ചില നുറുങ്ങു വിശേഷങ്ങൾ

 

ചില മദ്യ കമ്പിനികൾ അവരുടെ കുപ്പികൾക്കിടുന്ന പേരുകൾ വളരെ രസകരമാണ് . 1965 എന്ന പേരിൽ Radico കമ്പനി പുതിയ റം ഇറക്കിയപ്പോൾ
 "sprit of victory " എന്നായിരുന്നു അവർ റമ്മിന് കൊടുത്ത തലവാചകം . 1965 ലെ ഇന്ത്യ -പാക് യുദ്ധത്തിൽ പങ്കെടുത്ത ധീര ജവാന്മാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടാണ് Radico കമ്പനി " 1965 Sprit Of Victory Premium XXX Rum " പുറത്തിറക്കിയത് .

കരസേനയിൽ ഉയർന്ന റാങ്കിൽ ജോലിയിൽ നിന്നും വിരമിച്ച പട്ടി ഭ്രാന്തനായ എൻ്റെ സുഹൃത്ത് നാട്ടിലെത്തി . അവൻ 50,000 ൽ അധികം രൂപ കൊടുത്തു വാങ്ങിയ തൻ്റെ പട്ടിക്കിട്ട പേരും രസകരമാണ് . തൻ്റെ പ്രിയപ്പെട്ട മദ്യ ബ്രാൻഡായ ബക്കാഡി (bacardi ) എന്ന റമ്മിൻ്റെ പേരുതന്നെ അവൻ തൻ്റെ പ്രിയപ്പെട്ട പട്ടിക്കിട്ടു .
 
ബക്കാഡി സ്ത്രീ ലിംഗത്തിൽ പെട്ട നാമമാണ് അതുകൊണ്ട് ആൺ പട്ടിയ്ക്ക് ബക്കാഡി എന്നല്ല ബക്കാടൻ എന്നായിരുന്നു പേരിടേണ്ടിയിരുന്നത് എന്ന എൻ്റെ പറച്ചിൽ അവൻ സമ്മതിച്ചു തന്നില്ല . "ബക്കാഡി " നല്ല ഉശിരൻ ആണുങ്ങളുടെ പേരാണ് എന്ന് അവൻ ചില തർക്കങ്ങളിലൂടെ സമർത്ഥിച്ചുകൊണ്ടിരുന്നു . ഞങ്ങളുടെ തർക്കം ഒരിക്കലും അവസാനിച്ചില്ല , തർക്കം മൂത്തപ്പോൾ അവൻ എന്നെ ഒരു ചെക്കു പറച്ചിലിലൂടെ ഒതുക്കി കളഞ്ഞു . 

"നിനക്ക് ഡിമ്പിളി എന്നായിരുന്നില്ല ഡിമ്പിളൻ എന്നായിരുന്നു പേരിടേണ്ടിയിരുന്നത് "

എനിക്ക് ഡിമ്പിളി എന്നുപേരിട്ട അങ്കിൾ കോയയെ കടിച്ചുകീറാനുള്ള ദേഷ്യം ആ സമയത്തുണ്ടായി . എങ്കിലും പാർട്ടി ജില്ലാ മെമ്പർ കൂടിയായ എൻ്റെ സുഹൃത്ത് ത്വാത്തികമായ അവലോകന യോഗങ്ങളിൽ ഉടലെടുക്കുന്ന ചില തർക്കങ്ങൾ നിഷ്പ്രയാസം ജയിച്ചു കയറുന്നതു കേട്ടറിഞ്ഞിട്ടുള്ള ഞാൻ തോറ്റുകൊടുക്കാൻ തയ്യാറായി. 

എന്തായാലും അവൻ്റെ പ്രിയപ്പെട്ട പട്ടിയായ ബക്കാഡി ഒരുപാടു സ്വഭാവ സവിശേഷതകൾ ഉള്ള ഒരു പട്ടിയായിരുന്നു . പ്രായപൂർത്തിയായ ശേഷം പട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ഒരു പട്ടി പരിശീലകൻ കൂടിയായ എൻ്റെ സുഹൃത്ത് പെട്ടെന്ന് മനസിലാക്കിയെടുത്തു . വർഷത്തിൽ ഒരു മാസം ബക്കാഡിയെ പരിപാലിക്കാൻ ഭയങ്കര പ്രയാസമാണ് , ആ മാസങ്ങളിൽ ആണ് അവനിൽ കാമമോഹങ്ങൾ ഉടലെടുക്കുന്നത് . ആ സമയം അവൻ അവൻ്റെ യജമാനനെ പോലും അനുസരിക്കില്ല . എല്ലാവരോടും കട്ട കലിപ്പിൽ ആയിരിക്കും . ഭക്ഷണമൊന്നും കഴിക്കാതെ കൂട്ടിൽ തന്നെ ഇരുന്നുകളയും .

