത്രം ഏന്തെന്നും എനിക്ക് മുന്നേ ഈ ലോകത്തിൽ ജീവിച്ചിരുന്ന ചരിത്ര രചയിതാക്കളുടെ പുസ്തകങ്ങളിലൂടെ സമർഥിക്കുക .

5 . അപ്പോൾ നവോത്ഥന കാലഘട്ടത്തിനു മുൻപുതന്നെ മാർക്സിയൻ ചിന്തകളോടു സാദൃശ്യമുള്ള ഒരു മതവിഭാഗത്തിൽ വിശ്വസിച്ചിരുന്ന ജനത കേരളത്തിലും വസിച്ചിരുന്നു എന്ന് കണക്കാക്കണം .

കാലവും തലമുറകളും പലതു കഴിഞ്ഞപ്പോൾ അവരുടെ തലമുറ അടിച്ചമർത്തലിൻ്റെ പടുകുഴിയിൽ വീണുപോയി. തലമുറ പലതു കഴിഞ്ഞെങ്കിലും ആ ചിന്താധാര അവരുടെ തലച്ചോറിൽ പതിഞ്ഞു കിടന്നിരിക്കാം . പിന്നീട്  മാർക്സിയൻ ചിന്തകൾക്ക് വേരോട്ടമുണ്ടാകാൻ തുടങ്ങിയ നാളുകളിൽ അവരുടെ പൂർവികർ വിശ്വസിച്ചിരുന്ന ചിന്താധാരകളുമായുള്ള ചില സാമ്യങ്ങൾ ഈ സമൂഹത്തെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേയ്ക്ക് ആകർഷിച്ചിട്ടുണ്ടാകുമോ ?...

ഇനിയുള്ള എൻ്റെ യാത്രകളിലും അന്വേഷണങ്ങളിലും ഈ വിഷയങ്ങൾ കൂടി സ്ഥാനം പിടിച്ചേക്കാം . നായരീഴവ സഖ്യത്തിൻ്റെ പരാജയവും കേരളം മുഴുവൻ വലിയ ഓളങ്ങൾ സൃഷ്ഠിച്ചുകൊണ്ടു രൂപീകരിച്ച ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള  കാരണവും  കൂടി  കണ്ടെത്താനുള്ള ഒരെളിയ ശ്രമം  എൻ്റെ 350 - 400  പേജുകൾ വരുന്ന ഈ പ്രബന്ധത്തിൽ കൂടി ഞാൻ നടത്തുന്നുണ്ട്. 

കൂടുതൽ വായനയ്ക്ക് എൻ്റെ ബ്ലോഗ് പേജ് സന്ദർശിക്കുക .

സ്നേഹപൂർവ്വം : സനിൽ കണ്ണോത്ത് .

eskaymedia.blogspot.com









 










 






 

















No comments:

Post a Comment