അങ്ങനെ ബക്കാഡി കട്ട കലിപ്പിൽ കൂട്ടിൽ നിന്നും ഇറങ്ങാതെ , ഭക്ഷണമൊന്നും കഴിക്കാതെ ഇരുന്ന മാസമാണ് ജോയി കൂറ്റുകാരൻ്റെ വീട്ടിൽ ബക്കാഡിയുടെ അതെ ബ്രീഡിലുള്ള ഒരു പെൺപട്ടി ഉള്ള വിവരം എൻ്റെ സുഹൃത്ത് അറിയുന്നത് . ജോയി കൂറ്റുകാരനും സുഹൃത്തും കൂടി ഒരു കരാർ പറഞ്ഞുറപ്പിച്ച ശേഷം ജോയി കൂറ്റുകാരൻ്റെ പെൺ  പട്ടിയെ സുഹൃത്ത് അവൻ്റെ വീട്ടിലേയ്ക്കു കൊണ്ടു പോന്നു . ബക്കാഡിയെയും പെൺപട്ടിയേയും ഒരേ കൂട്ടിലിട്ടു . ബക്കാഡിയയുടെ ശരീരത്തിൽ അടിഞ്ഞുകൂടിയ ബീജങ്ങൾ പുറത്തേയ്ക്കു വിസർജ്ജിച്ചു കഴിഞ്ഞപ്പോൾ അവൻ അനുസരണക്കാരനായ പട്ടിയായി മാറി . സുഹൃത്ത് പെൺപട്ടിയെ ജോയി കൂറ്റുകാരനെ തിരിച്ചേല്പിച്ചു, പട്ടി പ്രസവിക്കുമ്പോൾ പകുതി കുഞ്ഞുങ്ങളെ തരണം എന്ന വ്യവസ്ഥയിൽ . പക്ഷെ ജോയി വാക്ക് പാലിച്ചില്ല . ആറു കുഞ്ഞുകൾ ഉണ്ടായ പ്രസവത്തിൽ രണ്ടു കുഞ്ഞുങ്ങളെ മാത്രമേ സുഹൃത്തിനു കിട്ടിയുള്ളൂ .  രണ്ടു കുഞ്ഞുങ്ങളെയും കൂടി ഒരു പട്ടി ഏജൻറ് 90,000 രൂപയ്ക്കാണ് സുഹൃത്തിൻ്റെ  കൈയിൽ നിന്നും വാങ്ങിയത് , അതുകൊണ്ടു തന്നെ അതൊരു നഷ്ട കച്ചവടമായി എനിക്ക് തോന്നിയില്ല . പക്ഷെ എൻ്റെ സുഹൃത്ത് ആ കരാറിനെ ഒരു നഷ്ട കച്ചവടമായി തന്നെ കണക്കാക്കി .

പിറ്റേ വർഷം ബക്കാഡിക്കു കാമഭ്രാന്ത് ഇളകി നിന്ന ഒരു ദിവസമാണ് ഞാൻ വീണ്ടും സുഹൃത്തിൻ്റെ വീട്ടിൽ എത്തുന്നത് . ആ ദിവസം ഞാൻ കണ്ട കാഴ്ച എന്നെ അബോധാവസ്ഥയിൽ ആക്കാൻ മാത്രം പ്രാപ്തിയുള്ള ഒന്നായിരുന്നു . സുഹൃത്ത് ബക്കാഡി എന്ന അവൻ്റെ ആൺ പട്ടിയുടെ ജനനേന്ദ്രിയം സ്വന്തം കൈവിരലുകൾ കൊണ്ട് ഉത്തേജിപ്പിക്കുന്നു . ബക്കാഡിയുടെ ഉത്തേജിക്കപ്പെട്ട ജനനേന്ദ്രിയം കണ്ടപ്പോൾ എൻ്റെ തല കറങ്ങി , വീഴാതിരിക്കാൻ ഞാൻ പട്ടിക്കൂടിനു മുകളിൽ കൈകൾ ബലമായി പിടിച്ചു . സുഹൃത്തിൻ്റെ കൈവിരലുകളുടെ പ്രവർത്തനത്തിൽ കൂടി ഉത്തേജിക്കപ്പെട്ട ബക്കാഡിയുടെ ലിംഗത്തിൽ നിന്നും ബീജം പുറത്തേയ്ക്കു ചാടി പട്ടിക്കൂടിൻ്റെ  സിമെൻറ് തറയിൽ പതിച്ചു . ആ ബീജത്തിൽ നോക്കി സുഹൃത്ത് പറഞ്ഞ വാചകം എന്നിൽ വെറുപ്പാണുണ്ടാക്കിയത് .

" അങ്ങനെ എൻ്റെ പട്ടിയുടെ ബീജം കൊണ്ട് ഒരുത്തനും പൈസ ഉണ്ടാക്കണ്ട "

ഒരു മൃഗത്തിന് വർഷത്തിൽ പത്തോ ഇരുപതോ ദിവസം മാത്രം തോന്നുന്ന കാമവികാരത്തെ നശിപ്പിച്ച ദുഷ്ടൻ . തൻ്റെ കാമുകിയുമായി നിദ്രാരഹിതമായ പ്രണയസംഗമങ്ങൾ നടത്താൻ പ്രാപ്തിയുണ്ടായിരുന്ന ബക്കാഡിയുടെ ബീജത്തെ തൻ്റെ കൈവിരലുകൾ കൊണ്ട് ഉത്തേജിപ്പിച്ചു പുറത്തുചാടിച്ച കശ്മലൻ .

വീണ്ടും ഒരു പട്ടി കഥ പറഞ്ഞു ആവർത്തന വിരസത ഉണ്ടാക്കേണ്ടി വന്നതിൽ നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് . ഈ കഥ പറയാൻ തക്കതായ കാരണം ഉണ്ടായതുകൊണ്ടാണ് . ആ സംഭവം കൂടി പറഞ്ഞു ഞാൻ അവസാനിപ്പിച്ചേക്കാം . 

സംഭവം നടക്കുന്നത്  19 -12 -2020 ശനിയാഴ്ച രാവിലെയാണ് . അഞ്ചു മണിയായപ്പോൾ രാവിലെയുള്ള നടത്തത്തിനായി ഞാൻ ഗേറ്റ് തുറന്നു റോഡിലെത്തി . അപ്പോൾ എന്നെ കാത്തു മരിച്ചുപോയ കറുമ്പി അമ്മുമ്മയുടെ രണ്ടു പെൺപട്ടികൾ റോഡിൽ കാത്തു നിപ്പുണ്ടായിരുന്നു . കറുമ്പി അമ്മുമ്മയുടെ മരണത്തോടെ അനാഥരായ പെൺപട്ടികൾ ഇപ്പോൾ ഞങ്ങളുടെ ഗേറ്റിനു കിഴക്കുവശമുള്ള തല്ലിമരത്തിൻ്റെ ചുവട്ടിലാണ് രാത്രി കഴിച്ചുകൂട്ടുക . എങ്ങു നിന്നും ഭക്ഷണമൊന്നും കിട്ടാത്ത ദിവസങ്ങളിൽ മാത്രം പട്ടികൾ ഗേറ്റിനു സമീപം വന്നു എന്തെങ്കിലും ശബ്ദം ഉണ്ടാക്കി എൻ്റെ ശ്രദ്ധ ആകർഷിക്കും . രണ്ടു പട്ടികൾക്ക് വിശപ്പടക്കാനുള്ള ഭക്ഷണം ഞാൻ വെളിയിൽ കൊണ്ടുപോയി കൊടുക്കും . അതുകൊണ്ടു പട്ടികൾക്ക് നല്ല സ്നേഹമാണ് . വിശക്കുന്ന പട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ കാണിക്കുന്ന സ്നേഹവും വിശപ്പു എന്താണ് എന്നറിയിക്കാതെ നമ്മൾ ഓമനിച്ചു വളർത്തുന്ന പട്ടികൾ കാണിക്കുന്ന സ്നേഹവും രണ്ടാണ് . അത് മനസ്സിലാക്കണമെങ്കിൽ രണ്ടുതരം പട്ടികൾക്കും നിങ്ങൾ ഭക്ഷണം കൊടുത്തു തന്നെ നോക്കണം . രാത്രി അപരിചിതരായ ആളുകൾ ഗേറ്റിനു സമീപം വന്നാൽ പട്ടികൾ തല്ലി മരത്തിൻ്റെ ചുവട്ടിൽ തന്നെ കിടന്നു കുരച്ചു ബഹളം വെച്ച് ഓടിച്ചു വിട്ടോളും .  

ഞങ്ങളുടെ റോഡിൽ രാത്രി കാവലിന് ഒരു ഗൂർഖയുണ്ട് . ഗൂർഖ എല്ലാ ദിവസവും രാത്രി 12 മണി കഴിയുമ്പോൾ വിസിലടിച്ചു എല്ലാ വീടുകളുടെയും ഗേറ്റിൽ തൻ്റെ ലാത്തി വടികൊണ്ടടിച്ചു ശബ്ദമുണ്ടാക്കി എല്ലാവരെയും ഉണർത്തി തൻ്റെ സാന്നിധ്യം അറിയിച്ചു കടന്നു പോകും . ഞാൻ വരികയാണ് കള്ളന്മാർ ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി എൻ്റെ മുന്നിൽ വരരുത് എന്നുള്ളതിൻ്റെ മുന്നറിയിപ്പാണ് ഈ വിസിലടിയും ഗേറ്റിൽ ലാത്തി കൊണ്ടുള്ള നാലടിയും . പട്ടികൾ റോഡിനു കിഴക്കുവശമുള്ള സ്ഥലത്തു താമസമാക്കിയതറിയാതെ ഗൂർഖ ഒരുദിവസം രാത്രി വന്നു ഗേറ്റിൽ അടിച്ചു . പട്ടികൾ കുരച്ചു ചാടി ബഹളം വെച്ചു . കൈയിൽ ലാത്തി ഉള്ളതുകൊണ്ട് മാത്രം ഗൂർഖ കടി ഏൽക്കാതെ രക്ഷപെട്ടു . അതിർത്തി കടന്നുപോകുന്നതുവരെ പട്ടികൾ ഗൂർഖയെ പിന്തുടർന്നു .

19- താം തീയതി ശനിയാഴ്ച ഞാൻ നടക്കാനിറങ്ങിയപ്പോഴും പട്ടികൾ എന്നെ പിന്തുടർന്നു . സാധാരണ ഗ്രാമവേദി കവലയിൽ എത്തിയാൽ പട്ടികൾ തിരിച്ചു പോരുകയാണ് പതിവ് . അന്ന് പട്ടികൾ തിരിച്ചുപോരാതെ ട്രാൻസ്ഫോർമറിനു സമീപം കിടന്നു . 

ഞാൻ കണിച്ചുകുളങ്ങര വരെ നടന്നു തിരിച്ചു ഗ്രാമവേദി കവലയിൽ എത്തിയപ്പോൾ നടപ്പുകാരായ സ്ത്രീകളുടെ ഒരു സംഘം നടപ്പു നിർത്തി എന്തോ കണ്ടു പേടിച്ച പോലെ റോഡിൽ നിക്കുകയാണ് . ഞാൻ നോക്കുമ്പോൾ റോഡിനു നടുക്ക് ഗ്രേറ്റ് ഡേൻ (greate dane ) ഇനത്തിൽ പെട്ട പൂർണ്ണ വളർച്ചയെത്തിയ ജഗജില്ലിയായ ഒരാൺ പട്ടി എല്ലാവരുടെയും നടത്തത്തിനു തടസ്സം സൃഷ്ടിച്ചു കൊണ്ട് ഒരു കാള കൂറ്റനെ പോലെ നിക്കുകയാണ് . പട്ടിയെ നിരീക്ഷിച്ച ഞാൻ അവൻ ആക്രമിക്കാനുള്ള തയാറെടുപ്പിലല്ല എന്ന് മനസിലാക്കി . അവൻ പെൺപട്ടികൾ കിടന്ന സ്ഥലത്തു മണം പിടിച്ചു നടന്നപ്പോഴേ എനിക്ക് സംഗതി പിടികിട്ടി . പട്ടികളുടെ മനഃശാസ്ത്രം ഏകദേശം മനസ്സിലാക്കിയിട്ടുള്ള ഞാൻ അവനെ കടന്നുപോയി . ഞാൻ പട്ടിയെ കടന്നുപോയ ധൈര്യത്തിൽ സ്ത്രീകളുടെ സംഘവും അവനെ കടന്നു നടപ്പു തുടർന്നു . പട്ടി ആരുടെയാണെന്നു ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായി . എന്നെ അതിശയിപ്പിച്ചത് എങ്ങനെ അവൻ പൊക്കമുള്ള മതിൽ ചാടി കടന്നു എന്നതായിരുന്നു .

ഞാൻ വിരൽ ഞൊടിച്ചപ്പോൾ അവൻ എൻ്റെ കൂടെ ഗേറ്റ് വരെ വന്നു . കറുമ്പി അമ്മുമ്മയുടെ പെൺപട്ടികൾ ഗേറ്റിനു സമീപം കിടന്ന സ്ഥലത്തു അവൻ മൂത്രം ഒഴിച്ച് തൻ്റെ ആധിപത്യം ഉറപ്പിച്ചു . അപ്പോഴേയ്ക്കും  തല്ലിമര ചുവട്ടിൽ കിടന്ന പെൺപട്ടിയെ അവൻ കണ്ടു . പെൺപട്ടിയുടെ സമീപമെത്തി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവർ പ്രണയകേളികൾ തുടങ്ങി . അവരുടെ പ്രണയ കേളികൾ നോക്കിനിന്ന എനിക്ക് വൈശാലി സിനിമയിലെ മുനികുമാരൻ ആയിട്ടാണ് ആൺ പട്ടിയെ കണ്ടപ്പോൾ തോന്നിയത് . 

കണ്ണ് തുറന്നു ലോകം കാണുന്നതിന് മുൻപ് ഒരു വീടിൻ്റെ മതിൽകെട്ടിനുള്ളിൽ എത്തപ്പെട്ട , തന്നെ പോലെ മറ്റു പട്ടികളും ഈ ലോകത്തിൽ  ഉണ്ടെന്നു മനസ്സിലാക്കാൻ കഴിയാതിരുന്ന കാള കൂറ്റനെ പോലിരിക്കുന്ന ആ പട്ടിയോടു എനിക്ക് സഹതാപം തോന്നി . എന്താണ് വിശപ്പ് എന്നത് ആ പട്ടി ഇതുവരെ അറിഞ്ഞിട്ടുണ്ടാവില്ല , ഇപ്പോൾ കാമവും ഒരുതരം വിശപ്പാണ് എന്ന സംഗതി ആ മൃഗം അറിഞ്ഞു തുടങ്ങുകയാണ് . അവരുടെ പ്രണയത്തിനു തടസ്സം സൃഷ്ടിക്കാൻ ഞാൻ ഒരു കാരണം ആകരുത് എന്നതുകൊണ്ട് അവരുടെ പ്രണയകേളികൾ കഴിഞ്ഞു മതി പട്ടിയുടെ ഉടമസ്ഥനെ വിവരം അറിയിക്കാൻ എന്ന് ഞാൻ കരുതി . 
എന്നെ ചിരിപ്പിച്ച സംഗതി മറ്റൊന്നായിരുന്നു . വൈശാലി ഇനി എന്നും മുനികുമാരനെ ആകർഷിക്കാൻ മുനികുമാരൻ താമസിക്കുന്ന വലിയ മതിൽ കെട്ടിൻ്റെ ഗേറ്റിനു മുന്നിൽ ചെല്ലാതിരിക്കില്ല . ഇതും ഇതിനപ്പുറവും വിയറ്റ്നാം കോളനി സിനിമയിലെ K K ജോസഫ് ചാടികടന്നതുപോലെ , മുനികുമാരനും ആ പൊക്കമുള്ള മതിൽ നിഷ്പ്രയാസം ചാടിക്കടന്നു വൈശാലിയുടെ സമീപം എത്താതിരിക്കില്ല .(കറുമ്പി അമ്മുമ്മയുടെ പെൺപട്ടിയെ ഇനി നമുക്ക് വൈശാലി എന്ന് തന്നെ വിളിക്കാം ).

ഈ സമയത്താണ് സ്ത്രീ സംഘം നടപ്പുകാർ തിരിച്ചു നടന്നു എൻ്റെ സമീപം എത്തിയത് . വൈശാലിയുടെയും മുനികുമാരൻ്റെയും പ്രണയകേളികൾ നോക്കിനിന്ന ഞാൻ ഇവർ സമീപം എത്തിയതറിഞ്ഞില്ല .

" ആ കാള കുട്ടിയെ പോലിരുന്ന പട്ടി പോയോ ?"

ഗേറ്റിൽ ചാരി നിന്ന് അവരുടെ പ്രണയകേളികൾ ആസ്വദിച്ചുനിന്ന ഞാൻ തല്ലി മരത്തിൻ്റെ ചുവട്ടിലേയ്ക്ക് വിരൽ ചൂണ്ടി . പിന്നെ ഞാൻ കേട്ടത് നടപ്പുകാരായ എല്ലാ സ്ത്രീ ജനങ്ങളുടെയും തൊണ്ടയിൽ നിന്നും ഒരുമിച്ചു പുറത്തേയ്ക്കു വന്ന ഒരു ആശ്ചര്യ ശബ്ദം ആയിരുന്നു .

" എൻ്റെ ഭഗവതി !...  രാവിലെ തന്നെ നീ എന്നെ കാണിച്ച കാഴ്ച ഇത്രയ്ക്കു വൃത്തികെട്ടതായി പോയല്ലോ ! "

പിന്നെ ആ സംഘത്തിലെ ആർക്കും എന്നോട് സംസാരിക്കാനുള്ള ശക്തിയില്ലായിരുന്നു . അവർ പെട്ടെന്ന് തന്നെ നടന്നു നീങ്ങി . - ഒരു മൃഗത്തിന് അറിയില്ലല്ലോ വ്യക്തി സ്വാത്രന്ത്യം സമൂഹത്തിൻ്റെ സ്വാത്രന്ത്യത്തെ ഹനിക്കാത്ത രീതിയിലായിരിക്കണം ഓരോ വ്യക്തിയും അവരുടെ വ്യക്തി സ്വാത്രന്ത്യം ആസ്വദിക്കാൻ എന്ന കാര്യം . ചിലപ്പോൾ സമീപ ഭാവിയിൽ തന്നെ മൃഗങ്ങൾക്ക് മനുഷ്യൻ്റെ നിയമങ്ങളൊക്കെ മനസ്സിലാക്കാനുള്ള പ്രാപ്തി കൈവരാതിരിക്കില്ല .അതിൻ്റെ അവസാന ഘട്ട പരീക്ഷണത്തിലാണ് ശാസ്ത്ര ലോകം . ഈ കണ്ടുപിടുത്തം ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുക ഓട്ടിസം ബാധിച്ച കുട്ടികൾക്കായിരിക്കും . നിർമ്മിത ബുദ്ധിയും (Artificial Intelligence) ന്യൂറോളജിയും(Neurology ) ഒരുമിച്ചാണ് ഗവേഷണം നടത്തുന്നത് . അതായത് ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെ തലയോട് തുരന്ന് ഒരു ചിപ്പ് തലയോട്ടിക്കുള്ളിൽ ഘടിപ്പിക്കും , പിന്നെ ഈ ചിപ്പുകളായിരിക്കും അവരുടെ ഞരമ്പുകളെ നിയന്ത്രിക്കുക . ആരോഗ്യമുള്ള ഒരു മനുഷ്യൻ എന്തൊക്കെ ചെയ്യുമോ അതൊക്കെ ഓട്ടിസം ബാധിച്ച ഒരു കുട്ടിക്കും ചെയ്യാൻ സാധിക്കും . ഈ കണ്ടുപിടുത്തം ഓട്ടിസം ബാധിച്ച കുട്ടികളുള്ള മാതാപിതാക്കൾക്ക് എത്രമാത്രം സന്തോഷം പ്രദാനം ചെയ്യും. ഈ സാങ്കേതിക വിദ്യ മൃഗങ്ങളിലും ഉപയോഗിക്കാം. ഒരു റോബോട്ടിനെ ഉണ്ടാക്കുന്നതിനേക്കാൾ ചെലവ് കുറഞ്ഞ രീതിയിൽ ഒരു പട്ടിയുടേയോ പൂച്ചയുടേയോ തലയോട് തുരന്നു ചിപ്പ് ഘടിപ്പിക്കാം. നമുക്ക് ആ പട്ടിയേയോ പൂച്ചയേയോ കൊണ്ട് എന്തൊക്കെ ആവശ്യമുണ്ടെന്നു കണക്കാക്കി അതിനനുസരിച്ചു പ്രോഗ്രാം തയാറാക്കി ചിപ്പിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രം മതി . പിന്നെ ആ മൃഗത്തിൻ്റെ തലച്ചോറല്ല അവനെ നിയന്ത്രിക്കുക , അവൻ്റെ തലയോട് തുരന്നു ഘടിപ്പിച്ചിരിക്കുന്ന ചിപ്പിൽ നിന്നുള്ള നിർദ്ദേശങ്ങൾ ആകും അവൻ അനുസരിക്കുക . ഈ പറഞ്ഞ കാര്യങ്ങളെ പറ്റി കൂടുതൽ അറിയണമെങ്കിൽ neuralink.com എന്ന സൈറ്റ് നോക്കുക , അല്ലങ്കിൽ എലോൺ മസ്ക് (Elon Musk ) എന്ന ബിസിനസ്സ് മാഗ്നറ്റിനെ സെർച്ച് ചെയ്യുക . ഇദ്ദേഹത്തിൻ്റെ കമ്പിനികളും Elon musk's brain mechine project റ്റും നോക്കുക . 

ഞാൻ കഥ അവസാനിപ്പിക്കുകയാണ് ..., പിറ്റേ ദിവസം ഞാൻ നടക്കാനിറങ്ങി . സ്ത്രീകളുടെ സംഘവും അവരുടെ എതിർ ദിശയിൽ വന്ന ഞാനും ഒരുമിച്ചെത്തി .നേരം വെളുത്തിട്ടുണ്ടായിരുന്നില്ല . ഇരുട്ടിൽ ഒരു സ്ത്രീ ശബ്ദം മാത്രം എന്നെ തേടിയെത്തി . 

" ആ പെൺപട്ടി പ്രസവിക്കുമ്പോൾ ഒരു പട്ടി കുഞ്ഞിനെ എനിക്ക് തരുമോ ?"

" ആ പെൺപട്ടിയുടെ ഉടമസ്ഥൻ ഞാനല്ല , അതൊരു അനാഥ പട്ടിയാണ് , വേണമെങ്കിൽ ചേച്ചി വീട്ടിൽ കൊണ്ടുപോയി വളർത്തിക്കോളൂ , വീട് പറഞ്ഞുതന്നാൽ പട്ടിയെ ഞാൻ വീട്ടിലെത്തിക്കാം "

" അയ്യോ..അത് വേണ്ട എനിക്ക് അവൾ പ്രസവിക്കുന്ന ഒരാൺ പട്ടി കുഞ്ഞിനെ മതി "

എനിക്ക് ശരിക്കും വൈശാലി എന്ന പെൺപട്ടിയോടു സഹതാപമാണ് തോന്നിയത് . ഞാൻ കൂടുതൽ സംസാരത്തിനു നിക്കാതെ നടപ്പു തുടർന്നു . നടപ്പിൽ ഞാൻ ചിന്തിച്ചത് മറ്റൊന്നാണ് !

അല്ലങ്കിൽ തന്നെ ഞാൻ എന്തിനു സഹതപിക്കണം , വൈശാലി അവളുടെ സ്വാത്രന്ത്യം അനുഭവിച്ചു തന്നെ ജീവിക്കട്ടെ . ഇടയ്ക്കു പട്ടിണി ഉണ്ടെങ്കിലും അവൾക്കു അവളുടെ ഇഷ്ടത്തിന് നടക്കാമല്ലോ ! 

ഈ കഥയിലെ കഥാപാത്രങ്ങളിൽ ആരായിരിക്കും കൂടുതൽ സന്തോഷം അനുഭവിച്ചിട്ടുണ്ടാകുക , ബക്കാഡിയോ ?...മുനികുമാരനോ ?....അതോ വൈശാലിയോ ?.

------------------------------
വായിച്ചതിനു നന്ദി 🙏
-------------------------------
sanil kannoth 


No comments:

Post a Comment